ദേശീയ പൗരത്വ രജിസ്റ്ററും (NRC) പൗരത്വ ഭേദഗതി നിയമവും (CAA) പിൻവലിക്കുക

NRC-Kolkotha-1-1.jpg
Share

ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി, ഇക്കഴിഞ്ഞ നവംബർ 20ന് (2019) പാർലമെന്റിൽ പറഞ്ഞത്, രാജ്യത്തെ ഓരോ സംസ്ഥാനത്തിനു വേണ്ടിയും ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) തയ്യാറാക്കും എന്നാണ്. ഈ പാർലമെന്റ് പ്രസ്താവത്തിനു മുമ്പുതന്നെ, ജാർഖണ്ഡിലെ ഒരു തെരഞ്ഞെടുപ്പു യോഗത്തെ അഭിസംബോധന ചെയ്യവേ, 2024നു മുമ്പായി രാജ്യത്തെ എല്ലാ ”നുഴഞ്ഞുകയറ്റക്കാരെ”യും പുറത്താക്കുവാനുള്ള സർക്കാരിന്റെ താത്പര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമായി വിശദീകരിക്കുകയുണ്ടായി. ”നുഴഞ്ഞുകയറ്റക്കാരെ” ‘ചിതലുകൾ’ എന്നു വിളിക്കുന്നതിനും അദ്ദേഹം മടിക്കുകയുണ്ടായില്ല. കൂടാതെ, രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് വിഭജിച്ചില്ലായിരുന്നുവെങ്കിൽ എൻആർസിയും അതുപോലെയുള്ള പ്രക്രിയകളും നടപ്പിലാക്കേണ്ട ആവശ്യമേ ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പാർലമെന്റിനുള്ളിൽ കള്ളം പറയുകയുമുണ്ടായി. വസ്തുതയെന്തെന്നാൽ, പഴയ ഹിന്ദുമഹാസഭ നേതാവും ആർഎസ്എസ്സിന്റെ ബന്ധുവുമായ വി.ഡി.സവർക്കറാണ്, 1923-ൽ ‘ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ'(Essentialsof Hindutva) തന്റെ പുസ്തകത്തിലൂടെ, മതത്തിന്റെ അടിസ്ഥാനത്തിലുള്ള രണ്ടു രാജ്യങ്ങൾ എന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടു വെച്ചത്. പിന്നീട്, 1937-ൽ ഇത് ഹിന്ദു മഹാസഭയുടെ പ്രമേയമായി പാസ്സാക്കുകയുണ്ടായി. മൂന്നു വർഷങ്ങൾക്കു ശേഷം, മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ മുസ്ലീം ലീഗ്, അതിന്റെ ലാഹോർ സമ്മേളനത്തിൽ ഈ ആശയം സ്വീകരിച്ചു. 1943 ആഗസ്റ്റ് 15ന് നാഗ്പൂരിൽ വെച്ച് സവർക്കർ പറഞ്ഞു, ”എനിക്ക് ജിന്നയുടെ ദ്വിരാഷ്ട്രസിദ്ധാന്തത്തോട് യാതൊരു എതിർപ്പുമില്ല. ഞങ്ങൾ ഹിന്ദുക്കൾ സ്വയമേവതന്നെ ഒരു രാഷ്ട്രമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണ് എന്നത് ഒരു ചരിത്രവസ്തുതയാണ്.” അത് അങ്ങനെ നിൽക്കട്ടെ. വിഭജനത്തിന്റെ തെറ്റുകളെ തിരുത്തുവാനും, അനീതികളെ മായ്ക്കുവാനും ജനങ്ങളുടെ ദുരിതത്തെ ഏതെങ്കിലും വിധത്തിൽ ദൂരീകരിക്കുവാനും എൻആർസിക്കു സാധിക്കുമോ?


