യുദ്ധംമൂലം തകർന്ന മദ്ധ്യേഷ്യയിൽ ആശങ്കാജനകമായ മറ്റൊരു സംഭവവികാസംകൂടെ ഉണ്ടായിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും സഖ്യകക്ഷികളുടെയും പിൻബലത്തോടെ സയണിസ്റ്റ് ഇസ്രയേൽ ഇതിനോടകം പലസ്തീനിനും ലിബിയ്ക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവും അതിക്രമങ്ങളും മദ്ധ്യേഷ്യയിലെ സംതുലിതാവസ്ഥ തകിടം മറിച്ചിരുന്നു. ഇപ്പോഴാകട്ടെ അമേരിക്ക, ഇസ്രയേൽ, ടർക്കി എന്നിവരുടെ പിന്തുണയുള്ള ഹൈഅത്ത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) അഥവാ സിറിയ ലിബറേഷൻ കമ്മിറ്റി കഴിഞ്ഞ ഡിസംബർ 9 ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനെ കാര്യമായ ചെറുത്തുനിൽപ്പില്ലാതെതന്നെ ബലാൽക്കാരമായി ഏറ്റെടുക്കുകയും പ്രസിഡന്റ് ബാഷർ അൽ അസദ് സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തു.
സിറിയൻ ആയുധഡിപ്പോകൾക്കു നേരെ ഇസ്രയേൽ 480ൽ അധികം ആക്രമണങ്ങൾ നടത്തി. 1967 മുതൽ അവർ കൈയടക്കിവച്ചിരിക്കുന്ന ഗോലാൻ കുന്നുകൾക്കുമപ്പുറത്ത് സൈനികനീക്കം റദ്ദുചെയ്തിട്ടുള്ള ബഫർ സോണിലേക്കുപോലും സൈന്യത്തെ കയറ്റി വിടുകയാണ്. ഇസ്രയേലിന് ‘ന്യായമായ’ ആശങ്കകളുണ്ടെന്ന് ന്യായീകരിച്ചുകൊണ്ട് സിറിയയിലെ വ്യാപകമായ ബോംബ് ആക്രമണത്തെ അമേരിക്കയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും പിന്തുണച്ചിരിക്കുന്നു. അസദ് അഭയം തേടി റഷ്യയിലേക്ക് പലായനം ചെയ്തെന്നാണ് വാർത്തകൾ പറയുന്നത്.
സിറിയ 2011 മുതൽ യുദ്ധത്തിന്റെ മുൾമുനയിൽ
പുതിയ സംഭവവികാസങ്ങളിലേക്ക് കടക്കുംമുമ്പ് മറ്റു ചില വിഷയങ്ങൾകൂടെ അറിയേണ്ടതുണ്ട്. 2011 മുതൽ അസദ് സർക്കാരും സൈന്യവും അമേരിക്കൻ പിന്തുണയുള്ള ‘ഫ്രീ സിറിയൻ ആർമി’ (എഫ്എസ്എ) യും അൽഖ്വയ്ദ ഘടകങ്ങളും തമ്മിൽ ആഭ്യന്തര യുദ്ധത്തിലാണ്. അമേരിക്കൻ സാമ്രാജ്യത്വവും സഖ്യകക്ഷികളും സിറിയയിൽ പിന്തുടരുന്ന രീതി, മുമ്പ് ഇറാഖിലും ലിബിയയിലും തുടർന്നതുതന്നെയാണ്; അതായത്, കെട്ടിച്ചമച്ച കാരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആക്രമണം.
അസദ്, പണ്ടുമുതലേ അമേരിക്കയുടെ നിർദ്ദേശങ്ങൾക്കുമുമ്പിൽ തലകുനിക്കാത്ത ആളാണ്. അതുകൊണ്ടാണ് അമേരിക്കയും സഖ്യകക്ഷികളും എഫ്എസ്എ എന്ന സംഘടന രൂപീകരിക്കാൻ സർവ്വവിധ പിന്തുണയും നൽകിയത്. ജനാധിപത്യത്തിനുവേണ്ടി അസദിനെ പുറത്താക്കണമെന്ന് അവർ ആവശ്യമുയർത്തി. തുർക്കിയിലെ അദാന പ്രവിശ്യയിൽ സിറിയൻ അതിർത്തിക്കടുത്തുള്ള ഇൻസിറിലിക്കിനോട് ചേർന്നുള്ള രഹസ്യതാവളമാണ് എഫ്എസ്എ യുടെ സിരാകേന്ദ്രമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അസദിനെ തളർത്തുക എന്ന ലക്ഷ്യത്തോടെ സിറിയയിൽ പ്രവർത്തിക്കുന്ന അൽഖ്വയ്ദ ഭീകരർക്കും ജിഹാദി തീവ്രവാദികളെ റിക്രൂട്ടുചെയ്യുന്നവർക്കും അവരുടെ പതിനായിരക്കണക്കിനു ചോറ്റുപട്ടാളത്തിനും അമേരിക്ക ധാരാളം ആയുധങ്ങളും പണവും നൽകുന്നുണ്ട്. അവരുടെ രൂപകല്പനപ്രകാരം 10,000 ത്തിലധികം വരുന്ന കൂലിപ്പട്ടാളത്തെ സിറിയയിലെ രണ്ടാമത്തെ വൻനഗരമായ അലപ്പോയിലേക്ക് അയച്ചു. അൽഖ്വയ്ദയും സഖ്യമായ സലഫിസ്റ്റ് പോരാളികളും അയൽ രാജ്യങ്ങളിൽനിന്ന് സിറിയയിലേക്ക് നുഴഞ്ഞുകയറിയതായി ഒടുവിൽ അമേരിക്കൻ മാദ്ധ്യമങ്ങൾപോലും സമ്മതിച്ചു. അമേരിക്കയുടെ സഖ്യകക്ഷികളായ തുർക്കിയിലെയും സൗദിഅറേബ്യയിലെയും പുരോഹിതന്മാരും മതമൗലികവാദികളായ ഷൈഖുകളുമൊക്കെ “മതവിരുദ്ധ” സിറിയൻ സർക്കാരിനെതിരെ വിഷംചീറ്റിക്കൊണ്ട് സിറിയയെ മറ്റൊരു അഫ്ഗാനിസ്ഥാനാക്കി മാറ്റുവാൻ യുവ സിറിയക്കാരെ പ്രേരിപ്പിക്കുകയും ചെയ്തു. അതിനെത്തുടർന്ന് എണ്ണ ഖനനത്തിലും കൃഷിയിലും സമൃദ്ധമായ സിറിയയുടെ മൂന്നിലൊന്നുഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ അമേരിക്കയും തുർക്കി കൂലിപ്പട്ടാളവും ഭീകരരും വിജയിച്ചു. അമേരിക്ക-ഇസ്രയേൽ ജോഡിയും സഖ്യവും നടത്തിയ സിറിയയിലെ ആഭ്യന്തര യുദ്ധം 3,50,000 പേരുടെ ജീവനെടുക്കുകയും 1.3 കോടി സിറിയക്കാരെ അഭയാർത്ഥികളാക്കുകയും ചെയ്തു.
ഇത്രയും വിമതരെ വളർത്തിയെടുത്തിട്ടും അവർക്ക് അസദ് സർക്കാരിനെ താഴെയിറക്കാനോ സർക്കാരിൽനിന്നും എന്തെങ്കിലും നേടിയെടുക്കാനോ സാധിച്ചില്ല. പ്രതിവിപ്ലവത്തിനുശേഷം സാമ്രാജ്യത്വ രാജ്യമായിത്തീർന്ന റഷ്യയും ചൈനയും മദ്ധ്യേഷ്യയിൽ ആധിപത്യം സ്ഥാപിക്കുവാൻ ഒരേപോലെ താല്പര്യം കാണിച്ചുകൊണ്ട് ഇറാനുമായി ചേർന്ന് ആ മേഖലയിൽ ഒരു എതിർ അച്ചുതണ്ട് കെട്ടിപ്പടുക്കുവാൻ ശ്രമിച്ചു വരികയാണ്. അസദ് സർക്കാരിനെ ശക്തമായി പ്രതിരോധിക്കുവാൻ റഷ്യക്ക് ഇത്രയുംകാലം അവരുടെ ആയുധബലംകൊണ്ട് സാധിച്ചു. അതുകൊണ്ടാണ് സിറിയയുടെ പൂർണ്ണമായ നിയന്ത്രണം ഏറ്റെടുക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഗൂഢനീക്കം ഇതുവരെ തടഞ്ഞു നിർത്തിയത്. അതുകൊണ്ട് മറ്റൊരു യുദ്ധപദ്ധതിയെന്ന നിലയിൽ കടുത്ത ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് സിറിയയുടെ സമ്പദ് വ്യവസ്ഥ തകർക്കാൻ അവർ പദ്ധതിയിട്ടു. അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ചുകൊണ്ടും ജനങ്ങളെ പട്ടിണിക്കിട്ടും വലച്ചുകൊണ്ട് സിറിയൻ സമ്പദ് വ്യവസ്ഥയെ പൊള്ളയാക്കുവാനും തകർക്കുവാനും ഉദ്ദേശിച്ചുള്ളതായിരുന്നു അത്. മറുവശത്ത് സാമ്രാജ്യത്വ റഷ്യയാകട്ടെ സ്വന്തം വർഗ്ഗ താൽപര്യങ്ങൾ മുൻനിർത്തി ക്കൊണ്ടുതന്നെ ഭക്ഷണവും വസ്ത്രങ്ങളം മരുന്നുംവിതരണം ചെയ്തുകൊണ്ട് സിറിയയിൽ സ്വയംപര്യാപ്ത സാമ്പത്തിക ക്രമം നിലനിർത്താൻ ശ്രമിക്കുകയുണ്ടായി. നേരെമറിച്ച് സിറിയയിൽ അമേരിക്കൻ ആധിപത്യം സ്ഥാപിക്കുവാനുള്ള ശ്രമമാണെന്ന് പറഞ്ഞുകൊണ്ട് അമേരിക്കയും സഖ്യകക്ഷികളും സിറിയക്ക് സഹായങ്ങൾ നൽകാനുള്ള യുഎന്നിന്റെ നിർദ്ദേശത്തെ തടയാനും അവർ മുതിർന്നു.
