കർഷകരുടെ മുന്നേറ്റത്തിന് കരുത്തു പകരുക

Karshaka-Band-Delhi.jpeg
Share

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി
സഖാവ് പ്രൊവാഷ് ഘോഷിന്റെ അഭ്യർത്ഥന

സഖാക്കളെ, സുഹൃത്തുക്കളെ,


സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത, 2021 സെപ്റ്റംബർ 27-ന് നടന്ന ഭാരത് ബന്ദ് വമ്പിച്ചവിജയമാക്കുന്നതിനായി പരിശ്രമിച്ച, രാജ്യമെമ്പാടുമുള്ള കർഷകരും തൊഴിലാളികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ചെറുപ്പക്കാരും ബുദ്ധിജീവികളും അടങ്ങുന്ന, എല്ലാ വിഭാഗം അധ്വാനിക്കുന്ന ജനങ്ങളേയും, മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷ് സ്ഥാപിച്ച ഇന്ത്യയിലെ വിപ്ലവ തൊഴിലാളിവർഗ്ഗത്തിന്റെ പാർട്ടിയായ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ന്റെ പേരിൽ ഞാൻ അഭിവാദ്യം ചെയ്യുന്നു.

സഖാക്കളെ, വീരോചിതമായ ഈ കർഷകസമരം പഞ്ചാബിലാണ് രൂപംകൊണ്ടതെന്ന് നിങ്ങൾക്കറിയാം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അവിഭജിത പഞ്ചാബ് അന്യാദൃശമായ ഒരു സ്ഥാനമാണ് അലങ്കരിക്കുന്നത്. വിപ്ലവ ഗദ്ദാർ പാർട്ടി രൂപംകൊണ്ടത് ഇവിടെയാണ്. കർത്താർ സിങ്ങ് സരാഭ, ഉദ്ദം സിങ്ങ്, ശഹീദ്- ഭഗത് സിങ്ങ് തുടങ്ങി എത്രയോ ധീരരായ പോരാളികൾക്കും രക്തസാക്ഷികൾക്കും ജന്മം നൽകിയ മണ്ണാണ് പഞ്ചാബ്. അവരുടെ പാഠങ്ങൾ ഹൃദയത്തിലുൾച്ചേർ ത്തുകൊണ്ട് പഞ്ചാബിലെ കർഷകർ വലിയൊരു പ്രവാഹം പോലെ ആരംഭിച്ച മുന്നേറ്റം, അതിവേഗം ഹരിയാനയിലേക്കും പടിഞ്ഞാറൻ യുപിയിലേക്കും പടർന്നുകയറി. തടുക്കാനാകാത്ത വേലിയേറ്റം പോലെ മറ്റു സംസ്ഥാനങ്ങളിലാകെ അത് അലയടിക്കുകയാണ്.മുൻകാല കോൺഗ്രസ് സർക്കാരുകളെപോലെ തന്നെ, ബിജെപി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ കേന്ദ്രസർക്കാരും കുത്തകമുതലാളിമാരുടേയും ബഹുരാഷ്ട്രകുത്തകകളുടേയും വിശ്വസ്ത സേവകരാണ്. കർഷക മുന്നേറ്റത്തെ തകർക്കാൻ എല്ലാവിധ ഹീനമാർഗ്ഗങ്ങളും കേന്ദ്രസർക്കാർ സ്വീകരിച്ചു. എന്നാൽ, ‘നമ്മൾ പൊരുതും നമ്മൾ വിജയിക്കും’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേട്ടുകേൾവിയില്ലാത്തവണ്ണമുള്ള നിശ്ചയദാർഢ്യത്തോടെ കർഷകർ ആ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തി. ഈ പ്രക്ഷോഭം വീരോചിതമായ ഒരു മുന്നേറ്റം മാത്രമല്ല, അത് ചരിത്രപരവും സമാനതകളില്ലാത്തതുമാണ്.
ഒരുവശത്ത്, പോലീസ് അതിക്രമങ്ങളേയും ജലപീരങ്കികളേയും കണ്ണീർവാതക പ്രയോഗത്തേയും എതിരിട്ടുകൊണ്ടും, മറുവശത്ത് അതിശൈത്യത്തെയും പൊള്ളുന്ന വേനലിനേയും കനത്ത മഴയേയും കടുത്ത മൂടൽമഞ്ഞിനെയും നേരിട്ടുകൊണ്ടും, ആബാലവൃദ്ധം ജനങ്ങളും, വയോവൃദ്ധർ മുതൽ ചെറുപ്പക്കാരും കൈക്കുഞ്ഞുങ്ങളെ ഒക്കത്തെടുത്തുകൊണ്ട് സ്ത്രീകളും കുട്ടികളുംവരെ, ലക്ഷക്കണക്കിനു കർഷകർ ജാതിമതഭേദങ്ങൾക്ക് അതീതമായി ഈ പ്രക്ഷോഭവേദിയിൽ ഒറ്റക്കെട്ടായി അണിചേർന്നിരിക്കുന്നു; മതത്തിന്റെയും ജാതിയുടേയും മറ്റ് വിഭാഗീയതകളുടേയും പേരിൽ ഭരണവർഗ്ഗവും ഭരണകക്ഷിയും ജനങ്ങളെ ഭിന്നിപ്പിച്ച്, പ്രക്ഷോഭങ്ങളുടെ ഐക്യം തകർത്ത് വോട്ടുബാങ്കുകൾ സൃഷ്ടിക്കുന്ന ഈ രാജ്യത്ത്. കുത്തകമൂലധനത്തിനും അതിന്റെ വിശ്വസ്ത സേവകരായ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുമെതിരേയുള്ള അടിയുറച്ച പോരാളികളെന്ന സ്വത്വമല്ലാതെ മറ്റൊരു സ്വത്വവും അവർക്ക് ഈ പോരാട്ടത്തിൽ, ഉണ്ടായിരുന്നില്ല.


പത്തു മാസമായി ഇടർച്ചയില്ലാതെ തുടരുന്ന ഇതുപോലെയൊരു കർഷകപ്പോരാട്ടം നാളിതുവരെ ഇന്ത്യ കണ്ടിട്ടില്ല. ലോകചരിത്രത്തിലും ഈ പോരാട്ടത്തിന് സമാനതകളില്ല എന്നു പറയുന്നതിൽ തെറ്റില്ല എന്നു ഞാൻ കരുതുന്നു. ഇത് വിട്ടുവീഴ്ച്ചയില്ലാത്ത, ദീർഘമായ പ്രക്ഷോഭമാണ്, ജീവന്മരണ പോരാട്ടമാണ്. ഇച്ഛാശക്തിയുടെയും തലകുനിക്കാത്ത ആത്മവീര്യത്തിന്റെയും ഐക്യത്തോടുകൂടിയും, നിശ്ചയദാർഢ്യത്തോടെയും ക്ഷമയോടുകൂടിയും, നിർഭയമായ ധീരതയോടെയും യഥാർത്ഥ സാഹസികതയോടെയും തുടരുകയാണ്.


ഒടുങ്ങാത്ത ആത്മ വീര്യത്തിന്റെയും നിര്‍ഭയമായ
ധീരതയുടെയും പ്രകാശനം


പ്രക്ഷോഭത്തെ അടിച്ചമർത്തുവാൻ ബിജെപി സർക്കാർ കിണഞ്ഞു ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പിന്നീടവർ സമരനേതാക്കളുമായി എട്ടുതവണ ചർച്ചകൾ സംഘടിപ്പിച്ചു. അവയെല്ലാം പ്രഹസനമായിരുന്നു. കർഷകരെ നിരാശരാക്കുകയും അതുവഴി സമരം കെട്ടടങ്ങാൻ ഇടയാക്കുകയും ചെയ്യുകയെന്നതായിരുന്നു സർക്കാരിന്റെ പദ്ധതി. പക്ഷേ അതും പരാജയപ്പെട്ടു. തുടർന്ന് പ്രക്ഷോഭത്തെ നിയമയുദ്ധത്തിൽ കുരുക്കിയിടു വാനായി അവർ സുപ്രീം കോടതിയിലേക്ക് പോയി. പക്ഷേ കർഷകർ അതും തള്ളിക്കളഞ്ഞു. ഒടുവിൽ നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷത്തേക്ക് നീട്ടിവെക്കാമെന്ന് നിർദ്ദേശിച്ചു. സിപിഐ(എം)ന്റെ കർഷകമുന്നണി ഈ നിർദ്ദേശത്തെ അംഗീകരിച്ചു. പക്ഷേ നമ്മുടെ കർഷകമുന്നണിയായ എഐകെകെഎംഎസ്(ആൾ ഇൻഡ്യ കിസാൻ ഖേത്് മസ്ദൂർ സംഘടൻ) ഈ നിർദ്ദേശത്തെ തള്ളിക്കളഞ്ഞു. സംയുക്ത കിസാൻ മോർച്ചയും ഇത് തള്ളിക്കളയുകയും അങ്ങനെ ഈപ്രക്ഷോഭം തുടരുകയും ചെയ്യുന്നു.

ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെയോ പ്രമുഖനേതാക്കളുടെ മുൻകൈയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള അനവധി പ്രക്ഷോഭങ്ങൾ മുമ്പും നമ്മുടെ രാജ്യത്തു് ഉണ്ടായിട്ടുണ്ട്. പക്ഷേ, കർഷകമുന്നേറ്റം ഒരു രാഷ്ട്രീയകക്ഷിയും സംഘടിപ്പിച്ചതല്ല എന്നു നമുക്കു കാണാൻ കഴിയും. ഈ മുന്നേറ്റത്തിൽ ഒരു പ്രമുഖനേതാവും ഉണ്ടായിരുന്നുമില്ല. ഇത് സ്വാഭാവികമായുണ്ടായ ഒരു പൊട്ടിത്തെറിയായിരുന്നു. ഏറെക്കാലമായി ജനങ്ങളുടെ ഹൃദയത്തിൽ അടിഞ്ഞുകൂടിയ രോഷത്തിന്റെ വിസ്‌ഫോടനം. ബഹുരാഷ്ട്രകമ്പനികളോടും കുത്തകമുതലാളിത്തത്തോടും പ്രതിജ്ഞാബദ്ധത പുലർത്തുന്ന ഫാസിസ്റ്റ് ബിജെപി സർക്കാർ വഴങ്ങാതെ കടുംപിടുത്തത്തോടെ നിലകൊള്ളുന്നു. മറുപുറത്ത് മറുപടിയായി, പൊരുതുന്ന കർഷകരും നിശ്ചയദാർഢ്യത്തോടെ അചഞ്ചലം നിലകൊള്ളുന്നു.
മുൻകാല കോൺഗ്രസ് സർക്കാരുകളും ഇതിൽനിന്ന് വ്യത്യസ്തരായിരുന്നില്ല. അവരും പലവിധത്തിൽ ബഹുരാഷ്ട്ര കുത്തകകളെ സേവിച്ചു. എന്നാൽ അധികാരത്തിന്റെയും പണത്തിന്റെയും മുഷ്കുകൊണ്ട് മദോന്മത്തരായിരിക്കുന്ന കേന്ദ്രബിജെപി സർക്കാരാകട്ടെ ബഹുരാഷ്ട്ര കമ്പനികളെയും കുത്തകകളെയും സേവിക്കുന്നതിൽ മുൻകാല കോൺഗ്രസ് സർക്കാരുകളെ വെല്ലുന്ന പ്രാപ്തിയും കാര്യശേഷിയും ഘോരതയും തങ്ങൾക്കുണ്ടെന്ന് തെളിയിക്കുകയാണ്.
കുത്തകമുതലാളിത്തത്തിന്റെയും ബഹുരാഷ്ട്രകമ്പനികളുടെയും താത്പര്യാർത്ഥം ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാർ കാർഷികമേഖലയിൽ മൂന്നു കരിനിയമങ്ങളും വൈദ്യുതി നിയമം-2021ഉം കൊണ്ടുവന്നു. ഈ നിയമങ്ങൾ ഏതെങ്കിലും പ്രത്യേക പ്രദേശത്തെ കർഷകരുടെമാത്രം താത്പര്യങ്ങളെയല്ല ഹനിക്കുന്നത്, രാജ്യത്തെ മുഴുവൻ കർഷകരുടെയും താത്പര്യങ്ങൾക്കു വിരുദ്ധമാണത്. തന്നെയുമല്ല, ഇവ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും എതിരെയുള്ളതാണ്.


മുതലാളിത്തം അതിന്റെ വികാസപ്രക്രിയയിൽ കുത്തക-ബഹുരാഷ്ട്ര മൂലധനത്തിന് ജന്മം നൽകിയെന്ന് മാർക്‌സിസ്റ്റുകളെന്ന നിലയിൽ നമുക്കറിയാം. ഈ കുത്തകമൂലധനം ഇന്ന് ലോകമെമ്പാടും പ്രതിസന്ധിയെ നേരിടുന്നു. അവസാനമില്ലാത്ത, ആഴം വർദ്ധിച്ചു കൊണ്ടേയിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിസന്ധി. ഇന്ത്യൻ കുത്തക മുതലാളിത്തവും തരണംചെയ്യാനാകാത്ത ഈ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രധാനവ്യവസായങ്ങളും, നിർമ്മാണവ്യവസായങ്ങളും ഗുരുതരമായ കമ്പോളപ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പലതും അടച്ചുപൂട്ടുന്നു, ചിലത് ഉത്പാദനം വെട്ടിക്കുറച്ച് തൊഴിലാളികളെ പിരിച്ചുവിടുന്നു. സ്ഥിരംജോലി എന്നത് ഏറെക്കുറെ ഇല്ലാതാക്കി, കരാർ തൊഴിൽ സമ്പ്രദായവും, പുറംകരാറും ഒക്കെ വർധിക്കുന്നു. തൊഴിൽ നിയമങ്ങളെന്നത് മുതലാളിമാർക്ക്് അനുകൂലമായ നിയമങ്ങളായി പുതുക്കുന്നു.


അധ്വാനിക്കുന്ന ജനങ്ങളുടെ ക്രയശേഷിയെ നിരന്തരം ചുരുക്കിക്കൊണ്ട്, മുതലാളിത്ത കമ്പോളസമ്പദ്ഘടന സ്വന്തം കമ്പോളത്തെ ഞെരിച്ചമർത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വ്യവസായമേഖലയിൽ മൂലധനം നിക്ഷേപിക്കുന്നതിന് തീരെ സാധ്യതയില്ല. അതുകൊണ്ട്, കാർഷികമേഖലയിൽ വൻതോതിൽ മൂലധനനിക്ഷേപം നടത്തേണ്ട ആവശ്യം അവർക്കുണ്ട്. കൃഷിഭൂമിയെയും കാർഷിക ഉത്പാദനത്തെയും വിപണനത്തെയും, ഒളിഞ്ഞും തെളിഞ്ഞും അവർ കൈപ്പിടിയിലൊതുക്കും. ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് കർഷകർ കൃഷിഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു, ഇനിയും കുടിയൊഴിപ്പിക്കൽ തുടരും. ദേശീയ ക്രൈം റെക്കോർഡ് കണക്കുകൾ പ്രകാരം, 1995 മുതൽ 2019 വരെ 4,42,480 കർഷകർ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത രാജ്യത്താണിത് സംഭവിക്കുന്നത്. കാർഷികോത്പന്നങ്ങളടക്കം എല്ലാ അവശ്യസാധനങ്ങളുടെയും വിൽപന മാത്രമല്ല, അവയുടെ ചെറുകിടവ്യാപാരകേന്ദ്രങ്ങളുംകൂടെ കൈയടക്കേണ്ട ആവശ്യം കുത്തകകൾക്കുണ്ട്.

