വയനാട് ദുരന്തബാധിതർക്ക് അന്തസ്സായി ജീവിക്കാൻസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം

IMG_wayanad_landslide_2_1_RND5E6RO.jpg
Share

ദുരന്തബാധിതരുടെ എല്ലാ കടങ്ങളും സർക്കാർ ഏറ്റെടുക്കുക, അന്തസ്സായി ജീവിക്കാൻ തൊഴിലും വരുമാനവും ഉറപ്പാക്കുക, വാസസ്ഥലം നഷ്ടപ്പെട്ട എല്ലാവർക്കും കാലതാമസം കൂടാതെ മെച്ചപ്പെട്ട ഭവനങ്ങ‍ നിർമ്മിച്ച് നൽകുക എന്നിവ ദുരിതബാധിതരുടെ അടിയന്തര ആവശ്യകതകളാണ്. വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായിട്ട് രണ്ട് മാസം പിന്നിടുകയാണ്. മേപ്പാടി ടൗണിൽനിന്നും ഏകദേശം പതിനഞ്ചു കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഇന്ന് മൂകമാണ്. ആയിരക്കണക്കിന് ജനങ്ങൾ അധിവസിച്ചിരുന്നയിടം പൊടുന്നനെ വാസയോഗ്യമല്ലാതായിരിക്കുന്നു. പ്രകൃതിയോട് മല്ലിട്ടും വന്യമൃഗങ്ങളിൽനിന്ന് സ്വയം സംരക്ഷിച്ചുകൊണ്ടുമാണ് ജനങ്ങൾ ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ കൂട്ടായ്മയിൽ അധിഷ്ഠിതമാണ് ഇവിടെ ജീവിതം. മൂന്നോ, നാലോ തലമുറകളായി തേയിലനുള്ളി ജീവിച്ചുവന്നിരുന്നവരാണ് ഈ മേഖലയിലെ ബഹുഭൂരിപക്ഷവും.
തേയിലതോട്ടങ്ങളിൽ തുച്ഛമായ കൂലിക്ക് പണിയെടുത്ത്, അരിഷ്ടിച്ച് ജീവിതം തള്ളിനീക്കി മിച്ചംപിടിച്ച പണംകൊണ്ട് തുണ്ടുഭൂമി വാങ്ങി വീടുവച്ചാണ് അവർ അവിടെ ജീവിച്ചിരുന്നത്. ജീവിതത്തിന്റെ നല്ല സമയം മുഴുവൻ തോട്ടങ്ങളിൽ ചിലവഴിച്ചവരുടെ പുതുതലമുറ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയും പുതിയ തൊഴിൽ സമ്പാദിച്ചും ജീവിതം ആരംഭിച്ചിട്ടേയുള്ളൂ. ഇങ്ങനെ ജീവിതത്തെ വളരെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു ജനതയാണ് ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്. എത്രയോപേർ ഇനിയും മണ്ണിനടിയിലാണ്. ദുരന്തത്തി നിരയായ ബഹുഭൂരിപക്ഷംപേരും അവർ ജീവിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടില്ല, അവർക്ക് കാണാൻ കഴിയില്ല.
ദുരന്തത്തെ അതിജീവിച്ചവർ ആദ്യദിവസങ്ങളിൽ ക്യാമ്പുകളിൽ ഒരുമിച്ചുണ്ടായിരുന്നു. അവർ പരസ്പരം ആശ്വസിപ്പിച്ചു, പിന്തുണനൽകി. എന്നാൽ, വാടകവീട് കണ്ടെത്തി ക്യാമ്പിൽനിന്നും പിരിഞ്ഞുപോകാനുളള സർക്കാരിന്റെ നിർദ്ദേശം അവരെ സംബന്ധിച്ച് വലിയ ആഘാതമായി. മക്കളെയും മാതാപിതാക്കളെയും ബന്ധുജനങ്ങളെയും നഷ്ടപ്പെട്ട്, മനസ്സ് മരവിച്ചവർ വീടന്വേഷിച്ച് നടത്തിയ പരക്കംപാച്ചിൽ അങ്ങേയറ്റം വേദനയുളവാക്കുന്ന കാഴ്ചയായിരുന്നു. വയനാട് പോലൊരു ടൂറിസ്റ്റ് മേഖലയിൽ 6000 രൂപയ്ക്ക് എങ്ങനെയാണ് വീട് ലഭ്യമാകുന്നത്? 6000 രൂപയുടെ വീടന്വേഷിച്ച് ജില്ലയൊട്ടാകെ ആളുകൾ പരക്കം പാഞ്ഞു. ഈ തുകയ്ക്ക് കണ്ടെത്തിയ വീടുകൾ പലതും വെള്ളമോ വൈദ്യുതിയോ ഇല്ലാത്തവയാണ്. പൊട്ടിപ്പൊളിഞ്ഞ ഇത്തരം വീടുകൾ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി മാറ്റുക എന്നത് അങ്ങേയറ്റം ശ്രമകരമായി. വീട്ടുപകരണങ്ങൾ സംഘടിപ്പിക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്. ദുരന്തത്തെ അതിജീവിച്ചവർ കഴിഞ്ഞ രണ്ട് മാസമായി ഈ നെട്ടോട്ടം തുടരുകയാണ്.
സർക്കാരിന്റെ സഹായം എത്ര നാളത്തേയ്ക്ക് തുടരുമെന്നത് സംബന്ധിച്ച് ജനങ്ങൾക്ക് യാതൊരു വ്യക്തതയുമില്ല. വീട്ടുവാടക കൂടാതെ, ഓരോ വീട്ടിലെയും മുതിർന്ന പൗരന്മാർക്ക് പ്രതിദിനം 300 രൂപ നൽകുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. നിലവിൽ ഇത് പലർക്കും ലഭിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായവും പൂർണ്ണമായി ലഭിച്ചിട്ടില്ല. ധനസഹായത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ കളക്ടറേറ്റും പഞ്ചായത്ത് ഓഫീസും പോലീസ് സ്റ്റേഷനും കയറിയിറങ്ങുന്ന കാഴ്ച എവിടെയും കാണാം. പുത്തുമല ദുരന്തത്തിനിരയായവർക്ക് നിർമ്മിച്ചു നൽകിയ വീടുകൾ ഏതാനും മാസങ്ങൾകൊണ്ട് ചോർന്നൊലിച്ചത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളും ഇതേ അവസ്ഥ നേരിടേണ്ടി വരുമെന്ന് മേപ്പാടിനിവാസികൾ ഭയപ്പെടുന്നു. അതിനാൽതന്നെ, സർക്കാർ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപി ച്ചിരിക്കുന്ന പുതിയ വീടുകൾ കുറ്റമറ്റതാക്കുവാൻ ജനകീയ ഇടപെടൽ ആവശ്യമായി വരും.


