തൊഴിലില്ലായ്മയ്‌ക്കെതിരെ രാജ്യവ്യാപകമായ യുവജനപോരാട്ടം അനിവാര്യം

DYO-KTM.jpeg
Share

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷന്റെ (എഐഡിവൈഒ) മൂന്നാമത് അഖിലേന്ത്യാ സമ്മേളനം 2021 ഡിസംബർ 11, 12 തീയതികളിൽ ജാർഖണ്ഡിലെ ഘട്സിലയിൽ നടക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, രാജ്യത്തുടനീളം യുവജനങ്ങളുടെ അവകാശങ്ങളെ മുൻനിർത്തിയുള്ള ശക്തമായ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുവാൻ എഐഡിവൈഒയ്ക്ക് സാധിച്ചിട്ടുണ്ട്. അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്കെതിരെ രാജ്യവ്യാപകമായ പ്രചാരണ പ്രവർത്തനങ്ങളോടെ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പതിനായിരക്കണക്കിന് യുവാക്കള്‍ അണിനിരക്കുകയുണ്ടായി. ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ശക്തമായ യുവജന പ്രക്ഷോഭമാണ് എഐഡിവൈഒയുടെ മുൻകൈയിൽ നടക്കുന്നത്. മധ്യപ്രദേശിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് എഐഡിവൈഒയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനുനേരെ, ബി.ജെ.പി സർക്കാർ അതിക്രൂരമായി ലാത്തിച്ചാർജ്ജ് നടത്തുകയും നേതാക്കന്മാരെ ജയിലിലടയ‌്ക്കുകയും ചെയ്തു. എന്നാൽ, എല്ലാ പ്രതികൂലാവസ്ഥകളെയും നേരിട്ടു കൊണ്ട് സമരം മുന്നോട്ടുപോകുകയും വിജയം വരിക്കുകയും ചെയ്തു. കേരളത്തിലും പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭത്തിൽ സംഘടന നിർണായകമായ പങ്ക് വഹിച്ചുവരുന്നു.
2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം, അധികാരത്തിലെത്തിയാൽ പ്രതിവർഷം 2കോടി പുതിയ തൊഴിലുകൾ സൃഷ്ടിക്കുമെന്നായി രുന്നു.എന്നാൽ, പുതിയ തൊഴിലുകളൊന്നും സൃഷ്ടിച്ചില്ല എന്നുമാത്രമല്ല, നിലവിലുണ്ടായിരുന്ന തൊഴിലുകൾപോലും ഇല്ലാതാക്കുന്ന നയ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ബിജെപി സർക്കാരിന്റെ കാലയളവിലെ മാത്രമൊരു പ്രശ്നമല്ലിതെന്ന് സൂക്ഷ്മമായി കാര്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. കോൺഗ്രസ് ഗവൺമെന്റിന്റെ കാലത്തും ഇടത് പിന്തുണയോടെ വി.പി.സിംഗിന്റെ നേതൃത്വത്തിൽ നാഷണൽ ഫ്രണ്ട് അധികാരത്തിലിരുന്ന കാലഘട്ടത്തിലും തൊഴിലില്ലായ്മ സമൂഹത്തിലെ ഏറ്റവും പൊള്ളുന്ന പ്രശ്നമായിരുന്നു. ഒരു സാമൂഹ്യ വ്യവസ്ഥ എന്ന നിലയിൽ മുതലാളിത്തം മൃതാവസ്ഥയിൽ എത്തിയിരിക്കുന്നു എന്നതാണ് തൊഴിലില്ലായ്മ അടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങൾ ഇത്രമേൽ ഗുരുതരമാകുവാൻ കാരണം.
