മലയാളത്തിന്റെ അക്ഷരമാല കവര്‍ന്നെടുത്തത് ഡിപിഇപി; പരവതാനി വിരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍

WhatsApp-Image-2021-11-13-at-9.09.26-AM.jpeg
Share

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാള അക്ഷരമാല പഠിപ്പിക്കുന്നില്ലായെന്ന് നമ്മുടെ ഭാഷാ സ്നേഹികൾ തിരിച്ചറിയുകയും മാതൃഭൂമി പത്രം അതിന്മേൽ ഒരു പരമ്പര പ്രസിദ്ധീകരിക്കുകയും ചെയ്തു. നവംബർ ഒന്നു മുതൽ ഒരാഴ്ച നീണ്ട ക്യാമ്പയിന് ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി അക്ഷരമാല പഠിപ്പിക്കാൻ നടപടിഎടുക്കാമെന്നും അക്ഷര പഠനം എങ്ങനെ നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കുമെന്നും നാടകീയമായി പ്രഖ്യാപിക്കുകയും ചെയ്തു.


1996ൽ അന്നത്തെ ഇടതുമുന്നണി സർക്കാർ വിവാദമായ ലോകബാങ്ക് പദ്ധതി-ഡിപിഇപി- ഏകപക്ഷീയമായി നടപ്പാക്കിയതിനെതുടർന്ന് കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ പുതിയ പാഠ്യപദ്ധതിപ്രകാരം അക്ഷരമാല പഠിപ്പിക്കുന്നത് അവസാനിപ്പിച്ചിരുന്നു എന്ന കാര്യം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ചിന്താ മണ്ഡലത്തിലുമുള്ള ഏതാണ്ട് മുഴുവൻ പേര്‍ക്കും അറിയാം.
അക്ഷരമാല പഠിപ്പിക്കുന്നത് നിർത്തലാക്കുക മാത്രമല്ല ആ നയം ചെയ്തത്. ഗുണനപട്ടിക പഠിപ്പിക്കുന്നതും സങ്കലനം ചെയ്യുന്നതും അക്കങ്ങൾ പഠിപ്പിക്കുന്നതുമെല്ലാം നിരോധിച്ചു കളഞ്ഞു. അക്ഷരാർത്ഥത്തിൽ, എഴുത്തും വായനയും നിരോധിക്കുന്ന ഒരു വിധ്വംസക നയമായിരുന്നു അത്. ആ ശിശുവിദ്രോഹ നയത്തിനെതിരെ അന്നുമുതൽതന്നെ പ്രതിഷേധ പ്രവാഹങ്ങൾ വളർത്തിയെടുത്ത ഒരേയൊരു ഇടതുപക്ഷ പാർട്ടി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) മാത്രമായിരുന്നു. മറ്റൊരു പാർട്ടിയും രംഗത്ത് ഉണ്ടായിരുന്നില്ല.
ഡിപിഇപിയുടെ പുതിയ വികലമായ പാഠ്യപദ്ധതി നടപ്പാക്കിയതിനുശേഷം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന നല്ലൊരു വിഭാഗം വിദ്യാർത്ഥികൾക്ക് മലയാളം നേരാംവണ്ണം എഴുതാനും വായിക്കാനും അറിയില്ലയെന്ന സ്ഥിതി വന്നു. അതിനുമുമ്പ് തന്നെ, ഡിപിഇപി ആരംഭിക്കാൻ അന്നത്തെ സർക്കാർ തീരുമാനം എടുത്തപ്പോൾ തന്നെ വിദ്യാർത്ഥി സംഘടനയായ എഐഡിഎസ്‌ഒയാണ് ആദ്യമായി കേരള സമൂഹത്തിലെ ബൗദ്ധിക പ്രതിഭകളെ അതിനെതിരായി രംഗത്തിറക്കുന്നത്. തുടർന്ന്, ജസ്റ്റിസ്‌ വി.ആർ. കൃഷ്ണയ്യരുടെയും ഡോ.എൻ.എ.കരീമിന്റെയും മറ്റും നേതൃത്വത്തിൽ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും തെരുവിലിറങ്ങി. കുട്ടികളെ അക്ഷരം പഠിപ്പിക്കാത്ത പുതിയ പാഠ്യപദ്ധതി അറബിക്കടലിൽ ഒഴുക്കണമെന്ന് കൃഷ്ണയ്യർ ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റ് നടയിൽ ആയിരങ്ങൾ അണിനിരന്നു. ജനകീയ പ്രതിരോധ സമിതിയുടെ അന്നത്തെ ജനറൽ സെക്രട്ടറിയും എസ്‌യുസിഐ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടർ വി.വേണുഗോപാലാണ് ഡിപിഇപി വിരുദ്ധ പ്രക്ഷോഭത്തിന്റെ, ആ ബൗദ്ധിക പോരാട്ടത്തിന്റെ സംഘാടനത്തിന്റെ ചുക്കാന്‍ പിടിച്ചത്.
ഇപ്പോൾ, അക്ഷരമാല പാഠപുസ്തകത്തിൽ ചേർക്കാം എന്ന് വിദ്യാഭ്യാസ മന്ത്രി ഭംഗിവാക്ക് പറയുമ്പോൾ സത്യം എത്ര ഭീകര മായിട്ടാണ് വീണ്ടും മറച്ചുവെക്കപ്പെടുന്നതെന്ന് പറയാതെ വയ്യ.എന്തുകൊണ്ടാണ് ഈ മാറ്റം കേരളത്തില്‍ ആരംഭിക്കുന്നത് എന്നുകൂടി പരിശോധിക്കാതെ തിരുത്തൽ സാധ്യമാവില്ലല്ലോ.അക്ഷരം പഠിക്കാതെതന്നെ ആശയം വായിക്കാൻ കഴിയുമെന്ന നൂതന മാന്ത്രിക സിദ്ധാന്തവുമായി വന്ന ഡിപിഇപി പാഠ്യപദ്ധതി നടപ്പാക്കാൻ ആരംഭിച്ചത് മുതലാണ് അക്ഷരപഠനം ഫലത്തിൽ നിരോധിക്കപ്പെട്ടതെന്നുമറച്ചുവെച്ചുകൊണ്ട് പരിഹാരം സാധ്യമാവില്ല.


