ശ്രീചിത്രാ ആശുപത്രി ദരിദ്രജനവിഭാഗങ്ങൾക്ക് സൗജന്യചികിത്സ നിഷേധിക്കരുത്

Share

തിരുവനന്തപുരത്തെ, ദേശീയ പ്രധാന്യമുളള ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സൗജന്യനിരക്കിൽ ഇക്കാലമത്രയും നൽകി വന്ന ചികിത്സാ സഹായങ്ങൾ പൂർണ്ണമായി നിർത്തലാക്കുന്ന നടപടികളിലേയ്ക്ക് അധികൃതർ നീങ്ങുന്നു.
നവംബർ 21ന് ശ്രീചിത്രാ ഗവേണിംഗ് ബോഡി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇനി മുതൽ പരമദരിദ്ര വിഭാഗങ്ങൾക്കുപോലും ഒരു വിധ സൗജന്യവും ലഭിക്കാത്ത രീതിയിലുള്ള മാനദണ്ഡങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഇക്കാലമത്രയും എ,ബി,സി,ഡി എന്നീ വിഭാഗങ്ങളിൽ എ ഗണത്തിൽപ്പെടുവന്നവർക്ക് പൂർണ്ണ സൗജന്യവും ബി കാറ്റഗറിയിൽ 60 ശതമാനവും ഡി വിഭാഗങ്ങൾക്ക് 40 ശതമാനവും ഇളവ് നൽകിയിരുന്നു. എന്നാൽ, ഇനി മുതൽ എപിഎൽ, ബിപിഎൽ എന്നീ രണ്ട് വിഭാഗങ്ങൾ മാത്രമേയുണ്ടാകൂ.
അതിൽത്തന്നെ ബിപിഎൽ വിഭാഗത്തെ രണ്ടായി വിഭജിക്കും. അതിൽ, പൂർണ്ണസൗജന്യത്തിന് അർഹരായവരെ കണ്ടെത്താൻ എന്ന പേരിൽ കണ്ണിൽച്ചോരയില്ലാത്ത മാനദണ്ഡങ്ങളാണ് ശ്രീചിത്രാ അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഇനിമുതൽ, സൗജന്യ ചികിത്സയ്ക്ക് അർഹരാകാൻ രോഗികൾക്ക് സ്വന്തമായി ഭവനമില്ലായെന്ന തദ്ദേശസ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്വന്തമായി ഭൂമിയുണ്ടാകാൻ പാടില്ല. അഥവാ സ്വന്തം പേരിലുള്ള ഭൂമിയെ സംബന്ധിച്ച് തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. കുടുംബത്തിലെ മാറാരോഗിയുടെ ചികിത്സാ രേഖകൾ ഹാജരാക്കണം. പട്ടികജാതി-വർഗ്ഗ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലും കുടുംബത്തിൽ സ്ഥിരവരുമാനമുള്ള ആരുമുണ്ടാകാൻ പാടില്ലായെന്ന രേഖ ഹാജരാക്കണം. വീട്ടിൽ സ്വന്തമായി കക്കൂസ് പാടില്ല, സ്വന്തമായി കളർടിവി പാടില്ല എന്നുതുടങ്ങി പരിഷ്‌കൃത ലോകം കേട്ടാൽ ഞെട്ടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവാണ് ശ്രീചിത്രാ അധികൃതർ പുറപ്പെടുവിച്ചത്. അഥവാ ഇനിമേൽ ആർക്കും സൗജന്യചികിത്സ നൽകില്ലായെന്ന പ്രഖ്യാപനമാണത്.
ആ ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ട,് നവംബർ 29ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി എം.ഷാജർഖാൻ നടത്തിയ വാർത്താ സമ്മേളനത്തെതുടർന്നാണ് പ്രശ്‌നം മാധ്യമങ്ങളിലൂടെ പുറംലോകം അറിയുന്നത്.
പാവങ്ങൾക്ക് ചികിത്സാ സൗജന്യങ്ങൾ നിഷേധിച്ച് അവരെ പുറത്താക്കാനുള്ള നീക്കം ശ്രീചിത്രായെ സ്വകാര്യവൽക്കരിക്കുന്നതിന്റെ മുന്നോടിയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് കേന്ദ്രധനസഹായമുണ്ട്. സംസ്ഥാന സർക്കാരിന്റെ കാരൂണ്യഫണ്ടിൽനിന്ന് ധനസഹായവും നൽകുന്നുണ്ട്. ഏകദേശം 30 കോടി രൂപയുടെ അധികവരുമാനമാണ് 2017-2018 വർഷങ്ങളിൽ ശ്രീചിത്രായ്ക്കുണ്ടായതെന്ന് അതിന്റെ വാർഷികറിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതുകൂടാതെയാണ് എല്ലാ ചികിത്സാചാർജ്ജുകളും കുത്തനെ വർദ്ധിപ്പിച്ചുകൊണ്ട് രോഗികളെ കൊള്ളയടിയ്ക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പൊതുജനാരോഗ്യരംഗത്ത് നിന്ന് കേന്ദ്രസർക്കാർ പിന്മാറുന്നതിന്റെ ഭാഗമായിട്ടാണ് ശ്രീചിത്രായിലെ പുതിയ പരിഷ്‌കാരങ്ങൾ എന്ന് വ്യക്തമാണ്. കോർപ്പറേറ്റുകൾക്കുവേണ്ടി പണിയെടുക്കുന്ന നീതി ആയോഗിന്റെ പ്രതിനിധികളാണ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് ബോഡിയിൽ ഭരണം നടത്തുന്നത് എന്നതിൽ നിന്നുതന്നെ പരിഷ്‌കാരങ്ങളുടെ ജനവിരുദ്ധ സ്വഭാവം എന്തെന്നും അതിന് പിന്നിലാരാണെന്നും വ്യക്തമാണ്.
ആരോഗ്യമേഖലയിൽ പൊതുജനങ്ങൾക്ക് സൗജന്യചികിത്സ നൽകുന്നതിൽ നിന്ന് ഗവൺമെന്റ് പിന്മാറണമെന്ന മോദി സർക്കാരിന്റെ അജണ്ടയാണ് ശ്രീചിത്രാ ഗവേണിംഗ് ബോഡി നടപ്പാക്കുന്നതെന്നും എം.ഷാജർഖാൻ പറഞ്ഞു.
ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ പാവപ്പെട്ട രോഗികൾക്ക് നൽകിയിരുന്ന സൗജന്യങ്ങൾ നിഷേധിച്ച കറുത്ത ഉത്തരവ് പിൻവലിക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സഖാവ് ആർ.കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശീയ പ്രധാന്യമുള്ള, പൊതുസമ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ശ്രീചിത്രാ ആശുപത്രിയുടെ നടത്തിപ്പ് ചുമതല പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീചിത്രാ സ്ഥാപിച്ചതിന്റെ പിന്നിലുള്ള സാമൂഹ്യലക്ഷ്യങ്ങളാകെ അട്ടിമറിക്കുന്ന, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആരോഗ്യമേഖലയിൽ സൃഷ്ടിക്കുന്ന, ഈ തീരുമാനത്തിനെതിരെ ബഹുജനങ്ങളും ആരോഗ്യമേഖലയിലെ പ്രവർത്തകരും മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Share this post

scroll to top