പ്രകൃതിരമണീയമായ വടക്കു-കിഴക്കൻ മലയോര സംസ്ഥാനമായ മണിപ്പൂർ ഇന്നൊരു യുദ്ധഭൂമിയാണ്. രണ്ടു പ്രധാന സമുദായങ്ങളായ മെയ്തികളും കുക്കികളും തമ്മിൽ നടത്തുന്ന രക്തച്ചൊരിച്ചിലിലും ഭ്രാതൃഹത്യയിലും ജനങ്ങൾ വലയുകയാണ്. ഔദ്യോഗികകണക്കുപ്രകാരം 250ലേറെ വിലപ്പെട്ട ജീവൻ ഇതിനകം നഷ്ടപ്പെട്ടു. അനൗദ്യോഗിക കണക്ക് ഇതിലും വലുതാണ്. ജീവഭയംകൊണ്ട് വീടുകളിൽനിന്ന് പുറത്തിറങ്ങാൻപോലും ജനങ്ങൾക്ക് കഴിയുന്നില്ല.
സ്ഥിതി വളരെ ഭയാനകമാണ്. നിരവധി ഗ്രാമങ്ങൾ ചാമ്പലായി. 60,000 ത്തോളം ആളുകള് അഭയാർത്ഥികളായി അലയുകയാണ്. ഗത്യന്തരമില്ലാതെ ഇരുസമുദായങ്ങളിലെയും ജനങ്ങൾ സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ തേടിയലയുകയാണ്. സ്ത്രീകള് ബലാൽസംഗത്തിനും പീഡനത്തിനും ഇരയായതായി അസം ട്രിബ്യൂണൽ റിപ്പോർട്ട് ചെയ്യുന്നു. “മുലയൂട്ടാൻ പാലില്ല, ശുചിത്വവും സ്വകാര്യതയും ഇല്ല ഇങ്ങനെ നിരവധിയായ ആരോഗ്യപരമായ വെല്ലുവിളികള് സ്ത്രീകൾ നേരിടുന്നു. സുരക്ഷിതമായ ഇടങ്ങൾ തേടിയുള്ള ദുഷ്ക്കരമായ യാത്രകളും ഭക്ഷണമില്ലായ്മയും പാർപ്പിടമില്ലായ്മയും ഉറക്കമില്ലായ്മയും സ്ത്രീകളെ വല്ലാതെ വലയ്ക്കുകയാണ്.” രണ്ടു സമുദായങ്ങളിലെയും ജനങ്ങളിൽ അടിസ്ഥാനപരമായ മനുഷ്യത്വം ഇല്ലാതാവുകയും നിഷ്കരുണവും ഭീകരവുമായ കൊലപാതകവാസന സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നതായാണ് കാണപ്പെടുന്നത്.
പശ്ചാത്തലം
ഈ വംശീയ ഉന്മാദത്തിന്റെയും അതുവഴിയുണ്ടായ രക്തച്ചൊരിച്ചിലിന്റെയും കാരണമെന്താണ്? ഇത് വെറുതെ പൊട്ടിപ്പുറത്തുവന്ന ദുഷിപ്പാണോ അതോ കൗശലപൂർവ്വം ആസൂത്രണം ചെയ്തതാണോ? സത്യത്തിലേക്ക് എത്തിച്ചേരാൻ പശ്ചാത്തലത്തിന്റെയും ചരിത്രപരമായ വസ്തുതകളുടെയും ഒരു വിലയിരുത്തൽ ആവശ്യമാണ്. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ ഒരു രാജ്യമായിരുന്നു മണിപ്പൂർ. 1824 മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സാമന്ത രാജ്യമായി. തുടർന്ന് 1891ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു നാട്ടുരാജ്യമാക്കി കൂട്ടിച്ചേർക്കപ്പെട്ടു. ഇതിനെതിരെ മണിപ്പൂരിലെ ജനങ്ങളിൽ കടുത്ത അമർഷമുണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അന്തർലീനമായിരുന്ന ദൗർബ്ബല്യങ്ങൾ കൊണ്ടുതന്നെ, എല്ലാ പ്രദേശത്തെയും അദ്ധ്വാനിക്കുന്ന ജനങ്ങളെ ഉൾക്കൊള്ളാനും അവർക്കിടയിൽ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാനും കഴിയാതിരുന്നതുകൊണ്ട് ആ പ്രദേശത്തും ഇന്ത്യൻ ദേശീയ സമര പ്രസ്ഥാനം വളരെ ദുർബ്ബലമായിരുന്നു. കിഴക്കേ അറ്റത്തുള്ള മണിപ്പൂർ യഥാർത്ഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രവാഹത്തിന് പുറത്തായിരുന്നു. അവിഭക്ത അസമിൽ മാത്രമാണ് ചെറിയൊരു തരംഗം കാണാനായത്. അന്ന് ശക്തമായൊരു ദേശീയ പ്രസ്ഥാനം ഉണ്ടായിരുന്നെങ്കിൽ അവിടെ വിദ്വേഷ പ്രവണതകൾക്കും പ്രാദേശികവാദം, വർഗ്ഗീയത, പ്രവിശ്യാവാദം, വംശീയ വിഭജനം ഇവയ്ക്കൊക്കെ എതിരെ ചെറുത്തു നിൽക്കാമായിരുന്നു. ആ മണ്ണിൽനിന്ന് ഭിന്നിപ്പുളവാക്കുന്ന പ്രവണതകൾ തുടച്ചുനീക്കാനായില്ല. അതുകൊണ്ടാണ് മണിപ്പൂരിൽ വിഭാഗീയതയുടെ വേരോടിയത്.