എന്നാൽ, എന്തുകൊണ്ടാണ് അസ്സമിലെ എൻആർസിയെ ബിജെപി സർക്കാർ തള്ളിക്കളയുന്നത്? അടുത്തിടെ വിരമിച്ച, ഇന്ത്യയുടെ മുഖ്യന്യായാധിപന്റെ മേൽനോട്ടത്തിലാണ് അസ്സമിലെ എൻആർസി പ്രക്രിയ നടന്നത്. ഭാവിയിലേക്കുള്ള അടിസ്ഥാനരേഖ എന്ന് പറഞ്ഞാണ്, സ്ഥാനമൊഴിയുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് തീവ്രമായി അദ്ദേഹം എൻആർസിക്കുവേണ്ടി വാദിച്ചത്. എൻആർസിയെ വിമർശിച്ചവരെയാകട്ടെ, ”ചാരുകസേരക്കാർ, ശ്രദ്ധയില്ലാത്തവർ, ഉത്തരവാദിത്തമില്ലാത്തവർ, സ്ഥിതി വഷളാക്കുന്നവർ, തീ കൊണ്ടു കളിക്കുന്നവർ, ഇരട്ടത്താപ്പുകാർ, ഹീനമായ ഉദ്ദേശ്യങ്ങൾ പുലർത്തുന്നതിനാൽ പൗരത്വത്തിൽനിന്നും എന്നേ ഒഴിവാക്കേണ്ടവർ”, എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. പക്ഷേ, താൻ തന്നെ മേൽനോട്ടം വഹിച്ചിട്ടും എന്തുകൊണ്ടാണ് അസ്സമിലെ ഈ പ്രക്രിയ പരാജയമായത് എന്നതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുന്നു. അസ്സം എൻആർസി പദ്ധതിയുടെ മുഖ്യസംഘാടകനായി നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനിൽ സർക്കാർ ഒരു ബലിയാടിനെ കണ്ടെത്തേണ്ടി വന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞില്ല. എങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഈ തള്ളിക്കളയൽ?


ഉത്തരം അന്വേഷിച്ച് ഏറെദൂരം പോകേണ്ടതില്ല. ഒന്നിനു പിറകേ ഒന്നായുള്ള തങ്ങളുടെ പ്രസംഗങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും മറ്റ് സംഘപരിവാർ നേതാക്കളും ഉറപ്പിച്ചു പറഞ്ഞിരുന്നത്, പൗരത്വ രജിസ്റ്റർ രൂപീകരിക്കുവാനുള്ള തങ്ങളുടെ പദ്ധതി രാജ്യമൊട്ടാകെ നടപ്പാക്കിക്കഴിഞ്ഞാലും ഒരു ഹിന്ദുവും നാടുകടത്തപ്പെടില്ല എന്നാണ്. വിദേശികളുടെ എണ്ണം ഊതിപ്പെരുപ്പിക്കുന്നതിനായി, 1971 മാർച്ച് 24 വരെ ബന്ധപ്പെട്ട അധികാരികൾ അനുവദിച്ചു നൽകിയ റേഷൻ കാർഡ്, അഭയാർത്ഥി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പൗരത്വ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ പോലും പൗരത്വത്തിനുള്ള അംഗീകൃതരേഖകളെന്ന നിലയിൽനിന്നും ഇടയിൽ വച്ച് ഒഴിവാക്കിയതടക്കമുള്ള നടപടികളാണ് അസ്സമിൽ കൈക്കൊണ്ടത്. പക്ഷേ, എന്നിട്ടു തന്നെയും, പൗരത്വ രജിസ്റ്റർ പ്രക്രിയയിലൂടെ കണ്ടെത്തിയ 19 ലക്ഷം ജനങ്ങളിൽ 12 ലക്ഷവും ഹിന്ദുക്കളായിരുന്നു. ഇവിടെ, ഭരണകർത്താക്കളും പൗരത്വ രജിസ്റ്ററിന്റെ പിന്തുണക്കാരും സൗകര്യപൂർവം ഒഴിഞ്ഞുമാറുന്ന ഒരു ചോദ്യമുണ്ട്. ഇപ്പോൾ പ്രസിദ്ധീകരിച്ച, അസ്സമിലെ പൗരത്വ പട്ടികയിൽ പേരില്ലാത്തവർ ”വിദേശികളും അനധികൃത നുഴഞ്ഞുകയറ്റക്കാരും” ആണെങ്കിൽ, എങ്ങനെയാണ് അവരിൽ ഭൂരിഭാഗം പേർക്കും വോട്ടു ചെയ്യാൻ സാധിച്ചത്? പൗരത്വം തെളിയിക്കുന്ന സാധുവായ രേഖകളില്ലാതെ ആർക്കെങ്കിലും വോട്ടു ചെയ്യാൻ സാധിക്കുമോ? എന്തു തന്നെയായാലും, മുസ്ലീം പേരുകളേക്കാൾ ഹിന്ദു പേരുകൾ പട്ടികയിൽ കൂടുതലായി വന്നപ്പോൾ അസ്സമിലെ ബിജെപിയിൽ മുറുമുറുപ്പ് ആരംഭിച്ചു. തന്മൂലം, അസ്സം പൗരത്വ പട്ടികയുടെ രേഖ തള്ളിക്കളയുവാനും, അസ്സം അടക്കം രാജ്യമൊട്ടാകെയുള്ള പൗരത്വ രജിസ്റ്ററിന്റെ പുതിയ പ്രക്രിയ പ്രഖ്യാപിക്കുവാനും ഭരണകക്ഷിയുടെ മേലാളന്മാരും ബിജെപി സർക്കാരും നിർബന്ധിതരായി. ലളിതമായി പറഞ്ഞാൽ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ രൂപപ്പെടുത്തിയ ദേശീയ പൗരത്വ പട്ടിക വെറുമൊരു കടലാസ് കഷണമായി അവശേഷിക്കുന്നു. ഈ പ്രക്രിയ മൊത്തമായും വീണ്ടും നടത്താൻ പോകുന്നു – ഇത്തവണ രാജ്യവ്യാപകമായി.


