ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ കേവലം ഒരു ശതമാനംമാത്രം വരുന്ന കേരളം പ്രകൃതി വിഭവങ്ങൾകൊണ്ടും മനുഷ്യവിഭവശേഷികൊണ്ടും മുന്പന്തിയിലുള്ള സംസ്ഥാനമാണ്. ജൈവവൈവിധ്യംകൊണ്ട് ശ്രദ്ധേയമായ 570 കിലോമീറ്റർ കടൽ തീരംകൊണ്ടുകൂടി സമ്പന്നമാണ് കേരളം. ഇതിൽതന്നെ കൊല്ലവും ആലപ്പുഴയും ഉൾപ്പെടുന്ന 150 കിലോമീറ്റർ തീരം ഇൽമനൈറ്റ്, മോണസൈറ്റ്, റൂട്ടയിൽ, സിർകോൺ തുടങ്ങിയ വിലപിടിപ്പുള്ള ധാതുക്കൾ വൻതോതിൽ അടങ്ങിയതാണ്.
കൊല്ലം തീരത്ത് 1922 മുതൽ ഈ ധാതുക്കൾ ഖനനം ചെയ്തുവരുന്നു. നിയമ വിധേനയും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന മണൽ ഖനനം ഒരു നൂറ്റാണ്ട് എത്തുമ്പോൾ കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെത്തന്നെ ഇല്ലാതാക്കി വടക്കാട്ട്നീങ്ങി തോട്ടപ്പള്ളിവരെ എത്തിനില്ക്കുന്നു. ഖനനത്തിരെ തോട്ടപ്പള്ളിയിൽ നടക്കുന്ന സമരം രാജ്യത്തിന്റെ ആകമാനശ്രദ്ധയിൽ എത്തിയിട്ടും ഇടതുപക്ഷത്തിന്റെയും ജനക്ഷേമത്തിന്റെയും മുഖംമൂടി അണിഞ്ഞ പിണറായി വിജയൻ സർക്കാർ ഇതേവരെ ഈ സമരം അറിഞ്ഞ മട്ടില്ല.
ഇന്ന് ഭരണ പ്രതിപക്ഷ ഭേദമെന്യേ എല്ലാവരുടെയും മുദ്രാവാക്യമാണ് വികസനം. ഒരാൾ ജനവിരുദ്ധനാണെന്ന് വരുത്തി തീർക്കാൻ എളുപ്പവഴി അയാൾ വികസന വിരുദ്ധനാണെന്ന് മുദ്രകുത്തുകയാണ്. വികസനത്തിന്റെ പേരിലാണെങ്കിൽ മലനിരകൾ ഇടിച്ചു നിരത്താം, ക്വാറികൾ നടത്തി മലകൾ തുരക്കാം. കടലോ, കായലോ, നദിയോ, നിലമോ നികത്താം, മണൽ വാരി ഒരു പഞ്ചായത്തിനെതന്നെ ഇല്ലാതാക്കാം, ഭൂഗർഭ ജലം ഊറ്റിയെടുക്കാം, മാരക വിഷമടങ്ങിയ കീടനാശിനികൾ തളിക്കാം. ഇതിന് അവസാനത്തെ ഉദാഹരണമായിരിക്കില്ല ആലപ്പുഴയുടെ തീരത്തു നടക്കുന്ന മണൽ ഖനനം.
ആണവ ഇന്ധനമായ തോറിയം അടങ്ങിയ മോണോസൈറ്റ് ഉൾപ്പെടുന്ന ധാതുക്കൾ ആയതിനാൽ തന്ത്രപരവും വാണിജ്യപരവുമായ പ്രാധാന്യം കണക്കിലെടുത്ത് 1962ലെ ആറ്റമിക് എനർജി നിയമപ്രകാരം സ്വകാര്യ മേഖലയിലെ ഖനനം നിരോധിച്ചു. പിന്നീട് 1991 ആഗോളവൽക്കരണനയങ്ങളുടെ കാലത്ത് ഇളവുകൾ വന്നു. തുടർന്ന് ഒരു സംയുക്ത സംരംഭമായ കേരള റയർ എർത്ത്സ് ആന്റ് മിനറൽസ് ലിമിറ്റഡ് (KREML) എന്ന കമ്പനിക്ക് ആലപ്പുഴ ജില്ലയിലെ വലിയഴീക്കൽ മുതൽ തോട്ടപ്പള്ളിവരെയുള്ള 17 കിലോമീറ്റർ കടൽതീരത്തുനിന്ന് കരിമണൽ ഖനനം ചെയ്യുന്നതിന് പാട്ടവ്യവസ്ഥയിൽ അനുമതി നൽകി. കരിമണൽ ഖനനം തീരത്തെ ജൈവ ആവാസ വ്യവസ്ഥയെ മാത്രമല്ല തീരത്തെതന്നെ ഇല്ലാതാക്കുമെന്നും സാമൂഹ്യ ആഘാതം സൃഷ്ടിക്കുമെന്നുമുള്ള തിരിച്ചറിവ് ജനങ്ങളെ സമരത്തിലേക്ക് നയിച്ചു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ രൂപീകൃതമായ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയാണ് അന്ന് സമരത്തിന് നേതൃത്വം നൽകിയത്.
