സ്ത്രീപീഡനക്കേസുകളിൽ കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുക-എഐഎംഎസ്എസ്

Hybd-issue-ALP.jpeg
Share

ഹൈദരബാദിൽ വെറ്റിനറി ഡോക്ടറെ നാലു യുവാക്കൾ ചേർന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യം മുഴുവൻ പ്രതിഷേധമുയരുമ്പോൾ, ഇരയായ പെൺകുട്ടി സംഭവം നടക്കുന്നതിന് മുമ്പ് സഹോദരിയെയല്ല പോലീസിനെ വിളിക്കണമെന്നാണ് തെലുങ്കാന ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. പോലീസ്, സഹോദരിയുടെ പരാതി പ്രകാരം തക്കസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു. സ്ത്രീകളുടെ മാനത്തിനും ജീവനും സംരക്ഷണം നൽകുന്നതിൽ അധികാരസംവിധാനത്തിനുണ്ടായ പരാജയത്തിൽ ക്ഷമാപണം നടത്തുന്നതിന് പകരം ഇത്തരം പ്രസ്താവനയിലൂടെ അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അധികാരികളുടെ കുറ്റകരമായ ഈ സമീപനത്തിൽ അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്) ശക്തമായ പ്രതിഷേധിക്കുന്നു.
ഇതേ തുടർന്ന,് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പീഡനങ്ങളുടെ ഒരു പരമ്പര തന്നെ പുറത്തുവന്നിരിക്കുകയാണ്. റാഞ്ചിയിൽ ഒരു നിയമവിദ്യാർത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 12 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ കാഞ്ചിപുരത്ത് 20വയസ്സുകാരിയും കൂടല്ലൂരിൽ 32കാരിയും പീഡനത്തിനിരയായി. ഗുജറാത്തിലെ വഡോദരയിലും ചണ്ഡിഗഡിലും പതിനാലും പതിനൊന്നും വയസ്സുളള കുഞ്ഞുങ്ങൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. നടുക്കമുണ്ടാക്കുന്ന ഈ സംഭവങ്ങളൊക്കെ ഇന്ത്യയിൽ ഒറ്റ ദിവസം നടന്നതാണ്. റിപ്പോർട്ട് ചെയ്തതും അല്ലാത്തതുമായ സംഭവങ്ങൾ ഇനിയുമുണ്ട്. ഇത് തെളിയിക്കുന്നത് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരുകൾ വരുത്തുന്ന കുറ്റകരമായ വീഴ്ചയെയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയും അശ്ലീല വെബ്‌സൈറ്റുകളിലൂടെയും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അശ്ലീലതയും, മദ്യം, മയക്കുമരുന്ന് ഇവയുടെ വ്യാപനവും പടർത്തുന്ന സാംസ്‌കാരിക ജീർണ്ണത എല്ലാ മാനുഷിക മൂല്യങ്ങളെയും തകർക്കുകയും ചിന്തയെ വികലപ്പെടുത്തുകയും ചെയ്യുന്നു. ഇത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുളള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. കുറ്റവാളികളെ സംരക്ഷിക്കുകയും ശിക്ഷ വൈകിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ മനോഭാവം രാജ്യത്തുടനീളം കുറ്റകൃത്യങ്ങൾ പെരുകുന്നതിലേയ്ക്ക് നയിക്കുന്നു.
സമീപകാലത്ത,് പൊതുജനങ്ങളുടെ രോഷവും പ്രതിഷേധവും കണക്കിലെടുത്ത് കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും ചില സംഭവങ്ങളിൽ അവരെ ശിക്ഷിക്കാനും അധികാരികൾ നിർബന്ധിതരായിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരവും അടിയന്തരവുമായ ആവശ്യകത ഇത്തരം ഭീകര സംഭവങ്ങൾക്ക് കർശനമായി തടയിടുകയെന്നതാണ്. ഇതാവർത്തിക്കാതിരിക്കാൻ, മദ്യം, മയക്കുമരുന്ന,് അശ്ലീല വെബ്‌സൈറ്റുകൾ ഇവയുടെ വ്യാപനം കർശനമായി തടഞ്ഞുകൊണ്ട് ആരോഗ്യകരമായ സാമൂഹ്യാന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാൻ സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. സ്ത്രീപീഡന കേസുകൾ അതിവേഗ കോടതികളിൽ തീർപ്പുകൽപ്പിക്കുകയും കുറ്റവാളികൾക്ക് കർശനശിക്ഷ ഉറപ്പാക്കുകയും ചെയ്യണം. പോലീസിന്റെ കുറ്റകരമായ അനാസ്ഥ അവസാനിപ്പിച്ച് സമയോചിതമായ ഇടപെടൽ ഉറപ്പാക്കണം. രാജ്യത്തെ നടുക്കിയ നിർഭയ സംഭവത്തെ തുടർന്നുണ്ടായ ജനകീയപ്രക്ഷോഭണത്തിന്റെ ഫലമായി നിയോഗിക്കപ്പെട്ട ജസ്റ്റിസ് വർമ്മാ കമ്മീഷന്റെ റിപ്പോർട്ട് ഇപ്പോൾ ചവറ്റുകുട്ടയിലാണ്. നിർഭയാനിധിയിലെ ഒരു തരി പണം പോലും ഇരകളാക്കപ്പെട്ടവരുടെ പുനഃരധിവാസത്തിനുവേണ്ടി ഉപയോഗിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, സ്ത്രീകളെ ലൈംഗിക-ഭോഗ വസ്തുവെന്നതിനു പകരം ആദരവോടെ കാണാനുളള മനോഭാവം സൃഷ്ടിക്കാനുതകുന്ന സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റവും കുറ്റവാളികൾക്ക് കർശനശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുളള പ്രക്ഷോഭണവും വളർത്തിയെടുക്കാൻ നേരായി ചിന്തിക്കുന്ന മുഴുവൻ ജനങ്ങളോടും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന അഭ്യർത്ഥിക്കുന്നു.

Share this post

scroll to top