ദേശീയ പൗരത്വ രജിസ്റ്ററിനു പിന്നിലെ യഥാർത്ഥലക്ഷ്യം, പൗരന്മാരുടെ പട്ടിക തയ്യാറാക്കുക എന്നതല്ല എന്നു വ്യക്തമാണ്; അത് എന്തായാലും കൃത്യമായ ഇടവേളയിൽ സെൻസസ് മുഖേന നടപ്പാകുന്നുണ്ട്. ഇതിനു പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന അജണ്ട വ്യത്യസ്തമാണ്. അതിപ്പോൾ ഈ രാജ്യത്തെ പല വിശിഷ്ടവ്യക്തികളും, ജനാധിപത്യ മനോഭാവമുള്ള ചിന്തകരും അടക്കം പലരും പരസ്യമായി ചർച്ച ചെയ്യുകയും എതിർക്കുകയും ചെയ്യുന്നു. ഭരിക്കുന്ന ബിജെപിയും, അവരുടെ ആചാര്യന്മാരായ ആർഎസ്എസ് സംഘപരിവാരവും ആദ്യമേ വിദേശികളുമായും പൗരത്വവുമായും ബന്ധപ്പെട്ട ഇന്ത്യയുടെ നിയമങ്ങൾക്കുമേലാണ് തങ്ങളുടെ വർഗീയ രാഷ്ട്രീയം കളിച്ചു തുടങ്ങിയതെന്നത് ഇപ്പോൾ വ്യക്തമാണ്. ഇപ്പോൾ രാജ്യത്തെ നിവാസികളെ വിഭജിക്കുവാനും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുവാനുമായി ബിജെപി സർക്കാർ അതിവേഗം പ്രവർത്തിച്ചിരിക്കുന്നു. സാധാരണയായി, ഒരു നുഴഞ്ഞുകയറ്റക്കാരൻ എന്നു പറയുന്നത് ഉണ്ടാക്കുന്ന ചിത്രം കൈയ്യിൽ തോക്കുമായി ആളുകളെ കൊല്ലാൻ വരുന്നതോ, മറ്റെന്തെങ്കിലും ഹീനലക്ഷ്യത്തോടെ വരുന്നതോ ആയ ഒരാളുടേതാണ്. പക്ഷേ, രേഖകളില്ലാതെ കുടിയേറുന്ന ഒരാളാകട്ടെ, ജീവിതപ്രാരാബ്ധങ്ങൾ മൂലമോ, പണിയെടുത്ത് ഒരു ദിവസത്തെയെങ്കിലും കൂലി നേടുന്നതിനായോ അതിർത്തി കടക്കുന്നയാളാണ്. ഇപ്പോൾ നമ്മുടെ ആഭ്യന്തരമന്ത്രിയാകട്ടെ ബംഗ്ലാദേശി കുടിയേറ്റക്കാരെ ‘ചിതലുകൾ’ എന്ന് വിളിക്കുന്നു, അവരെ ഇന്ത്യയിൽ നിന്നു പുറന്തള്ളുമെന്നും വാഗ്ദാനം ചെയ്യുന്നു. ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ ഒരാൾ മുഖവിലയ്ക്ക് എടുത്താൽ, എൻആർസി പോലെയുള്ള പ്രക്രിയ രാജ്യമൊട്ടാകെ നടപ്പാക്കിക്കഴിഞ്ഞാൽ, മതിയായ രേഖകൾ കൈവശമില്ല എന്ന പേരിൽ നാടുകടത്തൽ ഭീഷണി നേരിടേണ്ടി വരുന്ന ജനവിഭാഗം മുസ്ലീങ്ങൾ മാത്രമാണ്. അതിന് അവർ അനധികൃതമായി ബംഗ്ലാദേശിൽ നിന്നും കുടിയേറിയതാണോ അതോ ഇവിടെ തന്നെ യഥാർത്ഥ പൗരന്മാരായി കഴിഞ്ഞുവരികയായിരുന്നോ എന്നത് അപ്രസക്തമാണ്. ബിജെപി സർക്കാർ സ്വീകരിക്കുന്ന നയങ്ങളും, ആർഎസ്എസ്-ബിജെപി നേതാക്കളുടെ പ്രസംഗങ്ങളും പ്രസ്താവനകളും, അവർ ആളിക്കത്തിക്കുന്ന ഹൈന്ദവ വർഗീയഭ്രാന്തിനും, മുസ്ലീം ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി അവർക്കെതിരേ വിദ്വേഷപ്രചാരണം നടത്തുന്നതിനും പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇതെല്ലാം തന്നെ, വിവിധ വിദഗ്ദ്ധരും നിയമജ്ഞരും അറിവുള്ളവരും ശരിയായി ചൂണ്ടിക്കാട്ടിയതുപോലെ, ഭരണഘടനയുടെ 14-ാം വകുപ്പ് ഉറപ്പു നൽകുന്ന തുല്യതക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണ്. കാരണം, അഭയാർത്ഥികളിൽ ചില മതങ്ങളിൽ നിന്നുള്ളവരെ തെരഞ്ഞെടുക്കുകയും, മുസ്ലീം സമുദായത്തിൽ നിന്നുള്ളവരെ ഒഴിവാക്കുകയും ചെയ്യുകയെന്നത് മതത്തിന്റ അടിസ്ഥാനത്തിലുള്ള വിവേചനമാണ്.


