എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികൾ

Share

എസ്.മിനി
തിരുവനന്തപുരം

വീറുറ്റ ജനകീയ സമരങ്ങളുടെ തീഷ്ണമായ പാതയിലൂടെ കടന്നുവന്ന സഖാവ് എസ്.മിനിയാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാനാർത്ഥി.

പാർട്ടിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയംഗവും വനിതാ വിഭാഗമായ എഐഎംഎസ്എസ് ജില്ലാപ്രസിഡന്റുമാണ് സഖാവ് എസ്.മിനി. വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ കുടുംബങ്ങളുടെ പ്രക്ഷോഭ വേദിയായ ഇൻഡ്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ(ഐഎൻപിഎ) സംസ്ഥാന സെക്രട്ടറി, ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, മദ്യവിരുദ്ധ ജനകീയ സമരസമിതി സംഘാടക, സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും സഖാവ് നേതൃത്വപരമായ പ്രവർത്തനം നടത്തുന്നു. സങ്കുചിത കക്ഷിരാഷ്ട്രീയ, ജാതി-മത, പരിഗണനകൾക്കതീതമായി ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി വിജയിപ്പിച്ച, മാതൃകാപരമായ വിളപ്പിൽശാല ജനകീയ സമരത്തിന് വീറുറ്റ നേതൃത്വം നൽകിയവരിലൊരാളുമാണ് സഖാവ് മിനി. വനിതകൾ നിർണ്ണായകമായ ശക്തിയായി മാറിയ ആ സമരത്തിൽ സഖാവ് മിനി നിസ്തുലമായ പങ്ക് വഹിച്ചു.

ആശ വർക്കർമാരുടെ സമരത്തിന് സെക്രട്ടേറിയറ്റ് നടയിൽ
നേതൃത്വം നൽകുന്ന സഖാവ് എസ്.മിനി

സ്വാശ്രയ വിദ്യാഭ്യാസ മാഫിയ ജിഷ്ണു പ്രണോയിയെ വകവരുത്തിയതിനെതിരെ ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരത്തെ സഹായിച്ചതിന് സഖാവ് എസ്.മിനിയെ പോലീസ് അറസ്റ്റ്‌ചെയ്ത് തുറുങ്കിലടച്ചു. പിണറായി വിജയൻ സർക്കാരിന്റെ അത്യന്തം ജനാധിപത്യവിരുദ്ധമായ ഈ നടപടിക്കെതിരെ കേരളമൊന്നാകെ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു സഖാവ് മിനിയെ തടങ്കലിൽനിന്ന് വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനം ആരംഭിച്ചത് മുതലുള്ള രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകി സദാ ജനങ്ങളോടൊപ്പമുള്ള സഖാവ് എസ്.മിനിയാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കാൻ സർവ്വഥായോഗ്യ.

ട്വിങ്കിൾ പ്രഭാകരൻ

കൊല്ലം

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കൊല്ലം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറിയുമായ സഖാവ് ട്വിങ്കിൾ പ്രഭാകരനാണ് കൊല്ലം പാർലമെന്റ് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി.

കോളജ് വിദ്യാർത്ഥിയായിരിക്കെ പാർട്ടിയുമായി ബന്ധപ്പെട്ട സഖാവ് ട്വിങ്കിൾ തുടർന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സംഘാടകയും മുഴുവൻ സമയ പ്രവർത്തകയുമായി മാറി. സഖാവ് ട്വിങ്കിൾ കൊല്ലത്തെ നിരവധിയായ സമരപ്രസ്ഥാനങ്ങളുടെ അമരക്കാരിയാണ്. മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ കൊല്ലം ജില്ലാ കമ്മിറ്റിയംഗം, സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന കമ്മിറ്റിയംഗം, വായ്പയെടുത്ത് കടക്കെണിയിലായ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രസ്ഥാനമായ ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ(ഐഎൻപിഎ) ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചുവരുന്നു.

