ലെനിന്‍ ചരമശതാബ്ദിസമുചിതം ആചരിക്കുക

111.jpg
Share

തൊഴിലാളിവര്‍ഗത്തിന്റെ മഹാനായ നേതാവ് സഖാവ് ലെനിന്‍! ഏതൊരാളിലും വിപ്ലവകര്‍ത്തവ്യബോധവും ആദരവും നിറയ്ക്കുന്ന നാമം. ലെനിന്‍ നമ്മോട് വിടപറഞ്ഞിട്ട് 2024 ജനുവരി 21ന് നൂറ് വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ ചരമശതാബ്ദി ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗം സമുചിതം, സാദരം ആചരിക്കുന്ന വേളയാണിത്.

ഇന്നത്തെ ലോകസാഹചര്യത്തില്‍ ലെനിന്‍ പകര്‍ന്ന അമൂല്യമായ പാഠങ്ങള്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനു മാത്രമല്ല, പുരോഗതിയിലേക്കുള്ള മാനവരാശിയുടെ പ്രയാണത്തിനുതന്നെ അനിവാര്യമായ ഒന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ജീവിതസമരം മാതൃകയാക്കാനും തൊഴിലാളിവര്‍ഗവിപ്ലവത്തിലുള്ള അചഞ്ചലമായ ബോധ്യം നമ്മളിലേക്ക് പകരാനും അദ്ദേഹത്തിന്റെ പാഠങ്ങള്‍ പുനരാവര്‍ത്തി പഠിച്ചുകൊണ്ട് ഇന്നത്തെ സാഹചര്യത്തില്‍ അവ പ്രയോഗവല്‍ക്കരിക്കാനുമുള്ള വീഴ്ചയില്ലാത്ത സമരം ഏറ്റെടുക്കുമെന്ന് ഈ ആചരണവേളയില്‍ നാം പ്രതിജ്ഞ ചെയ്യണം.
മാര്‍ക്‌സിസം വെറും പകല്‍ക്കിനാവല്ലെന്ന് തെളിയിച്ച, ലോകത്തെ വിജയം വരിച്ച ആദ്യത്തെ തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ ശില്‍പ്പി സഖാവ് ലെനിന്‍ ആയിരുന്നു. മാറിയ സ്ഥല കാലങ്ങള്‍ക്കനുസരിച്ച് മാര്‍ക്‌സിസത്തെ സര്‍ഗ്ഗാത്മകമായി വികസിപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം. സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തില്‍ തൊഴിലാളിവര്‍ഗവിപ്ലവം നയിക്കാന്‍ പ്രാപ്തമായ പുതിയതരം പാര്‍ട്ടിയുടെ സംഘടനാതത്വങ്ങള്‍ ആവിഷ്‌കരിച്ച വിപ്ലവസംഘാടകനായിരുന്നു സഖാവ് ലെനിന്‍. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രാണനായ ജനാധിപത്യ കേന്ദ്രീയത എന്ന സംഘടനാതത്വം ആവിഷ്‌കരിച്ചതും അതിന്റെ ധാരണയെ ഉയര്‍ന്നതലത്തിലേക്ക് വികസിപ്പിച്ചതും അദ്ദേഹമായിരുന്നു. മഹാനായ സ്റ്റാലിന്റെ വാക്കുകളില്‍ തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും കാലഘട്ടത്തിലെ മാര്‍ക്‌സിസത്തിന് – അതായത് ലെനിനിസത്തിന് – അദ്ദേഹം ജന്മം നല്‍കി. തൊഴിലാളിവര്‍ഗവിമോചന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലുള്ള അദ്ദേഹത്തിന്റെ ഈ സംഭാവനയാണ് ലെനിനെ മഹോന്നതരായ നേതാക്കളിലൊരാളായി ഉയര്‍ത്തിയത്.
തൊഴിലാളിവർഗത്തിന്റെയും അതുവഴി മനുഷ്യസമൂഹത്തിന്റെ ആകെയും വിമോചനത്തിന്റെ വഴികാണിക്കുന്ന പ്രത്യയശാസ്ത്ര മാണ് മാർക്സിസം. മഹാന്മാരായ കാൾ മാർക്‌സും ഫ്രെഡറിക് എംഗൽസും ചേർന്നാണ് അതിന് രൂപം നൽകിയത്. മാനവരാശി അന്നേവരെ ആർജ്ജിച്ച വിജ്ഞാനവും, സാമൂഹ്യപുരോഗതിക്കായി നടത്തിയ പോരാട്ടങ്ങളിലൂടെ കൈവരിച്ച അനുഭവങ്ങളും സ്വാംശീകരിച്ചുകൊണ്ടാണ് മഹത്തായ ഈ ദർശനം രൂപപ്പെടുന്നത്. നിസ്വാർത്ഥതയും സാമൂഹികതയും മുഖമുദ്രയാക്കിയ തൊഴിലാളിവർഗത്തിന്റെ ഉദയം ചരിത്രത്തിലാദ്യമായി ചൂഷണരഹിതമായൊരു സമൂഹത്തിന്റെ സൃഷ്ടിക്ക് വഴി തുറന്നതായി മാർക്‌സും എംഗൽസും ചൂണ്ടിക്കാണിച്ചു.


ആധുനികശാസ്ത്രത്തിന്റെ ആഗമനത്തോടെ സാമൂഹ്യവികാസത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു. ചരിത്രം രചിക്കുന്നത് വീരനായകരാണെന്ന സങ്കൽപ്പത്തിന്റെ സ്ഥാനത്ത് ഓരോ കാലഘട്ടങ്ങളിലെയും അദ്ധ്വാനിക്കുന്ന വർഗമാണെന്ന തിരിച്ചറിവുണ്ടായി. മുതലാളിത്ത സമൂഹത്തിൽ എല്ലാ സമ്പത്തും ഉൽപ്പാദിപ്പിക്കുന്ന അദ്ധ്വാനവർഗത്തിന് അത് നിഷേധിക്കപ്പെടുകയാണെന്നും അവർ അടിച്ചമർത്തപ്പെടുകയാണെന്നും മാർക്സിസം വിലയിരുത്തി. ബലം പ്രയോഗിച്ചുള്ള ഈ ചൂഷണവാഴ്ചയ്ക്ക് ബലപ്രയോഗത്തിലൂടെ മാത്രമേ അന്ത്യം കുറിക്കാനാകൂ-മാർക്സിസം സ്ഥാപിച്ചു.
ഇംഗ്ലീഷ് ധനതത്വശാസ്ത്രത്തിന്റെയും ജർമ്മൻ തത്വചിന്താസരണികളുടെയും ഫ്രഞ്ച് സോഷ്യലിസ്റ്റ് ആശയഗതികളുടെയും നല്ല വശങ്ങൾ സ്വാംശീകരിച്ചുകൊണ്ട് മാർക്സിസത്തിന് അടിത്തറ പാകി. ചരിത്രത്തെയും സാമൂഹ്യവികാസത്തെയും മനുഷ്യചിന്തയെയും സംബന്ധിച്ച ശാസ്ത്രീയ ധാരണകൾ രൂപപ്പെട്ടതോടെ ശാസ്ത്രീയാടിത്തറയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന തത്വചിന്ത പടുത്തുയർത്തിക്കൊണ്ട് മാർക്സും എംഗൽസും മാർക്സിസത്തിന്റെ ദാർശനിക അടിത്തറ കെട്ടിപ്പൊക്കി.
ചൂഷകനും ചൂഷിതനും തമ്മിലുള്ള പോരാട്ടമാണ് നാളിതുവരെയുള്ള ചരിത്രം വെളിവാക്കുന്നതെന്നും ഈ വർഗസമരത്തിന് ആക്കം വർദ്ധിപ്പിച്ചുകൊണ്ട് വർഗരഹിത സമൂഹത്തിലേയ്ക്കുള്ള പ്രയാണം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും മാർക്സിസം ഓർമ്മിപ്പിച്ചു. തൊഴിലാളിവർഗ വിപ്ലവത്തിലൂടെ തൊഴിലാളിവർഗ സർവാധിപത്യം അഥവാ സോഷ്യലിസം സ്ഥാപിക്കുകയാണ് ചൂഷണരഹിതസമൂഹം സൃഷ്ടിക്കാനുള്ള ആദ്യപടി. ഈ വിപ്ലവത്തിന് നേതൃത്വം നൽകാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അനിവാര്യമാകുന്നു.


മാർക്സിസ്റ്റ് വീക്ഷണത്തെ മുതലാളിത്ത ലോകം നിരാകരിച്ചു. സോഷ്യലിസം അപ്രായോഗികമാണെന്നും മാർക്സിന്റേത് ദിവാസ്വപ്നം മാത്രമാണെന്നും അവർ പരിഹസിച്ചു. എന്നാൽ പാരീസ് കമ്മ്യൂൺ അടക്കം നിരവധി സമരമുഖങ്ങളിൽ തൊഴിലാളിവർഗവും മറ്റു ചൂഷിത ജനവിഭാഗങ്ങളും മാർക്സിസം ചൂണ്ടിക്കാണിച്ച പാതയിലൂടെ മുന്നേറി. എന്നാൽ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ അവയ്ക്കൊന്നിനുമായില്ല. 1848ൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രഖ്യാപിക്കപ്പെട്ടിട്ട് 70വർഷം പൂർത്തിയാകുമ്പോഴാണ് ആദ്യസോഷ്യലിസ്റ്റ് രാഷ്ട്രം നിലവിൽവരുന്നത്.
