ഏപ്രിൽ 24 എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)ന്റെ 75-ാം സ്ഥാപന വാർഷിക ദിനത്തോടനുബന്ധിച്ച് ഈ യുഗത്തിലെ പ്രമുഖ മാർക്സിസ്റ്റ് ചിന്തകരിലൊരാളും പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്‌ദാസ്ഘോഷ് നവംബർ വിപ്ലവത്തിന്റെ 54-ാം വാർഷികാചരണവേളയിൽ 1971 നവംബർ 16ന് നടത്തിയ ഒരു പ്രഭാഷണത്തിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കുകയാണ്.
ഇന്ന് നമ്മുടെ രാജ്യം സകല മേഖലകളിലും നേരിടുന്ന പ്രശ്നങ്ങൾ അത്യന്തം ഗൗരവതരമായ മാനങ്ങൾ കൈവരിച്ചിരിക്കുന്നു. നിങ്ങളിൽ, നിരവധി വർഷങ്ങൾ ഇനിയും ജീവിക്കാനുള്ള പലരും അനവധി പ്രക്ഷോഭണങ്ങൾക്കു സാക്ഷ്യം വഹിക്കും; നിങ്ങളതാഗ്രഹിച്ചാലും ഇല്ലെങ്കിലും. സമരങ്ങൾ രൂപംകൊള്ളും. പ്രശ്നങ്ങൾ നേരിട്ട്, കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങൾ, തങ്ങളെ നയിക്കാനാരുമില്ലെങ്കിൽപ്പോലും ഒരു കാലം കഴിയുമ്പോൾ പൊട്ടിത്തെറിക്കും, ഏതെങ്കിലും തരത്തിലുള്ള ഒരു നേതൃത്വം അവരിൽനിന്നു തന്നെ ഉയർന്നു വരും. അത്തരമൊരു നേതൃത്വം സ്വാഭാവികമായി ഉയർന്നു വന്നാൽത്തന്നെ പ്രകടമായ നേട്ടങ്ങളൊന്നും അതുണ്ടാക്കില്ല. പിന്നെയും ദുരിതങ്ങൾ അവരെ വലയം ചെയ്യും. ആശങ്കകൾ ഉരുണ്ടുകൂടുകയും നിരാശ പടർന്നുപിടിക്കുകയും ചെയ്യും.
രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനിവാര്യമായ, രാഷ്ട്രീയ പ്രത്യയശാസ്ത്ര-സദാചാര-നൈതിക വിഷയങ്ങളോടുള്ള സമീപനം ഇപ്പോഴും അവ്യക്തമായിരിക്കുന്നു എന്നതാണ് ഈ ആശങ്കകളുടെയും നിരാശയുടെയും മൂലകാരണം. ഈ വിഷയങ്ങളെക്കുറിച്ചുള്ള അവ്യക്തത കൾ ഇപ്പോഴും തുടരുന്നു. ജനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകണമെന്നതും രാജ്യം പുരോഗമിക്കണമെന്നതും തീർച്ചയായും ശരിയാണ്. ഇതെല്ലാവരും പറയുന്നുണ്ട്. ജനങ്ങൾ ഒരളവുവരെ ഇതിനെക്കുറിച്ചു ചിന്തിക്കുന്നുണ്ട്, അവർക്കു കഴിയാവുന്ന തരത്തിലെല്ലാം ഇതിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്; ശരിയായ രീതിയിലല്ലെങ്കിൽപ്പോലും. മുമ്പ് മനുഷ്യരെന്ന പരിഗണനപോലും ലഭിക്കാതിരുന്ന കർഷകരും കർഷകത്തൊഴിലാളികളും ഇന്ന് അവരുടെ ചിന്താശേഷി അവരുടേതായ രീതിയിൽ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും കർഷകരുടെയും തൊഴിലാളികളുടെയും ദുരിതത്തിന് അറുതിവരുത്തുമെന്നു പറഞ്ഞുകൊണ്ട്, തങ്ങൾക്ക് പറ്റുന്ന വിധത്തിൽ, അവരെ പാട്ടിലാക്കാനുള്ള പലതരം പരിപാടികളെടുക്കുകയോ തീവ്രമായ മുദ്രാവാക്യങ്ങളുയർത്തുകയോ ചെയ്തുകൊണ്ടല്ലാതെ ജനങ്ങൾക്കിടയിലെ നിലനില്പുറപ്പാക്കാനോ അവരെ സ്വാധീനിക്കാനോ കഴിയുകയില്ല. ഈ പാർട്ടികളെല്ലാം തന്നെ ഈ വിഷയങ്ങളിൽ അത്യന്തം വാചാലരാണ്.
രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിശ്ചിതമായ ഏതു രാഷ്ട്രീയ പ്രത്യയശാസ്ത്ര- നൈതിക-സാംസ്കാരിക സങ്കല്പങ്ങളാണ് വേണ്ടതെന്ന കാര്യത്തിൽ ഇതുകൊണ്ടുമാത്രം, വെളിച്ചം കിട്ടുന്നില്ല. പരിവർത്തനത്തിലൂടെ ഇന്നത്തെ സ്ഥിതിയിലെത്തിയ ഇന്ത്യയിലെ സാമൂഹികാവസ്ഥയെ നിയന്ത്രിക്കുന്ന അടിസ്ഥാന നിയമങ്ങളെന്ത് എന്ന ചർച്ച ചെയ്യേണ്ട പ്രശ്നം ഇപ്പോഴും അവ്യക്തമായിത്തുടരുന്നു. ഒരു നാൾ പൊടുന്നനെ ഉണ്ടായതല്ല ഇതൊന്നും. വിവിധ ഘട്ടങ്ങളിലെ പരിവർത്തനത്തിലൂടെയാണ് സമൂഹം ഇന്നത്തെ സ്ഥിതിയിലെത്തിയത്. ഈ മാറ്റത്തെ നിർണ്ണയിക്കുന്ന ചരിത്രപരവും ശാസ്ത്രീയവുമായ ഒരു നിശ്ചിത നിയമമുണ്ട്. എന്താണീ മാറ്റത്തിന്റെ നിയമം? രണ്ടാമതായി, ഇന്ത്യയിലെ സമകാലീന സാമൂഹികാവസ്ഥയുടെ സ്വഭാവമെന്താണ്? ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ യഥാർത്ഥ സ്വഭാവമെന്താണ്? ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വഭാവമെന്താണ്? സർവ്വോപരി, ഇക്കാര്യങ്ങിലെല്ലാം ഇന്ത്യയിലെ ജനങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന നൈതികതയും പ്രത്യയശാസ്ത്രവുമെന്താ ണ്? നമ്മുടെ സമൂഹത്തിൽ മൗലികമായ പരിവർത്തനം വരുത്തുന്നതിന് അനിവാര്യമായും വേണ്ടുന്ന നൈതിക ധാരണകളുടെയും ആദർശങ്ങളുടെയും ധാരണകളാണോ ഇവ?
ഇത് നാം മനസ്സിലാക്കുന്നില്ലെങ്കിൽ, അതിനെക്കുറിച്ച് അവ്യക്തതകൾ നിലനില്ക്കുന്നുവെങ്കിൽ, അയഥാർത്ഥമായ സിദ്ധാന്തങ്ങളും ചരിത്രവിരുദ്ധമായ സങ്കൽപ്പങ്ങളും ധാരണകളും നമ്മെ നയിക്കുന്നുവെങ്കിൽ, ഇവയെ ആധാരമാക്കി പ്രശ്നങ്ങളെ തോന്നിയ പോലെ മനസ്സിലാക്കാൻ തുനിയുന്നുവെങ്കിൽ, എന്നിട്ടും ഈ സമൂഹത്തെ മാറ്റിമറിക്കാനും ജനങ്ങൾക്കു സർവ്വതോന്മുഖമായ ക്ഷേമം കൈവരിക്കാനും നാം ആഗ്രഹിക്കുകയാണെങ്കിൽ അതു സാദ്ധ്യമാകുമോ? ഇല്ല, അതു സാദ്ധ്യമാകുകയില്ല. പക്ഷേ, വാസ്തവത്തിൽ സാമൂഹിക മാറ്റം കൊണ്ടുവരുന്നതിന്റെ പേരിൽ നമ്മുടെ നാട്ടിൽ നടക്കുന്നതിതാണ്.
