ജനാധിപത്യത്തിന്റെ പുറംമോടി നിലനിർത്തിക്കൊണ്ട് എങ്ങനെയാണ് ഇന്ത്യയിൽ ഫാസിസ്റ്റ് ഏകാധിപത്യം അതിന്റെ വിഷപ്പല്ലുകൾ പുറത്തുകാട്ടുന്നത് എന്നതിലേയ്ക്കാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുെട മരണത്തിലേക്കുനയിച്ച സാഹചര്യങ്ങൾ വിരല്‍ ചൂണ്ടുന്നത്. ജെസ്യൂട്ട് പുരോഹിതനും, ആദിവാസികളുടെ അവകാശസംരക്ഷണ പോരാളിയുമായിരുന്ന സ്റ്റാൻ സ്വാമി എന്ന 84-കാരനായ വയോവൃദ്ധനെ, റാഞ്ചിയിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്നും 2020 ഒക്ടോബർ 12ന്, യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റുചെയ്തു. ഭീമ കൊറേഗാവ് സംഭവത്തില്‍ പ്രതിചേര്‍ത്ത് രാജ്യദ്രോഹക്കുറ്റം, മാവോവാദി ബന്ധം, ഭരണകൂട അട്ടിമറി ഗൂഢാലോചന ഒക്കെ ആരോപിച്ചായിരുന്നു അറസ്റ്റ്. അന്നുമുതല്‍ അദ്ദേഹം ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലായിരുന്നു. രാജ്യത്തെ മറ്റുതടവറകൾ പോലെതന്നെ തിങ്ങിനിറഞ്ഞ, നവി മുംബൈയിലെ തലോജ ജയിലിലായിരുന്നു അദ്ദേഹത്തെ തടവിൽ പാർപ്പിച്ചത്.
പാര്‍ക്കിന്‍സണ്‍സ് രോഗി, കോവിഡ് ബാധിതന്, കാഴ്ചയും കേള്‍വിയും മങ്ങി, തനിയെ നടക്കാനോ, ഭക്ഷണം കഴിക്കാനോ, ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാനോപോലും പ്രാപ്തിയില്ലാതെ പലവട്ടം ജയിലില്‍ കുഴഞ്ഞുവീഴുംവിധം രോഗാതുരനായ ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് രണ്ടുതവണയാണ് എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യംമാത്രമല്ല വെള്ളം കുടിക്കാന്‍ ഒരു സ്ട്രോ അഥവാ സിപ്പര്വരെ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ഗുരുതരമായ എന്തെങ്കിലും ഒരു രോഗം അദ്ദേഹത്തിന് ഉള്ളതായി എന്‍ഐഎ കോടതിക്ക് ബോധ്യപ്പെട്ടില്ല. തെളിവില്ലത്രേ.
കസ്റ്റഡിയില്‍വച്ച് അദ്ദേഹത്തിന്റെ കണ്ണട നഷ്ടപ്പെടുകയുണ്ടായി. കണ്ണടയില്ലാതെ അദ്ദേഹത്തിന് കാഴ്ച തീരെപ്പറ്റില്ല എന്ന് വളരെ വ്യക്തമായിരുന്നിട്ടും പുതിയ കണ്ണടകൾ ലഭ്യമാക്കാൻ അധികാരികൾ തയ്യാറായില്ല. അങ്ങനെയാണ് മുംബെ ഹൈക്കോതിയെസമീപിക്കുന്നത്. ഹൈക്കോടതി ജഡ്ജിക്കുമുമ്പാകെ കൂപ്പുകൈകളുമായി ഇടക്കാല ജാമ്യത്തിനായി വികാരതീവ്രമായി അപേക്ഷിക്കുന്ന സ്റ്റാൻ സ്വാമിയെ നാം കണ്ടു. ജാമ്യമില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കാം എന്ന് അദ്ദേഹം പൊട്ടിത്തെറിക്കുന്നതും നാം കണ്ടു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് കോവിഡ് വാക്സിന്‍പോലും കുത്തിവയ്ക്കുന്നത്. ഹൈക്കോടതി നിയോഗിച്ച ഡോക്ടര്‍മാരുടെ പാനലാണ് സ്റ്റാന്‍ സ്വാമിയുെട യഥാര്‍ത്ഥ അവസ്ഥ വെളിയില്കണ്ടുവരുന്നത്. ജൂലൈ നാലിന് അബോധാവസ്ഥയിലായ അദ്ദേഹത്തെ അടുത്തുള്ള ഹോളി ഫാമിലി ആശുപത്രിയിലെത്തിക്കുകയും അവിടെ വെന്റിലേറ്ററിലാക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസമായിരുന്നു കോടതി അദ്ദേഹത്തിന്റെ കേസ് കേൾക്കാൻ നിശ്ചയിച്ചിരുന്നത്. പക്ഷേ, ഏറെക്കാത്തിരുന്ന ജാമ്യം ആവശ്യം വരാതെ, ജൂലൈ 5ന് സ്റ്റാൻ സ്വാമി അന്ത്യശ്വാസം വലിച്ചു.
മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രത്തിൽ ഹീനമായ ഒരു അധ്യായം കൂടി എഴുതിച്ചേർത്ത ഈ സംഭവപരമ്പര കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകമൊട്ടാകെയുള്ള ജനാധിപത്യ മനസ്സുകളും ശരിയായി ചിന്തിക്കുന്ന ജനങ്ങളും. ഐക്യരാഷ്ട്രസംഘടനയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ, രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളും വ്യക്തികളും, സ്റ്റാൻ സ്വാമി നേരിട്ട ക്രൂരതക്കും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനുമെതിരെ ശക്തമായ ധാർമ്മികരോഷം പ്രകടിപ്പിച്ചിരിക്കുന്നു. യുദ്ധത്തിൽ പരിക്കേറ്റു പിടിക്കപ്പെടുന്ന ശത്രുഭടനുപോലും തടവിൽ സുരക്ഷ ഉറപ്പാക്കണമെന്നും മതിയായ ചികിത്സയും പരിചരണവും നൽകണമെന്നും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഉടമ്പടിയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ തടവുകാരാക്കപ്പെട്ട സൈനികർക്കും അവരുടെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. പക്ഷേ നമ്മുടെ പരിഷ്കൃത ഇന്ത്യയിൽ, കസ്റ്റഡിയിലെടുക്കുന്ന പ്രതിക്ക് അടിസ്ഥാന ശുശ്രൂഷപോലും നൽകാതെ മരണത്തിലേക്ക് തള്ളിവിടുന്നു. ഫാദർ സ്വാമിയോടൊപ്പം ഭീമ കൊറേഗാവ്-എൽഗാർ പരിഷദ് കേസിൽ പ്രതിചേർക്കപ്പെട്ട മറ്റുള്ളവരുടെ ബന്ധുക്കളും സുഹൃത്തുക്കളും, ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തെ അധികാരനിയുക്തമായ കൊലപാതകം എന്നാണ് വിശേഷിപ്പിച്ചത്. തടവിൽ പാർപ്പിച്ചിരിക്കുന്ന മറ്റുള്ളവരുടെ ആരോഗ്യത്തെയും ജീവനെയും സംബന്ധിച്ച് തങ്ങൾക്ക് ഭയമുണ്ടെന്നും അവർ പറയുന്നു. അങ്ങനെ, ഫാദർ സ്വാമിക്ക് കസ്റ്റഡിയിലുണ്ടായ ദയനീയ മരണം ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുയർത്തുന്നു.
യുഎപിഎ ചുമത്തി ഫാദർ സ്വാമിയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണെന്നാണ് പറയുന്നത്. നിർദ്ദയമായ കരിനിയമമാണെങ്കിലും പാർലമെന്റിലെ ചട്ടങ്ങൾ പ്രകാരം പാസ്സാക്കിയെടുത്ത നിയമം തന്നെയല്ലേ ഇത്. വിചാരണ കൂടാതെ ആരെയും തടവിലിടാൻ ഭരണകൂടത്തിന് ഇത് ഏകാധിപത്യപരമായ അവകാശം നൽകുന്നുണ്ടാകാം. പക്ഷേ, നിയമപരമായ നടപടിക്രമങ്ങളുടെ അടിസ്ഥാനചട്ടങ്ങളെ മറികടക്കാനും, തടവിലാക്കപ്പെട്ടവർക്ക് ജീവനോടെയിരിക്കാനുള്ള, കുറഞ്ഞ പക്ഷം മനുഷ്യത്വപരമായ സമീപനം ലഭിക്കാനുള്ള, അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കാനുമുള്ള അനുമതി യുഎപിഎ അധികാരികൾക്ക് നൽകുന്നുണ്ടോ? പ്രതികൾ കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് അവരെ തടവുശിക്ഷക്കു വിധിക്കപ്പെട്ട പ്രഖ്യാപിത കുറ്റവാളികളെപ്പോലെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ്പിന്നെ നിയമത്തിന്റെയും മര്യാദയുടെയും മുറകൾ. ചാർജ്ഷീറ്റ് ഫയൽ ചെയ്യുന്നതിന് കേവലം ഒരു ദിവസം മുമ്പാണ് സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം പോലും അദ്ദേഹത്തെക്കൊണ്ട് അവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്. അപ്പോൾ സ്വാമിക്ക് ജാമ്യം കിട്ടിയാലും അന്വേഷണത്തിന്റെ പുരോഗതിയെ അത് തടസ്സപ്പെടുത്തില്ലായിരുന്നു. പക്ഷേ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള, കോവിഡ് മഹാമാരി ആളിപ്പടരുമ്പോൾ തടവിലാക്കപ്പെട്ട ഈ 84 വയസ്സുകാരന്റെ ജാമ്യാപേക്ഷയെ എൻഐഎ അതിശക്തമായി എതിർക്കുകയാണ് ഉണ്ടായത്. ഇത് കൊടിയ അനീതിയല്ലേ?