കൊള്ളലാഭത്തിനായുള്ള അവരുടെ ആഗ്രഹം ഏതുവിധേനയും സാധിച്ചുകൊടുക്കുന്നതിനായി ബിജെപി സർക്കാർ സഹായിക്കുകയാണ്. അതിന്റെ ഫലമായി ജനങ്ങൾ വൻതോതിൽ പാപ്പരാകുകയും ജീവിതമാർഗ്ഗം നഷ്ടപ്പെട്ടവരാവുകയും ചെയ്യുന്നു. മഹാമാരിക്കു മുമ്പ് 9.9 കോടി എന്നു കണക്കാക്കിയിരുന്ന ഇന്ത്യൻ മധ്യവർഗ്ഗകുടുംബങ്ങൾ, ഇപ്പോൾ 6.6 കോടിയായി ചുരുങ്ങിയിരിക്കുന്നതായി നമുക്കറിയാം. ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ, 3 കോടിയിലധികം മധ്യവർഗ്ഗ കുടുംബങ്ങൾ അർധതൊഴിലാളികളോ, മുഴുവൻസമയ തൊഴിലാളികളോ ആയി മാറിയിരിക്കുന്നു.
ഇവിടെ ഈ പ്രക്ഷോഭത്തിൽ എല്ലാ വിഭാഗം കർഷകരും ഒറ്റക്കെട്ടായി അണിനിരന്നിരിക്കുന്നു. വൻകിട കർഷകർ, ദരിദ്രകർഷകർ, കർഷകത്തൊഴിലാളികൾ-എല്ലാവരും ഒരുമിച്ചിരിക്കുന്നു. തൊഴിലാളികളും സ്ത്രീകളും വിദ്യാർത്ഥികളും ചെറുപ്പക്കാരും അവരോടൊപ്പമുണ്ട്. പൊതുവായ പ്രക്ഷോഭത്തിൽ ഏവരും ഐക്യത്തോടെ സംഘടിച്ചിരിക്കുന്നു. ഇത് കർഷകർക്കു വേണ്ടി മാത്രമുള്ള പ്രക്ഷോഭമല്ല. നമുക്കെല്ലാവർക്കും ഭക്ഷണം ആവശ്യമുണ്ട്. കൃഷിഭൂമിയും കാർഷികവിപണനവും കുത്തകകൾ നിയന്ത്രിക്കുകയാണെങ്കിൽ ഭാവിയിൽ എന്താണ് സംഭവിക്കുക? ചരക്കുകളുടെ വില അവർ നിശ്ചയിക്കും. വിലക്കയറ്റം ഇനിയും കുതിച്ചുകയറും. 130 കോടി ജനങ്ങളുടെയും ജീവിതങ്ങൾ നശിക്കും. അതുകൊണ്ട്, ഈ പ്രക്ഷോഭം, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും നിലനിൽപ്പിനായുള്ള പ്രക്ഷോഭമാണ്. പഞ്ചാബിലെയും ഹരിയാനയിലെയും, യുപിയിലെയും, തൊട്ടടുത്ത് കിടക്കുന്ന മറ്റ് പ്രദേശങ്ങളിലെയും കർഷകരുടെ മാത്രം പ്രക്ഷോഭമല്ല. ഈ നിയമങ്ങൾ നടപ്പാക്കിയാൽ, അവ റദ്ദാക്കപ്പെടുന്നില്ലയെങ്കിൽ, രാജ്യത്തെ മുഴുവൻ കർഷകരെയും അത് ബാധിക്കും. അവരാകും അതിൽ ഏറ്റവും കഷ്ടമനുഭവിക്കുക. ഒപ്പംതന്നെ പ്രത്യാഘാതങ്ങൾ സാധാരണ ജനങ്ങൾക്കും നേരിടേണ്ടതായിവരും. അതുകൊണ്ട് ഇത് സാധാരണജനങ്ങളുടെ താത്പര്യാർത്ഥമുള്ള പ്രക്ഷോഭം കൂടിയാണ്.
നിരവധി വ്യവസായങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ, റെയിൽപ്പാതകൾ, വിമാനത്താവളങ്ങൾ, ഉരുക്കുവ്യവസായശാലകൾ എന്നിവയൊക്കെ ഇതിനോടകംതന്നെ സർക്കാർ സ്വകാര്യവൽക്കരിച്ചു കഴിഞ്ഞു. ഈ വ്യവസായങ്ങളൊക്കെയും പൊതുപണമുപയോഗിച്ച് വികസിപ്പിച്ചവയായിരുന്നു. പൊതുമേഖലയെന്നു വിളിച്ചുപോന്ന ഇവയെല്ലാം, കുത്തക മുതലാളിമാരുടെ കൊള്ളലാഭത്തിനായുള്ള ആർത്തി ശമിപ്പിക്കാൻ അവർക്കു കൈമാറുകയാണ്. കുത്തകമുതലാളിമാർക്കും ബഹുരാഷ്ട്രകമ്പനികൾക്കും മര്യാദയ്ക്കുള്ള ലാഭമോ ശരാശരി ലാഭമോ പോരാ, പരമാവധി ലാഭം തന്നെ വേണം. ഇതാണ് കുത്തകമൂലധനത്തിന്റെ ഇന്നത്തെ നിയമം. പരമാവധി ലാഭം നേടുന്നതിനായി, തൊഴിലാളികളെ പരമാവധി ചൂഷണം ചെയ്യുന്നത് കുത്തകകൾ ശീലമാക്കിയിരിക്കുകയാണ്. പിരിച്ചുവിടലും തൊഴിലില്ലായ്മയും വിലക്കയറ്റവും ദുസ്സഹമായിരിക്കുന്നു. ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുകയല്ലാതെ ജനങ്ങൾക്കു മുന്നിൽ മറ്റു വഴികളില്ല. ഇപ്പോഴത്തെ ഈ പ്രക്ഷോഭം അതിന്റെ തിളങ്ങുന്ന ഉദ്ദാഹരണമാണ്.


ചരിത്രത്തിൽ സമാനതകളില്ലാത്ത കർഷകപ്രക്ഷോഭം

നിരവധി സവിശേഷതകളുള്ള കർഷകപ്രക്ഷോഭം ഇന്ത്യയുടെ ചരിത്രത്തിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. ഇന്ത്യയിൽ നടന്ന മുൻകാല ജനാധിപത്യപ്രക്ഷോഭങ്ങളിലെല്ലാം ഏതെങ്കിലുമൊരു സർക്കാരിനെയായിരുന്നു ജനങ്ങൾ ശത്രുവായി കണ്ടിരുന്നത്. പക്ഷേ ഇത്തവണ, ബഹുരാഷ്ട്രകമ്പനികൾക്കും കുത്തകകൾക്കുമെ തിരെയാണ് കർഷകർ തങ്ങളുടെ മുദ്രാവാക്യമുയർത്തുന്നത്. അവരെ സംബന്ധിച്ചിടത്തോളം, സ്വദേശിയും വിദേശിയുമായ കുത്തകമുതലാളിമാരുടെയും ബഹുരാഷ്ട്രകമ്പനികളുടെയും സേവകൻ മാത്രമാണ് പ്രധാനമന്ത്രി മോദി. മോദി സർക്കാർ സംശയലേശമന്യേ അവർക്ക് ശത്രുപക്ഷത്തുതന്നെയാണ്. പക്ഷേ അവരുടെ യഥാർത്ഥശത്രു അണിയറയിലാണ് നിലകൊള്ളുന്നത്. അത്, സ്വദേശിയും വിദേശിയുമായ കുത്തകമുതലാളിമാരും ബഹുരാഷ്ട്രകമ്പനികളുമാണ്. ഈ തിരിച്ചറിവ് സമാനതയില്ലാത്തതാണ്. ഇത്, യഥാർത്ഥശത്രുവിന്റെ തനിസ്വഭാവത്തെക്കുറിച്ചുള്ള ഉയർന്ന തലത്തിലുള്ള ധാരണയാണെന്നതിൽ സംശയമില്ല.
ഏതാനും വർഷങ്ങൾക്കു മുമ്പ്, ‘വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരം’ എന്ന പേരിൽ, ഏഴു മാസങ്ങൾ നീണ്ട ഒരു പ്രക്ഷോഭം അമേരിക്കയിൽ നാം കണ്ടിരുന്നു. പക്ഷേ ആ പ്രക്ഷോഭം വിദ്യാസമ്പന്നരായ ആളുകൾ-തൊഴിൽരഹിതരായ യുവാക്കൾ, പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ -സംഘടിപ്പിച്ചതായിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രക്ഷോഭമാകട്ടെ, അലസരും, നിസ്സംഗരും, നിസ്സഹായരും, വിവരമില്ലാത്തവരും അസംഘടിതരുമെന്നൊക്കെ കണക്കാക്കപ്പെട്ടിരുന്ന കർഷകർ സംഘടിപ്പിച്ചതാണ്. ഇത്തവണ കർഷകർ തങ്ങളുടെ വൈശിഷ്ട്യം തെളിയിക്കുകതന്നെ ചെയ്തു. ഇതും ഒരു അനന്യമായ സവിശേഷതയാണ്.

ഈ കർഷകരിപ്പോൾ സംഘടിതരും നിശ്ചയദാർഢ്യമുള്ളവരുമാണ്. സമരവേദിയിൽ ഇതിനോടകം അറുനൂറിലധികം കർഷകർ മരണമടഞ്ഞു. ജീവൻ ത്യജിക്കാൻ തയ്യാറായി അനേകർ മുന്നോട്ടു വരുന്നു. പോലീസ് വെടിവെയ്പ്പിലൊക്കെയാണ് സാധാരണ പ്രക്ഷോഭങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നത്. പക്ഷേ, ശൈത്യവും മഴയും ചൂടും തന്മൂലമുണ്ടായ അസുഖങ്ങളുമാണ് കർഷകപ്രക്ഷോഭവേദിയിൽ ആളുകളുടെ ജീവനെടുത്തത്. മരണം മുന്നിൽകണ്ടാലും പോർക്കളം വിട്ടുപോകാതെ നിന്നുകൊണ്ട്, ഒന്നിനു പിറകെ ഒന്നായി അവർ മരണത്തെ വരിക്കുന്നു. ഇതും സമാനതകളില്ലാത്തതാണ്. വരുംനാളുകളിൽ ലോകമെമ്പാടുമുള്ള ബഹുജനങ്ങളുടെ ന്യായമായ പ്രക്ഷോഭങ്ങൾക്ക് ഈ പോരാട്ട മനോഭാവം തീർച്ചയായും കരുത്തും ഉത്തേജനവും നൽകും.
സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച ഈ പ്രക്ഷോഭത്തോ ടൊപ്പം തുടക്കം തൊട്ടുതന്നെ, നമ്മുടെ പാർട്ടിയുമുണ്ട്. അതിനു കരുത്തു പകരുവാനായി നാം നമ്മുടെ എല്ലാ ശക്തിയും വിനിയോഗിക്കുന്നു. നമ്മുടെ കർഷകസംഘടനയായ എ.ഐ.കെ.കെ.എം.എസ് (ആൾ ഇൻഡ്യ കിസാൻ ഖേത് മസ്ദൂർ സംഘടൻ), വിദ്യാർത്ഥി-യുവജന-വനിത-തൊഴിലാളി സംഘടനകളും മെഡിക്കൽ സംഘവും അങ്ങേയറ്റത്തെ ഊർജ്ജസ്വലതയോടും വൈകാരികതയോടും കൂടി ഈ പ്രക്ഷോഭത്തിൽ അണിചേർന്നിരിക്കുന്നു. തെരഞ്ഞെടുപ്പു നേട്ടത്തിനായല്ല, പകരം പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുവാൻ, അതിനെ വിജയിപ്പിക്കുവാനാണ് നാം ഇപ്രകാരം ചെയ്തത്. കമ്മ്യൂണിസ്റ്റുകളെന്ന നിലയിൽ, ഏതൊരാൾക്കുനേരെയുമുയരുന്ന അനീതിക്കും ചൂഷണത്തിനും അടിച്ചമർത്തലിനും എതിരെ നാം സദാ നിലകൊള്ളുകയും പോരാടുകയും ചെയ്യും.