ജീവിതത്തിന്റെ പ്രശ്നങ്ങൾ സമൂഹത്തിൽ നിന്ന്, സമകാലീന സാമൂഹികവ്യവസ്ഥയിൽ നിന്നാണുണ്ടാകുന്നതെന്നു പലരും വിശ്വസിക്കുന്നു. എന്നാലങ്ങനെയല്ല എന്നു മറ്റു ചിലരും വിശ്വസിക്കുന്നുണ്ട്. പകരമായി പല വിചിത്ര സിദ്ധാന്തങ്ങളും അവര്‍ അവതരിപ്പിക്കും. അതെന്തായാലും, സാമൂഹിക വ്യവസ്ഥയാണു പ്രശ്നങ്ങളുടെ ഹേതു എന്നു കരുതുന്നവർ പോലും വ്യക്തതയില്ലാതെയും സാമാന്യമായുമാണത് പറയുന്നത്. അത്തരം ഉപരിപ്ലവമായ സംസാരം കൊണ്ടു കാര്യമില്ല. ഈ സമൂഹത്തിന്റെ സ്വഭാവസവിശേഷതയും എങ്ങനെയാണതിൽ നിന്നു പ്രശ്നങ്ങൾ ഉടലെടുക്കുന്നുവെന്നതും നാം വ്യക്തമായി മനസ്സിലാക്കിയിരിക്കണം. അതുമനസ്സിലാക്കി കഴിഞ്ഞാൽ എങ്ങനെയാണീ സമൂഹത്തെ മാറ്റിയെടുക്കേണ്ടതെന്നും അതിനായി ഏത് മർമ്മത്താണടിക്കേണ്ടതെന്നും നമുക്കു വ്യക്തമാകും.
നിലനില്ക്കുന്ന സാമൂഹികവ്യവസ്ഥയിൽനിന്നും ഭരണകൂടസംവിധാനത്തിൽ നിന്നുമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവരും, വിപ്ലവത്തിലൂടെ മൗലികമായ ഒരു സാമൂഹിക മാറ്റമുണ്ടായി ദ്രുതഗതിയിലുള്ള സമൂലപരിവർത്തനം ഉണ്ടാകണമെന്നാഗ്രഹിക്കുന്നവരും, വിപ്ലവത്തിനായി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾ ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരും, കേവലമായ വിപ്ലവഭാഷണങ്ങൾ വഴി ജനങ്ങളെ ഇളക്കാനോ കബളിപ്പിക്കാനോ ഉദ്ദേശ്യമില്ലാത്തവരുമായ ആളുകൾ പരിശോധിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ആദ്യത്തെ കാര്യം, നിലനില്ക്കുന്ന സാർവ്വദേശീയ സാഹചര്യത്തിൽ ഇന്ത്യയിലെ ഭരണകൂടത്തിലും ഇവിടുത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിലും എന്തെങ്കിലും പുരോഗമനപരമായ അംശം ബാക്കിയുണ്ടോ എന്നും അല്ലെങ്കിൽ ആ പുരോഗമന ധർമം ചരിത്രപരമായി അസ്തമിച്ചെങ്കിൽ അതിന്റെ ഫലമായി സമൂഹത്തിന്റെ മുന്നോട്ടുള്ള പാതയിൽ ഒരു തടസ്സമായി ഈ വ്യവസ്ഥ നിലകൊളളുന്നുണ്ടോ എന്നുമാണ്. നിലനില്ക്കുന്ന സാമൂഹിക വ്യവസ്ഥയുടെ സ്വഭാവമെന്താണ്? ഈ സമൂഹത്തിലെ വർഗ്ഗങ്ങളുടെ വിന്യാസവും അവ തമ്മിലെ പരസ്പരബന്ധവും എങ്ങനെയാണ്? ഭരണകൂടാധികാരത്തിൽ നിന്ന് ഏതു വർഗത്തെയാണ് നിഷ്ക്കാസനം ചെയ്യണ്ടത് പകരം ഏതു വർഗത്തെയാണ് അവരോധിക്കേണ്ടത്? രണ്ടാമതായി ഉയർന്നുവരുന്ന പ്രശ്നം എങ്ങനെയാണ് നിലനില്ക്കുന്ന ഈ സാമൂഹികവ്യവസ്ഥയെ മാറ്റിയെടുക്കേണ്ടത് എന്നാണ്. ആരുടെയെങ്കിലും വിചിത്ര ഭാവനയ്ക്കനുസരിച്ചല്ല ഈ ലക്ഷ്യം നേടിയെടുക്കാനുള്ള മാർഗം നിർണ്ണയിക്കേണ്ടത്.
