ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും രക്ഷാകർതൃത്വം, ആർഎസ്എസ്-ബിജെപി സംഘം സ്വയം ചാർത്തിയെടുത്തിട്ട് കാലം കുറെയായി. ഒരൊറ്റ രാഷ്ട്രീയ കക്ഷിക്കും അതിന്റെ ഒരൊറ്റ നേതാവിനും മാത്രമേ ഇന്ത്യയെയും ഇന്ത്യക്കാരെയും സംരക്ഷിക്കാൻ കഴിയു എന്ന ധാരണ സൃഷ്ടിച്ചെടുക്കാനാണ്, അവർ ശ്രമിക്കുന്നത്. ഇവരുടെയും കൂട്ടാളികളുടെയും നേതാക്കളുടെ അലർച്ചകളും തുള്ളലുകളും അവർക്ക് ദാസ്യവൃത്തി ചെയ്യുന്ന ബൂർഷ്വ മാദ്ധ്യമങ്ങളുടെ ഇടതടവില്ലാത്ത പ്രചാരണങ്ങളും ഉന്നംവക്കുന്നതും അതാണ്.
ഏതാനും നാളുകൾക്കുമുമ്പ് ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയാകട്ടെ, ജനജീവിതത്തെ താറുമാറാക്കുന്നതും കഴിഞ്ഞ അഞ്ച് വർഷത്തെ ബിജെപി ഭരണത്തിൻകീഴിൽ ഗണ്യമായി വർദ്ധിച്ചതുമായ നീറുന്ന പ്രശ്‌നങ്ങളെയെല്ലാം സൗകര്യപൂർവ്വം പിന്നിലൊളിപ്പിച്ചിരിക്കുകയാണ്. പകരം, ബിജെപിക്കാരനായ പ്രധാനമന്ത്രി അവരുടെ പ്രചോദനമെന്നവകാശപ്പെടുന്ന ‘ദൃഢതയാർന്ന ദേശീയത’യിലേക്കാണ് അത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന്, 40 സിആർപിഎഫ് ജവാന്മാരെ തൽക്ഷണം വധിച്ച ഫുൽവാമ സ്‌ഫോടനം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തവർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യഥാർത്ഥത്തിൽ ആർഎസ്എസ്-ബിജെപി സംഘത്തിന് വലിയൊരു സേവനമാണ് ചെയ്തതെന്ന് സംശയലേശമെന്യേ പറയാവുന്നതാണ്. ‘ബീഭത്സമായ ഈ സംഭവത്തെ’യും അതിന്, പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ നടത്തിയ മിന്നലാക്രമണത്തിേലക്കും സൈനികേതര ഇടപെടലിലേക്കും നയിച്ചതെന്ന് അവരവകാശപ്പെടുന്ന ‘തൽക്ഷണമുള്ള തിരിച്ചടി’യെയും പറ്റി പറഞ്ഞുകൊണ്ട്, ദേശീയതയെയും ദേശസ്‌നേഹത്തെയും പറ്റിയുള്ള തങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ വിശ്വാസപത്രം വർദ്ധിതവീര്യത്തോടെ ഉയർത്തിക്കാട്ടാനും ഈ ദാരുണസംഭവം അവരെ സഹായിച്ചിരിക്കുന്നു. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലെല്ലാം ബിജെപിക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി, തന്നെ വെറുക്കുന്നവർ രാജ്യത്തിനെതിരെ സംസാരിക്കുന്നവരാണെന്നും, അതുവഴി രാജ്യസ്‌നേഹത്തിന്റെ കുത്തക അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഉപദേശകവൃന്ദത്തിനും മാത്രമവകാശപ്പെട്ടതാണെന്നും ധിക്കാരപൂർവ്വം പ്രഖ്യാപിക്കുകയാണ്. അതോടൊപ്പംതന്നെ, തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണ ബിജെപിക്കും സഖ്യകക്ഷികൾക്കും ഉറപ്പിക്കുന്ന തരത്തിൽ ദേശീയ ഭ്രാന്ത് ജ്വലിപ്പിച്ചുനിർത്തുകയും ചെയ്യുന്നു.
ആർഎസ്എസ്-ബിജെപി സംഘത്തിന്റെ ഹിന്ദു ദേശീയതാ സിദ്ധാന്തം
ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും ഏക ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന് വീമ്പുപറയുന്ന ആർഎസ്എസ്-ബിജെപി സംഘത്തിന്റെ പൂർവ്വചരിത്രമെന്താണ്? ചരിത്രത്തിന്റെ താളുകൾ നമുക്കൊന്ന് മറിച്ചുനോക്കാം. ആർഎസ്എസിന്റെയും കാവിപ്പടയുടെയും സൈദ്ധാന്തികനായ എം.എസ്.ഗോൾവാൾക്കറുടെ അഭിപ്രായംനോക്കു, ”ഒരു പ്രാചീന വസ്തുത എന്ന നിലയിൽ നമ്മുടെ ദേശീയതയെയും ഭാരതത്തിലെ ദേശീയ സമൂഹമെന്ന നിലയിൽ ഹിന്ദുക്കളെയും പറ്റിയുള്ള യാഥാർത്ഥ്യത്തിലേക്ക് നാം തിരികെയെത്തുകയും ഈ കളികൾക്കപ്പുറത്തേക്കുനോക്കാൻ പ്രാപ്തരാകുകയുംവേണം; നമ്മുടെ സംഘടനയ്ക്ക് ‘രാഷ്ട്രീയ’ എന്ന പദം സ്വീകരിക്കുമ്പോൾ നമ്മുടെ ആദരണീയനായ സ്ഥാപകനേതാവ് വ്യക്തമായും ആവർത്തിച്ചുറപ്പിച്ചതാണിത്. നാം നമ്മുടെ യഥാർത്ഥവും സമ്പൂർണ്ണവുമായ ഔന്നത്യത്തിൽ ഒരിക്കൽക്കൂടി നിലകൊള്ളുകയും ഭാരതത്തിലെ ഹിന്ദു ദേശീയ ജീവിതത്തെ, പൗരാണികകാലംതൊട്ടേ അതിന്റെ ജന്മാവകാശമായ കീർത്തിയിലേക്കും കുലീനതയിലേക്കും ഉയർത്തുമെന്നും നിർഭയമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്”(1). ‘പ്രാചീനവസ്തുത എന്ന നിലയിൽ നമ്മുടെ ദേശീയത’, ‘ഭാരതത്തിലെ ദേശീയ സമൂഹമെന്ന നിലയിൽ ഹിന്ദുക്കൾ’ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. ദേശീയത എന്നത് ഒരു പൗരാണികാശയമാണെന്നും ഭാരതത്തിൽ(ഋഷിമാരുടെയും യോഗിവര്യന്മാരുടെയും കാലത്തുള്ള ഭാരതം) ഹിന്ദുക്കളുടെ ഒരു ദേശീയ സമൂഹം നിലനിന്നിരുന്നുവെന്നുമാണ് ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്. തീർച്ചയായും അവിശ്വസനീയം! മതത്തെ മാത്രം ആധാരമാക്കി ഒരു രാഷ്ട്രമെങ്കിലും ഇന്നുവരെ ഉണ്ടായിട്ടുണ്ടോ? ഇതായിരുന്നു സ്ഥിതിയെങ്കിൽ ക്രിസ്തീയതയെ അടിസ്ഥാനമാക്കിയ ഒരൊറ്റ രാഷ്ട്രമേ യൂറോപ്പിൽ ഉണ്ടാകുമായിരുന്നുള്ളു. അതുപോലെ ഇസ്ലാമിനെ ആധാരമാക്കി അറബ് ലോകത്ത് ഒന്നും മുഴുവൻ അമേരിക്കൻ ഭൂഖണ്ഡത്തിലുംകൂടി ഒരു രാഷ്ട്രവും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. പ്രാചീന കാലത്തുപോലും ഭാരതത്തിൽ, രാഷ്ട്രമെന്ന സങ്കൽപം നിലനിന്നിരുന്നു എന്നു പറയുന്നത്, അതിനാൽത്തന്നെ, അസംബന്ധമോ ചരിത്രത്തെ തെറ്റായി അവതരിപ്പിക്കലോ ആണ്. വിവിധ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന, ഇന്ന് ഇന്ത്യ ഉപഭൂഖണ്ഡമെന്ന് വിളിക്കപ്പെടുന്ന പ്രദേശമാകെത്തന്നെ അക്കാലത്ത് രാജാക്കന്മാരാലോ നാടുവാഴി പ്രഭുക്കളാലോ ഭരിക്കപ്പെട്ടിരുന്ന, അസംഖ്യം സാമ്രാജ്യങ്ങളും നാട്ടുരാജ്യങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു. തങ്ങളുടെ കീഴിലുള്ള പ്രദേശം സംരക്ഷിക്കുന്നതിനോ പുതിയവ വെട്ടിപ്പിടിക്കുന്നതിനോവേണ്ടി ഈ സാമ്രാജ്യങ്ങൾ തമ്മിൽ നിരന്തരം യുദ്ധങ്ങൾ നടന്നുകൊണ്ടിരുന്നു. ഈ പ്രക്രിയയിലൂടെ നിരവധി സാമ്രാജ്യങ്ങൾ തകർന്നുപോകുകയോ പുനഃസംഘടിപ്പിക്കപ്പെടുകയോ ചെയ്തു. ചിലപ്പോൾ നിരവധി സാമ്രാജ്യങ്ങളെ തന്റെ കീഴിലാക്കി ഒരു ചക്രവർത്തി ഉയർന്നുവരികയും പിന്നീടൊരുഘട്ടത്തിൽ അവ ശിഥിലമായി വ്യത്യസ്തസാമ്രാജ്യങ്ങളോ രാജ്യങ്ങളോ ആയി വിഭജിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാമ്രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഹൈന്ദവതയോ ബുദ്ധമതമോ സ്വീകരിച്ചിരുന്നു. പിൽക്കാലത്ത് മുഗളന്മാരും പത്താന്മാരും ഇന്ത്യൻ പ്രവിശ്യയിലേക്ക് നടത്തിയ പടയോട്ടത്തിൽ പരാജയപ്പെട്ട നിരവധി സാമ്രാജ്യങ്ങൾ അവരുമായി സഹകരിച്ചുനീങ്ങുകയോ സമ്പൂർണ്ണമായും കീഴടങ്ങുകയോ ചെയ്തു. ഈ അധിനിവേശ ശക്തികളുമായി സഹകരിക്കുകയോ അവർക്കുമുമ്പിൽ കീഴടങ്ങുകയോ ചെയ്ത നിരവധി സാമ്രാജ്യങ്ങളിലെ ഭരണാധികാരികൾ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്തിനേറെപ്പറയുന്നു, മുഗളന്മാരും പത്താന്മാരും ഇസ്ലാം മതവിശ്വാസികളായിരുന്നുവെങ്കിലും ഭൂവിഭാഗങ്ങളുടെ ആധിപത്യത്തിനായി അവർ തമ്മിലും യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ആർഎസ്എസ്-ബിജെപി സംഘം ഇന്ന് പറയുന്ന ‘അഖണ്ഡഭാരത’ത്തിന്റെ കാലഘട്ടത്തിൽ ഹിന്ദു ദേശീയതയെന്നോ മുസ്ലീം ദേശീയതയെന്നോ ഉള്ള എന്തെങ്കിലും ആശയം ആവർഭവിച്ചിരുന്നോ?
