വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗ്ഗീയവത്ക്കരണത്തിനുമെതിരെ പ്രതിരോധം പടുത്തുയർത്തി അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം

DSO-All-India-Con-4.jpg
Share

ആൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ(എഐഡിഎസ്ഒ) സംഘടിപ്പിച്ച ഒൻപതാം അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനം നവംബർ 26മുതൽ 29വരെ ഹൈദരാബാദിൽ വെച്ചു നടന്നു. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗീയവത്ക്കരണത്തിനും ഇടയാക്കിക്കൊണ്ടും ജനാധിപത്യ വിദ്യാഭ്യാസ സങ്കൽപ്പത്തെ ഇല്ലാതാക്കിക്കൊണ്ടും ഫെഡറലിസത്തെ തകർത്തുകൊണ്ടും വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കുന്ന ‘കരട് ദേശീയ വിദ്യാഭ്യാസ നയം 2019’ പിൻവലിക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യരംഗത്തെയും കച്ചവടവത്ക്കരിക്കുന്ന ‘നാഷണൽ മെഡിക്കൽ കമ്മീഷൻ’ തളളിക്കളയുക, ഫീസ് വർദ്ധനവുകൾ പിൻവലിക്കുക, ഓൾ പ്രമോഷൻ സമ്പ്രദായം പിൻവലിക്കുക, സർവകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും എല്ലാ തസ്തികകളിലും സ്ഥിരനിയമനം നടത്തുക, എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ഡിമാന്റുകൾ ഉയർത്തി നടന്ന സമ്മേളനത്തിൽ, 23 സംസ്ഥാനങ്ങളിൽനിന്നും കാശ്മീർ, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു.
നിരവധി പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടാണ് ചരിത്രപരമായ ഈ സമ്മേളനം ഹൈദരാബാദിൽ നടന്നത്. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങൾ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകൾക്ക് വെല്ലുവിളിയുയർത്തിയിരുന്നു. സമ്മേളനത്തിന് തൊട്ടുമുൻപത്തെ ദിവസം, പൊതുസമ്മേളനം നടത്താൻ ബുക്ക് ചെയ്തിരുന്ന ധർണ്ണ ചൗക്കിന്റെ അനുമതി റദ്ദുചെയ്യപ്പെട്ടു. പ്രകടനത്തിനുളള അനുമതി നിഷേധിക്കപ്പെട്ടു. സമ്മേളനത്തിന്റെ പ്രചരണാർത്ഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടു. ഒടുവിൽ, 27 മുതൽ പ്രതിനിധി സമ്മേളനം നടത്തുവാൻ തീരുമാനിച്ചിരുന്ന ഇൻഡസ്ടിയൽ എക്‌സിബിഷൻ ഗ്രൗണ്ട്, 25ന് രാത്രി 12 മണിക്ക് ശേഷം പൊതുസമ്മേളനത്തിനായി ലഭിച്ചു. അപ്പോഴേക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഹൈദരബാദ് നഗരത്തിൽ എത്തിത്തുടങ്ങിയിരുന്നു. അഖിലേന്ത്യാ സമ്മേളനം ആരംഭിക്കുവാൻ ചുരുങ്ങിയ സമയം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏതാനും മണിക്കൂറുകൾകൊണ്ട് എഐഡിഎസ്ഒ സംഘാടകരുടെ വിപ്ലവകരമായ നിശ്ചയദാർഢ്യത്തിന്റെ അടിത്തറയിൽ പൊതുസമ്മേളന വേദി പണിതുയർത്തപ്പെട്ടു. ദീർഘദൂരം യാത്ര ചെയ്‌തെത്തിയ പ്രതിനിധികൾപോലും സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട്, വിശ്രമിക്കുവാൻ തയ്യാറാകാതെ, വോളന്റിയർ പ്രവർത്തനങ്ങളിലേർപ്പെട്ടു. ഒരൊറ്റ രാത്രികൊണ്ട് ഇൻഡസ്ട്രിയൽ എക്‌സിബിഷൻ ഗ്രൗണ്ടിനെ ചരിത്രപരമായ വിദ്യാർത്ഥി സമ്മേളനത്തിന്റെ ഗൗരവം വിളിച്ചോതുന്ന ഈശ്വരചന്ദ്ര വിദ്യാസാഗർ വേദിയാക്കി മാറ്റുവാൻ ഹൈദരാബാദിലെ സംഘാടകർക്കൊപ്പം ഒരൊറ്റ ശരീരംപോലെ, എത്തിച്ചേർന്നുകൊണ്ടിരുന്ന പ്രതിനിധികളും പ്രവർത്തിച്ചു. നവംബർ 26ന് രാവിലെ മുതൽ ആന്ധ്രയിലെയും തെലുങ്കാനയിലെയും വിദ്യാർത്ഥി പ്രവർത്തകരും ആയിരങ്ങളായി സമ്മേളന നഗരിയിലേക്ക് എത്തിത്തുടങ്ങി. അധികാരികൾ വിലക്കുകൾ പ്രഖ്യാപിച്ചുകൊണ്ട് പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നപ്പോഴും, ഈ വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു ഹൈദരബാദ് നഗരത്തിലെ നിരവധി അദ്ധ്യാപകരും സമ്മേളന നഗരിയിൽ എത്തി.
വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിനും വർഗ്ഗീയവത്ക്കരണത്തിനുമെതിരെ പോരാടുവാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി ആയിരക്കണക്കിന് വിദ്യാർഥികൾ അഖിലേന്ത്യാ സമ്മേളനത്തിന്റെ മുദ്രാവാക്യമുയർത്തി തെരുവിൽ അണിനിരന്നു. എഐഡിഎസ്ഒ അഖിലേന്ത്യാ നേതാക്കൾ ആ വമ്പിച്ച വിദ്യാർത്ഥിറാലിയെ നയിച്ചു.


ഉസ്മാനിയ സർവകലാശാലയിലെ ജേർണലിസം ഡിപ്പാർട്ട്‌മെന്റിലെ മുൻ ഡീൻ പ്രൊഫ.വിശ്വേശർ റാവു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ”ഇന്ന് ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും ജനാധിപത്യം എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം മാത്രം പരിശോധിച്ചാൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും.ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകൾ എന്നു പറയപ്പെടുന്ന ലെജിസ്ലേച്ചറും എക്‌സിക്യുട്ടീവും ജുഡീഷ്യറിയുമൊന്നും നാടിന്റെ നീറുന്ന പ്രശ്‌നങ്ങൾ – തൊഴിലില്ലായ്മ, പട്ടിണി, കർഷക ആത്മഹത്യ – പരിഗണിക്കുന്നതേയില്ല. മാധ്യമങ്ങൾ പോലും കുത്തകകളുടെ ഉടമസ്ഥതയിലും ചൊൽപ്പടിയിലുമാണ്. വർഗ്ഗീയതയുടെ നിറമുള്ളവയാണ് ഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളും.ഈയൊരു സാഹചര്യത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം വരുന്നത്. ‘കരട് ദേശീയ വിദ്യാഭ്യാസ നയം 2019’ ഒരു വിദ്യാഭ്യാസ നയമേയല്ല. മറിച്ച് കച്ചവടവത്ക്കരണത്തിന്റെയും വർഗ്ഗീയവത്ക്കരണത്തിന്റെയും രേഖയാണ്. വിദ്യാഭ്യാസ നടത്തിപ്പിന്റെ ഉത്തരവാദിത്വം സർക്കാരിനാണ്. കേന്ദ്ര ബജറ്റിന്റെ 10 ശതമാനവും സംസ്ഥാന ബജറ്റിന്റെ 30 ശതമാനവും വിദ്യാഭ്യാസത്തിന് അനുവദിക്കണം”, സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു. ”ഏതു വിഷയവും വിമർശനാത്മകമായി പരിശോധിക്കപ്പെടുകയെന്നതാണ് ജനാധിപത്യത്തിന്റെ ജീവവായു. എന്നാൽ ഇന്ന്, ഇന്ത്യയിൽ ഭരണാധികാരികളുടെ നയങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തി വായ് മൂടി കെട്ടുകയാണ്. ഇന്ന് രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ഇവിടെ അപ്രഖ്യാപിത പ്രതിരോധമാണ് അവശ്യം. പ്രതികരണങ്ങൾ ഫേസ് ബുക്കിലല്ല, തെരുവിലാണ് വളർന്നു വരേണ്ടത്”, സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ആന്ധ്രാ ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.ചന്ദ്രകുമാർ, എഐഡിഎസ്ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അശോക് മിശ്ര എന്നിവരും പ്രസംഗിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് കമാൽ സെയിൻ അദ്ധ്യക്ഷനായിരുന്നു.