ഇന്ത്യക്കാരാണെന്ന വികാരം പകർന്നു നൽകാൻ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് കഴിഞ്ഞില്ല
ബ്രിട്ടീഷ് ഇന്ത്യ, രാഷ്ട്രീയമായി ഏക സ്വത്വമായിരുന്നില്ല എന്നതാണ് വസ്തുത. ബ്രിട്ടീഷ് ഭരണത്തിൽ ശക്തമായ ഒരു ആശയ വിനിമയ ശൃംഖല വികസിതമായതോടെ മാത്രമാണ് ബ്രിട്ടീഷിന്ത്യയിലാ കമാനം വിവിധയാളുകൾ ഉൽപ്പാദിപ്പിക്കുന്ന വിവിധ തരം വസ്തുക്കളുടെ വ്യാപാര വാണിജ്യ ബന്ധം സാദ്ധ്യമാക്കുന്ന ദേശീയ വിപണിക്കൊപ്പം തന്നെ, ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിനുള്ള വസ്തുനിഷ്ഠമായ സാഹചര്യവും സൃഷ്ടിക്കപ്പെട്ടത്. ആധുനിക രാഷ്ട്രത്തിന്റെ വികാസത്തിന് അനുപേക്ഷണീയമായ ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ ശരിയായ പൂർത്തീകരണത്തിലൂടെയും യുവത്വമാർന്ന മതേതര മൂല്യങ്ങളുടെ പ്രകാശനത്തിലൂടെയും പാശ്ചാത്യലോകം കാണിച്ചുതന്ന മാതൃകയുടെ ചൈതന്യത്തോടെ നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരത്തിന് ഉയർന്നു വരാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യാക്കാരെന്ന ശക്തമായ വികാരം ആ സമൂഹത്തിൽ ഉണ്ടായിവരുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. എന്നു മാത്രമല്ല, പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയിൽ രാഷ്ട്രരൂപീകരണ പ്രക്രിയ ആരംഭിച്ചത്. അപ്പോഴേയ്ക്കും ഒരു ലോക സാമൂഹിക വ്യവസ്ഥ എന്ന നിലക്ക് മുതലാളിത്തത്തിന്റെ വിപ്ലവസ്വഭാവം നഷ്ടപ്പെടുകയും പ്രതിലോമകരമായി മാറുകയും ചെയ്തിരുന്നു. ഈ പൊതു സ്വഭാവത്തോടൊപ്പം ഇന്ത്യൻ മുതലാളിത്തത്തിന് അതിന്റേതായ സവിശേഷതകളും ഉണ്ടായിരുന്നു. സ്വതന്ത്രമായി വളർന്നു വന്ന പാശ്ചാത്യ മുതലാളിത്തത്തിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ മുതലാളിത്തം വളർന്നത് വിദേശ മൂലധനത്തിന്റെ ആധിപത്യത്തിന്കീഴിലും അതിനെ ചുറ്റിപ്പറ്റിയുള്ള ജന്മിത്ത ബന്ധത്തിലുമാണ്. തൽഫലമായി അതിന്റെ വളർച്ച മുരടിച്ചു. അത് ഇന്ത്യൻ ബൂർഷ്വാസിയുടെ ദേശീയ വിഭാഗത്തെ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലേക്ക് ഇളക്കിവിട്ടു. നമ്മുടെ രാജ്യത്തെ സാമ്രാജ്യത്വഭരണം ഇവിടെ ബൂർഷ്വാസിയുടെ വർഗ്ഗ ഭരണം സ്ഥാപിക്കുന്നതിനും ഇന്ത്യൻ ജനതയെ സ്വതന്ത്രമായി ചൂഷണം ചെയ്യുന്നതിനും തടസ്സമായി നിന്നിരുന്നു എന്നതാണ് കാരണം. എന്നാൽ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും കാലഘട്ടത്തിലെ എല്ലാ കൊളോണിയൽ ബൂർഷ്വാസിയെയുംപോലെ തന്നെ സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ വിപ്ലവസമരങ്ങളെ ഇന്ത്യന് മുതലാളിവര്ഗ്ഗം അങ്ങേയറ്റം ഭയപ്പെട്ടിരുന്നു. എന്തുകൊണ്ടെന്നാൽ ദേശീയ വിമോചനത്തിനായി ഇന്ത്യൻ ജനത നടത്തുന്ന പോരാട്ടം വിജയിച്ചാൽ സാമ്രാജ്യത്വ ഭരണം അവസാനിക്കും എന്നുമാത്രമല്ല അതോടൊപ്പം ദേശീയ ബൂർഷ്വാസിയെ സ്വാതന്ത്ര്യ സമര നേതൃത്വത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് മുതലാളിത്ത ഇതരമായ വികസനത്തിന്റെ പാത തുറന്നുകൊണ്ട് ഇന്ത്യയിൽ മുതലാളിത്ത ഭരണം സ്ഥാപിക്കുവാനുള്ള അവരുടെ എല്ലാ സാദ്ധ്യതകളെയും അത് ഇല്ലാതാക്കുമെന്നും അവർ ഭയപ്പെട്ടു.