മുണ്ടക്കൈ, ചൂരൽമല പ്രദേശം ഏതാണ്ട് പൂർണ്ണമായും വാസയോഗ്യമല്ലാതായിത്തീർന്നിട്ടുണ്ട്. പൂർണ്ണമായി വീട് നഷ്ടപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ എന്തെങ്കിലും സഹായം ലഭിക്കുന്നത്. അതിനോടടുത്ത് താമസിച്ചിരുന്നവർക്ക് വീടോ, ആൾനാശമോ സംഭവിച്ചിട്ടില്ലെങ്കിലും സർക്കാരിന്റെ തീരുമാനമനുസരിച്ച് അവിടെ താമസം തുടരാനാകില്ല. എന്നാൽ, സർക്കാരിന്റെ ഒരു തരത്തിലുള്ള സഹായവും ഇക്കൂട്ടർക്ക് ലഭിക്കില്ല. ഇങ്ങനെ തികച്ചും അനിശ്ചിതത്വം നിറഞ്ഞ ജീവിത സാഹചര്യത്തിലൂടെയാണ് ഉരുൾപൊട്ടൽ തകർത്തെറിഞ്ഞവരുടെ ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത്.
മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഉപജീവനം നടത്തിവന്നത്. മുണ്ടക്കൈക്ക് പുറത്ത് ഏതാണ്ട് 10 കിലോമീറ്റർ ചുറ്റളവിൽനിന്ന് തൊഴിലാളികൾ ദിനേന ഈ പ്രദേശത്തുവന്ന് തൊഴിലെടുത്ത് മടങ്ങി പോകുമായിരുന്നു. ആ വലിയ വിഭാഗവും ഇന്ന് പട്ടിണിയിലാണ്. ഈ തൊഴിലാളികളെ കേന്ദ്രീകരിച്ച് നിലനിന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളും പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഉരുൾപൊട്ടൽ മേഖലകളിലെ ജനങ്ങളെ സഹായിക്കാൻ തുടക്കം മുതൽ ജനങ്ങൾ വയനാട്ടിലേക്ക് ഒഴുകുകയായിരുന്നു. ഭക്ഷണ സാധനങ്ങളും വസ്ത്രവും മരുന്നും വീട്ടുപകരണങ്ങളുമെല്ലാം ആഴ്ചകളോളം വാഹനങ്ങളിൽ എത്തിച്ചേർന്നുകൊണ്ടിരുന്നു. മൃതദേഹം സംസ്ക്കരിക്കാനുള്ള വിറകുവരെ മറ്റ് ജില്ലകളിൽനിന്നും ലോറികളിൽ എത്തിച്ചിരുന്നു. ദുരന്തബാധിതർക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും വിവിധ സംഘടനകൾ ആഴ്ചകളോളം നൽകി.
മെഡിക്കൽ സർവ്വീസ് സെന്റർ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലൂടെ വൈദ്യസഹായവും ലഭിച്ചു. ഇങ്ങനെ മനുഷ്യത്വത്തിന്റെ കരുത്ത് തെളിഞ്ഞുകണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. പ്രതിസന്ധികളെ അതിജീവിക്കാൻ പ്രതീക്ഷ നൽകുന്ന ഒന്നായി ദുരിതാശ്വാസ പ്രവർത്തനം മാറി. എന്നാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുവേണ്ടി സർക്കാർ പ്രസിദ്ധീകരിച്ച ‘എസ്റ്റിമേറ്റ്’ കണക്ക് ജനങ്ങൾക്ക് കനത്ത ഷോക്കായി മാറി. സന്നദ്ധ പ്രവർത്തകരുടെ കഠിനാധ്വാനംകൊണ്ട് സൃഷ്ടിച്ചതും നൽകിയതുമെല്ലാം സർക്കാരിന്റെ കണക്കിലായി. ദുരന്തങ്ങളെ ഭരണകൂടങ്ങൾ എങ്ങനെയാണ് നോക്കിക്കാണുന്നതെന്നതിന്റെ നേർചിത്രമായി വയനാട് ദുരന്തം മാറി.