നവംബർ 27ന്, ‘ദേശീയ വിദ്യാഭ്യാസ നയം 2019’നെ സംബന്ധിച്ച് ആഴത്തിലുള്ള ചർച്ചകൾക്ക് അവസരമൊരുക്കുന്ന സെമിനാർ നടന്നു. അക്കാദമിക രംഗത്തെ പ്രമുഖർ ഈ സെമിനാറിൽ പങ്കെടുത്തു. ബോംബെ ഐഐടിയിലെ റിട്ടയേഡ് പ്രൊഫസറും സാമൂഹ്യപ്രവർത്തകനുമായ പ്രൊഫ.രാം പുനിയാനി, മദ്രാസ് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രൊഫ.ആർ.മണിവർണ്ണൻ, പ്രൊഫ.ദ്രുബ്‌ജ്യോതി മുഖർജി, ഡോ.സത്താർ അലിഖാൻ, സിസാറ്റ് മാനേജിംഗ് ഡയറക്ടർ സഹറുദ്ദീൻ അലിഖാൻ എന്നിവർ നേരിട്ടും, സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ചെലമേശ്വർ, നൽസർ നിയമ സർവകലാശാല വൈസ് ചാൻസലർ ഫൈസാൻ മുസ്തഫ, പ്രമുഖ ചരിത്രകാരൻ പ്രൊഫ.എസ്.ഇർഫാൻ ഹബീബ്, ഡോ.രാജൻ ഗുരുക്കൾ എന്നിവർ വീഡിയോ സന്ദേശങ്ങൾ മുഖേനയും സെമിനാറിൽ പങ്കെടുത്തു.
”വിദ്യാഭ്യാസം സാമൂഹ്യമായ ഒരു ഉത്തരവാദിത്വമാണ്; കമ്പോളത്തിൽനിന്നും വാങ്ങേണ്ട ഒരു ചരക്കല്ല. ഈ സമൂഹത്തിൽ പിറന്നുവീഴുന്ന ഒരോ കുഞ്ഞിന്റെയും ജന്മാവകാശമാണ് വിദ്യാഭ്യാസം. അത് ജനാധിപത്യപരവും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സ്വതന്ത്രവുമായിരിക്കണം. കേന്ദ്ര സർക്കാർ വിദ്യാഭ്യാസത്തെ സംബന്ധിച്ച ഈ അടിസ്ഥാന കാഴ്ചപ്പാടിനെ നിരാകരിക്കുന്നു. കപട ദേശീയത പ്രചരിപ്പിച്ചു കൊണ്ട് യുവതലമുറയെ വർഗ്ഗീയവത്ക്കരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗണപതിയുടെ തല ഇന്ത്യയിൽ പ്ലാസ്റ്റിക് സർജറി നിലനിന്നിരുന്നതിന്റെ ഉദാഹരണമായി അവതരിപ്പിച്ചത് അതിനാലാണ്. പല മന്ത്രിമാരും സമാനമായ പ്രചരണം നടത്തുന്നു. പുരാണങ്ങളെ ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കുന്നു. ഇത് നമ്മുടെ പാരമ്പര്യത്തെതന്നെ അപമാനിക്കുകയാണ്. ചരകന്റെയും ശുശ്രുതന്റെയും കണാദന്റെയും പാരമ്പര്യമാണ് നമ്മുക്കുള്ളത്. ഇത് നിരാകരിക്കുന്നു. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം.കൽബുർഗി, ഗൗരി ലങ്കേഷ് എന്നീ സ്വതന്ത്ര ചിന്തകരെ കൊന്നാടുക്കിയ അതേ വികാരം തന്നെയാണ് ഇന്ന് ജനാധിപത്യ വിദ്യാഭ്യാസത്തിനുമെതിരെ ഉയരുന്നത്. ജെഎൻയു സമരം ജനാധിപത്യ വിദ്യാഭ്യാസത്തിനെതിരായ നയങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ്”, പ്രൊഫ.രാം പുനിയാനി പറഞ്ഞു.