സമൂഹത്തെ മാറ്റിയെടുക്കുന്നതിനായി ചരിത്രപരമായി നിർണ്ണയിക്കപ്പെട്ട ഒരു ശാസ്ത്രീയപ്രക്രിയയുണ്ട് എന്നു ഞാൻ പറഞ്ഞു കഴിഞ്ഞു. മനുഷ്യനു മുന്നിൽ ഈ പാത ആദ്യമായി കാണിച്ചു തന്നതു മാർക്സിസമാണ്. വീണ്ടും, മരണമടുത്ത ലോകമുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയുടെയും സാർവ്വദേശീയ തൊഴിലാളിവർഗ വിപ്ലവത്തിന്റെയും ഈ യുഗത്തിൽ, മാർക്സിസ്റ്റെന്നു സ്വയം വിളിക്കുകയും സാമൂഹികവിപ്ലവം പൂർത്തീകരിക്കാനുതകന്ന ഒരേയൊരായുധം മാർക്സിസം ലെനിനിസമാണെന്നു മനസ്സിലാക്കുകയും ചെയ്യുന്നവർ മാർക്സിസത്തിനോടൊപ്പം ലെനിനിസം എന്ന വാക്കു കൂടി കൂട്ടിച്ചേർത്തു. ഈ ആയുധമെന്നത് പീരങ്കികളോ തോക്കുകളോ പിസ്റ്റളുകളോ ബോംബോ അല്ല – അവയിലുമെത്രയോ ശക്തമായ ഒന്നാണ്. അതിലൊരിക്കൽ പ്രാവീണ്യം നേടിക്കഴിഞ്ഞാൽ ഈ ആയുധം വമ്പിച്ച ചൈതന്യം പ്രസരിപ്പിക്കും. സംഘാടന നൈപുണിയും പദ്ധതികളാവിഷ്ക്കരിക്കുന്നതിനുള്ള ശേഷിയും നൽകും. അതു പണിയെടുക്കുന്ന ചൂഷിതരായ ജനങ്ങൾക്കിടയിൽ ഉയർന്ന ബോധം സൃഷ്ടിക്കുകയും നീണ്ടുനില്ക്കുന്ന പോരാട്ടങ്ങളേറ്റെടുക്കാൻ പാകത്തിൽ അജയ്യമായ കരുത്തുള്ള ആയുധമണിയിക്കുകയും ചെയ്യും. ചൂഷിതരായ ജനങ്ങളുടെ പോരാട്ടത്തെ പീരങ്കികളും തോക്കുകളും കൊണ്ടുള്ള സൈനിക ശക്തികൊണ്ടു തടയാൻ ശ്രമിക്കുന്നവർക്ക് ഈ കരുത്തിന്റെ ഉറവിടത്തിന്റെ ‘രഹസ്യ’മെന്തെന്ന് എത്തുംപിടിയും കിട്ടില്ല.