ഒരു വശത്ത് സാമ്രാജ്യത്വത്തോടുള്ള വിരോധവും മറുവശത്ത് സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ വിപ്ലവപോരാട്ടത്തോടുള്ള കടുത്ത ഭയവും ഇന്ത്യൻ മുതലാളിത്തത്തിന്റെ ദേശീയ വിഭാഗത്തെ സാമ്രാജ്യത്വത്തിനെതിരായ പരിഷ്ക്കരണവാദപരമായ പ്രതിപക്ഷമായി നിലനിർത്തി. അത് സാമ്രാജ്യത്വത്തോടും ജന്മിത്തത്തോടും സന്ധിചെയ്തു. അതിനാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനായി, വിവിധ ഭാഷകൾ സംസാരിക്കുന്ന വിവിധ ദേശീയതകളെയും വിവിധ മത വിഭാഗക്കാരായ വ്യത്യസ്ത സമുദായങ്ങളെയും ഒരു രാഷ്ട്രമായി സമ്പൂർണ്ണമായി ലയിപ്പിക്കാനുള്ള സാമൂഹിക-സാംസ്കാരിക വിപ്ലവത്തിന്റെ ചുമതലകൾ അതിനു നിർവ്വഹിക്കാനായില്ല. അങ്ങനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരം അതിന്റെ സാമൂഹിക-സാംസ്കാരിക ഭിന്നതകളൊന്നും പരിഹരിക്കാതെ പകുതിവെന്തതും മുരടിച്ചതുമായി മാറി. ഇന്ത്യൻ ദേശീയതയുടെ ഈ സവിശേഷവും മൂർത്തവുമായ സ്വഭാവം വിശദീകരിച്ചുകൊണ്ട് എസ്യുസിഐ(സി)യുടെ സ്ഥാപക നേതാവും ഈ യുഗത്തിലെ സമുന്നതനായ മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്ദാസ് ഘോഷ് ഇങ്ങനെ പറഞ്ഞു: “സാമ്രാജ്യത്വത്തിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ പാതയിൽ വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുകയും വിവിധ മതങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങൾ രാഷ്ട്രീയമായി ഒരു ദേശീയതയായി മാറി; പക്ഷേ…സാമൂഹികമായും സാംസ്കാരികമായും വിവിധ സമൂഹങ്ങളായി മതം, ജാതി, ഭാഷ, വംശംഎന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു”. (തിരഞ്ഞെടുത്ത കൃതികൾ വാല്യം 2). പിന്നീട് ഭരണത്തിലെത്തിയ ദേശീയ ബൂർഷ്വാസി, നിലവിലുള്ള സാമൂഹിക-സാംസ്കാരിക-മത വിഭജനം മുതലെടുത്ത് അത് ഊതിപ്പെരുപ്പിച്ചുകൊണ്ട് ചൂഷിതരായ ജനങ്ങൾക്കിടയിലെ അനൈക്യവും ശൈഥില്യവും പ്രോത്സാഹിപ്പിക്കാൻ തുടങ്ങി.
ഇടതു ജനാധിപത്യ സമരത്തിന്റെ അഭാവം സാഹചര്യം വഷളാക്കി
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മുതലാളി വർഗ്ഗത്തിനും അവരുടെ പിണിയാളുകൾക്കുമെതിരെ യോജിച്ച ശക്തമായ ഇടതുപക്ഷ സമരപ്രസ്ഥാനം വളർത്തിയെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ജനങ്ങളുടെയിടയിൽ ഭിന്നത വളർത്തിക്കൊണ്ട് യോജിച്ചുനിന്നു പൊരുതാനുള്ള ഐക്യത്തിൽ വിള്ളലുണ്ടാക്കാനുള്ള ബൂർഷ്വാവർഗ്ഗത്തിന്റെ ഗൂഢാലോചനയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു. എന്നാൽ സിപിഐ(എം), സിപിഐ തുടങ്ങിയ കപട കമ്മ്യൂണിസ്റ്റുകൾ നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് വടക്ക്-കിഴക്കൻ മേഖലയിൽ അതിനായി ഒരു ശ്രമവും നടത്തിയില്ല. പകരം, ഭരിക്കുന്ന ബൂർഷ്വാസിയുടെ വിരോധം സമ്പാദിക്കാതിരിക്കാനായി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അടിച്ചമർത്താനും മുതലാളിത്തഭരണം ശക്തിപ്പെടുത്താനുമായി മുതലാളിത്തത്തിന്റെ വിശ്വസ്ത ഏജന്റായ കോൺഗ്രസ് സ്വീകരിച്ച പല നയങ്ങൾക്കും നടപടികൾക്കും അവർ പിന്തുണ നൽകി. ഇപ്പോഴാകട്ടെ അതേ കപടകമ്മ്യൂണിസ്റ്റുകൾ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തേണ്ടുന്ന സമരത്തിന്റെ പാത ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യാനും അധികാരത്തിന്റെ ഇടനാഴിയിൽ നിലയുറപ്പിക്കാനും ഇതേ ബൂർഷ്വാ പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കുകയാണ്. ന്യായമായ ജനാധിപത്യ സമരം കെട്ടിപ്പടുക്കാനുള്ള പാതയിൽ നിന്നൊഴിഞ്ഞുമാറിക്കൊണ്ട് അവർ സ്വീകരിച്ച പരിഷ്കരണവാദപരമായ പാർലമെന്ററി പ്രതിപക്ഷ രാഷ്ട്രീയത്തിന്റ പാത വെടിയണമെന്നും മുതലാളിത്താനുകൂല പാർട്ടികളുടെയും സർക്കാരുകളുടെയും അടിച്ചമർത്തലിനെതിരെ യോജിച്ച ഇടതുപക്ഷ സമരം കെട്ടിപ്പടുക്കാൻ മുന്നോട്ടുവരണമെന്നും നമ്മുടെ പാർട്ടി പലതവണ അഭ്യർത്ഥിച്ചിരുന്നു. ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള അവരുടെ അഭിനിവേശം ആ ചരിത്രപരമായ അനിവാര്യത നിറവേറ്റുന്നതിന് തടസ്സമായി.
ഇന്ത്യയിലേക്കുള്ള മണിപ്പൂരിന്റെ കൂട്ടിച്ചേർക്കൽ
1947ൽ ഇന്ത്യ രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയപ്പോൾ അവിഭക്ത ബ്രിട്ടീഷ് ഇന്ത്യയിൽ ബ്രിട്ടീഷ് പരമാധികാരത്തിൽ കീഴിൽ വിവിധ വലിപ്പത്തിലും വിഭാഗത്തിലുമുള്ള 600ഓളം നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുമ്പോൾ ബ്രിട്ടീഷ് ഭരണാധികാരികൾ ഈ നാട്ടുരാജ്യങ്ങൾക്കുവേണ്ടി മൂന്ന് ഉപാധികൾ മുന്നോട്ടുവച്ചു. ഇന്ത്യയുമായി ലയിക്കുക, പാകിസ്ഥാനിൽ ലയിക്കുക അല്ലെങ്കിൽ ബ്രിട്ടീഷ് പരമാധികാരത്തിന്റെ മേൽനോട്ടത്തിൽ സ്വതന്ത്രമായി കഴിയുക എന്നിവയായിരുന്നു അത്. ചില നാട്ടുരാജ്യങ്ങള് ഇന്ത്യയിലും മറ്റു ചിലവ പാകിസ്ഥാനിലും ചേർന്നപ്പോൾ മണിപ്പൂർപോലെയുള്ള ചിലത് സ്വതന്ത്ര രാജ്യമായി തുടരാൻ ആഗ്രഹിച്ചു. എന്നാൽ മറ്റു പല നാട്ടുരാജ്യങ്ങളെയുംപോലെ അവരും ഇന്ത്യയിലേക്ക് നിർബ്ബന്ധിതമായി കൂട്ടിച്ചേർക്കപ്പെട്ടു. ഈ നിർബ്ബന്ധിത കൂട്ടിച്ചേർക്കലിനെതിരെ മണിപ്പൂരിലെ ജനങ്ങൾക്കിടയിൽ വ്യാപകമായ അമർഷമുണ്ടായി. പിന്നീടത് സായുധ ചെറുത്തുനിൽപ്പിന്റെ രൂപം കൈക്കൊണ്ടു. എന്നാൽ ഇന്ത്യൻ സർക്കാർ അതിനെ സൈനിക വിന്യാസത്തിലൂടെ അടിച്ചമർത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 1949ൽ സമ്മർദ്ദത്തിന് വഴങ്ങിക്കൊണ്ട് മണിപ്പൂർ ഇന്ത്യയിലേക്കുള്ള കൂട്ടിച്ചേർക്കലിന് സമ്മതം മൂളിയത്.
