പാലാ ഉപതെരഞ്ഞെടുപ്പിൽ മജുപുത്തൻകണ്ടത്തിന് SUCI(C) പിന്തുണ

manju.jpg
Share

പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജനകീയ മുന്നണി സ്ഥാനാർത്ഥി മജു പുത്തൻകണ്ടത്തെ പിന്തുണയ്ക്കുവാൻ എസ്.യു.സി.ഐ.(സി) ജില്ലാകമ്മിറ്റി തീരുമാനിച്ചു.

കപട വികസനത്തിന്റെ മുദ്രാവാക്യങ്ങളുമായി നിലകൊള്ളുന്ന LDF, UDF, NDA മുന്നണികൾക്കെതിരെ സങ്കുചിത കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി ജനതാൽപര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നിലകൊള്ളുന്ന മജു പുത്തൻകണ്ടത്തെ വിജയിപ്പിക്കുവാൻ ജനങ്ങൾ തയ്യാറാവണമെന്ന് എസ്.യു.സി.ഐ.(സി) അഭ്യർത്ഥിക്കുന്നു.
മീനച്ചിൽ താലൂക്കിലെമ്പാടും നിർബാധം പാറഖനനം നടത്തുന്ന ക്വറികൾക്കും അതിന് നേതൃത്വം നൽകുന്ന സാമ്പത്തിക-രാഷ്ട്രീയ ശക്തികൾക്കും എതിരെ നിർഭയം പോരാടുന്ന മജു പുത്തൻകണ്ടം പ്രതിനിധാനം ചെയ്യുന്നത് കേരളമെമ്പാടും വളർന്നുവരുന്ന പ്രകൃതി ചൂഷണത്തിനെതിരെ വളർന്നുവരുന്ന ജനകീയ പ്രക്ഷോഭത്തെയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന കുത്തകാനുകൂല നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള സ്ഥാനാർത്ഥി എന്നതും വർഗ്ഗീയതയ്‌ക്കെതിരെ ശരിയായ മതേതര നിലപാടുള്ള സ്ഥാനാർത്ഥി എന്നതും മജു പുത്തൻകണ്ടത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു എന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.

നാടിന്റെ ജനാധിപത്യ-മതേതര വ്യവസ്ഥ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്ന ജനാധിപത്യ- മതേതര മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് ജനകീയ മുന്നേറ്റം വളർത്തിയെടുക്കുക എന്ന ദൗത്യം വിസ്മരിച്ചുകൊണ്ട് വ്യവസ്ഥാപിത പ്രസ്ഥാനങ്ങൾ നിലകൊള്ളുമ്പോൾ ഇത്തരം ജനകീയ മുന്നേറ്റങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്.യു.സി.ഐ.(സി) അഭ്യർത്ഥിച്ചു.
മജു പുത്തൻകണ്ടത്തെ പിന്തുണച്ചുകൊണ്ടുള്ള എസ്.യു.സി.ഐ.(സി)യുടെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുവാൻ കെ.പി.വിജയൻ പ്രസിഡന്റും എൻ.കെ.ബിജു സെക്രട്ടറിയുമായുള്ള 20 അംഗ കമ്മിറ്റിയെ യോഗം തെരെഞ്ഞെടുത്തു.

Share this post

scroll to top