ആറൻമുളയിൽ കുടിയിരുത്തപ്പെട്ട കുടുംബങ്ങൾ അനിശ്ചിതകാല സമരത്തിൽ

new-1.jpg
Share

ആറന്മുളയിൽ വിമാനത്താവള പദ്ധതിയുടെ പേരിൽ നികത്തിയ സ്ഥലത്ത് കുടിൽകെട്ടി താമസിച്ചിരുന്നവർ മിച്ചഭൂമി സമരം ആരംഭിച്ചു. വിമാനത്താവള വിരുദ്ധ സമരത്തിന് ശക്തി പകരാനായി, സമരത്തിനു ശേഷം സ്ഥലം ലഭിക്കുമെന്ന സിപിഐഎമ്മിന്റെ പ്രലോഭനത്തിനു വഴങ്ങി ഇരുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ കുടിൽകെട്ടി താമസിച്ചത്. എന്നാൽ വിമാനത്താവളത്തിനെതിരായ കോടതിവിധിയോടെ സമരം അവസാനിപ്പിച്ച പ്രമുഖ രാഷ്ട്രീയ കക്ഷികൾ കുടിൽകെട്ടി താമസിപ്പിച്ച സാധാരണക്കാരെ ഓർത്തില്ല. നികത്തിയ സ്ഥലത്ത് കൃഷിയും കൂലിപ്പണിയും ചെയ്ത് 8 വർഷത്തിലേറെയായി കഴിയുകയായിരുന്നു നിരവധി കുടുംബങ്ങൾ. ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയത്തിൽ ഇവരുടെ കുടിലുകളും കൃഷിയും നഷ്ടപ്പെട്ടു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ ഇവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. തുടർന്നാണ് എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് എസ്.രാജീവന്റെ നിർദ്ദേശപ്രകാരം നിലവിലുള്ള 38 കുടുംബങ്ങൾ ‘ആറന്മുള മിച്ചഭൂമി സമരസമിതി’ എന്ന സംഘടന രൂപീകരിച്ച് സമരം ആരംഭിച്ചത്.
വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി അനുവദിക്കുക, അടിയന്തരമായി പ്രളയ ദുരിതാശ്വാസം നൽകുക എന്നീ ഡിമാന്റുകളാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്. പൊന്തൻപുഴ വന സംരക്ഷണ പട്ടയ സമരസമിതി കൺവീനർ ജയിംസ് കണ്ണിമല സമരപന്തൽ ഉദ്ഘാടനം ചെയ്തു. ആറന്മുള മിച്ചഭൂമി സമരസമിതി പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊന്തൻപുഴ സമരസമിതി സെക്രട്ടറി സന്തോഷ് പെരുമ്പെട്ടി, ചെങ്ങറ സമരസമിതി പ്രതിനിധി ബേബി ചെരുപ്പിട്ടകാവ്, പ്രൊഫ.ബിജി എബ്രഹാം, പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കളായ സത്യൻ മാഷ്, പി.കെ.വിജയൻ, ബിജു.വി.ജേക്കബ്, എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി എസ്.രാജീവൻ, കെ.ജി.അനിൽകുമാർ, എസ്.രാധാമണി, ബിനു ബേബി, സമരസമിതി സെക്രട്ടറി സി.ടിബിജു, അനീഷ്, രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top