മണിപ്പൂർ: വിവിധ സമുദായങ്ങളുടെ വാസസ്ഥലം
മണിപ്പൂർ പണ്ടുമുതലേ വ്യത്യസ്ത സംസ്കാരങ്ങളും വൈവിദ്ധ്യങ്ങളുമുള്ള വിവിധ സമുദായങ്ങളുടെ വാസസ്ഥലമായിരുന്നു എന്ന കാര്യം ഓർമ്മിക്കേണ്ടതാണ്. ജനസംഖ്യയിൽ 53% വരുന്ന മെയ്തികളാണ് പ്രബല സമുദായം. നാഗകൾ, കുക്കികൾ എന്നിവരും മറ്റ് ഗോത്രങ്ങളും ഉപഗോത്രങ്ങളുമുണ്ട്. കുന്നുകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇംഫാൽ താഴ്വരയിലാണ് അവർ താമസിക്കുന്നത്. പൊതുവായൊരു പുരോഗമന പ്രത്യയശാസ്ത്രത്തിന്റെയും ലക്ഷ്യത്തിന്റെയും പോരാട്ടത്തിന്റെയും അഭാവത്തില് മുൻപുതന്നെ മണിപ്പൂർ സ്ഥിരമായി കലഹം നടന്നിരുന്ന ഇടമാണ്. വിവിധ വംശീയ സമൂഹങ്ങൾക്കിടയിലുള്ള സംഘർഷങ്ങളും വൈരുദ്ധ്യങ്ങളും സായുധ ഏറ്റുമുട്ടൽപോലും ഇടക്കിടെ പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷവും ഭരണവർഗ്ഗത്തിന്റെയും പാർട്ടികളുടെയും പ്രകോപനത്തിൽ മെയ്തികളും നാഗകളും കുക്കികളും തമ്മിൽ രക്തരൂക്ഷിതമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്; വിലപ്പെട്ട പല ജീവനും നഷ്ടപ്പെടുത്തിയിട്ടുണ്ട്. മുകളിൽ പ്രസ്താവിച്ചതുപോലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സാമാന്യമായ വീക്ഷണമോ ആശയപരമായ കൂറോ അവിടെ വികസിച്ചുവന്നതുമില്ല. അതിനാൽ അന്ന് ആവശ്യമായിരുന്ന ഏകീകൃതമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും അവിടെ ഉയർന്നുവന്നില്ല. ഇന്ത്യൻ എന്ന പൊതു സ്വത്വമോ ബോധമോ ഉണ്ടായില്ലെന്നു മാത്രമല്ല ഒറ്റയ്ക്കു നിൽക്കുക എന്ന താല്പര്യമാണ് അവിടെ തഴച്ചുവളർന്നത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ രാജ്യവ്യാപകമായി വിപ്ലവ തൊഴിലാളി വർഗ്ഗത്തിന്റെ വളർച്ചയും വികാസവും തടയാനായി ‘വിഭജിച്ച് ഭരിക്കുക’ എന്ന നയം സ്വീകരിച്ചുകൊണ്ട് മുതലാളിത്തത്തോട് വിധേയത്വം പുലർത്തിയ രാഷ്ട്രീയ പാർട്ടികളും കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിൽ ഇരുന്നവരും ഗൂഢമായ നീക്കം നടത്തി. ദേശീയ ബൂർഷ്വാസിയുടെ പിന്തുണയുള്ള ദേശീയ പാർട്ടികളെ കൂടാതെ പ്രാദേശിക ബൂർഷ്വാസി വളർത്തിയെടുത്ത പ്രാദേശിക പാർട്ടികളും അവിടെയുണ്ട്.
വിപണി പിടിച്ചെടുക്കാനായി കുത്തക ഭീമന്മാരുടെ ദേശീയ ബൂർഷ്വാസിയും താരതമ്യേന ദുർബ്ബലരായ പ്രാദേശിക ബൂർഷ്വാസിയും തമ്മിലും വൈരുദ്ധ്യമുണ്ട്. സാധാരണക്കാരിൽ പ്രാദേശിക- വർഗ്ഗീയ-മതഭ്രാന്ത് ഉത്തേജിപ്പിച്ച് അവരെ തമ്മിലടിപ്പിക്കാനും വിഘടന ശക്തികളെ അവരുടെ വരുതിയിലാക്കാനും ബൂർഷ്വാ വർഗ്ഗവും അവരുടെ ഭരണവും ശ്രമിക്കുകയാണ്. അതുപോലെ ഇത്തരം ഭിന്നിപ്പുകൾവഴി പരസ്പരം കലഹിച്ചു നിൽക്കുന്നവരിൽ വംശീയ ഉന്മാദം വളർത്തിയെടുത്ത് മുതലാളിത്ത പിശാചിനെ ജനങ്ങളുടെ കണ്ണിൽപ്പെടാതെ സംരക്ഷിക്കാനുമാണ് അവർ ശ്രമിക്കുന്നത്.