സമരം ജനങ്ങളുടെ നിലനിൽപ്പിന്റെ സമ്പ്രദായം

ബഹുജനപ്രക്ഷോഭത്തിനു മാത്രമേ ജനങ്ങളെ പഠിപ്പിക്കാനും അവരുടെ പ്രബുദ്ധത വളർത്തുവാനും സാധിക്കൂ എന്ന് സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളിൽ നിന്നും നമുക്കറിയാം. വർഗ്ഗസമരത്തിലൂടെമാത്രമേ ജനങ്ങൾക്ക് തങ്ങളുടെ യഥാർത്ഥ മിത്രങ്ങളെയും ശത്രുക്കളെയും മിത്രങ്ങളായി നടിക്കുന്നവരെയും തിരിച്ചറിയാൻ സാധിക്കൂ. ഒരു പ്രക്ഷോഭത്തിൽ, രാഷ്ട്രീയ വെളിച്ചം ജനങ്ങളുടെ മനസ്സിൽ മിന്നിത്തെളിയുമെന്നും ജനകീയ ഐക്യത്തിന്റെ വ്യാപ്തിയും കരുത്തും അത് വെളിപ്പെടുത്തുമെന്നും അവരുടെ വീക്ഷണത്തിന്റെ ചക്രവാളത്തെ അത് വികസിപ്പിക്കുമെന്നും അവരിൽ നിശ്ചയദാർഢ്യം സൃഷ്ടിക്കുമെന്നും ഭാവിയിലെ പോരാട്ടങ്ങൾക്കുള്ള അവരുടെ കരുത്തിനെ അത് വർധിപ്പിക്കുമെന്നും മാർക്‌സിസ്റ്റുകൾ എന്ന നിലയിൽ, മഹാനായ മാർക്‌സിന്റെയും ഏംഗൽസിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും മാവോ സേതുങ്ങിന്റെയും സഖാവ് ശിബ്ദാസ് ഘോഷിന്റെയും വിദ്യാർത്ഥികളെന്ന നിലയിൽ, നമുക്കറിയാം. അതുകൊണ്ട്, വളരെ ചുരുങ്ങിയ സമയംകൊണ്ട് ഒരു പ്രക്ഷോഭം വളരെ സമ്പന്നവും അമൂല്യവുമായ പാഠങ്ങൾ ജനങ്ങളെയൊന്നാകെ പഠിപ്പിക്കുന്നു.

അടുത്തതായി എനിക്കു ചൂണ്ടിക്കാണിക്കുവാനുളളത്, നമ്മുടെ രാജ്യത്ത് ഒന്നിനു പിറകെ ഒന്നായി വ്യവസായങ്ങൾ അടച്ചുപൂട്ടുകയും, കോടിക്കണക്കിനു തൊഴിലാളികൾ പിരിച്ചുവിടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്. കോടിക്കണക്കിന് യുവാക്കൾ തൊഴിൽരഹിതരുമാണ്. എന്താണ് ഇതിന് കാരണം? ആരാണ് ഇതിന് കാരണക്കാർ? മുതലാളിത്തം തന്നെ. ജനങ്ങളെ ചൂഷണം ചെയ്ത് അവരുടെ രക്തമൂറ്റിക്കുടിച്ച് ദാഹം ശമിപ്പിക്കുന്ന മുതലാളിത്ത സംവിധാനം ജനങ്ങളെ പാപ്പരാക്കുന്നു. ജനം പട്ടിണി കിടക്കുന്നു. അവർ മരിക്കുന്നു. വരുമാനമോ തൊഴിലോ ഇല്ലാത്തതു മൂലം ജനങ്ങൾക്ക് ചികിത്സക്കുപോലും ഗതിയില്ല.
കൊൽക്കത്ത മെഡിക്കൽ കോളേജിലെ ഏഴ് ഒഴിവുകളിലേക്ക്- മോർച്ചറിയും മൃതശരീരങ്ങളും പരിപാലിക്കുന്ന ചുമതലയുള്ള പോസ്റ്റിലെ ഏഴ് ഒഴിവുകളിലേയ്ക്ക് ആരൊക്കെയാണ് അപേക്ഷിച്ചിരിക്കുന്നതെന്ന് നോക്കുക. 100 എഞ്ചിനീയർമാർ, 2000 ബിരുദധാരികൾ, 1000 ബിരുദാനന്തര ബിരുദധാരികൾ! യുപിയിൽ കഷ്ടിച്ച് 200 പ്യൂൺ ഒഴിവുകളിലേക്ക് ഉന്നതബിരുദധാരികളടക്കം അനേക ലക്ഷങ്ങളാണ് അപേക്ഷിച്ചത്. തമിഴ്‌നാട്ടിൽ തൂപ്പുകാരുടെ ഒഴിവിലേക്കും സമാനമായ കാര്യം സംഭവിച്ചു. സാമ്പത്തികവിദഗ്ദ്ധനായ രഘുറാം രാജൻ അടുത്തിടെ പറഞ്ഞത്, ഇന്ത്യയിൽ വിദ്യാഭ്യാസമുള്ള 10 പേരിൽ ആറു പേർ തൊഴിൽരഹിതരാണെന്നാണ്. വിദ്യാഭ്യാസം കുറഞ്ഞവരും നിരക്ഷരരുമായ കോടിക്കണക്കിന് ചെറുപ്പക്കാരുടെ കാര്യം പറയേണ്ടതുമില്ല.
കോടിക്കണക്കായ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും പിരിച്ചുവിടലിനും, കോടിക്കണക്കിനു ചെറുപ്പക്കാരുടെ തൊഴിലില്ലായ്മക്കും ആരാണ് ഉത്തരവാദി? അത് ഇന്ന് നിലവിലുള്ള മുതലാളിത്തവും കുത്തകമൂലധനവും ബഹുരാഷ്ട്രകമ്പനികളുമാണ്. കർഷകപ്രക്ഷോഭം മുതലാളിത്തത്തിനും ബഹുരാഷ്ട്രകമ്പനികൾക്കും കുത്തകമൂലധനത്തിനുമെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. ഈ കാരണത്താൽ നോക്കിയാലും, പിരിച്ചുവിടപ്പെട്ട തൊഴിലാളികളും തൊഴിൽരഹിതരായ ജനങ്ങളും ഉള്ള തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത തുറിച്ചുനോക്കുന്ന തൊഴിലാളികൾക്കും, ‘ഇത് നമ്മുടെ പ്രക്ഷോഭമാണെന്ന് മനസ്സിലാകേണ്ടതാണ്. ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്താനുള്ള കടമ അവർക്കുണ്ട്.

