വിപത്കരമായ റെയിൽവേ സ്വകാര്യവല്ക്കരണത്തെ ചെറുക്കുക

Share

സ്വാതന്ത്ര്യം ലഭിച്ച ഉടൻതന്നെ കേന്ദ്ര ഗവണ്മെന്റ് പല ഘന വ്യവസായങ്ങളും സ്ഥാപിക്കുകയുണ്ടായി. ദേശീയ പുനർനിർമ്മാണമെന്ന പേരിലായിരുന്നെങ്കിലും ഇന്ത്യൻ കുത്തകകളുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ മുതലാളിത്തം ആഴമാർന്ന പ്രതിസന്ധിയിൽ അകപ്പെട്ടതോടെ മുതലാളിവർഗ്ഗ സേവകരായ ഗവണ്മെന്റുകൾ ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ മുതലാളിമാർക്ക് കൈമാറാൻ തുടങ്ങി. അവർക്ക് പരമാവധി ലാഭം കൊയ്‌തെടുക്കാൻ ഇത് അവസരമൊരുക്കി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ അടിസ്ഥാന വ്യവസായങ്ങൾപോലും സ്വകാര്യവൽക്കരിക്കുന്ന പ്രക്രിയയും ആരംഭിച്ചുകഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായവും സമ്പദ്ഘടനയുടെ ജീവധാരയുമായ റെയിൽവേയും ഇതിൽ ഉൾപ്പെടുന്നു.

1853ൽ സ്ഥാപിതമായ ഇന്ത്യൻ റെയിൽവേ സുഘടിതവും ഏകോപിതവുമായ ഒരു ഗതാഗത, വാർത്താവിനിമയ സംവിധനാമായി വികസിച്ചു. കേന്ദ്രീകൃതമായ ഒരു കമ്പോളാധിഷ്ഠിത സമ്പദ്ഘടനയും ഭരണ സംവിധാനവും വികസിപ്പിച്ചെടുക്കുന്നതിലും രാജ്യത്തിന്റെ നാനാ മേഖലകൾതമ്മിൽ ദ്രുതഗതിയിലുള്ള പരസ്പരബന്ധം വളർത്തിയെടുക്കുന്നതിലും സഹായകമായി വർത്തിച്ചുകൊണ്ട,് രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽത്തന്നെ റെയിൽവേ സുപ്രധാന പങ്കുവഹിച്ചു. വേഗമാർന്നതും സുരക്ഷിതവും ആശ്രയിക്കത്തക്കതും ജനകീയവും വ്യാപകമായി അംഗീകരിക്കപ്പെട്ടതുമായ സേവനങ്ങളിലൂടെയും യാത്രാ-ചരക്ക് ഗതാഗതത്തിന്റ മുഖ്യരൂപമെന്ന നിലയിലും സുസ്ഥിരമായ സാമ്പത്തിക വളർച്ച നേടുന്നതിലും വികസന പ്രക്രിയയെ വിപ്ലവവൽക്കരിക്കുന്നതിലും റെയിൽവേ നിർണായക പങ്കുവഹിച്ചു. വിദൂര സ്ഥലങ്ങളെയും മുക്കിലും മൂലയിലുമുള്ള ജനങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുപുലർത്തുന്നതിലും റെയിൽവേയ്ക്ക് വലിയ സ്ഥാനമുണ്ട്.