”വിദ്യാഭ്യാസം പരമപ്രധാനമായ മൗലികാവകാശമാണ്. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്ക്കരണത്തിലൂടെ ഇത് നിഷേധിക്കപ്പെടുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപപ്പെടൽതന്നെ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ വിധത്തിലാണ”, പ്രൊഫ.മണിവർേണ്ണൻ അഭിപ്രായപ്പെട്ടു. ”വിദ്യാഭ്യാസത്തിന്റെ സാമൂഹികത നിരാകരിക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ടെക്‌നോ ക്യാപിറ്റലിസത്തിലേക്കാണ് കൊണ്ടുപോകുന്ന”തെന്ന് ഡോ.രാജൻ ഗുരുക്കൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. രണ്ടാം ദിവസം, എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് കമാൽ സെയ്ൻ ‘ഐക്യം, സമരം, പുരോഗതി’ എന്ന് ആലേഖനം ചെയ്ത ചെങ്കൊടി ഉയർത്തിയതോടെ പ്രതിനിധി സമ്മേളനം സമാരംഭിച്ചു. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പ്രധാന രാഷ്ട്രീയ പ്രമേയം, നാഷണൽ മെഡിക്കൽ കമ്മീഷൻ പിൻവലിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം, ജമ്മു കാശ്മീർ മനുഷ്യാവകാശ ലംഘനത്തിനെതിരായ പ്രമേയം, അക്കാദമിക സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്കെതിരായ പ്രമേയം, എൻആർസിയ്‌ക്കെതിരായ പ്രമേയം, വിദ്യാർത്ഥിനികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ പ്രമേയം, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനെതിരായ പ്രമേയം, ഗവേഷണ മേഖലയിലെ വിഷയങ്ങൾ അവതരിപ്പിക്കുന്ന പ്രമേയം, ആൾക്കൂട്ടകൊലപാതകങ്ങൾക്കും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കുമെതിരെയുള്ള പ്രമേയം തുടങ്ങി പതിനാല് പ്രമേയങ്ങളും സംഘടനാ റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. വി.എൻ.രാജശേഖർ പ്രസിഡൻറും സൗരവ് ഘോഷ് സെക്രട്ടറിയുമായ 142 അംഗ അഖിലേന്ത്യാ കമ്മറ്റിയെയും സമ്മേളനം ഏകകണ്‌ഠേന തെരഞ്ഞെടുത്തു.
സമ്മേളനത്തോട് അനുബന്ധിച്ച് ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കളുമായുള്ള ഇന്ററാക്ടീവ് സെഷനും വിപുലമായ കൾച്ചറൽ സെഷനും നടന്നു. ബംഗ്ലാദേശ് സ്റ്റുഡൻസ് സോഷ്യലിസ്റ്റ് ഫ്രണ്ടിന്റെ പ്രതിനിധികൾ സൗഹാർദ്ദ പ്രതിനിധികളായി പങ്കെടുത്തു. കൂടാതെ, പാകിസ്ഥാൻ, മ്യാൻമർ, നേപ്പാൾ തുടങ്ങിയ രാഷ്ട്രങ്ങളിലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അയച്ച സന്ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു.
29ന് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് മുഖ്യപ്രഭാഷണം നടത്തി. പ്രതിസന്ധി ഗ്രസ്തമായ ഈ സാമൂഹ്യ സാഹചര്യത്തിൽ, വിപ്ലവ വിദ്യാർത്ഥി പ്രവർത്തകരായി സ്വയം സമർപ്പിക്കുവാൻ സന്നദ്ധരാകുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനുംമേലുള്ള കടന്നാക്രമണങ്ങളെ ചെറുക്കുവാൻ ആശയാടിത്തറയുള്ള ഒരു വിദ്യാർത്ഥിനിരയെ സൃഷ്ടിച്ചുകൊണ്ട് ഒൻപതാം അഖിലേന്ത്യാ സമ്മേളനം സമാപിച്ചു. സമ്മേളന നടപടികളോടൊപ്പം, നവംബർ 28ന് മഹാനായ മാർക്‌സിസ്റ്റ് ആചാര്യൻ ഫ്രെഡറിക് ഏംഗൽസിന്റെ ഇരുനൂറാം ചരമവാർഷികവും ഇന്ത്യൻ നവോത്ഥാന നായകൻ ജ്യോതിറാവു ഫൂലേയുടെ ജന്മവാർഷികവും ആചരിച്ചു.

Share this post

scroll to top