സ്വകാര്യവൽക്കരണവും കമ്പോളവൽക്കരണവും വിദ്യാഭ്യാസത്തിന്റെ കാവിവൽക്കരണവുംമൂലം വിദ്യാർത്ഥികൾ കഷ്ടപ്പെടുന്നു. ആരാണിത് രൂപകൽപ്പന ചെയ്യുന്നതെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. അവിടെയും ഇതേ ബഹുരാഷ്ട്രകമ്പനികളും കുത്തകകളും തന്നെയാണുള്ളത്. എന്തുകൊണ്ട്? കാരണം, അവർ നമ്മുടെ രാജ്യത്ത് ഫാസിസത്തെ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അക്കാരണംകൊണ്ടുതന്നെ, ചിന്താശേഷിയേയും മനസ്സിന്റെ യുക്തിഭദ്രതയെയും ശാസ്ത്രീയവീക്ഷണത്തെയും തകർക്കാൻ അവർ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. അതിനുവേണ്ടി, ഭാരതീയ നവോത്ഥാനത്തിന്റെ അഗ്രഗാമികൾ നമ്മുടെ രാജ്യത്ത് വിഭാവനം ചെയ്ത അതേ വിദ്യാഭ്യാസസമ്പ്രദായത്തെ അവർ തകർക്കുകയാണ്. അവർ ചരിത്രത്തെ വളച്ചൊടിക്കുകയും തിരുത്തിയെഴുതുകയും ചെയ്യുന്നു. എല്ലാ ചരിത്രവസ്തുതകളെയും തുടച്ചുമാറ്റി പുരാണേതിഹാസങ്ങളെ ചരിത്രമാക്കി മാറ്റുകയാണ്. ശാസ്ത്രത്തിനു പകരമായി മന്ത്രവാദത്തെ വാഴ്ത്തുന്നു. ഇതൊക്കെയും നടത്തിക്കൊണ്ടിരിക്കുന്നത്, അധ്യാത്മവാദപരമായ ചിന്തയും മതാധിഷ്ഠിത മനോഭാവവും അന്ധവിശ്വാസവും വളർത്തുവാനാണ്. ഇതെല്ലാം വളർത്തുന്നതാകട്ടെ ഫാസിസ്റ്റ് മനസ്സിനെ സൃഷ്ടിക്കുവാനും. അതുകൊണ്ട്, ഇത് കുത്തകമൂലധനത്തിനും ബഹുരാഷ്ട്രകമ്പനികൾക്കും എതിരെയുള്ള പ്രക്ഷോഭമായി വിദ്യാർത്ഥികൾക്കും തോന്നണം. അതുകൊണ്ട് ഇത് വിദ്യാർത്ഥികളുടെയും പ്രക്ഷോഭമാണ്.
മുൻകാലങ്ങളിൽ ശാസ്ത്രം, സാഹിത്യം, നിയമ സംവിധാനം വിദ്യാഭ്യാസം, ഇവയൊക്കെയും ആദരണീയമായ മഹത്തായ തൊഴിലുകളായാണ് കരുതപ്പെട്ടിരുന്നത്. മുതലാളിത്തം ഇവയെയെല്ലാം കൂലിത്തൊഴിലിനു സമാനമാക്കി ചുരുക്കിക്കളഞ്ഞു. അവർക്ക് യാതൊരു ആദരവും ലഭിക്കുന്നില്ല. പാർലമെന്ററി ജനാധിപത്യമാകട്ടെ, ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ ഫാസിസ്റ്റ് ഏകാധിപത്യം മാത്രമായി ചുരുങ്ങിയിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യമില്ല, ജുഡീഷ്യറിക്കുപോലും സ്വാതന്ത്ര്യമില്ല, എതിരഭിപ്രായം പറയാനോ പ്രതിഷേധിക്കാനോ അവകാശമില്ല. എല്ലാം തന്നെ നിർദ്ദയം ചവിട്ടിയരയ്ക്കപ്പെടുന്നു. പണിയെടുക്കുന്ന മനുഷ്യരുടെ അസ്ഥിയും മാംസവും ഞെരിച്ചരച്ച് തങ്ങളുടെ ചൂഷണയന്ത്രം ഓടിക്കുവാൻ മുതലാളിത്ത യജമാനന്മാർക്കു സമ്പൂർണ്ണസ്വാതന്ത്ര്യമുണ്ട്. തൊഴിലാളികൾ അവർക്ക് അസംസ്‌കൃതവസ്തുക്കൾ മാത്രമാണ്. ഈ രാക്ഷസഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയാണ് കർഷകപ്രക്ഷോഭം വഴികാണിക്കുന്നത്. അതുകൊണ്ട്, ഈ മുതലാളിത്ത നരകത്തിന് അടിപ്പെട്ട ഏവരും ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഭീതിജനകമായ മറ്റൊരു ചിത്രമുണ്ട്. കുരുന്നു പെൺകുഞ്ഞുങ്ങൾ, കൗമാരപ്രായക്കാർ, തൊണ്ണൂറും നൂറുംവയസ്സുള്ള വൃദ്ധമാതാക്കൾ ഇവരൊക്കെ ഉൾപ്പെടുന്ന സ്ത്രീസമൂഹം ദിവസേന ബലാൽക്കാരത്തിനിരയാക്കപ്പെടുന്നു. പുത്രിമാരെ പിതാക്കന്മാർതന്നെ ബലാൽസംഗം ചെയ്യുന്നതായ സംഭവങ്ങളുമുണ്ട്. ബലാൽസംഗങ്ങളും കൂട്ടബലാൽസംഗങ്ങളും കൊലപാതകങ്ങളുമെല്ലാം നിത്യവാർത്തകളാകുന്നു. സ്ത്രീകളെ വ്യാപാരം ചെയ്യുന്നതു ലാഭകരമായ ബിസിനസ്സായി മാറിയിരിക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെന്നത് തീർച്ചയായും ആവശ്യമാണ്. പക്ഷേ, ഈ കുറ്റകൃത്യങ്ങളുടെ വേരറുക്കുവാനതു പര്യാപ്തമാണോ? ഇതെന്തുകൊണ്ടിതു സംഭവിക്കുന്നു? ഈ കുറ്റവാളികളും ഈ മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടികളാണ്. അവർ യഥാർത്ഥത്തിൽ മനുഷ്യരോ മൃഗങ്ങൾപോലുമോ അല്ല, അധ:പതിച്ച ആധുനിക മുതലാളിത്തം ജന്മംകൊടുത്ത പുതിയൊരു ജീവജാതി ആണവർ.

ധാർമ്മികതയെയും സദാചാരത്തെയും മാനുഷിക മൂല്യങ്ങളെയുമെല്ലാം മുതലാളിത്തം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, ഫാസിസത്തിന് അതാവശ്യമാണ്. റാംമോഹൻ, വിദ്യാസാഗർ, ഫൂലെ തുടങ്ങിയ ഇന്ത്യൻ നവോത്ഥാനത്തിന്റെ മുൻഗാമികൾ, ദേശബന്ധു ചിത്തരഞ്ജൻ ദാസ്, ലാലാലജ്പത് റായ്, തിലകൻ തുടങ്ങിയ മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികൾ, രവീന്ദ്രനാഥ്, ശരത്ചന്ദ്ര, സുബ്രഹ്മണ്യഭാരതി തുടങ്ങിയ സാഹിത്യകാരന്മാർ, ജഗദീഷ് ചന്ദ്രബോസ്, പ്രഫുല്ലചന്ദ്ര റോയ്, സി.വി രാമൻ, മേഘനാഥ് സാഹ, സത്യേൻ ബോസ് തുടങ്ങിയ ശാസ്ത്രജ്ഞർ, സൂര്യസെൻ, ചന്ദ്രശേഖർ ആസാദ്, ഭഗത് സിംഗ്, പ്രീതിലത വദ്ദേദാർ തുടങ്ങിയ രക്തസാക്ഷികൾ ഇവരുടെയെല്ലാം നാമവും മഹത്തായ സമരവുമെല്ലാം കുഴിച്ചുമൂടുകയാണവർ. അവരെല്ലാം വിസ്മൃതിയിൽ അടക്കപ്പെട്ടിരിക്കുന്നു. പുതിയ യുവതലമുറ അവരെ മനസിലാക്കാൻ പാടില്ല, അവരെ മറക്കണം. മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നീലച്ചിത്രങ്ങളിലേക്കും അവരെ വലിച്ചിടുന്നു. മദ്യത്തിലും കറുപ്പിലുമെന്നപോലെ ലൈംഗികതയിലും അവരെ ആസക്തരാക്കുന്നു. ഇത്തരമൊരവസ്ഥ മുൻപ് ഇന്ത്യ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇത് നാഗരികതയുടെ മുന്നോട്ടുപോക്കാണോ? ആരാണ് ഇതിനുത്തരവാദികൾ? ഈ മുതലാളിമാരും അവർ അധികാരത്തിലിരുത്തിയിരിക്കുന്ന തങ്ങളുടെ രാഷ്ട്രീയദാസന്മാരുമാണ് ഇതിനുത്തരവാദികൾ. കർഷകസമരം ആ മുതലാളിത്തത്തിനെതിരെയാണ്. ഇതു നമ്മൾ മറക്കാൻ പാടില്ല.