1951ൽ ദേശസാൽക്കരിക്കപ്പെട്ട ഇന്ത്യൻ റെയിൽവേ, വലിപ്പത്തിൽ ലോകത്തെ നാലാമത്തെ റെയിൽവേ ശൃംഖലയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭവുമാണ്. 1991ൽ അധികാരത്തിലിരുന്ന കോൺഗ്രസ്സ് ഗവണ്മെന്റ് ഇന്ത്യൻ സമ്പദ്ഘടനയിൽ ഉദാരവൽക്കരണ നയം നടപ്പിലാക്കാനും ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള വ്യവസായങ്ങളുടെ ഓഹരി വിറ്റഴിക്കാനും തുടങ്ങി. അതിന്റെ ഭാഗമായി, റെയിൽവേയുടെ പ്രവർത്തനം മെച്ചപ്പെടുത്താനെന്ന പേരിൽ പല കമ്മിറ്റികൾക്കും രൂപംനൽകി. 1994ൽ രൂപീകരിച്ച ‘പ്രകാശ് ടാൻഡൻ കമ്മിറ്റി’യായിരുന്നു അതിലാദ്യത്തേത്. ആ കമ്മിറ്റിയുടെ ശുപാർശപ്രകാരം റെയിൽവേയുടെ കാറ്ററിംഗ് സംവിധാനം ഐആർസിടിസിക്ക് കൈമാറുകയും ചരക്ക് ഗതാഗതത്തിന് ഒരു കണ്ടെയ്‌നർ കോർപ്പറേഷൻ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് ഓഫീസ് ജോലി, അറ്റകുറ്റപ്പണി, കേടുപാടുതീർക്കൽ, ശുചീകരണം തുടങ്ങി പല സേവനങ്ങളും സ്വകാര്യവൽക്കരിച്ചു. സ്ഥിരം നിയമനം ഒഴിവാക്കി കരാർ നിയമനവും തുടങ്ങി. പിന്നീട് 2002ൽ, ബിജെപി ഭരണകാലത്ത് ‘രകേഷ് മോഹൻ കമ്മിറ്റി’ നിയമിതമായി. റെയിൽവേയുടെ സാമൂഹികമായ പങ്കും വാണിജ്യപരമായ പങ്കും വേർതിരിക്കാൻ ഈ കമ്മിറ്റി ശുപാർശ ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ, ഗതാഗതവുമായി നേരിട്ട് ബന്ധപ്പെട്ട മേഖലയെ ‘കോർ’ എന്നും അല്ലാത്ത മേഖലകളെ ‘നോൺ കോർ’ എന്നും രണ്ടായി തിരിച്ചു. റെയിൽവേ നടത്തിയിരുന്ന സ്‌കൂളുകൾ, ആശുപത്രികൾ, അച്ചടിശാല തുടങ്ങിയവയൊക്കെ നിർത്തലാക്കുകയോ കരാറുകാർക്ക് നൽകുകയോ ചെയ്തു. സ്വകാര്യവൽക്കരണം ലക്ഷ്യംവച്ചുകൊണ്ട് ഏഴ് ഉല്പാദന യൂണിറ്റുകളെ കോർപ്പറേറ്റ്‌വൽക്കരിച്ചു. ബിജെപി രണ്ടാമതും അധികാരത്തിലെത്തിയതോടെ ഈ പ്രക്രിയയ്ക്ക് ആക്കം വർദ്ധിച്ചു. 2015ൽ രൂപീകരിച്ച ‘വിവേക്‌ദേബ് റായ് കമ്മിറ്റി’ കാതലായ പല മാറ്റങ്ങളും ശുപാർശ ചെയ്തു. സ്വകാര്യ ഏജൻസികളെ ട്രെയിൻ സർവ്വീസ് നടത്താൻ അനുവദിക്കുക, റെയിൽവേ ബജറ്റ് നിർത്തലാക്കുക, പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കുക, കോർ മേഖലയിൽ കേന്ദ്രീകരിച്ചുകൊണ്ട് നോൺകോർ മേഖലയിൽനിന്ന് അകലം പാലിക്കുക തുടങ്ങിയവയൊക്കെയായിരുന്നു നിർദ്ദേശങ്ങൾ. ആശുപത്രികൾ, സ്‌കൂളുകൾ, കാറ്ററിംഗ്, ഭവന നിർമ്മാണം, അടിസ്ഥാന സംവിധാനങ്ങളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും, എൻജിന്റെയും കോച്ചുകളുടെയും വാഗണുകളുടെയും സ്‌പെയർ പാർട്‌സുകളുടെയും നിർമ്മാണം, റെയിൽവേ പോലീസ് നടത്തിപ്പ് തുടങ്ങിയവയൊക്കെ നോൺകോർ വിഭാഗത്തിൽ പെടുന്നു.
