ഇറാനിയൻ സൈനിക കമാൻഡറെ കൊലചെയ്ത അമേരിക്കൻ നടപടിയെ എസ്‌യുസിഐ(സി) ശക്തമായി അപലപിക്കുന്നു

Share

ഇറാനിലെ പ്രമുഖനായ സൈനിക കമാൻഡറെ ഇറാഖിൽ വെച്ച് യുഎസ് മിസൈൽ ആക്രമണത്തിലൂടെ വധിച്ചത് അമേരിക്കൻ ഭരണാധികാരികളുടെ കടന്നാക്രമണ സ്വഭാവം ഒരിക്കൽകൂടി വെളിവാക്കിയിരിക്കുകയാണ്. ഇറാഖി ജനങ്ങളുടെ രോഷപ്രകടനങ്ങളും ബാഗ്ദാദിലെ യുഎസ് എംബസി ആക്രമണവും ഇറാന്റെ പ്രേരണയോടെയാണെന്ന വാദം ഉയർത്തിക്കൊണ്ടാണ്, അമേരിക്കൻ ആക്രമണകാരികൾ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഈ അരുംകൊല നടപ്പിലാക്കിയത്. യഥാർത്ഥത്തിൽ യാതൊരു അധികാരവുമില്ലാത്ത മിസ്റ്റർ ട്രംപ് ജഡ്ജിയുടെയും വിധി നടത്തിപ്പുകാരന്റെയും സ്ഥാനം സ്വയം ഏറ്റെടുക്കുകയായിരുന്നു. കൂട്ടനശീകരണായുധങ്ങൾ നിർമ്മിച്ചു എന്ന വാദം ഉയർത്തിക്കൊണ്ട് ഇറാഖിനെ നശിപ്പിക്കുകയും പ്രസിഡന്റ് സദ്ദാം ഹുസൈനെയും പിന്നീട് ലിബിയയിലെ ഗദ്ദാഫിയെയും വധിക്കുകയും ചെയ്തത് ആർക്കും മറക്കാനാവില്ല.
മധ്യപൂർവദേശത്ത് വീണ്ടുമൊരു യുദ്ധഭീതി വളർത്തി, അതുവഴി അമേരിക്കയിലെ യുദ്ധ വ്യവസായത്തിന് ഉണർവ്വ് ഉണ്ടാക്കുക എന്ന ദൂരവ്യാപകമായ ദുഷ്ടലാക്കാണ് ഇറാനിയൻ കമാണ്ടറെ വധിച്ചതിലൂടെ അമേരിക്ക ലക്ഷ്യം വയ്ക്കുന്നത്. മധ്യപൂർവ്വ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട്, ഭീകരവാദ സംഘടനകൾക്കും മതഭ്രാന്തൻമാർക്കും വർധിതവീര്യത്തോടെ രംഗത്തുവരാൻ അവിടെ സൈന്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് അവസരമൊരുക്കുകയാണ് അവർ ചെയ്തത്. നിരവധി വർഷങ്ങളിലെ ഹിംസാത്മകമായ ഭാതൃഹത്യയ്ക്കും രക്തച്ചൊരിച്ചിലിനും ശേഷം, തങ്ങളുടെ ജീവിതത്തിലെ നീറുന്ന വിഷയങ്ങളെയും പ്രശ്‌നങ്ങളെയും മുൻനിർത്തി, തങ്ങളുടെ മുതലാളിത്ത സർക്കാരുകൾക്കെതിരെ ജനാധിപത്യ സമരങ്ങൾ വളർത്തിക്കൊണ്ടിരുന്ന മധ്യപൂർവ്വ രാജ്യങ്ങളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാനും ഈ സൈനിക കേന്ദ്രീകരണം അവർ ഉപയോഗപ്പെടുത്തുന്നു.
ഏറെ പ്രധാനപ്പെട്ട കാര്യം, മധ്യപൂർവ്വ ദേശത്ത് വീണ്ടും തീ പടർത്തിക്കൊണ്ട്, യുഎസിലെ ജനങ്ങളുടെ ശ്രദ്ധ ഇംപീച്ച്‌മെന്റ് ചർച്ചകളിൽനിന്ന് മധ്യപൂർവ്വ ദേശത്തെ യുദ്ധത്തിലേക്ക് മാറ്റുവാനും, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന വർഷം നേരിടേണ്ടിവരുന്ന ഇംപീച്ച്‌മെന്റ് നടപടിയുടെ നാണക്കേടിൽനിന്നും സ്വയം രക്ഷപ്പെടാനുമാണ് ട്രംപ് ശ്രമിക്കുന്നത്.
അമേരിക്കൻ സാമ്രാജ്യത്വ ഭരണാധികാരികളുടെ യുദ്ധക്കൊതിയെ, നമ്മുടെ പാർട്ടിയുടെ പേരിലും ഇന്ത്യയിലെ സമാധാന കാംക്ഷികളായ ജനങ്ങളുടെ പേരിലും ഞങ്ങൾ ശക്തമായി അപലപിക്കുകയും അമേരിക്കൻ സാമ്രാജ്യത്വ ഭരണാധികാരികളുടെ ഹീനപദ്ധതികൾക്കെതിരെ പ്രതിഷേധ ശബ്ദമുയർത്താൻ മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Share this post

scroll to top