നമ്മുടെ രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ധാർമ്മികമായും ജീവിതത്തിന്റെ എല്ലാ വശങ്ങളിലും നാശത്തിലേക്കു നീങ്ങുകയാണ്. ചീഞ്ഞഴുകിയതുപോലെ ഒന്നായിരിക്കുന്നു നമ്മുടെ സമൂഹം ആകമാനവും. കുടുംബജീവിതത്തിലും സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. സ്‌നേഹം, വാത്സല്യം, മൃദുലവികാരങ്ങൾ ഇവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. രോഗികളായ വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതലയിൽനിന്ന് മക്കൾ പിന്മാറുകയും അവരെ തെരുവുകളിൽ വിലപിക്കാൻ ഇറക്കിവിടുകയോ ഭാവിദിനങ്ങളെണ്ണിക്കഴിയാൻ വൃദ്ധസദനങ്ങളിലാക്കുകുകയോ ചെയ്യുന്നു. മുതലാളിത്തത്തിനു പണം, ലാഭം എന്നിവയല്ലാതെ ഒന്നും മനസ്സിലാകില്ല. മുതലാളിത്തം രാജ്യത്തെയോ ജനങ്ങളേയോ കണക്കിലെടുക്കില്ല. ഈ മഹാമാരിയുടെ കാലത്തുപോലും അവരെത്രത്തോളം സമ്പാദിച്ചിരിക്കുന്നു എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തും. കോടിക്കണക്കിനു ജനങ്ങൾ തൊഴിലില്ലാത്തവരാവുകയും ഉള്ള തൊഴിലിൽ നിന്നുതന്നെ പുറത്താക്കപ്പെടുകയും ഭിക്ഷാടകരായി തെരുവിലലയുകയും ചെയ്യേണ്ടുന്ന സ്ഥിതിയിലെത്തി യിരിക്കുമ്പോൾ, മുൻപന്തിയിലുള്ള 100 ശതകോടീശ്വരന്മാർ ഈ മഹാമാരിയുടെ കാലത്ത് 12,97,000 കോടി രൂപ സമ്പാദിച്ചിരിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യയുടെ 70 ശതമാനം വരുന്ന ഏതാണ്ട് 95.3 കോടി ജനങ്ങളുടെ സമ്പത്തിന്റെ നാലു മടങ്ങിനു മേലെയാണ് കേവലം ഒരു ശതമാനം വരുന്ന അതിസമ്പന്നർ കൈയടക്കി വച്ചിരിക്കുന്നത്. സമ്പത്ത് എങ്ങനെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ കാണൂ. ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന സമ്പന്നർ 70 ശതമാനം ആളുകളുടെ സമ്പത്തിന്റെ നാലുമടങ്ങിന്നുടമകളാണ്. സമ്പത്ത് കൂടുതൽ കേന്ദ്രീകരിക്കപ്പെടുമെന്നതാണ് മുതലാളിത്തത്തിന്റെ നിയമം.
136 കോടി വരുന്ന ജനസംഖ്യയിലെ 80 കോടി ജനങ്ങളുടെയും ദിവസവരുമാനം 20 രൂപയാണ്. അവർക്കെങ്ങനെ നിലനില്ക്കാനാകും? ധനികരുടെ മൃഷ്ടാന്ന ഭോജനത്തിന്റെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന കുപ്പത്തൊട്ടികളിൽനിന്ന് ആഹാരം തേടുന്ന ജനലക്ഷങ്ങൾ തെരുവുകളിലുണ്ട്. സ്വന്തം മാതാപിതാക്കളാരെന്നറിയാത്ത, എവിടെ നിന്നാണു തങ്ങൾ വരുന്നതെന്നോഏതു നാട്ടിലാണു തങ്ങൾ ജനിച്ചതെന്നോ അറിയാത്ത ദശലക്ഷക്കണക്കിനു കുട്ടികൾ ഈ തെരുവുകളിലുണ്ട്. ഇന്ത്യയുടെ വികസനത്തിന്റെ നേർകാഴ്ചകളാണിവയൊക്കെ. മുതലാളിത്തമാണ് മാനവസമൂഹത്തിന്റെ കൊടിയ ശത്രു. ഈ മുതലാളിത്തത്തിനെ തിരെയാണു കർഷകസമരം. അതിൽ പങ്കാളികളാകുക എന്നതു മാത്രമല്ല അതിനെ ശക്തിപ്പെടുത്തുക എന്നതുകൂടിയാണ് നമ്മുടെ കടമ.

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാതെ പോരാട്ടത്തോടൊപ്പം നിലകൊള്ളാനുള്ള ബാധ്യതയുണ്ട്

സിപിഐ(എം) നെപ്പോലുള്ള ഒരു വലിയ ഇടതുപക്ഷ പാർട്ടി ഈ സമരത്തിൽ കേവലം അധരസേവ മാത്രമാണു നടത്തുന്നതെന്നത് വേദനാജനകമാണ്. സർക്കാരും കർഷക പ്രതിനിധികളും കുത്തകക്കുടുംബങ്ങളും ചേർന്നുള്ള ഒരു യോഗത്തിലൂടെ ഈ വിഷയം പരിഹരിക്കണമെന്നു കഴിഞ്ഞ വർഷം ഡിസംബർ 31ന് സിപിഐ (എം) ജനറൽ സെക്രട്ടറി ഉപദേശിക്കുകയുണ്ടായി. ഡിസംബർ 31 എന്ന ദിവസത്തെക്കുറിച്ചാണു ഞാൻ സൂചിപ്പിക്കുന്നത്. ജനുവരി 1-ന്റെ ഹിന്ദു, ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളിൽ ഈ വാർത്ത വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് എന്നതോ പോകട്ടെ ഒരു ഇടതുപക്ഷപ്പാർട്ടിക്ക് ഇങ്ങനെ ഉപദേശിക്കാൻ കഴിയുമോ?