രാഷ്ട്രങ്ങളുടെയും ദേശീയതയുടെയും രൂപീകരണത്തിന്റെ സാമൂഹിക-ചരിത്ര പശ്ചാത്തലം
ഇതെന്തുകൊണ്ടങ്ങനെ ആയില്ല? കാരണം, ദേശീയത ഒരു ആശയമെന്ന നിലയിൽ ഉയർന്നുവരാവുന്ന ഒരു വികാസഘട്ടം ചരിത്രത്തിലന്ന് ഉദയം ചെയ്തിരുന്നില്ല. ആർഎസ്എസ്ിനും ബിജെപിക്കും അവരുടെ സംഘപരിവാരത്തിനും ഒരു ആനുകൂല്യമുണ്ട്, അവർക്ക് വസ്തുതകൾ തെളിയിക്കേണ്ട ബാധ്യതയില്ല. അവർക്ക്, പ്രചരിപ്പിക്കേണ്ട കാര്യങ്ങൾ സത്യമാണെന്ന് പറയുകയോ പ്രഖ്യാപിക്കുകയോ ചെയ്താൽമതി. പക്ഷെ ചിന്തിക്കുന്ന മനസ്സുകൾക്കോ മനുഷ്യനെന്ന പദത്തിനർഹനായ ഒരാൾക്കോ ചരിത്രത്തിന്റെ ഈ വളച്ചൊടിക്കലിനെ അംഗീകരിക്കാനാവില്ല. സത്യമെന്നത്, ചരിത്രത്തിന്റെയും വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ തെളിയിച്ച് സ്ഥാപിക്കപ്പെടേണ്ടതാണ്. നാഗരികതയുടെ സേവികയെന്ന നിലയിൽ ശാസ്ത്രം ചെയ്തത് കൃത്യമായും ഇതുതന്നെയാണ്. പരീക്ഷണങ്ങളുടെയും സ്ഥിരീകരിക്കലുകളുടെയും നിഗമനങ്ങളുടെയുമടിസ്ഥാനത്തിൽ സത്യത്തെ അന്വേഷിച്ചുകണ്ടെത്തുന്ന ശാസ്ത്രത്തിൽ കേവലം ഏകപക്ഷീയമായ അവകാശവാദങ്ങൾക്കോ സുവിശേഷങ്ങൾക്കോ സ്ഥാനമൊന്നുമില്ല. സാമൂഹിക വികാസത്തിന്റെ ശാസ്ത്രീയവിശകലനം സംശയാതീതമായി തെളിയിക്കുന്നത്, നാടുവാഴിത്തത്തിന്റെ ഉദരത്തിൽ മുതലാളിത്തം രൂപംകൊള്ളുന്ന മനുഷ്യചരിത്രത്തിന്റെ ഒരു നിശ്ചിതഘട്ടത്തിലാണ് ഒരു തത്വശാസ്ത്രപ്രമാണം എന്ന നിലയിൽ ദേശീയതയും അതിന്റെയടിസ്ഥാനത്തിൽ ആധുനികദേശരാഷ്ട്രങ്ങളും പിറവിയെടുത്തത് എന്നാണ്. ഇതേ പ്രക്രിയ തന്നെയാണ്, ഒരു നിശ്ചിത ഭൂവിഭാഗത്തിന്റെ പരിധിക്കുള്ളിൽ, ഒരുകാലത്ത് നാടുവാഴികൾക്കോ രാജാക്കൻമാർക്കോ എതിരെയും പിൽക്കാലത്ത് അധിനിവേശ സാമ്രാജ്യത്വത്തിന്റെ കാലത്ത് ആ അധിനിവേശ-സാമ്രാജ്യത്വ ഭരണാധികാരികൾക്കെതിരെയും ജനങ്ങൾ നടത്തിയ സമരങ്ങളിലൂടെയും ആ കാലഘട്ടത്തിലൂടെയുമാണ് ദേശീയതയ്ക്കും ദേശരാഷ്ട്രങ്ങൾക്കും ജന്മം കൊടുത്തത്.
വ്യാവസായിക വികാസത്തെ അടിസ്ഥാനമാക്കിയ ഒരു പൊതുദേശീയ സമ്പദ്‌വ്യവസ്ഥയും കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനവും വാർത്താവിനിമയ സംവിധാനവും മൂലധന സമാഹരണവും ഉല്പാദനത്തിന്റെ ലാഭാർജ്ജന ത്വരയും മുതലാളിത്ത ഉത്പാദന ബന്ധങ്ങളും സൃഷ്ടിച്ചെടുക്കുകയെന്നതായിരുന്നു മുതലാളിത്തത്തിന്റെ അടിസ്ഥാന ചോദന. ഒരു പൊതു ദേശീയ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെയും സംസ്ഥാപനത്തിന്റെയും ഉപരിഘടനയെന്ന നിലയിൽ, പുതുതായുയർന്നുവന്ന ബൂർഷ്വാസിയുടെ അതായത്, മുതലാളിവർഗ്ഗത്തിന്റെ സംരക്ഷണത്തിൻകീഴിൽ, ഒരു പൊതുദേശീയ മനഃശാസ്ത്ര-സാംസ്‌കാരിക ഘടന വളരുകയും വികസിക്കുകയും ചെയ്തു. ഒരു നിശ്ചിത ഭൂവിഭാഗത്തിലെ മുതലാളിവർഗ്ഗം അഥവാ ഒരു രാജ്യത്തെ ദേശീയ ബൂർഷ്വാസി മറ്റനവധി കാര്യങ്ങൾക്കൊപ്പം, ആ ഭൂവിഭാഗത്തോ രാജ്യത്തോ ഉള്ള വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രദേശപരവും സാംസ്‌കാരികവുമായ ഐക്യവും കാംക്ഷിച്ചിരുന്നു. നാടുവാഴിത്തത്തിനോ അധിനിവേശ സാമ്രാജ്യത്വത്തിനോ എതിരായി ഒരു പ്രദേശത്തെ ബൂർഷ്വാസി നടത്തുന്ന ജനാധിപത്യ വിപ്ലവമെന്നുകൂടി വിളിക്കപ്പെടുന്ന സമരം, പോരാടുന്ന ജനവിഭാഗങ്ങൾക്കിടയിൽ ഒരു പൊതുവായ ഐക്യവും പൊതുവായ വികാരവും സൃഷ്ടിക്കുവാൻ ഉദ്യമിക്കുകയും അത് ആ ഭൂവിഭാഗത്തെ ജനതയ്ക്ക് ദേശീയതയുടെ അടിത്തറയൊരുക്കുകയും ചെയ്തു. ഇന്ന് നാം കാണുന്ന ദേശരാഷ്ട്രങ്ങൾ ഉദയും ചെയ്ത പ്രക്രിയ ഇതാണ്. യൂറോപ്പിൽ വ്യത്യസ്ത രാഷ്ട്രങ്ങൾക്ക് വ്യത്യസ്ത ഭാഷയാണുള്ളത്. വീണ്ടും, അമേരിക്ക, ബ്രിട്ടൺ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ് ഈ രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷാണ് സംസാര ഭാഷയെങ്കിലും അവയെല്ലാം വ്യത്യസ്ഥ രാഷ്ട്രങ്ങളാണ്. നാടുവാഴിത്തത്തിന്റെയോ കോളനികളുടെയോ ഉള്ളിൽനിന്ന്, രാഷ്ട്രത്തിന്റെ രൂപീകരണത്തിനായി സാമൂഹികത്വര എന്ന നിലയിൽ വളർന്നുവന്ന ദേശീയത എന്ന സങ്കല്പം രാഷ്ട്രനിർമ്മാണം എന്ന പ്രക്രിയയെ ഉത്തേജിപ്പിച്ചു.
ഇന്ത്യൻ ദേശീയതയുടെ വളർച്ചയുടെ പശ്ചാത്തലം
ഇന്ത്യൻ ദേശീയ മൂലധനത്തിന്റെയും മുതലാളിവർഗ്ഗത്തിന്റെയും വളർച്ചയും അതിന്റെ തുടർച്ചയായി ഒരു സ്വതന്ത്ര ദേശീയ ഇന്ത്യൻ ഭരണകൂടം സ്ഥാപിച്ചെടുക്കാനുണ്ടായ വ്യഗ്രതയെയും തുടർന്നാണ്, ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായി ഇന്ത്യൻ ദേശീയത എന്ന സങ്കല്പം വളർന്നുവന്നത്. ഒരു ബ്രിട്ടീഷ് സാമ്രാജ്യത്വഭരണം ഉണ്ടാകുകയും അതിന്റെ വർഗ്ഗ താല്പര്യാനുസരണം ഒരു കേന്ദ്രീകൃത ഭരണ നിർവ്വഹണ സംവിധാനവും, വിവിധ ദേശീയതകൾക്കും ഉപദേശീയതകൾക്കും തമ്മിൽ ബന്ധപ്പെടാനുതകുംവിധത്തിലുള്ള ഒരു ഗതാഗത സംവിധാനവും രൂപീകൃതമാകുകയും അതേത്തുടർന്ന് ഒരേകീകൃത രാഷ്ട്രത്തിലേക്ക് ഉദ്ഗ്രഥിക്കാനുള്ള പൊതുവായ കാരണം പങ്കുവയ്ക്കാനുണ്ടാകുകയും ചെയ്തിരുന്നില്ല എങ്കിൽ ഇന്ത്യൻ ദേശീയത എന്ന സങ്കല്പംതന്നെ ഉണ്ടാകുമായിരുന്നില്ല. അതല്ലെങ്കിൽ, ഹിന്ദു മതത്തിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിൽക്കൂടി, വ്യത്യസ്ത ഭാഷകളും സംസ്‌കാരവുമുള്ള വിവിധ ദേശീയതകൾ ആധുനിക യൂറോപ്പിലേതുപോലെ വ്യത്യസ്ത രാഷ്ട്രങ്ങളായി വികസിച്ചു വരുമായിരുന്നു. അങ്ങനെ, അബോധപൂർവ്വമെങ്കിലും ചരിത്രത്തിന്റെ ഉപകരണമെന്ന നിലയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം, ഏകീകൃത ഇന്ത്യൻ ദേശീയത എന്ന സങ്കല്പത്തിന്റെ വളർച്ചയെ സഹായിച്ചു. എന്നാൽ രാജ്യത്തിനുള്ളിലെ വിവിധ ദേശീയതകളും വംശ-ഭാഷാ സമൂഹങ്ങളും തമ്മിലുള്ള സാസ്‌കാരിക ഐക്യമോ ഹൃദയംഗമമായ സാംസ്‌കാരിക ലയനമോസാധ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയാത്തവിധം ഇന്ത്യൻ ദേശീയത എന്ന സങ്കൽപ്പം ചരിത്രപരമായ സുനിശ്ചിതകാരണങ്ങളാൽ അപൂർണ്ണമായിരുന്നു. എന്നാൽ രാഷ്ട്രീയമായി സ്വാതന്ത്ര്യം നേടുക എന്ന പൊതു ലക്ഷ്യത്തോടെ വിശാലാർത്ഥത്തിലുള്ള ഒരു ഇന്ത്യൻ ദേശീയത ഇന്ത്യൻ ജനതയിൽ മുള പൊട്ടിയിരുന്നു. ഹിന്ദുദേശീയത എന്ന് എന്തെങ്കിലുമുണ്ടായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഇത്രകാലവും ഒരു ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാൾ ഹൈന്ദവഭാരതവുമായുള്ള ഏകീകരണത്തിന് ശ്രമിക്കാതിരുന്നത്. കരഭൂമിയാൽ വലയിതമായ അയൽരാജ്യങ്ങളുണ്ടായിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് പാകിസ്ഥാനോട് യുദ്ധം ചെയ്ത് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയെടുത്തത്? രണ്ടുരാജ്യങ്ങളിലെയും പ്രമുഖ മതം ഇസ്ലാമായിരുന്നിട്ടുകൂടി.