അങ്ങനെ തങ്ങളുടെ അതിർത്തികൾ വിപുലമാക്കാനുള്ള സാമ്രാജ്യത്വ-സാമ്രാജ്യത്വ വൈരുദ്ധ്യത്തിന്റെ വളക്കൂറുള്ളമാ ഇടമായി സിറിയ മാറി.
അസദ് സർക്കാരിന്റെ തകർച്ചയ്ക്ക് കാരണമെന്ത്?
ഇതുവരെ സിറിയയെ സൈനികമായും നയതന്ത്രപരമായും പ്രതിരോധിച്ച റഷ്യയും ഇറാനും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ഒരേ സമയം യുക്രൈനിലും സിറിയയിലും പടനീക്കം നടത്താൻ റഷ്യക്കാവില്ല. ഇസ്രയേലുമായും അമേരിക്കയുമായുള്ള ഒരു വർഷത്തെ സംഘർഷം ഇറാനെയും വല്ലാതെ ഉലച്ചിട്ടുണ്ട്. അമേരിക്കൻ-ഇസ്രയേൽ സാമ്രാജ്യത്വ വിരുദ്ധ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് രാജ്യത്തെ ശിഥിലീകരിക്കാനുള്ള അവരുടെ ഹീനമായ നീക്കങ്ങളെ പരാജയപ്പെടുത്തുമ്പോൾതന്നെ അസദ് ഒരു ഏകീകൃത അർദ്ധ പ്രസിഡൻഷ്യൽ റിപ്പബ്ലിക് അല്ലെങ്കിൽ ഒരു ബൂർഷ്വാ ജനാധിപത്യ ഭരണകൂടമാണെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ അവിടെ അടിച്ചമർത്തലും കുറവല്ല. അവിടെയുള്ള ജനങ്ങളും ബൂർഷ്വാഅടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമായിട്ടുണ്ട്. ജീർണ്ണാവസ്ഥയിലുള്ള മറ്റെല്ലാ മുതലാളിത്ത രാജ്യങ്ങളെയുംപോലെ സിറിയൻ ബൂർഷ്വാസിക്കും അവരുടെ ജനങ്ങളുടെ ജനാധിപത്യ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയില്ല.
അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി ഭയാനകമായി ഉയർന്നു. 2011 മുതൽ 2021വരെ മാത്രം രാജ്യത്തിന്റെ ജിഡിപി 60% ചുരുങ്ങി. തൊഴിലില്ലായ്മ 50%ലും കവിഞ്ഞു. നിത്യോപയോഗസാധന വിലകൾ 93% വർദ്ധിച്ചു. ജനസംഖ്യയുടെ 90%വും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്; അതായത് ഒരു ദിവസം 2 ഡോളറിൽ താഴെ വരുമാനം. പ്രാഥമികമായി വേണ്ടുന്ന കുടുംബ വരുമാനമില്ലാത്തതിനാൽ അലപ്പോ പ്രദേശത്തെ 11% കുടുംബങ്ങളിലെയും കുട്ടികൾ പണിയെടുക്കുവാൻ നിർബന്ധിതരാകുന്നതായി 2023ലെ ഒരു സർവ്വേ പറയുന്നു. അമേരിക്കൻ ഉപരോധം ഉണ്ടാക്കിയ വൻ പണപ്പെരുപ്പവും അയൽരാജ്യമായ ലബനനിലെ ബാങ്ക് പ്രതിസന്ധിയും ദശലക്ഷക്കണക്കിനാളുകളെ അനാഥത്വത്തിലേക്ക് തള്ളിവിട്ടു. 2023ൽ അമേരിക്കൻ ഡോളറുമായുളള വിനിമയത്തിൽ സിറിയൻ പൗണ്ടിന്റെ മൂല്യം 141% ആയി കുറഞ്ഞു. അസദ് ഭരണം നിലനിൽക്കുന്നോ അതോ തകർന്നോ എന്ന പരിഗണനയേതുമില്ലാത്ത തരത്തിൽ, നിരാശരും ആത്മവീര്യം തകർക്കപ്പെട്ടവരുമായി സിറിയൻ ജനതമാറി.