കൊല്ലം കാഷ്യു കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ കശുവണ്ടി
തൊഴിലാളികൾ നടത്തിയ വിജയംവരിച്ച ത്രിദിന
സത്യാഗ്രഹ സമരം നയിച്ചുകൊണ്ട് സഖാവ് ട്വിങ്കിൾ പ്രഭാകരൻ

കശുവണ്ടി തൊഴിലാളി സമരങ്ങളിലും കടലോര ജനതയുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലും ദീർഘകാലമായി സഖാവ് ട്വിങ്കിൾ സഹകരിച്ചുവരുന്നു. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സഖാവ് ട്വിങ്കിൾ വ്യാപൃതയായി. ഒരു കവയത്രികൂടിയായ സഖാവ് ട്വിങ്കിൾ ബാനർ സാംസ്‌കാരിക സമിതിയുടെ കൂട്ടായ്മകളിൽ സജീവ സാന്നിദ്ധ്യമാണ്.

ബിനു ബേബി
പത്തനംതിട്ട

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പത്തനംതിട്ട ജില്ലാകമ്മിറ്റിയംഗവും ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) സംസ്ഥാന പ്രസിഡന്റുമായ സഖാവ് ബിനു ബേബിയാണ് പത്തനംതിട്ട പാർലമെന്റ് നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി.

മാവേലിക്കര രവിവർമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്‌സിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ബിനു ബേബി എസ്‌യുസിഐ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനാകുന്നത്. അറിയപ്പെടുന്ന ചിത്രകാരനും ചിത്രകലാ അദ്ധ്യാപകനുമായ ബിനുബേബി പത്തനംതിട്ടയിലെ രാഷ്ട്രീയ സാംസ്‌കാരിക ബഹുജനസമരരംഗങ്ങളിലെ സജീവസാന്നിദ്ധ്യമാണ്.
ഡിപിഇപി, എസ്എസ്എ, റൂസ തുടങ്ങിയ ലോകബാങ്ക് വിദ്യാഭ്യാസ പദ്ധതികൾക്കെതിരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭണങ്ങൾ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ നടന്ന നിരവധിയായ സമരങ്ങൾ, ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തിനെതിരെ നടന്ന വീറുറ്റ വിദ്യാർത്ഥി പ്രക്ഷോഭം, എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ സമരം തുടങ്ങി എണ്ണമറ്റ വിദ്യാഭ്യാസ പ്രക്ഷോഭണങ്ങൾക്ക് ബിനു ബേബി നേതൃത്വം നൽകി. ആൾ ഇന്ത്യാ സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സമരസംഘടനയായ ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം എന്നീ ചുമതലകൾ നിർവ്വഹിച്ചു വരുന്നു.

കിടപ്പാടം നഷ്ടപ്പെടുന്ന പൊന്തൻപുഴ നിവാസികൾ വനഭൂമി സംരക്ഷിക്കുന്നതിനായി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സഖാവ് ബിനു ബേബിയുടെ നേതൃത്വത്തിൽ എസ്‌യുസിഐ(സി) പ്രവർത്തകർ

പൊന്തൻപുഴ വലിയകാവ് വനസംരക്ഷണ പട്ടയ സമര സമിതിയുടെ നേതൃത്വത്തിൽ പൊന്തൻപുഴയിൽ നടക്കുന്ന സമരം, ആറൻമുളയിലെ മിച്ചഭൂമി സമരം എന്നിവയിലും സജീവ സാന്നിദ്ധ്യമാണ്. പ്രളയ ദുരിതകാലത്തെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളിലും ജില്ലയിലെ നഴ്‌സുമാർ നടത്തിയ വിജയംവരിച്ച സമരങ്ങളിലും ജില്ലയിൽ നടന്ന നിരവധി കുടിവെള്ള സമരങ്ങളിലും സജീവമായി ഇടപെട്ടു. സ്‌കൂളുകളിൽ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കലാവിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ മുൻനിരയിൽനിന്ന് പ്രവർത്തിച്ചു സഖാവ് ബിനു ബേബി.

കെ.ബിമൽജി
മാവേലിക്കര

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവും ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ-എഐഡിവൈഒയുടെ സംസ്ഥാന കമ്മിറ്റിയംഗവുമായ സഖാവ് കെ.ബിമൽജിയാണ് മാവേലിക്കര മണ്ഡലത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി.