കേസ് കേൾക്കുന്ന ജഡ്ജിയാണ് ജാമ്യം നൽകുന്നത് തീരുമാനിക്കേണ്ടത് എന്ന തത്വം നിലനിൽക്കുന്നു. തത്ഫലമായി, ക്രിമിനൽ നീതിന്യായസംവിധാനത്തിന്റെ പരിഷ്കൃത സ്വഭാവത്തിന്റെ അടയാളമായി ജാമ്യം മാറുന്നു. രോഗിയും അവശനുമായ ഒരു എൺപതുകാരന് തുടർച്ചയായി ജാമ്യം നിഷേധിക്കുന്ന ഒരു സംവിധാനം അതിന്റെതന്നെ അപരിഷ്കൃതസ്വഭാവമല്ലേ വെളിവാക്കുന്നത്? ഒരു മാധ്യമം കൃത്യമായി നിരീക്ഷിച്ചതുപോലെ, “പ്രോസിക്യൂട്ടർമാർക്കും ജഡ്ജിമാർക്കും തങ്ങളുടെതന്നെ മനുഷ്യത്വം ഉപേക്ഷിക്കുന്നതിനുള്ള തൊടുന്യായമാവരുത് ജാമ്യത്തിനു മേലുള്ള നിയമം. നിർഭാഗ്യവശാൽ, നീതിന്യായസംവിധാനത്തിലെ കാലതാമസം സാധാരണ സംഭവമാക്കിത്തീർക്കാൻ അത്യുത്സാഹമുള്ള പ്രോസിക്യൂഷനും ഭീരുത്വമുള്ള ജുഡീഷ്യറിയും ഉദാസീനമായ പൗരസമൂഹവും ഉള്ളപ്പോൾ, കൃത്യമായും സംഭവിക്കുക ഇതുതന്നെയാണ്. അദ്ദേഹം എന്തെങ്കിലും കുറ്റം ചെയ്തോ ഇല്ലയോ എന്നതിന്റെ ഉത്തരം എന്തു തന്നെയുമാകട്ടെ, അത് ഇനിമേലിൽ തെളിയിക്കപ്പെടാൻ പോകുന്നില്ല. ഇതിലും സൗമ്യമായി ഇക്കാര്യം പറയാൻ സാധിക്കുകയില്ല.”
ഈ കേസിൽ ഇതുവരെയുള്ള നിയമപരമായ നടപടിക്രമങ്ങളെ സംബന്ധിച്ചിടത്തോളം, നീതിന്യായത്തിന്റെ യാതൊരു വ്യവസ്ഥാപിത രീതികളും പാലിക്കപ്പെട്ടിട്ടില്ല. ശരിയായ അന്വേഷണത്തിന് സ്വാമിയെ വിധേയനാക്കിയില്ല, ചാർജ്ഷീറ്റ് ഫയൽ ചെയ്തില്ല, അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് കുറ്റം ചെയ്തതിന്റെ തെളിവുകളും ഹാജരാക്കിയില്ല. രാജ്യത്തിനും അതിന്റെ എക്സിക്യൂട്ടീവ് ഭരണകർത്താക്കൾക്കും അതു പോലെതന്നെ നീതിന്യായസംവിധാനത്തിനും സംഭവിച്ച അപചയത്തെയാണ് ഇതെല്ലാം കാണിക്കുന്നത്. ബൂർഷ്വാ സർക്കാർ എപ്പോഴും ആവർത്തിക്കുന്ന ഒരു കാര്യമുണ്ട്; സ്വതന്ത്ര നീതിന്യായ സംവിധാനവും ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള മനുഷ്യാവകാശ കമ്മീഷനുകളും സ്വതന്ത്രമാധ്യമങ്ങളും ഒപ്പം ഊർജ്ജസ്വലവും ശബ്ദമുയർത്തുന്നതുമായ പൊതുസമൂഹവും ഇന്ത്യയുടെ ജനാധിപത്യ-ഭരണഘടന രാഷ്ട്രസംവിധാനത്തിന് പരിപൂരകമാണ് എന്നതാണത്. പക്ഷേ എന്നിട്ടുപോലും ഫാദർ സ്വാമിക്കുണ്ടായ ദുര്യോഗം രാജ്യത്ത് ഇനിയാർക്കും ഉണ്ടാവില്ല എന്നുറപ്പാക്കാൻ സാധിക്കുന്നില്ല.
ഝാര്‍ഖണ്ഡില്‍ ആദിവാസികളെ സംഘടിപ്പിച്ച് അദാനിക്കെതിരെ സമരം ചെയ്തു എന്നതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഭരണകൂടത്തിന്റെ ഏകാധിപത്യനയങ്ങൾക്കെതിരേ സാധ്യമായ പ്രതിരോധം തീർക്കുവാൻ മനഃസാക്ഷിയുള്ള പൗരന്മാർ തീരുമാനമെടുത്തെങ്കിൽമാത്രമേ, ഇത്തരം സംഭവങ്ങളുടെ ആവർത്തനം നമുക്ക് തടയാൻ സാധിക്കൂ.