അതുകൊണ്ടാണ്, തൊഴിലാളി വർഗ്ഗത്തിന്റെ, അദ്ധ്വാനിക്കുന്ന ജനങ്ങളുടെ കൈയിൽ പ്രത്യയശാസ്ത്രമെന്നത് ആറ്റം ബോംബോ നാംപാം ബോംബോ അതുപോലുള്ള ഏതായുധത്തെക്കാളും ശക്തമാണ് എന്ന് മാർക്സ് മുതൽ ലെനിൻ, സ്റ്റാലിൻ, മാവോ സെ തുംഗ് വരെയുള്ള നേതാക്കൾ ഊന്നിപ്പറഞ്ഞത്. കാരണം, തങ്ങളുടെ ജീവിതത്തിലെ യഥാർത്ഥ പ്രശ്നങ്ങളെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും അവയുടെ സ്വഭാവത്തെയും മൂലകാരണത്തെയും കുറിച്ചു മനുഷ്യരെ പഠിപ്പിക്കുന്നതിനും സഹായിക്കുന്നത് മാർക്സിസം-ലെനിനിസമാണ്. മറ്റു പ്രത്യയ ശാസ്ത്രങ്ങളാകട്ടെ, കൗശലപൂർവ്വം ചിട്ടപ്പെടുത്തിയ വാദമുഖങ്ങളും ഭാഷയുടെ ചാതുര്യവും സൗമ്യമായ ഭാവവും മധുരം പൊതിഞ്ഞ വാക്കുകളും പെട്ടെന്നാകർഷിക്കുന്ന മുദ്രാവാക്യങ്ങളുമുപയോഗിച്ചു ജനങ്ങളുടെ ശ്രദ്ധയെ തെറ്റായ വഴിയിലേക്കു തിരിച്ചുവിട്ടുകൊണ്ട് അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവയ്ക്കുന്നതിൽ വ്യാപൃതരുമാണ്. സത്യമല്ലാത്ത ഒന്നിനെ സത്യമെന്ന നിലയിൽ ജനമനസ്സുകളിൽ സ്ഥാപിച്ചുകൊണ്ട് അവരെ നിരായുധരാക്കുകയാണ് ഇവയുടെ ലക്ഷ്യം. നേരെ മറിച്ച്, പ്രശ്നങ്ങളെ വിടെയൊണ് എന്നും അവയുടെ മൂലകാരണമെവിടെയാണെന്നും മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ മാറ്റങ്ങളെ നിർണ്ണയിക്കുന്ന നിയമങ്ങളെന്തൊക്കെയാണ് എന്നും മാർക്സിസം ജനങ്ങളെ പഠിപ്പിക്കുന്നു.
പ്രകൃതിയിലെ ഒരു പ്രത്യേക പ്രതിഭാസത്തെ നയിക്കുന്ന ആന്തരിക പ്രകൃതിനിയമങ്ങളെ മനസ്സിലാക്കുകയും ഉൾക്കൊളളുകയും ചെയ്യുമ്പോൾ മാത്രമേ പ്രകൃതിയിലെ ഒരു പ്രത്യേക ബലത്തെ നിയന്ത്രണ വിധേയമാക്കാൻ ശാസ്ത്രജ്ഞർക്കു കഴിയൂ എന്നതുപോലെ തന്നെ ഈ നിയമങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ സമൂഹത്തിന്റെ പരിവർത്തനത്തിനായുള്ള ഈ സമരത്തെ ശരിയായ പാതയിലേക്കു കൊണ്ടുവരാൻ മനുഷ്യർക്കു കഴിയൂ. മാറ്റത്തിന്റെ നിയമങ്ങളെ മനസ്സിലാക്കിയെങ്കിൽ മാത്രമേ മനുഷ്യർക്ക് ഒരു പ്രകൃതി ബലത്തെ നിയന്ത്രിക്കാനും പദാർത്ഥത്തിന്റെ അവസ്ഥയെ മാറ്റാനും ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ നിയമങ്ങൾക്കനുസരിച്ച് ആ മാറ്റത്തിന്റെ പ്രക്രിയയെ സ്വാധീനിക്കുകയോ ത്വരിതപ്പെടുത്തുകയോചെയ്തുകൊണ്ട് ഒരു സമൂഹക്രമത്തെ മാറ്റിയെടുക്കാനും കഴിയൂ. ഇതൊന്നും ചെയ്യുന്നതിനു മുമ്പ് മാറ്റത്തെക്കുറിച്ചും സമൂഹത്തെ മാറ്റിമറിക്കുന്നതിനെക്കുറിച്ചും മനുഷ്യ പുരോഗതി നേടിയെടുക്കുന്നതിനെക്കുറിച്ചും രൂപീകരിക്കുന്ന ആശയങ്ങൾ കല്പിതകഥകളോ ഏതെങ്കിലും വ്യക്തിയുടെ ശിരസ്സിലുദിച്ച ഉട്ടോപ്യൻ ഭാവനകളോ മാത്രമാകും. അതുവഴി ജനങ്ങൾ നിരാശരാകുകയും മനുഷ്യ പ്രയത്നം വ്യഥാവിലാകുകയും എല്ലാ സമരങ്ങളും ഫലശൂന്യമായിത്തീരുകയും ചെയ്യും-സമൂഹം മാറാതെ തന്നെ നിലകൊള്ളും. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രമായ മാർക്സിസമാണ് മനുഷ്യരാശിയുടെ മുന്നിലേക്ക് ഈ സത്യം ആദ്യമായി അവതരിപ്പിച്ചത്.