പരുമല ദേവസ്വംബോർഡ് കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ, വിദ്യാർത്ഥി പ്രസ്ഥാനമായ എഐഡിഎസ്ഒയിലൂടെയാണ് ബിമൽജി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുമായി ബന്ധപ്പെടുന്നത്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളിൽ വിദ്യാർത്ഥികളെ അണിനിരത്തിക്കൊണ്ട് നിരവധി പ്രക്ഷോഭങ്ങൾക്ക് ബിമൽജി നേതൃത്വം നൽകി. ഡിപിഇപി വിരുദ്ധ സമരം, പാരലൽ വിദ്യാർത്ഥികളുടെ അവകാശ സമരം തുടങ്ങിയവ ഇതിൽ ചിലതുമാത്രമാണ്. എഐഡിഎസ്ഒയുടെ ജില്ലാനേതൃനിരയിലേയ്ക്ക് ഉയർന്നുവന്ന ബിമൽജി ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു. എഐഡിഎസ്ഒയുടെ സംസ്ഥാന കമ്മിറ്റിയംഗമായും സഖാവ് ബിമൽജി പ്രവർത്തിച്ചു. തൊഴിലില്ലായ്മയ്ക്കും സാംസ്‌കാരികതകർച്ചയ്ക്കുമെതിരെ യുവജനങ്ങൾക്കിടയിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരുന്നു.

ചെങ്ങന്നൂർ-തോട്ടിയാട് ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ നടന്ന വിജയം വരിച്ച സമരത്തിൽ പ്രവർത്തകരോടൊപ്പം സഖാവ് കെ.ബിമൽജി

ആലപ്പുഴയുടെ തീരത്തുനടന്ന കരിമണൽ ഖനന വിരുദ്ധസമരം, ജില്ലയിലെ മദ്യവിരുദ്ധ സമരങ്ങൾ എന്നിവയിലെല്ലാം ബിമൽജി നേതൃത്വപരമായ പങ്കുവഹിച്ചു. കേരളത്തെ ഒന്നാകെ വിഴുങ്ങിയ മഹാപ്രളയകാലത്ത് ബിമൽജിയും സഖാക്കളും ചെങ്ങന്നൂർ, പാണ്ടനാട്, മാന്നാർ പ്രദേശങ്ങളിൽ സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. പ്രളയബാധിത പ്രദേശങ്ങളിൽ നിരവധി സൗജന്യമെഡിക്കൽ ക്യാമ്പുകൾക്കും അദ്ദേഹം നേതൃത്വം നൽകി. കവിയും സാംസ്‌കാരിക പ്രവർത്തകനും, തന്റെ പൊതുപ്രവർത്തനത്തിലൂടെ ജനങ്ങളോടും ജനകീയ പ്രശ്‌നങ്ങളോടുമുള്ള കൂറും ആത്മാർത്ഥതയും തെളിയിച്ചിട്ടുള്ള വ്യക്തിത്വവുമാണ് സഖാവ് കെ.ബിമൽജി.

ആർ. പാർത്ഥസാരഥി വർമ്മ

ആലപ്പുഴ

സഖാവ് ആർ. പാർത്ഥസാരഥി വർമ്മയാണ് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി.

മാവേലിക്കര രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്‌സിൽ വിദ്യാർത്ഥിയായിരിക്കവേയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എഐഡിഎസ്ഒയുമായി സഖാവ് ആർ.പാർത്ഥസാരഥി വർമ്മ ബന്ധപ്പെടുന്നത്. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആശയാദർശങ്ങളിൽ ആകൃഷ്ടനായി പാർട്ടിയുടെ സജീവസംഘാടകനായി മാറിയ സഖാവ് വർമ്മ, കലാവിദ്യാർത്ഥി സമരം, ഡിപിഇപി വിരുദ്ധ പ്രക്ഷോഭണം, നിരവധിയായ മദ്യവിരുദ്ധ സമരങ്ങൾ തുടങ്ങി ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന എണ്ണമറ്റ ജനകീയ പ്രക്ഷോഭണങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു.

ആലപ്പാട് കരിമണൽ ഖനന വിരുദ്ധ സമരമുഖത്ത് ജനകീയ
പ്രതിരോധ സമിതിയുടെ ഐക്യദാർഢ്യവുമായി
സഖാവ് ആർ.പാർത്ഥസാരഥി വർമ്മ

ആലപ്പുഴയുടെ തീരത്ത് കരിമണൽ ഖനനത്തിനെതിരെ നടന്ന വിജയംവരിച്ച സമരത്തിൽ, ആ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ‘കരിമണൽ ഖനന വിരുദ്ധ ജനകീയ സമരസമിതി’യുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. നാടിനെ നടുക്കിയ പ്രളയദുരന്തത്തിന്റെ സമയത്ത് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. ചിത്രകാരൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിലെല്ലാമുള്ള തന്റെ കഴിവുകളെ പൂർണ്ണമായും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി വിനിയോഗിച്ചുകൊണ്ടിരിക്കുന്നു.
വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ കുടുംബാംഗമായ പാർത്ഥസാരഥി വർമ്മ ചിത്രകലയെ ജനകീയമാക്കുന്നതിനും ബഹുജനപ്രക്ഷോഭണങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുന്നതിനും പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി സംഘചിത്രരചനകളും തെരുവു ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചുവരുന്നു. മഹാനായ അയ്യൻകാളി നയിച്ച കാർഷിക പണിമുടക്കിന്റെ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് രൂപീകൃതമായ സമിതിയുടെ സംസ്ഥാനതല സംഘാടകനായി പ്രവർത്തിച്ചു. ‘അയ്യൻകാളിയും കേരള നവോത്ഥാനവും’ എന്ന ഗ്രന്ഥത്തിന്റെ രചയിതാക്കളിലൊരാളാണ്. ബാനർ സാംസ്‌കാരിക സമിതി, ബാനർ ഫിലിം സൊസൈറ്റി, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എന്നീ സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നു. ജീവിതംകൊണ്ട് സാമൂഹ്യപ്രതിബദ്ധത തെളിയിക്കുകയും സദാ ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്നു സഖാവ് ആർ.പാർത്ഥസാരഥി വർമ്മ.

ഇ.വി.പ്രകാശ്

കോട്ടയം

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കോട്ടയം ജില്ലാ കമ്മിറ്റിയംഗവും ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ-എഐഡിവൈഒയുടെ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് ഇ.വി.പ്രകാശാണ് കോട്ടയം മണ്ഡലത്തിൽ മത്സരിക്കുന്നത്.

ജനകീയ പ്രക്ഷോഭ രംഗത്തെ സജീവസാന്നിദ്ധ്യമാണ് സഖാവ് ഇ.വി.പ്രകാശ്. വായ്പയെടുത്ത് കടക്കെണിയിലായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമരസംഘടനയായ ഇന്ത്യൻ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷ(ഐഎൻപിഎ)ന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ് സഖാവ് പ്രകാശ്. ഭാരത് ആശുപത്രിയിലെ നഴ്‌സുമാർ യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിയ 111 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ സമരത്തിൽ സമര സഹായ സമിതിക്ക് നേതൃത്വം നൽകി നിർണ്ണായകമായ പങ്കുവഹിച്ചുകൊണ്ട് അവർക്കൊപ്പം അടിയുറച്ച് നിലകൊണ്ടു സഖാവ് ഇ.വി.പ്രകാശ്. മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിൽ മാനേജ്‌മെന്റിന്റെ പീഡനങ്ങൾക്കെതിരായി വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചപ്പോൾ, അതിനെ സുശക്തവും കേന്ദ്രീകൃതവുമായ ആക്ഷൻ കൗൺസിലിന്റെ കീഴിലെ പ്രക്ഷോഭമാക്കി മാറ്റിയത് ഇ.വി.പ്രകാശിന്റെ ശ്രമങ്ങളാണ്. 8 മാസത്തോളം നീണ്ടുനിന്ന ഈ പ്രക്ഷോഭത്തിലും ആക്ഷൻ കൗൺസിൽ കൺവീനർ എന്ന നിലയിൽ വിജയം വരെ സഖാവ് ഇ.വി.പ്രകാശ് ഉണ്ടായിരുന്നു.

കോട്ടയം ഭാരത് ഹോസ്പിറ്റൽ നഴ്‌സുമാരുടെ വിജയംവരിച്ച
സമരത്തിന് ഉറച്ച പിന്തുണയുമായി സഖാവ് ഇ.വി.പ്രകാശ്‌