പുതിയ പൗരത്വ നിയമം സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഗുരുതരമായ പ്രശ്‌നം രാജ്യത്തെ ഏതൊരുവന്റെയും പൗരത്വം ചോദ്യം ചെയ്യപ്പെടുമെന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നതാണ്. അത്തരമൊരു ലക്ഷ്യം വിശദീകരിക്കുന്ന വകുപ്പുകൾ ഈ നിയമത്തിലില്ലെങ്കിലും രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പാണ് പുതിയ പൗരത്വ നിയമെമന്നതാണ് അപകടം. പൗരത്വ രജിസ്റ്റർ നടപ്പാക്കിയ അസ്സമിന്റെ അനുഭവം ഏതൊരാളെയും ഞെട്ടിപ്പിക്കുന്നതാണ്. ദശാബ്ദങ്ങളായി അസ്സമിന്റെ മണ്ണിൽ ജീവിച്ചുവന്ന സാധാരണജനങ്ങളിൽ 19 ലക്ഷം പേർ ഒറ്റയടിക്കു പൗരന്മാരല്ലാതായി. അസ്സമിലെ അന്തിമ പൗരത്വ രജിസ്റ്റർ വരുന്നതുവരെയും പ്രസ്തുത എൻആർസിക്കു വേണ്ടി നിലകൊണ്ട പാർട്ടിയാണ് ബിജെപിയെന്ന് നാം മറക്കരുത്. അതിനുശേഷം രാജ്യം മുഴുവൻ എൻആർസി നടപ്പാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രിമാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യം മുഴുവൻ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന വാദമാണ് ബിജെപി കാലങ്ങളായി പ്രചരിപ്പിക്കുന്നത്. അപ്പോൾ പൗരത്വ രജിസ്റ്റർ നടപ്പാക്കി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ തുറുങ്കിലടച്ചോ, പുറത്താക്കിയോ രാജ്യത്തെ ‘വെടിപ്പാക്കുക’യാണ് ബിജെപിയുടെ ലക്ഷ്യം. അനധികൃത കുടിയേറ്റക്കാരെ അരിഞ്ഞുവീഴ്ത്താൻ ലഭിച്ചിട്ടുള്ള ഏറ്റവും മൂർച്ചയുള്ള ആയുധമാണ് പുതിയ പൗരത്വ നിയമം. പൗരത്വ രജിസ്റ്ററിന്റെ നടപടി പ്രകാരം തെളിയിക്കപ്പെടാത്ത ഏതൊരു പൗരത്വവും റദ്ദുചെയ്യപ്പെടും. അതിൽ മുസ്ലീമെന്നോ ഹിന്ദുവെന്നോ ഭേദവുമുണ്ടാകില്ല. അങ്ങിനെ ഒരു വ്യക്തിയുടെ പൗരത്വമെന്നത് നിയമത്തിനുപരി ഭരണകൂടത്തിന്റെ തീർപ്പായും ഔദാര്യമായും മാറ്റപ്പെടും.