എച്ച്ടിഎസ് ആക്രമണത്തിനെതിരെ ചെറുത്തുനിൽക്കാൻ അസദ് സർക്കാരിനു കഴിയുമെന്ന് പല സിറിയക്കാരും വിശ്വസിച്ചുപോന്നു. എന്നാൽ അവരെ നിരാശരാക്കിക്കൊണ്ട് റഷ്യ പിന്മാറി നിന്നു. വൈദഗ്ദ്ധ്യമുള്ള റിപ്പബ്ലിക്കൻ ഗാർഡുകൾ പോലും വിമതർക്കു കീഴടങ്ങി. റഷ്യയുടെയും ഇറാന്റെയും പിന്തുണ ഇല്ലാതായതോടെ അസദ് സൈന്യത്തിന്റെ മനോവീര്യം എത്ര മാത്രം ഇടിഞ്ഞുവെന്ന് ഇതുകാണിച്ചു തരുന്നു. അതിനാൽ ഭൂരിപക്ഷം സിറിയക്കാരുടെയും ഇന്നത്തെ മാനസികാവസ്ഥ മുൻകാലങ്ങളിൽ നടന്ന അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ ആഭ്യന്തരയുദ്ധത്തിൽ കണ്ടതിന് തീർത്തും വിപരീതമാണ്. അക്കാലത്ത് ഭൂരിപക്ഷം ജനങ്ങളും ജിഹാദി മതമൗലിക വാദികളെ എതിർക്കാൻ അസദ് ഭരണകൂടത്തിനു പിന്നിൽ അണിനിരന്നിരുന്നു. എന്നാൽ ഇപ്പോൾ നിരാശയിൽ മുങ്ങിത്താണിരിക്കുന്ന സാഹചര്യവും ഇതുവരെ ലഭ്യമായിരുന്ന റഷ്യയുടെയും ഇറാന്റെയും പിന്തുണ ചുരുക്കപ്പെടുകയും ചെയ്ത അവസ്ഥയിൽ എച്ച്ടിഎസ് പോലുള്ള ജിഹാദികൾക്ക് അലപ്പോ, ഡമാസ്കസ് തുടങ്ങിയ നഗരങ്ങളിലെ ആക്രമണത്തിലൂടെ പ്രസിഡന്റ് അൽ അസദ് ബഷാറിനെ താരതമ്യേന എളുപ്പത്തിൽ പുറത്താക്കാനുള്ള നീക്കങ്ങൾ നടത്താനായി. ഈ അവസരം മുതലാക്കി അസദിനെ പുറത്താക്കാനുള്ള അമേരിക്കൻ ലോബിയുടെ പരിശ്രമം ഫലംകണ്ടു.
അമേരിക്കൻ സാമ്രാജ്യത്വ ശക്തി സിറിയയെ കീഴടക്കാൻ വ്യഗ്രത കാണിക്കുന്നതെന്തിന്?
അമേരിക്കൻ സാമ്രാജ്യത്വ മേൽക്കോയ്മയും സഖ്യശക്തിയും പ്രസിഡന്റ് അസദിനെ പുറത്താക്കാൻ വ്യഗ്രത കാട്ടുന്നതെന്തിനാണ് എന്നതാണ് അടുത്ത കാര്യം. ഇറാനെയോ ഇറാഖിനെയോപോലെ സിറിയ പ്രധാനപ്പെട്ട ഒരു എണ്ണ ഉൽപാദക രാജ്യമല്ല. എന്നാൽ സൗദി അറേബ്യയുടെയും ഇറാന്റെയും എണ്ണ പൈപ്പ് ലൈനുകൾ സിറിയൻ മരുഭൂമിയിലൂടെ കടന്നുപോകുന്നുണ്ട്. അതോടൊപ്പം ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക നിക്ഷേപം ഖത്തറിന്റെയും ഇറാന്റെയും അതിർത്തിയുൾപ്പെടുന്ന പേർഷ്യൻ ഗൾഫിന്റെ മദ്ധ്യഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. 2011 ജൂലൈയിൽ സിറിയ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ ചരിത്രപരമായ വാതക പൈപ്പ് ലൈൻ ഊർജ്ജ കരാറിൽ ഒപ്പുവച്ചിരുന്നു. ഇറാനിയൻ തുറമുഖമായ അസ്സലായെയിൽ നിന്നാരംഭിച്ച് ഇറാഖിലൂടെ സിറിയയിലെ ഡമാസ്കസിൽ എത്തുന്നതായിരുന്നു അത്. ഇറാൻ, ഇറാഖ്, ലബനൻ, സിറിയ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നയതന്ത്രപരമായ ഭൗമശാസ്ത്ര ഇടമായാണ് ഈ കരാർ വിഭാവന ചെയ്യുന്നത്. കരാർ ഒപ്പിട്ടതിനു പിന്നാലെ ഖറഹന്ദ് പ്രദേശത്ത് ഒരു പുതിയ വാതകക്കിണർ കണ്ടെത്തിയതായി സിറിയ അറിയിച്ചു. പ്രകൃതി വാതകത്തിന്റെ വേർതിരിച്ചെടുക്കൽ, ഉൽപാദനം, ഗതാഗതം, വിൽപ്പന ഇവ ഏറ്റെടുത്തു നടത്തുന്ന റഷ്യൻ കമ്പനിയായ ‘ഗാസ് പ്രോം’ എന്ന കമ്പനിയെ ഈ പുതിയ വാതകപ്പാടത്തിന്റെ നിക്ഷേപകരെന്ന നിലക്ക് സിറിയ നിയോഗിച്ചു. യൂറോപ്യൻ യൂണിയനാണ് പ്രകൃതിവാതകത്തിന്റെ പ്രധാന വാണിജ്യകേന്ദ്രം. യൂറോപ്യൻ യൂണിയന്റെ ബൃഹത്തായ കമ്പോളം പിടിക്കാനായി ഡമാസ്കസിൽനിന്നും ലബനനിലെ മെഡിറ്ററേനിയനിലേക്ക് പൈപ്പ് ലൈൻ നീട്ടാനുള്ള പദ്ധതി ഇറാഖിനും ഉണ്ടായിരുന്നു.