അക്ഷരമാല എഴുതിപഠിച്ച് വാക്കിലേയ്ക്കും വാക്യങ്ങളിലേയ്ക്കും പോകുന്ന പഠനസമ്പ്രദായം എടുത്തു കളഞ്ഞതോടെ, കേരളവർമ്മ വലിയകോയിതമ്പുരാൻ സമ്മാനിച്ച കേരളപാഠാവലി അപ്രത്യക്ഷമായി. പകരം അക്ഷരമാലയെ നിരാകരിച്ച കിങ്ങിണി, പൂത്തിരി, മിന്നാമിന്നി തുടങ്ങിയ വിലക്ഷണ കൃതികൾ 1996ൽ പാഠപുസ്തകങ്ങളായി വന്നു. തദനുസൃതം, പുതിയ ബോധനവും അധ്യാപക സഹായിയും പുറകെ വന്നു.
യാതൊരു അടിസ്ഥാനവുമില്ലെങ്കിലും ആധികാരികമെന്നോണം അവർ പറഞ്ഞു “കുട്ടി വായിക്കുന്നത് വരിയിലെ ആശയത്തെയാണ്. കേവലം അക്ഷരങ്ങളെയോ പദങ്ങളെയോ അല്ല. വായന മിക്കവാറും പ്രവചനമാണ്. പദങ്ങളിലോ വാക്കുകളിലോ അടങ്ങിയ ആശയം ഇന്നതായിരിക്കുമെന്ന് ഊഹിച്ചുകൊണ്ടാണ് കുട്ടി വായിക്കുന്നത്. (അധ്യാപക സഹാ യി, പേജ് 24, കിങ്ങിണി,1996).
കുട്ടികൾ സ്വന്തമായി ലേഖന നിയമം നിർമ്മിക്കുമത്രെ! എത്ര വിചിത്രമായ ഒരു സ്വയംപഠന സിദ്ധാന്തമായിരുന്നു അതെന്ന് മലയാള ഭാഷാ സ്നേഹികൾ തിരിച്ചറിയാൻ വൈകിപ്പോയി. പുതിയ പാഠ്യപദ്ധതി പ്രവൃത്തിപഥത്തിൽ കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ആരും ഒരു ലേഖനനിയമവും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല മലയാള ഭാഷ തെറ്റ് കൂടാതെ എഴുതാനും വായിക്കാനും അറിയാത്ത, ഭാഷാടിസ്ഥാനം തീരെ നഷ്ടപ്പെട്ട, തലമുറകളെ സൃഷ്ടിക്കുന്നതാണ് കാണുന്നത്. സ്വാഭാവികമായും അക്ഷരജ്ഞാന സമ്പാദന പ്രതിസന്ധി മാത്രമായി അത് അവസാനിച്ചില്ല. അടിത്തറ നഷ്ടമായതോടെ വായന, എഴുത്ത്, വ്യാകരണ പഠനം, തെറ്റ് തിരുത്തൽ, കോപ്പി എഴുത്ത്, കേട്ടെഴുത്ത്, പദ്യം ചൊല്ലൽ, മന:പാഠമാക്കൽ, ഗദ്യം വായിക്കൽ, ഓർമ്മ ശക്തി പരീക്ഷിക്കൽ തുടങ്ങിയ ഭാഷാ പഠനത്തിന്റെ എല്ലാ അക്കാദമിക അടിസ്ഥാന ഉപാധികളും ക്രമേണ ക്ലാസ്സ്‌മുറികളിൽനിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി.
എത്ര വലിയ വൈരാഗ്യ ബുദ്ധിയോടെയാണ് പാഠ്യപദ്ധതി പരിഷ്‌കർത്താക്കൾ അന്ന് ഭാഷാ ബോധന സമ്പ്രദായങ്ങളെ അട്ടിമറിച്ചതെന്ന് ഓർക്കേണ്ടതുണ്ട്. ലോകബാങ്ക് നൽകിയ ഭീമമായ ഫണ്ടിന്റെ പ്രലോഭനീയത ആ പരിഷ്കാരങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ശരവേഗം പകർന്നു കൊടുത്തു. അതുകൊണ്ടാണ് 1997ൽ, അന്നത്തെ സംസ്ഥാന സർക്കാർ പ്രീപ്രൈമറിയിൽ അക്ഷരം പഠിപ്പിക്കുന്നത് തടവും പിഴയും വരുന്ന കുറ്റകൃത്യമായി വിധിച്ച ആദ്യകാല ശിശു സംരക്ഷണ ബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസ്സാക്കിയെടുത്തത്. കുട്ടി ഏഴാം വയസ്സിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു വിധത്തിലുമുള്ള അക്ഷര പഠനവും പാടില്ലായെന്നതായിരുന്നു ഉത്തരവ്.