കമ്പോളച്ചുരുക്കം നിമിത്തം മുതലാളിത്ത വ്യവസ്ഥ അപരിഹാര്യമായ പ്രതിസന്ധിയിൽ എത്തിയിരിക്കുന്നു. ആയുസ്സ് നീട്ടിയെടുക്കുന്നതിനുവേണ്ടി, വ്യവസ്ഥിതിയുടെ നടത്തിപ്പുകാരായ കോർപ്പറേറ്റുകൾ, എല്ലാ മേഖലകളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു.പൊതുമേഖലകളും കാർഷിക രംഗവും ചെറുകിട വ്യാപാര-വ്യവസായ മേഖലകളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുമൊക്കെ കോർപ്പറേറ്റുകൾ കൈയടക്കിക്കൊണ്ടിരിക്കുന്നു. അംബാനി, അദാനി തുടങ്ങിയ ചെറുന്യൂനപക്ഷം കുത്തകകൾക്കുവേണ്ടി ജനദ്രോഹകരമായ നയങ്ങൾ നടപ്പാക്കുകയാണ് വിവിധ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
ഓരോ മണിക്കൂറിലും ഒരു തൊഴിൽരഹിതൻ ആത്മഹത്യ ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന കണക്ക് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഈ അടുത്ത കാലത്ത് പുറത്തുവിടുകയുണ്ടായി. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം 2020ൽ മാത്രം 13 കോടി ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. പ്രതിവർഷം 2കോടി പുതിയ തൊഴിൽ സൃഷ്ടിക്കുമെന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ വാഗ്ദാനം തികഞ്ഞ വഞ്ചനയാണെന്ന് യുവസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതിയ തൊഴിലുകൾ സൃഷ്ടിച്ചില്ല എന്നു മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചു കൊണ്ട് നിലവിലുണ്ടായിരുന്ന തൊഴിലുകൾകൂടി ഇല്ലാതാക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്യുന്നത്. കേന്ദ്ര സർക്കാർ സർവ്വീസിൽ 8 ലക്ഷം ഒഴിവുകളാണ് നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. റെയില്‍വേ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായക സ്ഥാപനങ്ങളില്‍ കരാര്‍ സമ്പ്രദായവും താത്കാലിക നിയമനവുമാണ് ഇപ്പോഴുള്ളത്. റെയില്‍വേയില്‍ ലക്ഷക്കണക്കിന് ഒഴിവുകളുണ്ടായിട്ടും കടുത്ത നിയമന നിരോധനമാണ് നിലനിൽക്കുന്നത്. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ വന്നവരുടെ നിയമന പ്രതീക്ഷകളുടെ കടയ്ക്കൽ കത്തിവെച്ചുകൊണ്ട്, പതിനഞ്ച് ശതമാനം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കുന്നതിന് മുൻപ് പരമാവധി ജീവനക്കാരെ വെട്ടിക്കുറയ‌്ക്കുവാനുള്ള നടപടിയുടെ ഭാഗമാണിത്. റെയിൽവേയിൽ മാത്രമല്ല, രാജ്യത്തെ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലുമെല്ലാം നിയമന നിരോധനമാണ് നിലനിൽക്കുന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി(CMIE) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ച യുവാക്കളുടെയിടയിൽ തൊഴിലില്ലായ്മ നിരക്ക് 55.75 ശതമാനമാണ്.
കേരളത്തിലും തൊഴിലില്ലായ്മ പ്രശ്നം ഗുരുതര സ്വഭാവത്തിൽ എത്തിയിരിക്കുന്നു. പബ്ലിക് സർവീസ് കമ്മീഷന്റെ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് കേരളത്തിലുള്ളത്. എന്നാൽ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുന്നതിലൂടെ യുവാക്കളുടെ തൊഴിൽ പ്രതീക്ഷകളാണ് വാടിക്കരിയുന്നത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് ഉദ്യോഗസ്ഥന്മാരുടെ മാത്രം പ്രശ്നമായാണ് സർക്കാർ അവതരിപ്പിക്കുന്നത്. എന്നാൽ, സ്ഥിരനിയമനം അവസാനിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിവേണം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തെ കാണേണ്ടത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കുനേരെ സർക്കാർ നടപടി കൈക്കൊള്ളാത്തത്. സർക്കാരിന്റെ നിർദ്ദേശപ്രകാരം തന്നെയാണ് ഉദ്യോഗസ്ഥർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. പൊതുജനാരോഗ്യ വകുപ്പിൽ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ടെങ്കിലും നാമമാത്രമായ സ്ഥിരനിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. നിയമനം ആവശ്യപ്പെട്ട് 90ദിവസം സിപിഒ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന സന്ദർഭത്തിൽപോലും പിൻവാതിൽ നിയമനങ്ങൾ നിർബാധം നടത്തുകയും സ്വന്തക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തത് കേരള സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടാണ്. യുവാക്കൾ സർക്കാർ ജോലിയിൽ ആകൃഷ്ടരാകുന്നത് മാന്യമായ വേതനവും തൊഴിൽ സുരക്ഷിതത്വവും ഉള്ളതുകൊണ്ടാണ്. സ്വകാര്യ മേഖലയിലും ന്യായമായ വേതനവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുവാനുള്ള നടപടികളാണ് ഒരു ജനകീയ സർക്കാർ സ്വീകരിക്കേണ്ടത്. എന്നാൽ, സർക്കാർ സർവ്വീസിൽതന്നെ, തുഛമായ വേതനം കൊടുക്കുന്ന, യാതൊരു തൊഴിൽ സുരക്ഷിതത്വവുമില്ലാത്ത താൽക്കാലിക തൊഴിൽ സമ്പ്രദായമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. സ്വകാര്യ മേഖലയിലാവട്ടെ, വളരെ തുഛമായ കൂലിക്ക് യുവാക്കൾ ജോലി ചെയ്യേണ്ട ഗതികെട്ട അവസ്ഥയാണുള്ളത്. നഴ്സിംഗ്, അൺ എയ്ഡഡ് സ്കൂൾ മേഖലകളിലൊക്കെ നിലനിൽക്കുന്ന ചൂഷണം ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിയ്ക്കാനാവാത്തതാണ്.സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് സെലിവറി സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ, തങ്ങളുടെ യുവത്വം തുഛമായ വേതനത്തിന് വിൽക്കുവാൻ നിർബന്ധിതരായിരിക്കുന്നു. സർക്കാരാകട്ടെ, സ്വകാര്യ മൂലധനശക്തികൾക്ക് യുവജനങ്ങളെ നിർബാധം ചൂഷണം ചെയ്യുവാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. പിഎസ്‌സി ഉദ്യോഗാർത്ഥികളും സ്വകാര്യമേഖലകളിൽ പണിയെടുക്കുന്നവരുമൊക്കെ, തൊഴിലില്ലായ്മ പ്രശ്നത്തെ മുൻനിർത്തി സംഘടിക്കണം. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് ആൾ ഇന്ത്യാ അൺഎംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി (AIUYSC) എന്ന തൊഴിൽരഹിതരുടെ പ്രക്ഷോഭവേദി രൂപീകരിയ്ക്കുവാൻ എഐഡിവൈഒ മുൻകൈ എടുക്കുകയുണ്ടായി. വരുംകാലങ്ങളിൽ തൊഴിൽരഹിതരുടെ വീറുറ്റ പ്രക്ഷോഭം വളർത്തിയെടുക്കുവാൻ AIUYSCയ്ക്ക് സാധിക്കും.
തൊഴിലില്ലായ്മ പരിഹരിക്കുവാൻ ആഗ്രഹമുണ്ടെങ്കില്‍ സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുക എന്നതാണ്. മാത്രമല്ല, തൊഴിൽരഹിതരായ യുവാക്കൾക്ക് നിലനിൽക്കാനാവശ്യമായ മിനിമം വേതനം പ്രതിമാസം നൽകുകയും വേണം. 1982ൽ കേരളത്തിൽ നടപ്പിലാക്കിത്തുടങ്ങിയ തൊഴിലില്ലായ്മ വേതനം എന്ന പദ്ധതി ഇല്ലാതാക്കുവാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. തൊഴിലില്ലായ്മ വേതനത്തിന്റെ പേരിൽ പ്രതിമാസം 120രൂപയാണ് സർക്കാർ യുവജനങ്ങൾക്ക് നൽകുന്നത്. പ്രതിദിനക്കണക്കിൽ 4രൂപ! 1982ൽ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയപ്പോൾ 20ലക്ഷം പേർ തൊഴിലില്ലായ്മ വേതനം വാങ്ങിയിരുന്നു.എന്നാൽ, 2017 ആയപ്പോൾ അത് 1,93071 ആയി കുറഞ്ഞു. തൊഴിലില്ലായ്മ കുറഞ്ഞതുകൊണ്ടാണ് വേതനം വാങ്ങുന്ന ആളുകളുടെ എണ്ണം കുറഞ്ഞതെന്ന് കരുതരുത്. തൊഴിലില്ലായ്മ വേതനം വാങ്ങുവാൻ പോകുന്ന ദിവസത്തെ ചെലവിനുപോലും സർക്കാരിന്റെ 120 രൂപ തികയില്ല എന്ന ബോധ്യമുള്ളതുകൊണ്ടാണ് യുവാക്കൾ അതുപേക്ഷിക്കുവാൻ നിർബ്ബന്ധിതരാകുന്നത്. സർക്കാരാകട്ടെ, ഇതൊരവസരമായിക്കരുതി തൊഴിലില്ലായ്മാ വേതനം തന്നെ ഇല്ലാതാക്കുവാനുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യുവാക്കൾ തൊഴിലില്ലായ്മ വേതനം വാങ്ങുന്നത് അപമാനകരമായി തോന്നുംവിധമുള്ള പ്രചാരവേലകളും സർക്കാർ വക്താക്കൾ നടത്തുന്നുണ്ട്. അങ്ങനെ, ഒരു ദിവസം അവസാനിപ്പിക്കാവുന്ന ഒന്നല്ല തൊഴിലില്ലായ്മ വേതനം. അത് ചരിത്രപരമായ കാരണങ്ങളാൽ രൂപപ്പെട്ട ഒന്നാണ്. എല്ലാവർക്കും തൊഴിൽ ലഭ്യമാക്കുവാൻ ഗവൺമെന്റുകൾക്ക് എന്നു കഴിയുന്നോ അന്നുവരെ തൊഴിൽ രഹിത വേതനവും നിലനിൽക്കണം.