കേരളത്തിലെ ഏറ്റവും വലിയ ജനകീയ സമരമായി അത് മാറി. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി ഡോ.വി. വേണുഗോപാൽ അദ്ധ്യക്ഷനും ജില്ലാ നേതാവ് ആർ.പാർത്ഥസാരഥി വർമ്മ സെക്രട്ടറിയുമായി രൂപീകൃതമായ കരിമണൽ ഖനനവിരുദ്ധ ജനകീയ സമര സമിതിയുടെ കീഴിൽ തീരപ്രദേശങ്ങളിൽ എഴുപത്തിമൂന്നു് ജനകീയ സമര കമ്മിറ്റി കളാണ് രൂപം കൊണ്ടത്. ആലപ്പുഴ തീരപ്രദേശത്തെ ഇളക്കിമറിച്ച് മുന്നേറിയ ഈ സമരത്തിൽ മേധാ പട്ക്കർ, വി.എം.സുധീരൻ തുടങ്ങിയവർ മാത്രമല്ല അന്നത്തെ CPM സംസ്ഥാന സെക്രട്ടറി ശ്രീ.പിണറായി വിജയൻ പോലും പങ്കെടുക്കാൻ നിർബ്ബന്ധിതമായി. 2004ൽ സർക്കാരിന് ഉത്തരവ് പിൻവലിക്കേണ്ടിവന്നു. കരിമണലിൽനിന്നും ലഭിക്കുന്ന അതിഭീമമായ ലാഭം, ഏതു വിധേനയും കരിമണൽ, തീരത്തുനിന്ന് കടത്തുവാൻ സ്വകാര്യ സംരംഭകരേയും IREL, KMML തുടങ്ങിയ പൊതുമേഖല കമ്പനികളിലെ ചില ഉന്നത ഉദ്യോഗസ്ഥരെയും നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
നമ്മുടേതുപോലെ വർഗ്ഗ വിഭജിതമായ ഒരു സമൂഹത്തിൽ വികസനത്തിന് വ്യത്യസ്ത അർത്ഥങ്ങളും കാഴ്ചപ്പാടുകളുമാണുള്ളത്. മുതലാളിമാർക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ തൊഴിലാളികളെ ചൂഷണംചെയ്ത് പരമാവധി ലാഭം ഉണ്ടാക്കി സമ്പത്ത് പെരിപ്പിക്കുന്നതിനുള്ള മാർഗമാണ് വികസനം. എന്നാൽ തൊഴിലാളികളെ സംബന്ധിച്ച് ചൂഷണം ഇല്ലാതാക്കി ജീവിതാവസ്ഥ മെച്ചപ്പെടുത്തുക എന്നതാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വികസനത്തെ സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ആയിരിക്കും. പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാരിന്റെ നയങ്ങൾ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ അതേ നയങ്ങൾ തന്നെയാണ്. പിണറായി ഭരണത്തിൽ ആഗോളഫണ്ടിങ്ങ് ഏജൻസികളും കൺസൾട്ടൻസികളും കേരളത്തിൽ പിടിമുറിക്കി.
വിഴിഞ്ഞം തുറമുഖ പദ്ധതി, കെ.റയിൽ, കെ-ഫോൺ, ഇ-മൊബിലിറ്റി ഹബ്ബ് പദ്ധതി എന്നിങ്ങനെ പതിനായിരക്കണക്കിന് കോടി രൂപ ചെലവ് വരുന്ന വൻകിട പദ്ധതികൾ വരുന്നു. സിപിഐ(എം) നേതാക്കൾക്കോ അവരുടെ ബന്ധുക്കൾക്കോ ബന്ധമുള്ള പല കമ്പനികൾക്കും കരാറോ ഉപകരാറോ ലഭിക്കുക വഴി കോടികൾ കൈയിലെത്തും. ഇത് കൂടാതെയാണ് കോടികളുടെ കമ്മീഷൻ.
മാർക്സിസ്റ്റ് തത്വശാസ്ത്രം പ്രത്യയശാസ്ത്രമായി സ്വീകരിച്ചവർ ശാസ്ത്രത്തെ മുറുകെപിടിക്കേണ്ടവരാണ്. ശാസ്ത്രത്തിന്റെ നൈതികത-ശാസ്ത്രത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്നതും അത് മനുഷ്യനന്മക്കുള്ളതാണെന്നും-അവരുടെ പ്രവർത്തിയുടെ മാനദണ്ഡമായിരിക്കണം. അത്യാർത്തിപൂണ്ടവർക്ക് ചൂഷണം ചെയ്തുനശിപ്പിക്കാനായി പ്രകൃതിയെ വിട്ടുകൊടുക്കാത്തവരും തലമുറകൾക്കായി പ്രകൃതിയെ കാത്തുസൂക്ഷിക്കേണ്ടവരുമാണ്.
വലിയഴീക്കലിൽ ഹാർബർ വികസനത്തിന്റെ പേരിൽ വളരെ ഗൂഢമായി ആസൂത്രണം ചെയ്താണ് കരിമണൽ ഖനനം ചെയ്തു വരുന്നത്. അഴിമുഖത്ത് ഒഴുക്കിന്റെയും ഏറ്റിറക്കങ്ങളുടേയും തിരമാലകളുടേയും പ്രത്യേകതകൾ കൂടി ഉപയോഗപ്പെടുത്തി സിംഗിൾ പോയിൻറ് (പോണ്ട്) ഡ്രഡ്ജിംഗ് ആണ് നടത്തുന്നത്. ഒരേ സ്ഥലത്ത് കുഴിക്കുന്നതിനാൽ കുഴിയിൽ വീണ്ടും വീണ്ടും മണ്ണ് വന്നു നിറയും. അതുപോലെ തോട്ടപ്പള്ളി ഹാർബറിൽ മണ്ണടിഞ്ഞു കൂടിയപ്പോൾ അത് മാറ്റാനെന്ന പേരിൽ വന്ന IREL കമ്പനി മൂന്നു മാസത്തിനകം ഹാർബർ പ്രവർത്തന സജ്ജമാക്കുമെന്നാണ് പറഞ്ഞത്. എന്നാൽ 8 വർഷങ്ങൾക്ക് ശേഷവും ഡ്രഡ്ജിംഗ് തുടരുന്നു. ഹാർബർ ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല. മണ്ണ് എടുത്തുകൊണ്ടേയിരിക്കുന്നു.