പക്ഷേ ശ്രദ്ധിക്കേണ്ട കാര്യം, ഇങ്ങനെ കുപ്രസിദ്ധി ആർജ്ജിച്ച ഒരു നയം ഇത്ര തീവ്രമായി പിന്തുടരാൻ ഭരിക്കുന്ന ബിജെപിയേയും അതിന്റെ സർക്കാരിനേയും, അതിന്റെ ഹിന്ദു വർഗീയ ആചാര്യന്മാരേയും ഇവർക്കെല്ലാം കുഴലൂതുന്നവരേയും പ്രേരിപ്പിക്കുന്നതെന്താണ്? കാരണം, വർദ്ധിക്കുന്ന, നിർദ്ദയമായ മുതലാളിത്തചൂഷണം ചവിട്ടിയരയ്ക്കുന്ന ജനങ്ങൾക്ക് ഒന്നുംതന്നെ നൽകാൻ ഇവരുടെ കൈയിൽ ഇല്ല. ഈ ചൂഷണത്തിനു ജനത്തെ വിധേയരാക്കുന്നതിലും ഭരണകൂടം തന്നെയാണ് പങ്കു വഹിക്കുന്നത്. സാമ്പത്തികരംഗം തകർന്നിരിക്കുന്നു; അതുപോലെ തന്നെ ജീവിതത്തിന്റെ ഓരോ വശങ്ങളും. ഇങ്ങനെ ഒരു സാഹചര്യത്തിൽ, എന്തൊക്കെ തരത്തിലുള്ള കുതന്ത്രങ്ങളിലൂടെയും തെരഞ്ഞെടുപ്പു വിജയം നേടി ദീർഘകാലം ഭരിച്ചാലും, ബിജെപിക്കും അവരെ അധികാരത്തിലെത്തിച്ച കുത്തകകൾക്കും ഒരു പേടിയുണ്ട്. തങ്ങളുടെ ജീവനും ജീവിതത്തിനും മേലേയുള്ള ഈ തുടർച്ചയായ ആക്രമണങ്ങൾ വീണ്ടും തുടർന്നു പോവുകയാണെങ്കിൽ ജനങ്ങളുടേതായ ഒരു മുന്നേറ്റം ഉണ്ടാകുമോ എന്നതാണ് ആ പേടി. അപ്പോൾ, അതിനെ പ്രതിരോധിക്കാൻ അവരുടെ കൈവശമുള്ള ഒരേയൊരു ആയുധമെന്നത്, വർഗീയവികാരം നിരന്തരം ആളിക്കത്തിച്ച്, അധ്വാനിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ഐക്യത്തിൽ വിള്ളലുണ്ടാക്കുക എന്നതാണ്. സാധാരണജനങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനും മുറിവേൽപ്പിച്ചാൽ, സങ്കുചിതമായ ഒരു മനഃസ്ഥിതി വളർന്നു വരികയും, ഒരു മതവിഭാഗത്തിന് തങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും കഷ്ടപ്പാടുകൾക്കും കാരണം മറ്റൊരു മതവിഭാഗമാണെന്ന് വിശ്വസിക്കാൻ ഇടവരുത്തുകയും ചെയ്യും. എല്ലാ തിന്മകളുടേയും അടിവേരായ ഭരണമുതലാളിവർഗം സംരക്ഷിക്കപ്പെടുകയും ചെയ്യും. പരസ്പരവിനാശകമായ തർക്കങ്ങളിലും സംഘർഷങ്ങളിലും ജനങ്ങൾ ഉൾപ്പെടുന്നത് ഭരണമുതലാളി വർഗത്തിനും അവരുടെ ചെരുപ്പുനക്കികളായ രാഷ്ട്രീയകാര്യദർശികൾക്കും വളരെ ആശ്വാസം നൽകുന്നതാണ്. ദേശീയ പൗരത്വ പട്ടികയ്ക്കും അതിന്റെ അനുബന്ധ നിയമനിർമാണങ്ങൾക്കും പിന്നിൽ ഒളിച്ചു വച്ചിരിക്കുന്ന ഇത്തരം ഹീനലക്ഷ്യങ്ങളെ കുറിച്ച് എത്ര വേഗം ജനങ്ങൾ മനസ്സിലാക്കുന്നുവോ, അത്രയും വേഗത്തിൽ, അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് തങ്ങളുടെ ജീവിതങ്ങളെ പിച്ചിച്ചീന്തുന്ന യഥാർത്ഥ ശത്രുക്കളുടെ മുഖംമുടികളെ അവർക്ക് വലിച്ചുകീറാൻ സാധിക്കും.