അതുകൊണ്ടാണ് മാർക്സിസത്തിന്റെ ആവിർഭാവത്തിനു മുമ്പ് നിരവധി വൈദികരും പുരോഹിതരും ധർമ്മിഷ്ഠരായ വ്യക്തികളും സന്യാസിമാരും തുടങ്ങി മതപ്രഘോഷകരും മഹത്തുക്കളായ ചിന്തകരുമെല്ലാം മനുഷ്യരുടെ ഈ മാനംകെട്ട അവസ്ഥയെന്തു കൊണ്ടെന്നും മനുഷ്യർ മനുഷ്യരെ ചൂഷണം ചെയ്യുന്നതെന്തുകൊണ്ടെന്നും മനുഷ്യമനോഭാവത്തിൽ അല്പത്തരവും അധമ മനഃസ്ഥിതിയും എന്തുകൊണ്ടെന്നും ചിന്തിച്ച് അസ്വസ്ഥരായത്; ഇതെല്ലാം മാറണമെന്നവരാഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തത്. ഇപ്പോഴത്തെ ഈ ദുർഗതിയിൽ നിന്നു ജനങ്ങളെ മോചിപ്പിക്കാനാവശ്യമായ വിപ്ലവത്തിലേക്കുള്ള പാത കാണിച്ചു കൊടുക്കാനവർക്കു കഴിഞ്ഞില്ല. ചിലർ സോഷ്യലിസത്തെക്കുറിച്ചു വരെ സംസാരിച്ചു. പക്ഷേ അവ ഉട്ടോപ്യൻ സോഷ്യലിസത്തിന്റെ പദ്ധതികളോ സോഷ്യലിസത്തെക്കുറിച്ചുള്ള അസംസ്കൃതമോ തെറ്റായതോ ആയ സങ്കല്പങ്ങളോ ആയിരുന്നു-എല്ലാ മനുഷ്യരും തുല്യരാണെന്നും ഒരേ സുഖ സൗകര്യങ്ങളോടെ കഴിയുമെന്നും ഒരേ നിലവാരത്തിലുളള ഭക്ഷണവും വസ്ത്രവും ഉപയാഗിക്കുമെന്നൊക്കെയുള്ള സംതൃപ്ത സ്വപ്നങ്ങൾ. എല്ലാവരും ദൈവത്തിന്റെ സന്താനങ്ങളായതിനാൽ എല്ലാവരും തുല്യരാകേണ്ടതാണ് എന്ന ആശയവും സോഷ്യലിസത്തെക്കുറിച്ചുള്ള അവരുടെ സങ്കല്പത്തിൽ ഉൾക്കൊണ്ടിരുന്നു. അത്തരം ചിന്താഗതികളാണവരെ നയിച്ചിരുന്നത്. ഇവരിൽ പലരും സോഷ്യലിസത്തിന്റെ പേരിൽ, മനുഷ്യരുടെ അഭിവൃദ്ധിയുടെപേരിൽ കൊടുങ്കാറ്റുകളുയർത്തുകയും അഭൗമവും ചരിത്രവിരുദ്ധവും അശാസ്ത്രീയവും മോഹിപ്പിക്കുന്നതുമായ ഉട്ടോപ്യൻ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി ജീവൻ നൽകുകപോലും ചെയ്തിട്ടുണ്ട്. പക്ഷേ, അവർ നേടിയത് അല്പമാത്രമോ ശൂന്യമോ ആണ്. അവർക്കു സമൂഹത്തിന്റെയും മനുഷ്യരുടെയും സ്ഥിതിമാറ്റാൻ കഴിഞ്ഞില്ല കാരണം, സാമൂഹിക വികാസത്തിന്റെയും പരിവർത്തനത്തിന്റെയും നിയമങ്ങൾ മനസ്സിലാക്കാന്‍ അവർക്കു കഴിഞ്ഞില്ല. ഈ പ്രശ്നങ്ങളുടെ മേൽ ആദ്യമായി പ്രകാശം ചൊരിഞ്ഞത് മാർക്സിയൻ ശാസ്ത്രമാണ്.