യഥാർത്ഥത്തിൽ സർക്കാർ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? വയനാട് ദുരന്തമുണ്ടായെന്ന് പുറംലോകം അറിഞ്ഞ നിമിഷം മുതൽ അവിടേക്ക് എത്തിച്ചേർന്ന സഹായങ്ങളെ മുഴുവൻ ഏകോപിപ്പിച്ച് പരമാവധി ആളുകളിൽ എത്തിക്കാൻ സർക്കാർ മുൻകൈ എടുക്കണമായിരുന്നു. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ സർക്കാർ ഒപ്പം നിന്ന് ജനങ്ങളിൽ ആത്മവിശ്വാസം സൃഷ്ടിക്കണമായിരുന്നു. മികച്ച വാസസ്ഥലങ്ങൾ കണ്ടെത്തി വീട്ടുപകരണങ്ങളെല്ലാം ഒരുക്കിവെച്ച് ദുരിതാശ്വാസ ക്യാമ്പിൽനിന്നും നേരിട്ട് വീടുകളിലേക്കെത്തിക്കണമായിരുന്നു. എല്ലാ രേഖകളും നഷ്ടപ്പെട്ടവരെ ഒട്ടും ബുദ്ധിമുട്ടിക്കാതെ അവ നൽകണമായിരുന്നു. ഇതിനൊക്കെ ആവശ്യമായ പണം ജനങ്ങൾ ഇതിനോടകം സർക്കാരിനെ ഏല്പിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് ഓർക്കണം.
ഏറ്റവും പ്രിയപ്പെട്ടവരുടെ വിടവുണ്ടാക്കിയ കണ്ണീരുണങ്ങാത്ത ഒരു ജനതയെ, അടിസ്ഥാന ജീവനോപാധികൾക്കുവേണ്ടി തെരുവിലേയ്ക്ക് തള്ളിവിടാതിരിക്കാൻ സർക്കാർ സത്വര ശ്രദ്ധ പുലർത്തണം. ഈ നടപടികൾ കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത ജനങ്ങൾക്കുമുണ്ടാകണം. തുടക്കത്തിൽതന്നെ ദുരിതബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം. മെച്ചപ്പെട്ട വീട് എന്ന അടിസ്ഥാന ആവശ്യം ഉടനടി പൂർത്തീകരിക്കണം. അന്തസ്സായി ജീവിക്കുവാനുള്ള തൊഴിലും വരുമാനവും ഉറപ്പാക്കണം.
വയനാട് ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ആശുപത്രികളുടെ അപര്യാപ്തതയാണ്. രോഗം ഗുരുതരാവസ്ഥയിലായാൽ ചുരമിറങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിലോ, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലോ പോകേണ്ടിവരുന്നു. അപ്രതീക്ഷിത തടസ്സങ്ങൾ എപ്പോഴുമുണ്ടാകുന്ന ചുരത്തിലൂടെ അത്യാസന്ന നിലയിലുള്ള രോഗികളെയുംകൊണ്ട് പോകേണ്ടി വരുന്നതും ചുരത്തിലെ തിരക്കിൽപെട്ട് രോഗി ആംബുലൻസിൽ കിടന്ന് മരണമടയുന്നതും വയനാടിന്റെ തീരാനോവാണ്. ഉരുൾപൊട്ടലുണ്ടായപ്പോഴും ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാൻ ഒരു സർക്കാർ ആശുപത്രിയില്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സാധാരണക്കാരും പാവപ്പെട്ടവരുമായ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലയിലെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന സർക്കാർ ആശുപത്രികൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കണം.

Share this post

scroll to top