അമേരിക്കയിലെ തെരുവുകള്‍ ഗര്‍ജ്ജിക്കുന്നു ”എനിക്ക് ശ്വാസം മുട്ടുന്നു”

gEORGE.jpg
Share


‘നിങ്ങൾക്ക് ഒരുപക്ഷേ എല്ലാ പൂക്കളെയും ചവിട്ടി അരയ്ക്കാൻ കഴിയുമായിരിക്കാം. പക്ഷേ, വസന്തത്തെ തടയാനാകില്ല’. പ്രശസ്ത ചിലിയൻ കവിയായ പാബ്ലോ നെരൂദയുടെ വരികളാണിവ. അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകവും തുടർന്നു രൂപപ്പെട്ട ജനകീയപ്രക്ഷോഭവും നെരൂദയുടെ കവിതയെ ഓർമ്മിപ്പിക്കും വിധം ശക്തമാണ്. മെയ് 27 നാണ് ജോർജ്ജ് ഫ്ലോയിഡ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ മിനിയപോളിസ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കടയിൽ കള്ളനോട്ട് കൊടുത്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. എന്നാൽ, അത് വാസ്തവവിരുദ്ധമായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ജോർജ്ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റം തെളിയിക്കുന്നതിനുവേണ്ടി നടത്തിയ കൊടും ക്രൂരതകളാണ് ഇപ്പോൾ വീഡിയോ ദൃശ്യങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇരുകൈകളും പിന്നിലേക്ക് പിടിച്ച് വിലങ്ങു വെച്ചതിനു ശേഷമാണ് ഡെറിക് ചൗവിൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ടു കൊണ്ട് ഞെരിച്ചത്. 8 മിനിട്ടും 46 സെക്കന്റും അദ്ദേഹം ജീവനുവേണ്ടി യാചിച്ചു. പ്ലീസ്…. എനിക്ക് ശ്വാസം മുട്ടുന്നു, എന്നദ്ദേഹം കേണപേക്ഷിച്ചു.
ജോർജ്ജ് ഫ്ലോയ്ഡിന്റെ ദീനരോദനങ്ങളൊന്നും അമേരിക്കയിലെ വര്‍ണവെറിയന്‍ പോലീസിനെ കൊടുംക്രൂരതയിൽ നിന്നും പിന്തിരിപ്പിച്ചില്ല. ജോര്‍ജജ് ഫ്ലോയിഡ്ശ്വാിന്റെ ശ്വാസംനിലയ്ക്കുവോളം തുടര്‍ന്നു ആ ക്രൂരത. എന്നാൽ, ഇന്നത് അമേരിക്കയെ പിടിച്ചു കുലുക്കും വിധം ഒരു കൊടുങ്കാറ്റായി തീർന്നിരിക്കുന്നു. ജോർജ്ജ് ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്തുകൊണ്ട് അമേരിക്കൻ ജനത നടത്തുന്ന പോരാട്ടം വലിയൊരു സാമൂഹ്യ മുന്നേറ്റ മായി മാറിക്കൊണ്ടിരിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ”കൊള്ള ആരംഭിച്ചാൽ വെടിവെയ്ക്കും” എന്ന പ്രകോപനപരമായ പ്രസ്താവന കൂടി വന്നതോടെ പ്രക്ഷോഭം എല്ലാം നഗരങ്ങളിലേക്കും വ്യാപിച്ചു. വൈറ്റ്ഹൗസിന് മുന്നിലും ആയിരങ്ങൾ തടിച്ചുകൂടി, എനിക്ക് ശ്വാസം മുട്ടുന്നു എന്ന മുദ്രാവാക്യം മുഴക്കുന്നു. ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുകൊണ്ട് ജനങ്ങൾ തെരുവുകൾ കീഴടക്കുകയാണ്. ഡെറിക് ചൗവിന്റെ വീടിനു മുന്നിൽ ‘ കൊലയാളി ഇവിടെ ജീവിക്കുന്നു’ എന്നെഴുതുകയും ജഡ്ജിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് ചെയ്തു കൊണ്ട് കൊലയാളിയെ വിചാരണ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു അമേരിക്കൻ ജനത. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രക്ഷോഭത്തെ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികൾ പിന്തുണയ്ക്കണം. കാരണം, അമേരിക്കയിലെ കറുത്ത വർഗക്കാരുടെ ചരിത്രം തന്നെ രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ടതാണ്.