മാർക്സിസം പ്രായോഗികമാണെന്നു മാത്രമല്ല, അത് മാനവമോചനത്തിന്റെ ഒരേയൊരു പാതയാണെന്ന് വിളിച്ചോതിക്കൊണ്ടാണ് സോവിയറ്റ് യൂണിയൻ നിലവിൽവരുന്നത്. ഐതിഹാസികമായ ആ ചരിത്രപ്രക്രിയയ്ക്ക് അനിഷേധ്യനേതൃത്വം നൽകിയത് ലെനിൻ ആയിരുന്നു. മനുഷ്യൻ അന്തസ്സോടെ ജീവിക്കുന്ന ഒരു പുതിയലോകം അതോടെ അനാവരണം ചെയ്യപ്പെട്ടു. അനുസ്യൂതമായ സാമൂഹ്യപുരോഗതിയുടെ പാത അതോടെ മനുഷ്യരാശിക്കുമുമ്പിൽ തെളിഞ്ഞുവന്നു.
പുരോഗമനകാംക്ഷികളെയാകെ പുളകംകൊള്ളിച്ച മഹത്തായ റഷ്യൻ സോഷ്യലിസ്റ്റ് വിപ്ലവം സാക്ഷാത്ക്കരിക്കപ്പെട്ടത് സൈദ്ധാന്തികവും പ്രായോഗികവുമായ അനേകം വൈതരണികളെ മറികടന്നുള്ള അമാനുഷിക പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. ആ പോരാട്ടങ്ങളുടെയെല്ലാം അമരക്കാരനായിരുന്നു ലെനിൻ. വ്ലാദിമിൽ ഇല്ലിയിച്ച് ഉല്ല്യനോവ് എന്ന ലെനിൻ ജനിക്കുന്നത് 1870ൽ ആണ്. സാമ്പത്തികമായി ഇടത്തരം കർഷകകുടുംബം. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം വിദ്യാസമ്പന്നർ. ബുദ്ധിപരമായ വളർച്ചയോടൊപ്പം സ്വഭാവഗുണങ്ങളാർജ്ജിക്കാൻകൂടി ഉതകിയ കുടുംബാന്തരീക്ഷം. ജ്യേഷ്ഠനായ അലക്സാണ്ടർ, സാർ ഭരണത്തിനെതിരെ സായുധ കലാപത്തിന്ആഹ്വാനം ചെയ്ത നരോദ്നിക് എന്ന വിപ്ലവഗ്രൂപ്പിൽ അംഗമായിരുന്നു. ലെനിന് പതിനേഴ് വയസ്സുള്ളപ്പോൾ, കോളജ് വിദ്യാർത്ഥിയായിരുന്ന ജ്യേഷ്ഠൻ തൂക്കിലേറ്റപ്പെട്ടു. സാർഭരണത്തോടുള്ള വെറുപ്പും വിപ്ലവപ്രവർത്തനത്തോടുള്ള ആഭിമുഖ്യവും ലെനിന്റെ മനസ്സിൽ ആഴത്തിൽ പതിയാൻ ഇത് ഇടയാക്കി.
1887ൽ കസാൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരിക്കെ വിപ്ലവഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ പേരിൽ ലെനിൻ യൂണിവേഴ്സിറ്റിയിൽനിന്ന് പുറത്താക്കപ്പെട്ടു. വീട്ടുതടങ്കലിന് സമാനമായ അന്തരീക്ഷത്തിൽ ഒരു ഗ്രാമപ്രദേശത്ത് കഴിയേണ്ടിവന്ന ലെനിൻ, ആ കാലയളവുമുഴുവൻ മാർക്സിസ്റ്റ് ആശയങ്ങളുടെ പഠനത്തിന് വിനിയോഗിച്ചു.


പശ്ചിമയൂറോപ്പിലെ തൊഴിലാളിപ്രസ്ഥാനത്തിൽ സ്വാധീനം ചെലുത്തിയിരുന്ന മാർക്സിസത്തെ റഷ്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയത് പ്ലഖനോവ് ആയിരുന്നു. മാർക്സിസ്റ്റ് സാഹിത്യം റഷ്യനിലേയ്ക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. കോളജിൽ പുനഃപ്രവേശം അനുവദിച്ചില്ലെങ്കിലും ലെനിന് പരീക്ഷയെഴുതാൻ അവസരം ലഭിച്ചു, നിയമബിരുദധാരിയായി. തൊഴിലാളി പ്രസ്ഥാനങ്ങളും സോഷ്യൽ ഡെമോക്രാറ്റിക് സ്റ്റഡിസർക്കിളുകളും സജീവമായ സെന്റ് പീറ്റേഴ്സ് ബർഗിലേയ്ക്ക് താമസം മാറിയതോടെ ലെനിനിലെ വിപ്ലവകാരി പക്വതയാർജ്ജിക്കാൻ തുടങ്ങി. മാർക്സിസത്തിന്റെ അചഞ്ചലനായ പ്രചാരകനായി ലെനിൻ മാറി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ റഷ്യനിലേയ്ക്ക് പരിഭാഷപ്പെടുത്തി.
നരോദ്നിക്കുകൾ തൊഴിലാളിവിപ്ലവത്തെ അനുകൂലിച്ചിരുന്നില്ല. കർഷകരാണ് വിപ്ലവശക്തി എന്നാണ് അവർ കരുതിയത്. ഒറ്റപ്പെട്ട അക്രമപ്രവർത്തനങ്ങളും സാഹസികമായ പ്രവർത്തന ശൈലിയുമൊക്കെ ബഹുജന പിന്തുണയാർജ്ജിക്കുന്നതിൽ അവർക്ക് വിലങ്ങുതടിയായി. ഒടുവിൽ വൻകിടകർഷകരുടെ താൽപര്യംപേറി സാർഭരണത്തിന് വിടുപണിചെയ്യുന്ന നിലയിലേയ്ക്ക് അവർ അധഃപതിച്ചു.
പ്ലഖനോവ്, നരോദ്നിക്കുകൾക്കെതിരെ തുടങ്ങിവച്ച ആശയസമരം ലെനിൻ ഏറ്റെടുത്തു. ‘ജനങ്ങളുടെ സുഹൃത്തുക്കൾ’ എന്ന കൃതിയിലൂടെ നരോദ്നിക്കുകളുടെ പാപ്പരത്തം ലെനിൻ അസന്നിഗ്ദ്ധമായി സ്ഥാപിച്ചു. നരോദ്നിക്കുകളെ മാത്രമല്ല, വിപ്ലവപ്രവർത്തനത്തെ നിയമം അനുവദിക്കുന്ന തലത്തിലേയ്ക്ക് ചുരുക്കാൻ ശ്രമിച്ച നിയമവിധേയവാദികളെയും അരാജകവാദികളെയുമെല്ലാം ലെനിൻ നിലംപരിശാക്കി.
മാർക്സിസത്തിലുള്ള അവഗാഹവും തൊഴിലാളിവർഗവിപ്ലവത്തിലുള്ള അചഞ്ചലമായ വിശ്വാസവും മികച്ച സംഘാടനപാടവവും ലെനിനെ സെന്റ് പീറ്റേഴ്സ് ബർഗ് മാർക്സിസ്റ്റുകളുടെ അനിഷേധ്യ നേതാവാക്കി. മാർക്സിസ്റ്റ് സർക്കിളുകളെ ഏകോപിപ്പിച്ചുകൊണ്ട് ‘തൊഴിലാളി വിമോചനത്തിനായുള്ള സമരസംഘം’ എന്ന പേരിൽ 1895ൽ ലെനിൻ രൂപീകരിച്ച സംഘടന റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബീജരൂപമായിരുന്നു.


മാർക്സിസ്റ്റ് ആശയങ്ങളെ സ്റ്റഡി സർക്കിളുകളിൽനിന്നും മുൻനിര തൊഴിലാളിപ്രവർത്തകരിൽനിന്നും വിശാലതൊഴിലാളിവിഭാഗങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ലെനിൻ നേതൃത്വം നൽകി. തൊഴിലാളികളുടെ പണിമുടക്ക് അടക്കമുള്ള സമരങ്ങൾ വളർന്നുവരാൻ അത് ഇടയാക്കി. സാർഭരണത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ ലെനിൻ അറസ്റ്റ് ചെയ്യപ്പെട്ടു. പതിനാലുമാസം അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടിവന്നു. തുടർന്ന് മൂന്നുവർഷക്കാലത്തേയ്ക്ക് സൈബീരിയയിലേയ്ക്ക് നാടുകടത്തപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബർഗ് സമരസംഘത്തിലെ സജീവപ്രവർത്തകയായിരുന്ന ക്രുപ്സ്കയയെയും നാടുകടത്തിയിരുന്നു. ഇരുവരും വിവാഹിതരാകുന്നത് ഈ പ്രവാസജീവിതകാലത്താണ്. ‘റഷ്യയിലെ മുതലാളിത്ത വികാസം’ എന്ന ലെനിന്റെ കൃതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ഇക്കാലത്താണ് നടന്നത്. ഒപ്പം ഒരു പാർട്ടിയുടെ അനിവാര്യതയും അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാർട്ടി ഭരണഘടനയുടെ ഒരു രൂപരേഖ അദ്ദേഹം തയ്യാറാക്കി. ജയിൽവാസകാലത്ത് ജയിലിൽനിന്ന് ഒളിച്ചുകടത്തിയ രേഖകളിലൂടെ തൊഴിലാളിപ്രസ്ഥാനത്തിന് മാർഗ്ഗനിർദ്ദേശം നൽകാൻ ലെനിൻ ശ്രമിച്ചിരുന്നു.