2018 ൽ കേരളത്തെ നടുക്കിയ ഭീകരമായ വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാർ നിയോഗിച്ച പഠന സംഘത്തിന്റെ നിർദ്ദേശമെന്ന നിലയിൽ കുട്ടനാടിനെ രക്ഷിക്കാൻ പ്രളയജലം തോട്ടപ്പള്ളി സ്പിൽവേയിലൂടെ ഒഴിക്കിക്കളയാൻ എന്ന വ്യാജേന സ്പിൽവേയുടെ പൊഴിമുഖം മുറിച്ചു തുറക്കുന്നതിന് ദുരന്ത നിവാരണ നിയമത്തിന്റെ മറയിൽ കേരള സർക്കാർ 31-5-2019 ലെ GO(Rt) No.3851/2019/WRD ഉത്തരവ് പ്രകാരം KMML കമ്പനിയെ ചുമതലപ്പെടുത്തി. ഇതിനെ തുടർന്ന് പൊഴിമുഖത്ത് വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് നൂറുകണക്കിന് ലോഡ് കരിമണൽ ദിവസവും കടത്തിക്കൊണ്ടിരിക്കുന്നു.
ഐക്യരാഷ്ട്ര സഭ ഇന്ത്യാ ഗവണ്മെന്റും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ നെതർലാന്റ്സിൽ നിന്നുള്ള വിദഗ്ദ്ധർ കേരള വാട്ടർ റിസോഴ്സ് വകുപ്പുമായി ചേർന്ന് നടത്തിയ പഠനത്തിൽ തോട്ടപ്പള്ളയിലെ തീരവരമ്പിന് ഒരു കാരണവശാലും ക്ഷതം ഏൽപ്പിക്കുതെന്നും തോട്ടപ്പള്ളിയിലെ ഹാർബർ ഉപേക്ഷിക്കണമെന്നും ആവശ്യമെങ്കിൽ തോട്ടപ്പള്ളി പൊഴിമുഖത്തു നിന്ന് തെക്കോട്ട് മാറ്റി സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
കേന്ദ്രസർക്കാരിന്റെ സെൻട്രൽ വാട്ടർ കമ്മീഷൻ കേരളത്തിലെ 2018ലെ വെള്ളപ്പൊക്കത്തെ സംബന്ധിച്ച് നടത്തിയ പഠനത്തിൽ നദികളിലും കായലുകളിലും റിസർവോയറുകളിലും ചെളിയും മറ്റും അടിഞ്ഞുകൂടി ആഴം കുറഞ്ഞതിനാൽ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി കുറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ഭാവിയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഒഴിവാക്കാൻ നദികളിലേയും കായലുകളിലേയും റിസർവോയറുകളിലെയും എക്കലും മറ്റും നീക്കംചെയ്ത് ആഴം കൂട്ടുവാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ ചെയ്തത് തോട്ടപ്പള്ളി പൊഴി മുഖത്തു നിന്ന് കരിമണൽ ഖനനം ചെയ്യുകയാണ്!
ഇവിടെ നമ്മൾ പരിശോധിക്കേണ്ട വിഷയങ്ങൾ മൂന്നാണ്. ഒന്ന് നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായാണോ കരിമണൽ ഖനനം ചെയ്യുന്നത്. രണ്ട് കരിമണൽ ഖനനം മൂലം പ്രകൃതിക്കോ സമൂഹത്തിനോ ദോഷം ഉണ്ടാകുന്നുണ്ടോ? മൂന്ന് തോട്ടപ്പള്ളി പൊഴിമുഖത്തുനിന്നും മണ്ണ് നീക്കംചെയ്ത് കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്നും രക്ഷിക്കാൻ കഴിയുമോ?
2011 ലെയും 2019 ലെയും CRZ ( തീരദേശ സംരക്ഷണ നിയമം) വകുപ്പ് 2.1.1 CRZ-|A പ്രകാരം തീരത്തെ മണൽകുന്നുകൾ, കടലാമകളുടെ സ്വാഭാവിക വാസസ്ഥലം, ദേശാടന പക്ഷികൾ കൂടുകെട്ടുന്ന സ്ഥലങ്ങൾ തുടങ്ങിയവ പാരിസ്ഥിതിക ലോല പ്രദേശങ്ങൾ ആണ്. (കൂടാതെ ലോക വന്യജീവി അതോറിട്ടി തോട്ടപ്പള്ളി തീരത്തെ പ്രത്യേകതരം കടലാമകളുടെ വിളനിലമായി പ്രഖ്യാപി ച്ചിട്ടുണ്ട്). 2.1.1 CRZ-IB യിൽ തീരത്ത് വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇടയിലുള്ള പ്രദേശം ഉൾപ്പെടുത്തിയിരിക്കുന്നു. ഇത്തരം പ്രദേശങ്ങളിൽ CRZ വകുപ്പ് 4പ്രകാരം എല്ലാത്തരം പ്രവൃത്തികളും (യഥാക്രമം വകുപ്പ് 5.1.1, 5.1 2 എന്നിവയിൽ പറഞ്ഞിട്ടുള്ളവ ഒഴികെ) നിരോധിച്ചിട്ടുള്ളതും നിയന്ത്രിച്ചിട്ടുള്ളതുമാണ്. 5.1 2(Xii) പ്രകാരം തീരത്ത് വേലിയേറ്റത്തിനും വേലിയിറക്കത്തിനും ഇടയിലുള്ള പ്രദേശത്ത് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പാടില്ല.
തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡിൽ കൂടി 11.5 ടൺ ഭാരം ആണ് വാഹനങ്ങളിൽ പരമാവധി കയറ്റിപോകാവുന്നത്. എന്നാൽ 40-45 ടൺ കരിമണൽ കയറ്റിയ ടോറസ് വാഹനങ്ങൾ പോലും പോലീസിന്റെ സാന്നിദ്ധ്യത്തിൽ നിർബ്ബാധം ഓടുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെ മാത്രമാണ് മണൽ കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നത്. എന്നാൽ രാപകലില്ലാതെ മണൽ കടത്തുന്നു. നിയമപാലകർ നിയമലംഘനത്തിന് സംരക്ഷണം നൽകുന്നു.
കേന്ദ്രസർക്കാരിന്റെ 1957 ലെ മൈൻസ് ആന്റ് മിനറൽ നിയമം വകുപ്പ് 13 A പ്രകാരം പ്രധാന അറ്റോമിക ധാതുക്കൾ ഖനനം ചെയ്യുന്നതിനും പാട്ടത്തിനു കൊടുക്കുന്നതിനും ഉള്ള ലൈസൻസ് അനുവദിക്കേണ്ടത് കേന്ദ്രസർക്കാർ ആണ്. ഇതിനെ മറികടക്കുന്നതിന് കേരളസർക്കാർ പറയുന്നത് വെള്ളപ്പൊക്കവും അത്യാഹിതവും നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് ധാതുമണൽ നീക്കം ചെയ്യുന്നത് എന്നാണ്. അതിനാൽ ലൈസൻസിന്റെ ആവശ്യമില്ല. ഇത് തികച്ചും തെറ്റും നിലനിൽക്കാത്തതുമായ വാദമാണ്. മാത്രല്ല മേൽപറഞ്ഞ നിയമപ്രകാരം ഖനനം ചെയ്തെടുക്കുന്ന അറ്റോമിക ധാതുമണലിന് സർക്കാരിലേക്ക് റോയൽറ്റി അടക്കേണ്ടതുണ്ട്. കരിമണൽ ലോബിയും സംസ്ഥാന സർക്കാരും ഒത്തുകളിച്ച് നിയമപ്രകാരം അടക്കേണ്ടത്ര റോയൽറ്റി അടക്കാതെ പതിനായിരക്കണക്കിന് ലോഡ് കരിമണലാണ് ഇതിനോടകം കടത്തിയത്.
ഇന്ന് പശ്ചിമതീരത്ത് ഏറ്റവും കൂടുതൽ കടലാക്രമണമുണ്ടാകുന്നത് ഖനനമേഖലയായ വെള്ളനാതുരുത്തിലാണ്. നീണ്ടകര മുതൽ പുന്നപ്രവരെയുള്ള മണൽതീരം ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ ശക്തമായി ഏറ്റുവാങ്ങുന്നു. സുനാമിയിൽ പശ്ചിമതീരത്ത് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടായത് ആലപ്പാട്, തറയിൽകടവ്, പെരുമ്പള്ളി ഭാഗങ്ങളിലാണെന്ന വസ്തുതയും മറക്കരുത്.
തോട്ടപ്പള്ളി ഹാർബറിൽ മണ്ണടിഞ്ഞു കൂടിയപ്പോൾ അത് മാറ്റാനെന്ന പേരിൽ വന്ന IREL കമ്പനി 8 വർഷങ്ങളായി ഡ്രഡ്ജിംഗ് തുടരുന്നു. തോട്ടപ്പള്ളി മുതൽ വടക്കോട്ട് പുന്നപ്രവരെയുള്ള പ്രദേശങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാണ്. കര ഇടിഞ്ഞു താണുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് വീടുകളാണ് കടലെടുത്തു പോയത്. ഇത്തവണ പുന്തലയിലും പുറക്കാടും കടൽ നാഷണൽ ഹൈവേ കവർന്നു. ചത്ത ചാകരയാണിവിടെ അനുഭവപ്പെടുന്നത്. ഖനനാവശിഷ്ടങ്ങൾ കടലിലേക്ക് തള്ളുന്നതാണിതിനു കാരണം. തോട്ടപ്പള്ളി തീരത്തെ വേലിയേറ്റതിരയുടേയും ഇറക്കത്തിരയുടേയും ഇടയ്ക്കുള്ള ഭാഗം (Intertidal area ) ഒരു ആവാസവ്യവസ്ഥയുടെ ഏറ്റവും സചേതനവും ലോലവുമായ ഭാഗമാണ്. ഇവിടെ നടക്കുന്ന ഖനനംആവാസവ്യവസ്ഥയെ നശിപ്പിക്കും.
ഒരു പ്രത്യേക താപീയചലനത്തിന് (Thermo dynamics) വിധേയമായിട്ടാണ് ഈ തീരം വർത്തിക്കുന്നത്. അതിലുണ്ടാകുന്ന മാറ്റം പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയാക്കും. പശ്ചാത്തല വികിരണം (Backgro-und Radiation) വർദ്ധിപ്പിക്കും. ജൈവശൃംഖലയിലെ താഴെത്തട്ടിലുള്ള ജീവികളേയും സസ്യങ്ങളേയും(Flora and fauna) ഇത് ബാധിക്കും. തുടർന്ന് മുകൾത്തട്ടിന്റെ തകർച്ചയ്ക്കും ഇതിടയാക്കും.