പൗരത്വ ഭേദഗതി നിയമം

നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുടെ കേന്ദ്ര സർക്കാർ, രാജ്യത്തെ ഒന്നാകെ അരാജകത്വത്തിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിയിട്ടുകൊണ്ടും മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ചുകൊണ്ടും ഇക്കഴിഞ്ഞ ഡിസംബർ 9ന് ലോക്‌സഭയിലും ഡിസംബർ 11ന് രാജ്യസഭയിലും 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തുകൊണ്ട് ബിൽ അവതരിപ്പിക്കുകയും പാസ്സാക്കുകയുമുണ്ടായി. ഇൻഡ്യയിലേക്ക് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നു മുമ്പ് കുടിയേറിയിട്ടുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്‌സി മതവിശ്വാസികളായിട്ടുള്ളവർക്ക് പൗരത്വം നൽകുന്ന ഒന്നാണ് പൗരത്വ ഭേദഗതി നിയമം. ഈരാജ്യങ്ങളിൽ നിന്നുവന്നിട്ടുള്ള മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ രാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളാണ് മുകളിൽ പറഞ്ഞവരെന്നാണ് സർക്കാരിന്റെ വാദം. അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകണമെങ്കിൽ, ഇൻഡ്യയിൽ അവർക്ക് 11 വർഷത്തിന്റെയെങ്കിലും സ്ഥിരവാസം (ഞലശെറലിര്യ) ഉണ്ടായിരിക്കണമെന്നായിരുന്നു നിലവിലുള്ള പൗരത്വ നിയമം അനുശാസിച്ചിരുന്നത്. അത് പുതിയനിയമ ഭേദഗതി 5 വർഷമായി കുറയ്ക്കുകയും ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആറാം പട്ടികയിൽപ്പെടുന്ന പ്രദേശങ്ങളെ ഈ നിയമത്തിൽനിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ തകർക്കുന്ന ഒന്നാണ് ഈ നിയമഭേദഗതിയെന്നും ഇത് ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ മുക്കിനും മൂലയിലും പ്രതിഷേധപ്രകടനങ്ങൾ അലയടിക്കുകയാണ്. ലക്ഷോപലക്ഷം ജനങ്ങളും വിദ്യാർത്ഥികളും ഇന്ന് തെരുവിലാണ്. ഭരണഘടനാവിരുദ്ധമായ രാഷ്ട്രീയ അജണ്ടകളോടെ നീങ്ങുന്ന കേന്ദ്രസർക്കാരാകട്ടെ, ഈ പ്രതിഷേധങ്ങളെ പോലീസിന്റെയും അധികാരത്തിന്റെയും ബലം ഉപയോഗിച്ച് നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ നിരായുധരായ ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി ഭരണം. ഈ കിരാതനിയമത്തിനെതിരെ സമരം ചെയ്ത നിരവധി ആളുകൾ തോക്കിനിരയായി. ബിജെപി ഭരിക്കുന്ന യുപിയിൽ പോലീസിന്റെ നേതൃത്വത്തിലും ഒത്താശയോടെയും നടക്കുന്ന ഭീതിദമായ നരനായാട്ടിന്റെ വാർത്തകളാണ് ദിനംപ്രതി പ്രവഹിക്കുന്നത്. അവിടെ മാത്രം പോലീസ് വെടിവയ്പിൽ ഇതിനോടകം 20 പേർ കൊലചെയ്യപ്പെട്ടുകഴിഞ്ഞു. രാജ്യമെമ്പാടും നൂറുകണക്കിന് ആളുകളെ അറസ്റ്റുചെയ്തു. ഉയർന്ന സാമൂഹ്യ പദവിയുള്ള വ്യക്തിത്വങ്ങളെവരെ കസ്റ്റഡിയിലെടുത്തു. 6 സംസ്ഥാനങ്ങളിലും യുപിയിലെ നിരവധി ജില്ലകളിലും ഇന്റർനെറ്റ് വിച്ഛേദിച്ചു. ആഗസ്റ്റ് 5ന് കാശ്മീരിൽ വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. ഓൺലൈൻ വ്യാപാരവും ഇടപാടുകളും പൂർണ്ണമായും നിലച്ചതോടെ വാണിജ്യരംഗം കോടികളുടെ നഷ്ടത്തിലേക്ക് പതിച്ചിരിക്കുന്നു. ബാങ്കിംഗ് ഇടപാടുകൾ ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. എടിഎമ്മുകൾ പ്രവർത്തനരഹിതമായി. തങ്ങളുടെ ഹീനമായ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ഏതറ്റംവരെയും പോകുന്ന ഇക്കൂട്ടർ, നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ വീണ്ടും വഷളാക്കുന്ന നടപടികളിലൂടെ രാജ്യത്തെ തകർക്കുകയാണ് ചെയ്യുന്നത്. ഇവരുടെ രാജ്യസ്‌നേഹവായ്ത്താരികൾ തികഞ്ഞ കാപട്യമാണെന്ന് അങ്ങിനെ വീണ്ടും തെളിയുകയാണ്.