ഇങ്ങനെ കോട്ടയം ജില്ലയിൽ നടന്ന ചെറുതും വലുതുമായ ഒട്ടനവധി പ്രക്ഷോഭങ്ങളുടെ സംഘാടകനും അമരക്കാരനുമാണ് സഖാവ് പ്രകാശ്. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി അംഗം, ദിശ സാംസ്‌കാരിക വേദിയുടെ സെക്രട്ടറി, ബാനർ സാംസ്‌കാരിക സമിതി സംസ്ഥാന സമിതി അംഗം, കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി കോട്ടയം ജില്ലാ സെക്രട്ടറി, മഹാനായ അയ്യൻകാളി നയിച്ച കാർഷിക പണിമുടക്കത്തിന്റെ ശതാബ്ദി ആചരണ കമ്മിറ്റി ജില്ലാ കൺവീനർ എന്നീ നിലകളിലും സഖാവ് ഇ.വി.പ്രകാശ് പ്രവർത്തിച്ചുവരുന്നു. ശ്രദ്ധേയനായ ഒരു നാടക പ്രവർത്തകനുംകൂടെയായ ഇ.വി.പ്രകാശ് കോട്ടയത്തെ കലാ-സാംസ്‌ക്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമാണ്.
കേരളത്തെ ഒന്നാകെ വിഴുങ്ങിയ മഹാപ്രളയകാലത്ത് പ്രകാശും സഖാക്കളും തിരുവാർപ്പ് പ്രദേശത്ത് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏവരുടെയും ആദരവ് നേടുകയുണ്ടായി. ജനങ്ങളോടും അവരുടെ പ്രശ്‌നങ്ങളോടുമുള്ള കൂറും ആത്മാർത്ഥതയും ഇതിനകംതന്നെ തെളിയിച്ചിട്ടുള്ള സഖാവ് ഇ.വി.പ്രകാശാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുവാൻ സർവ്വഥാ യോഗ്യൻ.

അഡ്വ.സുജ ആന്റണി
ചാലക്കുടി

ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി സഖാവ് സുജ ആന്റണിയാണ് മൽസരിക്കുന്നത്.

പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയംഗമായ അഡ്വ. സുജ ആന്റണി കൊടുങ്ങല്ലൂർ സ്വദേശിനിയാണ.് എറണാകുളം മഹാരാജാസ് കോളേജിൽ എഐഡിഎസ്ഒയുടെ പ്രവർത്തനത്തിലൂടെ 1998ൽ രാഷ്ട്രീയരംഗത്തെത്തി. പിന്നീട് കോതമംഗലം എം.എ കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. ബി.എഡിനുശേഷം 6 വർഷം അദ്ധ്യാപികയായി ജോലി ചെയ്തു. പിന്നീട് തൃശ്ശൂർ ലോ കോളേജിൽനിന്ന് എൽഎൽബി പൂർത്തിയാക്കി. ഇരിങ്ങാലക്കുട കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ചുകൊണ്ടുതന്നെ വൈവിധ്യമാർന്ന സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്വയം സമർപ്പിച്ചിരിക്കുന്ന ആളാണ് സഖാവ് സുജ.
കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളി നിവാസികളുടെ സമരത്തോടൊപ്പവും ചെങ്ങറ സമരത്തിന്റെ ഐക്യദാർഡ്യ പ്രവർത്തനത്തിലും സജീവമായി പ്രവർത്തിച്ച സഖാവ് സുജ ആന്റണി അൺ എയിഡഡ് സ്‌കൂൾ അദ്ധ്യാപകരുടെയും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും അവകാശ പോരാട്ടങ്ങളിലും ദേശീയപാത സമരത്തിലും നേതൃത്വപരമായ പങ്ക് വഹിക്കുന്നു.

ദേശീയ പാതകൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ
കുടിയൊപ്പിക്കപ്പെടുന്നവർ നടത്തുന്ന നിരന്തര പോരാട്ടത്തോടൊപ്പം അഡ്വ.സുജ ആന്റണി

അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയുടെ തൃശ്ശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവും സ്ത്രീസുരക്ഷ സമിതി സംസ്ഥാന ലീഗൽ സെൽ അംഗവും മദ്യവിരുദ്ധ ജനകീയ സമരസമിതിയുടെ ജോയിന്റ് സെക്രട്ടറിയുമാണ്‌സഖാവ് സുജ. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയം അതിരൂക്ഷമായി ബാധിച്ച കൊടുങ്ങല്ലൂരിലും ചാലക്കുടിയിലും ദുരിതാശ്വാസപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചു. ഇപ്പോൾ, അഴീക്കോട്-മുനമ്പം ജങ്കാർ സമരത്തിലും സജീവപങ്ക് വഹിക്കുന്നു. മികച്ച ഗായിക കൂടിയായ സഖാവ് സുജ കൊടുങ്ങല്ലൂർ ജനകീയ സംഗീത കൂട്ടായ്മയിലെ സജീവാംഗമാണ്. പ്രചോദന നടത്തുന്ന കുട്ടികളുടെ ക്യാമ്പുകളിൽ സംഗീത അദ്ധ്യാപികയായി കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചുവരുന്നു.