ഈ നിർണ്ണായകമായ പ്രകൃതി വിഭവങ്ങളിലും വിതരണ ശൃംഖലകളിലും ദീർഘനാളായി കണ്ണുവച്ചിരുന്ന അമേരിക്കയ്ക്ക് ഇതിലൊന്നും വലിയ തൃപ്തിയുണ്ടായില്ല. അസദിനെ നിയന്ത്രിക്കാൻ അവർക്ക് സാദ്ധ്യമായിരുന്നില്ല. റഷ്യൻ സാമ്രാജ്യത്വം സിറിയയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചാൽ അത് മദ്ധ്യപൂർവ്വേഷ്യയിലെ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കുതന്ത്രങ്ങളെയും വർഗ്ഗപരമായ താല്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അമേരിക്കയും വമ്പൻ എണ്ണ ബഹുരാഷ്ട്ര കമ്പനികളും ബാങ്കുകളും ഭയപ്പെട്ടു. അമേരിക്കയുടെ താല്പര്യങ്ങൾ നടപ്പിലാകാതെ അമേരിക്കൻ സൈന്യത്തിനു പിന്മാറേണ്ടിവന്നാൽ ലോക മുതലാളിത്ത കമ്പോളത്തിൽ പ്രധാന എതിരാളിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാമ്രാജ്യത്വ റഷ്യയ്ക്കും ചൈനക്കും ഗുണം ചെയ്യുമെന്നും അവർ സന്ദേഹിക്കുന്നു. പശ്ചിമേഷ്യയിലെ അമേരിക്കൻ വിരുദ്ധ റഷ്യൻ പക്ഷപാതിയായ ഇറാന്റെ ശക്തിപ്പെടലിനും അതു കാരണമാവും എന്നുമവർ ചിന്തിക്കുന്നു. അതുകൊണ്ട് സിറിയയെ കീഴടക്കിക്കൊണ്ട് അവരുടെ ഇംഗിതത്തിനു വഴങ്ങുന്ന ഒരു സർക്കാരിനെ പ്രതിഷ്ഠിക്കേണ്ട ‘അനിവാര്യത’യും അവർക്കുണ്ട്.
എച്ച്ടിഎസും അതിന്റെ ലക്ഷ്യവും
സിഐഎയുടെയും മൊസാദി (ഇസ്രയേൽ ചാര ഏജൻസി) ന്റെയും ചാരപ്രജനന പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ അൽഖ്വയ്ദയുടെ സിറിയൻ ശാഖയായ ജബത് അൽ നുസ്രയിൽ നിന്നാണ് ഇപ്പോൾ സിറിയയിൽ അധികാരം പിടിച്ചെടുത്ത എച്ച്ടിഎസ് വികസിച്ചത്. കുപ്രസിദ്ധ തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ലും അന്താരാഷ്ട്ര ഇസ്ലാമിക അൽഖ്വയ്ദയുടെ ശ്യംഖലയിലും അവർക്കു വേരുകൾ കാണാം. എച്ച്ടിഎസുമായി അടുത്തബന്ധം പുലർത്തുന്ന മുഹമ്മദ് അൽ ബാഷിറിനെ 2025 മാർച്ച് 1 വരെ സിറിയൻ സർക്കാരിന്റെ കാവൽ പ്രധാനമന്ത്രിയായി ഇപ്പോൾ നിയമിച്ചിരിക്കുകയാണ്. എച്ച്ടിഎസിന്റെ പ്രസ്താവനകളിലും അഭിമുഖങ്ങളിലും ജനാധിപത്യം എന്ന വാക്ക് അവർ ഉച്ചരിക്കുന്നില്ല. അമേരിക്കയും ടർക്കിയും സൗദി അറേബ്യയും സിറിയൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് ‘ആയുധേതര’ പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
എച്ച്ടിഎസ്-അമേരിക്കൻ ബന്ധം മറനീക്കി പുറത്തുവരുന്നു
അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ യുഎസും യൂറോപ്യൻ യൂണിയനും സ്വാഗതം ചെയ്തു. റഷ്യയ്ക്കും ഇറാനുമേറ്റ കനത്ത പ്രഹരമായി അവർ അതിനെ കാണുന്നു. ഇതുവരെ എച്ച്ടിഎസിനെ ഒരു തീവ്രവാദ പ്രസ്ഥാനമായി കണ്ട അമേരിക്ക, ഇപ്പോൾ വിദേശ ‘തീവ്രവാദി’ എന്ന പരാമർശം നീക്കംചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രയേലിനെ ‘മദ്ധ്യ പൂർവ്വ ദേശത്തെ ഒരേയൊരു ജനാധിപത്യം’ എന്നു വിശേഷിപ്പിക്കുന്ന സാമ്രാജ്യത്വാനുകൂല മാദ്ധ്യമങ്ങൾ സിറിയൻ വിമതരെ ‘മിതവാദികൾ’ എന്ന പേരിൽ വെള്ളപൂശുകയാണ്. ഇസ്രയേൽ വിരുദ്ധ ഹമാസ് (പലസ്തിൻ), ഹൂത്തി(യമൻ), ഹിസ്ബുല്ല (ലെബനൻ) എന്നിവയെ ‘പ്രാകൃത ഗ്രൂപ്പുകൾ’ എന്ന് അപലപിക്കുന്ന പാശ്ചാത്യ സാമ്രാജ്യത്വചേരി, സിഐഎയുടെ ആയുധവും പണവുംകൊണ്ട് പ്രവർത്തിക്കുന്ന കുപ്രസിദ്ധമായ എച്ച്ടിഎസിനെ അടിച്ചമർത്തലിനും അനീതിക്കുമെതിരെ പോരാടുന്ന മാന്യമായ സംഘടനയായാണ് ചിത്രീകരിക്കുന്നത്. ഇസ്ലാമിക മൗലികവാദികളുമായി ബാന്ധവത്തിലേർപ്പെടാൻ തെല്ലും മടി കാണിക്കാത്ത, അസദ് സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്ന തുർക്കി പ്രസിഡന്റ് എർദോഗന് ഇപ്പോൾ സിറിയ വഴി യൂറോ പ്പിനെയും ഗൾഫിനെയും ബന്ധിപ്പിക്കുന്ന പ്രാദേശിക ഇടനാഴിയിൽ സ്വാധീനമുണ്ടാക്കാനും കഴിയും.
എച്ച്ടിഎസിനെക്കുറിച്ചുള്ള ഇസ്രയേലിന്റെ ആശങ്ക
എഎച്ച്ടിഎസും മറ്റ് ജിഹാദി ഗ്രൂപ്പുകളും ചേർന്ന് അസദ് സർക്കാരിനെ പുറത്താക്കിയെങ്കിലും സിറിയയിലെ ഭരണമാറ്റത്തിൽ ഇസ്രയേൽ സർക്കാരിന് തൃപ്തിയില്ലെന്ന് മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നു. അതെന്താണ്? ‘നിയന്ത്രിത അരാജകത്വം’ സൃഷ്ടിക്കാനായി അമേരിക്കൻ സാമ്രാജ്യത്വവും പിണിയാളരും മുൻകൈയെടുത്ത് വളർത്തിയെടുത്ത ശക്തികൾ പിന്നീട് അവരുടെ കൈയിൽതന്നെ ഒതുങ്ങാതെവരുന്നതിന്റെ പാഠങ്ങൾ കൊണ്ടാകാം അത്. വിദ്വേഷം വളർത്തിയെടുക്കാൻ സാമ്രാജ്യത്വം വളർത്തിയ ഐഎസിന്റെ ഉയർച്ചയും ജിഹാദികളുടെ വ്യാപനവും സാമ്രാജ്യത്വ ഇംഗിതങ്ങൾക്കുപരിയായി പ്രസ്തുത പ്രദേശങ്ങളെ അപരിഷ്കൃതമായ പാതയിലേക്ക് വലിച്ചിഴക്കുകയാണ്. അതിനാൽ സിറിയയിലെ പുതിയ ഭരണകൂടം തങ്ങളുടെ വരുതിയിൽനിന്നും വഴുതിപ്പോകുമെന്നും പലസ്തീനിനോടും മറ്റും കൂടുതൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചേക്കുമെന്നും ഇസ്രയേൽ ഭരണാധികാരികൾ ഭയപ്പെടുന്നുണ്ടാകാം. സിറിയയുടെ കൈയിലുള്ള തന്ത്രപ്രധാനമായ ആയുധശേഖരം നശിപ്പിക്കാനായിരിക്കണം ഇസ്രയേൽ സിറിയയിലുടനീളം വലിയ വ്യോമാക്രമണം നടത്തിക്കൊണ്ട് സിറിയയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നത്.