ഇതിന്റെ ഫലമായി റെയിൽവേ സ്‌കൂളുകൾ ഏതാണ്ട് പൂർണമായി നിർത്തലാക്കി. പതിനേഴ് മേഖലകളിലായി പ്രവർത്തിച്ചിരുന്ന, ഓരോന്നിലും 3000 മുതൽ 4000വരെ തൊഴിലാളികൾ പണിയെടുത്തിരുന്ന, ജനറൽ സ്റ്റോറുകൾ നിർത്തലാക്കാനും തീരുമാനിച്ചു. ഏഴ് ഉൽപാദന യൂണിറ്റുകളും അനുബന്ധ വർക്‌ഷോപ്പുകളും ഇന്ത്യൻ റെയിൽവേ റോളിംഗ്‌സ്റ്റോക് കമ്പനിയെ ഏൽപിക്കാനും നിർദ്ദേശമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആഭ്യന്തര ഉൽപാദന ശേഷി തകർത്ത് ഉൽപാദന യൂണിറ്റുകൾ സ്വകാര്യ സംരംഭകരെ ഏൽപ്പിച്ചുകൊടുക്കുന്ന നടപടിയല്ലാതെ മറ്റൊന്നുമല്ല ഇത്. കൂറ്റൻ വർക്‌ഷോപ്പുകൾ ഏതാണ്ടെല്ലാംതന്നെ സ്വകാര്യ നിക്ഷേപകർക്ക് കൈമാറുകയോ അടച്ചുപൂട്ടുകയോ ചെയ്തുകഴിഞ്ഞു. ടിക്കറ്റ് വിൽപനയും പൂർണമായും സ്വകാര്യ സംരംഭകരെ ഏൽപിക്കുകയാണ്. പാസഞ്ചർ ട്രെയിൻ സർവ്വീസും സ്വകാര്യ മേഖലയെ ഏൽപിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും തുടക്കത്തിൽ 150 ട്രെയിനുകളാണ് ഓടിക്കുകയെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നു. 50 റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള പ്രക്രിയയും പുരോഗമിക്കുകയാണ്. ”സമയബന്ധിതമായി” ഇത് പൂർത്തിയാക്കാൻ ഒരു കർമ്മ സമിതിക്ക് രൂപംനൽകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. രാജധാനി, ശതാബ്ദി പോലുള്ള പ്രമുഖ സർവ്വീസുകളും കൈമാറാൻ ഉദ്ദേശിക്കുന്നുണ്ട്. നാലുമാസത്തിനുള്ളിൽ ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ന്യൂഡൽഹി-ലഖ്‌നൗ റൂട്ടിൽ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ്സ് ഓട്ടം തുടങ്ങിക്കഴിഞ്ഞു. റെയിൽവേ എൻക്വയറി വിഭാഗവും സ്വകാര്യവൽക്കരിക്കുകയാണ്. ഈസ്റ്റേൺ റെയിൽവേയിലെ അസൻസോൾ ഡിവിഷനിലെ 9 റെയിൽവേ സ്റ്റേഷനുകളിലെ എൻക്വയറി കൗണ്ടറുകൾ സ്വകാര്യ വ്യക്തികളെ ഏൽപിക്കാൻ ടെൻഡർ വിളിച്ചുകഴിഞ്ഞു. (ഈ സമയ്, ബംഗാളി ദിനപത്രം, 2019 ഒക്‌ടോബർ 26)
റെയിൽവേയുടെ സ്വകാര്യവൽക്കരണവും പുറംകരാർ നൽകലുംമൂലം റെയിൽവേ ജീവനക്കാരുടെ എണ്ണം 22 ലക്ഷത്തിൽനിന്ന് ഇതിനകംതന്നെ 12 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 30 വർഷം സർവ്വീസ് പൂർത്തിയാക്കിയവരോ 55 വയസ്സ് കഴിഞ്ഞവരോ ആയ 3 ലക്ഷം പേരെക്കൂടി പിരിച്ചുവിടാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. പുനർനിയമനം നൽകിയവരെയും പിരിച്ചുവിടാൻ ഉത്തരവിട്ടിട്ടുണ്ട്. റെയിൽവേയിൽ നോൺ-ഗസറ്റഡ് വിഭാഗത്തിൽ 2.5 ലക്ഷം ഒഴിവുകൾ നിലവിലുണ്ട്. രാജ്യം സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുമ്പോൾ റെയിൽവേയുടെ സ്വകാര്യവൽക്കരണം എരിതീയിൽ എണ്ണയൊഴിക്കുന്ന ഫലമാണ് സൃഷ്ടിക്കുക.
