രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയും അത് മറച്ചുപിടിക്കാനുള്ള പാഴ്‌വേലകളും

Share

സാമ്പത്തിക പുരോഗതിയോ അധോഗതിയോ നിർണ്ണയിക്കുവാൻ ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞർ അടിസ്ഥാനമാക്കുന്ന സൂചകങ്ങളെന്തൊക്കെയാണ്? ജിഡിപി, വ്യാവസായികോല്പാദനം എന്നിവയുടെ വളർച്ചാ നിരക്ക്, തൊഴിലില്ലായ്മ നിരക്ക്, കമ്പോളാവശ്യകതയുടെ സ്ഥിതി എന്നിവയോടൊപ്പം ഓഹരി വിപണി സൂചികയും പരിഗണിക്കാറുണ്ട്. ഇവയിലേതെങ്കിലുമൊന്ന് നിരീക്ഷിച്ചാൽതന്നെ, രാജ്യത്തിന്റെ സാമ്പത്തികരംഗം അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണെന്ന് ഏതൊരാൾക്കും വെളിവാകും. ഔദ്യോഗിക കണക്കുകളും, മുതലാളിത്ത വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിത്തന്നെ ഇത് വിശകലനം ചെയ്യാം..

ഔദ്യോഗികമായ സൂചകങ്ങൾ കൊണ്ടുള്ള സ്ഥിരീകരണം

ഒന്നാമത്തേത് ജിഡിപി വളർച്ചാനിരക്കാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് മറ്റ് രാജ്യങ്ങളുടേതിനെ മറികടക്കുന്നതെങ്ങനെ എന്ന് കാണിക്കുന്നതിൽ ഇക്കാലമത്രയും വ്യാപൃതരായിരുന്ന ‘വിദഗ്ദ്ധരെയും’ സർക്കാർ വക്താക്കളെയും അമ്പരപ്പിച്ചുകൊണ്ട് ജിഡിപി വളർച്ചാനിരക്ക് 5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഏതൊരു പ്രവചനത്തെക്കാളും മോശമായ ഈ ഗുരുതരമായ താഴ്ച്ച, തന്നെ സംബന്ധിച്ചിടത്തോളം അത്ഭുതമുളവാക്കുന്നതാണ് എന്ന് റിസർവ് ബാങ്ക് ഗവർണർ തന്നെ സമ്മതിച്ചിരിക്കുന്നു. ലോകബാങ്കും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും ഇന്ത്യയുടെ പ്രവചിത വളർച്ചാനിരക്കിനെ ഗണ്യമായി വെട്ടിക്കുറച്ചിരിക്കുന്നു.
അടുത്തത്, വ്യാവസായിക ഉല്പാദന സൂചിക കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാന കാലയളവിലേതിനെക്കാളും 7 ശതമാനം കുറഞ്ഞിരിക്കുന്നു. കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, എണ്ണ ശുദ്ധീകരണശാലാ ഉല്പന്നങ്ങൾ, വളം, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വ്യാവസായ മേഖലകളിലെ വളർച്ച 2.1 ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. ഐഎച്എസ് മാർകിറ്റ് എന്ന സ്ഥാപനം നടത്തിയ പർച്ചേസിംഗ് പവർ മാനേജേഴ്‌സ് ഇൻഡക്‌സ് സർവേ ഫലം ചൂണ്ടിക്കാണിക്കുന്നത്, ജിഡിപി വളർച്ചയുടെ സിംഹഭാഗവും പ്രദാനം ചെയ്യുന്ന സേവന-നിർമ്മാണ മേഖലകളിലെ പ്രവർത്തനങ്ങളുടെ മാന്ദ്യത്തെയാണ്. ലക്ഷക്കണക്കിന് ആളുകളെ ജോലിയിൽനിന്ന് തെറിപ്പിച്ചുകൊണ്ട്, 6.8 ലക്ഷം വ്യവസായ സ്ഥാപനങ്ങൾ പൂട്ടിപ്പോയതായി ഔദ്യോഗികമായിത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട, നോട്ട് നിരോധനമെന്ന പരാജയം പണാധിഷ്ഠിതമായ വ്യവസായങ്ങളിൽ പ്രത്യേകിച്ച് അസംഘടിത-ചെറുകിട വ്യാപാര-കാർഷിക രംഗങ്ങളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളെയാണ് ഇല്ലായ്മ ചെയ്തിരിക്കുന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി നടത്തിയ ഒരു കുടുംബ ഉപഭോഗ പിരമിഡ് പ്രകാരം ജനുവരിക്കും ആഗസ്റ്റിനുമിടയിൽ ഏതാണ്ട് ഇരുപതുലക്ഷം തൊഴിലുകളാണ് നോട്ട് നിരോധനംവഴി ഇല്ലാതായത്. ഈ തോതിലുള്ള തൊഴിൽ നഷ്ടത്തിന്റെ തുടർ ആഘാതം ചുറ്റുമുള്ള മറ്റ് ജീവനോപാധികളുടെമേലും കനത്ത പ്രഹരമേല്പിച്ചിരിക്കുകയാണ്. തൊഴിലുകൾക്കുമേൽ സർക്കാർതന്നെ ഏൽപ്പിച്ച ഈ പ്രഹരത്തിന് പുറമേ, ചെറുകിട-ഇടത്തരം കമ്പനികൾ കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഉല്പാദനവും ചെലവും കുറയ്ക്കുന്നതിനായി ലക്ഷക്കണക്കിന് തൊഴിലാളികളെ തൊഴിലിൽനിന്ന് ഒഴിവാക്കാൻ നിർബന്ധിതരാക്കപ്പെട്ടിരിക്കുകയുമാണ്. 2011-12, 2017-18 സാമ്പത്തിക വർഷങ്ങൾക്കിടയിൽ 4.7 കോടി തൊഴിലുകൾ നഷ്ടപ്പെട്ടതായി ഒരു റിപ്പോർട്ട് പറയുന്നു. ഡിമാന്റ് കുറഞ്ഞതിനാൽ, കഴിഞ്ഞ പത്തുമാസമായി ഗുരുതരമായ ക്ഷതമേറ്റിരിക്കുന്ന വാഹന വ്യവസായത്തിൽനിന്ന് 3.50 ലക്ഷം തൊഴിലുകൾ ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുന്നു. മൂന്ന് ലക്ഷം തൊഴിലാളികളെ ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുമ്പെടുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നു. തുടരുന്ന മാന്ദ്യം കാരണം 50 ലക്ഷത്തോളം തൊഴിലാളികളും ജീവനക്കാരും തൊഴിൽ രഹിതരാകുമെന്ന്, നോർത്ത് ഇന്ത്യൻ ടെക്‌സ്‌റ്റൈൽ മിൽ അസ്സോസിയേഷൻ ആശങ്കിക്കുന്നു. ഇന്ത്യയിലെമ്പാടുമായി 605 സ്പിന്നിംഗ് മില്ലുകൾ പൂട്ടിപ്പോയിരിക്കുന്നു. തമിഴ്‌നാട് ഓപ്പൺ എന്റ് സ്പിന്നിംഗ് മിൽ അസ്സോസിയേഷൻ പറയുന്നത്, 1.20 ലക്ഷം തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം ജോലി നഷ്ടപ്പെട്ടുവെന്നാണ്. മധ്യതലംതൊട്ട് താഴേതലംവരെയുള്ള കരാർ തൊഴിലാളികളാണിതിന്റെ ആദ്യ ഇരകൾ. ജോലി നഷ്ടത്തിന്റെ ഒഴുക്കിനൊപ്പം തൊഴിലവസരങ്ങളുടെതന്നെ ദ്രുതഗതിയിലുള്ള ചുരുങ്ങലുംമൂലം തൊഴിലില്ലായ്മ ഭീതിജനകമാംവിധം ഉയർന്നുവരുന്നു. കഴിഞ്ഞ 45 കൊല്ലക്കാലത്തെ ഏറ്റവുമുയർന്ന തോതിലാണ് തൊഴിലില്ലായ്മ. തീർച്ചയായും ഒരു റിക്കാർഡ് തന്നെ! ചെറിയ വേതനം ലഭിക്കുന്ന പ്യൂൺ, തൂപ്പുജോലി തസ്തികയിലേക്ക് ഗവേഷണ ബിരുദധാരികളും റാങ്ക് ജേതാക്കളായ എഞ്ചിനിയറിംഗ് ബിരുദാനന്തര ബിരുദധാരികളുംവരെ എത്തിപ്പെടുന്ന അവസ്ഥയിലേയക്ക് തൊഴിലില്ലായ്മ എത്തിയിരിക്കുന്നുവെന്ന് നേരത്തെതന്നെ നിരവധി സംഭവങ്ങൾ വെളിവാക്കിയിട്ടുണ്ട്. ഗുജറാത്തിൽ, 1,149 ശിപായി-ആമീൻ തസ്തികയിലേയക്ക് കഴിഞ്ഞ ഒക്ടോബറിൽ 1,59,278 പേർ അപേക്ഷകരായി വന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരീക്ഷയിൽ യോഗ്യത നേടി നിയമിതരായവരിൽ 7 ഡോക്ടർമാരും 450 എഞ്ചിനീയർമാരും 453 ബിരുദാനന്തര ബിരുദധാരികളും ഉൾപ്പെട്ടിരുന്നു. താല്ക്കാലിക ജീവനക്കാരെയും അർദ്ധ തൊഴിലാളികളെയും തൊഴിലില്ലാത്തവരുടെയൊപ്പം ചേർത്താൽ സംഖ്യ അമ്പരപ്പിക്കുന്നവിധത്തിൽ ഉയരും. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ 80 ശതമാനത്തിലധികം ആൾക്കാർ സ്ഥിരവേതനമോ സാമൂഹിക ക്ഷേമ പദ്ധതികളോ ഇല്ലാത്ത ജോലികളിൽ ഏർപ്പെടുന്നു. വൻനഗരങ്ങളിൽ അവർ തെരുവുകച്ചവടക്കാരായും നിർമ്മാണത്തൊഴിലാളികളായും ചെറിയ കടകളിലെ ജോലിക്കാരായും കൃഷിയിടങ്ങളിൽ കർഷകത്തൊഴിലാളികളായും യാതൊരു തൊഴിൽ സുരക്ഷയും ജീവനത്തിനാവശ്യമായ വേതനവുംപോലുമില്ലാതെ പണിയെടുക്കുന്നു. കമ്പോളത്തിലെ ചോദനയുടെ കുറവ് ഇന്ന് ഒരു രഹസ്യമല്ലാതായിരിക്കുന്നു. ആഭ്യന്തര ചോദനയുടെ പ്രധാന ഭാഗമായ ഉപഭോഗ വസ്തുക്കളുടെ വില്പനയിൽ ഗണ്യമായ ഇടിവ് വന്നിരിക്കുന്നു. കൂടുതൽ ചെലവുള്ള നിത്യോപഭോഗ വസ്തുക്കളുടെ(Fast Moving Consumer Goods) നിർമ്മാതാക്കളിൽ പ്രമുഖരായ ഹിന്ദുസ്ഥാൻ ലിവറിന്റെ വില്പന താഴ്ന്ന തലത്തിലെത്തിയിരിക്കുന്നു. അഞ്ച് രൂപയുടെ ഒരു ബിസ്‌കറ്റ് പാക്കറ്റ് വാങ്ങുന്നതിനുപോലും ജനങ്ങൾ രണ്ടുവട്ടം ആലോചിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ബ്രിട്ടാനിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെടുന്നു. വ്യാവസായികവും അല്ലാത്തതുമായ ഉല്പാദനം നിർത്തുന്നില്ലെങ്കിലും മന്ദഗതിയിലാണ് എന്നത് ഇന്നത്തെ പൊതുവായ ഒരു നിരീക്ഷണമാണ്. കാരണം അതൊന്നും വാങ്ങാനാളില്ല. അഥവാ, ചോദന ഇല്ല. ഉപഭോഗ വസ്തുക്കളുടെ ആവശ്യകത മൂക്കുകുത്തിയതോടെ വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ കൂടുതൽ പിരിച്ചുവിടലുകളും ഉല്പാദനക്കുറവും പ്രഖ്യാപിക്കുകയാണ്. അതാകട്ടെ സമ്പദ്‌രംഗത്തിന് കൂടുതൽ ഹാനിവരുത്തുകയും ചെയ്യുന്നു.

