ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങള്‍

vladimir-lenin-portrait-russian-founder-of-the-soviet-communist-party-ERGCM7-1.jpg
Share

ജനുവരി 21 ലെനിന്റെ 101-ാം ചരമവാർഷിക ദിനമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളിവർഗ്ഗം മഹാനായ ഈ വിപ്ലവകാരിയുടെ അമൂല്യമായ പാഠങ്ങൾ ആവർത്തിച്ചു പഠിക്കുന്നു. ലെനിനിസത്തിന്റെ പ്രശ്നങ്ങൾ എന്ന കൃതിയിൽനിന്ന് എടുത്ത,ലെനിനിസത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് സ്റ്റാലിൻ നടത്തിയ വിശകലനമാണ് ചുവടെ ചേർത്തിരിക്കുന്നത്.

ലെനിനിസത്തിന്റെ അടിസ്ഥാനങ്ങള്‍ എന്നത് ഒരു വലിയ വിഷയമാണ്. അത് വിശദീകരിക്കാന്‍ പല ഗ്രന്ഥങ്ങള്‍തന്നെ രചിക്കേണ്ടിവരും. അതുകൊണ്ടുതന്നെ എന്റെ പ്രസംഗങ്ങള്‍ ലെനിനിസത്തെക്കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചയല്ല. ലെനിനിസത്തിന്റെ അടിസ്ഥാന  പ്രമാണങ്ങളെക്കുറി ച്ചുള്ള ഒരു സംഗ്രഹം മാത്രമാണത്. ലെനിനിസം നന്നായി ഗ്രഹിക്കാനായി ലെനിനിസത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ സ്ഥാപിച്ചെടുക്കേണ്ടതു ണ്ടന്നും ഞാന്‍ കരുതുന്നില്ല.

 ലെനിനിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ വിശദീകരിക്കുക എന്നതിന് ലെനിന്റെ ലോകവീക്ഷണം വിശദീകരിക്കുക എന്ന് അര്‍ത്ഥമില്ല. ഇതുരണ്ടും ഒരേ സംഗതിയല്ല. ലെനിന്‍ ഒരു മാര്‍ക്സിസ്റ്റ് ആയിരുന്നതുകൊണ്ടുതന്നെ മാര്‍ക്സിസമാണ് അദ്ദേഹത്തിന്റെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനം. അതിനാല്‍ ലെനിനിസം വീശദീകരിക്കുമ്പോള്‍ മാര്‍ക്സിസത്തിന്റ അടിസ്ഥാന പ്രമാണങ്ങള്‍ വിശദമാക്കിക്കൊണ്ട് ആരംഭിക്കണം എന്നര്‍ത്ഥമില്ല. ലെനിനിസം വ്യാഖ്യാനിക്കുക എന്നാല്‍, ലെനിന്റെ കൃതികളില്‍ മാര്‍ക്സിസ്റ്റ് വിജ്ഞാനശേഖരത്തിലേയ്ക്ക് അദ്ദേഹം തനതായി നല്‍കിയ വ്യതിരിക്തവും നവീനവുമായ സംഭവനകളെന്തുണ്ട് എന്ന് വിശദീകരിക്കുക എന്നാണര്‍ത്ഥം. ലെനിനിസത്തിന്റെ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്ന എന്റെ പ്രസംഗങ്ങള്‍ ഈ കാഴ്ചപ്പാടോടെയാണ് ഞാന്‍ നടത്തുന്നത്.

 എന്താണ് ലെനിനിസം?