സ്വന്തം ഭരണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അലംഘനീയമായ
അവകാശം
ഒരു സാമ്രാജ്യത്വശക്തിക്കോ ഇസ്രയേലിനെപ്പോലുള്ള ഒരു സയണിസ്റ്റ് ഭരണകൂടത്തിനോ ഒരു പാവ സർക്കാരിനെ സ്ഥാപിച്ചുകൊണ്ട് ജനങ്ങളുടെ വർദ്ധിച്ചു വരുന്ന ദുരവസ്ഥയും ദാരിദ്ര്യവും നിർമ്മാർജനം ചെയ്യാനും അവരുടെ വിയോജിപ്പുകളെ ഇല്ലാതാക്കുവാനും കഴിയില്ല. സ്വന്തം ഭരണം തിരഞ്ഞെടുക്കാനുള്ള ഒഴിച്ചുകൂടാനാവാത്ത അവകാശം ഏതൊരു രാജ്യത്തെയും ജനങ്ങൾക്കാണുള്ളത്. ഒരു വിദേശ ശക്തിയും ഏതെങ്കിലുമൊരു പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തരമായ കാര്യങ്ങളിൽ നിയമവിരുദ്ധമായും അനധികൃതമായും ഇടപെടാൻ പാടില്ല. സിറിയ എന്ന രാജ്യം ഏതു മാർഗ്ഗത്തിൽ മുന്നേറണമെന്ന തീരുമാനമെടുക്കൽ സിറിയക്കാർക്ക് വിട്ടുകൊടുക്കണം.
പാഠങ്ങൾ
അമേരിക്ക-ഇസ്രയേൽ സഖ്യവും അവരുടെ കൂട്ടാളികളും നടത്തിക്കൊണ്ടിരിക്കുന്ന പിന്തിരിപ്പൻ ഗൂഢാലോചന പരാജയപ്പെടുന്നതുവരെ മദ്ധ്യേഷ്യയിലുടനീളം അതിന്റെ വിഷം ചീറ്റുന്നത് അവസാനിപ്പിക്കില്ല എന്നതാണ് സിറിയൻ ഉദാഹരണത്തിൽ നിന്ന് എടുക്കേണ്ട പാഠം. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു മുതലാളിത്ത ഭരണകൂടത്തെയും ആശ്രയിക്കാൻ കഴിയില്ലെന്നതാണ് അടുത്ത പാഠം. വിപ്ലവകരമായ ഒരു നേതൃത്വത്തിനു ജന്മം നൽകിക്കൊണ്ടും ശരിയായ അടിസ്ഥാന രാഷ്ട്രീയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടും അവർ വിമോചനത്തിനായി പോരാടേണ്ടതുണ്ട്. അതുവരെയുള്ള സമയത്ത് എല്ലാവർക്കും തുല്യമായ പൗരത്വം ഉറപ്പുനൽകുന്ന ഒരു മതേതര ജനാധിപത്യ ഭരണഘടനക്കു കീഴിൽ എല്ലാ രാഷ്ട്രീയ ഗ്രൂപ്പുകളുടെയും പൂർണ്ണ പങ്കാളിത്തമുള്ള സ്വതന്ത്രവും നീതിയുക്തമായ തിരഞ്ഞെടുപ്പും ശരിയായ നിക്ഷ്പക്ഷതയോടെ യുഎന്നിന്റെ മേൽനോട്ടത്തിൽ എല്ലാ സായുധ സംഘങ്ങളെയും പിരിച്ചുവിടുകയുമാണ് രാജ്യത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രക്ഷുബ്ധതയിൽനിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം. ഈയടുത്ത നാളുകളിലെ എച്ച്ടിഎസിന്റെ അഭിപ്രായപ്രകടനങ്ങളും മർക്കടമുഷ്ടിയും ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. മതനിഷേധികൾ, മതനിന്ദകർ, മതപരിത്യാഗികൾ എന്ന് അവർ പലപ്പോഴും വിശേഷിപ്പിക്കുന്ന സമുദായങ്ങൾക്ക് ഒരിഞ്ചുപോലും രാഷ്ട്രീയ ഇടം നൽകാൻ അവർ സമ്മതിക്കില്ല.
അമേരിക്കൻ സാമ്രാജ്യത്വം സിറിയ വിട്ടുപോകുക
സാഹചര്യം സ്ഫോടനാത്മകമാണ്. എല്ലാം കൈയടക്കുന്നതിനായുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ക്രൂരതയും മനുഷ്യത്വരാഹിത്യവും അതിരുകടന്നതാണ്. അമേരിക്കയും യൂറോപ്പിലെ അവരുടെ ക്യാമ്പും മദ്ധ്യേഷ്യയിലെ അവരുടെ പട്ടാളവും സയണിസ്റ്റ് ഇസ്രയേലും സൗദി അറേബ്യയുമെല്ലാം ചേർന്ന് ഈ മേഖലയെ ഒരു കൊലക്കളമാക്കി മാറ്റിയിരിക്കുകയാണ്. അഫ്ഗാനിസ്താൻ, പലസ്തീൻ, ഇറാഖ്, ലിബിയ, സിറിയ… പട്ടിക നീളുകയാണ്. സാമ്രാജ്യത്വ ശക്തികളുടെ കിരാതമായ രോഷത്തിനും കൂട്ടക്കൊലകൾക്കും ഇനിയാരാണ് ഇരയാകുന്നത്? സ്ത്രീകളും കുട്ടികളും അടക്കമുള്ള എത്ര നിരപരാധികളായ പൗരന്മാർ നിഷ്കരുണം കൊല്ലപ്പെടും; എത്ര പേർ അംഗവിഹീനരാകും; എത്ര മാത്രം സ്വത്ത് നശിപ്പിക്കപ്പെടും? സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ചയ്ക്കുശേഷം റഷ്യയും ചൈനയും സാമ്രാജ്യത്വ ശക്തികളായി മാറുകയുംകൂടെ ചെയ്തപ്പോൾ അമേരിക്കൻ-ഇസ്രയേൽ കിരാതത്വത്തിന് നിയന്ത്രണമൊന്നുമില്ല. മറുവശത്ത് റഷ്യയും ചൈനയും അവരുടെ സാമ്രാജ്യത്വ അഭിലാഷങ്ങൾ നിറവേറ്റാനുള്ള അവസരങ്ങൾക്കായുള്ള വേട്ടയിലുമാണ്.