ബൂർഷ്വാ പാർട്ടികൾ അവരുടെ യജമാനന്മാരുടെ വർഗ്ഗതാൽപ്പര്യം നിറവേറ്റുന്നതിനായി മതം, ജാതി, പ്രദേശം, ഭാഷ, വംശം തുടങ്ങിയവ കേന്ദ്രീകരിച്ച് നിക്ഷിപ്ത താൽപര്യങ്ങളോടെ ജനങ്ങളിൽ ഭിന്നത വളർത്തുകയും ഭീകരമായ ആക്രമണത്തിനും രക്തച്ചൊരിച്ചിലിനും ഇടവരുത്തുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ, ബൂർഷ്വാവർഗ്ഗവും അവരുടെ ഏജന്റുമാരും രാജ്യത്തുടനീളം പിന്തുടരുന്ന ഹീന പദ്ധതിയാണിത്. മണിപ്പൂരിൽ ഇതിന് ഇണങ്ങുന്ന സാഹചര്യമാണുള്ളത്. മേൽപറഞ്ഞ കാരണങ്ങളാൽ മതം, ജാതി, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഭ്രാന്ത് ഇളക്കിവിടാനും രക്തം ചിന്താനും വളക്കൂറുള്ള മണ്ണാണവിടെ ഉള്ളത്.
മുൻ കോൺഗ്രസ് സർക്കാരുകളുടെയും ഇപ്പോഴത്തെ ബിജെ പി സർക്കാരിന്റെയും പിന്തുണ ആസ്വദിക്കുന്ന മെയ്തി വർഗ്ഗീയ ശക്തികൾ ഗോത്ര വിഭാഗക്കാരുടെയും ആദിവാസി സമുദായങ്ങളുടെയും ഐക്യത്തിനും കെട്ടുറപ്പിനും വലിയ അപകടം വരുത്തിവയ്ക്കുകയാണ്. കുക്കികൾ മണിപ്പൂരിലെ സ്ഥിരവാസികളല്ലെന്ന് അവർ പറഞ്ഞുപരത്തുകയാണ്. ഇന്ത്യക്ക് തുറന്ന അതിർത്തിയുള്ള മ്യാൻമറിൽനിന്നുള്ള കുടിയേറ്റക്കാരാണിവർ എന്നവർ പ്രചരിപ്പിക്കുന്നു. ഈ നുഴഞ്ഞുകയറ്റം അനുവദിച്ചാൽ മണിപ്പൂരിൽ മെയ്തി നിവാസികളുടെ എണ്ണം താമസിയാതെ കുറയുമെന്നും സ്വന്തം നാട്ടിൽ അവർ ന്യൂനപക്ഷമായിത്തീരു മെന്നുമുള്ള അടിസ്ഥാനമില്ലാത്ത പ്രചാരണവും നടത്തുന്നു.
മെയ്തികളുടെ എണ്ണം കുറയുമെന്ന ദുരുദ്ദേശപരമായ പ്രചാരണം
മ്യാൻമറുമായുള്ള അതിർത്തി പലയിടങ്ങളിലും തുറന്നിട്ടിരിക്കുന്നതിനാൽ ഒറ്റപ്പെട്ട ചില നുഴഞ്ഞുകയറ്റങ്ങൾ നടന്നിരുന്നു. എന്നാൽ അവരെ കൃത്യമായി കണ്ടെത്തുകയും നാടുകടത്തുകയും ചെയ്തിരുന്നു. വസ്തുത ഇതാണെങ്കിലും ‘നുഴഞ്ഞുകയറ്റക്കാരായ’ കുക്കികളുടെ എണ്ണം മെയ്തികളേക്കാൾ കൂടുതലാകുമെന്ന വാദം നുണയാണ്. എന്നാൽ ഈ ഹീനമായ നുണപ്രചാരണത്തിനെതിരെ പ്രായോഗികമായി ഒരുഭാഗത്തു നിന്നും എതിർപ്പുണ്ടായില്ല. എന്നുമാത്രമല്ല; ബൂർഷ്വാ മാദ്ധ്യമങ്ങളിലൂടെ ഇതിന് വ്യാപകമായ പ്രചാരണം ലഭിക്കുകയും പ്രാദേശിക പാർട്ടികളിൽനിന്നുമാത്രമല്ല ദേശീയ ബൂർഷ്വാ പാർട്ടികളുടെ മണിപ്പൂർ ഘടകങ്ങളിൽനിന്നും സിപിഐ(എം), സിപിഐപോലുള്ള പാര്ട്ടികളില്നിന്നും അവർക്ക് പിന്തുണ ലഭിക്കുകയുമുണ്ടായി. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഒരു വിഭാഗത്തിനെതിരെ തീർത്തും അസത്യമായ പ്രചാരണം നടത്തുന്നത് എത്ര വഞ്ചനാപരവും മ്ലേച്ഛവും അധാർമ്മികവും കുറ്റകരവുമാണ്?
മെയ്തികളിലെ സമാധാന പ്രേമികളായ ആൾക്കാർക്കിടയിലും കുക്കി പൗരന്മാരിലും ഇതുണ്ടാക്കുന്ന വിഷബാധ എത്രത്തോളമാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. ഇന്ത്യൻ പൗരന്മാരിൽ ഒരു വിഭാഗം കാലക്രമേണ നശിപ്പിക്കപ്പെടുമെന്നും അല്ലെങ്കിൽ മറ്റൊരു വിഭാഗം പൗരന്മാർ എണ്ണത്തിൽ വളർന്ന് മറ്റുള്ളവരെ മറികടക്കുകയും അടിമകളാക്കുകയും ചെയ്യുമെന്നും പറയുന്നത് എത്ര അസംബന്ധവും അസത്യവും പരിഹാസ്യവുമാണ്? ഇത് വെറും വിഡ്ഢിത്തം പറച്ചിലല്ല; മറിച്ച് വംശീയ വിദ്വേഷവും അസഹിഷ്ണുതയും വർദ്ധിപ്പിക്കാനുള്ള കരുതിക്കൂട്ടിയുള്ള ഫാസിസ്റ്റ് തന്ത്രമാണ്. അതിനാൽ അത് ജനാധിപത്യ നിയമങ്ങളുടെ നഗ്നമായ നിരാകരണമാണ്. ഇത്തരമൊരു കുറ്റകരമായ ആശയത്തെ നിശിതമായി തള്ളിക്കളഞ്ഞില്ലെങ്കിൽ അത് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡതക്കെതിരായ പരോക്ഷമായ ആക്രമണവും അക്രമത്തിനു വിധേയരാകുന്ന ജനതയുടെ ദേശീയ ഐക്യത്തിന്റെ കടയ്ക്കല് കത്തിവയ്ക്കലുമാണ്. നാസികളുടെ വംശീയ വർഗ്ഗീയ വിദ്വേഷ പ്രചാരണം കൊളുത്തിവിട്ട യഹൂദവിരുദ്ധ ആക്രമണവും രക്തച്ചൊരിച്ചിലും എന്തായിരുന്നുവെന്ന് ചരിത്രം കാണിച്ചുതന്നിട്ടുണ്ടല്ലോ.