എ.ശേഖർ
കോഴിക്കോട്

കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥിയായി സഖാവ് എ.ശേഖർ മത്സരിക്കുന്നു.

കഴിഞ്ഞ നാലു ദശാബ്ദത്തിലേറെയായി കോഴിക്കോട് ജില്ലയിൽ എസ്‌യുസിഐ(സി) കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സഖാവ് ശേഖർ, എസ്‌യുസിഐ(സി)യുടെ സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമാണ്.
പാർട്ടി മുൻകൈ എടുത്ത് അഖിലേന്ത്യാ തലത്തിൽ രൂപീകരിച്ചിട്ടുള്ള സാമ്രാജ്യത്വ-വിരുദ്ധ വേദിയുടെ സംസ്ഥാന നേതാക്കളിൽ ഒരാളുമാണ് സഖാവ് ശേഖർ. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കേരളസംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, സ്ത്രീ സുരക്ഷാ സമിതിയുടെ രക്ഷാധികാരി, പെട്രോളിയം വിലവർദ്ധന-വിരുദ്ധ സമിതിയുടെ കൺവീനർ എന്നീ നിലകളിൽ കക്ഷിരാഷ്ട്രീയഭേദമെന്യേ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിൽ സഖാവ് ശേഖർ വ്യാപൃതനായിരിക്കുന്നു.

പുതിയ ഖനന നിയമത്തിനെതിരെ സഹ്യപർവ്വത സംരക്ഷണ സമിതി നടത്തിയ പ്രക്ഷോഭവേദിയിൽ സഖാവ് എ.ശേഖർ

എസ്‌യുസിഐ(സി)യുടെ മുൻകൈയിൽ സംഘടിപ്പിച്ചിട്ടുള്ള സേവ് എജുക്കേഷൻ കമ്മിറ്റി, പൊതുവിദ്യാഭ്യാസ സംരക്ഷണസമിതി, ചെങ്ങോട്ടുമല സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനങ്ങളിലും സഖാവ് ശേഖർ സജീവമാണ്.

അഡ്വ.ആർ. അപർണ
കണ്ണൂർ


കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥിയായി അഡ്വ.ആർ. അപർണ മത്സരിക്കുന്നു.

പാർട്ടിയുടെ വിദ്യാർത്ഥി സംഘടന എഐഡിഎസ്ഒയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സ്ത്രീ സുരക്ഷാ സമിതി ലീഗൽ സെൽ അംഗം, ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന കൗൺസിൽ അംഗം, ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ അംഗം, കേരളാ അൺഎയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ വീറുറ്റ പ്രക്ഷോഭം
നയിച്ചുകൊണ്ട് അഡ്വ.ആർ.അപർണ

സമീപകാലത്ത് നടന്ന സ്വാശ്രയ വിരുദ്ധ വിദ്യാർത്ഥി സമരങ്ങളുടെ മുൻനിര സംഘാടകയായിരുന്നു സഖാവ് അപർണ. എൻജിനീയറിംഗ് വിദ്യാർഥികൾ കേരള സാങ്കേതിക സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധ നടപടികൾക്കും ‘ഇയർ ബാക്കി’നുമെതിരെ നടത്തിയ ഐതിഹാസിക സമരത്തിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററും കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വഞ്ചനക്കെതിരെ ടെക്‌നിക്കൽ വിദ്യാർഥികൾ നടത്തിയ സമരത്തിന്റെയും ജിഷ്ണു പ്രണോയ്ക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രക്ഷോഭണങ്ങളുടെയും പ്രമുഖ സംഘാടകയുമായിരുന്നു.
എസ്‌യുസിഐ(കമ്യുണിസ്റ്റ്) പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകയും കണ്ണൂർ ബാർ അസോസിയേഷനിലെ അഭിഭാഷകയുമാണ്.

Share this post

scroll to top