അടിസ്ഥാന കാരണങ്ങളിലേക്ക് ഒരു എത്തിനോട്ടം

എന്തുകൊണ്ടാണ് കമ്പോളത്തിൽ ചോദന ഉണ്ടാകാത്തത്? ഉപഭോക്താക്കൾക്ക് അഥവാ സാമാന്യ ജനങ്ങൾക്ക്, നിലനിൽക്കുന്ന വിലനിലവാരത്തിന് അനുസരിച്ച് സാധനങ്ങൾ വാങ്ങാനുള്ള പണം അഥവാ ക്രയശേഷിയില്ല എന്നതാണ് ഇതിനുകാരണം. എന്തുകൊണ്ടാണ് ആളുകൾക്ക് ക്രയശേഷി ഇല്ലാതാകുന്നത്? ആവശ്യകതയുള്ള ഉല്പന്നങ്ങളെല്ലാമെന്നത് പോകട്ടെ, നിത്യോപയോഗത്തിന് അത്യാവശ്യമായ സാധനങ്ങൾ വാങ്ങാൻപോലുമുള്ള പണം സ്വരൂപിച്ചെടുക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും അവർക്ക് ക്രമാനുഗതമായി നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തനതായ നിയമങ്ങൾ മൂലം സാധാരണക്കാരുടെ തൊഴിലില്ലായ്മയ്‌ക്കൊപ്പം തൊഴിൽനഷ്ടവും അർദ്ധതൊഴിലുകളും വ്യാജതൊഴിലുകളുമെല്ലാം നാഴികയ്‌ക്കെന്ന മട്ടിൽ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, കർഷകർക്കും തൊഴിലാളികൾക്കും ഇടത്തരക്കാർക്കുമെല്ലാം വരുമാനമുണ്ടാക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും ചെറുതായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഈ ജനകോടികളുടെ വാങ്ങൽശേഷി നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാധാരണക്കാരുടെ വാങ്ങൽശേഷി നഷ്ടമാകുകയെന്നാൽ ഉല്പന്നങ്ങളുടെ കമ്പോളമില്ലാതാകുന്നു എന്നാണർത്ഥം. വില്ക്കാനുള്ള ഉല്പന്നങ്ങൾക്ക് കമ്പോളം ഇല്ലാതാകുന്നു എന്നതിനാൽ മുതലാളിമാരും വ്യവസായികളും, പുത്തൻ പ്രയോഗത്തിൽ പറഞ്ഞാൽ ‘നിക്ഷേപകർ’, ഉല്പാദന മേഖലയിലേക്ക് പണമിറക്കുന്നതിൽനിന്ന് പിന്തിരിയും. അങ്ങനെ നിലവിലുള്ള വ്യവസായശാലകൾ ഒന്നൊന്നായി അടച്ചുപൂട്ടപ്പെടുകയും പുതിയ നിക്ഷേപങ്ങളൊന്നും വരാതെയുമാകുന്നു. മുതലാളിത്തത്തിൽ, പരമാവധി ലാഭം കൊയ്യാനാണ് മുതലാളിവർഗ്ഗം മൂലധനം നിക്ഷേപിക്കുന്നത്. പരമാവധി ലാഭം നേടാനുള്ള സാധ്യത കുറയുകയോ ഇല്ലാതാകുകയോ ചെയ്താൽ ഒരു മുതലാളിയും വ്യവസായിയും സംരംഭകനും പുതുതായി മൂലധനമിറക്കാൻ മുന്നോട്ടുവരില്ല. സാധാരണക്കാർ അവരുടെ പ്രാഥമികാവശ്യങ്ങൾപോലും പൂർത്തീകരിക്കാനാകാത്ത വിധത്തിൽ സമ്പൂർണ്ണമായ തകർച്ചയുടെ ഗർത്തത്തിലേക്ക് പതിക്കുകയാണ് എന്നതൊന്നും ഒരു വർഗ്ഗമെന്ന നിലയിൽ മുതലാളിമാർ വിശേഷിച്ചും, ജീർണ്ണോന്മുഖവും മരണാസന്നവുമായ മുതലാളിത്തത്തിന്റെ ഈ ഘട്ടത്തിൽ ചിന്തിക്കുന്നതേ ഇല്ല. ലാഭം നേടുകയും സമ്പത്ത് പലമടങ്ങായി വർദ്ധിപ്പിക്കുന്നതിലും മാത്രമാണ് അവരുടെ ശ്രദ്ധ. തങ്ങൾ നിശ്ചയിച്ച വിലയ്ക്ക് ഉല്പന്നങ്ങൾ വാങ്ങാൻ ആളില്ലെങ്കിൽ അവർ ഉല്പാദനം കുറയ്ക്കുകയും അതുവഴി കമ്പോളത്തിലേയ്ക്കുള്ള ചരക്കിന്റെ പ്രദാനം കുറയുകയും ചെയ്യും. ഇത് വിലക്കയറ്റം സൃഷ്ടിക്കുകയും വാങ്ങാൻ കഴിവുള്ളവരുടെ എണ്ണം വീണ്ടും കുറയ്ക്കുകയും പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും.
രണ്ടാമതായി, ഉല്പാദന മേഖലയിൽനിന്ന് പരമാവധി ലാഭം നേടാനാകാതെവരുമ്പോൾ മുതലാളിമാരുടെ കൈയിൽ നിഷ്‌ക്രിയമായിരിക്കുന്ന മൂലധനം, ഉല്പാദനപരമല്ലാത്ത ആയുധനിർമ്മാണം, പലിശ വ്യാപാരം, ഊഹക്കച്ചവടം തുടങ്ങിയ മേഖലകളിലേയ്ക്ക് വഴിതിരിച്ചുവിടപ്പെടും. ഗവൺമെന്റ് എന്നത് മുതലാളിത്ത ഭരണകൂടത്തിന്റെ നടത്തിപ്പുകാർ മാത്രമായ സ്ഥിതിക്ക്, ഇന്ത്യയുൾപ്പെടെയുള്ള എല്ലാ മുതലാളിത്ത രാജ്യങ്ങളിലും കാണുന്നതുപോലെ ഈ പണം സമ്പദ്‌വ്യവസ്ഥയുടെ സൈനികവത്കരണത്തെ ഉത്തേജിപ്പിക്കാനായി ഉപയോഗിക്കപ്പെടുന്നു. മൂലധനത്തിന്റെ വലിയൊരു ഭാഗം ഓഹരിവിപണിയിലേക്കും ഹുണ്ടിക വ്യാപാരത്തിലേക്കും ഊഹക്കച്ചവടത്തിലേക്കും ഒഴുകുകയും ചെയ്യും. ചില പ്രത്യേക ഓഹരികളെ ലക്ഷ്യമാക്കി ഓഹരിവിപണിയിൽ പണം നിക്ഷേപിക്കപ്പെട്ടാൽ ആ ഷെയറുകളുടെ വില കുതിച്ചുയരും. ഉദാഹരണത്തിന്, മുൻപ് 100 ഷെയറുകൾക്കായി ഒരുലക്ഷം രൂപ മാർക്കറ്റിലിറക്കിയിരുന്നെന്ന് കരുതുക. അപ്പോൾ ഒരു ഷെയറിന്റെ ശരാശരി വില ആയിരം രൂപയായിരിക്കും. അപ്പോൾ നാല് ലക്ഷം രൂപകൂടി ഈ ഷെയറുകളെ ലക്ഷ്യമാക്കി മാർക്കറ്റിലെത്തിയാൽ പല കൈകളിലുള്ള ഈ നൂറ് ഷെയറുകളെ ലക്ഷ്യമാക്കി അഞ്ച് ലക്ഷം രൂപ ഉണ്ടാകുകയും പല കൊടുക്കൽ വാങ്ങലുകളിലൂടെ ഈ ഷെയറുകളുടെ ശരാശരി വില 5,000 രൂപയായി ഉയരുകയും ചെയ്യും. അങ്ങനെ ഓഹരി വില സൂചിക ഉയരുന്നു. ഓഹരി വിപണിയുടെ ഈ കൃത്രിമോത്തേജനത്തെ ചൂണ്ടിക്കാട്ടി, മുതലാളിത്ത വ്യവസ്ഥയോട് കൂറുപുലർത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞരും കോളമെഴുത്തുകാരും വിദഗ്ദ്ധന്മാരുമെല്ലാം ‘സമ്പദ്‌രംഗം ചലിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന് അവകാശപ്പെടുകയും ചെയ്യും. എന്നാൽ ഓഹരി വിപണി സൂചികയുടെ ഈ കുതിച്ചുകയറ്റം, സമ്പദ്‌രംഗത്തിന്റെ കുതിപ്പിനെയല്ല കിതപ്പിനെയാണ് കാണിക്കുന്നതെന്ന് ശ്രദ്ധാപൂർവ്വമായ ഒരു നിരീക്ഷണം വ്യക്തമാക്കും. ഈ സൂചിക കണക്കാക്കാൻവേണ്ടി തെരഞ്ഞെടുക്കപ്പെടുന്ന ചില പ്രത്യേക ഷെയറുകളുടെ വിലയിലുള്ള ഉയർച്ചയോ താഴ്ച്ചയോ ഒന്നും നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ സാമ്പത്തിക ജീവിതവുമായ കണ്ണിചേർക്കപ്പെടുന്നതോ അതിനെ സ്വാധീനിക്കുന്നതോ ഒന്നുമല്ല. അതുകൊണ്ട് സമ്പദ്‌രംഗത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം ജനിപ്പിക്കുവാൻ, ഉയർന്നുനിൽക്കുന്ന ഓഹരിവില സൂചികയെ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള കേവലം കൗശലവിദ്യയല്ലെങ്കിൽ വ്യാജമായ അവകാശവാദമെങ്കിലുമാണ്.

