എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പൊളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന അംഗവും വിദേശകാര്യ ഡെപ്യൂട്ടിയുമായിരുന്ന സഖാവ് മണിക് മുഖര്‍ജി 2023 ഒക്ടോബര്‍ 16ന് വൈകുന്നേരം കല്‍ക്കത്തയിലെ ഹാര്‍ട്ട് ക്ലിനിക്കില്‍ അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ദീര്‍ഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മഹാജതി സദനില്‍ ഒക്ടോബര്‍ 26ന് നടന്ന അനുസ്മരണസമ്മേളനത്തില്‍ നൂറുകണക്കിന് സഖാക്കളും സുഹൃത്തുക്കളും പങ്കെടുത്തു. എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് അനുസ്മരണ പ്രഭാഷണം നടത്തി.
പാര്‍ട്ടി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആജീവനാന്ത വിപ്ലവകാരിയായിരുന്ന സഖാവ് മണിക് മുഖര്‍ജിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഖാവ് ശിബ്ദാസ് ഘോഷിന്റെ ഉറ്റസഖാവും പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച സഖാവ് നിഹാര്‍ മുഖര്‍ജിയാണ് അടുത്ത ബന്ധുകൂടിയായ സഖാവ് മണിക് മുഖര്‍ജിയെ പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നത്. പതിമൂന്നാമത്തെ വയസ്സില്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. 1940ല്‍ കുടുംബം ഡാക്കയില്നിന്ന് കല്‍ക്കത്തയിലേയ്ക്ക് മാറിയതോടെ സഖാവ് മണിക് മുഖര്‍ജിയും കല്‍ക്കത്തയിലേയ്ക്ക് വന്നു.
ദീര്‍ഘമായ പ്രവര്‍ത്തന കാലയളവില്‍ സുപ്രധാനമായ നിരവധി ചുമതലകള്‍ അദ്ദേഹം നിറവേറ്റി. സഖാവ് ശിബ്ദാസ് ഘോഷിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കോംസമോള്‍ സംഘടന പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സംഘാടന ചുമതല സഖാവ് മണിക് മുഖര്‍ജിയെ ആണ് ഏല്‍പ്പിച്ചത്. അവധാനതയോടെ അദ്ദേഹം അത് നിറവേറ്റി. തുടര്‍ന്ന് വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ബ്യൂറോയുടെ പ്രവര്‍ത്തനം ഏറ്റെടുത്തു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ സഖാവ് പ്രൊവാഷ് ഘോഷിനോടൊപ്പമാണ് തുടക്കത്തില്‍ അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്ഷയരോഗവും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടര്‍ന്ന് കുറേക്കാലം അദ്ദേഹത്തിന് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു.
1963ല്‍ ഒരു സാംസ്കാരിക സംഘടന രൂപീകരിക്കുവാനുള്ള ഉത്തരവാദിത്തം സഖാവ് ശിബ്ദാസ് ഘോഷ് സഖാവ് മണിക് മുഖര്‍ജിയെ ഏല്‍പ്പിച്ചു. തുടക്കത്തില്‍ ‘പഥികൃത്’ എന്ന പേരില്‍ ബംഗാളി ഭാഷയില്‍ ഒരു സാംസ്കാരിക ദ്വൈമാസിക പ്രസിദ്ധീകരണം ആരംഭിച്ചു. സഖാവ് മണിക് മുഖര്‍ജി ആയിരുന്നു അതിന്റെ എഡിറ്റര്‍. പിന്നീട് നാടകസംഘവും ഗായകസംഘവുമൊക്കെയായി ‘പഥികൃത്’ ഒരു സാംസ്കാരിക പ്രസ്ഥാനമായി വളര്‍ന്നു. സഖാവ് ശിബ്ദാസ് ഘോഷിന്റെ മാര്ഗ്ഗനിര്ദ്ദേശത്തിന് കീഴില്‍ സാഹിത്യ ലോകത്തെയും ദൃശ്യകലാ മേഖലയിലെയും വിവിധ പ്രവണതകളെക്കുറിച്ച് സഖാവ് മണിക് മുഖര്‍ജി ആഴമാര്‍ന്ന വിശകലനങ്ങള്‍ നടത്തി. കലാ-സാഹിത്യ-സാംസ്കാരിക രംഗത്ത് പുരോഗമന നാട്യത്തോടെ നിലകൊണ്ട പിന്തിരിപ്പന് പ്രവണതകളെ അദ്ദേഹം തുറന്ന് കാണിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ സാംസ്കാരിക രംഗത്തെ ഒരു പ്രമുഖ വ്യക്തിത്വമായി അദ്ദേഹം ഉയര്‍ന്നുവന്നു.