അമേരിക്ക: കുടിയേറ്റ ജനതയുടെ രാജ്യം

1492 ൽ സ്പാനിഷ് നാവികസേനയിലെ കപ്പിത്താൻ ആയ കൊളംബസാണ് അമേരിക്കയിൽ ആദ്യം കാലുകുത്തുന്ന യൂറോപ്യൻ. പിന്നീട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള വൻതോതിലുള്ള കുടിയേറ്റത്തിനാണ് അമേരിക്ക സാക്ഷ്യംവഹിച്ചത്. തദ്ദേശീയ ജനവിഭാഗമായ റെഡ് ഇന്ത്യൻസിനെ കൂട്ടക്കശാപ്പ് ചെയ്തുകൊണ്ട് യൂറോപ്യൻ മുതലാളിമാർ അമേരിക്കയിൽ ആധിപത്യമുറപ്പിച്ചു. അമേരിക്കയിലെ കൃഷിത്തോട്ടങ്ങളിൽ പണിയെടുപ്പിക്കുന്നതിനു വേണ്ടിയാണ് ആഫ്രിക്കയിൽനിന്നും നീഗ്രോ അടിമകളെ അമേരിക്കയിലെത്തിച്ചത്. അടിമപ്പാളയങ്ങളിൽ മൃഗസമാനമായി ജീവിച്ച ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവിതവും കൂടിച്ചേർന്നതാണ് അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രം.