ഈ സാമ്രാജ്യത്വ മേൽക്കോയ്മയുടെയും യുദ്ധസന്നാഹങ്ങളുടെയും ആഘാതം സഹിക്കേണ്ടിവരുന്നത് സാധാരണക്കാർക്കാണ്. അർദ്ധ പട്ടിണിയിലും ദാരിദ്ര്യത്തിലുംപെട്ട് ഉഴലുന്ന ജനങ്ങളുടെ ചെലവിൽ ബൂർഷ്വാ ഭരണാധികാരികൾ ജനങ്ങള്ക്കു നേരെ ഉപയോഗിക്കാനുള്ള മാരകമായ ആയുധങ്ങൾ നിർമ്മിക്കുകയാണ്. സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളും അവരുടെ ആയുധവ്യാപാരികളും പണം കുന്നുകൂട്ടുമ്പോൾ നിരപരാധികളം നിസ്സഹായരുമായ ജനങ്ങൾക്കാണ് അവരുടെ സ്വത്തും ജീവനും നഷ്ടപ്പെടുത്തേണ്ടിവരുന്നത്. ജനങ്ങൾ ഉണർന്നെണീൽക്കുക എന്നുള്ളതു മാത്രമാണ് ഒരേയൊരു ബദൽ. സാമ്രാജ്യത്വ- മുതലാളിത്ത രാജ്യങ്ങളിലെ അദ്ധ്വാനിക്കുന്ന ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങൾ ശരിയായ വിപ്ലവ പാർട്ടിയും നേതൃത്വവും വികസിപ്പിച്ചെടുത്തുകൊണ്ട് ശരിയായ, ആത്മാർത്ഥതയുള്ള തൊഴിലാളി വർഗ്ഗ വിപ്ലപോരാട്ടത്തിന് നേതൃത്വം നൽകേണ്ടതുണ്ട്. അടിച്ചമർത്തുന്ന സാമ്രാജ്യത്വ മുതലാളിത്ത ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരായി അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ഐക്യവും സാഹോദര്യവും അതിലൂടെയുള്ള ജനകീയ ശക്തിയുടെ ആവിർഭാവവും കാലത്തിന്റെ ആവശ്യകതയായിരിക്കുന്നു. അതുപോലെ തങ്ങളാഗ്രഹിക്കുന്നതെല്ലാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ കൊള്ളക്കാരെ തടഞ്ഞുനിർത്താനായി, മുൻപുണ്ടായിരുന്ന ശക്തമായ സോഷ്യലിസ്റ്റ് ക്യാമ്പിന്റെ അഭാവത്തിൽ, ലോകമെമ്പാടും സംഘടിതമായ ചെറുത്തുനിൽപ്പിന്റെ കോട്ട സൃഷ്ടിക്കാനായി ശക്തമായ സാമ്രാജ്യത്വ പ്രസ്ഥാനം പടുത്തുയർത്തണം. കമ്മ്യൂണിസ്റ്റുകൾ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏകീകൃതവും സുസ്ഥിരവും സാമ്രാജ്യത്വ വിരുദ്ധ യുദ്ധവിരുദ്ധ സമാധാന പ്രസ്ഥാനങ്ങൾ ലോകത്തിന്റെ ഓരോ കോണിലും സ്ഥാപിച്ചുകൊണ്ട് സിറിയയിൽനിന്നും മറ്റ് അധിനിവേശ പ്രദേശങ്ങളിൽനിന്നും യുദ്ധം തകർത്തെറിഞ്ഞ മേഖലകളിൽനിന്നും പിന്മാറാൻ സാമ്രാജ്യത്വ യുദ്ധവെറിയന്മാരുടെമേൽ സമ്മർദ്ദം ചെലുത്തണം. ഇത് സിറിയൻ ജനതക്ക് അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ കൾക്കെതിരായ പോരാട്ടത്തിൽ ആത്മവിശ്വാസം നൽകുകയും അവരുടെ ലക്ഷ്യപൂർത്തീകരണത്തിന് ആവേഗം നൽകുകയും ചെയ്യും. ലോകത്തെ അദ്ധ്വാനിക്കുന്ന ജനങ്ങൾ ഒന്നിച്ചുകൊണ്ട് ഏകകണ്ഠമായി ശബ്ദമുയർത്തട്ടേ. അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ സിറിയ വിടുക!!