ഇത്തരമൊരു നിയമം ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും നിയമത്തെ സംബന്ധിച്ചും അടിസ്ഥാനരഹിതമായ വാദങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രചരിപ്പിക്കുന്നത്. വാദങ്ങൾ സമർത്ഥിക്കാൻ പാർലമെന്റിൽപോലും പച്ചനുണകൾ അവതരിപ്പിക്കുകയാണ് ഇക്കൂട്ടർ. പാക്കിസ്ഥാനിലെ മുസ്ലീം ഇതര ജനസംഖ്യ 23 ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി കുറഞ്ഞുവെന്ന കണക്ക് ഈ നിയമം അവതരിപ്പിച്ചുകൊണ്ട് പാർലമെന്റിൽ പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത്ഷായാണ്. പിന്നീട് മാധ്യമങ്ങളൊന്നാകെ ഇത് വസ്തുതാവിരുദ്ധമാണെന്ന് രേഖകൾ സഹിതം സമർത്ഥിച്ചിട്ടും അതു തിരുത്തുന്നില്ലെന്നു മാത്രമല്ല ഈ കല്ലുവച്ച നുണ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ബിജെപിയുടെ പ്രചാരണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ഈയൊരൊറ്റ ഉദാഹരണം മാത്രം മതി.
ഈ രാജ്യമൊന്നാകെ ഉയർത്തുന്ന ചോദ്യം, ഈ പൗരത്വ നിയമഭേദഗതിയിൽ നിന്നും എന്തുകൊണ്ട് മുസ്ലീങ്ങൾ ഒഴിവാക്കപ്പെട്ടുവെന്നതാണ്. ഒരു നിയമം വർഗ്ഗീകരണത്തിനു മുതിരുമ്പോൾ അത് യുക്തിഭദ്രമായിരിക്കണമെന്നത് (reasonable and
rationale classification) ഭരണഘടനാ സമീപനമാണ്. മുകളിൽ സൂചിപ്പിച്ചിട്ടുള്ള 6 മതവിഭാഗങ്ങളെ മാത്രം തെരഞ്ഞെടുക്കുകയും ഇസ്ലാം മതവിശ്വാസികളെ ഒഴിവാക്കുകയും ചെയ്തതുവഴി, പൗരത്വ നിയമ ഭേദഗതിയിൽ ഈ തത്വം പൂർണ്ണമായും ലംഘിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നും ഈ 6 മതവിഭാഗങ്ങളോടൊപ്പം മുസ്ലീങ്ങളും കുടിയേറിയിട്ടുണ്ട്. മറ്റുള്ളവരെ പൗരത്വത്തിനായി പരിഗണിക്കുമ്പോൾ, പ്രസ്തുത അവസരവും അവകാശവും ഇസ്ലാം മതവിശ്വാസികൾക്ക് നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന തുല്യ നീതിയുടെയും തുല്യ അവസരത്തിന്റെയും നഗ്നമായ നിഷേധമാണ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പേരിൽ, ഗൃഹസമ്പർക്ക പരിപാടിയിൽ വിതരണം ചെയ്യുന്ന ‘കമൽ സന്ദേശ്’ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. 6 മതവിഭാഗങ്ങളെ മാത്രം തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമായി സർക്കാർ അവതരിപ്പിക്കുന്നത് അവർ മതപീഡനം നേരിടുന്ന ന്യൂനപക്ഷവിഭാഗങ്ങളാണ് എന്നതാണ്. മതപീഡനത്തോടൊപ്പം രാഷ്ട്രീയ പീഡനവും സാമ്പത്തിക പീഡനവും തുടങ്ങി ഒട്ടനവധി കാരണങ്ങൾ കുടിയേറ്റത്തിന് കാരണമായിരിക്കുമ്പോൾ മതപീഡനം മാത്രം മാനദണ്ഡമാക്കുന്നതിന്റെ യുക്തി എന്താണ്?


അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് മുസ്ലീം ജനവിഭാഗങ്ങൾ ഇൻഡ്യയിലേക്ക് കുടിയേറിയിട്ടുണ്ടെന്നത് കേന്ദ്രസർക്കാരിന്റെ വക്താക്കളും അംഗീകരിക്കുന്ന വസ്തുതയാണല്ലോ. ഇൻഡ്യയിൽ അഭയം യാചിച്ചുവരാൻ അവരെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കണം? മതപരമായ കാരണമാകാൻ സാധ്യതയില്ലല്ലോ. ഏതൊരു രാജ്യത്തെയും സാധാരണ ജനങ്ങൾ തങ്ങൾ ജനിച്ചുവളർന്ന സ്വന്തം മണ്ണ് ഉപേക്ഷിച്ച് മറ്റൊരിടം അഭയകേന്ദ്രമായി പരിഗണിക്കാൻ നിർബ്ബന്ധിതമാകുന്നതിൽ സാമ്പത്തികമായ നിസ്സഹായത വലിയൊരു പങ്കുവഹിക്കുന്നുണ്ട്. മുകളിൽ സൂചിപ്പിച്ച മൂന്നുരാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ദാരിദ്ര്യവും മുസ്ലീങ്ങൾ അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളെയും അവിടങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നത് തർക്കമറ്റ കാര്യമാണ്. അത്തരമൊരു സാഹചര്യത്തിൽ മതപരമായ പീഡനത്തെ മാത്രം അടിസ്ഥാനമാക്കി പൗരത്വം നിർണ്ണയിക്കുന്ന നിയമം ജനാധിപത്യത്തിന്റെ പ്രാഥമികതത്വത്തിന്റെ നിഷേധമാണ്. കൊടിയ ദാരിദ്ര്യമെന്ന ഒറ്റ കാരണംകൊണ്ട് ഈ രാജ്യങ്ങൾ ഉപേക്ഷിച്ച മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കുകയും അതേ കാരണംകൊണ്ട് ഇവിടെയെത്തിയ മുസ്ലീങ്ങൾക്ക്, അവർ ഇസ്ലാം മതവിശ്വാസിയായിപ്പോയി എന്ന കാരണത്താൽ അതു ലഭിക്കാതിരിക്കുകയും ചെയ്യുക അടിസ്ഥാനപരമായി എത്രയോ മനുഷ്യത്വവിരുദ്ധമാണ്. വാദത്തിനുവേണ്ടി മതപീഡനമാണ് മാനദണ്ഡമെന്ന് അംഗീകരിച്ചാൽ, ഇതേ മതപീഡനം താങ്ങാനാവാതെ വന്ന പാക്കിസ്ഥാനിലെ അഹമ്മദീയ, ഷിയ വിഭാഗങ്ങളെയും ബർമ്മയിലെ രോഹിംഗ്യൻ അഭയാർത്ഥികളെയും പരിഗണിക്കാത്തതെന്തുകൊണ്ടാണ്. അതിനും”കമൽ സന്ദേശി’ൽ വിശദീകരണമില്ല. ഒരു രാജ്യത്തെ ന്യൂനപക്ഷ പീഡനമാണ് പ്രശ്‌നമെങ്കിൽ ശ്രീലങ്കയിൽനിന്നുള്ള ന്യൂനപക്ഷമായ മുസ്ലീങ്ങൾക്ക് ആ പരിഗണന ലഭിക്കാതെ പോയതെന്താണ്? മൃഗീയമായ രാഷ്ട്രീയ പീഡനം സഹിക്കവയ്യാതെ ആ രാജ്യത്തുനിന്ന് കൂട്ടപലായനം ചെയ്ത പതിനായിരക്കണക്കിന് തമിഴ് ജനതയെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണ്?

ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്നുരാജ്യങ്ങൾ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്താണ്? ഇൻഡ്യയുമായി അതിർത്തി പങ്കിടാത്ത രാജ്യമായ അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ടപ്പോൾ അതിർത്തിരാജ്യമായ ശ്രീലങ്കയും ബർമ്മയും ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണ്. രാജ്യങ്ങളെ തെരഞ്ഞെടുത്തതും ഹീനമായ ലക്ഷ്യങ്ങളോടെയാണെന്ന് ഇത് വ്യക്തമാക്കുന്നു. മുസ്ലീം വിരുദ്ധതയെ കൂടുതൽ ഉറപ്പിക്കാനും അണയാതെ നിലനിർത്താനും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷപീഡനം പ്രചാരണവിഷയമാക്കാനും ലക്ഷ്യംവച്ചുകൊണ്ടാണ് അവയെ മാത്രം തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു നിയമത്തിന്റെ രൂപീകരണവും അതിന്റെ നിലനിൽപ്പുതന്നെയും വിവേചനത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നത്, രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഘടനയുടെ മേൽ പതിച്ച കനത്ത ആഘാതമാണ്. ഒരു നിയമത്തിന്റെയും സൃഷ്ടിക്ക് ഒരിക്കലും കാരണമായിക്കൂടാത്ത സങ്കുചിത പരിഗണനകൾ ഈ നിയമത്തിന്റെ പിന്നിലുണ്ടെന്ന് സംശയരഹിതമായി സ്ഥാപിക്കുന്ന വസ്തുതകളാണ് മുകളിൽ സൂചിപ്പിച്ചിട്ടുള്ളത്.

Share this post

scroll to top