റഷ്യയില്‍ നിലനിന്ന സവിശേഷ സാഹചര്യങ്ങളില‍ുള്ള മാര്‍ക്സിസത്തിന്റെ പ്രയോഗമാണ് ലെനിനിസം എന്ന് ചിലര്‍ പറയുന്നു. ഈ നിര്‍വ്വചനത്തില്‍ സത്യത്തിന്റെ അംശമുണ്ട്. എന്നാല്‍ മുഴുവന്‍ സത്യവും ഇല്ല. ലെനിന്‍ റഷ്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസം പ്രയോഗിച്ചു, സമര്‍ത്ഥമായി പ്രയോഗിച്ചു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ലെനിനിസമെന്നത് റഷ്യയുടെ സവിശേഷ സാഹചര്യത്തിലെ മാര്‍ക്സിസത്തിന്റെ പ്രയോഗം മാത്രമായിരുന്നെങ്കില്‍ അത് വെറുമൊരു ദേശീയമായ, തികച്ചും റഷ്യനായ ഒരു പ്രതിഭാസം മാത്രമാകുമായിരുന്നു. എന്നാൽ ലെനിനിസമെന്നത് വെറുമൊരു റഷ്യൻ പ്രതിഭാസമല്ലെന്നും അതൊരു സർവ്വദേശീയമായ പ്രതിഭാസമാണെന്നും അതിന്റെ വേരുകൾ സാർവ്വദേശീയ സംഭവവികാസങ്ങളിലാകെ പടർന്നു കിടക്കുന്നു എന്നും നമുക്കറിയാം. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ നിർവചനത്തിന് ഒരു ഏകപക്ഷീയ സ്വഭാവമുണ്ടെന്ന് നാം മനസ്സിലാക്കുന്നു. 

മറ്റു ചിലർ പറയുന്നത്, ലെനിനിസമെന്നത്  പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാൽപ്പതുകളിലെ മാർക്സിസത്തിന്റെ – പിൽക്കാലത്ത് ഈ മാർക്സിസം സൗമ്യവും വിപ്ലവവേതരവുമായെന്നും  ഇവർ ആരോപിക്കുന്നു – വിപ്ലവാംശത്തിന്റെ പുനരുജ്ജീവനമാണ് എന്നത്രേ. മാർക്സിസത്തെ വിപ്ലവാത്മകവും മിതവാദപരവുമെന്ന് ഇവ്വിധം വിഭജിക്കുന്നത് വിഡ്ഢിത്തവും വഷളത്തരവുമാണ്. എന്നിരുന്നാലും ഈ വാദഗതി പരിശോധിക്കുമ്പോൾ, ഇത് തീർത്തും അപര്യാപ്തവും ഒട്ടും തൃപ്തികരമല്ലാത്തതുമാണെങ്കിലും, ഇതിൽ സത്യത്തിന്റെ അംശമുണ്ടെന്ന് സമ്മതിക്കേണ്ടി വരും. രണ്ടാം ഇന്റർനാഷണലിലെ അവസരവാദികൾ അമർച്ചചെയ്തുവച്ചിരുന്ന മാർക്സിസത്തിന്റെ വിപ്ലവാത്മകമായ ഉള്ളടക്കത്തെ ലെനിൻ വീണ്ടെടുത്തു എന്നതൊരു വസ്തുതയാണ്. എന്നാൽ ഇത് സത്യത്തിന്റെ ഒരംശം മാത്രമേ ആകുന്നുള്ളൂ. ലെനിനിസം മാർക്സിസത്തെ വീണ്ടെടുക്കുക മാത്രമല്ല, ഒരു പടികൂടി കടന്ന് മുതലാളിത്തവും തൊഴിലാളി വർഗ്ഗത്തിന്റെ വർഗ്ഗസമരവും അഭിമുഖീകരിച്ച പുതിയ സാഹചര്യത്തിനനുസൃതമായി മാർക്സിസത്തെ കൂടുതൽ വികസിപ്പിക്കുകയും ചെയ്തു.

അപ്പോൾ അന്തിമ വിശകലനത്തിൽ എന്താണ് ലെനിനിസം?