1860 ൽ എബ്രഹാംലിങ്കൺ അമേരിക്കൻ പ്രസിഡന്റ് ആകുന്നതോടെയാണ് അടിമത്തം നിയമപരമായി അവസാനിപ്പിക്കുവാൻ അവസരമൊരുങ്ങിയത്. 1863 ൽ അദ്ദേഹം അടിമത്തം അവസാനിപ്പിക്കുന്നതിനു വേണ്ടി വിമോചന വിളംബരം പുറപ്പെടു വിച്ചു. നീഗ്രോകൾക്കുവേണ്ടി ശബ്ദമുയർത്തുകയും നിയമനിർമ്മാണം നടത്തുകയും ചെയ്തു. അതിന്റെ വിലയായി എബ്രഹാംലിങ്കണ് സ്വജീവൻ തന്നെ നഷ്ടപ്പെട്ടു. 1865 ൽ അദ്ദേഹത്തെ ജോൺ വിൽക്കിസ് ബൂത്ത് എ ന്ന വംശവെറിയൻ വെടിവച്ച് കൊന്നു.
എബ്രഹാം ലിങ്കൻ വിമോചന വിളംബരം പ്രഖ്യാപിച്ച് 100 വർഷം പിന്നിട്ടപ്പോൾ 1963 ഓഗസ്റ്റ് 28ന് നീഗ്രോ തൊഴിലാളികളുടെ സമുന്നത നേതാവായ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ വാഷിംഗ്ടണിലെ വമ്പിച്ച ജനമുന്നേറ്റത്തെ അഭിസംബോധന ചെയ്തു. ആ ചരിത്രപ്രധാനമായ പ്രസംഗം കറുത്തവരുടെ ജീവിതത്തിന്റെ നേർസാക്ഷ്യമായി ലോകത്തിനു മുന്നിൽ ഇന്നും നിലകൊള്ളുന്നു.
എനിക്കിപ്പോഴും ഒരു സ്വപ്നമുണ്ട് …
“സ്വയം തെളിയിക്കും വിധം എല്ലാ മനുഷ്യരും തുല്യരാണെന്ന സത്യത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നുമെന്ന് ” നാം എഴുതിവെച്ച ആ വിശ്വാസ പ്രമാണത്തിന്റെ യഥാർത്ഥ സത്തയിലേക്ക് ഈ രാജ്യം ഉയരുമെന്ന സ്വപ്നമാണത്… ചര്‍മ്മത്തിന്റെ നിറത്താലല്ലാതെ, സ്വന്തം കർമ്മത്തിന്റെ പേരിൽ മാത്രം വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് എന്റെ നാലുമക്കളും ജീവിക്കണമെന്ന് എനിക്കൊരു സ്വപ്നമുണ്ട്…
കറുത്തവരെ സംഘടിപ്പിച്ച, അവരുടെ തൊഴിലവകാശങ്ങൾക്കുവേണ്ടി, മനുഷ്യാവകാശങ്ങൾക്കു വേണ്ടി നിരന്തരം സംസാരിച്ച മാർട്ടിൻ ലൂഥർ കിങ്ങിനെയും വംശവെറിയുടെ സിദ്ധാന്തം തോക്കു കൊണ്ട് നിശബ്ദനാക്കി. 1968 ഏപ്രിൽ 4 ന് ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹവും വെടിയേറ്റ് കൊല്ലപ്പെട്ടു.
ലോകത്തിലെ സമ്പൂർണ ജനാധിപത്യരാജ്യം എന്നവകാശപ്പെടുന്ന അമേരിക്കയിൽ കറുത്ത നിറമുള്ളവർ നിരന്തരം വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. പോൾ റോബ്സൺ എന്ന വിശ്വപ്രസിദ്ധനായ നീഗ്രോ സംഗീതജ്ഞൻ അമേരിക്കയിൽ അനുഭവിച്ച വംശീയ പീഡനങ്ങൾ ഞെട്ടിക്കുന്നതാണ്. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പാറ്റേഴ്സണുമായി ചേർന്ന് എഴുതിയ പുസ്തകത്തിന്റെ ശീർഷകം തന്നെ ഞങ്ങൾ കൊന്നൊടുക്കപ്പെടുന്നു എന്നാണ്. പ്രസ്തുത പുസ്തകത്തിൽ അവർ എഴുതുന്നു: അമേരിക്കയുടെ അടിസ്ഥാന സമ്പത്തു മുഴുവൻ നീഗ്രോകളിൽ നിന്ന് തട്ടിയെടുത്ത്, അവരെ അടിമകളാക്കി, പിന്നെ മോചിപ്പിച്ചു, വീണ്ടും അടിമകളാക്കി. പിന്നെ മോചിപ്പിച്ചു ഇതാ ഈ സമയം വരെ അത് തുടരുന്നു… പോൾ റോബ്സന്റെ പ്രവർത്തനങ്ങൾ അമേരിക്കയിലെ മുതലാളി വർഗ്ഗത്തെ പ്രകോപിപ്പിച്ചു. 