ഹിന്ദുരാഷ്ട്രത്തിന്റെയും ഹിന്ദുദേശീയതയുടെയും കൗശലപൂർണമായ സിദ്ധാന്തം
പക്ഷേ ആർഎസ്എസും ഹിന്ദുമഹാസഭയും പകരം ഹിന്ദു ദേശീയതയുടെ സിദ്ധാന്തങ്ങൾ മുന്നിലേയ്ക്കുകൊണ്ടുവന്നു. ഇതിന്റെയടിസ്ഥാനത്തിൽ ആദ്യം ജനസംഘം, പിന്നീട് ബിജെപി എന്നീ രാഷ്ട്രീയ സംഘങ്ങൾ ഉയർന്നുവന്നു. ഇന്ന് ആർഎസ്എസ് -ബിജെപി സംഘം ഇതേ സിദ്ധാന്തത്താലാണ് നയിക്കപ്പെടുന്നത്. അവർ ഈ ചരിത്രവസ്തുതയെ വളച്ചൊടിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാണ് ശ്രമിക്കുന്നത്. പകരം അവർ വിശ്വസിക്കുന്നത് ഇതാണ്. ”ഹിന്ദുക്കൾ ഒരൊറ്റ രാഷ്ട്രമാണ്. ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണെന്ന് അംഗീകരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ട് ഇന്ത്യ സർവ്വോൽകൃഷ്ടമായും ഒരു ഹിന്ദുരാജ്യമാണ്.”(2)
മഹാകാവ്യങ്ങളിൽനിന്നും പുരാണങ്ങളിൽനിന്നും ഹിന്ദുമതഗ്രന്ഥങ്ങളിൽനിന്നും അപ്രസക്തമായും അടിസ്ഥാനരഹിതമായും ഉദ്ധരിക്കുക എന്നതല്ലാതെ, യുക്തിയുക്തമായ വാദമുഖങ്ങളൊന്നും അവതരിപ്പിക്കാതെ, ഭൂപ്രദേശപരമായ ദേശീയത എന്ന ശാസ്ത്രീയ ധാരണയെ നിരാകരിച്ചുകൊണ്ട് എം.എസ്.ഗോൾവൾക്കർ ഏകപക്ഷീയമായും ഭാവനാ വിലാസത്തോടെയും സമർത്ഥിക്കുന്നത് ഇതാണ്. ”രാഷ്ട്രസങ്കൽപ്പത്തിനാധാരമായി വർത്തിക്കുന്ന, ഭൂപ്രദേശപരമായ ദേശീയതയെയും പൊതുവായ വിപത്തിനെയുംപറ്റിയുള്ള സിദ്ധാന്തങ്ങൾ യഥാർത്ഥ ഹിന്ദുദേശീയതയുടെ ഗുണപരവും പ്രചോദനാത്മകവുമായ ഉള്ളടക്കത്തെ നമുക്കു നിഷേധിക്കുകയും ‘സ്വാതന്ത്ര്യസമര’ങ്ങളിൽ പലതിനെയും കേവലം ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ മാത്രമായി മാറ്റുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധത എന്നത് രാജ്യസ്‌നേഹത്തിനും ദേശീയതയ്ക്കും തുല്യമായി പരിഗണിക്കപ്പെടുന്നു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഉടനീളമുള്ള മുന്നേറ്റത്തിനും അതിന്റെ നേതാക്കൾക്കും സാധാരണക്കാർക്കും ഈ പിന്തിരിപ്പൻ വീക്ഷണം വിനാശകരമായ ഫലമാണ് ഉണ്ടാക്കുക.”(3)
പക്ഷേ, തെറ്റായ ഒരു പരികൽപ്പനയ്ക്ക് സ്വീകാര്യത നേടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ആർഎസ്എസിന് കെട്ടുകണക്കിന് ചിന്താക്കുഴപ്പങ്ങളെയും കെട്ടുകഥകളെയും തെളിയിക്കപ്പെടാത്ത പ്രസ്താവങ്ങളെയും സൃഷ്ടിക്കേണ്ടിവന്നിരിക്കുന്നു. അതുകൊണ്ട് ശ്രീ.ഗോൾവൾക്കർ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ അനുയായികൾ ഇന്നുയർത്തിപ്പിടിക്കുകയും ചെയ്യുന്നത് ഇതാണ്: ”വിജ്ഞാനമെന്നത് ഹിന്ദുക്കളുടെ കൈവശം മാത്രമാണ് ഉള്ളത്. വിധി ഹിന്ദുക്കളെ ഭരമേൽപ്പിച്ച ദിവ്യമായ വിശ്വാസമാണതെന്നു നമുക്കു പറയാം.”(4)
പാണ്ഡിത്യ പ്രകടനത്തിന്റെ ഒരു നാട്യം കാണിച്ചുകൊണ്ടവർ പറയുന്നു, ”ആ പ്രക്ഷോഭണങ്ങളുടെ(സ്വാതന്ത്ര്യസമരങ്ങൾ-എഡിറ്റർ)യെല്ലാം അന്തർധാരയായ ആശയം പുറത്താക്കുക എന്നതുമാത്രമാണ്. ആ ആശയം ദേശീയതയുമായി തുലനം ചെയ്യപ്പെട്ടിരിക്കുന്നു. അക്കാലത്തെ മുൻനിരനേതാക്കളിൽ (ദേശീയ നേതാക്കൻമാരും സ്വാതന്ത്ര്യപോരാളികളും-എഡിറ്റർ) പലരെയും സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് വിരുദ്ധതയും ദേശീയതയും പരസ്പരം മാറ്റി ഉപയോഗിക്കാൻ കഴിയുന്ന പദങ്ങളാണ്. ഇത് ഉപരിപ്ലവമായ ചിന്തയാണ്…നമ്മുടെ രാഷ്ട്രവും മറ്റു രാഷ്ട്രങ്ങളും …മറ്റുള്ളവർക്കെതിരെയുള്ള ശത്രുതയെ അടിസ്ഥാനമാക്കിയവയല്ല…ദേശീയ ലക്ഷ്യത്തിന്റെ പ്രാഥമിക സങ്കൽപ്പങ്ങളിൽ നിന്നുള്ള അൽപമാത്രമായ വ്യതിയാനംപോലും…തിരുത്താൻ കഴിയാത്ത മഹാവിപത്തിലേയ്ക്ക് നയിക്കും.”(5) വീണ്ടും ”രാഷ്ട്രം മറ്റുള്ളവർക്കെതിരെയുള്ള ശത്രുതയെ അടിസ്ഥാനമാക്കിയതല്ല എന്ന പരികൽപ്പനയെയും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അവരെന്തിനാണങ്ങനെ പറയുന്നത്? സമൂഹത്തെക്കുറിച്ചുള്ള ഇന്ത്യൻ വീക്ഷണ(ഹിന്ദുദേശീയതയെക്കുറിച്ചുള്ള ആർഎസ്എസിന്റെ സിദ്ധാന്തം-എഡിറ്റർ)ത്തിന്റെ മറ്റൊരു പ്രയോജനമെന്തെന്നാൽ അത് വർഗ്ഗസമരത്തെ ഒഴിവാക്കുന്നു എന്നതാണ്. നിയമങ്ങളുടെയും ആചരണങ്ങളുടെയും ആചരണങ്ങളുടെയും നിർബന്ധിതമായ അനുഷ്ഠാനങ്ങളുടെയും യഥാർത്ഥവും പൂർണ്ണവുമായ ഒരു ക്രമം എന്ന നിലയിലല്ലാതെ അത് സാമൂഹികമായ യോജിപ്പിനെ ശേഷീസാധ്യതയായി കാണുന്നു. പൊതുനന്മയുടെ പ്രതിനിധി എന്ന നിലയിൽ ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ച് ഭാരതീയ ചിന്തയ്ക്ക് ദൃഢമായ ധാരണകളുണ്ട്. അത് രാജ്യനീതി, രാജ്യധർമ്മം എന്നൊക്കെ ഇന്നുവിളിക്കാവുന്ന രാജധർമ്മമാണത്.
ഭരണകൂടം എല്ലാ വിഭാഗീയ താൽപര്യങ്ങൾക്കും മുകളിലും എല്ലാ പ്രവർത്തനങ്ങളെയും ‘ധർമ്മ’ത്തിനനുസൃതമായി നിയന്ത്രിക്കുന്നതുമാകണം. ഭാരതീയ ശാസ്ത്രവിധി അഥവാ രാഷ്ട്രീയ-സാമുഹിക ശാസ്ത്രങ്ങൾപ്രകാരം ഉപരിവർഗ്ഗത്തിന്റെ പ്രതിനിധിയല്ല ഭരണകൂടമെന്നത്. അതൊരു ചൂഷണ സംഘവുമല്ല. ധാർമ്മികതയുടെ അഥവാ ‘ധർമ്മ’ത്തിന്റെ പ്രതിനിധിയാണത്. രാഷ്ട്രീയാധികാരത്തോട് സമ്പദ്‌രംഗത്തെ ചേർക്കുന്നു എന്ന അർത്ഥത്തിൽ അത് സോഷ്യലിസത്തെ അകറ്റിനിർത്തുന്നു.”(6)
അതുകൊണ്ട് ഭാരതീയ ദേശീയതാ സങ്കൽപ്പം വർഗ്ഗസമരത്തിൽ വിശ്വസിക്കുന്നില്ല. മറിച്ച് വർഗ്ഗസഹകരണത്തിലാണ് വിശ്വസിക്കുന്നത്. എന്നുമാത്രമല്ല അത് മുതലാളിത്ത ഭരണകൂടത്തെ ഉപരിവർഗ്ഗത്തിന്റെ അഥവാ മുതലാളിവർഗ്ഗത്തിന്റെ പ്രതിനിധിയായും കാണുന്നില്ല. ഈ വ്യാജധാരണ ‘രാഷ്ട്രീയ-സാമൂഹികശാസ്ത്രങ്ങൾ’ക്കനുസൃതമാണ് എന്നവർ പറയുമ്പോൾ, അവർ യഥാർത്ഥത്തിൽ മുച്ചൂടും കള്ളം പറഞ്ഞുകൊണ്ടേയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ഈ പ്രയോഗമാകട്ടെ കൗശലപൂർവ്വം ‘രാഷ്ട്രീയ-സാമൂഹിക ശാസ്ത്രങ്ങളെ’യും ‘ഭാരതീയശാസ്ത്ര’ത്തെയും തുലനപ്പെടുത്തുന്നു. രണ്ടും ഒന്നാണെന്നമട്ടിൽ
ക്ഷമിക്കൂ മാന്യരേ! നിങ്ങൾക്ക് ഇത്തരം വിചിത്രമായ കഥകൾ കുറഞ്ഞകാലം കുറച്ചുപേർക്ക് വിൽപ്പന നടത്താം. പക്ഷേ ഈ ചവറുകൾ അറിവുള്ളവരെക്കൊണ്ട് വിഴുങ്ങിക്കാൻ കഴിയില്ല. രാഷ്ട്രീയ-സാമൂഹിക ശാസ്ത്രങ്ങൾ സംശയാതീതമായി സ്ഥാപിച്ചെടുത്ത വസ്തുതതയാണ്, പ്രാചീന സമൂഹത്തിൽ സ്വകാര്യസ്വത്ത് ഉണ്ടായിരുന്നില്ല എന്നത്. പ്രാചീന ഗോത്രസമൂഹം സമ്പൂർണ്ണമായും ഒരു വർഗ്ഗരഹിത സമൂഹം ആയിരുന്നു. സ്ഥിരമായ ഒരു ഉൽപ്പാദനോപാധി എന്ന നിലയിൽ ഭൂമി മാറിയപ്പോഴാണ്, ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ, ചില സംഘനേതാക്കൾക്കും ഗോത്രമൂപ്പൻമാർക്കും കൃഷിയോഗ്യമായ ഭൂമിയുടെമേൽ ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാനും പേശീബലംകൊണ്ട് മറ്റുള്ളവരുടെ അദ്ധ്വാനഫലം കവർന്നെടുക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. അധികാരം കൈയാളിയ ചെറിയൊരു വിഭാഗത്തിന്റെ പേശീബലംകൊണ്ട് അങ്ങനെ സമുദായത്തിന്റെ സമ്പത്ത് സ്വകാര്യസ്വത്തായി മാറി. ഈ ചെറിയ വിഭാഗം ഉൽപ്പാദനോപാധികളുടെമേൽ ഉടമസ്ഥാവകാശം സ്ഥാപിക്കുകയും ഭരണാധികാരികളായി