യുഎൻഎ നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച നടപടി അപലപനീയം. -എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്)


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
una.jpg
Share

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ് എന്നിവരുൾപ്പെടെ 4 നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റിന്റെ നടപടി അപലപനീയമാണെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ഡോക്ടർ വി.വേണുഗോപാൽ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അവകാശങ്ങൾക്ക് വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന യു.എൻ.എ യുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻഷായെപ്പോലൊരു പ്രമുഖ ട്രേഡ് യൂണിയൻ നേതാവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ദുരുദ്ദേശപരം ആണെന്ന് പ്രഥമദൃഷ്ട്യാ ആർക്കും മനസ്സിലാകുന്നതാണ്. പ്രതികൾ വിവിധ സ്ഥലങ്ങളിൽ വിവിധ പേരുകളിൽ താമസിക്കുന്നവരാണ് എന്ന ക്രൈംബ്രാഞ്ചിന്റെ വാദം യുഎൻഎയെ അപകീർത്തിപ്പെടുത്തുന്നതിനു മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. നേഴ്‌സുമാരുടെ അവകാശങ്ങൾക്ക് വേണ്ടി വേണ്ടി നിരന്തരം സമരം ചെയ്യുകയും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ജാസ്മിൻ ഷായ്‌ക്കെതിരെ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പിൻവലിക്കുവാൻ സംസ്ഥാന സർക്കാർ ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
യു എൻ എ യിൽ നിന്നും പുറത്താക്കപ്പെട്ട ഒരു വ്യക്തി, സംഘടനയിൽ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിന്മേലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തി 2019 ഏപ്രിൽ 12ന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ജാസ്മിൻ ഷായും ഷോബി ജോസഫും അടക്കമുള്ള യുഎൻഎ നേതാക്കൾ കുറഞ്ഞത് പത്ത് തവണയെങ്കിലും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുകയും ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുള്ളതാണ്. തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നത് പരാതി വസ്തുതാ വിരുദ്ധമാണെന്നും യുഎൻഎയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ സുതാര്യമാണെന്നുമാണ്. ഈ റിപ്പോർട്ട് വന്നയുടൻ തന്നെ ഡിജിപി പുതിയൊരു അന്വേഷണസംഘത്തിന് കേസ് കൈമാറിക്കൊണ്ടുള്ള ഉത്തരവിറക്കി. യുഎൻഎ യ്ക്ക് ക്ലീൻചിറ്റ് കൊടുത്ത അന്വേഷണസംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത് രാഷ്ട്രീയപ്രേരിതമാണെന്ന് വേണം അനുമാനിക്കാൻ. പിന്നീട് അന്വേഷണം ഏറ്റെടുത്ത തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഒരിക്കൽ പോലും ജാസ്മിൻഷായെ ചോദ്യം ചെയ്യുവാൻ വിളിപ്പിച്ചിട്ടില്ല. ഇഴഞ്ഞു നീങ്ങുന്ന അന്വേഷണത്തിനെതിരെ യുഎൻഎ നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസുമായി രംഗത്ത് വന്നിരിക്കുന്നത്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ട്രേഡ് യൂണിയൻ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയാണ്. എല്ലാ വർഷവും ലേബർ ഡിപ്പാർട്ട്‌മെൻറ് മുൻപാകെ വരവ് ചെലവ് കണക്കുകൾ ഹാജരാക്കിയാൽ മാത്രമേ യൂണിയന് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, സംഘടനയുടെ ആഭ്യന്തര സമ്മേളനങ്ങളിൽ കൃത്യമായ കണക്കുകൾ അവതരിപ്പിച്ചിട്ടുണ്ട് എന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിൽ തന്നെയും സംഘടനയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിരുന്നു എന്ന ആരോപണം ഉയർന്നു വന്നാൽ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ ഒരന്വേഷണം നടത്തേണ്ടതുണ്ട്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരവും നൽകിക്കൊണ്ടു വേണം അന്വേഷണം നടത്തേണ്ടത്. എന്നാൽ അതുണ്ടായില്ല എന്നു മാത്രമല്ല, യുഎൻഎ നേതാക്കന്മാരെ തേജോവധം ചെയ്യാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. യുഎൻഎ നേതാക്കൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടു കൂടി രാഷ്ട്രീയ പ്രേരിതമായ ആരോപണവും അന്വേഷണവുമാണോ നടക്കുന്നതെന്ന സംശയം ബലപ്പെടുന്നു. അഭിമന്യുവിന്റെ കൊലയാളികൾക്കെതിരെ പോലും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലാത്ത പൊലീസാണ് പൊതുസമൂഹത്തിൽ പരസ്യമായി പ്രവർത്തിച്ചുകൊണ്ട് നിലനിൽക്കുന്ന വ്യക്തിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ യുഎൻഎ യെ തകർക്കുവാനുള്ള ശ്രമമാരംഭിച്ചിട്ട് വർഷങ്ങളായി. വളരെ തുഛമായ ശമ്പളത്തിന് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നേഴ്‌സുമാർക്ക് അവകാശബോധം ഉണ്ടാക്കുന്നതിനും അവരെ ഒരു സമര ശക്തിയാക്കി മാറ്റുന്നതിലും യുഎൻഎ വഹിച്ച പങ്ക് ചെറുതല്ല. കോട്ടയം ഭാരത്, ചേർത്തല കെവിഎം, പിവിഎസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിൽ യുഎൻഎയുടെ നേതൃത്വത്തിൽ നടന്ന നേഴ്‌സുമാരുടെ സമരം സ്വകാര്യ ആശുപത്രി മുതലാളിമാരെ വിറകൊള്ളിച്ചു. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും മാനേജ്‌മെന്റിന്റെ താൽപര്യങ്ങൾക്കൊപ്പം നിലകൊണ്ടപ്പോഴും യു എൻ എ എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ വീറോടെ നഴ്‌സുമാർക്ക് വേണ്ടി പോരാടി. നഴ്‌സുമാർക്ക് ഭേദപ്പെട്ട ശമ്പളം ലഭിച്ച തുടങ്ങിയതിൽ യുഎൻഎ നടത്തിയ നിരന്തര സമരങ്ങളുടെ പങ്ക് നിർണായകമാണ്. മാത്രമല്ല, പതിറ്റാണ്ടുകൾക്കു ശേഷം കേരള നഴ്‌സിങ് കൗൺസിൽ ഇലക്ഷനിൽ സിഐടിയുവിനെ പരാജയപ്പെടുത്തി കൗൺസിൽ ഭരണം പിടിച്ചെടുത്തത് സിഐടിയുവിന് ഉണ്ടാക്കിയിട്ടുള്ള വൈരാഗ്യവും ഈ കേസ്സിന് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണ്. യു എൻഎ യെ തകർക്കുക എന്നത് സ്വകാര്യ ആശുപത്രി മുതലാളിമാരുടെ താൽപ്പര്യത്തോടൊപ്പം സിഐടിയുവിനെപ്പോലുള്ള ട്രേഡ് യൂണിയനുകൾ അണിനിരക്കുന്നത് ഖേദകരമാണ്. സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് ഇന്ന് ഭരണതലത്തിലുള്ള സ്വാധീനത്തിന്റെ ഫലമായിട്ടാണ് തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരന്വേഷണം യുഎൻഎ നേതാക്കൾക്കെതിരെ നടക്കുന്നത്. യുഎൻഎക്കെതിരായ ഗൂഢാലോചനയിൽ എസ്.യു.സി.ഐ (സി) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തിന്റെ പുരോഗമന മന:സാക്ഷി യു.എൻ.എയ്‌ക്കൊപ്പം നിലകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോഴുള്ള അന്വേഷണ സംഘത്തെ മാറ്റി നിഷ്പക്ഷമായ ഒരന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും .ഡോക്ടർ വി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top