അപ്പോൾ, ശിശുവിന്റെ മസ്തിഷ്കവളർച്ചയുടെ സുപ്രധാന ഘട്ടത്തിൽ ഭാഷാശേഷി നല്കരുതെന്ന നിർബന്ധബുദ്ധി ആരുടേതായിരുന്നു? തീർച്ചയായും മലയാളത്തിലെ തലയെടുപ്പുള്ള വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ആരുംതന്നെ അത്തരമൊരു വിനാശ പരിഷ്കാരത്തെ പിന്തുണച്ചില്ലായെന്നത് പ്രത്യേകം എടുത്തു പറയുകതന്നെ വേണം. പുതിയ നയത്തെ അതിനിശിതം വിമർശിച്ച,അന്തരിച്ച ഡോ.എൻ.എ. കരിം ഒരിക്കൽ പറഞ്ഞത് ലോക ബാങ്കിന്റെ ഡോളർ കിലുക്കത്തിൽ കണ്ണ് മഞ്ഞളിച്ചു പോയവരാണ് പുതിയ പരിഷ്കാരങ്ങൾക്ക് പിന്നിൽ എന്നാണ്. കുട്ടികൾ കത്തെഴുതും, കവിതയെഴുതും, റൈമുകൾ രചിക്കും, മുദ്രാവാക്യം രചിക്കും, നോട്ടീസ് എഴുതും എന്നൊക്ക ഡിപിഇപി പൈതലുകളെക്കുറിച്ച് നമ്മെ വിശ്വസിപ്പിക്കാൻ പാഠ്യപദ്ധതി വക്താക്കൾ നിരന്തരം ശ്രമിച്ചിരുന്നു.
അക്ഷരജ്ഞാനമില്ലാതെയും കവിത രചിക്കാൻ കഴിയുന്ന ‘സർഗാത്മക പ്രവർത്തനങ്ങളുടെ ‘മാഹാത്മ്യത്തെ പാടിപ്പുകഴ്ത്താൻ മലയാളത്തിലെ ചില പണ്ഡിതർ ഉത്സുകരായിരുന്നു. മാതൃഭൂമി പത്രത്തിൽ ഒന്നുമറിയാത്തവരെപ്പോലെ ലേഖനം എഴുതിയ ഭാഷാസ്നേഹികളിൽ ചിലർ അന്ന് ഈ പരിഷകാരങ്ങളെ അന്ധമായി അനുകൂലിച്ചിരുന്നു. ആക്കാലത്തു തന്നെ അവർ ഏറെ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. പുതിയ പാഠ്യപദ്ധതി പ്രകാരം കവിത വെറും റൈമിംഗ് അതല്ലെങ്കിൽ കേവലം പാരഡിയെഴുത്താണെന്നാണ് കുട്ടികൾ പഠിച്ചത്. യഥാർത്ഥ രചനയെ അവഹേളിക്കുകയും ഭാഷയെ വികലമാക്കുകയുമാണ് അവർ ചെയ്തത്. അതിലുടെ, ഉന്നത വിദ്യാഭ്യാസത്തിലേയ്ക്ക് കടന്ന വിദ്യാർത്ഥികളുടെ സ്ഥിതി കൂടുതൽ പരിതാപകരമായിത്തീർന്നുവെന്ന് പറയേണ്ടതില്ല.
മേൽപ്പറഞ്ഞ നയങ്ങളുടെ തുടർച്ചയെന്നോണം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഘടനാപരിഷ്കാരങ്ങളാകട്ടെ എഴുത്തും വായനയും നുള്ളിക്കളഞ്ഞ ഡിപിഇപിയുടെ ബോധനാശയങ്ങൾ ആവാഹിച്ചതുമാണ്. 5+3+3+4എന്ന ഘടന കൂടി വന്നാൽ ആദ്യത്തെ അഞ്ചു വർഷം നേരത്തെ പറഞ്ഞ പ്രീ പ്രൈമറിയിയായി രിക്കും.അഥവാ ഒന്നും രണ്ടും ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.കൃത്യമായി പറഞ്ഞാൽ അനൗപചാരികമായ പ്രീ പ്രൈമറിയുടെ ഭാഗമായിരിക്കും നമ്മുടെ ഒന്നാം ക്ലാസ്സിന്റെയും രണ്ടാം ക്ലാസ്സിന്റെയും സ്ഥാനം. അതായത്, എട്ടു വയസ്സുവരെ എഴുത്തും വായനയും പഠിക്കാൻ കഴിയില്ലായെന്നർത്ഥം. എന്നു മാത്രവുമല്ല പുതിയ എൻഇപി അനുസരിച്ച് മാതൃഭാഷ പഠിപ്പിക്കാൻ ഭാഷാ വിദ്ഗദ്ധരായ അധ്യാപകർ ആവശ്യമില്ലായെന്ന നയവും വന്നിരിക്കുന്നു.അപ്പോൾ,വരാനിരിക്കുന്നത് ഡിപിഇപി പാഠ്യ പദ്ധതിയുടെ തുടർച്ചയായ വലിയ വെല്ലുവിളികളാണ്. നടപ്പാക്കിയതിന് ശേഷം വിലപിക്കുന്നതിന് പകരം, അതിനുമുമ്പ് വിലപ്പെട്ട സമയം പാഴാക്കാതെ കുട്ടികൾക്ക് അടിത്തറ നൽകുംവിധം കാലം തെളിയിച്ച അടിസ്ഥാന ബോധന സമ്പ്രദായങ്ങളിലേക്ക് എത്രയും വേഗം മടങ്ങാനുള്ള തീരുമാനം എടുക്കുകയല്ലേ വേണ്ടത്.