ലെനിലിസമെന്നത് സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും യുഗത്തിലെ മാർക്സിസമാണ്. കൃത്യമായി പറഞ്ഞാൽ, ലെനിനിസം എന്നത് പൊതുവിൽ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും സവിശേഷാർത്ഥത്തിൽ തൊഴിലാളിവർഗ്ഗ സർവാധിപത്യത്തിന്റെയും സിദ്ധാന്തവും അടവുകളുമാണ്. വിപ്ലവ പൂർവ്വഘട്ടത്തിലാണ് (തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുമുമ്പ് എന്നാണ് ഉദ്ദേശിക്കുന്നത്) മാർക്സും ഏംഗൽസും പ്രവർത്തിച്ചത്. അന്ന് സാമ്രാജ്യത്വം വികാസം പ്രാപിച്ചിരുന്നില്ല. തൊഴിലാളിവർഗ്ഗം വിപ്ലവത്തിനുവേണ്ടി തയ്യാറെടുക്കുന്ന ഘട്ടമായിരുന്നു. തൊഴിലാളിവർഗ്ഗവിപ്ലവം അന്ന് ഒരു അടിയന്തര പ്രായോഗിക അനിവാര്യത എന്ന നിലയിൽ ഉയർന്നുവന്നിരുന്നില്ല. എന്നാൽ മാർക്സിന്റെയും ഏംഗൽസിന്റെയും ശിഷ്യനായ ലെനിൻ പ്രവർത്തിച്ചത് സാമ്രാജ്യത്വം വികസിതമായ ഘട്ടത്തിലാണ്. തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ സാധ്യതകൾ അനാവൃതമാകുന്ന ഘട്ടത്തിലാണ്. ഒരു രാജ്യത്ത് തൊഴിലാളിവർഗ്ഗ വിപ്ലവം വിജയം വരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ തകർത്ത് തൊഴിലാളിവർഗ്ഗ ജനാധിപത്യത്തിന്റെ, സോവിയറ്റുകളുടെ യുഗത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത ഘട്ടത്തിലാണ്. അതുകൊണ്ടാണ്  ലെനിനിസം മാർക്സിസത്തിന്റെ വികസിത രൂപമാണെന്ന് പറയുന്നത്.

 ലെനിനിസത്തിന്റെ അനന്യമാംവിധം വീറുറ്റതും വിപ്ലവാത്മകവുമായ സ്വഭാവത്തെക്കുറിച്ച് സാധാരണ പരാമർശിക്കാറുണ്ട്. ഇത് തികച്ചും ശരിയുമാണ്. എന്നാൽ രണ്ടു കാരണങ്ങളാലാണ്  ലെനിനിസത്തിന് ഈ സവിശേഷ സ്വഭാവം കൈവന്നിരിക്കുന്നത്. ഒന്ന്, വിപ്ലവത്തിൽ നിന്നാണ് അത് ഉദയം ചെയ്തിരിക്കുന്നത് എന്നതുകൊണ്ടുതന്നെ അതിന്റെ മുദ്ര അതിൽ പതിയാതെ തരമില്ല. രണ്ട്, രണ്ടാം ഇന്റർനാഷണലിലെ അവസരവാദികളുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് അത് വളർന്നതും കരുത്താർജ്ജിച്ചതും. മുതലാളിത്തത്തെ ഫലപ്രദമായി നേരിടാൻ ആ പോരാട്ടം അടിസ്ഥാനോപാധിയായിരുന്നു. ഇന്നും അത് അനിവാര്യമായി തുടരുകയും ചെയ്യുന്നു. ഒരുവശത്ത് മാർക്സും ഏംഗൽസും. മറുവശത്ത് ലെനിൻ. ഇതിനിടയിലുള്ള ഒരു കാലഘട്ടം മുഴുവൻ രണ്ടാം ഇന്റർനാഷണലിലെ അവസരവാദികൾ, വിള്ളലുണ്ടാക്കാൻ കഴിയാത്തവണ്ണം മേധാവിത്വം പുലർത്തിയിരുന്നു എന്ന കാര്യം മറക്കരുത്. ഈ അവസരവാദത്തിനെതിരെയുള്ള നിർദ്ദാക്ഷിണ്യമായ പോരാട്ടം ലെനിനിസത്തിന്റെ സുപ്രധാന കർത്തവ്യങ്ങളിലൊന്നായിരുന്നുതാനും.

ലെനിൻ: ലോകം മുഴുവനാലും അനശ്വരമായി സ്മരിക്കപ്പെടാൻ ഏറ്റവും അർഹതയുള്ള വ്യക്തിത്വം – ഗോർക്കി

മഹാനായ ലെനിന്റെ ദേഹവിയോഗത്തെക്കുറിച്ച് വിശ്വസാഹിത്യകാരനായ മാക്സിം ഗോർക്കി നടത്തുന്ന അനുസ്മരണത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്.