ആഗോള താപനത്തിന്റെ ഫലമായി സമുദ്രജലനിരപ്പ് ഉയരുകയാണ്. നിരവധി കായലുകളും നദികളും തോടുകളും വെള്ളക്കെട്ടുകളും ഉള്ളതും സമുദ്രനിരപ്പിൽ താഴെയുള്ള കുട്ടനാട് ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളെ സംരക്ഷിച്ചു നിർത്തുന്നത് നീണ്ടകരമുതൽ ചെല്ലാനംവരെയുള്ള കടൽതീരത്തെ മണൽതിട്ടയാണ്. ആലപ്പുഴ, ആലപ്പാട് തീരങ്ങളിൽ സാന്ദ്രതയേറിയ കരിമണലാണ് തീരത്തിന് സ്ഥിരത നല്കുന്നത്. ഇത് വാരിയാൽ തീരം അലോസരപ്പെടുകയും കടലാക്രമണം രൂക്ഷമാവുകയും കര നഷ്ടപ്പെടുകയും ചെയ്യും. മണൽതിട്ട നഷ്ടപ്പെട്ടാൽ കടലും കായലുകളും ചേർന്ന് ആലപ്പുഴ ജില്ലയുടെ ഭൂരിഭാഗവും കൊല്ലം ജില്ലയുടെ വടക്കൻ ഭാഗവും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടും. ശുദ്ധജല സ്രോതസുകൾ നശിക്കും. പരിസ്ഥിതി സംരക്ഷകർ ഇതിനോടകം നിരവധി മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു.
സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശം എന്നനിലയിലും മനുഷ്യ പ്രവർത്തങ്ങളുടെ ഫലമായി പാരിസ്ഥിതിക ആഘാതം ഏറ്റുവാങ്ങുന്ന പ്രദേശം എന്നനിലയിലും മാത്രമല്ല ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃകപ്രദേശം എന്ന നിലയിലും ലോക ശ്രദ്ധയിലേക്ക് വന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുട്ടനാട്. സമുദ്രനിരപ്പിൽ നിന്നും 0.6 മുതൽ 2.2 മീറ്റർവരെ താഴ്ന്നപ്രദേശമായ ഇവിടം കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്നു. കുട്ടനാട്ടിലെ നെൽകൃഷിയുടെ ആരംഭകാലം മുതൽ വർഷത്തിൽ ഒരു പ്രാവശ്യം വേനൽക്കാലത്താണ് കൃഷി നടത്തിയിരുന്നത്. ഈ കൃഷി പുഞ്ചകൃഷി എന്നാണ് അറിയപ്പെട്ടിരുന്നത്. വേനൽ കാലത്ത് കൊച്ചി കായലിലൂടെയും കായംകുളം കായലിലൂടെയും മറ്റും ഓരുവെള്ളം (ഉപ്പ് വെള്ളം) കടലിൽനിന്നും വേമ്പനാട്ട് കായലിലും തോടുകളിലും എത്തും. കൃഷിയിടങ്ങളിൽ ഓരുവെള്ളം കയറാതിരിക്കാൻ ഓരുമുട്ടുകൾ എന്നറിയപ്പെടുന്ന താല്ക്കാലിക ബണ്ടുകൾ നിർമ്മിച്ചാണ് പുഞ്ചകൃഷി ചെയ്തു വന്നിരുന്നത്.
മഴക്കാലത്ത് 5 നദികളിൽനിന്നും വെള്ളമെത്തി വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാൽ ഒരു വർഷം രണ്ടുകൃഷി എന്നത് സാധ്യമായില്ല. ഓരു കയറ്റവും വെള്ളപ്പൊക്കവും നിയന്ത്രിച്ച് എങ്ങന ഭക്ഷ്യ ഉല്പാദനം വർദ്ധിപ്പിക്കാം എന്ന് 1930 കളിൽ തന്നെ ഭരണകൂടം ആലോചനകൾ തുടങ്ങി. പമ്പ, അച്ചൻകോവിൽ , മണിമല ആറുകളിൽ നിന്നുള്ള ജലം അറബിക്കടലിലേക്ക് ഒഴുക്കി കളയുന്നതിന് വീയപുരത്തുനിന്നും ചാനൽ നിർമ്മിച്ച് തോട്ടപ്പള്ളിയിൽ സ്പിൽവേ സ്ഥാപിക്കുക, ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി തണ്ണീർമുക്കത്ത് ബണ്ട് നിർമ്മിക്കുക, അപ്പർ കുട്ടനാട്ടിൽനിന്നും പ്രളയജലം വേമ്പനാട്ട് കായലിൽ എത്തിക്കുന്നതിനും ഗതാഗതത്തിനും ചങ്ങനാശേരിയിൽനിന്നും ആലപ്പുഴയിലേക്ക് റോഡും അതിനോട് ചേർന്ന് കനാലും നിർമ്മിക്കുക എന്നിവയായിരുന്നു പദ്ധതികൾ.