സാമൂഹികമാറ്റത്തിന്റെയും പുരോഗതിയുടെയും നിയമങ്ങളും പ്രക്രിയകളും ഗതിയും-ഉദാഹരണത്തിന് കൂലിത്തൊഴിലാളികൾ സമൂഹത്തിൽ എങ്ങനെ എന്തുകൊണ്ട് ഉടലെടുത്തു എന്നും മുതലാളിത്തം ഉദയം ചെയ്തതിന്റെയും അതിന്റെ അപചയത്തിന്റെയും പ്രക്രിയയെന്ത് തുടങ്ങിയ പ്രശ്നങ്ങൾ -ഒരാൾക്കു മനസ്സിലാകുന്നില്ലെങ്കിൽ സാമൂഹികവ്യവസ്ഥയുടെ, സാധാരണ കാഴ്ച്ചയിൽ പോലും ദൃശ്യമാകുന്ന ചില അംശങ്ങളുടെ ദോഷവശങ്ങൾ മുറിവൈദ്യത്തിലൂടെ പരിഹരിക്കാനാണു ശ്രമിക്കുന്നതെങ്കിൽ രോഗം ഭേദമാകുകയില്ല എന്നു മാത്രമല്ല രോഗി മരിക്കുകയും ചെയ്യും. ഈ രോഗത്തിന്റെ കാരണം കണ്ടെത്തുക എന്നതാണ് ചികിത്സയുടെ ശാസ്ത്രീയരീതി. അതുകൊണ്ടു നമുക്ക് സാമൂഹിക പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുവായ ധാരണയ്ക്കപ്പുറം പ്രവർത്തിക്കുന്ന, സാമൂഹിക മാറ്റത്തിന്റെ മൂർത്തമായ നിയമങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു നിശ്ചിത സാമൂഹിക പരിവർത്തനത്തെയും അതിന്റെ സമ്പദ് വ്യവസ്ഥയെയും രാഷ്ട്രീയത്തെയും ഭരണസംവിധാനത്തെയും അതോടൊപ്പം ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രമാണങ്ങളെയും നിയന്ത്രിച്ചുകൊണ്ട് അതിൽ നിലകൊള്ളുന്ന നിയമങ്ങളെ മനസ്സിലാക്കാൻ മനുഷ്യവംശത്തെ സഹായിക്കുന്നതു മാർക്സിയൻ ശാസ്ത്രമാണ്.