യഥാർത്ഥ സൗഹൃദവും അഗാധമായ പരസ്പര ബഹുമാനവും ആ രണ്ടുമഹാന്മാരെയും കൂട്ടിയിണക്കി. ഗോർക്കിയുടെ കൃതികളെക്കുറിച്ച് ലെനിന് വലിയ മതിപ്പായിരുന്നു. “ലോകതൊഴിലാളി പ്രസ്ഥാനത്തിന് വളരെയേറെ പ്രയോജനപ്പെട്ടിട്ടുള്ളതും മേലിലും പ്രയോജനപ്പെടുന്നതമായ അനല്പമായ കലാത്മക പ്രതിഭയുടെ ഉടമയാണ് ഗോർക്കി എന്നതിൽ സംശയമില്ല”, എന്നായിരുന്നു ലെനിന്റെ അഭിപ്രായം.

ഗോർക്കി പറയുന്നു: വ്ലാദിമിർ ലെനിൻ അന്തരിച്ചിരിക്കുന്നു. തന്റെ കാലത്തു ജീവിച്ചിരുന്ന മറ്റേതു മഹാന്മാരെക്കാളും സമുജ്ജ്വലമായി പ്രതിഭയെ മൂർത്തീകരിച്ചിരുന്ന ഒരാളെയാണ് ലെനിന്റെ മരണത്തോടെ ലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ശത്രുപാളയത്തിലുള്ളവർപോലും സമ്മതിക്കും.

=========

ഈ ലോകത്തിലെ ഒരു യഥാർത്ഥ മനുഷ്യനായിരുന്ന വ്ലാദിമിർ ലെനിൻ അന്തരിച്ചിരിക്കുന്നു. അദ്ദേഹത്തെ അറിയാമായിരുന്ന സകലർക്കും അദ്ദേഹത്തിന്റെ മരണം വേദനാജനകമായ, വളരെയേറെ വേദനാജനകമായ ഒരു പ്രഹരമാണ്. എന്നാൽ, മരണത്തിന്റെ കറുപ്പ് ലോകത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹത്തിനുള്ള പ്രാധാന്യത്തെ -ലോകത്തിലെ അധ്വാനിക്കുന്ന ജനങ്ങളുടെ നേതാവെന്ന നിലയ്ക്കുള്ള പ്രാധാന്യത്തെ- എടുത്തുകാട്ടുകമാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തോടുള്ള വിദ്വേഷത്തിന്റെ കാർമേഘങ്ങൾക്ക്, അദ്ദേഹത്തിനു ചുറ്റുമായി നെയ്തെടുത്ത നുണകളുടെയും അപവാദങ്ങളുടെയും കാർമേഘങ്ങൾക്ക് ഇന്നുള്ളതിലും കട്ടിയുണ്ടായിരുന്നെങ്കിൽക്കൂടെയും അവയ്ക്കോ മറ്റേതെങ്കിലും ശക്തികൾക്കോ ഈ ഭ്രാന്തുപിടിച്ച ലോകത്തിലെ ശ്വാസം മുട്ടിക്കുന്ന അന്ധകാരത്തിൽ അദ്ദേഹമുയർത്തിപ്പിടിച്ച ദീപശിഖയെ നിഷ്‌പ്രഭമാക്കാൻ കഴിയുകയില്ല. ലോകംമുഴവനാലും അനശ്വരമായി സ്മരിക്കപ്പെടാൻ അദ്ദേഹത്തെക്കാളേറെ അർഹതയുള്ളൊരാൾ ഇതേവരെ ഉണ്ടായിട്ടില്ല. വ്ലാദിമിർ ലെനിൻ മരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ചിന്താശക്തിയുടെയും ഇച്ഛാശക്തിയുടെയും പിന്തുടർച്ചാവകാശികൾ ജീവിച്ചിരിപ്പുണ്ട്. അവർ ജീവിച്ചിരിപ്പുണ്ടെന്നുമാത്രമല്ല, ഭൂമിയിൽ ഇതേവരെ പ്രവർത്തിച്ചിട്ടുള്ള ആരെക്കാളും കൂടുതൽ വിജയകരമായി പ്രവർത്തിക്കുന്നുമുണ്ട്.