മാറുകയും ചെയ്തു. അദ്ധ്വാനിക്കുന്ന ബഹുഭൂരിഭാഗംപേരും ഈ ഭരണാധികാരികളുടെ കാൽക്കീഴിലാകുകയും അടിച്ചമർത്തപ്പെട്ട അടിമകളും ഭരിക്കപ്പെടുന്നവരുമായി മാറുകയും ചെയ്തു. അക്കാലംതൊട്ട് പരസ്പരം ശത്രുതാപരമായ വർഗ്ഗതാൽപ്പര്യങ്ങളോടെ സമൂഹം ചൂഷകരെന്നും ചൂഷിതരെന്നുമായി വർഗ്ഗവിഭജിതമായി. അങ്ങനെ സ്വകാര്യസ്വത്തിന്റെ ഉദയംതന്നെ അനീതിയിലും ബലപ്രയോഗത്തിലും ബലാൽക്കാരേണയുള്ള കവർന്നെടുക്കലിലുമാണ് സംഭവിച്ചത്. ആദ്യത്തെ വർഗ്ഗവിഭജിത സമൂഹമായ അടിമ-ഉടമ വ്യവസ്ഥയിൽ, സ്വകാര്യസ്വത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനായി ഉടമവർഗ്ഗം, ആ അവകാശം ദൈവികമായ ഒന്നാണെന്ന ധാരണ അടിമകളിലുറപ്പാക്കാൻ ശ്രമിച്ചു. അതേസമയം തന്നെ, ഈ ധാരണ മുറുമുറുപ്പൊന്നുംകൂടാതെ അടിമകൾ സ്വീകരിക്കുന്നു എന്നുറപ്പുവരുത്താൻ ഉടമകൾക്ക് സൈന്യംപോലെ മർദ്ദനോപകരണങ്ങളുടെ ഒരു നിരതന്നെ സൃഷ്ടിക്കേണ്ടിവന്നു. കൂടാതെ സമൂഹത്തിൽ ഒരു ക്രമം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്ന മറയിൽ, തങ്ങളുടെ വർഗ്ഗതാൽപര്യം സംരക്ഷിക്കാൻ അനുസരിക്കേണ്ട ഒരു കൂട്ടം നിയമങ്ങളും ആവിഷ്‌ക്കരിച്ചു. ഭരണാധികാരികളുടെ കൈയിലുള്ള ഈ മർദ്ദനോപകരണങ്ങളാണ് ഭരണകൂടം എന്നറിയപ്പെട്ടു തുടങ്ങിയത്. തങ്ങളുടെ വർഗ്ഗ ചൂഷണവും ആധിപത്യവും ബലപ്രയോഗവും നിഷ്ഠുരമായി തുടരുന്നതിനവേണ്ടിയുള്ള ഉപകരണമെന്ന നിലയിൽ ഭരണവർഗ്ഗത്തിന്റെ കൈയിലുള്ള രാഷ്ട്രീയാധികാരമല്ലാതെ മറ്റൊന്നുമായിരുന്നില്ല ഭരണകൂടം. ഇന്നുമതങ്ങനെയാണ്. വർഗ്ഗസമരത്തിന്റെ മൂർഛിക്കലിന്റെയും പരിവർത്തനത്തിനായുള്ള ചില നിശ്ചിത സാമൂഹിക-ചരിത്ര സാഹചര്യങ്ങളുടെ വളർച്ചയുടെയും പൂർത്തീകരണത്തിന്റെയും ഗതിയിലൂടെ സമൂഹം അടിമത്ത വ്യവസ്ഥിതിയിൽനിന്ന് ജന്മിത്ത-നാടുവാഴിത്തത്തിലേയ്ക്കും പിന്നീട് മുതലാളിത്തത്തിലേയ്ക്കും സംക്രമിച്ചു. സാമൂഹിക വികാസത്തിന്റെ തടയാനാകാത്ത നിയമങ്ങൾക്കനുസരിച്ച് സമൂഹം സോഷ്യലിസമെന്ന പരിവർത്തനദശയിലൂടെ കാലാന്തരത്തിൽ വർഗ്ഗരഹിതസമൂഹത്തിലെത്തിച്ചേരും. അതിനാൽ കരവിരുതോടെ മെനഞ്ഞെടുത്ത ഹിന്ദുരാഷ്ട്രം അഥവാ ഹിന്ദു ദേശീയത എന്ന സങ്കൽപ്പം മനുഷ്യസമൂഹത്തിന്റെ വികാസനിയമങ്ങൾക്ക് പൂർണ്ണമായെതിരുനിൽക്കുന്നതും മതാന്ധതയാൽ പൊതിഞ്ഞ വെറും ചവറുമാത്രവുമാണ്.
അതുകൊണ്ട് വർഗ്ഗസമരത്തെക്കുറിച്ചും ഉപരിവർഗ്ഗത്തിന്റെ(അതായത് ഭരണവർഗ്ഗത്തിന്റെ) പ്രതിനിധിയല്ല ഭരണകൂടമെന്ന ധാരണയെക്കുറിച്ചും, ഭരണകൂടമെന്നത് ഒരു ചൂഷക സംവിധാനമല്ല മറിച്ച് ഒരു ധാർമ്മികതയും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതുമാണ് എന്ന ആർഎസ്എസ്-ബിജെപി സംഘത്തിന്റെ സിദ്ധാന്തങ്ങളെല്ലാം തന്നെ സാമൂഹിക വികാസത്തെക്കുറിച്ചുള്ള നിയമങ്ങളോട് ചേർന്നുപോകാത്തതാണ്. ജനങ്ങളെ ചിന്താക്കുഴപ്പത്തിലാക്കുവാനും വർഗ്ഗസമരം മൂർഛിക്കുന്നതിനെ തടയാനുമായി, മുതലാളിവർഗ്ഗം നിരന്തരമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വഞ്ചനാപരമായ വർഗ്ഗസഹകരണം എന്ന സിദ്ധാന്തത്തിനുള്ള പിന്തുണയാണ് ഈ വാദങ്ങളെന്നാണ് ഒരു സൂക്ഷ്മപരിശോധന വ്യക്തമാക്കുന്നത്. വർഗ്ഗസമരം മൂർഛിക്കുന്നതിനെ തടയാതിരുന്നാൽ അത് ഈ നിഷ്‌ക്കരുണമായ മുതലാളിത്ത ചൂഷണവ്യവസ്ഥിതിയുടെ അനിവാര്യമായ തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് അവർക്കറിയാം. ആർഎസ്എസ-ബിജെപി സംഘവും കൂട്ടാളികളും ഈ മർദ്ദക മുതാളിത്തഭരണകൂടാധികാരികളുടെ ഏജന്റന്മാരായി ഒളിഞ്ഞല്ല, തെളിഞ്ഞുതന്നെയാണ് വരുന്നത്.
വിധിവിഹിതമായ ‘ദൈവിക ഉത്തരവാദിത്തം’ എന്ന അസംബന്ധം
വിധി ഹിന്ദുക്കളെ ഏൽപ്പിച്ച ‘ദൈവിക ഉത്തരവാദിത്ത’ത്തെക്കുറിച്ചുള്ളതാണ് അടുത്തവിഷയം. ഗോൾവൾക്കർ വീണ്ടും വിശദീകരിക്കുന്നു, ”ഹിന്ദുക്കൾക്ക് ഒരു പ്രശ്‌നപരിഹാരം നിർദ്ദേശിക്കാനുണ്ട്. പക്ഷെ നമ്മുടെ പ്രശ്‌നപരിഹാരം ഭൗതികവാദത്തെ അടിസ്ഥാനമാക്കിയുള്ളതല്ല….ഭൗതികവാദത്തിൽനിന്ന് മുളപൊട്ടുന്ന ‘ഇസ’ങ്ങളിലോ സിദ്ധാന്തങ്ങളിലോ അല്ല…ഹിന്ദു എന്ന പദത്തിന്…ഒരു ദേശീയ സ്വഭാവമുണ്ട്. ചരിത്രാതീതകാലം മുതൽ സഹസ്രാബ്ദങ്ങളിലൂടെ ഇന്ത്യൻ മണ്ണിൽ വികസിച്ചുവന്ന ഭാരതീയരുടെ മുഴുവൻ സംസ്‌കാരത്തെയും നാഗരികതയെയുമാണത് സൂചിപ്പിക്കുന്നത്.”(7) ഹിന്ദുത്വത്തെക്കുറിച്ചുള്ള അവരുടെ വിശദീകരണം,-ഹിന്ദുത്വം എന്നവർ മോടിയോടെ പറയുന്നത് ഭൗതികവാദത്തെ അടിസ്ഥാനമാക്കിയ ഒരു ഇസമല്ല അത് എന്നതാണ്. മറിച്ച്, ‘ചരിത്രാതീതകാലം’ മുതൽ ദൈവികമായി നിയോഗിക്കപ്പെട്ട ദേശീയ സ്വഭാവമുള്ള ഒരു സംസ്‌കാരമാണ്. നിശ്ചയമായും ഈ അവകാശവാദം ചരിത്രത്തിനും ശാസ്ത്രത്തിനും യുക്തിചിന്തയ്ക്കും വസ്തുനിഷ്ഠതയ്ക്കും എതിരാണ്. ചരിത്രത്തിന്റെ ഒരു നിശ്ചിതഘട്ടത്തിൽ വസ്തുനിഷ്ഠമായ ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് ദേശീയത ആവിർഭവിച്ചതെന്നു നാം കണ്ടുകഴിഞ്ഞു. അതുകൊണ്ട് ചരിത്രാതീതകാലംമുതൽ നിലനിൽക്കുന്ന ഹിന്ദുദേശീയത എന്ന പ്രശ്‌നം അസംബന്ധം തന്നെ. മറ്റെല്ലാ ആശയങ്ങളെയുംപോലെ ദൈവികത എന്ന സങ്കൽപ്പംതന്നെയും മനുഷ്യമനസ്സിലുദയം ചെയ്തത് മാനവസംസ്‌കാരത്തിന്റെ വികാസത്തിന്റെ ഒരു നിശ്ചിതഘട്ടത്തിലും നിശ്ചിതമായ വസ്തുനിഷ്ഠ സാഹചര്യങ്ങളിലുമാണ്, മറിച്ചല്ല. ഗുഹാവാസികളായ പ്രാചീന നാടോടിമനുഷ്യരിൽ ദൈവം എന്ന സങ്കൽപ്പം ഉണ്ടായിരുന്നില്ല. അവരുടെ ചിന്ത ഭൗതികലോകത്തെയും പ്രകൃതിയെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പ്രകൃതിശക്തികളെ ജയിക്കാനും മറികടക്കാനുമായി പ്രാചീന മനുഷ്യർ ആ ശക്തികളെ പൂജിച്ചിരുന്നു. അതുവഴി ആ ശക്തികളെ പ്രസാദിപ്പിക്കാം എന്നാണവർ കരുതിയിരുന്നത്. ഒരു പ്രകൃത്യാതീത ശക്തിയെയും അവർ ആരാധിച്ചിരുന്നില്ല. ‘അദ്വൈത വേദാന്തമോ ശാസ്ത്രീയ മതമോ’ എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ വിവേകാനന്ദൻതന്നെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. ദൈവസങ്കൽപ്പവും മതവിശ്വാസങ്ങളും വർഗ്ഗവിഭജിത സമൂഹത്തിന്റെ ആദ്യകാലത്താണ്, അതായത് അടിമ-ഉടമ ബന്ധത്തിന്റെ കാലത്താണ് ഉദയം ചെയ്തത്. മനുഷ്യസമൂഹത്തിന്റെ ഭരണാധികാരി എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സാദൃശ്യം കണ്ടെത്താനുള്ള പ്രക്രിയയിലൂടെ ലോകത്തിന്റെ ഭരണാധികാരി അല്ലെങ്കിൽ അധിപൻ എന്ന സങ്കൽപ്പത്തിലെത്തി. ഹിന്ദുക്കൾക്കുള്ള വിധി വിഹിതമായ ഉത്തരവാദിത്തം എന്ന അവകാശവാദം യഥാർത്ഥത്തിൽ പൊള്ളയായതും മുനയൊടിഞ്ഞ ചിന്തയുടെ തെറ്റായ ധാരണയുമാണ്. അതുമാത്രമല്ല, പൗരാണികഭാരതത്തിൽ ചർവാകനെയും ലോകായതനെയും പോലുള്ള പ്രബലരായ ഭൗതികവാദ തത്വചിന്തകരുണ്ടായിരുന്നു. ബുദ്ധമതത്തിനും ജൈനമതത്തിനും ശക്തമായ സ്വാധീനമുണ്ടായിരുന്നു അപ്പോൾ. ഇന്ന് ഇന്ത്യയെന്നറിയപ്പെടുന്ന ഈ ദേശത്ത് പ്രാചീനകാലംതൊട്ട് ഹിന്ദുമതം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഒരാൾ അവകാശപ്പെട്ടാൽ അത് സത്യത്തെ അപഹസിക്കലായിരിക്കും.