സകലശക്തിയും സമാഹരിച്ചുകൊണ്ട് എല്ലാ ഇടതുപാർട്ടികളുടേയും ഒരു ഐക്യം ഉണ്ടാകുമായിരുന്നെങ്കിൽ സ്ഥിതിഗതികൾ മാറി മറഞ്ഞേനെ.
1950 കളിലും അതിനുശേഷവും അവിഭക്ത സിപിഐ സമരോത്സുകമായ നിലപാടുകളെടുത്തിരുന്നു. 1964ൽ സിപിഐ(എം) രൂപം കൊണ്ടതിനു ശേഷം 1966 വരെ അവരും പ്രക്ഷോഭണങ്ങളിൽ സമരോത്സുകമായി ഇടപെട്ടിരുന്നു. പില്ക്കാലത്ത് അധികാരത്തിലേറിയതോടെ അവരുടെ മുഖം മാറാൻ തുടങ്ങി. സമരങ്ങളെ അടിച്ചമർത്താൻ മറ്റു ബൂർഷ്വാ പാർട്ടികളെപ്പോലെ അവരും കർഷകർക്കും തൊഴിലാളികൾക്കുമെതിരെ പോലീസിനെ ഉപയോഗിക്കുകയും വെടിവയ്പ്പു നടത്തുകയും ചെയ്തു. അതിനുശേഷം ഒരു സംസ്ഥാനത്തും അവർ ശരിയായ സമരങ്ങൾ വളർത്തിയെടുക്കാൻ ശ്രമിച്ചതായി നിങ്ങൾ കാണില്ല. കുറച്ചു വോട്ടുകൾ തരപ്പെടുത്തുന്നതിനായി അവർ പ്രസ്താവനകൾ പുറപ്പെടുവിക്കും, അല്ലെങ്കിൽ ചില സമര പരിപാടികൾ പ്രഖ്യാപി ക്കുകയോ ചില സമരനാട്യങ്ങൾ നടത്തുകയോ ചെയ്യും. ‘വലതു പിന്തിരിപ്പത്ത’ത്തെ ചെറുക്കാനെന്ന പേരിൽ ഇടതുപക്ഷ രാഷ്ട്രീയം വെടിഞ്ഞുകൊണ്ട് അവർ മുമ്പ് ഭരണബൂർഷ്വാപാർട്ടിയായ കോൺഗ്രസ്സിനെ പിന്തുണയ്ക്കുകയും അവരുമായി കൂട്ടുകെട്ടുണ്ടാക്കു കയും ചെയ്തു, പിന്നീട് ജനസംഘത്തിന്റേയും ആർഎസ്സ്എസ്സിന്റേയും മറ്റു പലതിന്റേയും സങ്കരമായ ജനതാപാർട്ടിയോടൊപ്പം ചേർന്നു. അതിനു ശേഷം ‘കോൺഗ്രസ്സിന്റെ അധികാര പ്രമത്തത യ്‌ക്കെതിരെ’ എന്നു പറഞ്ഞ് ബി.ജെ.പിയോടൊപ്പവും ചേർന്നു. പാർലമെന്റിലും അസംബ്ലികളിലും ഏതാനും സീറ്റുകൾ കിട്ടുന്നതിനായി ഇപ്പോഴുമവർ പ്രതിപക്ഷ കോൺഗ്രസ്സുമായും മറ്റു ജാതി, പ്രാദേശിക, ബൂർഷ്വാ പാർട്ടികളുമായും സഖ്യത്തിനായി സജീവമായി ശ്രമിച്ചുകൊ ണ്ടിരിക്കുകയാണ്. മാർക്‌സിസത്തിന്റെ ലേബൽ വച്ചുകൊണ്ട് വോട്ടിനുവേണ്ടി മാത്രം നിലകൊള്ളുന്ന പാർട്ടിയായി മാറിയിരിക്കുന്നു അവർ. സി.പി.ഐ (എം)ന്റെ സത്യസന്ധരും ഇടതുപക്ഷ മനോഭാവം പുലർത്തുന്ന വരുമായ അനുഭാവികൾ ഈ വിഷയം കാര്യമായാലോചിക്കണം. മറ്റു പ്രതിപക്ഷ പാർട്ടികളും കോൺഗ്രസ്സും പ്രാദേശിക ബൂർഷ്വാ പാർട്ടികളും ജനകീയ സമരങ്ങളിലൊന്നും പങ്കെടുക്കില്ല. കാരണം ഭരിക്കുന്ന പാർട്ടികൾ മാത്രമല്ല ഈ പാർട്ടികളും സിപിഐയും സിപിഐ(എം) ഉംവരെ കുത്തകമൂലധനവുമായി പലതരത്തിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. തെരഞ്ഞെടുപ്പുബോണ്ടുകൾ വഴി അവർക്കു ഫണ്ടു കിട്ടുന്നു. ആരാണീ ഫണ്ടുകളിൽ പണം നൽകുന്നത് ? എല്ലാ പാർട്ടികൾക്കും ഫണ്ടുകിട്ടുന്നതു കുത്തക കുടുംബങ്ങളിൽ നിന്നാണ്, ചിലർക്കു കുറച്ചും മറ്റുചിലർക്കു കൂടുതലും. ഇതെല്ലാം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവർക്കെങ്ങനെ പിന്നെ കുത്തകകൾക്കെ തിരെ നിൽക്കാൻ കഴിയും? ജനാധിപത്യ പ്രക്ഷോഭണങ്ങളുടെ താല്പര്യാർത്ഥം, ഇടതുപക്ഷ മുന്നേറ്റങ്ങളുടെ താല്പര്യാർത്ഥം സകല ശക്തിയും സമാഹരിച്ചു കൊണ്ട് ഈ സമരത്തിലണിചേരാനും അതുവഴി നേതൃത്വത്തെ അതിനു പ്രേരിപ്പിക്കുവാനും ഇടതുപാർട്ടികളിലെ സത്യസന്ധരായ പ്രവർത്തകരോടും അനുയായികളോടും അനുഭാവികളോടും ഞങ്ങൾ ഗൗരവപൂർവം അഭ്യർത്ഥിക്കുന്നു.
ആരെങ്കിലും ജനാധിപത്യസമരങ്ങൾ സംഘടിപ്പിച്ചാൽ, അതിന്റെ ഡിമാന്റുകൾ ന്യായയുക്തമാണെങ്കിൽ, ജനാധിപത്യ മനസ്സുള്ള ജനങ്ങൾ അതിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ നാമതിൽ സഹകരിക്കും. നമ്മെ ക്ഷണിച്ചിട്ടുണ്ടോ നേതൃത്വത്തിൽ ഉണ്ടാകുമോ എന്നതൊന്നും പരിഗണിക്കാതെ, വിപ്ലവകരമായ ലക്ഷ്യത്തോടെ നാം സമരത്തിൽ പങ്കെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഭാരത ബന്ദിന്റെ സമ്പൂർണ വിജയത്തിനുശേഷവും ഡിമാന്റുകൾ നേടുന്നതുവരെ സമരരംഗത്ത് അടിയുറച്ചുനിൽക്കുവാൻ ഏവരോടും ഇതേലക്ഷ്യത്തോടെതന്നെ ഞാൻ അഭ്യർത്ഥിക്കുന്നു. സമരത്തെ സഹായിക്കാനും തുടർന്നുകൊണ്ടുപോകുവാനും, ഗ്രാമങ്ങളിലെ കർഷകരുടെ സമരക്കമ്മിറ്റികൾപോലെ ഫാക്ടറികളിലും പണിസ്ഥലങ്ങളിലും തൊഴിലാളികളുടെ കമ്മിറ്റികളും യുവാക്കളുടേയും വിദ്യാർത്ഥികളുടേയും കമ്മിറ്റികളും സ്ത്രീകളുടെ കമ്മിറ്റികളും രൂപീകരിക്കുകയും വൊളണ്ടിയർമാരെ ചേർക്കുകയും സമരത്തെ വികസിപ്പിക്കുകയുംവേണം. സമരങ്ങളും പോരാട്ടങ്ങളുമില്ലാതെ ഒരു ഡിമാന്റും നേടിയെടുക്കാൻ കഴിയില്ല. ഈ സമരം വിജയിച്ചാൽ അതു കർഷകരെ സഹായിക്കുമെന്നു മാത്രമല്ല, അതു ബൂർഷ്വാസിയെയും ഭരണത്തിലിരിക്കുന്ന ബൂർഷ്വാ പാർട്ടികളേയും ദുർബ്ബലപ്പെടുത്തും. നമ്മുടെ രാജ്യത്തെ ചൂഷിതരായ ജനങ്ങളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അതു ശക്തിപ്പെടുത്തും. ഈ ലക്ഷ്യത്തോടെ നിങ്ങളതിൽ പങ്കെടുക്കണം.

അവസാനിപ്പിക്കുന്നതിനുമുമ്പ്, ധീരരക്തസാക്ഷി ഭഗത്‌ സിംഗിന്റെയും തൊഴിലാളിവർഗത്തിന്റെ മഹാനായ നേതാവ് സഖാവ് ശിബ്ദാസ് ഘോഷിന്റെയും പ്രസംഗങ്ങളിൽനിന്ന് ഓരോ ഭാഗങ്ങൾ ഞാൻ ഉദ്ധരിക്കാം. ഭഗത്‌സിംഗിന്റെ ഈ വാക്കുകൾ നമ്മുടെ രാജ്യത്ത് അധികം പ്രചരിപ്പിക്ക പ്പെട്ടിട്ടുള്ളതല്ല. ഭഗത്‌സിംഗ് ശഹീദ് ഭഗത്‌സിംഗ് എന്ന് ആദരിക്കപ്പെടുന്നത് അദ്ദേഹം ധീരനായ രക്തസാക്ഷിയാണ് എന്നുള്ളതുകൊണ്ടാണ്. ആ കാലഘട്ടത്തിലെ മറ്റേതൊരു നേതാവിനെക്കാളും വിപ്ലവധാരയെ പ്രതിനിധാനം ചെയ്തത് അദ്ദേഹമായിരുന്നു എന്നതുകൊണ്ടുമാത്രമല്ല, ഗാന്ധിയൻ നേതൃത്വത്തിന്റെ വർഗസ്വഭാവം തിരിച്ചറിയാനുള്ള ചിന്താപരമായ ഔന്നത്യം മറ്റൊരു നേതാവിനും അദ്ദേഹത്തെപ്പോലെ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുകൂടിയാണ്. അദ്ദേഹം പറഞ്ഞു: ‘യഥാർത്ഥ വിപ്ലവസേനകൾ’- ഈ പ്രയോഗം നോക്കൂ- ”യഥാർത്ഥ വിപ്ലവസേനകൾ ഗ്രാമങ്ങളിലും ഫാക്ടറികളിലുമുള്ള കർഷകരും തൊഴിലാളികളുമാണ്. എന്നാൽ നമ്മുടെ ബൂർഷ്വാ നേതാക്കൾ” അതായത് ഗന്ധിയൻ നേതൃത്വം, ”അവരെ അണിനിരത്താൻ തയ്യാറല്ല, അതിന് ധൈര്യപ്പെടുന്നില്ല. ഉറങ്ങുന്ന സിംഹത്തെ ഉണർത്തിയാൽപ്പിന്നെ അതിനെ തടഞ്ഞുനിർത്താനാകില്ലല്ലോ….” കർഷകരിലും തൊഴിലാളികളിലും അദ്ദേഹമർപ്പിച്ച വിശ്വാസം നോക്കൂ!