അതിസാരത്തിന് തലവേദനയുടെ മരുന്ന്

അപ്പോൾ, സമ്പദ്‌രംഗത്തിന്റെ ഈ പതനത്തിൽനിന്നും സർക്കാർ അതിനെ കൈപിടിച്ചുയർത്തുന്നതെങ്ങനെയാണ്? നേരത്തെ വിശദീകരിച്ചതുപോലെ, ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതുകൊണ്ടുണ്ടായ കമ്പോള ചോദന(ഉലാമിറ)യിലെ ഇടിവാണ് പ്രശ്‌നം. പക്ഷേ, നിക്ഷേപത്തിലെ കുറവാണ് പ്രശ്‌നകാരണം എന്ന് വരുത്തിത്തീർക്കാനാണ് സർക്കാരിന്റെ ശ്രമം. അതുകൊണ്ട് അവർ കോർപ്പറേറ്റ് നികുതി കുറയ്ക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വ്യവസ്ഥകൾ ഉദാരമാക്കുകയും നികുതി ഒഴിവാക്കി നിരവധി ആനുകൂല്യങ്ങളോടെ പ്രത്യേക സാമ്പത്തിക മേഖലകൾ തുടങ്ങുകയും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സേവനപ്രവർത്തനങ്ങൾ, റെയിൽവേ, റോഡ്, ജലഗതാഗത സംവിധാനങ്ങൾ, വൈദ്യുതോൽപ്പാദനവും വിതരണവും തുടങ്ങിയ അവശ്യ മേഖലകളെയെല്ലാം കുത്തകകൾക്ക് കാഴ്ചവയ്ക്കുകയും കൂടുതൽ കടുത്ത ചൂഷണത്തിനായി അരങ്ങൊരുക്കിക്കൊടുക്കുകയും ചെയ്തുകൊണ്ട് നിക്ഷേപത്തിന് ഉത്തേജനം കൊടുക്കുന്നു എന്ന് നടിക്കുകയാണ്. ഖജനാവിന് 1.45 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിക്കൊണ്ട് കോർപ്പറേറ്റ് നികുതി 34.94 ശതമാനത്തിൽനിന്ന് 25.17 ശതമാനത്തിലേക്ക് കുറച്ചത് ഈയിടെ മാത്രമാണ്. ഇതിനു മുമ്പായി കയറ്റുമതിയെ ഉത്തേജിപ്പിക്കാൻ എന്നപേരിൽ കയറ്റുമതി ഉൽപ്പന്നങ്ങളുടെ തീരുവയും നികുതിയും ഒഴിവാക്കാനുള്ള പദ്ധതി(ഞലാശശൈീി ീള ഊശേല െീൃ ഠമഃല െശി ഋഃുീൃ േജൃീറൗരെേ) വഴി ഏതാണ്ട് 50,000 കോടി രൂപയുടെ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ ഉത്തേജനം വ്യവസായ കുടുംബങ്ങൾക്ക് നൽകുന്നതിന് പകരം കാർഷികരംഗത്ത് സബ്‌സിഡികൾ കൊടുക്കാനോ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ഗതാഗതം തുടങ്ങിയ സാമൂഹികക്ഷേമ രംഗങ്ങളിൽ കൂടുതൽ വകയിരുത്തുന്നതിനോ കാർഷികോല്പന്നങ്ങളുടെ താങ്ങുവില ഉയർത്തുന്നതിനോ ഇന്ധനങ്ങളുടെമേലുള്ള അധികനികുതി കുറക്കുന്നതിനോ ഉപയോഗിച്ചിരുന്നുവെങ്കിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ഒരു ആശ്വാസമാകുമായിരുന്നു. പക്ഷേ, യാതന അനുഭവിക്കുന്ന ജനങ്ങളിൽ അല്ല മറിച്ച് കോർപ്പറേറ്റുകളിലാണ് സർക്കാരിന്റെ ശ്രദ്ധ. കോർപ്പറേറ്റ് നികുതിയിലെ വെട്ടിക്കുറവ്, പ്രത്യേക സാമ്പത്തിക മേഖലയിലെ നികുതി കുറവ്, അവിടെനിന്നുള്ള കയറ്റുമതിയിലെ നികുതിയിലെ കുറവ്, വൈദ്യുതി ഉല്പാദന-വിതരണ മേഖലകളിലെ ലാഭ വിഹിതത്തിലെ കുറവ്, എണ്ണ-പ്രകൃതി വാതക രംഗത്തുള്ള വ്യവസായങ്ങളിൽ നിന്നുമുള്ള ലാഭ വിഹിതത്തിലെ കുറവ്, പ്രത്യക്ഷ നികുതിയിലെ കുറവ് എന്നിവയെല്ലാം പരിഗണിച്ചാൽ ഒരു ഏകദേശ കണക്ക് പ്രകാരം സർക്കാരിന് പ്രതിവർഷം നഷ്ടപ്പെടുന്നത് ഏതാണ്ട് പത്തു ലക്ഷം കോടി രൂപയാണ്. ഇതുമാത്രമല്ല, വ്യവസായ ഗ്രൂപ്പുകളുടെ നിക്ഷേപത്തിന് ഉത്തേജനം നൽകാൻ എന്ന പേരിൽ അവരുടെ ബാങ്ക് വായ്പ കുടിശ്ശിക സർക്കാർ ഉദാരപൂർവ്വം എഴുതിത്തള്ളുകയും ബാങ്ക് പലിശ നിരക്ക് തുടർച്ചയായി കുറച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ്. നാലുവർഷം മുമ്പ് ഇന്ത്യയിലെ ഏറ്റവും മുകൾ തട്ടിലുള്ള 10 കോർപ്പറേറ്റ് ഗ്രൂപ്പുകളുടെ മൊത്തം വായ്പ മാത്രം 7,31,000 കോടി രൂപയായിരുന്നു; കാർഷിക വായ്പയുടെ ഏതാണ്ട് നാല് മടങ്ങ്. 2018-19 സാമ്പത്തികവർഷത്തിൽ മാത്രം, അക്കൗണ്ട് ബുക്കിൽനിന്ന് പ്രവർത്തനരഹിതമായ ആസ്തികൾ(ചീി ജലൃളീൃാശിഴ അലൈെേ) കുറയ്ക്കുന്നു എന്ന് കാണിക്കാൻ 2.5 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ ബാങ്കുകൾ എഴുതിത്തള്ളിയത്. ഈ പ്രവണത 2019-20ലും തുടരുകയാണ്. ഈ നഷ്ടം പരിഹരിക്കാൻ കഴിഞ്ഞ 10 വർഷംകൊണ്ട് ഖജനാവിൽനിന്ന് 3.80 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾക്ക് മൂലധനമായി നൽകിയത്. എന്നിട്ടും വ്യവസായങ്ങളുടെ കടമെടുപ്പിൽ യാതൊരു വർദ്ധനയും കാണുന്നില്ല. കാരണം ആയുധ നിർമ്മാണവും ഊഹക്കച്ചവടവും അല്ലാതെ ഈ പണം നിക്ഷേപിക്കാൻ ഒരു മേഖലയും ഇല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻതന്നെ പറയുന്നത് ഒരു ലക്ഷം കോടി രൂപ വായ്പ നൽകുവാനായി കരുതി വെച്ചിട്ടുണ്ടെങ്കിലും അതിനായി ആരും ആവശ്യപ്പെട്ട് വരുന്നില്ല എന്നാണ്. സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യ എക്കോണമി നൽകിയ ഡാറ്റാ പ്രകാരം, 2019 ജൂലൈയിലെ കേന്ദ്രബജറ്റിന് മുൻപ് പുതിയ പദ്ധതികളിലുള്ള നിക്ഷേപം കഴിഞ്ഞ 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബാങ്ക് പലിശ നിരക്ക് കുറച്ചതുമൂലം ലോകത്തൊരിടത്തും നിക്ഷേപം വർദ്ധിച്ചിട്ടില്ല. നേരെമറിച്ച്, ബാങ്ക് പലിശ നിരക്കിലെ തുടർച്ചയായ കുറവ് സാധാരണക്കാരുടെ, പ്രത്യേകിച്ച്, തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യം ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന വിരമിച്ച ജോലിക്കാരുടെ വരുമാനത്തിൽ വമ്പിച്ച ഇടിവ് ഉണ്ടാക്കുന്നു. ഇവരുടെ വാങ്ങൽ ശേഷിയിൽ വീണ്ടും ആഘാതം സൃഷ്ടിക്കും. സാധാരണക്കാരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ എടുക്കുന്നതിനുപകരം നിക്ഷേപത്തിന് ഉത്തേജനം നൽകാനെന്ന പേരിൽ സർക്കാർ കുത്തക കുടുംബങ്ങളെയും ഭീമൻ കോർപ്പറേറ്റുകളെയും അനുനയിപ്പിക്കുന്നതിന് ഏകപക്ഷീയമായ ഊന്നൽ നൽകുകയും, നോട്ട് നിരോധനവും ജിഎസ്ടിയും പോലുള്ള അടവുകളും തട്ടിപ്പുകളും പ്രയോഗിച്ച് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയുമാണ് ചെയ്യുന്നത്. ജനങ്ങളുടെ വരുമാനത്തിലെ ഇടിവാണ് വിശാലാർത്ഥത്തിൽ പ്രശ്‌നം എങ്കിലും വ്യവസായ ഗ്രൂപ്പുകൾക്കും കോർപ്പറേറ്റ് പ്രഭുക്കന്മാർക്കും ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുകയാണ് സമ്പദ്വ്യവസ്ഥയുടെ രോഗത്തിനുള്ള പരിഹാരം എന്നതാണ് സർക്കാർ നിലപാട്. എന്തൊരു ജാഗ്രത്തായ പരിഹാരം! ആഭ്യന്തര മുതലാളിമാരിൽനിന്നോ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽകൂടിയോ, നിക്ഷേപത്തിൽ വർദ്ധന ഉണ്ടായെന്ന് അംഗീകരിച്ചാൽതന്നെ, സർക്കാർ അവകാശപ്പെടുന്നതുപോലെ സ്വയമേവ അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ സാധാരണ തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുകയോ ചെയ്യുമോ? കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടിന്റെ ചരിത്രം പറയുന്നത് ‘ഉറപ്പായും ഇല്ല’ എന്നാണ്. ഏതൊക്കെ പുതിയ വ്യവസായ സ്ഥാപനങ്ങൾ വന്നെങ്കിലും അവയെല്ലാംതന്നെ മനുഷ്യാദ്ധ്വാനം തീരെക്കുറച്ചുമാത്രം വേണ്ടുന്ന മൂലധനാധിക്യവും ആധുനിക സാങ്കേതികവിദ്യകളുടെയും യന്ത്രസാമഗ്രികളുടെയും സഹായത്തോടെ പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങളാണ്. അതുകൊണ്ട് ബൂർഷ്വ സാമ്പത്തിക ശാസ്ത്രജ്ഞരുടെ വ്യവഹാരത്തിൽ ‘തൊഴിൽ രഹിത വളർച്ച'(Jobless Growth) എന്ന ഒരു പുതിയ പദംതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. തൽഫലമായി നികുതിയിളവുകളും വൻകിട ബിസിനസ് ഗ്രൂപ്പുകൾക്കും വ്യവസായ കുടുംബങ്ങൾക്കുമുള്ള ഇളവുകളും കരം ഒഴിവാക്കലുകളുംവഴി പൊതുഖജനാവിന് എത്ര നഷ്ടമുണ്ടാകുന്നുവോ അത്രയുമളവിൽ, സാധാരണക്കാർക്ക് ഇക്കാലമത്രയും അല്പമാത്രമായി നൽകിയിരുന്ന ക്ഷേമപ്രവർത്തനങ്ങൾക്കുള്ള വകയിരുത്തലിൽ കുറവുണ്ടാകുകയും അവരെ കൂടുതൽ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ലോക പട്ടിണി സൂചികയിൽ ഇന്ത്യ 117ൽ 102-ാം സ്ഥാനത്തെത്തിയതും ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 3.50 ലക്ഷം കടന്നതും ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ ആത്മഹത്യാ നിരക്കുയർന്നതും കാർഷികരംഗത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും നഗരങ്ങളിൽ ചേക്കേറി, യാചകരും തെരുവുനിവാസികളുമാകുന്നതും പിരിച്ചുവിടപ്പെട്ട ഫാക്ടറിത്തൊഴിലാളികൾ വിഷം കഴിച്ച് ജീവനൊടുക്കുന്നതിന്റെ എണ്ണം വർദ്ധിക്കുന്നതുമെല്ലാം കാണിക്കുന്നത് വർദ്ധിച്ചുവരുന്ന ഈ ദുരിതവും ദാരിദ്ര്യവും തന്നെയാണ്. ഈ തിരസ്‌കൃതർ ചവറ്റുകൂനയിലേക്ക് തള്ളിവിടപ്പെടുമ്പോൾ വിശേഷാവകാശമുള്ളവരിലേക്ക് ക്ഷേമൈശ്വര്യങ്ങൾ കുമിഞ്ഞുകൂടുന്നു.