ബ്രിട്ടീഷ് വിരുദ്ധതയെയും ദേശീയതയെയും കുറിച്ചുള്ള ചോദ്യങ്ങൾ
ബ്രിട്ടീഷ് വിരുദ്ധതയെ ദേശീയതയ്ക്ക് പകരമായി കണക്കാക്കുന്നത് ദോഷമാണോ എന്ന പ്രശ്‌നം നമുക്കിനി പരിശോധിക്കാം. കഴിഞ്ഞ ഭാഗത്ത്, ദേശരാഷ്ട്രത്തിന്റെയും ദേശീയത എന്ന ആശയത്തിന്റെയും ആവിർഭാവത്തിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് നാം ചർച്ച ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊളോണിയൽ ഭരണത്തിൽനിന്നും സ്വതന്ത്രമായ ഇന്ത്യൻ ദേശീയ രാഷ്ട്രരൂപീകരണത്തിന്റെ പ്രക്രിയയും പ്രചോദനവും 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് ആരംഭിക്കുന്നത്. അതാകട്ടെ, ഇന്ത്യൻ ദേശീയ മൂലധനത്തിന്റെ വളർച്ചയുടെയും വികാസത്തിന്റെയും അതോടൊപ്പം വ്യാവസായിക മൂലധനത്തിനും രൂപംനൽകാൻ മുൻകൈയെടുത്ത ഇന്ത്യൻ ദേശീയ ബൂർഷ്വാസിയുടെ ആവിർഭാവത്തിന്റെയും കൂടെത്തന്നെയുണ്ടായിരുന്നു. ഇന്ത്യൻ ദേശീയ മൂലധനവും നിശ്ചിതമായ ഈ ഭൂവിഭാഗത്ത് ഒരു ഇന്ത്യൻ ദേശീയ വിപണിയും സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രതയുടെ അടിത്തറയിലാണ് പുതിയൊരു ഇന്ത്യൻ ദേശീയതാബോധം ഉയർന്നുവന്നത്. അതേത്തുടർന്ന് വിദേശീയ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ സ്വാതന്ത്ര്യസമരവും വളർന്നുവന്നു. പുതിയതായി ഉദിച്ചുവന്ന ഇന്ത്യൻ ദേശീയതാ സങ്കൽപ്പം ഈ സ്വാതന്ത്ര്യസമരത്തെ പ്രോജ്വലിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ത്യൻ ദേശീയത എന്നത് ബ്രിട്ടീഷ് അധിനിവേശഭരണം അവസാനിപ്പിക്കാനുള്ള ന്യായമായ സമരവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും വഞ്ചനാപരമായ പങ്ക്
ആർഎസ്എസ്-ബിജെപി നേതാക്കൾ ഇന്ന് യഥാർത്ഥ ദേശീയവാദികളും രാജ്യസ്‌നേഹികളും ഭാരതമാതാവിന്റെ പ്രഖ്യാപിത ആരാധകരുമായി അവതരിച്ചിരിക്കുകയാണ്. എന്നാലവരുടെ പൂർവ്വചരിത്രം പ്രത്യേകിച്ച് സ്വാതന്ത്ര്യസമരത്തിൽ ആർഎസ് എസിന്റെയും ഹിന്ദുമഹാസഭയുടെയും പങ്കും നിലപാടും അപമാനകരമാണ്. രാജ്യം മുഴുവനും തിളച്ചുമറിയുമ്പോൾ, ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും തീവ്രവികാരത്താൽ ഉത്തേജിതരായ പ്രഫുല്ല യൗവനങ്ങൾ വെടിയുണ്ടകളെയും തോക്കിൻമുനകളെയും നേരിടുകയും കഴുമരത്തെ പുൽകുകയും ബ്രിട്ടീഷ് ഭരണനുകത്തിൻകീഴിൽനിന്ന് ജീവിതത്തിന്റെ സുഖവും സൗകര്യങ്ങളും വെടിയുകയും ചെയ്യുമ്പോൾ ആർഎസ്എസ്-ഹിന്ദുമഹാസഭാ നേതാക്കൾ സ്വാതന്ത്ര്യസമരത്തെ എതിർക്കുകമാത്രമല്ല ബ്രിട്ടീഷുകാർക്കുള്ള പിന്തുണയും കൂറും പ്രഖ്യാപിക്കുകയും ചെയ്തു. ആർഎസ്എസ്-ഹിന്ദുമഹാസഭാ സൈദ്ധാന്തികർ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരസേനാനികളെ പിന്തിരിപ്പന്മാരെന്നും ദേശസ്‌നേഹമില്ലാത്തവരെന്നും മുദ്രകുത്തുകയും യഥാർത്ഥ ദേശീയതയ്ക്ക് അഥവാ ഹിന്ദുദേശീയതയ്ക്ക് അവർ എതിരാണെന്ന് കരുതുകയും ചെയ്തു. അതിനാൽ അവരുടെ അഭിപ്രായത്തിൽ സുഭാഷ് ചന്ദ്രബോസ് തുടങ്ങി ദേശബന്ധു ചിത്തരഞ്ജൻ ദാസ്, ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായി, ഖുദിറാം ബോസ്, ഭഗത് സിംഗ്, സൂര്യസെൻ തുടങ്ങി സ്വാതന്ത്ര്യസമരത്തിലെ ആരാധ്യരായ ദേശീയ നേതാക്കളും പോരാളികളും രക്തസാക്ഷികളുമെല്ലാം പിന്തിരിപ്പൻമാരും വഞ്ചകരുമാണ്. കാരണം, അവരാരുംതന്നെ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഈ രാജ്യത്തെ ജനങ്ങൾ ഈ നിന്ദ്യമായ വീക്ഷണത്തെ അംഗീകരിക്കുമോ?
ഹിന്ദുത്വത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണവും അതെങ്ങനെ പ്രവർത്തനക്ഷമമാകുന്നുവെന്നും കൂടുതലായി വിശദീകരിച്ചുകൊണ്ട് ഗോൾവൾക്കർ എഴുതി…”ഹിന്ദുസ്ഥാനിലുള്ള മറ്റുവിദേശ വംശങ്ങൾ ചെയ്യേണ്ടത് ഹിന്ദുസംസ്‌കാരവും ഭാഷയും സ്വായത്തമാക്കുക, ഹിന്ദുമതത്തെ ആദരപൂർവ്വം വീക്ഷിക്കാനും ബഹുമാനിക്കാനും പഠിക്കുക, ഹിന്ദുവംശത്തെയും അതിന്റെ സംസ്‌കാരത്തെയും അഥവാ ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കാത്ത ഒരു ആശയത്തെയും പിന്തുണയ്ക്കാതിരിക്കുക, ഹിന്ദുവംശത്തിൽ ലയിക്കുന്നതിനായി തങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വം ഉപേക്ഷിക്കുക എന്നതൊക്കെയാണ്. അതല്ലെങ്കിൽ അവർക്ക് ഒന്നും ആവശ്യപ്പെടാതെ വിശേഷാവകാശങ്ങളോ മുൻഗണനയോ എന്തിന് പൗരാവകാശങ്ങൾപോലുമില്ലാതെ ഒരു ഹിന്ദുരാഷ്ട്രത്തിന് സമ്പൂർണ്ണമായും കീഴ്‌പ്പെട്ടു ജീവിക്കേണ്ടിവരും.”(8) ഇതിനർത്ഥം, ഹൈന്ദവത സ്വീകരിക്കാത്തവർ ഹിന്ദു മതത്തെയും ഹിന്ദുസംസ്‌കാരത്തെയും ഹിന്ദുഭാഷയെയും അതായത് സംസ്‌കൃതത്തെയും നിർബന്ധമായി ബഹുമാനിക്കേണ്ടിവരും എന്നാണ്. അതല്ലെങ്കിൽ അവർക്കീരാജ്യത്ത് ഒരവകാശവുമുണ്ടായിരിക്കില്ല എന്നുമാത്രമല്ല, ഗോൾവൾക്കർ മറ്റൊരിടത്ത് വിശദീകരിച്ചതുപോലെ അവർ ഇവിടെ രണ്ടാംകിട പൗരന്മാരായി കഴിയേണ്ടിവരും. മുഴുവൻ ലോകവും ജനാധിപത്യമനസ്സുള്ള ജനങ്ങളും ഹിറ്റ്‌ലറെ മാനവികതയുടെ കൊടിയശത്രു എന്നുവിശേഷിപ്പിക്കുന്ന സമയത്ത് ഗോൾവൾക്കർ ഹിറ്റ്‌ലറെയും അദ്ദേഹത്തിന്റെ കടിഞ്ഞാണില്ലാത്ത വംശീയവെറിയെയും ആവേശപൂർവ്വം പ്രശംസിക്കുന്നതുകാണാം. ഗോൾവൾക്കറുടെ തുറന്ന പ്രഖ്യാപനത്തിൽനിന്ന് ഉദ്ധരിക്കാം.
”…തങ്ങളുടെ വംശത്തിന്റെ ശുദ്ധിയും സംസ്‌കാരവും കാത്തുപുലർത്തുന്നതിന് സെമറ്റിക് വംശങ്ങളെ-ജൂതരെ-രാജ്യത്തുനിന്നും ഓടിച്ചുകൊണ്ട് ജർമ്മനി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വംശാഭിമാനം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ അവിടെ പ്രകടിതമാകുന്നു. ഉൾക്കാമ്പിൽനിന്നേ വ്യത്യസ്തങ്ങളായ വംശങ്ങളെയും സംസ്‌കാരങ്ങളെയും ഒരു ഏകാത്മകമായ സമ്പൂർണ്ണതയിലേയ്ക്ക് ഉൾച്ചേർത്തെടുക്കുക എന്നത് എത്രത്തോളം അസംഭാവ്യമാണെന്നും ജർമ്മനി കാണിച്ചുതരുന്നു. ഹിന്ദുസ്ഥാനെ സംബന്ധിച്ചിടത്തോളം പഠിക്കുവാനും പ്രയോജനപ്പെടുത്തുവാനുമുള്ള നല്ലൊരു പാഠവുമാണിത്”(9)
തന്റെ ഗുരുജിയുടെ(ഗോൾവൾക്കറുടെ) ചിന്തകളോട് സമ്പൂർണ്ണ ഐക്യം സ്ഥാപിച്ച മറ്റൊരു ആർഎസ്എസ് നേതാവായ ദീനദയാൽ ഉപാദ്ധ്യായ ഒന്നാംതരം മുസ്ലീംവിരുദ്ധനും വിദ്വേഷകനുമായിരുന്നു. മുസ്ലീങ്ങൾക്കെതിരെ ആൾക്കൂട്ടത്തിന്റെ ഭ്രാന്തമായ വികാരം ജ്വലിപ്പിക്കുന്നതിൽനിന്നും വിദ്വേഷത്തിന്റെ തീപ്പൊരി ചിതറിക്കുന്ന വാക്കുകളുപയോഗിക്കുന്നതിൽനിന്നും ഒരിക്കലും അദ്ദേഹം ലജ്ജിച്ചു പിന്മാറിയിട്ടില്ല. ഇത്രത്തോളം പറയുന്നതുവരെ എത്തി അദ്ദേഹം:”..വ്യക്തി എന്ന നിലയിൽ ഹിന്ദുക്കൾ ആഭാസൻമാരായിരുന്നാലും ഒരു കൂട്ടത്തിൽ കൂടുമ്പോൾ അവർ എപ്പോഴും നല്ല കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നവരായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നേരെ മറിച്ച് രണ്ടു മുസ്ലീങ്ങൾ ഒത്തു കൂടുമ്പോൾ വ്യക്തിയെന്ന നിലയിൽ അവർ ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങൾ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യും. തീർത്തും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാൻ തുടങ്ങും. ഇതൊരു ദൈനംദിനാനുഭവമാണ്”(10) ആർഎസ്എസിന്റെയും ഹിന്ദു മഹാസഭയുടെയും ഹിന്ദുേദശീയത എങ്ങനെ ഹിറ്റ്‌ലറുടെ ഫാസിസത്തിൽ ചിന്താപരമായ ഐക്യം കണ്ടെത്തുന്നുവെന്നതിന് ഉച്ചത്തിലുള്ള തെളിവുകളാണ് ഇവ. ഫാസിസത്തെ സാധൂകരിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഭാവനയെ എത്ര വലിച്ചുനീട്ടിയാലും ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും വക്താക്കളായി മാറാൻ കഴിയുമോ?