ആദ്യം പദ്ധതിയിട്ടത് തോട്ടപ്പള്ളിയിലൂടെ ഒരു സെക്കന്റിൽ 5343 ഘനമീറ്റർ വെള്ളം ഒഴുക്കിക്കളയാനാണ്. എന്നാൽ സ്പിൽവേയുടെ ഡിസൈൻ തയ്യാറാക്കിയത് 1811 ഘനമീറ്റർ വെള്ളം ഒരു സെക്കന്റിൽ ഒഴുക്കിക്കളയാനാണ്. 1958 ൽ പണി പൂർത്തിയായപ്പോൾ വെള്ളത്തിന്റെ അളവ് 566 ഘനമീറ്ററായി കുറഞ്ഞു. അതിനാൽ പ്രളയജലം പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ ഒഴുക്കിക്കളയാൻ കഴിയാതെവന്നു. 2018 ലെ വെള്ളപ്പൊക്കത്തിനുശേഷവും അതിനു മുമ്പും കുട്ടനാടിന്റെ പ്രശ്നങ്ങൾ സർക്കാർ തലത്തിലും അല്ലാതെയും നിരവധി ഏജൻസികൾ പഠിക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. പരിഹാര നിർദ്ദേശങ്ങൾ യഥാസമയവും നിർദ്ദേശിക്കപ്പെട്ട അളവിലും തൂക്കത്തിലും നടപ്പിലാക്കുവാൻ സർക്കാർ സന്നദ്ധമായില്ല. വീയപുരത്തുള്ള കനാലിന്റെ കൊപ്പാറ വളവ് 3 കിലോമീറ്റർ നിവർത്തി നേരെയാക്കുക, തോട്ടപ്പള്ളി ലീഡിംഗ് ചാനലിന്റെ ആഴവും വീതിയും കൂട്ടുക, തോട്ടപ്പള്ളി സ്പിൽവേ ശാസ്ത്രീയമായി പുതുക്കിപണിതു മാനേജ്മന്റ്-ഓപ്പറേഷൻ മെച്ചപ്പെടുത്തുക, തോട്ടപ്പള്ളി പൊഴി മുഖത്ത് മണൽ അടിയുന്നത് തടയുന്നതിന് groyne നിർമ്മിക്കുക തുടങ്ങിയവയായിരുന്നു നിർദ്ദേശങ്ങൾ. ഇവ നടപ്പിലാക്കുകയാണ് വേണ്ടത്.
സെൻട്രൽ വാട്ടർ കമ്മീഷൻ 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തെക്കുറിച്ച് പഠിച്ചു സമർപ്പിച്ച റിപ്പോർട്ടിലൊന്നും തീരവരമ്പ് കുഴിക്കണമെന്നു പറയുന്നില്ല. കടലിന്റെയും കായലിന്റെയും ജലവിതാനം കണക്കിലെടുത്ത്, പൊഴിയിലെ ജലനിരപ്പ് സമുദ്രനിരപ്പിനേക്കാൾ ഉയർന്നിരിക്കുമ്പോൾ പൊഴിതുറക്കുന്നതിന് ആരും എതിരല്ല. അത് പലപ്പോഴും സ്വാഭാവികമായി സംഭവിക്കുകയും ചെയ്യാറുണ്ട്. കാലവർഷക്കാലത്ത് കുട്ടനാട്ടിൽ ജലവിതാനം സമുദ്രനിരപ്പിനു മുകളിൽ ആകുമ്പോൾ പൊഴി താനേ തുറക്കും. ചെറിയ തടസ്സങ്ങൾ ഉണ്ടായാൽ പ്രദേശത്തെ ആളുകൾ അത് തുറന്നുകൊടുക്കും.
ഏറ്റിറക്കങ്ങളിൽ ഉപ്പുവെള്ളം നിയന്ത്രിക്കുവാൻ സ്പിൽവേ ഉപയോഗിക്കുന്നു. എന്നാൽ സ്പിൽവേയുടെ ആകെയുള്ള 40 ഷട്ടറുകളിൽ 6 ഷട്ടറുകൾ മാത്രമാണ് യഥാസമയം അടയ്ക്കാനും തുറക്കാനും കഴിയുന്നത്. വേലിയേറ്റ സമയങ്ങളിൽ പലപ്പോഴും ഷട്ടറുകൾ ചോർന്നും തകർന്നും സ്പിൽവേയിലൂടെ ഉപ്പു വെള്ളം കയറി കുട്ടനാട്ടിൽ ഏക്കറ് കണക്കിന് സ്ഥലത്ത് കൃഷി നശിക്കുകയോ കൃഷി ചെയ്യുവാൻ കഴിയാതെ വരുകയോ ചെയ്തിട്ടുണ്ട്. പൊഴി മുഖത്ത് നിന്ന് മണൽ കുഴിച്ച് മാറ്റി ആഴവും വീതിയും കൂട്ടിയാൽ ഇത് നിത്യ സംഭവമാകും.
ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് തീരസംരക്ഷണത്തിന് ഉതകുന്ന തരത്തിൽ തീരഖനനം ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിരിക്കയാണ്. കടുത്ത നിയന്ത്രണങ്ങളാണെവിടെയും. ലോകമെമ്പാടും കടൽതീരം രൂപപ്പെടുത്തി(Beach formation) കടലാക്രമണത്തെ നേരിടുന്ന രീതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഖനനം തകർത്ത ഏഷ്യനാഫ്രിക്കൻ രാജ്യങ്ങൾ ഖനനം നിരോധിച്ചിരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഖനനത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. എന്നാൽ പരിസ്ഥിതിയെ തിരിച്ചുപിടിച്ചു സംരക്ഷിക്കുന്നതിനുപകരം നശിപ്പിക്കുന്ന പരിപാടിയാണിവിടെ നടക്കുന്നത്.
2019 മുതൽ കുട്ടനാടിനെ രക്ഷിക്കാൻ എന്ന പേരിൽ തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനത്തിന്നെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നുവന്നു. ഇത്തരം പ്രതിഷേധങ്ങളെ തകർക്കാൻ കരിമണൽ ലോബിയും സർക്കാരും പോലീസും ഭരണ-പ്രതിപക്ഷത്തെ പല രാഷ്ട്രീയപാർട്ടികളും രംഗത്തെത്തി. അവരുടെ പിണിയാളുകളെ സമരനേതൃത്വത്തിൽ അവരോധിച്ചു. ചിലരെ വിലക്കെടുത്തു. സാധാരണക്കാരുടെമേൽ നിരവധി പോലീസ് കേസുകൾ രജിസ്ട്രർ ചെയ്തു.