ഇപ്പോഴത്തെ ഭരണത്തിൻകീഴിൽ, രണ്ട് പ്രമുഖ കുത്തകകളായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും സമ്പാദ്യം അഞ്ച് വർഷംകൊണ്ട് ഇരട്ടിയായിരിക്കുന്നു. ഫോർബ്‌സ് ഇന്ത്യയുടെ കണക്കനുസരിച്ച് 118% വരുമാനം വർദ്ധിപ്പിച്ച്(1.68 ലക്ഷം കോടിരൂപയിൽനിന്ന് 3.65 ലക്ഷം കോടിരൂപ) മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി മാറിയപ്പോൾ, അദാനിയുടെ ആസ്തി 50,400 കോടിരൂപയിൽനിന്ന് 1.1 ലക്ഷം കോടിരൂപയിലേക്ക്, അതായത് 121% വർദ്ധിച്ചിരിക്കുന്നു. 72,000 കോടി രൂപയോളം ബാങ്കുകളിൽ ബാദ്ധ്യതയുള്ള അദാനിക്ക് ആസ്‌ത്രേലിയയിൽ ഖനികൾ വാങ്ങുന്നതിനായി വീണ്ടും 3,000 കോടി രൂപയുടെ ബാങ്ക് വായ്പ നൽകിയിരിക്കുന്നു. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 2013ൽ 119 ആയിരുന്നത് 2019 എത്തുമ്പോഴേക്ക് ഇരട്ടിയായിരിക്കുന്നു. ഏറ്റവുമുയർന്ന അറ്റാദായമുള്ളവരുടെ എണ്ണത്തിൽ 2023 ആകുമ്പോഴേക്ക് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമത്രേ. അതായത് 39% വർദ്ധിച്ച് 2097 പേർ ഇങ്ങനെയുണ്ടാകും. അടിച്ചമർത്തപ്പെടുന്ന ജനകോടികളുടെ ജീവന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും വിലാപങ്ങളുടെയും സങ്കടങ്ങളുടെയും ചെലവിൽ, പുരോഗതിയും ഹിതകരമായ സഹായങ്ങളും ആഭാസകരമായി സമ്പന്നരിലേക്ക് തിരിഞ്ഞിരിക്കുന്നു. കൊണ്ടാടപ്പെടേണ്ട എന്തെങ്കിലുമാണോ ഇത്?
ഭരണവൃന്ദത്തിലെ ഒരുവിഭാഗം ശ്രമിക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഈ ഏനക്കേടുകൾ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമാണെന്ന് സമർത്ഥിക്കാനാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നത് വാണിജ്യമല്ല മറിച്ച്, ജനസംഖ്യാപരമായ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഉപഭോഗവും അടിസ്ഥാന സൗകര്യങ്ങൾക്കുവേണ്ടിയുള്ള ആവശ്യകതയാൽ സ്വാധീനിക്കപ്പെടുന്ന നിക്ഷേപവും എന്നിങ്ങനെയുള്ള രണ്ട് ഘടകങ്ങളാണ്. എന്നതിനാൽ അത് ഒരു മാന്ദ്യത്തിലേക്ക് വഴുതി വീഴില്ല എന്നുമവർ തിടുക്കത്തിൽ കൂട്ടിച്ചേർക്കുന്നു. അന്തർദേശീയമായ ചോദനയിലുള്ള കുറവും ഇറക്കുമതിയിൽനിന്നുള്ള വർദ്ധിച്ച മത്സരവും നിമിത്തം, ആഗോള മാന്ദ്യത്തിന് വളർച്ചയുടെമേൽ പ്രതികൂലമായ സ്വാധീനമുണ്ടാകും എന്നവർ വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും തേൻപുരട്ടിയ കള്ളങ്ങളാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ആന്തരിക ഘടകങ്ങളുടെ തകർച്ചയെന്തെന്ന് നാം കണ്ടുകഴിഞ്ഞു. രണ്ടാമതായി, ആഭ്യന്തര ഉപഭോഗത്താൽ പ്രചോദിപ്പിക്കപ്പെടുന്ന കരുത്തുള്ള ഒന്നാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെങ്കിൽ അന്തർദേശീയമായ ചോദനയിലുള്ള കുറവും ഇറക്കുമതിയിൽനിന്നുള്ള വർദ്ധിച്ച മത്സരവും അതിന് കോട്ടംതട്ടിക്കുന്ന രീതിയിൽ പ്രതികൂലമായ സ്വാധീനമുണ്ടാക്കുന്നതെങ്ങനെ? എന്തുമഹത്തായ അസംബന്ധം! വസ്തുതയെന്തെന്നാൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ മുതലാളിത്തത്തിന്റെ നിയമങ്ങളാൽ ഭരിക്കപ്പെടുന്നതാണെന്നും കാലഹരണപ്പെട്ട മുതലാളിത്തത്തിന് സഹജമായ പ്രതിസന്ധി എല്ലായിടത്തും കൊടിയ തീവ്രതയോടെ പ്രത്യക്ഷപ്പെടുമെന്നുമാണ്.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഭരണ നടത്തിപ്പുകാർ അംഗീകരിക്കുന്നില്ല