ചില വസ്തുതകളുടെയും തെളിവുകളുടെയും കേവല പരിചയംതന്നെ കണ്ണുതുറപ്പിക്കുന്നതാണ്. 2003ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് നേരെഎതിർവശത്ത് വി.ഡി.സവർക്കറുടെ ഒരു ഛായാചിത്രം സ്ഥാപിച്ചു. അധികം വൈകാതെ ബിജെപിക്കാരനായ പ്രധാനമന്ത്രി മോദി ആൻഡമാനിലെ പോർട്ട് ബ്ലയർ വിമാനത്താവളം വീരസവർക്കർ വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി. ഹിന്ദുദേശീയത എന്നു വിളിക്കപ്പെടുന്നതിന്റെയും അങ്ങേയറ്റത്തെ ഹിന്ദുത്വത്തിന്റെയും വക്താവായിരുന്നു സവർക്കർ. ഹിന്ദുമഹാസഭയുമായി ചേർന്നുപ്രവർത്തിച്ചിരുന്നു സവർക്കർ. ഹിന്ദുത്വത്തെക്കുറിച്ചും ഹിന്ദുദേശീയതയെക്കുറിച്ചും അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും അതിന് ഗോൾവൾക്കറുടെയും മറ്റുള്ളവരുടെയും അകമഴിഞ്ഞ പ്രശംസ ലഭിക്കുകയുമുണ്ടായി. ഹിന്ദുത്വ മതഭ്രാന്തൻമാർ 1920ൽത്തന്നെ അദ്ദേഹത്തിന് ‘വീർ'(വീരൻ) എന്ന പദവി നൽകുകയുണ്ടായി. എന്നാൽ എത്രമാത്രം വീരനായിരുന്നു അദ്ദേഹം.
തന്റെ ചെറുപ്പകാലത്ത് സ്വാതന്ത്ര്യസമരത്തിലെ വിപ്ലവധാരയുമായി ഒത്തുചേർന്ന് പ്രവർത്തിച്ചിരുന്നു അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തിൽ ആൻഡമാനിലെ സെല്ലുലാർ ജയിലിലേയ്ക്ക് അദ്ദേഹത്തെ അയച്ചു. പക്ഷേ അദ്ദേഹത്തിന്റെ ‘പേരുകേട്ട വിപദി ധൈര്യം’ ആൻഡമാനിൽ തടവിലായിരുന്ന കാലത്തൊന്നും പ്രദർശിപ്പിക്കപ്പെട്ടില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയല്ലാതെ സ്വന്തം മോചനത്തിനായി ബ്രിട്ടീഷുകാരോട് വിലപേശിക്കൊണ്ട് കീഴടങ്ങലിന്റേതായ ക്ഷമാപണങ്ങൾ നടത്തി. 1911ൽതന്നെ ബ്രിട്ടീഷ് അധികാരികളോട് അദ്ദേഹം കനിവിനായി അപേക്ഷിച്ചു. 1913 നവംബർ 14ന്റെ രണ്ടാമത്തെ കത്തിൽ ആദ്യത്തെ കത്തിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. അതിന്റെ അവസാനഭാഗത്ത് അദ്ദേഹം എഴുതുന്നുണ്ട്:”…ഞാൻ സർക്കാരിനെ അവരാഗ്രഹിക്കുന്ന ഏതുവിധത്തിലും സേവിക്കാൻ തയ്യാറാണ്. ശക്തൻമാർക്ക് മാത്രമല്ലേ കാരുണ്യവാനാകാനും കഴിയൂ. അതിനാൽ ഗവൺമെന്റിന്റെ പൈതൃകവാതിലുകളിലേയ്ക്കല്ലാതെ മറ്റെവിടേയ്ക്കാണ് മുടിയനായ പുത്രന് മടങ്ങിയെത്താൻ കഴിയുക?”(11)
1914ലെ മൂന്നാം ദയാഹർജിയിൽ അദ്ദേഹം പറയുന്നു, ”ഈ യുദ്ധത്തിൽ ഇന്ത്യാ ഗവൺമെന്റിന് എന്നോട് ആവശ്യപ്പെടാൻ തക്കത് എന്നു തോന്നുന്ന ഏതുസേവനവും ഒരു വോളണ്ടിയർ എന്ന നിലയ്ക്ക് ചെയ്യുവാൻ തയ്യാറാണ് എന്ന് അങ്ങേയറ്റം താഴ്മയോടെ സമർപ്പിക്കട്ടെ…സാമ്ര്യാജ്യം എന്നെപ്പോലെ നിസ്സാരനായ ഒരു വ്യക്തിയുടെ സഹായത്തെ ആശ്രയിക്കില്ല എന്നെനിക്കറിയാം. എങ്കിലും ഒരോ വ്യക്തിയും എത്ര നിസ്സാരനാണെങ്കിലും അവരുടെ പരമാവധി ശേഷി സാമ്രാജ്യത്തിന്റെ രക്ഷയ്ക്കായി നൽകാൻ പ്രതിജ്ഞാബദ്ധനാണ് എന്നുമെനിക്കറിയാം.”(12) ബ്രിട്ടീഷ് സർക്കാർ ആവിഷ്‌കരിച്ച പരിഷ്‌കാരങ്ങളുടെ ഫലമായി, ഭരണഘടനാനുസൃത ജീവിതത്തിലേക്കുള്ള തന്റെ പരിവർത്തനത്തെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം, ഇനിമേൽ താൻ ആക്രമത്തിൽ വിശ്വസിക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഭരണഘടനാനുസൃത ലൈനിലേക്കുള്ള തന്റെ തിരിച്ചുവരവിൽ ”ഒരിക്കൽ എന്നെ വഴികാട്ടിയായി കണ്ടിരുന്ന ഇന്ത്യയിലെയും വിദേശത്തെയും എല്ലാ വഴിതെറ്റിപ്പോയ ചെറുപ്പക്കാരെയും തിരികെക്കൊണ്ടുവരുമെന്നും” അദ്ദേഹം പറയുന്നു.(13) അങ്ങനെ, തനിക്ക് ഇന്ത്യൻ വിപ്ലവമുന്നേറ്റവുമായുണ്ടായിരുന്ന ഭൂതകാലബന്ധങ്ങൾ ഒറ്റയടിക്ക് അദ്ദേഹംതന്നെ നിരാകരിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റിന്റെ ഹോംമെമ്പറായ സർ റെജിനാൾഡ് ക്രാഡോക്കിന് വ്യക്തിപരമായി എഴുതിയ ദയാഹർജിയിൽ ഇങ്ങനെ വായിക്കാം: ”എനിക്ക് ഒരാറുമാസം മുഴുവനും ഏകാന്തതടവിൽ കഴിയേണ്ടിവന്നു….അന്നുമുതൽ ഇന്നുവരെ സാധ്യമാകുന്ന തരത്തിൽ എന്റെ സ്വഭാവം നല്ലതാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്….എനിക്കുള്ള 50 വർഷങ്ങൾ എന്റെ മുഖത്തേക്ക് തുറിച്ചുനോക്കുന്നു. ഈ ഏകാന്തതടവിൽ എനിക്കെങ്ങനെയാണ് എന്റെ ധാർമ്മികോർജ്ജം ഉയർത്തി നിർത്താൻ കഴിയുക?”(14)
ജയിലിനുള്ളിലെ അദ്ദേഹത്തിന്റെ വഞ്ചനാപരമായ നിലപാട് മറ്റൊരു സംഭവത്തിൽനിന്നും വ്യക്തമാണ്. ഒരിക്കൽ അദ്ദേഹം ജയിലിലെ സ്വാതന്ത്ര്യപോരാളികളായ സഹതടവുകാരെ നിരാഹാരസമരം നടത്തുന്നതിനായി പ്രേരിപ്പിച്ചു. എന്നാൽ അദ്ദേഹത്തെക്കാൾ പ്രായംകൂടിയവരടക്കം എല്ലാവരും പങ്കെടുത്തപ്പോൾ സവർക്കറും സഹോദരനും മാത്രം അതിൽനിന്നും വിട്ടുനിന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിപ്ലവധാരയുടെ ആരാധ്യരായ നേതാക്കളിലൊരാളായ ത്രൈലോക്യനാഥ് ചക്രവർത്തി ചരിത്രകാരനായ ആർ.സി.മജുംദാറിനോട് പറഞ്ഞ സംഭവമാണിത്. ബ്രിട്ടീഷ് ഭരണാധികാരികൾക്കുള്ള അവസാനത്തെ കത്തിൽ അദ്ദേഹം നിസ്സന്ദേഹം പറയുന്നു,”കഴിഞ്ഞുപോയ ദിനങ്ങളിൽ ചെയ്തുപോയ അക്രമമാർഗ്ഗങ്ങളെ ഞാൻ ഹൃദയംകൊണ്ട് വെറുക്കുകയും നിയമത്തെയും ഭരണഘടനയെയും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നു കരുതുകയും ചെയ്യുന്നു.”(15) അവസാനം ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ മോചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിൽ താമസിക്കുമെന്നും പരസ്യമായും രഹസ്യമായും ഒരു രാഷ്ട്രീയ പ്രവർത്തനത്തിലുമേർപ്പെടില്ല എന്നുമുള്ള വ്യവസ്ഥയോടെ. പാടിപ്പുകഴ്ത്തപ്പെട്ട അദ്ദേഹത്തിന്റെ ധീരതയ്ക്കുചുറ്റുമായി ചൂഴ്ന്നു നിൽക്കുന്ന പരിവേഷത്തെ തകർത്തെറിഞ്ഞുകൊണ്ട് അദ്ദേഹം ഈ വ്യവസ്ഥകളെല്ലാം അംഗീകരിക്കുകയും ഉടൻതന്നെ ബ്രിട്ടീഷുകാരുടെ സേവനത്തിനായി ഇറങ്ങുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ പ്രത്യുപകാരമായി അദ്ദേഹത്തിന്റെ ഉപദേശകൻ ബി.എസ്.മൂൻജേയ്ക്കും സവർക്കറിനെ കാണാനനുമതി കൊടുക്കുകയും ഹിന്ദുമഹാ സഭയുടെ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു.1937ൽ സവർക്കർ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1942ൽ ക്വിറ്റിന്ത്യാ സമരകാലത്ത്, വലിയൊരു വിഭാഗം ജനങ്ങളും സ്വാതന്ത്ര്യസമരത്തിലെ നേതാക്കളും ജയിലിലാകുകയും അടിച്ചമർത്തപ്പെടുകയും ചെയ്തപ്പോൾ സവർക്കർ നിഷ്ഠുരന്മാരായ ബ്രിട്ടീഷ് ഭരണാധികാരികളുമായി സഹകരിച്ചു പ്രവർത്തിച്ചു. 1942ൽ കാൺപൂരിൽവച്ചുനടന്ന ഹിന്ദുമഹാസഭയുടെ 24-ാം സെഷനിൽ സംസാരിക്കവേ സവർക്കർ ബ്രിട്ടീഷുകാർക്കുള്ള പിന്തുണയെ ന്യായീകരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു.”..എല്ലാ പ്രായോഗിക രാഷ്ട്രീയത്തിന്റെയും പ്രധാനതത്വം ഉത്തരവാദിത്ത പൂർണ്ണമായ സഹകരണമാണെന്ന് ഹിന്ദുമഹാസഭ വിശ്വസിക്കുന്നു…(അതോടൊപ്പം) ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള ഐക്യമുന്നണിയെ തകർക്കുക എന്നതും.