ലെനിൻ സൈബീരിയയിലായിരിക്കെ തൊഴിലാളിപ്രസ്ഥാനത്തിൽ സാമ്പത്തികവാദികൾ സ്വാധീനം ചെലുത്താൻ തുടങ്ങി. സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങൾമാത്രം മതിയെന്നും രാഷ്ട്രീയസമരങ്ങൾ ബൂർഷ്വാസിയുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞുകൊണ്ട് ഇക്കൂട്ടർ തൊഴിലാളിപ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. സാമ്പത്തികവാദികളെ തുറന്നുകാണിച്ചുകൊണ്ടും സോഷ്യൽ ഡെമോക്രാറ്റുകളുടെ കടമകൾ വിശദീകരിച്ചുകൊണ്ടും ലെനിൻ തയ്യാറാക്കിയ രേഖയിൽ പ്രവാസികളായ നിരവധി നേതാക്കളും ഒപ്പുവച്ചു. ഇത് തൊഴിലാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടി.
നിയമവിരുദ്ധമായി പ്രവർത്തിക്കേണ്ടി വരുന്ന പാർട്ടിക്ക് ഒരു മുഖപത്രം അനിവാര്യമാണെന്ന് ലെനിൻ മനസ്സിലാക്കി. 1900ജനുവരിയിൽ പ്രവാസജീവിതം അവസാനിപ്പിച്ചുവെങ്കിലും റഷ്യയിൽ തുടരാൻ ലെനിനെ സാർഭരണം അനുവദിച്ചില്ല. ജൂലൈ മാസം ജർമ്മനിയിലെത്തിയ ലെനിൻ തീപ്പൊരി എന്നർത്ഥംവരുന്ന ‘ഇസ്ക്ര’ എന്ന പേരിൽ ഒരു വിപ്ലവജിഹ്വ അവിടെനിന്ന് പ്രസിദ്ധീകരിക്കുകയും റഷ്യയിലേയ്ക്ക് ഒളിച്ചുകടത്തുകയും ചെയ്തു. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഇസ്ക്ര വലിയ പങ്കുവഹിച്ചു.
തൊഴിലാളികൾ കർഷകരുമായി സഖ്യം ചേരേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ലെനിൻ മനസ്സിലാക്കി. റഷ്യൻ വിപ്ലവത്തിൽ അതിന് നിർണായക പ്രാധാന്യമുണ്ട്. കർഷകരെ വിപ്ലവത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും മാർക്സിസം അവർക്ക് പരിചയപ്പെടുത്തുന്നതിനുമായി അദ്ദേഹം ‘ദരിദ്രഗ്രാമീണരോട്’ എന്ന പേരിൽ ഒരു ലഘുലേഖ പ്രസിദ്ധപ്പെടുത്തി. ഒരുപിടി സമ്പന്നർ ബഹുഭൂരിപക്ഷംവരുന്ന കർഷകരെ ചൂഷണം ചെയ്യുന്ന സ്ഥിതിമാറണമെന്ന് അദ്ദേഹം കർഷകരെ ഉദ്ബോധിപ്പിച്ചു. സോഷ്യലിസത്തിൽ കാർഷികമേഖല എങ്ങനെയാണ് പുനഃസംഘടിപ്പിക്ക പ്പെടുന്നതെന്നും കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം അവർക്കുതന്നെ അനുഭവിക്കുവാൻ കഴിയുന്നതെന്നും ഈ ലേഖനത്തിൽ അദ്ദേഹം വിശദീകരിച്ചു.
ചിതറിക്കിടന്നിരുന്ന മാർക്സിസ്റ്റ് സർക്കിളുകളെയും ഗ്രൂപ്പുകളെയുമെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ഒരു പാർട്ടി കെട്ടിപ്പടുക്കുന്നതിനായി റഷ്യൻ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബർ പാർട്ടി എന്ന ബാനറിൽ 1898ൽ ഒരു പാർട്ടി കോൺഗ്രസ് ചേർന്നു. ലക്ഷ്യം നേടുന്നതിൽ ഈ കോൺഗ്രസ് പരാജയപ്പെട്ടു. ഈ ദൗത്യം നിറവേറ്റുന്നതിൽ ഇസ്ക്ര നിർണായക പങ്കുവഹിക്കുമെന്ന് ലെനിൻ കണക്കുകൂട്ടി. ഇത് ഒരു പരിധിവരെ വിജയംകണ്ടതോടെ 1903ൽ ആർഎസ്ഡിഎൽപിയുടെ രണ്ടാം കോൺഗ്രസ് ചേർന്നു. ആ പേരിൽ ഒരു പാർട്ടി നിലവിൽ വരികയും ചെയ്തു.
ഒരു യഥാർത്ഥ തൊഴിലാളിവർഗ പാർട്ടിയുടെ ആശയം 1902ൽത്തന്നെ ലെനിൻ മുന്നോട്ടുവച്ചിരുന്നു. ‘എന്തുചെയ്യണം’ എന്ന കൃതിയിൽ അദ്ദേഹം തൊഴിലാളിവർഗ വിപ്ലവപാർട്ടിയുടെ ആവശ്യകതയും തൊഴിലാളിവർഗത്തെ വിപ്ലവപ്പോരാട്ടത്തിൽ നയിക്കുന്നതിലുള്ള അതിന്റെ നേതൃത്വപരമായ പങ്കും വ്യക്തമാക്കി. വിപ്ലവപ്പാർട്ടിക്ക് ഒരു വിപ്ലവസിദ്ധാന്തം അനിവാര്യമാണെന്ന് ലെനിൻ ചൂണ്ടിക്കാണിച്ചു. വിപ്ലവസിദ്ധാന്തവും വിപ്ലവപ്പാർട്ടിയുമില്ലാതെ വിപ്ലവം സാധ്യമാകില്ല എന്ന് അദ്ദേഹം സമർത്ഥിച്ചു.


എന്നാൽ സാമ്പത്തികവാദികളുടെ സ്വാധീനംമൂലം ഒരു വിഭാഗം, പാർട്ടി സംഘടന എന്ന ആശയത്തെ എതിർത്തു. കെട്ടുറപ്പുള്ള ഒരു പാർട്ടി കെട്ടിപ്പടുക്കുന്നതിന് അവർ എതിരായിരുന്നു. കേന്ദ്രകമ്മിറ്റിയിലും ഇസ്ക്ര എഡിറ്റോറിയൽ ബോർഡിലും ബോൾഷെവിക്കുകൾ എന്ന പേരിൽ ലെനിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഭൂരിപക്ഷംനേടി. ഇവർ ഭൂരിപക്ഷക്കാർ എന്നർത്ഥംവരുന്ന ബോൾഷെവിക്കുകൾ എന്നറിയപ്പെട്ടു. ന്യൂനപക്ഷം എന്ന അർത്ഥത്തിൽ മെൻഷെവിക്കുകളും നിലവിൽവന്നു. തുടർന്ന് ഇരുകൂട്ടരും രണ്ട് പ്രത്യേകഗ്രൂപ്പുകളായി മുന്നോട്ടുപോയി.
രണ്ടാം കോൺഗ്രസ്സിൽ നടന്ന ആശയസമരത്തെക്കുറിച്ചും മെൻഷെവിക്കുകളുടെ വിഘടനപ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തുകൊണ്ട് ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് ‘ എന്നൊരു ലഘുകൃതിയും ലെനിൻ രചിച്ചു. തൊഴിലാളിവർഗം സംഘടനാരംഗത്തുനേരിടുന്ന വെല്ലുവിളികൾ ലെനിൻ ഇതിൽ വ്യക്തമാക്കുന്നു. 1905ൽ മൂന്നാം കോൺഗ്രസ് ചേർന്നു. രണ്ടാം കോൺഗ്രസ്സിനുശേഷം പ്ലഖനോവിന്റെ സഹായത്തോടെ കേന്ദ്രകമ്മിറ്റിയിലും ഇസ്ക്ര എഡിറ്റോറിയൽ ബോർഡിലും മെൻഷെവിക്കുകൾ പിടിമുറുക്കിയിരുന്നു. ഈ സാഹചര്യത്തെ മറികടക്കാനായിരുന്നു മൂന്നാം കോൺഗ്രസ് വിളിച്ചുകൂട്ടാൻ ശ്രമം നടത്തിയത്. പാർട്ടിയുടെ നിയന്ത്രണം ബോൾഷെവിക്കുകളുടെ കൈകളിലായി. ഇക്കാലത്താണ് ‘സോഷ്യൽ ഡെമോക്രസിയുടെ രണ്ട് അടവുകൾ’ എന്ന കൃതി ലെനിൻ രചിക്കുന്നത്. പാർട്ടി വിവിധ വിഷയങ്ങളിൽ കൈക്കൊള്ളേണ്ട നിലപാടുകൾ മുതൽ തൊഴിലാളിവർഗത്തിന്റെ സായുധമായ ഉയർത്തെഴുന്നേൽപ്പിന് തയ്യാറെടുക്കേണ്ടത് എങ്ങനെ എന്നതുവരെയുള്ള കാര്യങ്ങൾ ഈ കൃതിയിൽ ലെനിൻ ചർച്ച ചെയ്യുന്നു.