വസ്തുതകളുടെ നിരവധി വളച്ചൊടിക്കലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും അമർത്തിവക്കലുകൾക്കും വ്യത്യാസപ്പെടുത്തലുകൾക്കും ശേഷവും തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ നിഷേധിക്കാൻ കഴിയാതെ ഭരണ നടത്തിപ്പുകാർ ഇപ്പോൾ, സമ്പദ്‌രംഗം കടുത്ത പ്രതിസന്ധിയിലാണെന്ന വസ്തുത അംഗീകരിക്കാൻ വിസമ്മതിക്കുകയോ കാടുംപടലും തല്ലിക്കൊണ്ടും പരിഹാസ്യമായ വാദമുഖങ്ങൾ അവതരിപ്പിച്ചുകൊണ്ടും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയുകയോ ചെയ്യുകയാണ്. പിരിച്ചുവിടലുകളെയും തൊഴിൽ നഷ്ടത്തെയും തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള കുറവിനെയും, ഇവയെല്ലാം ഇന്ത്യൻ യുവാക്കളിൽ സൃഷ്ടിക്കുന്ന ആഘാതത്തേയുംപറ്റി എല്ലാവരും ആശങ്കാകുലരായിരിക്കുമ്പോൾ, റയിൽവേ – വാണിജ്യമന്ത്രി പീയൂഷ് ഗോയൽ രണ്ട് വർഷം മുൻപ് പറഞ്ഞത് തൊഴിലവസരങ്ങളിലെ കുറവ് ‘ഒരു നല്ല ലക്ഷണ’മാണെന്നാണ്. ഈയടുത്ത കാലത്ത് വീണ്ടും അദ്ദേഹം പറഞ്ഞു, ഇപ്പോഴത്തെ സാമ്പത്തിക പിന്നോട്ടടി ചാക്രികമായ ഒന്നാണെന്നും ഘടനാപരമായ ക്രമീകരണമാണെന്നും തനിക്ക് അതിൽ വലിയ വേവലാതി ഒന്നുമില്ല എന്നും. കാലം നല്ലതാണ്, ലാഭം സ്വാഗതാർഹവും എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജിഡിപി വളർച്ചാനിരക്കിനെ കുറിച്ചുള്ള അഹിതകരമായ വസ്തുത ഒരു പത്രസമ്മേളനത്തിൽ അദ്ദേഹത്തിനുമുൻപിൽ അവതരിപ്പിച്ചപ്പോൾ ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ ഗണിതം ഐൻസ്റ്റീനെ ഒരിക്കലും സഹായിച്ചിരുന്നില്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. അതുപോലെ നീണ്ടകാലത്തിന് ശേഷം ചെന്നൈയിൽവച്ച് നടത്തിയ ഒരു പത്രസമ്മേളനത്തിൽ ജിഡിപിയിലെ ഇടിവിനെയും തൊഴിൽ നഷ്ടത്തെയും ആകമാനമുള്ള സാമ്പത്തിക പിന്നോട്ടടിയെയും കുറിച്ചുള്ള ചോദ്യങ്ങളെ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവഗണിക്കുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളെ അംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. പകരം അവർ പറഞ്ഞത്, സമ്പത്ത് സൃഷ്ടിക്കുന്നവരെ താൻ ബഹുമാനിക്കുന്നുവെന്നും അവരുടെ അഭിപ്രായങ്ങൾ തേടുകയും സർക്കാരിൽനിന്ന് എന്താണ് അവർ പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് പ്രതികരിക്കുകയും ചെയ്യുമെന്നുമാണ്. ദുരിതത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന, പണിയെടുക്കുന്ന അസംഖ്യം സാധാരണക്കാരുടെ ക്ലേശങ്ങൾ കൂടുന്നതനുസരിച്ച് സമ്പത്ത് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരിലാണ് സർക്കാർ അവരുടെ സുഹൃത്തുക്കളെയും വഴികാട്ടികളെയും കാണുന്നതെന്ന വസ്തുത അങ്ങനെ ഒരിക്കൽകൂടി വെളിവാക്കപ്പെടുകയാണ്; അവരുടെ ആവശ്യങ്ങൾക്കും അഭീഷ്ടങ്ങൾക്കും അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുക എന്നും.
പ്രശ്‌നങ്ങളിൽനിന്നും വഴുതിമാറുന്നതിന്റെ ഉത്തമമാതൃക കാണിച്ചുകൊണ്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു, ”ആരോപിക്കപ്പെടുന്ന ഈ പിന്നോട്ടടിയെക്കുറിച്ച് ആവശ്യത്തിൽ കൂടുതൽ ചർച്ചകൾ നടക്കുന്നു” എന്ന്. ഈ അമിതമായ ചർച്ചകളാണ് സാമ്പത്തിക പ്രവർത്തനങ്ങളുടെ മന്ദീഭവിക്കലിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതായത്, നാമൊന്നും മിണ്ടാതെയിരുന്നതാൽ ബിസിനസ് അഭിവൃദ്ധിപ്പെടുമത്രേ. നമുക്കെല്ലാം ഉത്തമ നായകൻമാരാവാൻ കഴിയും എന്ന് തോന്നാൻ സിനിമ കാണാൻപോവുന്നതുപോലെ.ഒരു ആർഎസ്എസ് യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു, സമ്പദ്‌രംഗത്തെ വിലയിരുത്താനുള്ള തെറ്റായ ഒരു സൂചകമാണ് ജിഡിപി എന്നും രാജ്യം വളർന്നുകൊണ്ടിരിക്കുകയാണ് എന്നും. മാന്ദ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിർവ്വചനമാണ് ഏറ്റവും വിചിത്രം. ”വളർച്ചാനിരക്ക് പൂജ്യത്തിൽ താഴെ വരുമ്പോൾ മാത്രമാണ് മാന്ദ്യമുണ്ടെന്ന് പറയാനാകു എന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുടെ വളർച്ചാനിരക്ക് അഞ്ച് ശതമാനമാണ്. ഒരാൾക്ക്, അതിൽ ഉത്കണ്ഠയുണ്ടാകാം. പക്ഷെ, അത് ചർച്ചചെയ്യേണ്ട ആവശ്യകതയൊന്നുമില്ല”, അദ്ദേഹം പറഞ്ഞു. ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഇദ്ദേഹത്തോട് പറഞ്ഞതെന്നും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധർ ഇത്തരം വിഗ്രഹഭഞ്ജകമായ അഭിപ്രായങ്ങളെക്കുറിച്ച് എന്തുപറയും എന്നും നമുക്കറിയില്ല.

യഥാർത്ഥ പ്രശ്‌നങ്ങൾ മറച്ചുപിടിക്കുന്നതിൽ വ്യവസ്ഥിതിയുടെ വക്താക്കൾപോലും സന്തുഷ്ടരല്ല