(16) ബ്രിട്ടീഷുകാരുമായി സഹകരിക്കാൻ അദ്ദേഹം ഹിന്ദുക്കളോട് അഭ്യർത്ഥിക്കുന്നു. ആർഎസ്എസിന്റെ പരമമായ വർഗ്ഗീയ മൗലികവാദനിലപാടിനെയും രാഷ്ട്രീയവും മതവും തമ്മിലുള്ള വിഷമയമായ മിശ്രിതത്തെയും വെറുപ്പോടെ കണ്ടുകൊണ്ട് 1938ൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജനങ്ങളെ ഇങ്ങനെ ജാഗരുകരാക്കി. ”വർഗ്ഗീയത അതിന്റെ വൃത്തികെട്ട ശിരസ്സ് യാതൊരു മറയും കൂടാതെ ഉയർത്തിയിരിക്കുന്നു…അടിച്ചമർത്തപ്പെടുന്നവരും പാവങ്ങളും നിരക്ഷരരുംവരെ സ്വാതന്ത്ര്യത്തിനായി കാംക്ഷിക്കുന്നു. ഹിന്ദുക്കളുടെ ഭൂരിപക്ഷത്തെ അധികരിച്ചുകൊണ്ട് ഇന്ത്യയിൽ ഒരു ഹിന്ദു രാജിനായുള്ള മുറവിളികൾ നാം കേൾക്കുന്നു. ഇവയെല്ലാം ഉപയോഗശൂന്യമായ ചിന്തകളാണ്. അദ്ധ്വാനിക്കുന്ന വർഗ്ഗം നേരിടുന്ന ഏതെങ്കിലും പ്രശ്‌നത്തെ പരിഹരിക്കാൻ വർഗ്ഗീയ സംഘടനകൾക്കു കഴിയുമോ? തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും എന്തെങ്കിലുമൊരു പ്രതിവിധി ഈ സംഘടനകൾക്കുണ്ടോ? …സവർക്കറുടെയും ഹിന്ദു മഹാസഭയുടെയും മുസ്ലീം വിരുദ്ധമായ ആശയപ്രചാരണങ്ങൾ യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരുമായുള്ള സമ്പൂർണ്ണ സഹകരണമാണ്.”(17)
1940ൽ വീണ്ടുമദ്ദേഹം മുന്നറിയിപ്പു നൽകുന്നു. ”വോട്ടർമാരെ സ്വാധീനിക്കാൻ ഹിന്ദുമഹാസഭ ത്രിശൂലവുമായി സന്യാസികളെയും സന്യാസിനിമാരെയും അയച്ചിട്ടുണ്ട്. ത്രിശൂലവും കാവിയും കാണുമ്പോൾ എല്ലാ ഹിന്ദുക്കളും ശിരസ്സു നമിക്കും. ഈ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് മതത്തെ മലിനപ്പെടുത്തിക്കൊണ്ടും ഹിന്ദുമഹാസഭ ഈ രംഗത്തു പ്രത്യക്ഷപ്പെടുന്നു…ദേശീയ ജീവിതത്തിൽനിന്നും ഈ വഞ്ചകരെ ഒറ്റപ്പെടുത്തൂ…അവരെ കേൾക്കാനേ പോകരുത്. രാജ്യത്തെ സ്വാതന്ത്ര്യകാംക്ഷികളായ എല്ലാ സ്ത്രീപുരുഷന്മാരും ഏകാഗ്രമായും ഒറ്റക്കെട്ടായും രാജ്യത്തെ സേവിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.”(17) ഡ്രില്ലുകൾ, യോഗ, ആത്മീയ പാഠങ്ങൾ തുടങ്ങിയ ചിട്ടയായ പ്രവൃത്തികളും പെരുമാറ്റങ്ങളുംവഴി ആർഎസ്എസ് മിക്കപ്പോഴും വ്യക്തിനിർമ്മാണത്തെക്കുറിച്ച് പറയുന്നു. ആർഎസ്എസ് ശാഖകൾ അതിനുവേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ആർഎസ്എസ് സങ്കൽപ്പിക്കുന്ന ‘വ്യക്തിനിർമ്മാണ’ത്തിന്റെ മൂലരൂപവുമായി പരിചയപ്പെടുന്നതിനായി അതിന്റെ നേതാവ് എബിഎസ് മുൻജേ മുസ്സോളിനിയുടെ ഇറ്റലി സന്ദർശിക്കുകയും യുവാക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനായി പട്ടാളച്ചിട്ടയിൽ അവരെ വാർത്തെടുക്കുന്നതിനുള്ള ഫാസിസ്റ്റ് രീതികൾ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. മുൻജേ ദൗത്യത്തിന്റെ ഫലമായിട്ടാണ് ആർഎസ്എസ് ശാഖകൾ സ്ഥാപിക്കപ്പെട്ടത്.
ഈ ഗോൾവൾക്കർ-സവർക്കർ-ഹെഡ്‌ഗേവാർ-മുൻജേ-ദീനദയാൽ ഉപാദ്ധ്യായ തുടങ്ങിയവരെയും അതേതരക്കാരെയും ദേശീയവാദികളും രാജ്യസ്‌നേഹികളുമായാണ് ആർഎസ്എസ്-ബിജെപി സംഘം ചിത്രീകരിക്കുന്നത്. അതേസമയം മരണത്തെ വെല്ലുവിളിച്ചുകൊണ്ട് സമരത്തിനിറങ്ങിയ സ്വാതന്ത്ര്യസമരപോരാളികളെയും നേതാക്കളെയും പിന്തിരിപ്പന്മാരുമായാണവർ കണക്കാക്കുന്നത്. ഇനിയിപ്പോൾ ആർഎസ്എസ്-ബിജെപി സംഘം ദേശീയ വാദികളെന്ന് മുദ്രകുത്തുന്നവരാണോ രാജ്യസ്‌നേഹികൾ അതോ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച നേതാജി, ഖുദിറാം, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സൂര്യസെൻ തുടങ്ങി സ്വാതന്ത്ര്യസമരത്തിലെ അസംഖ്യം പോരാളികളാണോ രാജ്യസ്‌നേഹികൾ എന്ന് ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്.
ഇന്ത്യാവിഭജനത്തിൽ ആർഎസ്എസിന്റെയും ഹിന്ദുമഹാസഭയുടെയും മൗനാനുവാദം
ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കൂറു പ്രഖ്യാപിച്ച അന്നുമുതൽതന്നെ വി.ഡി.സവർക്കർ ന്യൂനപക്ഷങ്ങൾക്കെതിരെ മുഴുവൻ ശക്തിയോടെയും വർഗ്ഗീയ വിഷവും ശത്രുതയും ചീറ്റാൻ തുടങ്ങിയിരുന്നു. 1923ൽ അദ്ദേഹം എ.മറാത്ത എന്ന തൂലികാ നാമത്തിൽ ‘ഹിന്ദുത്വത്തിന്റെ മൗലികപ്രമാണങ്ങൾ’ (ഋലൈിശേമഹ െീള ഒശിറൗശാെ)എന്ന ഒരു ഗ്രന്ഥം രചിച്ചു. അതിലദ്ദേഹം പ്രഖ്യാപിച്ചു. ”നമ്മുടെ മുഹമ്മദീയരും ക്രിസ്ത്യാനികളുമായ രാജ്യവാസികളെ ഹിന്ദുക്കളായി പരിഗണിക്കാൻ കഴിയില്ല. ഹിന്ദുക്കളെപ്പോലെ അവർക്കും ഹിന്ദുസ്ഥാൻ പിതൃഭൂമിയാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം അവരുടെ പുണ്യഭൂമിയല്ല. അവരുടെ പുണ്യഭൂമി അങ്ങുദൂരെ അറേബ്യയിലോ പാലസ്തീനിലോ ആണ്”(18)
1924ൽ സവർക്കർ അഹിന്ദുക്കളെ ഹിന്ദുസംഘത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായി ‘ശുദ്ധിക്രിയ’കൾ നടത്താനാരംഭിച്ചിരുന്നു. 1925ൽ പ്രവാചകൻ മുഹമ്മദിനെക്കുറിച്ചുള്ള നിന്ദാപൂർണ്ണമായ ‘രംഗീല റസൂൽ’ എന്ന ഗ്രന്ഥത്തെ ചുറ്റിപ്പറ്റി നടന്ന ഒരു വർഗ്ഗീയ കലാപത്തിനുശേഷം സവർക്കർ ‘മറാത്ത’ എന്ന ഇംഗ്ലീഷ് പത്രത്തിൽ തീവ്രവികാരം ഉണർത്തുന്ന ഒരു ലേഖനം എഴുതുകയും അതേത്തുടർന്ന് വർഗ്ഗീയാഗ്നിബാധ പഞ്ചാബിലേയ്ക്ക് വ്യാപിക്കുകയും ചെയ്തു. എന്നാൽ ഏറ്റവും പ്രധാനമായി, അദ്ദേഹവും സഹയാത്രികരും മതാധിഷ്ഠിത ദേശീയതയുടെ ഉറച്ചവക്താക്കളും വിനാശകരമായ ദ്വിരാഷ്ട്രവാദത്തിനെ പിന്തുണയ്ക്കുന്നവരുമായിരുന്നു. അതിന്റെയടിസ്ഥാനത്തിലാണ് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്. 1937ൽ ഹിന്ദുമഹാസഭയുടെ 19-ാം സെഷനെ അഭിസംബോധനചെയ്യുന്നതിനിടയിൽ അദ്ദേഹം പ്രഖ്യാപിക്കുന്നു:”ശത്രുതാപരമായ രണ്ടു രാജ്യങ്ങൾ ഇന്ത്യക്കകത്ത് തൊട്ടുചേർന്നു നിൽക്കുന്നുണ്ട്. ശൈശവാവസ്ഥയിലുള്ള അനേകം രാഷ്ട്രീയക്കാർ, ഇന്ത്യ ഐകരൂപ്യമുള്ള ഒരു രാഷ്ട്രമെന്ന നിലയിലേയ്ക്ക് യോജിക്കപ്പെട്ടിട്ടുണ്ടെന്നും അല്ലെങ്കിൽ അങ്ങനെയാകാനുള്ള കേവലമായ ആഗ്രഹംകൊണ്ടുതന്നെ യോജിക്കപ്പെടുമെന്നും വിശ്വസിക്കുന്ന ഗുരുതരമായ പിഴവുവരുത്തുന്നുണ്ട്. ഇന്ത്യ ഇന്ന് ഏകാത്മകവും അഭിന്നവുമായ രാഷ്ട്രമാണ് എന്ന് അംഗീകരിക്കാൻ കഴിയില്ല. പകരം മുഖ്യമായും രണ്ടു രാഷ്ട്രങ്ങളിവിടുണ്ട്. ഹിന്ദുക്കളും മുസ്ലീംകളുളും.(19) അങ്ങനെ പരികൽപ്പന ചെയ്യപ്പെട്ട ദ്വിരാഷ്ട്രസിദ്ധാന്തം 1937ൽ ഹിന്ദുമഹാസഭയുടെ ഒരു പ്രമേയമായി അംഗീകരിക്കപ്പെട്ടു. മൂന്ന് വർഷങ്ങൾക്കുശേഷം ജിന്നയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യ മുസ്ലീംലീഗ് ഈ സങ്കൽപ്പം ലാഹോർ സമ്മേളനത്തിൽ അംഗീകരിച്ചു. 1939 ഒക്‌ടോബർ 9ന് സവർക്കറുമായി ബോംബെയിൽവച്ച് നടത്തിയ യോഗത്തിനുശേഷം അന്നത്തെ വൈസ്‌റോയ് ലിൻലിത് ഗോ പ്രഭു ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ സെറ്റ്‌ലാന്റ് പ്രഭുവിനയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു…”അദ്ദേഹം (സവർക്കർ) പറയുന്നതനുസരിച്ച് ഗവൺമെന്റ് ഇപ്പോൾ ഹിന്ദുക്കളോട് ആഭിമുഖ്യം പുലർത്തുകയും അവരുടെ പിന്തുണയോടെ പ്രവർത്തിക്കുകയും വേണം…നമ്മുടെ താൽപര്യങ്ങൾ ഇപ്പോൾ ഒന്നാണ്. അതിനാൽ നാം യോജിച്ചു പ്രവർത്തിക്കണം. നമ്മുടെ താൽപര്യങ്ങൾ വളരെയടുത്തായി ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുയിസവും ഗ്രേറ്റ് ബ്രിട്ടനും സൗഹൃദത്തിലാകുക എന്നത് അത്യന്താപേക്ഷിതവും പഴയ ശത്രുത എന്നത് ഇനിമേൽ അനാവശ്യവുമാണ്.”(20) 1943 ആഗസ്റ്റ് 15ന് നാഗ്പൂരിൽ വച്ച് സവർക്കർ ഇങ്ങനെ പറഞ്ഞു, ”…എനിക്ക് മി.ജിന്നയുടെ ദ്വിരാഷ്ട്രസിദ്ധാന്തവുമായി യാതൊരു കലഹവുമില്ല. ഞങ്ങൾ ഹിന്ദുക്കൾ സ്വതവേതന്നെ ഒരു രാഷ്ട്രമാണ്. കൂടാതെ ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാണ് എന്നത് ഒരു ചരിത്രവസ്തുതയുമാണ്.”(21)
