വിദ്യാഭ്യാസ വായ്പ എടുത്ത് പഠനം പൂർത്തിയാക്കിയ ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇന്ന് കടക്കെണിയിലാണ്. കോവിഡ് കാലം ഈ പ്രതിസന്ധി വളരെയധികം മൂർച്ഛിപ്പിച്ചിരിക്കുന്നു. നിലവിൽ അതിരൂക്ഷമായിരുന്ന തൊഴിലില്ലായ്മ യോടൊപ്പമാണ് കോവിഡ് പ്രതിസന്ധി വലിയൊരു വിഭാഗത്തിന് ഉണ്ടായിരുന്ന തൊഴിലും നഷ്ടപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസം നേടിയ ആളുകൾക്ക് ഒരുവശത്ത് തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും മറുവശത്ത് വിദ്യാഭ്യാസ വായ്പയുടെ ബാധ്യതയും ചേർന്ന് വിവരണാതീതമായ വലിയ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഗവൺമെന്റ് അടിയന്തരമായി ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭം ആണെന്ന് ഐ എൻ പി എ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.രണ്ടു വർഷങ്ങൾക്കുമുമ്പ് സംസ്ഥാന സർക്കാർ വിദ്യാഭ്യാസവായ്പയുടെ കടബാധ്യത ഏറ്റെടുക്കുന്നതിനുവേണ്ടി പ്രഖ്യാപിച്ച 900 കോടി രൂപയുടെ നാലിലൊന്നുപോലും ഇതുവരെ അർഹതപ്പെട്ട ആളുകൾക്ക് നൽകിയിട്ടില്ല. സർക്കാരിന്റെ ഈ പദ്ധതിയിൽ വിശ്വസിച്ച്, 40 ശതമാനം തുക അടച്ച് കാത്തിരുന്ന ആളുകൾക്ക് ഇപ്പോൾ ഇരുട്ടടി കിട്ടിയിരിക്കുന്നു. സർക്കാർ നൽകാമെന്ന് പറഞ്ഞിരുന്ന 60 ശതമാനം തുക നൽകാത്തതുവഴി ജനങ്ങൾ വായ്പ അടച്ചു തീർക്കാൻ ഉദ്ദേശിച്ചു നൽകിയ 40 ശതമാനം തുക ബാങ്കുകൾ പലിശയിൽ ചേർക്കുകയും ബാക്കി തുക ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയക്കുകയും കേസുകൾ ഫയൽ ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഫലത്തിൽ സർക്കാരിന്റെ 900 കോടിയുടെ പ്രഖ്യാപനം വിദ്യാഭ്യാസ വായ്പ എടുത്തവരെ കൂടുതൽ പ്രതിസന്ധിയിൽ ആഴ്ത്തി.ഇപ്പോഴാകട്ടെ ബാങ്കുകളെ യഥേഷ്ടം വിഹരിക്കാൻ ഗവൺമെന്റ് അനുവദിച്ചു കൊടുത്തിരിക്കുന്നു. അതിന്റെ ഫലമായി ഈ കോവിഡ് കാലത്തും പാവപ്പെട്ടവർക്ക് ജപ്തി നോട്ടീസ് അയയ്ക്കുവാനും ഭീഷണിപ്പെടുത്താനും അവർ മടിക്കുന്നില്ല. ആയതിനാൽ മക്കളെ പഠിപ്പിക്കുവാൻ വായ്പയെടുത്ത മാതാപിതാക്കളെ സംരക്ഷിക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും 900 കോടി രൂപയുടെ പദ്ധതി ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഐഎൻപിഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഡി. സുരേന്ദ്രനാഥ് സെക്രട്ടറി എസ്. മിനി എന്നിവർ ആവശ്യപ്പെട്ടു. അനുകൂലമായ നടപടികൾ കൈക്കൊള്ളാത്ത പക്ഷം അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവർ പ്രഖ്യാപിച്ചു.