തൊഴിലില്ലായ്മ: മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടി

മാനവചരിത്രത്തിൽ മുതലാളിത്ത വ്യവസ്ഥ ഉദയം ചെയ്തതിനുശേഷം പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് തൊഴിലില്ലായ്മ. അധ്വാനശക്തിമാത്രം കൈമുതലായുള്ള തികച്ചും സ്വതന്ത്രനായ തൊഴിലാളി ആവിർഭവിച്ചത് മുതലാളിത്ത സാമൂഹ്യ ക്രമത്തോടൊപ്പമാണ്. തൊഴിലാളികളുടെ അധ്വാനഫലം മുതലാളി കവർന്നെടുക്കുന്നതാണ് ലാഭം അഥവാ മിച്ചമൂല്യം. ആ മിച്ച മൂല്യമാണ് മൂലധനം ആയി മാറുന്നത്. തൊഴിലാളിക്ക് ലഭിക്കേണ്ട കൂലി മുതലാളി കവർന്നെടുക്കുമ്പോൾ തൊഴിലാളിയുടെ വാങ്ങൽ ശേഷി (പർച്ചേസിംഗ് കപ്പാസിറ്റി) കുറയുകയും മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുകയും ചെയ്യും. ഇതിന്റെ ഫലമായി വ്യവസായികൾ ഗുരുതരമായ കമ്പോള പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും തങ്ങളുടെ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിത്തീരുകയും ചെയ്യുന്നു. ഉൽപാദനം കുറയ്ക്കുമ്പോൾ സ്വാഭാവികമായും തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരും. അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു തൊഴിലില്ലാപ്പട സൃഷ്ടിക്കപ്പെടുന്നു. എല്ലാ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലും തൊഴിലില്ലാത്ത കോടാനുകോടി യുവാക്കൾ അതിജീവനത്തിനുവേണ്ടി പൊരുതേണ്ട ഗതി കേടിലാണ്. രൂക്ഷമായ കമ്പോള പ്രതിസന്ധിമൂലം മരണാസന്നമായ മുതലാളിത്ത -സാമ്രാജ്യത്വത്തിന് പുതിയ തൊഴിലുകളൊന്നും സൃഷ്ടിക്കാനാവില്ല. എന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന തൊഴിലുകൾകൂടി കവർന്നെടുത്ത് ആയുസ്സ് നീട്ടി എടുക്കുവാനുള്ള തത്രപ്പാടിലാണ് മുതലാളിത്ത വ്യവസ്ഥിതി.

യുവജനങ്ങളുടെ പൊരുതുന്ന സംഘടന എഐഡിവൈഒയെ ശക്തിപ്പെടുത്തുക

സിപിഒ, എൽജിഎസ് ദേശീയ ഗെയിംസ് മെഡൽ ജേതാക്കളുള്‍പ്പെടെയുള്ള തൊഴിൽരഹിതരുടെ പ്രക്ഷോഭത്തെ സർവ്വാർത്ഥത്തിലും പിന്തുണച്ച യുവജനപ്രസ്ഥാനമാണ് എഐഡിവൈഒ. സിവിൽ പോലീസ് ഓഫീസർ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ മൂന്നുമാസം നീണ്ടുനിന്ന സമരത്തിലുടനീളം ഒരു വിപ്ലവ യുവജന പ്രസ്ഥാനമെന്ന നിലയിൽ എഐഡിവൈഒ നേതൃപരമായ പങ്ക് വഹിച്ചു. ദേശീയ ഗെയിംസ് ജേതാക്കളായ കായിക താരങ്ങളുടെ വിജയം വരിച്ച സമരത്തിലും എഐഡിവൈഒ സജീവ സാന്നിധ്യമായിരുന്നു. അനീതിക്കെതിരെ പോരാട്ടം നയിക്കേണ്ട, യുവാക്കൾക്കിടയിൽ മദ്യവും മയക്കുമരുന്നും അശ്ലീലതയും ഗുണ്ടാ പ്രവർത്തനങ്ങളുമെല്ലാം വ്യാപിക്കുകയാണ്. ഭരണകൂടം ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ്. ഈ ദുരവസ്ഥയിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇന്ന് വളർന്നുവന്നുകൊണ്ടിരിക്കുന്ന