അസമിലെ ഭയാനകമായ അനുഭവം മണിപ്പൂരിൽ ആവർത്തിക്കപ്പെടുന്നു
അസാമിസ് സംസാരിക്കുന്ന ജനങ്ങളെ, ഇന്ത്യയിലെ കുടിയേറ്റക്കാരായ മുസ്ലിം വിഭാഗം ചവിട്ടിമെതിക്കുമെന്നുള്ള അസത്യത്തിന്റെ വിഷം സമൂഹത്തിൽ കുത്തിവച്ച ഭരണ ബൂർഷ്വാസിയുടെ പിന്തുണയുള്ള വർഗ്ഗീയപിന്തിരിപ്പൻ ശക്തികളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ആദ്യമായി അനുഭവിച്ചത് വടക്കു കിഴക്കൻ അസമിലെ ജനങ്ങളാണ്. ബൂർഷ്വാ പാർട്ടികളായ കോൺഗ്രസിന്റെയും ബിജെപിയുടെയും മറ്റ് പ്രാദേശിക പാർട്ടികളുടെയും പിന്തുണയുള്ള വർഗ്ഗീയവാദികൾ ഇന്ത്യക്കാരായ മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരാ ണെന്ന് പ്രചരിപ്പിക്കുകയും താമസിയാതെ അവർ യഥാർത്ഥ അസാമിസ് ജനതയെ എണ്ണത്തിൽ കവച്ചുവയ്ക്കുമെന്ന് ദുഷ്പ്രചാരണം നടത്തുകയും ചെയ്തു. ഇത്തരത്തിൽ അസമിസ് സംസാരിക്കുന്ന സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാനും ബംഗാളി സംസാരിക്കുന്ന മുസ്ലീം വിഭാഗത്തിനെതിരെ തിരിച്ചുവിടാനും അവർക്കു കഴിഞ്ഞു. തുടര്ന്ന് വ്യാപകമായ നരഹത്യയും അക്രമങ്ങളും അരങ്ങേറി. പലരും വീടുകളിൽനിന്നും വാസസ്ഥലങ്ങളിൽനിന്നും പിഴുതെറിയപ്പെട്ടു. നാസികളുടെ കൂട്ടക്കൊല പോലെതന്നെ ഇതും നിഷ്ഠുരമായിരുന്നു. ഈ വൈരാഗ്യം കുറയുന്നതായി കാണുന്നതേയില്ല. ഇന്നും ആ അഗ്നിപരീക്ഷയിൽ അസം വലയുകയാണ്.
മണിപ്പൂരിലും അതേ ക്രൂരതയാണ് അരങ്ങേറുന്നത്. കുക്കികൾ വിദേശ വേരുകളുള്ളവരാണെന്ന് മുദ്രകുത്തുകയും തുറന്ന അതിർത്തി മുതലെടുത്ത് അനധികൃതമായി കടന്നുവന്നവരാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തത് കുക്കി ജനതയിൽ കടുത്ത നീരസമുണ്ടാക്കി. സാധാരണ കുക്കി ജനതയെ പ്രത്യാക്രമണത്തിലും കൊലപാതകങ്ങളിലും ഏർപ്പെടാൻ പ്രേരിപ്പിച്ചത് ഭരണവർഗ്ഗത്തിന്റെതന്നെ പിന്തുണയുള്ള കുക്കി ഷോവനിസ്റ്റ് ഗ്രൂപ്പുകളാണ്. അങ്ങനെ ഭരണമുതലാളിവർഗ്ഗം തന്ത്രപൂർവ്വം ആവിഷ്കരിച്ച പദ്ധതികളുടെ ഇരകളായിക്കൊണ്ട് സമുദായത്തിൽ വേരോടിയ വർഗ്ഗീയ ചിന്താഗതിയുടെ സഹായത്തോടെ നടന്ന ബുദ്ധിശൂന്യമായ ആക്രമണങ്ങളും വീട് ചുട്ടെരിക്കലും വഴി ഇരുസമുദായങ്ങളിലുമുള്ള കൂടുതലാളുകളുടെ മരണത്തിൽ അത് കലാശിച്ചിരിക്കുകയാണ്. പരസ്പരം കണ്ടാലുടനെ ആക്രമിക്കുക എന്ന രീതിയാണ് കാണുന്നത്. ജോലിക്കുംമറ്റുമായി പുറത്തിറങ്ങിയാൽപോലും ആൾക്കൂട്ടക്കൊലയ്ക്കിരയാക്കപ്പെടുന്ന അവസ്ഥയാണിന്നുള്ളത്. സാധാരണ ജീവിതം നിലച്ചിരിക്കുന്നു. മണിപ്പൂരിലെ ജനജീവിതം ഇന്നൊരു വഴിത്തിരിവിലാണ്. 2023 മുതൽ തുടങ്ങിയ വിനാശകരമായ സ്ഥിതിഗതികൾ നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണ്.