=========

വ്ലാദിമിർ ഇലിയിച്ച് ധൃതിയിൽ പ്രസംഗവേദിയിലേയ്ക്ക് കയറി. മിനിറ്റുകൾക്കുള്ളിൽ മറ്റാരെയുംപോലെ ഞാനും ആ പ്രസംഗത്തിൽ തികച്ചും മുഴുകിക്കഴിഞ്ഞിരുന്നു. അങ്ങേയറ്റം സങ്കീർണ്ണങ്ങളായ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ഇത്ര ലളിതമായി സംസാരിക്കാനൊക്കുമെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ഈ പ്രാസംഗികൻ ഇമ്പമുള്ള പദങ്ങൾ കെട്ടിച്ചമച്ചില്ല. എന്നാൽ, കരതലാമലകംപോലെ ഓരോ വാക്കിന്റെയും സൂക്ഷ്മമായ അർത്ഥം അത്ഭുതാവഹമായ അനായാസതയോടെ വെളിപ്പെടുത്തി. അദ്ദേഹം സൃഷ്ടിച്ച അസാധാരണമായ മതിപ്പിനെക്കുറിച്ച് വിവരിക്കുക പ്രയാസമാണ്.

കൈ അല്പം ഉയർത്തി മുമ്പോട്ടു നീട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം എതിരാളികളുടെ വാക്കുകൾ ചികഞ്ഞുനോക്കുകയും സ്വന്തം പാതയിൽക്കൂടെ സഞ്ചരിക്കുകയെന്നത്-ലിബറൽ ബൂർഷ്വാസിയുടെ പിന്നിലല്ല, അവർക്കൊപ്പംപോലുമല്ല-തൊഴിലാളിവർഗ്ഗത്തിന്റെ അവകാശവും ചുമതലയുമാണെന്നതിനുള്ള തെളിവുകൾ ഹാജരാക്കിക്കൊണ്ട് ആ എതിരാളികൾക്കെതിരായി പ്രധാനപ്പെട്ട വാദമുഖങ്ങൾ ഉന്നയിക്കുകയും ചെയ്തു. അദ്ദേഹത്തിൽനിന്ന് എന്നതിലുമേറെ ചരിത്രത്തിന്റെ നീരുറവയിൽനിന്നുതന്നെയായിരുന്ന ആ പ്രവാഹം തികച്ചും അനിതരസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ ആ പ്രസംഗത്തിൽകണ്ട സത്യസന്ധതയും സ്വച്ഛതയും നിഷ്കപടതയും ഊറ്റവുമെന്നല്ല, ആ വേദിയിൽ നിൽക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ രൂപമാകെത്തന്നെ ഒരു ക്ലാസിക്കൽ കലാസൃഷ്ടിയെയാണ് അനുസ്മരിപ്പിച്ചത്. യാതൊരു പൊടിപ്പും തൊങ്ങലുമില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ അവ മുഖത്തെ കണ്ണുകളെയും കൈയിലെ വിരലുകളെയുംപോലെ അത്രയും അത്യാന്താപേക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ അലങ്കാരപ്രയോഗങ്ങൾ. 

=========

ഒഴിവുകിട്ടുന്ന മണിക്കൂറുകളും മിനിട്ടുകൾപോലും അദ്ദേഹം തൊഴിലാളികൾക്കിടയിൽ ചെലവഴിച്ചു. അവരുടെ ജീവിതത്തിലെ ഏറ്റവും നിസ്സാരമായ വിശദാംശങ്ങളെക്കുറിച്ചുപോലും അദ്ദേഹം അന്വേഷിച്ചു. ” സ്ത്രീകളുടെ കാര്യം എങ്ങനെ? വീട്ടുജോലി അവർക്ക് ബുദ്ധിമുട്ടായി തോന്നുന്നില്ലേ? അവർക്ക് പഠിക്കാനോ വായിക്കാനോ സമയം കിട്ടുമോ?”…

Share this post

scroll to top