മഹാനായ സാഹിത്യകാരന് ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ജന്മശതാബ്ദി ആചരിക്കാന്‍ 1975-76 കാലത്ത് പാര്‍ട്ടി തീരുമാനിച്ചു. കലാ-സാഹിത്യ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു ആചരണ കമ്മിറ്റിക്ക് രൂപം നല്കുവാനുള്ള ചുമതല സഖാവ് മണിക് മുഖര്‍ജിക്കായിരുന്നു. വിജയകരമായി ഈ ദൗത്യം നിറവേറ്റിയ സഖാവ് മണിക് മുഖര്‍ജി അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. ‘പഥികൃത്’ സംഘടിപ്പിച്ച നിരവധി സമ്മേളനങ്ങളില്‍ സഖാവ് ശിബ്ദാസ് ഘോഷ് നടത്തിയ പ്രഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ‘ഗോള്‍ഡന്‍ ബുക്ക് ഓഫ് ശരത്ചന്ദ്ര’ എന്ന പേരില്‍ വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയ ആ ഈടുറ്റ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററും സഖാവ് മണിക് മുഖര്‍ജി ആയിരുന്നു. ഹിന്ദിയിലെയും മറ്റ് ഭാഷകളിലെയും മുന്‍നിര എഴുത്തുകാരെ ഉള്‍പ്പെടുത്തി ‘ആള് ഇന്ത്യ ശരത് സെന്റിനറി കമ്മിറ്റി’ക്ക് രൂപംനല്‍കുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. ‘പ്രേംചന്ദ് സെന്റിനറി കമ്മിറ്റി’ രൂപീകരിച്ചപ്പോള്‍ അതിന്റെയും ജനറല്‍സെക്രട്ടറി സ്ഥാനം വഹിച്ചത് അദ്ദേഹമായിരുന്നു. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ ചരമശതാബ്ദി ആചരണവേളയില്‍ പുറത്തിറക്കിയ ‘ഗോള്‍ഡന്‍ ബുക്ക് ഓഫ് വിദ്യാസാഗറി’ന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചതും സഖാവ് മണിക് മുഖര്‍ജിയായിരുന്നു.
1980കളുടെ തുടക്കത്തില്‍ പശ്ചിമബംഗാളില്‍ സിപിഐ(എം) നേതൃത്വത്തിലുള്ള മുന്നണി ഗവണ്മെന്റ് പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് ഭാഷാ പഠനവും ജയം-തോല്‍വി സമ്പ്രദായവും നിര്‍ത്തലാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം കവര്‍ന്നെടുക്കുകയും ചെയ്തപ്പോള്‍ പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍, ശാസ്ത്രജ്ഞര്‍, ചരിത്രകാരന്മാര്, ബൗദ്ധികവ്യക്തിത്വങ്ങള്‍, സാഹിത്യകാരന്മാര്, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒന്നിച്ചണിനിരന്ന ഐതിഹാസികമായ ഒരു പ്രക്ഷോഭം ബംഗാളില്‍ ഉയര്‍ന്നുവന്നു. ‘ശിക്ഷാ സങ്കോചന്‍ വിരോധി സ്വാധികാര്‍ രക്ഷാ കമ്മിറ്റി’ എന്ന പേരില്‍ രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ മുഖ്യസംഘാടകന്‍ സഖാവ് മണിക് മുഖര്‍ജി ആയിരുന്നു. 19 വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭത്തിനൊടുവില്‍ സിപിഐ(എം) സര്‍ക്കാരിന് പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് പഠനം പുനഃരാരംഭിക്കേണ്ടിവന്നു.
സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയെത്തുടര്‍ന്ന്, വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകളെ ഏകോപിപ്പിച്ചുകൊണ്ട് വീറുറ്റ ഒരു യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ സംഘാടനചുമതലയും സഖാവ് മണിക് മുഖര്‍ജിയുടെ ചുമലിലായിരുന്നു. ഈ പ്രവര്‍ത്തനത്തിലൂടെ 1995ല്‍ കല്‍ക്കത്തയില്‍ ഒരു സാമ്രാജ്യത്വ വിരുദ്ധ അന്തര്‍ദ്ദേശീയ കണ്വന്ഷന് സംഘടിപ്പിക്കപ്പെട്ടു. അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, സയര്‍, തുര്‍ക്കി, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. തുടര്‍ന്ന് 1997, 2003, 2005, 2007 വര്‍ഷങ്ങളില്‍ സമാനമായ കണ്‍വന്‍ഷനുകള്‍ നടന്നു. 2007ല്‍ നടന്ന കണ്‍വന്‍ഷനില്‍ മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ റാംസേ ക്ലാര്‍ക്ക് പ്രസിഡന്റും സഖാവ് മണിക് മുഖര്‍ജി ജനറല്‍ സെക്രട്ടറിയുമായി ‘ഇന്റര്‍നാഷണല്‍ ആന്റി-ഇംപീരിയലിസ്റ്റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി’ രൂപീകരിക്കപ്പെട്ടു. ഇതിലൂടെ സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിന്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതില്‍ സഖാവ് മണിക് മുഖര്‍ജി വലിയ പങ്കാണ് നിര്‍വ്വഹിച്ചത്. വിവിധ രാജ്യങ്ങളിലെ നിരവധി വ്യക്തിത്വങ്ങളെ ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും സൗമ്യമായ പെരുമാറ്റവും ബൗദ്ധികശേഷിയുമൊക്കെ വലിയ പങ്ക് വഹിച്ചു.
1988ല്‍ നടന്ന ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സഖാവ് മണിക് മുഖര്‍ജിക്ക് സ്റ്റാഫ് മെമ്പര്‍ഷിപ്പ് ലഭിച്ചു. പാര്‍ട്ടിയുടെ കല്‍ക്കത്ത ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടിയുടെ ബംഗാളി മുഖപത്രം ‘ഗണദാബി’യുടെ എഡിറ്ററുമായിരുന്നു. 2009ല്‍ നടന്ന രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ കേന്ദ്രമുഖപത്രത്തിന്റെ എഡിറ്റോറിയില്‍ ബോര്‍ഡ് അംഗവുമായി. 2018ല്‍ നടന്ന മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും അവസാന ശ്വാസംവരെ അദ്ദേഹം കര്‍ത്തവ്യബോധത്തോടെ നിറവേറ്റി.
സഖാവ് മണിക് മുഖര്‍ജി ഒരു വാത്സല്യനിധിയായിരുന്നു. ചൂഷിതജനതയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അളവറ്റതായിരുന്നു. അദ്ദേഹവുമായി പരിചയപ്പെട്ട ഏതൊരാളും ആ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹം ആര്‍ജ്ജിച്ച ഉന്നതമായ വിപ്ലവ സ്വഭാവവും രോഗബാധിതനായിരുന്നപ്പോള്‍ പോലും പ്രദര്‍ശിപ്പിച്ച കര്‍ത്തവ്യബോധവും പാര്‍ട്ടി ആദരവോടെ സ്മരിക്കുന്നു. പാര്‍ക്കിന്‍സോണിസം ചലനത്തെ വലിയ അളവില്‍ പരിമിതപ്പെടുത്തിയപ്പോഴും അദ്ദേഹത്തിന്റെ ചിന്തയ്ക്കോ വിപ്ലവ ആവേശത്തിനോ ഒട്ടും മങ്ങലേറ്റില്ല. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തെ മുഴുവന്‍ ചൂഷിതജനങ്ങള്ക്കും ഒരു തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കൃതികളും അര്‍പ്പണബോധവും സ്വഭാവ മഹിമയും വിപ്ലവകാരികളെ എക്കാലവും പ്രചോദിപ്പിക്കുക തന്നെ ചെയ്യും.
സഖാവ് മണിക് മുഖര്‍ജിക്ക്
ലാല്‍സലാം…