1905ൽ നടന്ന വിപ്ലവത്തെ ബുർഷ്വാ ജനാധിപത്യ വിപ്ലവമായാണ് ലെനിൻ വിലയിരുത്തിയത്. ജന്മിത്തവ്യവസ്ഥ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് അതിന് ഉണ്ടായിരുന്നത്. സാറിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച് ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാൻ അത് ലക്ഷ്യംവച്ചു. തൊഴിലാളികൾ ഈ വിപ്ലവത്തിൽ സജീവമായി പങ്കെടുക്കണം എന്ന് ലെനിൻ ആഹ്വാനം ചെയ്തു. തൊഴിലാളിവർഗ സർവാധിപത്യ സ്ഥാപനത്തിലേയ്ക്കുള്ള പാത അത് സുഗമമാക്കുമെന്ന് ലെനിൻ വിശദീകരിച്ചു. തൊഴിലാളികൾ വീരോചിതം പൊരുതിയെങ്കിലും വിപ്ലവം അടിച്ചമർത്തപ്പെട്ടു. 1906ലും 1907ലും പാർട്ടി കോൺഗ്രസ്സുകൾ ചേർന്നു. ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിന് കോട്ടമുണ്ടായില്ല.
1905ലെ വിപ്ലവം അടിച്ചമർത്തപ്പെട്ടെങ്കിലും സാർ ഭരണം ജനങ്ങൾക്ക് എതിരാണ് എന്ന് സ്ഥാപിക്കപ്പെട്ടു. ലിബറൽ ബൂർഷ്വാവർഗം സാർ ഭരണവുമായി ഒത്തുതീർപ്പുണ്ടാക്കുകയും ജനങ്ങൾക്കെതിരെ നിലകൊള്ളുകയുമാണെന്ന് ഈ വിപ്ലവം വ്യക്തമാക്കി. ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന് നേതൃത്വം വഹിക്കാൻ തൊഴിലാളിവർഗത്തിന് കഴിയുമെന്ന വിലപ്പെട്ട പാഠം അത് മുന്നോട്ടുവച്ചു. അദ്ധ്വാനിക്കുന്ന കൃഷിക്കാർ തൊഴിലാളിവർഗത്തിന് ആശ്രയിക്കാവുന്ന വിപ്ലവത്തിന്റെ സഖ്യശക്തിയാണെന്നും ഈ വിപ്ലവം ബോധ്യപ്പെടുത്തി.
സാർഭരണത്തെ നീക്കം ചെയ്ത് തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുക എന്ന ബോൾഷെവിക് ലക്ഷ്യം മെൻഷെവിക്കുകൾക്ക് ഉണ്ടായിരുന്നില്ല. സാർഭരണത്തെ പരിഷ്ക്കരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തൊഴിലാളിപ്രസ്ഥാനത്തിലെ മുതലാളിവർഗ ഏജന്റ് എന്ന നിലയിലേയ്ക്ക് അവർ അധഃപതിച്ചു. 1907ൽ നടന്ന അഞ്ചാം കോൺഗ്രസ് ബോൾഷെവിക്കുകളുടെ നേതൃത്വം അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു. അനുകൂല സാഹചര്യത്തിൽ കടന്നാക്രമിക്കാൻ മാത്രമല്ല, പ്രതികൂല സാഹചര്യംവരുമ്പോൾ പിൻവാങ്ങാനും തൊഴിലാളിവർഗത്തിന് കഴിയുമെന്ന് 1905ലെ വിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെട്ടു.
1907ൽ ലെനിന് വീണ്ടും റഷ്യവിട്ട് പോകേണ്ടിവന്നു. പരസ്യമായി പാർട്ടി പ്രവർത്തനം അസാധ്യമായി. സാർഭരണം ക്രൂരമായ അടിച്ചമർത്തൽ നടപടികൾ തുടങ്ങി. ബോൾഷെവിക്കുകൾ നിയമവിധേയ വേദികൾ ഉപയോഗപ്പെടുത്തണമെന്ന് ലെനിൻ ആഹ്വാനം ചെയ്തു. ട്രേഡ് യൂണിയനുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം സാർഭരണത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജനകീയ പാർലമെന്റായ ഡ്യൂമയിലെ പ്രവർത്തനംപോലും ഏറ്റെടുക്കാൻ ബോൾഷെവിക് പാർട്ടി തീരുമാനിച്ചു.


1905ലെ വിപ്ലവം പരാജയപ്പെട്ടതോടെ ബുദ്ധിജീവികൾ അടക്കം പലരും പിന്തിരിപ്പത്തത്തിന്റെ ഭാഗത്തുചേർന്നു. മെൻഷെവിക്കുകൾ ട്രോട്സ്കിയുടെ ആശീർവാദത്തോടെ പാർട്ടി പിരിച്ചുവിടണമെന്നുവരെ ആവശ്യപ്പെട്ടു. എന്നാൽ വിപ്ലവത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ചുകൊണ്ട് മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വിമർശകരുടെ വാദഗതികളുടെ മുനയൊടിച്ചുകൊണ്ട് ലെനിൻ ‘ഭൗതികവാദവും അശാസ്ത്രീയ വിമർശനവും’ എന്ന കൃതി രചിച്ചു. വിപ്ലവകാരികൾക്ക് ആത്മവീര്യം പകരാനും ഒറ്റക്കെട്ടായി മുന്നേറാനും ഈ കൃതി ഉപകരിച്ചു. എന്നാൽ ബോൾഷെവിക്കുകളിൽ ഒരു വിഭാഗം നിയമവിധേയപ്രവർത്തനങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായില്ല. ഡ്യൂമയിൽനിന്ന് അംഗങ്ങളെ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു. ഇവർ മെൻഷെവിക്കുകളോട് ഒപ്പം ചേർന്ന് ട്രോട്സ്കിയുടെ നേതൃത്വത്തിൽ ‘ആഗസ്റ്റ് സഖ്യം’ ഉണ്ടാക്കി ലെനിനെ എതിർത്തു. എന്നാൽ ഈ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനും നിയമവിധേയപ്രവർത്തനങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് മുന്നേറാനും ബോൾഷെവിക് പാർട്ടിക്ക് കഴിഞ്ഞു. 1912ൽ പ്രേഗിൽ നടന്ന ആർഎസ്ഡിഎൽപിയുടെ ആറാം കോൺഗ്രസ്സിൽ മെൻഷെവിക്കുകളെ പുറത്താക്കി ആർഎസ്ഡിഎൽപി(ബോൾഷെവിക്) എന്ന പേരിൽ ബോൾഷെവിക് പാർട്ടി ഒരു സ്വതന്ത്രതൊഴിലാളിവർഗ വിപ്ലവപാർട്ടിയായി മാറി. പാർട്ടിയുടെയും വിപ്ലവത്തിന്റെയും പുരോഗതിക്ക് ഈ നിലപാട് ഏറെ സഹായകമായി. വിപ്ലവവഞ്ചകരെയും സന്ധിപ്രിയരെയും മുതലാളിത്ത ഏജന്റുമാരെയുമൊക്കെ അകറ്റി നിർത്തിയതോടെ ബോൾഷെവിക് പാർട്ടി ഒരു വിപ്ലവപ്രസ്ഥാനത്തിനുവേണ്ട കരുത്തും അച്ചടക്കവുമുള്ള സംഘടനയായിത്തീർന്നു. ‘പ്രാവ്ദ’ ബോൾഷെവിക് പാർട്ടിയുട ഔദ്യോഗിക മുഖപത്രമായി.
ബോൾഷെവിക് പാർട്ടി രൂപീകരിക്കപ്പെട്ടതോടെ വിപ്ലവപ്രവർത്തനം നവോന്മേഷം കൈവരിച്ചു. തൊഴിലാളികൾ വൻതോതിൽ ബോൾഷെവിക് മുദ്രാവാക്യങ്ങൾ ക്കുപിന്നിൽ അണിനിരന്നു. തൊഴിലാളികളുമായുള്ള പാർട്ടിയുടെ ബന്ധം കൂടുതൽ ദൃഢമായി. ഡ്യൂമ ഉൾപ്പെടെയുള്ള വേദികളെല്ലാം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞു. സാർവദേശീയതയുടെയും തൊഴിലാളിവർഗ വിപ്ലവത്തിന്റെയും കൊടിക്കൂറ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രാവ്ദ പുതിയൊരു തലമുറ വിപ്ലവകാരികളെ വളർത്തിയെടുക്കുന്നതിൽ വ്യാപൃതമായി. ലെനിൻ ദൈനംദിനമെന്നോണം പ്രാവ്ദയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകിക്കൊണ്ടിരുന്നു. 1912-14 കാലത്ത് 280 ലേഖനങ്ങളാണ് ലെനിൻ പ്രാവ്ദയിൽ എഴുതിയത്.
ലെനിൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും അവിടുത്തെ വിപ്ലവകാരികളുമായി ഉറ്റബന്ധം സ്ഥാപിക്കുകയും ചെയ്തു. വിദേശ നാടുകളിലെ വിപ്ലവാനുഭവങ്ങൾ ബോൾഷെവിക് പാർട്ടിയുടെ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്തി. ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലെനിൻ സാർഭരണത്തിനുവേണ്ടി ചാരപ്പണി നടത്തുന്നു എന്ന് ആരോപിച്ച് ആസ്ട്രിയൻ ഗവൺമെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. ലെനിൻ കുറച്ചുകൂടി സ്വതന്ത്രമായ ഇടംതേടി സ്വിറ്റ്സർലണ്ടിലേയ്ക്ക് താമസംമാറ്റി.