നേരത്തെ സൂചിപ്പിച്ച 2003-04 കാലഘട്ടത്തിൽ നടന്ന വിജയം വരിച്ച കരിമണൽ ഖനനവിരുദ്ധ സമരത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ കുമ്പളം ഓഡിറ്റോറിയത്തിൽ നടന്ന മഹാ കൺവൻഷനിൽ പങ്കെടുത്തുകൊണ്ട് അന്ന് സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രഖ്യാപിച്ചത് തീരത്തു നിന്നും കരിണൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഐ(എം) കരിമണൽ ഖനനത്തിനെതിരാണ് എന്നുമാണ്.
എന്നാൽ ഇടതുപക്ഷ രാഷ്ട്രീയത്തെ എന്നല്ല, അല്പം ജനാധിപത്യ സ്വഭാവമുള്ള പ്രസ്ഥാനങ്ങ ളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് സിപിഐ(എം) ഈ മേഖലയിൽ കള്ളപ്രചാരണവും ഭീഷണിയും പ്രലോഭനവും നടത്തുന്നത്. കുട്ടനാടിനെ രക്ഷിക്കാനാണ് മണൽ നീക്കംചെയ്യുന്നത്, ഖനനമല്ല നടക്കുന്നത് പൊഴിമുഖം ആഴംകൂട്ടുകയാണ്, സർക്കാരിന്നെതിരെ സമരം ചെയ്താൽ കേസുകളുമായി കോടതിയും പോലീസ് സ്റ്റേഷനും കയറി ഇറങ്ങി ജീവിതം പാഴാക്കേണ്ടിവരും തുടങ്ങിയ പ്രചരണം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. മറുവശത്ത് ജനങ്ങളുടെ ദാരിദ്ര്യവും നിസ്സഹായാവസ്ഥയും മുതലെടുത്ത് വീടുകളുടെ വാതുക്കൽ ഭക്ഷ്യധാന്യ കിറ്റുകൾ, മൊബൈയിൽ ഫോണുകൾ തുടങ്ങിയവ ഇരുട്ടിന്റെ മറയിൽവച്ചിട്ടു പോകുന്നു. ഇത്തരത്തിൽ എല്ലാത്തരം ഭീഷണികളും പ്രലോഭനങ്ങളും അതിജീവിച്ചാണ് സമരം മുന്നോട്ടു പോകുന്നത്.
ഈ സാഹചര്യത്തിലാണ് മാതൃകാ അദ്ധ്യാപക അവാർഡ് നേടിയ വിരമിച്ച അദ്ധ്യാപകൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി രൂപം കൊണ്ടത്. എസ് യുസിഐ (കമ്മ്യൂണിസ്റ്റ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും 2003-04 കാലഘട്ടത്തിൽ വിജയംവരിച്ച കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതി സെക്രട്ടറിയുമായിരുന്ന ആർ. പാർത്ഥസാരഥി വർമ്മ ഈ സമിതിയുടെ രക്ഷാധികാരിയായി. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ഉൾപ്പെടെ നിരവധി സംഘടനകളും നിസ്വാർത്ഥരായ വ്യക്തികളും ഏതാനും ചിലരാഷ്ട്രീയ പ്രസ്ഥാനങ്ങളും അണിനിരന്നതോടെ സമരം ശക്തമാകാൻ തുടങ്ങി. രാപകൽ സത്യാഗ്രഹം 85 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു.
2021 ജൂൺ 2ന് തീരദേശത്ത് പ്രതിഷേധദിനം ആചരിച്ചു. അന്നേ ദിവസം പുറക്കാട് പഞ്ചായത്തിൽ തീരദേശ ഹർത്താൽ നടന്നു. തുടർന്ന് ജൂലൈ 7ന് തീരദേശ സമര പ്രഖ്യാപന മഹാ സമ്മേളനം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉൽഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ, കർഷക നേതാവ് പി.റ്റി. ജോൺ ഉൾപ്പെടെ നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. കടലമ്മക്ക് പൊങ്കാല ഇട്ടുകൊണ്ട് കരിമണൽ കടത്തുന്ന ലോറികൾ ഉപരോധിച്ചു. കരിമണൽ കയറ്റിയ ടോറസ് ലോറി ഉപരോധിച്ച സമര സമിതി കൺവീനർ ശ്രീകുമാർ, വൈസ് ചെയർമാനും എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മറ്റി അംഗവുമായ ബി.ഭദ്രൻ തുടങ്ങി സ്ത്രീകൾ ഉൾപ്പെടെ നിരവധി സമര നേതാക്കളെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് മൃഗീയമായി തല്ലി ചതച്ചു. കെഎംഎസ് റ്റിയു(കേരള മത്സ്യ സംസ്ക്കരണ തൊഴിലാളി യൂണിയൻ ) നേതാവും കഴിഞ്ഞ നിയമസഭ തെഞ്ഞെടുപ്പിലെ എസ്യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയുമായിരുന്ന കെ.പി.സുബൈദയെ ബൂട്ടിട്ട് ചവുട്ടി പരിക്കേൽപ്പിച്ചു. മറ്റൊരു സമര നേതാവിന്റെ കൈ തല്ലിച്ചതച്ചു. ഈ സംഭവം ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്ത ആകുകയും സമരം കേരളത്തിന്റെ ആകെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
ഇടതുപക്ഷ രാഷ്ട്രീയം സമര രാഷ്ട്രീയമാണ്. ഭരണത്തിന്റെ അവസരവും സാദ്ധ്യതകളും സമരരാഷ്ട്രീയത്തെ പോഷിപ്പിച്ചെടുക്കാനാണ് ഉപയോഗിക്കേണ്ടത്. മൂന്നുപതിറ്റാണ്ടുകാലം ബംഗാൾ അടക്കി ഭരിച്ച ഇടതുപക്ഷ മുന്നണിയുടെയും അതിനു നേതൃത്വം കൊടുത്ത സിപിഐ(എം)ന്റെയും ബംഗാളിലെ ഇന്നത്തെ അവസ്ഥ ആ പാർട്ടിയുടെ നേതാക്കന്മാരും പ്രവർത്തകരും ഓർക്കുന്നത് നന്നായിരിക്കും. അവരുടെ തകർച്ചക്കു ആക്കം കൂട്ടിയ നന്ദിഗ്രാം സമരവും. എൽഡിഎഫിന്റെ രണ്ടാം വിജയം എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല എന്ന് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രഹസന സമരം നടത്തുന്നസിപിഐ(എം)ന് ബോദ്ധ്യമുണ്ടായിരിക്കണം.