സവർക്കറുടെ ‘ഉത്തരവാദിത്തത്തോടെയുള്ള സഹകരണം’ എന്ന സിദ്ധാന്തം, ഹിന്ദു മഹാസഭയക്ക് മുസ്ലീംലീഗുമായി ചേർന്ന് ബംഗാൾ, സിന്ധ്, വടക്കു പടിഞ്ഞാറൻ അതിർത്തി മേഖല എന്നിവിടങ്ങളിൽ കൂട്ടുകക്ഷി സർക്കാരുകളുണ്ടാക്കാൻ സഹായകരമായിട്ടുണ്ട്. 1941ൽ ബംഗാളിലെ കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലീംലീഗിന്റെ ഫസ്‌ലുൽഹഖ് മുഖ്യമന്ത്രിയും ഹിന്ദുമഹാസഭയുടെ ശ്യാമപ്രസാദ് മുഖർജി ഉപമുഖ്യമന്ത്രിയുമായിരുന്നു. ബ്രിട്ടീഷ് സർക്കാരിന്റെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഫസ്‌ലുൽഹഖാണ് ത്രൈലോക്യനാഥ് ചക്രവർത്തിയെ സെല്ലുലാർ ജയിലിലേയ്ക്കയച്ചതെന്ന വസ്തുത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
അഴിഞ്ഞുവീഴുന്ന പൊയ്മുഖം
ദീർഘകാലമായി പ്രകടമായിത്തന്നെ ബൂർഷ്വാ വർഗ്ഗതാൽപര്യത്തിന് ദാസ്യവൃത്തി ചെയ്തുകൊണ്ട് ആർഎസ്എസ്-ബിജെപി സംഘം അനുവർത്തിക്കുന്നതും തുടർന്നുകൊണ്ടേയിരിക്കുന്നതുമായ ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും രത്‌നച്ചുരുക്കം മാത്രമാണിത്. ഇതുകൊണ്ടാണ്, 2003ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചപ്പോൾ, സെല്ലുലാർ ജയിലിൽ തടവിലായിരുന്ന ആളും ഭഗത് സിംഗിന്റെ പാർട്ടിയിൽ അംഗമായിരുന്നയാളുമായ വിശ്വനാഥ് മാഥൂർ എന്ന സ്വാതന്ത്ര്യസമരസേനാനി രോഷാകുലനായത്. തന്റെ പ്രതിഷേധത്തിൽ സവർക്കറെ ‘വിപ്ലവകാരിയായി ചിത്രീകരിക്കപ്പെട്ട ഭീരു’ എന്നു വിശേഷിപ്പിച്ചുകൊണ്ടദ്ദേഹം പറഞ്ഞു, ”ദേശീയമായ മാനക്കേടിന്റെ മുദ്രകൾക്ക് സാധൂകരണം നൽകാൻ ഈ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ബ്രിട്ടീഷുകാരോട് കരുണ യാചിക്കുകയും മഹാത്മാഗാന്ധിയുടെ വധത്തിൽ കുറ്റാരോപിതനായിരിക്കുകയും ചെയ്തു എന്നുമാത്രമല്ല അയാൾ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ പിന്താങ്ങിയുമായിരുന്നു.”(22) ഹിറ്റ്‌ലറുടെ പ്രചാരണവിഭാഗം മന്ത്രിയായിരുന്ന ഗീബൽസ് ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്, ”വേണ്ടത്ര അളവിൽ ആവർത്തിച്ചാൽ ഒരു സമചതുരം വൃത്തമാണെന്ന് സ്ഥാപിക്കുന്നതിന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല.” വർഗ്ഗീയ-മതമൗലികവാദത്തെ ദേശീയതയായും കൊളോണിയൽ ഗവൺമെന്റുമായുള്ള സഹകരണത്തെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായും ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കുന്നതിന് ഏതറ്റംവരെയും പോകുന്നതിനെ ദേശസ്‌നേഹമായും ഭീരുത്വത്തെ ധീരതയായും വഞ്ചകരെ ദേശീയ നായകന്മാരായും ചിത്രീകരിക്കുന്നതിനായി ആർഎസ്എസ്-ബിജെപി സംഘം ഹിറ്റ്‌ലർ-ഗീബൽസ് സംഘത്തെയും മുസ്സോളിനിയെയുംവരെ മാതൃകാപുരുഷന്മാരായി കണക്കാക്കുകയാണ്.
ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിൽ സർവ്വാത്മനാ മുഴുകിക്കൊണ്ട് ദേശീയതയെയും ശരിയായ ദേശസ്‌നേഹത്തെയും പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത ഉയർന്നുവന്ന സമയത്ത് ആർഎസ്എസും ഹിന്ദുമഹാസഭയും അവരുടെ തികഞ്ഞ ദേശവിരുദ്ധ-ദേശസ്‌നേഹവിരുദ്ധ സ്വഭാവം പ്രദർശിപ്പിക്കുകയായിരുന്നു എന്നതാണ് വ്യക്തമാകുന്നത്. എന്നാലിന്ന്, ബ്രിട്ടീഷ് ഭരണാധികാരികളിൽനിന്ന് അനുരഞ്ജനത്തിലൂടെ ഭരണകൂടാധികാരം കൈയടക്കിയവരും അധഃപതിച്ചതും മരണാസന്നവും അഴിമതിഗ്രസ്തവും പിന്തിരിപ്പനുമായി മാറിയ ലോകസാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ അവിഭാജ്യഘടകവുമായ ഇന്ത്യൻ ഭരണമുതലാളിത്തം, അദ്ധ്വാനിക്കുന്ന ദേശവാസികളുടെ അവസാനതുള്ളി രക്തംവരെയും ഊറ്റിയെടുത്തുകൊണ്ടും ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള വഞ്ചനാപരമായ മുദ്രാവാക്യങ്ങൾ വഴി അവരെ വിഡ്ഢികളാക്കാൻ ശ്രമിച്ചുകൊണ്ടും തങ്ങളുടെ ദയാരഹിതവും തേഞ്ഞുതീർന്നതുമായ മർദ്ദകഭരണം തുടർന്നുകൊണ്ടുപോകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള ഇപ്പോഴത്തെ മുദ്രാവാക്യം യഥാർത്ഥത്തിൽ ദേശീയ ഭ്രാന്താണ്. അതിനെ പിന്തുണയ്ക്കുന്നത് ഭരണമുതലാളിവർഗ്ഗത്തിന്റെ നാണംകെട്ട ദാസ്യവൃത്തിയിലേയ്ക്ക് ആണ്ടുപോകലും അതുവഴി, വിപ്ലവത്തിലൂടെ മുതലാളിത്തത്തെ തൂത്തെറിയാനുള്ള അടിയന്തര കർത്തവ്യത്തിന് എതിരുനിൽക്കലുമായിരിക്കും. ഹിറ്റ്‌ലറും അദ്ദേഹത്തിന്റെ ഫാസിസ്റ്റ് മുഖം ‘ദേശീയ സോഷ്യലിസം’ എന്ന മുദ്രാവാക്യംകൊണ്ട് മറച്ചിരുന്നു. തങ്ങളുടെ പഴയതും ശുദ്ധഫാസിസ്റ്റുമായ തത്വശാസ്ത്രത്തെ സൂചിപ്പിക്കാൻ ദേശീയതയെയും ദേശസ്‌നേഹത്തെയും വളച്ചൊടിച്ചുപയോഗിക്കുകയും അവയുടെ സ്വയം പ്രഖ്യാപിത അനുയായികളായി ചിത്രീകരിക്കുകയും തങ്ങളുടെ ഹീനമായ വർഗ്ഗീയ നിലപാടുകൾക്കും പ്രവൃത്തികൾക്കും തികഞ്ഞ പരാജയങ്ങൾക്കുമെതിരെവരുന്ന വിമർശനങ്ങളെ ദേശവിരുദ്ധമെന്ന് ചിത്രീകരിക്കുകയും ചെയ്തുകൊണ്ട് ആർഎസ്എസ്-ബിജെപി സംഘം ഭരണമുതലാളിവർഗ്ഗത്തിന്റെ വിശ്വസ്തരാഷ്ട്രീയ കാര്യകർത്താക്കളായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയതയെയും ദേശസ്‌നേഹത്തെയും കുറിച്ചുള്ള തെറ്റായ ധാരണകൾകൊണ്ട് ജനങ്ങളെ വഞ്ചിക്കാൻ അവർക്കെങ്ങനെ കഴിയുന്നു? കാരണം ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും ചരിത്രത്തെയോ യാഥാർത്ഥ്യത്തെയോകുറിച്ച് ധാരണയില്ലാത്തവരുമാണ്. മറുഭാഗത്ത് ബുദ്ധിജീവികളിൽ വലിയൊരു വിഭാഗത്തിന് ചരിത്രത്തെക്കുറിച്ച് സ്മൃതിനാശം വന്നിരിക്കുന്നു. എന്നാൽ നേരായി ചിന്തിക്കുന്നവരും മനസ്സാക്ഷിയുള്ളവരുമായ ബുദ്ധിജീവികൾ, ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ, എഴുത്തുകാർ തുടങ്ങിയവരിൽ നല്ലൊരു വിഭാഗം, ബിജെപി-ആർഎസ്എസ് സംഘം പ്രചരിപ്പിക്കുന്ന അയുക്തിയെയും കള്ളങ്ങളെയും തുറന്ന് എതിർക്കാനും അവരുടെ തെരഞ്ഞെടുപ്പ് പരാജയം ഉറപ്പാക്കാനും ധൈര്യപൂർവ്വം മുന്നോട്ടുവരുന്നു എന്നത് ശുഭോദർക്കമാണ്. ഈ പ്രതിഷേധ ശബ്ദത്തിൽ പങ്കാളികളാകാൻ കൂടുതൽ കൂടുതൽ ജനാധിപത്യമനസ്സുള്ള പൊതുജനങ്ങൾ കടന്നുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേവലമായൊരു തെരഞ്ഞെടുപ്പ് പരാജയമല്ല, മറിച്ച് ഹിന്ദുത്വം, ഹിന്ദുദേശീയത എന്നിവയെക്കുറിച്ചെല്ലാമുള്ള വളച്ചൊടിക്കപ്പെട്ട ധാരണകളുടെ സമ്പൂർണ്ണവും പ്രത്യയശാസ്ത്രപരവുമായ തൂത്തെറിയലാണാവശ്യം.