ലെനിൻ ലോകയുദ്ധത്തെ വിശകലനം ചെയ്തുകൊണ്ട് ഓരോ രാജ്യത്തെയും തൊഴിലാളിവർഗം യുദ്ധവിരുദ്ധ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സാമ്രാജ്യത്വത്തിന്റെ താൽപര്യം പേറുന്ന യുദ്ധസാഹചര്യത്തെ ആഭ്യന്തരവിപ്ലവത്തിനുള്ള അവസരമാക്കി മാറ്റാനാണ് ലെനിൻ ആഹ്വാനം ചെയ്തത്. എന്നാൽ പശ്ചിമയൂറോപ്പിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾ സ്വന്തം രാജ്യത്തെ ബൂർഷ്വാഗവൺമെന്റുകൾക്ക് പിന്തുണ നൽകിക്കൊണ്ട് സങ്കുചിത ദേശീയ വാദത്തിന്റെ ഇരകളായി മാറി. വർഗസമരവും തൊഴിലാളിവർഗ സാർവദേശീയതയുമൊക്കെ സമാധാനകാലത്തെ നിലപാടുകളാണെന്നും യുദ്ധസമയത്ത് എല്ലാം യുദ്ധത്തിന്റെ താൽപര്യത്തിനുകീഴെ മാത്രമേ കാണാവൂ എന്നും അവർവാദിച്ചു. വാക്കിൽമാത്രം സോഷ്യലിസ്റ്റും പ്രവൃത്തിയിൽ സങ്കുചിത ദേശീയ വാദികളുമായ ഇക്കൂട്ടരെ ‘സോഷ്യൽ ഷോവനിസ്റ്റുകൾ’ എന്നാണ് ലെനിൻ വിശേഷിപ്പിച്ചത്. പ്ലഖനോവ് ഈ നിലപാട് എടുത്തു. ജർമ്മനിയിലെ കൗട്സ്കിയും ട്രോട്സ്കിയും മറ്റും മധ്യവർത്തികളായി ഭാവിച്ചുവെങ്കിലും ഫലത്തിൽ ഇവരും തൊഴിലാളിവർഗത്തെ വഞ്ചിച്ചുകൊണ്ട് സോഷ്യൽ ഷോവനിസ്റ്റുകളുടെ ഒപ്പം നിന്നു.
ലോകവ്യാപകമായൊരു യുദ്ധവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകേണ്ട സമയത്താണ് രണ്ടാം ഇന്റർനാഷണലിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾ ഇത്തരമൊരു വഞ്ചന കാണിച്ചത്. ഇതുമൂലം തൊഴിലാളിവർഗ ഐക്യം ശിഥിലമായി, പാർട്ടികൾ തമ്മിൽ ശത്രുതയിലായി. എന്നാൽ ബോൾഷെവിക് പാർട്ടി, യുദ്ധത്തിനുമേൽ യുദ്ധം പ്രഖ്യാപിക്കുക എന്ന ആഹ്വാനം അക്ഷരം പ്രതി നടപ്പിൽവരുത്തി. സഹോദരങ്ങളുടെ നേരെ അല്ല, പിന്തിരിപ്പൻ ബൂർഷ്വാ ഗവൺമെന്റുകൾക്കുനേരെയാണ് തോക്കുതിരിക്കേണ്ടത് എന്ന് അവർ കാണിച്ചുകൊടുത്തു. യുദ്ധസാഹചര്യത്തെ തൊഴിലാളിവർഗ വിപ്ലവത്തിനുള്ള അവസരമാക്കിത്തീർത്തു.


‘ദേശീയ പ്രശ്നം’, ‘രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം’ എന്നീലേഖനങ്ങളിലൂടെ ദേശീയ പ്രശ്നത്തോടുള്ള കമ്മ്യൂണിസ്റ്റുകളുടെ ശാസ്ത്രീയ നിലപാട് ലെനിൻ വ്യക്തമാക്കി. വിശാല റഷ്യയിലെ വിവിധ ദേശീയതകളുടെ ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് ഓരോ രാഷ്ട്രത്തിനും, ഓരോ ദേശീയതയ്ക്കും തുല്യഅവകാശമായിരിക്കുമെന്നും ആർക്കും സ്വതന്ത്രമായി പ്രത്യേകരാഷ്ട്രം രൂപീകരിക്കാൻ അവകാശം ഉണ്ടായിരിക്കുമെന്നും ലെനിൻ വ്യക്തമാക്കി. തൊഴിലാളിവർഗ സാർവദേശീയതയെ മുൻനിർത്തി സുദൃഢമായ ഐക്യം ഊട്ടിയുറപ്പിക്കാൻ ഈ നയം ഏറെ സഹായകമായി.
യുദ്ധത്തിന്റെ വേളയിലാണ് ലെനിൻ ‘സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’ എന്ന വിഖ്യാതമായ കൃതി രചിക്കുന്നത്. ഇരുപതാംനൂറ്റാണ്ട് ആരംഭിച്ചതോടെ മുതലാളിത്തം സാമ്രാജ്യത്വഘട്ടത്തിൽ എത്തിയിരിക്കുന്നു എന്ന് ലെനിൻ ചൂണ്ടിക്കാണിച്ചു. ഇതോടെ തൊഴിലാളിവർഗ വിപ്ലവത്തിന് പുതിയ സാധ്യതകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യങ്ങളിൽ ആകെയോ ഒരു പറ്റം രാജ്യങ്ങളിലോ ഒരേ സമയം വിപ്ലവം നടക്കുമെന്നതായിരുന്നു അതേവരെയുള്ള മാർക്സിസ്റ്റ് ധാരണ. എന്നാൽ സാമ്രാജ്യത്വ കാലഘട്ടത്തിൽ ഒരു രാജ്യത്തുമാത്രമായും വിപ്ലവം നടക്കാമെന്ന് ലെനിൻ സമർത്ഥിച്ചു. മാർക്സിസ്റ്റ് സിദ്ധാന്തത്തിന് പുതിയ വികാസം നൽകിയ ലെനിന്റെ ഈ വിലയിരുത്തൽ സാർവദേശീയ തൊഴിലാളിപ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായിമാറി.
1917 ഫെബ്രുവരിയിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾ ലെനിൻ സ്വിറ്റ്സർലെണ്ടിൽ ആയിരുന്നു. എത്രയും വേഗം റഷ്യയിൽ എത്താനുള്ള നീക്കങ്ങൾ അദ്ദേഹവും സഹപ്രവർത്തകരും ആരംഭിച്ചു. ഫെബ്രുവരി വിപ്ലവത്തിന്റെ വിജയത്തെത്തുടർന്ന് കെരൻസ്കിയുടെ നേതൃത്വത്തിൽ ഒരു ബൂർഷ്വാഗവൺമെന്റ് സ്ഥാപിതമായി. സാർഭരണം അവസാനിച്ചതോടെ തൊഴിലാളിവർഗത്തെ നിഷ്ക്രിയമാക്കാനുള്ള ശ്രമങ്ങളുണ്ടായി. ഗവൺമെന്റിനെ പിന്തുണയ്ക്കാന്‍ മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവല്യൂഷണറികളുമൊക്കെ തൊഴിലാളികളെ ആഹ്വാനം ചെയ്തു. എന്നാൽ വിപ്ലവത്തിന്റെ പൂർണവിജയം ഇനിയും നേടേണ്ടിയിരിക്കുന്നുവെന്ന് ലെനിൻ ഓർമ്മിപ്പിച്ചു. ഏപ്രിൽ മൂന്നിന് പെട്രോഗ്രാഡിലെത്തിയ ലെനിൻ വിഖ്യാതമായ ‘ഏപ്രിൽ തീസിസുകൾ’ അവതരിപ്പിച്ചു. രാഷ്ട്രീയ അധികാരം ബൂർഷ്വാഗവൺമെന്റിൽ ആയിരിക്കുന്നിടത്തോളംകാലം, സോവിയറ്റുകളിൽ മെൻഷെവിക്കുകൾക്കും സോഷ്യലിസ്റ്റ് റവല്യൂഷണറികൾക്കും ഭൂരിപക്ഷം ഉള്ളിടത്തോളം കാലം ജനങ്ങളുടെ മോചനം യാഥാർത്ഥ്യമാകില്ലെന്ന് ലെനിൻ സമർത്ഥിച്ചു. എല്ലാ അധികാരവും സോവിയറ്റുകൾക്ക് കൈമാറുക എന്ന ആഹ്വാനം ലെനിൻമുഴക്കി.
ബുർഷ്വാ ജനാധിപത്യ വിപ്ലവത്തിൽനിന്ന് സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്കുള്ള മൂർത്തവും വ്യക്തവുമായ വിപ്ലവമാർഗ്ഗം ലെനിൻ വരച്ചുകാണിച്ചു. തൊഴിലാളികൾക്കും ദരിദ്രകർഷകർക്കും അധികാരം ലഭിക്കുന്നത് സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ ആണ്. പാർട്ടിയെയും മുഖപത്രമായ പ്രാവ്ദയെയും സോഷ്യലിസ്റ്റ് വിപ്ലവത്തിന് സജ്ജമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലെനിൻ അഹോരാത്രം പ്രവർത്തനങ്ങളിൽ മുഴുകി. ആർഎസ്ഡിഎൽപിയുടെ ദേശീയ സമ്മേളനം, പെട്രോഗ്രാഡ് സിറ്റി സമ്മേളനം തുടങ്ങിയവയൊക്കെ ലെനിന്റെ ആഹ്വാനം ഏറ്റെടുത്തു. അവിെട റഷ്യൻ കർഷക പ്രതിനിധി സമ്മേളനത്തിൽ ലെനിൻ വൻകിട ഭൂഉടമകളിൽനിന്ന് ഭൂമി പിടിച്ചെടുക്കാൻ ആഹ്വാനം ചെയ്തു. തൊഴിലാളികളും കർഷകരും സൈനികരുമൊക്കെ ലെനിന്റെ ആഹ്വാനം ഏറ്റെടുത്തതോടെ സോവിയറ്റുകളിൽ ബോൾഷെവിക്കുകൾക്ക് ഭൂരിപക്ഷമായി.