വിശ്വാസം നഷ്ടപ്പെടുത്തുകയും എതിർ ചിന്താഗതി വളർത്തുന്നതുമായ അസ്വാസ്ഥ്യ ജനകമായ എല്ലാ പ്രശ്‌നങ്ങളെയും തങ്ങൾ പറിച്ചെറിഞ്ഞതായാണ് സർക്കാരും അവരുടെ ഉപദേഷ്ടാക്കളും പറയുന്നത്. ഒരു വാഹനത്തിലെ ടയറിന്റെ കാറ്റ് കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ മുന്നിലുള്ള വഴിയിലെ ആണികൾ നീക്കം ചെയ്യുന്നതുകൊണ്ടുമാത്രം ആ ചോർച്ചയെ തടയാൻ പറ്റില്ല. ദരിദ്രരോടും അടിച്ചമർത്തപ്പെടുന്നവരോടുമുള്ള ആശങ്കാകുലമായ അവജ്ഞയും അതിസമ്പന്നരുടെ വീർത്ത പണസഞ്ചി വീണ്ടും പെരുപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുമെല്ലാം വ്യവസ്ഥിതിയുടെ സംരക്ഷകരിലെ ഒരു വിഭാഗത്തിനുപോലും അസ്വസ്ഥതയുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. കമ്പോള ചോദനയിലെ ഇടിവിനെയും സമ്പദ്‌രംഗത്തിന്റെ ബൃഹത്‌സൂചികകളിലെ താഴ്ചയെയുംപറ്റിയുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ ഈയിടെ അഭിപ്രായപ്പെട്ടു, ”വികലമായി ആവിഷ്‌കരിക്കപ്പെട്ട നോട്ട് നിരോധനവും ജിഎസ്ടിയും പോലുള്ള നടപടികളാണ് സാമ്പത്തിക പിന്നോട്ടടിയുടെ രണ്ട് പ്രധാന കാരണങ്ങൾ”.
”എന്റെ അഭിപ്രായത്തിൽ സാധാരണക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം ദുരുപയോഗം ചെയ്യുന്നതിനേക്കാൾ വലിയ പാപമൊന്നും ധനകാര്യരംഗത്തില്ല. കടമെഴുതിത്തള്ളലും ബാധ്യതകളൊഴിവാക്കിക്കൊടുക്കലും ഏറെക്കുറെ സ്ഥിരമാക്കുന്ന ഒരു സംവിധാനത്തെ നാം അനുവദിക്കുന്നു എന്നത് ക്രൂരമായ അന്യായമാണ്, എന്ന് മാത്രമല്ല, സാധാരണക്കാരുടെ സത്യസന്ധമായ സമ്പാദ്യത്തെ സംരക്ഷിക്കാനുംമാത്രം കരുത്തുള്ള ഒരു സംവിധാനം ഇതുവരെയും നമുക്കില്ലതാനും” എന്നുപറഞ്ഞത് എച്ഡിഎഫ്‌സി ബാങ്ക് ചെയർമാൻ ദീപക് പരേഖ് ആണ്. ധനകാര്യമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവായ സാമ്പത്തിക ശാസ്ത്രജ്ഞൻ പറകല പ്രഭാകർ അഭിപ്രായപ്പെട്ടത് നരേന്ദ്ര മോദി ഗവൺമെന്റ് തങ്ങളുടെ പുതിയ നയങ്ങൾ ആവിഷ്‌കരിക്കാൻ മടികാട്ടുന്നു എന്നാണ്. സർക്കാരിന് നിഷേധ മനോഭാവമാണെന്ന് ആരോപിച്ചുകൊണ്ട് അദ്ദേഹം എഴുതി, ”സർക്കാർ ഇപ്പോഴും നിഷേധ മനോഭാവം പ്രകടിപ്പിക്കുമ്പോൾ പൊതുമണ്ഡലത്തിലേക്ക് ഇടതടവില്ലാതെ പ്രവഹിക്കുന്ന സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നത് ഒരോ മേഖലയും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തെ നേരിടുകയാണെന്നാണ്.” കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദഹം, ബിജെപിയുടെ ‘വിശദീകരിക്കാനാകാത്ത വൈമനസ്യ’മാണ് പ്രശ്‌നങ്ങളുടെ കാരണമെന്ന് ആരോപിച്ചു. സാമ്പത്തിക വളർച്ചാനിരക്ക് നിർണ്ണയിക്കുന്ന കണക്കുകൂട്ടൽ രീതിയിൽ തിരിമറികൾ നടത്തി വളർച്ചാനിരക്ക് നിരവധി ശതമാനം ഉയർത്തി പ്രസിദ്ധീകരിച്ച ഗവൺമെന്റിനെതിരെ പരിഹസിച്ചുകൊണ്ട്, കഴിഞ്ഞ കൊല്ലംവരെ പ്രധാനമന്ത്രിയുടെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാക്കളിൽ ഒരാളായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞത്, ”യഥാർത്ഥ വളർച്ചാനിരക്ക് ഏഴ് ശതമാനം അല്ല മറിച്ച് 4.5 ശതമാനം ആണ്” എന്നാണ്. നൊബേൽ സമ്മാന ജേതാവ് അമർത്യാ സെൻ, ”2014ന് ശേഷം ഇന്ത്യ തെറ്റായ ദിശയിലേക്കാണ് പോകുന്നത്” എന്ന് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ കൊടുങ്കാറ്റുയർത്തിയിരുന്നു. ”വളർച്ചാനിരക്ക് സൂചികയിൽ ചില നിഗൂഢതകളുണ്ട്, നിക്ഷേപ സംഖ്യകൾ താഴ്ന്ന് നിൽക്കുകയാണ്, തൊഴിലില്ലായ്മയിലെ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്ന വളർച്ച യഥാർത്ഥമാണ്, തൊഴിലന്വേഷകർ തൊഴിൽ സുരക്ഷയും നല്ല വേതനവും ആനുകൂല്യങ്ങളും ആഗ്രഹിക്കുന്നുവെങ്കിലും അവ വിരളമാണ്. അതുകൊണ്ടാണ് റെയിൽവേയിലെ 90,000 കുറഞ്ഞ വേതനമുള്ള ജോലിക്കായി 2.5 കോടി ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചത് ”എന്നെല്ലാം ആറ് മാസം മുമ്പുതന്നെ നിരീക്ഷിച്ചത് ഇത്തവണത്തെ നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയാണ്. പക്കാവട വില്പന ഒരു തൊഴിലല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിയെ പരിഹസിച്ച അദ്ദേഹം നിരീക്ഷിച്ചത്, ഒരു ശരാശരി കർഷക കുടുംബത്തിന് കാർഷികവൃത്തിയിൽനിന്ന് ജീവനോപാധികൾ കണ്ടെത്തുന്ന രീതി എന്നേ അവസാനിപ്പിക്കേണ്ടിവന്നു എന്നാണ്. ”നമ്മൾ ഒരു കെയ്‌നീഷ്യൻ തിരിച്ചിറക്കത്തിലാണ്. അതായത്, വേണ്ടത്ര കമ്പോള ചോദനയില്ല എന്ന്. ആളുകൾ ആഹാരം വാങ്ങുന്നില്ല. ഗവൺമെന്റ് ചെയ്യാണ്ട കാര്യങ്ങളിലൊന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ പറയുക പാവപ്പെട്ടവരുടെ കൈയ്യിൽ പണമെത്തിക്കുക എന്നതായിരിക്കും. കാർഷികോല്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവില നിശ്ചയിക്കുന്നതിലൂടെ, തൊഴിലുറപ്പ് പദ്ധതിയിലൂടെ… താഴ്ന്ന വരുമാനക്കാരുടെ കയ്യിൽ പണം വരുന്നത് ചോദനയെ ഉജ്ജീവിപ്പിക്കും. അപ്പോൾ ബിസ്‌കറ്റ് കമ്പനികൾ പൂട്ടേണ്ടിവരില്ല. അവ പൂട്ടിപ്പോകുന്നത് തീർച്ചയായും മോശപ്പെട്ട സൂചനയാണ്.”