വിദൂരവും അവികസിതവുമായ മേഖലകളിലേയ്ക്കും ലാഭകരമല്ലാത്ത റൂട്ടുകളിലും സർവ്വീസ് നടത്തുന്നതുപോലുള്ള സാമൂഹ്യ സേവനങ്ങൾ റെയിൽവേ അനുഷ്ഠിക്കുന്നുണ്ട്. ലാഭം മാത്രം ലാക്കാക്കിവരുന്ന സ്വകാര്യ സംരംഭകർ ഇതൊക്കെ നിർത്തലാക്കും. സ്വകാര്യവൽക്കരിക്കുന്നതോടെ യാത്രക്കൂലിയും ചരക്കുകൂലിയും കുത്തനെ കൂട്ടുമെന്ന് മാത്രമല്ല, മുതിർന്ന പൗരന്മാർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്കൊക്കെ നൽകുന്ന ഇളവുകളും ഇല്ലാതാക്കും. ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക് സാധാരണ എക്‌സ്പ്രസ്സ് ട്രെയിനിലെ നിരക്കിനേക്കാൾ വളരെ കൂടുതലാണ് എന്നതും കാണണം. ഭക്ഷ്യധാന്യങ്ങളുംമറ്റും സൗജന്യനിരക്കിലും ദുരിതാശ്വാസ സാമഗ്രികൾ സൗജന്യമായും എത്തിക്കുന്ന സ്ഥിതിയും ഇല്ലാതാകും. റെയിൽവേ ജീവനക്കാർ പൊരുതി നേടിയ അവകാശങ്ങളും സൗജന്യങ്ങളും സ്വകാര്യവൽക്കരണത്തോടെ നഷ്ടമാകും. ചുരുക്കത്തിൽ, റെയിൽവേ എന്ന പൊതുമേഖലാ സംരംഭത്തിന്റെയും അതിലെ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ് റെയിൽവേയുടെ സ്വകാര്യവൽക്കരണം.
റെയിൽവേ ട്രാക്കുകൾ, സിഗ്നൽ സംവിധാനം, കെട്ടിടങ്ങൾ, പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയവയൊക്കെ ജനങ്ങളുടെ സമ്പത്തായ പൊതു ഖജനാവിൽനിന്ന് പണം മുടക്കിയാണ് നിർമിച്ചിട്ടുള്ളതെന്ന് നമുക്കറിയാം. ഇവയൊക്കെ ഒരു മുടക്കുമില്ലാതെ കുത്തകകൾക്ക് ഉപയോഗിക്കാൻ കഴിയും. ഈ പൊതുസ്വത്തൊക്കെ കുത്തകകൾക്ക് നൽകാൻ ഭരിക്കുന്ന സർക്കാരിന് യാതൊരു അവകാശവുമില്ല. ഇത് പൊതുജനങ്ങളുടെ താല്പര്യത്തിന് നേർവിപരീതവുമാണ്. ശക്തമായ ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിന്റെ അഭാവം മൂലമാണ് ഗവണ്മെന്റിന് നിർബ്ബാധം സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പിലാക്കാൻ കഴിയുന്നത്. 1974ലെ റെയിൽവേ പണിമുടക്കുപോലുള്ള ഉജ്ജ്വലമായ സമരങ്ങളുടെ പാരമ്പര്യമുള്ളവരാണ് റെയിൽവേ തൊഴിലാളികൾ. സിപിഐ, സിപിഐ(എം) പോലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെയുംമറ്റും അനുരഞ്ജനസ്വഭാവം മൂലമാണ് അത് തകർക്കപ്പെട്ടത്. ഇത് തടയാൻ നമ്മുടെ പാർട്ടിയും എഐയുടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂണിയനുകളും കഠിനപ്രയത്‌നം നടത്തിയിരുന്നു. എന്തായാലും, റെയിൽവേയുടെയും അതിലെ തൊഴിലാളികളുടെയും ഭാവി സുരക്ഷിതമാകണമെങ്കിൽ സ്വകാര്യവൽക്കരണത്തിന് തടയിട്ടേ മതിയാകൂ. ശരിയായ നേതൃത്വത്തിൻകീഴിൽ, ശക്തവും സുദീർഘവുമായ ട്രേഡ് യൂണിയൻ സമരങ്ങൾ കെട്ടിപ്പടുത്തുകൊണ്ടേ അത് സാധ്യമാകൂ. അതോടൊപ്പംതന്നെ, സ്വകാര്യവൽക്കരണനയത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തി അവരുടെ ഉറച്ച പിന്തുണയും നേടിയെടുക്കണം.

Share this post

scroll to top