ലെനിനെ പിടികൂടി വധിക്കാൻ കെരൻസ്കി ഗവൺമെന്റ് പദ്ധതിയിട്ടു. എന്നാൽ ലെനിനെ ഒളിവിൽ പാർപ്പിച്ചുകൊണ്ട് പാർട്ടിയും തൊഴിലാളിവർഗവും പോരാട്ടം തുടർന്നു. ഒളിവിൽ ഇരുന്ന് ലെനിൻ ‘ഭരണകൂടവും വിപ്ലവവും’എന്ന വിഖ്യാതകൃതി രചിച്ചു. ഭരണകൂടത്തെയും തൊഴിലാളിവർഗ സർവാധിപത്യത്തെയും സംബന്ധിച്ച് മാർക്സും എംഗൽസും നൽകിയ പാഠങ്ങളെ പുതിയ ചരിത്ര സാഹചര്യത്തിന് അനുസരിച്ച് ഈ കൃതിയിൽ ലെനിൻ വികസിപ്പിച്ചു. എന്നാൽ ജീവൻ അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഒളിവുജീവിതം അവസാനിപ്പിച്ച് ലെനിന് ഫിൻലണ്ടിലേയ്ക്ക് താമസം മാറ്റേണ്ടിവന്നു. 1917ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി നടന്ന ബോൾഷെവിക് പാർട്ടിയുടെ ആറാംകോൺഗ്രസിന് ആശയനേതൃത്വം നൽകി. വിപ്ലവത്തെ എതിർക്കുന്ന എല്ലാ ശക്തികളെയും ലെനിൻ നിർദാക്ഷിണ്യം തുറന്നുകാണിച്ചു.


സായുധവിപ്ലവത്തിന് സജ്ജമാകുവാന്‍ ലെനിൻ ആഹ്വാനം ചെയ്തു. തൊഴിലാളിവർഗം ആയുധമെടുത്തതോടെ ലെനിൻ വീണ്ടും പെട്രോഗ്രാഡിൽ പ്രത്യക്ഷപ്പെട്ടു. ലെനിന്റെ ആഹ്വാനം പാർട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനമാക്കി. കമനേവും സിനവേവും വിയോജിച്ചു. ട്രോട്സ്കിയാകട്ടെ തന്ത്രപൂർവ്വം വിപ്ലവം വൈകിപ്പിക്കാൻ ശ്രമിച്ചു. വിപ്ലവത്തിന് നേതൃത്വം നൽകാൻ ലെനിന്റെ നേതൃത്വത്തിൽ പുതിയ പൊളിറ്റ് ബ്യൂറോ തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലാളിവർഗം ആയുധമേന്തി ചരിത്രത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യത്തിന് ജന്മംനൽകി.
വിപ്ലവം ഭൂഉടമകളുടെ അധികാരം ഇല്ലാതാക്കി. കൃഷിഭൂമി കർഷകന് കൃഷിചെയ്യാൻ വിട്ടുകൊടുത്തു. വ്യവസായം, റയിൽവേ, ബാങ്ക് മുതലായവയൊക്കെ പൊതുഉടമസ്ഥതയിലാക്കി. ഒന്നാംലോകയുദ്ധത്തിൽനിന്ന് സൈന്യത്തെ പിൻവലിച്ച് സമാധാനം നടപ്പിലാക്കി. സ്വകാര്യ ഉടമസ്ഥത അവസാനിച്ചു. എല്ലാം ജനങ്ങളുടെ ഉടമസ്ഥതയിലായി. തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിച്ചതോടെ തൊഴലാളിവർഗം ഭരണം കൈയാളുന്ന വർഗമായി. ലെനിൻ അതിന്റെ തലവനും.
റഷ്യ യുദ്ധത്തിൽനിന്ന് പിന്മാറിയത് സഖ്യശക്തികളെ ചൊടിപ്പിച്ചു. അവർ റഷ്യയ്ക്കെതിരെ യുദ്ധനീക്കം നടത്തി. അധികാരം നഷ്ടപ്പെട്ട ദേശീയ ബൂർഷ്വാസിയും വൻകിട ഭൂഉടമകളും പട്ടാളജനറൽമാരും മറ്റെല്ലാ പിന്തിരിപ്പൻ ശക്തികളും ഒറ്റക്കെട്ടായി നവജാത സോഷ്യലിസ്റ്റ് രാഷ്ട്രത്തിനെതിരെ ഈ യുദ്ധ ശക്തികളൊടൊപ്പം അണിനിരന്നു. സോവിയറ്റ് യൂണിയന്റെ രക്ഷയ്ക്കായി മുന്നോട്ടുവരാൻ മുഴുവൻ ജനങ്ങളോടും ലെനിൻ അഭ്യർത്ഥിച്ചു. ജനങ്ങൾ സ്വന്തം രാജ്യത്തെയും ഭരണകൂടത്തെയും പാർട്ടിയെയും ശത്രുക്കളിൽനിന്ന് സംരക്ഷിച്ചു.
1918ൽനടന്ന ഏഴാം കോൺഗ്രസ്സിൽ പാർട്ടിയുടെ പേര് റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (ബോൾഷെവിക്) എന്നാക്കി. ആഭ്യന്തര സമരങ്ങളാലും യുദ്ധത്താലും തകർന്ന റഷ്യയുടെ സമ്പദ്‌ഘടന പടുത്തുയർത്തേണ്ടതിന്റെ അനിവാര്യത ലെനിൻ ഉയർത്തിപ്പിടിച്ചു. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പ്രശ്നങ്ങളെ ഗവൺമെന്റ് അഭിമുഖീകരിക്കുമ്പോൾ വൻകിട ഭൂഉടമകൾ ഗവൺമെന്റിനോട് നിസ്സഹകരിക്കുന്ന സ്ഥിതിയുമുണ്ടായി. ‘സോഷ്യലിസം പടുത്തുയർത്താനുള്ളസമരം അപ്പത്തിനായുള്ള സമരമാണ് ‘ എന്ന മുദ്രാവാക്യം ലെനിൻ മുന്നോട്ടുവച്ചത് ഈ സന്ദർഭത്തിലാണ്. ഇതേ വർഷമാണ് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജപ്പാനും ഒരേസമയം റഷ്യയെ ആക്രമിക്കുന്നത്. റഷ്യയുടെ സമ്പത്തിൽ കണ്ണുവച്ചിരുന്ന, അവിടെ മൂലധനമിറക്കിയിരുന്ന മുതലാളിത്ത ശക്തികളുടെ താൽപര്യാർത്ഥമായിരുന്നു ഈ ആക്രമണം. രാജ്യത്തെ സാർപട്ടാളമായിരുന്ന വൈറ്റ് ഗാർഡുകളും ഇവരോടൊപ്പം ചേർന്നതോടെ ‘സർവശക്തിയും സമാഹരിച്ച് ശത്രുവിനെ പരാജയപ്പെടുത്തുക’ എന്ന ആഹ്വാനം ലെനിൻ മുഴക്കി. ആഭ്യന്തരവും ബാഹ്യവുമായ ഈ ആക്രമണങ്ങളെ തുരത്തി സോഷ്യലിസത്തെ കാത്തുപുലർത്താനുള്ള ഉജ്ജ്വലമായ പോരാട്ടത്തിന് നേതൃത്വം നൽകാൻ ലെനിനെപ്പോലെ അതികായനായ ഒരു പോരാളിക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. മുഴുവൻ ജനങ്ങളുടെയും പിന്തുണയോടെ റെഡ് ആർമി ധീരോദാത്തമായ പോരാട്ടം നടത്തി ഐതിഹാസിക വിജയം കൈവരിച്ചു.
ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളെയും പാർട്ടിക്കുള്ളിൽനിന്നുള്ള ക്ഷുദ്രശക്തികളുടെ കരുനീക്കങ്ങളെയും നേരിടുമ്പോൾപോലും ജനങ്ങളുടെ സാംസ്കാരികമായ ഉന്നമനത്തിന് ആവശ്യമായ നടപടികളും ലെനിൻ സ്വീകരിച്ചു. ജനങ്ങളുടെ സർവതോന്മുഖമായ അഭിവൃദ്ധിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മഹാനായ മനുഷ്യസ്നേഹിയെ പക്ഷെ, വകവരുത്താൻ ശത്രുക്കൾ പലവട്ടം ശ്രമിച്ചിരുന്നു. 1918 ആഗസ്റ്റ് 30ന്, ഒരു സോഷ്യലിസ്റ്റ് റവലൂഷണറി, വിഷം പുരട്ടിയ ബുള്ളറ്റുകളുമായി ലെനിന്റെ നേർക്ക് നിറയൊഴിച്ചു. മാരകമായ ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലെനിൻ കഷ്ടിച്ചാണ് ജീവിതത്തിലേയ്ക്ക് മടങ്ങിയത്.
ഒരേസമയം പതിനാലു രാജ്യങ്ങൾ സോവിയറ്റ് യൂണിയനെ ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായി. രാജ്യം വറുതിയിലേയ്ക്ക് നീങ്ങി. കർഷകരുടെ ആവശ്യം കഴിഞ്ഞ് ബാക്കി മുഴുവൻ രാജ്യത്തിന് നൽകണം എന്ന് ലെനിൻ ആഹ്വാനം ചെയ്തു. അതും അപര്യാപ്തമായപ്പോൾ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ‘യുദ്ധകാല കമ്മ്യൂണിസം’ എന്ന നയം നടപ്പിലാക്കി. പണിയെടുക്കുന്നവർക്ക് മാത്രം ഭക്ഷണം എന്ന നിലപാടിലേയ്ക്ക് നീങ്ങാൻ സോവിയറ്റ് യൂണിയൻ നിർബന്ധിതമായി. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷത്തിലും ജനങ്ങളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ച പദ്ധതികളൊക്കെ നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ലെനിൻ ശ്രദ്ധിച്ചിരുന്നു. പ്രായമായവരുടെയും കുട്ടികളുടെയും കാര്യത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധവച്ചു. ജനങ്ങളുടെ നൂറുകണക്കിന് കത്തുകൾക്ക് മറുപടി അയച്ചു. അവരുടെ ബുദ്ധിമുട്ടുകളിൽ അവരെ സാന്ത്വനിപ്പിച്ചു. യുവാക്കളുടെ ഉന്നമനത്തിനായി ‘യംഗ് കമ്മ്യൂണിസ്റ്റ് ലീഗ് ‘ രൂപീകരിച്ചു.