മുതലാളിത്ത പ്രതിസന്ധിയുടെ ആഘാതം പേറുന്നത് ജനങ്ങൾ

പക്ഷെ, ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായപ്രകടനം വന്നത് രഘുറാം രാജനിൽ നിന്നാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ ബിബിസി റേഡിയോ 4ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, ”ജനങ്ങൾക്ക് വേണ്ടത് കൊടുക്കാൻ സാമ്പത്തിക-രാഷ്ട്രീയ സംവിധാനങ്ങൾക്ക് കഴിയാതെവന്നതോടെ മുതലാളിത്തം ഒരു കലാപത്തിന്റെ ഗുരുതരമായ ഭീഷണിയിലാണ്.” എല്ലാ ബൂർഷ്വ സാമ്പത്തിക വിദഗ്ദ്ധരുടെ കൂട്ടായ്മയും ഇതിലാണ് ഭീതി പൂണ്ടിരിക്കുന്നത്. രോഗചികിത്സയ്ക്കായുള്ള അനുഭവമാത്ര ചികിത്സ നിർദ്ദേശിക്കുന്ന തിരക്കിലാണ് അവരെല്ലാം. ഒരിക്കൽ പൊതുജന സമ്മർദ്ദത്താൽ ചെയ്തതുപോലെ, സ്ഥിരം ജോലികൾ ജനങ്ങൾക്ക് കൊടുക്കാൻ കഴിയുംവിധം തൊഴിലാധിക്യ വ്യവസായങ്ങൾ പൊതുമേഖലയിൽ ആരംഭിക്കുകയും ജനങ്ങളുടെ വരുമാനം ഉറപ്പാക്കാൻ ഉതകുംവിധമുള്ള ഉചിതവും ആവശ്യവുമായ നടപടികളെടുക്കുകയും ചെയ്തുകൊണ്ട് കമ്പോളത്തിലെ ചോദന വർദ്ധിപ്പിക്കുകയാണ് അടിയന്തര കർത്തവ്യം എന്നതാണ് യാഥാർത്ഥ്യം. രണ്ടാമതായി, കർഷകർക്ക് പ്രയോജനകരമായ വിധത്തിൽ ഉല്പന്നങ്ങൾ ശേഖരിക്കാനായി അഴിമതിയും കെടുകാര്യസ്ഥതയു മില്ലാത്ത ഉല്പന്ന ശേഖരണ സംവിധാനം ഉണ്ടാക്കാനും അതുവഴി ഗ്രാമീണ ജനതയുടെ വാങ്ങൽശേഷി ഉയർത്താനും കഴിയണം. 1930കളിലെ മഹാമാന്ദ്യത്തിൽനിന്ന് ലോകമുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ആവിഷ്‌കരിച്ച കെയ്‌നീഷ്യൻ കുറിപ്പടികളിൽനിന്നും പാഠങ്ങൾ എടുത്തുകൊണ്ട് ‘ദാരിദ്ര്യ നിർമ്മാർജ്ജന’ത്തിന്റെ സൈദ്ധാന്തികർ ഉൗന്നിപ്പറയുന്നതും ഇതുതന്നെയാണ്. അവർ കൂട്ടിച്ചേർക്കുന്നു, ”ആസൂത്രിതമല്ലാത്ത ഒരു സ്വകാര്യ സംരംഭ സമ്പദ്‌വ്യവസ്ഥയിൽ എല്ലാവർക്കും തൊഴിൽ നൽകാനുതകുന്ന, സ്വയം ചലിക്കുന്നതും തെറ്റുതിരുത്തുന്നതുമായ ഒരു സംവിധാനം ഉണ്ടാകില്ല.” മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയെ ഉയർത്തിയെടുക്കുന്നതിനായി ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിച്ചുകൊണ്ട് ചോദന വർദ്ധിപ്പിക്കാനായി കൂടുതൽ ഗവൺമെന്റ് മുൻകൈ ഉണ്ടാകണമെന്നാണ് കെയിൻസ് ഊന്നിപ്പറഞ്ഞത്. ജനങ്ങളുടെ വാങ്ങൽശേഷിയെ ഉയർത്തിക്കൊണ്ട,് അവർ പാപ്പരാകുന്നതിനെ അല്പമെങ്കിലും തടയുന്നതിനായുള്ള അടിയന്തര തിരുത്തൽ നടപടികളാണ് നമ്മുടെ രാജ്യത്ത് വേണ്ടത്. പക്ഷേ, പഴകി ദ്രവിച്ച മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടിയായ പ്രശ്‌നങ്ങൾക്കിതുകൊണ്ടൊന്നും പരിഹാരമാകില്ല. മുതലാളിത്തത്തിന്റെ ജീർണ്ണവും മരണാസന്നവുമായ അവസ്ഥയെ ചൂഴ്ന്ന് നിൽക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാൻ അതിന്റെ പ്രവർത്തനപരമായ ഘടകങ്ങളെ മാറ്റി എഴുതാനായി ആവിഷ്‌കരിക്കപ്പെട്ട ഒരു സിദ്ധാന്തമാണ് അന്തിമ വിശകലനത്തിൽ കെയ്‌നീഷ്യൻ ചികിത്സാ വിധികൾ. ജനജീവിതത്തിൽ ഇന്ന് ദുരന്തം വിതയ്ക്കുന്ന നവ ഉദാരവത്കരണ നയങ്ങൾക്ക് വഴിയൊരുക്കിയത് ഈ കെയ്‌നീഷ്യൻ മാതൃകയാണെന്നതാണ് നാം ഓർമ്മിക്കേണ്ട ഒരു വസ്തുത.
നിരവധി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കെയിൻസിന്റെയും അദ്ദേഹത്തിന്റെ അവിടുത്തെ പിന്താങ്ങിയായ റൗൾ പ്രെബിഷിന്റെയും സ്വാധീനം 1970കളിൽ മിൽട്ടൺ ഫ്രീഡ്മാന്റെ ഉദാരസാമ്പത്തിക സിദ്ധാന്തങ്ങളിലേയ്ക്ക് വഴിതിരിയാൻ നിർബന്ധിതമാക്കി. ചിലി അതിലൊരു രാജ്യമായിരുന്നു. ഏതാണ്ട് അഞ്ച് വർഷം മുമ്പ് വരെ ചിലി, പൊതുനിക്ഷേപത്തിലുള്ള ചരിത്രപരമായ വർദ്ധനയെക്കുറച്ച് അഭിമാനിക്കുകയും ചില ഒറ്റപ്പെട്ട മേഖലകളുടെ വികാസത്തിനും സാമൂഹികക്ഷേമ പദ്ധതികളുടെ ദൃഢീകരണത്തിനുമായി കൂടുതൽ പണം ഇറക്കുന്നതിന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരാൾക്ക് ഭക്ഷിക്കാനായി മത്സ്യം നൽകുന്നതിനും സ്വന്തംകാലിൽ നിൽക്കാൻ ജീവനോപാധി എന്ന നിലയിൽ മത്സബന്ധനം പഠിപ്പിക്കുന്നതിനും തമ്മിൽ അടിസ്ഥാനപരമായുള്ള വ്യത്യാസമുണ്ടല്ലോ. സ്വന്തംകാലിൽ പരാശ്രയംകൂടാതെ നിൽക്കാൻ ഒരുവനെ പ്രാപ്തനാക്കാൻ മുതലാളിത്തത്തിന് കഴിയില്ല. കാരണം അതിന്റെതന്നെ നൂലാമാലകളിൽപെട്ടിരിക്കുകയാണ് മുതലാളിത്തം. പ്രശ്‌നങ്ങളുടെ ഉറവിടം അതായത്, തൊഴിലാളികളുടെ തൊഴിൽശേഷിയെ കവർന്നെടുക്കുകയും അതിനെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട സമ്പത്ത് വിരലിലെണ്ണാവുന്ന മുതലാളിമാരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി അസമമായി വിതരണം ചെയ്യുകയും ചെയ്യുന്ന മുതലാളിത്ത സമ്പദ്ക്രമം നിലനിർത്തിക്കൊണ്ട് ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ കഴിയില്ല എന്നതാണ് ചർച്ചചെയ്യേണ്ട കാര്യം. ചരിത്രത്തിന്റെ കർക്കശമായ ഗതിയിൽ മുതലാളിത്തം കാലഹരണപ്പെടുകയും പിന്തിരിപ്പനാകുകയും എല്ലാത്തരം പ്രതിസന്ധികൾക്കും ജന്മം നൽകുകയും അതിന്റെയെല്ലാം ഭാരം ജനങ്ങളുടെമേൽ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ലോകത്ത് എല്ലായിടത്തും മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങൾക്കെതിരെ ജനങ്ങളുടെ പ്രതിഷേധത്തിന്റെ കുതിച്ചുചാട്ടം നമ്മൾ കാണുന്നത്.
ഒരു ശരിയായ തൊഴിലാളിവർഗ്ഗ വിപ്ലവപാർട്ടിയുടെ നേതൃത്വത്തിൽ മുതലാളിത്തത്തെ ഒരു വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടമാക്കിക്കൊണ്ടേ ഈ പ്രതിഷേധങ്ങളെ അതിന്റെ യുക്തിപരമായ പരിണതിയിലേക്ക് എത്തിക്കാൻ കഴിയു. മഹാനായ ലെനിൻ നടത്തിയ വിശദീകരണം ഉദ്ധരിച്ചുകൊണ്ട് നമുക്ക് ഉപസംഹരിക്കാം. ”സാങ്കേതിക ജ്ഞാനത്തിന്റെ അത്ഭുതാവഹമായ വളർച്ചയുണ്ടായിട്ടും മുതലാളിത്തത്തിന്…അർദ്ധപട്ടിണിക്കാരും ദരിദ്രരുമായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുന്നുണ്ടെങ്കിൽ അത് മുതലാളിത്തമായിരിക്കില്ല…വികസനത്തിലെ അസമത്വം, ജനസാമാന്യത്തിന്റെ അർദ്ധപട്ടിണി ഇവയെല്ലാം ഈ മുതലാളിത്ത ഉല്പാദന രീതിയുടെ അടിസ്ഥാനപരവും ഒഴിച്ചുകൂടാനാകാത്തതുമായ മുന്നുപാധികളാണ്.”(സാമ്രാജ്യത്വം, മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം)

Share this post

scroll to top