1931 മാർച്ച് 23ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഫെബ്രുവരി 3ന് രാജ്യത്തെ ചെറുപ്പക്കാരോട് ഒരു മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. അന്ന് സിപിഐ നിലവിലുണ്ടെങ്കിലും അത് ആശ്രയിക്കത്തക്കതല്ല എന്ന് കരുതിയതുകൊണ്ടുതന്നെയാകണം അദ്ദേഹം ഈ ആഹ്വാനം മുഴക്കിയത്. ”…കർഷകരുടെയും തൊഴിലാളികളുടെയും അനുഭാവം പിടിച്ചുപറ്റുകയും അവരെ സംഘടിപ്പിക്കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. നല്ല അച്ചടക്കവും രാഷ്ട്രീയ പ്രബുദ്ധതയുമുള്ള തൊഴിലാളികളുടെ പാർട്ടിയാണ് എല്ലാ സമരങ്ങൾക്കും നേതൃത്വം നൽകേണ്ടത്. നമ്മൾ സോഷ്യലിസ്റ്റ് വിപ്ലവം സംഘടിപ്പിക്കണം. അതിന് അനിവാര്യമായും ആദ്യം നിർവ്വഹിക്കേണ്ടത് രാഷ്ട്രീയ വിപ്ലവമാണ്. അതിനുശേഷം, സോഷ്യലിസ്റ്റ് അടിത്തറയിൽ സമൂഹത്തെയാകെ പുനർനിർമ്മിക്കുന്ന പ്രക്രിയയുമായി മുന്നേറണമെന്നും മാർക്‌സിയൻ ദർശനം പറയുന്നു….”
അക്കാലത്ത് മറ്റൊരു നേതാവും ഈ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടില്ല. തൂക്കിക്കൊല്ലുന്നതിന് തൊട്ടുമുമ്പ് ജയിൽ ഉദ്യോഗസ്ഥൻ സമീപിച്ചപ്പോൾ ഭഗത്‌സിംഗ് പറഞ്ഞതിങ്ങനെയാണ്: ” ഒരു വിപ്ലവകാരി മറ്റൊരു മഹാനായ വിപ്ലവകാരിയുമായി ആശയവിനിമയം നടത്തുകയാണ്. അതുകൊണ്ട് ദയവായി എനിക്ക് കുറച്ച് സമയം അനുവദിക്കുക.” ആരായിരുന്നു ആ മഹാനായ വിപ്ലവകാരി? മഹാനായ ലെനിൻതന്നെ. ഭഗത്‌സിംഗ് അപ്പോൾ ലെനിന്റെ ജീവചരിത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു, തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾ മാത്രം അവശേഷിക്കുമ്പോൾ. തൂക്കുകയർ കഴുത്തിലണിയുമ്പോൾ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ച ആദ്യത്തെ വിപ്ലവകാരിയായിരുന്നു ഭഗത്‌സിംഗ്. 1931 ലാണ് ഒരു മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിക്കണമെന്ന ആഹ്വാനം അദ്ദേഹം മുഴക്കുന്നത്. രാജ്യത്ത് ഒരു യഥാർത്ഥ വിപ്ലവപ്പാർട്ടിയുണ്ടാകാൻ പിന്നെയും 17 വർഷമെടുത്തു. എല്ലാ വിപ്ലവകാരികളുടെയും രക്തസാക്ഷികളുടെയും നവോത്ഥാന നായകരുടെയും സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാനായി മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷ് 1948ൽ ഇന്ത്യൻ മണ്ണിലെ യഥാർത്ഥ മാർക്‌സിസ്റ്റ് പാർട്ടിക്ക് രൂപംനൽകി.

ഇനി, സമരങ്ങളെ നയിക്കുന്നതിൽ സഖാവ് ശിബ്ദാസ് ഘോഷ് നൽകിയ മാർഗനിർദ്ദേശം ഉദ്ധരിക്കാം. അദ്ദേഹം പറഞ്ഞു: ”തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവശ്യപ്പെട്ടുകൊണ്ടുള്ള സമരമാകട്ടെ, കൂലിവർദ്ധനയ്ക്കുവേണ്ടി തൊഴിലാളികൾ നടത്തുന്നതോ, ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള സമരമോ ആകട്ടെ, അരിയുടെയോ മറ്റവശ്യ സാധനങ്ങളുടെയോ വിലകുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരമങ്ങളാകട്ടെ, കർഷകരുടെയോ തൊഴിലാളികളുടെയോ വിദ്യാർത്ഥികളുടെയോ യുവാക്കളുടെയോ സമരമാകട്ടെ, ഏതൊരു സമരവും മാർക്‌സിസം-ലെനിനിസത്തിൽനിന്ന് മാർഗദർശനം ഉൾക്കൊണ്ട് നടത്തുന്ന മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവമെന്ന അടിസ്ഥാന രാഷ്ട്രീയലക്ഷ്യം മുൻനിർത്തി യുള്ളതാകണം. അതായത്, എല്ലാ സമരങ്ങളും, മുതലാളിത്ത വ്യവസ്ഥയ്‌ക്കെതിരെയുള്ളതും നിരന്തരമായ വിപ്ലവ പോരാട്ടത്തിലൂടെ അതിനെ അടിസ്ഥാനപരമായി പരിവർത്തിപ്പിച്ചുകൊണ്ട് സമ്പദ്ഘടനയെയും രാഷ്ട്രീയ വ്യവസ്ഥയെയും ഉല്പാദനത്തെയും കലയെയും സംസ്‌കാരത്തെയും സാഹിത്യത്തെയും വിദ്യാഭ്യാസത്തെയുമെല്ലാം അതിന്റെ ചൂഷണത്തിൽനിന്നും അടിച്ചമർത്തലിൽനിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യം പേറുന്നതുമാകണം. എല്ലാ സമരങ്ങളുടെയും മുഖ്യലക്ഷ്യം ഇതാണെന്ന് കരുതുന്നുവെങ്കിൽ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റേതല്ലാത്ത എല്ലാ മാർഗ്ഗങ്ങളും തെറ്റായതുതന്നെയാണ്.” മറ്റൊരു പ്രസംഗത്തിൽ രാജ്യത്തെ വിദ്യാർത്ഥികളോടും യുവാക്കളോടും അദ്ദേഹം അഭ്യർത്ഥിച്ചു: ”…ഏതൊ രു രാജ്യത്തും സാമൂഹ്യ വികാസത്തിന്റെ ഓരോ ഘട്ടത്തിലും വിപ്ലവ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടും അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടും മുന്നോട്ടു വരുന്നത് വിദ്യാർത്ഥികളും യുവാക്കളുമാണ്. അവർ സമ്പൂർണ്ണമായ അർപ്പണബോധത്തോടെ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന്, അവരെ ഉണർത്തി, ആയിരങ്ങളായി സംഘടിപ്പിച്ച്, അവരുടെ രാഷ്ട്രീയാധികാരം സ്ഥാപിച്ചെടു ക്കുന്നതിന് സഹായിക്കുന്നു. അങ്ങനെ അധ്വാനിക്കുന്ന ജനങ്ങൾ മുതലാളിവർഗ്ഗത്തെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞ് മുതലാളിത്ത വ്യവസ്ഥയുടെ സ്ഥാനത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിച്ചു കൊണ്ട് സമൂഹത്തിന്റെ അടിസ്ഥാനപരമായ പരിവർത്തനം സാദ്ധ്യമാക്കിത്തീർക്കുന്നു…”
മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷിന്റെ ശിഷ്യനെന്ന നിലയിൽ നമ്മുടെ മുഴുവൻ സഖാക്കളോടും അനുഭാവികളോടും അഭ്യുദയകാംക്ഷികളോടും, ഈ കർഷക പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുന്നതിലും ഡിമാന്റുകൾ നേടുംവരെ അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതിലും മുഴുകാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ജനങ്ങളുടെ അസംതൃപ്തിയുടെ തീപ്പൊരികൾ ചുറ്റും നാം കാണുന്നുണ്ട്. അവർ സമരത്തിന് തയ്യാറാണ്.

ശാന്തമായ അന്തരീക്ഷം എപ്പോഴാണ് പ്രക്ഷുബ്ദ്ധമാകുന്നതെന്ന് എപ്പോഴും മുൻകൂട്ടിക്കാണാൻ കഴിഞ്ഞെന്നുവരില്ല. യഥാസമയം അത് തിരിച്ചറിഞ്ഞ് സാഹചര്യത്തിനൊത്തുയർന്ന് ആ സമരങ്ങൾക്ക് സംഘടിതരൂപം നൽകാനും അവയെ നയിക്കാനും നമ്മൾ ജാഗജൂകരും സന്നദ്ധരുമായിരിക്കണം. ശഹിദ് ഭഗത്‌സിംഗും മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ്‌ഘോഷും ചൂണ്ടിക്കാണി ച്ചതുപോലെ എല്ലാ സമരങ്ങൾക്കും മാർക്‌സിസമെന്ന വിപ്ലവ പ്രത്യയശാസ്ത്രവും മുതലാളിത്തത്തിനെ തിരെ പോരടിക്കുന്ന യഥാർത്ഥ തൊഴിലാളിവർഗ്ഗ പാർട്ടിയുടെ നേതൃത്വവും ആവശ്യകതയാണ്.
ഐതിഹാസികമായ ഈ കർഷകസമരം വിജയിക്കുമെന്നും അത് നമ്മുടെ രാജ്യത്ത് ഒരു പുതുയുഗപ്പിറവിക്ക് കാരണമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഹരിയാനയിലെ കർഷകർ സർക്കാരിനെ മുട്ടുകുത്തിച്ചത് നമ്മൾ കണ്ടു. സംസ്ഥാന ഗവൺമെന്റിന് കർഷകരുടെ ഡിമാന്റുകൾ അംഗീകരിക്കേണ്ടിവന്നു. അതുപോലെ ഈ കർഷക പ്രക്ഷോഭവും വിജയംവരിക്കുക തന്നെചെയ്യും. എല്ലാവർക്കും ലാൽസലാം.

ഇങ്ക്വിലാബ് സിന്ദാബാദ്.
മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ്‌ഘോഷിന് ലാൽസലാം.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സിന്ദാബാദ്.

Share this post

scroll to top