കടുത്ത സാമ്പത്തിക പിന്നാക്കാവസ്ഥക്കെതിരെ മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളിലും ആശങ്കകളും പരാതികളും ഉയരുകയാണ്. പ്രാദേശികമായി ലഭ്യമായ അസംസ്കൃത വസ്തുക്കളും ധാതുസമ്പത്തും ഉപയോഗപ്പെടുത്തിക്കൊണ്ട് ചെറുകിട-ഇട ത്തരം-വൻകിട വ്യവസായങ്ങൾ സ്ഥാപിച്ച് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചമാക്കാനുള്ള ഫലപ്രദമായ നടപടികളൊന്നും സ്വതന്ത്ര്യാനന്തര കാലഘട്ടത്തിൽ സർക്കാരുകൾ സ്വീകരിച്ചില്ല. അതിനാൽ തൊഴിലില്ലായ്മപ്രശ്നം രൂക്ഷമായി. ജീവിതത്തിലെ ഈ യഥാർത്ഥ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ രാഷ്ട്രീയ ലൈനിലും ശരിയായ നേതൃത്വത്തിന്കീഴിലും വളർന്നുവരേണ്ട ബഹുജന സമരത്തിന്റെ അഭാവത്തിൽ ജനൈക്യം തകർക്കുന്ന നടപടികളാണ് വർഗ്ഗീയ ശക്തികൾ സ്വീകരിച്ചത്. യഥാർത്ഥ പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഈ കുതന്ത്രം. ഇരു വിഭാഗങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ഇത് വലിയ ദോഷം വരുത്തിവച്ചിരിക്കുകയാണ്. എല്ലാ ദുരിതങ്ങൾക്കും കാരണം എതിർവിഭാഗമാണെന്ന വാദമുയർത്തിയുള്ള വംശീയമായ കൂട്ടക്കൊലകളിലേക്ക് നാട് പരിണമിച്ചതിന്റെ കാരണമിതാണ്.
മനസ്സുവച്ചാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ശക്തമായ നടപടികളിലൂടെ ഈ ഭ്രാതൃഹത്യയും രക്തച്ചൊരിച്ചിലും ശമിപ്പിക്കാനാകും. എന്നാൽ മെയ്തി ആധിപത്യമുള്ള പ്രദേശങ്ങളിലെ വർഗ്ഗീയ വാദികൾക്കും കൊള്ളക്കാർക്കും സംസ്ഥാന ബിജെ പി സർക്കാർ കൂട്ടുനിൽക്കുമ്പോൾ കുക്കി പ്രദേശത്തെ വര്ഗ്ഗീയ വാദികൾക്കും വിഘടന വാദികൾക്കും, മറ്റ് ബൂർഷ്വാ കേന്ദ്രങ്ങളുടെ പിന്തുണ ലഭിക്കുന്നു എന്നതാണ് വസ്തുത. മണിപ്പൂരിലെ സാധാരണക്കാരെല്ലാം ഈ ഭ്രാന്ത് അവസാനിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ഈ അത്യന്തം സ്ഫോടനാത്മകമായ ദിനങ്ങൾ നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കുന്ന ഒരു കാഴ്ചക്കാരന്റെ ക്രൂരതയാണ് കേന്ദ്ര ബിജെപി സർക്കാരിന്റേത്. വല്ലപ്പോഴുമുള്ള ഒട്ടും ഫലപ്രദമല്ലാത്ത ചില നടപടികളിലൂടെ അവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പ്രശ്നങ്ങൾ തുടർന്നും വഷളാവുന്ന വിധത്തിൽ, സംസ്ഥാന ബിജെപി മുഖ്യമന്ത്രി ഇംഫാൽ താഴ്വരയിലെ വർഗ്ഗീയ വാദികളുടെയും വിഘടനവാദികളുടെയും ഒപ്പമാണെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
ജനങ്ങളോടുള്ള അഭ്യർത്ഥന
ഇന്ത്യൻ റിപ്പബ്ലിക്കിലെ ഒരു സംസ്ഥാനത്ത് പൗരന്മാർ വിവേചനരഹിതമായി കൊലചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. ഈ ഭീകരമായ ദിനങ്ങൾ നീട്ടിക്കൊണ്ടുപോകുക എന്നതാണ് അവരുടെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യം. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നില്ല എന്നു വിമർശിക്കുന്ന പ്രതിപക്ഷമാവട്ടെ മതിയായ നടപടികളെടുക്കാൻ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തുന്നുമില്ല. പ്രധാനമന്ത്രിയുടെ ഒരു സന്ദർശനംകൊണ്ട് മണിപ്പൂരിലെ തീ കെടുത്താമെന്ന മിഥ്യാ ധാരണയാണവർ സൃഷ്ടിക്കുന്നത്. ഇന്ത്യൻ പാർലമെന്ററി സമ്പ്രദായത്തെ ബാധിച്ചിരിക്കുന്ന ദുഷിപ്പാണ് ഇതുവഴി വ്യക്തമാകുന്നത്.
മതം-പ്രദേശം-ജാതി-വംശം-പ്രവിശ്യ എന്നീ അടിസ്ഥാനത്തിലൊക്കെ കഴിയുന്നത്ര ജനങ്ങൾ ഭിന്നിച്ചു നിൽക്കണമെന്ന ഭരണ ബൂർഷ്വാസിയുടെ വർഗ്ഗ താത്പര്യം നിറവേറ്റാനുള്ള ദൗത്യവുമായി ഭരണകക്ഷിയും, വോട്ടുമാത്രം ലക്ഷ്യമാക്കി നീങ്ങുന്ന പ്രതിപക്ഷവും ബാന്ധവത്തിലാണ്. ഈയൊരു സാഹചര്യത്തിൽ വർഗ്ഗീയ-വംശീയ കലാപകാരികളെ അടിച്ചമർത്തിക്കൊണ്ട് സാഹചര്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും എല്ലാ വിഭാഗം ജനങ്ങളുടെയും എല്ലാ പരാതികൾക്കും നിയമാനുസൃതമായ പരിഹാരം ഉണ്ടാക്കാനാവശ്യമായ നടപടികൾ കൈകൊള്ളാനും സർക്കാരിനെ നിർബ്ബന്ധിതമാക്കുന്ന തരത്തിലുള്ള യോജിച്ച ശക്തമായ ഒരു ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു മുന്നിലുള്ള ഒരേയൊരു പോംവഴി.