യുവജന പ്രക്ഷോഭങ്ങൾ പ്രതീക്ഷ നൽകുന്നതാണ് . വ്യവസ്ഥാപിത ഇടത് യുവജന പ്രസ്ഥാനങ്ങളെയൊന്നും ഈ പ്രക്ഷോഭ രംഗത്ത് കാണാനേയില്ല. അവർ പ്രക്ഷോഭത്തിന്റെ പാത കൈവെടിഞ്ഞിരിക്കുന്നു. യുവമോർച്ച, യൂത്ത് കോൺഗ്രസ് തുടങ്ങിയ പ്രസ്ഥാനങ്ങൾക്ക് യുവാക്കൾ അനുഭവിക്കുന്ന വിഷയങ്ങളിൽ ശരിയായ അഭിപ്രായം രൂപപ്പെടുത്തുവാൻപോലും സാധിക്കുന്നില്ല. സ്വതന്ത്ര ഇന്ത്യയെ ഭരിച്ചുമുടിച്ച കോൺഗ്രസിന്റെയും ബിജെപിയുടെയും യുവജന സംഘടനകൾക്ക് യുവാക്കളെ അഭിസംബോധന ചെയ്യാൻ ധാർമ്മികമായ ഒരവകാശവുമില്ല.


ഈ പ്രക്ഷോഭങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന എഐഡിവൈഒ (ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ) തൊഴിലില്ലായ്മയ്ക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കിടയിലെ അനിഷേധ്യമായ നാമമാണ്. തൊഴിലില്ലായ്മ അടക്കമുള്ള സാമൂഹ്യപ്രശ്നങ്ങളുടെ അടിസ്ഥാന കാരണം നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയാണെന്ന് യുവാക്കൾ തിരിച്ചറിയണം. യുവജനങ്ങളുടെ എല്ലാ പ്രക്ഷോഭങ്ങളും മുതലാളിത്ത സാമൂഹ്യ ക്രമം അവസാനിപ്പിക്കുവാനുള്ള സോഷ്യലിസ്റ്റ് വിപ്ലവത്തിന് അനുരോധമായി മാറണം. ഇന്ത്യയിലെ മുതലാളിത്ത ഭരണകൂടം കടുത്ത ഫാസിസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, അതിനെതിരെ ഉന്നതമായ സാംസ്കാരിക- നൈ തിക ധാരണകളിൽ അടിയുറച്ചുനിന്നുകൊണ്ടുള്ള യുവജന പ്രക്ഷോഭം വളർത്തിയെടുക്കാനാണ് എഐഡിവൈഒ പരിശ്രമിക്കുന്നത്.
ധീരവിപ്ലവകാരികളായ ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സൂര്യസെൻ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവർ പ്രതിനിധാനം ചെയ്ത ഇന്ത്യൻ സ്വാതന്ത്യ സമരത്തിലെ സന്ധിയില്ലാ സമരധാരയുടെ യഥാർത്ഥ പിൻതുടർച്ചയായ, വിപ്ലവ യുവജനപ്രസ്ഥാനം, ആൾ ഇന്ത്യാ ഡെമോക്രാറ്റിക്ക് യൂത്ത് ഓർഗനൈസേഷൻ ശക്തിപ്പെട്ടാൽ മാത്രമേ രാജ്യത്ത് യഥാർത്ഥ യുവജന പ്രക്ഷോഭങ്ങൾ പടുത്തുയർത്തപ്പെടൂ.
കഴിഞ്ഞ കാലങ്ങളിൽ എഐഡിവൈഒ ഇന്ത്യയിലെമ്പാടും നടത്തിവരുന്ന പ്രക്ഷോഭ പ്രവർത്തനങ്ങളുടെ ഫലമായി സംഘടനയും അതോടൊപ്പം യുവജന പ്രക്ഷോഭങ്ങളും പുതിയൊരു ഘട്ടത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായി സംഘടനയെ പുതിയ ഊർജത്തോടെ വിപുലീകരിക്കുകയും ദൃഢീ കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടനാ സമ്മേളനങ്ങൾ നടന്നുവരികയാണ്. കേരള സംസ്ഥാന സമ്മേളനം നവംബർ 21ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ സംഘടിപ്പിക്കുകയാണ്. പ്രസ്തുത സമ്മേളനം വിജയിപ്പിക്കുവാൻ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Share this post

scroll to top