സോവിയറ്റ് യൂണിയന്റെ മഹത്തായ പോരാട്ടവും വിജയവും ലോകമെമ്പാടും ചലനങ്ങൾ ഉണ്ടാക്കി. നിരവധി രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നിലവിൽവന്നു. വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ചേർത്ത് 1914ൽ മോസ്കോയിൽവച്ച് മൂന്നാം ഇന്റർനാഷണൽ എന്ന സാർവദേശീയ സംഘടന രൂപീകരിച്ചു. സോവിയറ്റ് അധികാരത്തെക്കാൾ ജനാധിപത്യപരമായ മറ്റൊരു അധികാരസംവിധാനവുമില്ലെന്നും ലെനിൻ ലോകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കാണിച്ചുകൊടുത്തു. തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിച്ചതുവഴിയാണ് സോവിയറ്റ് അധികാരം നിലനിർത്താനായത്. മാർക്സിസത്തെ വളച്ചൊടിക്കാനും വികൃതമാക്കാനും നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്താനായതുകൊണ്ടാണ് സോഷ്യലിസം സംരക്ഷിക്കാനും സ്ഥാപിക്കാനുമായത്. ആ പോരാട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന ‘ ഇടതുപക്ഷ കമ്മ്യൂണിസം ഒരു ബാലാരിഷ്ടത’ എന്ന കൃതി അദ്ദേഹം അവതരിപ്പിച്ചു.
യുദ്ധം അവസാനിക്കുകയും ആഭ്യന്തര ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തതോടെ ലെനിന്റെയും ബോൾഷെവിക് പാർട്ടിയുടെയും ശ്രദ്ധ പൂർണമായും സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലേയ്ക്ക് തിരിഞ്ഞു. വൈദ്യുതോൽപ്പാദനത്തിന്റെ പ്രാധാന്യം അളവറ്റതായിരുന്നു. ‘കമ്മ്യൂണിസം എന്നാൽ സോവിയറ്റ് അധികാരവും രാജ്യത്തിന്റെ വൈദ്യുതവത്ക്കരണവും ചേർന്നതാണ്’ എന്ന അഭിപ്രായപ്രകടനം ലെനിൻ നടത്തുന്നത് ആ പ്രാധാന്യം ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടിയായിരുന്നു. ലെനിന്റെ വൈദ്യുതവത്ക്കരണത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും പദ്ധതികൾകേട്ട എച്ച്.ജി.വെൽസ് അദ്ദേഹത്തെ ‘െക്രംലിനിലെ സ്വപ്നജീവി’ എന്ന് പരിഹസിച്ചു. പത്തുവർഷംകഴിഞ്ഞ് വീണ്ടും സോവിയറ്റ് യൂണിയൻ സന്ദർശിച്ച എച്ച്.ജി.വെൽസ് സോവിയറ്റ് യൂണിയന്റെ പുരോഗതികണ്ട് അത്ഭുതപ്പെടുകയുണ്ടായി. അങ്ങേയറ്റം ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു ലെനിന്റെ ഓരോ ചുവടുവയ്പ്പുകളും.
എന്നാൽ സർവതോന്മുഖമായ പുരോഗതി കൈവരിക്കാനുള്ള ലെനിന്റെ പദ്ധതികൾ വേണ്ടവണ്ണം മുന്നോട്ടു കൊണ്ടുപോകാനായില്ല. എല്ലാ രംഗങ്ങളിലു ംകൂടുതൽ ഉൽപാദനവും ഉൽപ്പന്നങ്ങളും സേവനങ്ങളും ആവശ്യമായിവന്നു. വലിയൊരു തകർച്ച ഒഴിവാക്കാൻ അടിയന്തര പ്രാധാന്യ ത്തോടെയുള്ള നടപടികൾ ആവശ്യമായി വന്നു. ലെനിൻ 1918ൽ അവതരിപ്പിച്ച ‘പുതിയസാമ്പത്തികനയ’ത്തിന്റെ ചുവടുപിടിച്ചുള്ള നീക്കങ്ങൾ സോവിയറ്റ് ഗവൺമെന്റ് ആരംഭിച്ചു.
ഭക്ഷ്യധാന്യങ്ങളുടെയുംമറ്റും വ്യാപാരം അനുവദിക്കുകയും അതിന്മേൽ നികുതി ചുമത്തുകയും ചെയ്യുന്ന രീതി അവലംബിക്കപ്പെട്ടു. ഇത് വലിയൊരു ഉണർവിന് കാരണമായി. സോഷ്യലിസത്തിന്റെ ഔന്നത്യം ഗ്രഹിക്കാനും സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ വിശ്വാസം അർപ്പിക്കാനും ഇത് കർഷകർക്ക് സഹായകമായി. തൊഴിലാളികളും കർഷകരും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും ഈ നയം ഉപകരിച്ചു. തുടക്കത്തിൽ മുതലാളിത്ത പുനഃസ്ഥാപനം എന്ന പ്രതീതി ഉളവാക്കിയെങ്കിലും അധികാരം തൊഴിലാളികളുടെയും കർഷകരുടെയും കൈകളിൽ ഭദ്രമായിരിക്കുന്നതുമൂലം സമ്പദ്ഘടനയിൽ ഒരു പോറൽപോലും ഏൽപ്പിക്കില്ലെന്ന് അനുഭവത്തിലൂടെ വ്യക്തമായി. മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേയ്ക്കുള്ള പരിവർത്തനഘട്ടത്തിൽ അനിവാര്യമായ നയം എന്ന നിലയിൽ സോവിയറ്റ് ജനത ഇതിനെ തിരിച്ചറിഞ്ഞു. സമ്പദ്‌സ്ഥിതി മെച്ചപ്പെട്ടതോടെ ഈ നയം പിൻവലിക്കുകയും ചെയ്തു.
ട്രോട്സ്കി, ബുക്കാറിൻ പോലുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടിയിൽ അട്ടിമറി പ്രവർത്തനം ആസൂത്രണം ചെയ്യുന്നത് ലെനിന്റെ ശ്രദ്ധയിൽപെട്ടു. പാർട്ടിയുടെ ഐക്യത്തിന് പരമപ്രാധാന്യം നൽകിയിരുന്ന ലെനിൻ പാർട്ടിയിലെ ക്ഷുദ്രജീവികളോട് ഒരു ഔദാര്യവും കാണിച്ചിരുന്നില്ല. വിഭാഗീയ പ്രവർത്തനം നടത്തുന്നവർ -കേന്ദ്രകമ്മിറ്റിയംഗംമുതൽ സാധാരണ മെമ്പർമാർവരെ- പുറത്താക്കപ്പെടുമെന്ന പ്രമേയം ലെനിൻതന്നെയാണ് തയ്യാറാക്കി പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ചത്.


സഹകരണസംഘം രൂപീകരിച്ചുള്ള കൃഷി, പൊതു ഉടമസ്ഥതയിലുള്ള കൂട്ടുകൃഷി, ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കൃഷി എന്നിങ്ങനെ പടിപടിയായി ഭൂമി മുഴുവൻ പൊതുഉടമസ്ഥതയിൽ കൊണ്ടുവരുന്നതും അതിനോട് കർഷകർ സ്വമേധയാ സഹകരിക്കുന്നതുമായ പദ്ധതികൾ ഭാവനാപൂർവം ആവിഷ്ക്കരിച്ചത് ലെനിനായിരുന്നു. ലോകത്തിനാകെ മാതൃകയായൊരു കാർഷികരംഗം കൈവരിക്കാൻ ഇത് സോവിയറ്റ് യൂണിയനെ പ്രാപ്തമാക്കി. വ്യവസായരംഗത്താകെ യന്ത്രവൽക്കരണവും ആധുനികവൽക്കരണവും നടപ്പിലാക്കുന്നതിനുള്ള ആദ്യചുവടുകളും സോവിയറ്റ് യൂണിയൻ അക്കാലത്ത് വച്ചു. കേന്ദ്രീകൃതമായ ആസൂത്രണവും പ്രാദേശികമായ മുൻകൈ പ്രവർത്തനവും കോർത്തിണക്കിയതായിരുന്നു ഏതൊരു പദ്ധതിയും. ഉദ്യോഗസ്ഥതലത്തിലെ അലംഭാവമോ കാര്യക്ഷമതക്കുറവോ ഒന്നും ലെനിൻ അനുവദിച്ചിരുന്നില്ല. ജനങ്ങളോട് സൗമ്യമായി ഇടപെടണമെന്ന നിഷ്കർഷയും അദ്ദേഹം ഏർപ്പെടുത്തി.