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ഈ ശാസ്ത്രം ശരിയായി മനസ്സിലാക്കുന്നതോടെ അവർ സത്യം മനസ്സിലാക്കുകയും സമൂഹത്തെ മാറ്റി മറിക്കാനുള്ള വിജ്ഞാനത്തിന്റെ കരുത്തു നേടുകയും ചെയ്യും. പീരങ്കികളും വെടിയുണ്ടകളും കൊണ്ട് അപ്പോഴവരുടെ സമരത്തെ അടിച്ചമർത്താൻ കഴിയാതെ വരികയും ചെയ്യും. അതുകൊണ്ടാണ്, തൊഴിലാളിവർഗത്തിന്റെ വിപ്ലവസമരങ്ങൾക്കെതിരെ മുതലാളിത്ത – സാമ്രാജ്യത്വം എന്തൊക്കെ സൈനികശക്തി ഉപയോഗിച്ചാലും അവരുടെ ആക്രമണത്തിന്റെ കുന്തമുന എപ്പോഴും മാർക്സിസം ലെനിനിസത്തിനു നേരേയായിരിക്കുന്നത്. മാർക്സിസം ലെനിനിസത്തെ വളച്ചൊടിക്കുകയും അതിന്റെ ഗതി തിരിച്ചുവിടുകയും അതിന്റെ അന്തഃസത്ത കുഴിച്ചുമൂടിക്കൊണ്ട് യഥാർത്ഥ മാർക്സിയൻ ശാസ്ത്രത്തെയും അതിന്റെ ആശയങ്ങളെയും കുഴിച്ചുമൂടുന്ന തരത്തിൽ മാർക്സിസം-ലെനിനിസത്തിന്റെ പേരിൽ മറ്റു പലതും പ്രചരിപ്പിക്കു കയും ചെയ്യുകയാണ് ബൂർഷ്വാ ആക്രമണത്തിന്റെ അടവുനയം. കാരണം, മാർക്സിസം – ലെനിനിസത്തിന്റെ സ്വാധീനം ഉയർന്നുയർന്നുവരികയാണെന്നവർ മനസ്സിലാക്കുന്നു. ഇതനിവാര്യമാണ് എന്തെന്നാൽ, മോചനത്തിനായുള്ള ജനങ്ങളുടെ അടക്കാനാവാത്ത ആഗ്രഹവും ആഭിമുഖ്യവും അവരെ മാർക്സിസം-ലെനിനിസത്തിലേക്കടുപ്പിക്കുന്നു.
സാമ്രാജ്യത്ത ലോകക്രമത്തിലെ ഓരോ രാജ്യത്തെയും വിപ്ലവപ്രക്രിയ മനസ്സിലാക്കുന്നതിനും രാജ്യങ്ങൾ തമ്മിൽ സ്ഥലത്തിലും കാലത്തിലുമുളള മൂർത്തമായ വ്യത്യാസങ്ങളെക്കുറിച്ച് ബോധ്യം നൽകുന്നതിനും സഹായിക്കുന്ന ഒരു വിശകലനരീതിയും സമഗ്രമായ വീക്ഷണവുമാണ് ലെനിനിസം എന്നതു നിങ്ങൾ മനസ്സിലാക്കണം. ഈ യുഗത്തിൽ എല്ലാ രാജ്യങ്ങളിലെയും വിപ്ലവത്തിന്റെ അടിസ്ഥാനതന്ത്രമെന്ത്എന്നതു വിശദീകരിക്കുന്നതു ലെനിനിസമാണ്. അതുകൊണ്ടാണ് ലെനിനിസമെന്നത് സാമ്രാജ്യത്വത്തിന്റെയും തൊഴിലാളി വർഗവിപ്ലവത്തിന്റേതുമായ ഈ യുഗത്തിലെ മാർക്സിസമാണ് എന്നു പറയുന്നത്. സാമ്രാജ്യത്വത്തിനു ജന്മം നൽകിക്കൊണ്ട് മുതലാളിത്തം അതിന്റെ വളർച്ചയുടെ പാരമ്യത്തിലെത്തി ജീർണിക്കുകയും മരണാസന്നമാകുകയും ഓരോ രാജ്യത്തും സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും തകർക്കുകയും ചെയ്യുന്ന ഈ യുഗത്തിൽ മുതലാളിത്ത, കൊളോണിയൽ, അർദ്ധ കൊളോണിയൽ രാജ്യങ്ങളിലെ വിപ്ലവത്തിന്റെ മൂർത്തമായ പ്രകിയ മനസ്സിലാക്കാനും സാമൂഹിക പരിവർത്തനത്തിനുവേണ്ടി പ്രവർത്തിക്കാ നുമുള്ള അടിസ്ഥാന പ്രമാണങ്ങൾ ഉയർത്തിപ്പിടിക്കുന്നത് ലെനിനിസമാണ്.
(മാർക്സിസത്തിന്റെ ശാസ്ത്രമെന്നത് ശാസ്ത്രീയ വൈരുദ്ധ്യാത്മകരീതി പദ്ധതിയാണ്, ശിബ്ദാസ് ഘോഷ് സമാഹൃതകൃതികൾ വോള്യം 4)