1950-ൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് അസാധുവാക്കി. ‘താൻ ഒരു കമ്യൂണിസ്റ്റ് അല്ല’ എന്ന സത്യവാങ്മൂലം നൽകിയാൽ പാസ്പോർട്ട് അസാധുവാക്കിയ നടപടി റദ്ദ് ചെയ്യാമെന്ന കണ്ടീഷൻ ഭരണാധികാരികൾ മുന്നോട്ടുവച്ചു. പോൾ റോബ്സൺ അതിന് തയ്യാറായില്ല. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനതയ്ക്ക് സമ്പൂർണ സമത്വം കിട്ടുന്നതിനുവേണ്ടി, സമാധാനത്തിനു വേണ്ടി, എല്ലാ ജനതകളുടെയും ഐക്യത്തിനുവേണ്ടി സംസാരിക്കുന്നത് കൊണ്ട് നിങ്ങൾ എന്നെ അമേരിക്കയുടെ ശത്രു എന്ന് വിളിക്കുന്നു.
ബ്രിട്ടനിലെ തൊഴിലാളി പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുവാനും സാമ്രാജ്യത്വവിരുദ്ധ സമ്മേളനങ്ങളിൽ പങ്കെടുക്കുവാനും പോൾ റോബ്സൺ തയ്യാറായി. തൊഴിലാളികൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ ജനലക്ഷങ്ങളെ സ്വാധീനിച്ചു. 1949-ൽ ബ്രിട്ടനിൽ നിന്നും അമേരിക്കയിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു: ”ഞാനെന്റെ സമരവീര്യവും രാഷ്ട്രീയബോധവും ഇവിടത്തെ തൊഴിലാളി പ്രസ്ഥാനത്തിൽ നിന്നാണ് മനസ്സിലാക്കിയത്. അമേരിക്കയിലെ എന്റെ ജനതയ്ക്ക് (Negro) വേണ്ടിയുള്ള സമരവും എവിടെയുമുള്ള അടിച്ചമർത്തപ്പെട്ട തൊഴിലാളികൾക്ക് വേണ്ടിയുള്ള സമരവും ഒന്നുതന്നെയാണ്.”
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭത്തോട്, ലോകമെമ്പാടുമുള്ള തൊഴിലാളികൾ, അടിച്ചമർത്തപ്പെടുന്നവർ ഐക്യപ്പെടേണ്ടതുണ്ട്. കോവിഡ് 19 മഹാമാരി മൂലം ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ട രാജ്യം അമേരിക്കയാണ് എന്നത് ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിൽ ഒരു ലക്ഷത്തിലേറെ മനുഷ്യജീവനുകൾ ഇല്ലാതായി കഴിഞ്ഞു. കോവിഡിന്റെ പ്രാഥമിക പരിശോധനകൾക്കു പോലും ആയിരക്കണക്കിന് ഡോളർ ചെലവഴിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. പണമില്ലാത്ത തൊഴിലാളികൾക്കും സാധാരണക്കാരായ ബഹുഭൂരിപക്ഷവും ചികിത്സ നിഷേധിക്കടുന്നതുമൂലമാണ് മരണപ്പെടുന്നത്. എന്നാൽ ,മറുവശത്ത് ശതകോടീശ്വരന്മാർ പണക്കൂനകൾക്കു മുകളിൽ വസിക്കുന്നു. അമേരിക്കയിൽ സാമൂഹിക അസമത്വം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. കറുത്തനിറമുള്ളവരിൽ ബഹുഭൂരിപക്ഷവും തൊഴിലാളികളാണ്. വംശീയ പ്രശ്നങ്ങളെ തൊഴിലാളിവർഗ്ഗ മുന്നേറ്റവുമായി ഉദ്ഗ്രഥിച്ചു കൊണ്ടുള്ള സോഷ്യലിസ്റ് വിപ്ലവത്തിലൂടെ മാത്രമേ തൊഴിലാളികൾ നേരിടുന്ന എല്ലാതരം ചൂഷണങ്ങളും അവസാനിപ്പിക്കാൻ സാധിക്കൂ. വെളുത്ത വർഗ്ഗമെന്നും കറുത്ത വർഗ്ഗമെന്നും തൊഴിലാളികളെ ഭിന്നിപ്പിച്ച് നിർത്തേണ്ടത് മുതലാളി വർഗത്തിന്റെ ആവശ്യകതയാണ്. മുതലാളിത്ത സാമ്പത്തിക ചൂഷണത്തിനെതിരായ പോരാട്ടങ്ങൾ രൂപപ്പെടാനുള്ള സാഹചര്യങ്ങളെ മുൻകൂർ പ്രതിരോധിക്കുകയാണ് വ്യവസ്ഥിതിയുടെ സംരക്ഷകർ. ഇത് മനസ്സിലാക്കിക്കൊണ്ടുള്ള ശക്തമായ തൊഴിലാളി വർഗ്ഗ മുന്നേറ്റങ്ങൾ കൊണ്ടു മാത്രമേ അമേരിക്കൻ ജനതയുടെ വിമോചനം സാധ്യമാകൂ.

Share this post

scroll to top