കേരളത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥയെ ഇന്ന് ഈ കാണുന്ന ദുരവസ്ഥയിൽ എത്തിച്ചതിന് പിന്നിൽ പ്രവർത്തിച്ച ലോക ബാങ്ക് നയത്തെ സ്പർശിക്കാതെ യാണ് മാധ്യമങ്ങൾ പ്രശ്നം ചർച്ച ചെയ്തത്. നേർദിശയിൽ കുട്ടികളെ പഠിപ്പിക്കാൻ കഴിയണമെങ്കിൽ പുതിയ പാഠ്യ പദ്ധതി ഉപേക്ഷിക്കാനുള്ള രാഷ്ട്രീയതീരുമാനം സർക്കാർ കൈക്കൊള്ളണം. അങ്ങനെയല്ലാതെ ശരിയായ ഭാഷാപഠന നയം രൂപപ്പെടുത്താനാ വില്ല.
അടിസ്ഥാന വിദ്യാഭ്യാസം പുന:സ്ഥാപിക്കാൻ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസവിരുദ്ധ പദ്ധതികൾ പിൻവലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഡിപിഇപിക്കും സർവ്വ ശിക്ഷാ അഭിയാനും തുടർച്ചയായിവന്ന ആർഎംഎസ് എയും ഉന്നത വിദ്യാഭ്യാസ രംഗത്തുവന്ന റൂസ(RUSA )പദ്ധതിയുമെല്ലാം അക്ഷരമാല കവർന്നെടുത്ത കൊള്ളസംഘ പദ്ധതികളുടെ തുടർച്ചയാണെന്ന് ഭാഷാ സ്നേഹികൾ ഇനിയെങ്കിലും തിരിച്ചറിയുന്നില്ലെങ്കിൽ ഉയർത്തിയ വിലാപങ്ങൾ അർത്ഥശൂന്യമായിത്തീരുമെന്ന് വിനയ പൂർവ്വം ഓർമ്മിപ്പിക്കട്ടെ.

Share this post

scroll to top