വെടിയേറ്റപ്പോൾ തറച്ചുകയറിയ ബുള്ളറ്റുകളിലൊന്ന് ലെനിന്റെ ശരീരത്തിൽ അവശേഷിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിലും 1922 മാർച്ചിൽ അദ്ദേഹം പാർട്ടിയുെട പതിനൊന്നാം കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തു. സോവിയറ്റ് ഭരണത്തിന്റെ എല്ലാ നേട്ടങ്ങളും വിലയിരുത്തിയുള്ള പ്രസംഗത്തിൽ പരിമിതികളും പോരായ്മകളും ചൂണ്ടിക്കാണിക്കാൻ അദ്ദേഹം മടിച്ചില്ല. ഗവൺമെന്റിന്റെയും പാർട്ടിയുടെയും പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുക എന്നതായിരുന്നു വിമർശനത്തിന്റെ താൽപര്യം. എല്ലാ നേട്ടങ്ങളും അദ്ദേഹം ‘ലോകത്തിന്റെ ചരിത്രപരമായ നേട്ടങ്ങൾ’ എന്ന് പ്രഖ്യാപിച്ചു. ലെനിന്റെ അവസാന പാർട്ടികോൺഗ്രസായിരുന്നു അത്.
1922നവംബർ 13ന് ലെനിൻ കോമിന്റേണിന്റെ നാലാംകോൺഗ്രസ്സിൽ പങ്കെടുത്തുകൊണ്ട് ‘റഷ്യൻ വിപ്ലവത്തിന്റെ അഞ്ചുവർഷങ്ങളും ലോകവിപ്ലവത്തിന്റെ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. സോവിയ്റ്റ് യൂണിയന്റെ എല്ലാ നേട്ടങ്ങളും സോവിയറ്റ് ഭരണകൂടത്തിന്റയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ശരിയായ നയങ്ങളുടെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്ന് ചൂണ്ടിക്കാണിച്ചു. റഷ്യൻ വിപ്ലവത്തിന്റെ പാഠങ്ങൾ സർഗാത്മകമായി ഉൾക്കൊള്ളാൻ അദ്ദേഹം മുഴുവൻ പ്രതിനിധികളോടും അഭ്യർത്ഥിച്ചു.
നവംബർ 20ന് അദ്ദേഹം മോസ്കോ സോവിയറ്റിന്റെ യോഗത്തിൽ സംബന്ധിച്ചു. സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പുടുക്കുന്നതിൽ പാർട്ടിയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുതിയ സാമ്പത്തിക നയത്തിലൂടെ റഷ്യ സോഷ്യലിസ്റ്റ് റഷ്യയായി മാറുമെന്ന് തറപ്പിച്ചുപറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. അത് അദ്ദേഹത്തിന്റെ അവസാന പ്രസംഗമായിരുന്നു.


സോവിയറ്റ് യൂണിയന്റെ കരുത്ത് ദേശീയതകളുടെ ഐക്യത്തിലാണ് കുടികൊള്ളുന്നത് എന്ന ബോധ്യം ലെനിനുണ്ടായിരുന്നു. റഷ്യനല്ലാത്ത ദേശീയതകളുടെമേലുള്ള മേധാവിത്വപരമായ സമീപനമോ അസമത്വമോ അദ്ദേഹം ഒരിക്കലും വച്ചുപൊറുപ്പിച്ചിരുന്നില്ല. ‘യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ‘ എന്ന ആശയം ലെനിന്റേതായിരുന്നു. തൊഴിലാളിവർഗ സാർവദേശീയതയുടെ അടിസ്ഥാനത്തിലുള്ള തുല്യതയും സ്വാതന്ത്ര്യവും അനുഭവിക്കുന്ന രാഷ്ട്രങ്ങളുടെ സ്വമേധയായുള്ള സഖ്യം എന്നതായിരുന്നു ലെനിന്റെ കാഴ്ചപ്പാട്. 1922ൽ ഇത് യാഥാർത്ഥ്യമായി. ലെനിൻ യുഎസ്എസ്ആറിന്റെ ചെയർമാനായി.
ലെനിന്റെ രോഗം മൂർച്ഛിച്ചു. തൊഴിലാളിവർഗത്തോടുള്ള അചഞ്ചലമായ കൂറും കറതീര്‍ന്ന ഉത്തരവാദിത്തബോധവുംമൂലം രോഗത്തെ അതിജീവിച്ച് അദ്ദേഹം മുന്നോട്ടുപോയ്ക്കൊണ്ടിരുന്നു. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് അദ്ദേഹം വലിയ പ്രാധാന്യം നല്കി. വ്യവസായവത്ക്കരണം, കൃഷിയുടെ സോഷ്യലിസ്റ്റ് പരിവർത്തനം, സാംസ്കാരികവിപ്ലവം എന്നിവയായിരുന്നു സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനായുള്ള പ്രധാന ദൗത്യങ്ങൾ.
കൂട്ടായ പ്രവർത്തനത്തിന് ലെനിൻ വലിയ പ്രാധാന്യം നൽകി. സുപ്രധാനതീരുമാനങ്ങൾ പാർട്ടിയിലും സോവിയറ്റ് തലത്തിലും ചർച്ചചെയ്ത് കൈക്കൊള്ളണമെന്ന് അദ്ദേഹം നിഷ്ക്കർഷിച്ചു. അതോടൊപ്പം വ്യക്തിപരമായ മുൻകൈ പ്രവർത്തനത്തിലും ഉത്തരവാദിത്ത ബോധത്തിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല. കമ്മ്യൂണിസ്റ്റുകൾ ഇക്കാര്യത്തിൽ പ്രത്യേകനിഷ്കർഷ പുലർത്തണം. അവർ എപ്പോഴും സാധാരണജനങ്ങളേക്കാൾ കർമ്മനിരതരായിരിക്കണമെന്നും ലെനിൻ ഓർമ്മിപ്പിച്ചു. പാർട്ടി അച്ചടക്കം പാലിക്കുന്നതിൽ ഒരു വീഴ്ചയും ഉണ്ടാകാൻ പാടില്ല. പാർട്ടി തീരുമാനങ്ങൾ നിയമങ്ങൾപോലെ അദ്ദേഹം അനുസരിച്ചിരുന്നു. നിഷ്കപടത, ലാളിത്യം, എളിമ, സഹാനുഭൂതി തുടങ്ങിയ മാനുഷിക ഗുണങ്ങളുടെ ആൾരൂപമായിരുന്ന ലെനിൻ.
1924 ജനുവരി 21ന് വൈകിട്ട് 6.50ന് മസ്തിഷ്കാഘാതംമൂലം ലെനിൻ അന്തരിച്ചു. മാർക്സിസത്തെ കാലോചിതമായി വികസിപ്പിക്കുകയും അതിലേയ്ക്ക് പുതിയ സംഭാവനകൾ നൽകുകയും അതിന്റെ ധാരണകളെ പുതിയൊരു തലത്തിലേയ്ക്ക് ഉയർത്തുകയും ചെയ്തുകൊണ്ട് ലെനിൻ സാമ്രാജ്യത്വയുഗത്തിലെ മാർക്സിസത്തിന് അഥവാ ലെനിനിസത്തിന് ജന്മം നൽകി. മാർക്സിസം ഇന്ന് മാർക്സിസം-ലെനിനിസമാണ്. ലെനിനിസത്തിന്റെ പാഠങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടേ ഏതൊരാൾക്കും ഇന്ന് മാർക്സിസ്റ്റാകാൻ കഴിയൂ. ഏതൊരു നാട്ടിലും തൊഴിലാളിവർഗ വിപ്ലവം കെട്ടിപ്പടുക്കാനാകൂ. ഏതൊരു നാട്ടിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകാൻ കഴിയൂ.
സമ്പത്തിന്റെ ഭയാനകമായ അസമത്വം നിമിത്തം ലോകജനതയില്‍ മഹാഭൂരിപക്ഷവും വറുതിയിലും വരുമാനരാഹിത്യത്തിലും പിടയുകയാണ്. സാമ്പത്തികമാന്ദ്യവും വിപണിത്തകര്‍ച്ചയും കോടിക്കണക്കിന് ജനങ്ങളെ തൊഴില്‍രഹിതരാക്കിയിരിക്കുന്നു. തൊഴിലും സമാധാനപരമായ ജീവിതവും തേടി അഭയാര്‍ത്ഥികള്‍ ഭൂമണ്ഡലം മുഴുവന്‍ അലയുന്നു. അവരില്‍ മധ്യധരണ്യാഴിയില്‍ മുങ്ങിമരിക്കുന്നവര്‍ മാത്രം പതിനായിരങ്ങളാണ്. യുദ്ധത്തിന്റെയും മരണത്തിന്റെയും വ്യാപാരികള്‍ ലോകമെമ്പാടുമുള്ള കോടാനുകോടി സാധാരണമനുഷ്യര്‍ക്ക് സ്വസ്ഥമായ ജീവിതം നിഷേധിച്ചിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ-സാമൂഹ്യമണ്ഡലം അറുപിന്തിരിപ്പനായ ആശയഗതികളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ താല്‍പ്പര്യവുമായി ഭരണകൂടങ്ങള്‍ അവിശ്വസനീയമാംവണ്ണം താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഇന്നത്തെ ഈ സാഹചര്യത്തില്‍ മനുഷ്യസമൂഹം ഒന്നാകെ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ സഖാവ് ലെനിന്‍ എന്ന മഹാപ്രതിഭയുടെ പാഠങ്ങളുടെ വെളിച്ചത്തില്‍ പഠിച്ചുകൊണ്ടുമാത്രമേ ഏറ്റവും കാലോചിതമായ ഉത്തരങ്ങളിലേക്ക് നമുക്ക് എത്താന്‍ കഴിയൂ. ലെനിന്റെ ചരമശതാബ്ദി ആചരണത്തിന്റെ ഈ വേള വളരെ ഗൗരവതരമായ ഈ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ വിനിയോഗിക്കണമെന്ന് എല്ലാ പുരോഗമനകാംക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top