ഇവിടെ ഒരു കാര്യം കൂടി പരാമർശിക്കേണ്ടതുണ്ട്. ജനങ്ങളെ ആകെ ദുരിതത്തിൽ ആഴ്ത്തിയ കോവിഡ് എന്ന മഹാമാരിയെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു അവസരമായി കരുതി ജനങ്ങൾക്കതിരെ പുതിയ നയനങ്ങളും നടപടികളും കൊണ്ടുവരുകയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ സംസ്ഥാന സർക്കർ കൊണ്ടുവന്ന കോവിഡ് അനന്തര ചികിത്സക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സാ ഫീസ് ഏർപ്പെടുത്തിയ ഉത്തരവ് അങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. കോവിഡ് ആയതിനാൽ ജനങ്ങൾക്ക് സംഘടിച്ച് സമരം ചെയ്യാൻ കഴിയില്ല. കരിമണൽ ഖനനത്തിനെതിരെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മാസ്ക്ക് വച്ച്, സാനിറ്റൈസർ ഉപയോഗിച്ച്, അകലം പാലിച്ച് സമരം ചെയ്തവരെ പ്രോട്ടോകോൾ ലംഘിച്ച് പോലീസ് തല്ലിച്ചതച്ച് അറസ്റ്റ് ചെയ്ത് ജീപ്പിൽ കുത്തി നിറച്ച് കൊണ്ടുപോകും. പക്ഷേ കേസും പിഴയും സമരക്കാർക്ക് എതിരെയാണ്. നിരവധി കേസുകളാണ് ഇതിനോടകം സമരം ചെയ്തവർക്ക് എതിരെ രജിസ്ട്രർ ചെയ്തിട്ടുള്ളത്. എന്നാൽ ഭരണപക്ഷ പാർട്ടികളുടെ യോഗങ്ങൾക്കോ സർക്കാർ പരിപാടികൾക്കോ ബിവറേജസ് ഔട്ട് ലെറ്റുകൾക്കോ ബസ്സുകളിൽ ആളുകളെ തിക്കി നിറച്ച് കൊണ്ടുപോകുന്നതിനോ കോവിഡ് പ്രോട്ടോക്കോൾ ഒരു പ്രശ്നമേ അല്ല.
സമരം മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു. ആഗസ്റ്റ് 19 ന് സെക്രട്ടറിയേറ്റിന്റെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് ശ്രീ റ്റി.എൻ പ്രതാപൻ ഉൽഘാടനം ചെയ്തു. എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ആർ.കുമാർ, ജനകീയ പ്രതിരോധ സമിതി ജനറൽ സെക്രട്ടറി ഷാജർ ഖാൻ തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തു. വി.എം.സുധീരൻ തുടങ്ങി നിരവധി നേതാക്കൾ സമരത്തെ ശക്തമായി അനുകൂലിക്കുകയും ഖനനം നിർത്തി വെക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കെ.കെ.രമ എം.എൽ.എ, സാമൂഹ്യ പ്രവർത്തക പി.ഗീത തുടങ്ങി നിരവധി പ്രമുഖർ സമര പന്തൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ സർക്കാർ ഇതുവരെ സമരം ചെയ്യുന്നവരുമായി ചർച്ച നടത്താനോ ഖനനം അവസാനിപ്പിക്കാനോ തയ്യാറായിട്ടില്ല. ഒരു പ്രസ്ഥാനം ജനപക്ഷത്താണോ എന്നറിയാനുള്ള എളുപ്പ മാർഗ്ഗം ജനകീയ സമരങ്ങളോട് അവർ സ്വീകരിക്കുന്ന നിലപാടാണ്.
ഈ സമരം ശക്തിപ്പെടേണ്ടതും കേരളമാകെ വ്യാപിക്കേണ്ടതുമായ സമരമാണ്. കാരണം കാലാകാലങ്ങളായി ഇവിടെ ഭരണം നടത്തുന്നവർ കോർപറേറ്റുകളുടെയും ദുരമൂത്ത മുതലാളിമാരുടെയും താല്പര്യാർത്ഥം നടപ്പിലാക്കിയ നയങ്ങളും നടപടികളും കേരളത്തെ മനുഷ്യനിർമ്മിത പാരിസ്ഥിതിക പ്രശ്നങ്ങളുടെ പറുദീസയാക്കി മാറ്റിയിരിക്കുന്നു. കെ-റയിൽ വിരുദ്ധ സമരവും കരിമണൽ ഖനനവിരുദ്ധ സമരവും കേരളത്തിന് ശരിയായ ദിശ നൽകുന്ന സമരങ്ങളാണ്. വിജയിക്കേണ്ട സമരങ്ങളാണ്. കൂടുതൽ ജനപങ്കാളിത്തത്തോടെയുള്ള ഉശിരൻ സമരങ്ങൾക്ക് മാത്രമേ സർക്കാരിന്റെ കണ്ണ തുറപ്പിക്കുവാൻ കഴിയു . അതിനായി എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.