അതിനാൽ മണിപ്പൂരിലെ സാധാരണക്കാരെ മരണത്തിൽനിന്നും നാശത്തിൽനിന്നും രക്ഷിക്കാനായി അവസരത്തിനൊത്ത് ഉയർന്ന്, ശക്തമായ ബഹുജന സമരം പടുത്തുയർത്താൻ ഞങ്ങൾ അഭ്യര്ത്ഥിക്കുന്നു. നമ്മുടെ രാജ്യത്തുള്ളവർ ഉറക്കമില്ലാത്ത രാത്രികൾ പിന്നിട്ട്, ജീവഭയത്താൽ വാടിത്തളർന്ന്, നമ്മുടെ സഹായത്തിനായി കേഴുന്ന സാഹചര്യം അത്യന്തം ഗുരുതരമാണെന്ന് മനസ്സിലാക്കി താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവരുവാൻ എല്ലാ ഇടതുപക്ഷ, ജനാധിപത്യ ശക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു: വർഗ്ഗീയവും ജാതീയവുമായ രക്തച്ചൊരിച്ചിൽ ശക്തമായി തടയുക, മണിപ്പൂരിൽ സമാധാനം തിരിച്ചുകൊണ്ടുവരാനായി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മണിപ്പൂരിലെ യോജിക്കാവുന്നത്ര പ്രാദേശിക പാർട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ സമവായം സൃഷ്ടിക്കുക, ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂരിലെ സംസ്ഥാന ബിജെപി സർക്കാരിനെ പിരിച്ചവിടുക, ഇത്തരം വർഗ്ഗീയ-വംശീയ കലാപങ്ങൾ ആവർത്തിക്കാതിരിക്കാൻ ദീർഘകാല സുരക്ഷാ നടപടികൾ സ്വീകരിക്കുക, മണിപ്പൂരിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുക, വിവിധ സമുദായങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തുക, എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സമാധാനവും സാഹോദര്യവും സ്ഥാപിക്കുക.
മണിപ്പൂരിലെ ജനങ്ങളോടുള്ള അഭ്യർത്ഥന
സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് സമാധാനപ്രിയരായ സുമനസുകളും ജനാധിപത്യ വിശ്വാസികളും മനുഷ്യ സ്നേഹികളുമായ വിദ്യാർത്ഥികൾ, യുവജനങ്ങൾ, അദ്ധ്യാപകർ, പ്രൊഫസർമാർ, ഡോക്ടർമാർ, അഭിഭാഷകർ, തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ തുടങ്ങി അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗം ജനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നത് ഇതാണ്: നിങ്ങളുടെ സ്വന്തം സംസ്ഥാനമായ മണിപ്പൂരിനെ ഈ ആത്മഹത്യാപരമായ ഇടുങ്ങിയ പ്രാദേശികവാദ-വർഗ്ഗീയ-വംശീയ മാനസികാവസ്ഥയിൽനിന്നും മുക്തമാക്കിക്കൊണ്ട്, അക്രമത്തിലും കൊലപാതകങ്ങളിലും ജനങ്ങളെ അകപ്പെടുത്താനുള്ള ഭരണവർഗ്ഗത്തിന്റെ ഗൂഢാലോചന തള്ളിക്കളയുക. താഴെപ്പറയുന്ന ദൗത്യം ഏറ്റെടുക്കുവാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഭ്രാതൃഹത്യയുടെ പാത വെടിയുക, രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന സന്ധിസംഭാഷണത്തിലൂടെ അനുരഞ്ജന പ്രക്രിയ ആരംഭിക്കുക, ഏകീകൃതമായ സമീപനം സ്വീകരിച്ചുകൊണ്ട് സമാധാനവും സൗഹാർദ്ദവും സാധാരണ നിലയും പുന:സ്ഥാപിക്കുക, ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുക, ഇടുങ്ങിയ വിഭാഗീയ-വർഗ്ഗീയ-വംശീയവീക്ഷണം, വിദ്വേഷം ഇവക്കെതിരെ ശക്തമായി പോരാടുക, പരസ്പരസമാധാനം, ഐക്യം, സൗഹാർദ്ദം ഇവ നിലനിർത്തുന്നതിന് ആവശ്യമായ ജനൈക്യ സമിതികൾ രൂപീകരിച്ചു കൊണ്ട് ജനങ്ങളുടെ പൊതുവായ അവകാശ പത്രിക മുന്നോട്ടുവയ്ക്കക, കലാപം അവസാനിപ്പിച്ചുകൊണ്ട് സമാധാനം പുന:സ്ഥാപിക്കുവാനും രണ്ടു സമുദായങ്ങളിലെയും പ്രശ്നബാധിതരായ ജനങ്ങൾക്ക് മതിയായ ധനസഹായവും നഷ്ടപരിഹാരവും നൽകിക്കൊണ്ട് ഇന്ന് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരും ഗതിയില്ലാതെ അലയുന്നവരുമായ എല്ലാവരെയും പുനരധിവസിപ്പിക്കാൻ ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിർബ്ബന്ധിതരാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ദീർഘകാല നടപടികൾ സ്വീകരിക്കുക, ഈ സാഹചര്യത്തിൽ അടിയന്തര പ്രാധാന്യമുള്ളതെന്ന് ജനങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുക, പക്ഷപാതിയായ സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ആവശ്യപ്പെടുക, ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധാരണ നില പുന:സ്ഥാപിക്കാൻ ആവശ്യമായതെല്ലാം ചെയ്യുക, അതിൽ സർക്കാരിന്റെ പങ്ക് നിർവ്വഹിക്കാൻ സമ്മർദ്ദം ചെലുത്തുക.
മണിപ്പൂരിൽ തുടരുന്ന വംശീയകൂട്ടക്കൊല മുതലാളിത്ത വാഴ്ചയുടെ സൃഷ്ടി
