ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി

Sri-Lanka.jpg
Share

ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യം പ്രക്ഷുബ്ധമാണ്. ഭീമമായ വിലക്കയറ്റവും പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും തൊഴിലില്ലായ്മയും ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഭരണകർത്താക്കളോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വലിയപ്രക്ഷോഭങ്ങളായി മാറിക്കഴിഞ്ഞു. ശ്രീലങ്കൻ ജനത ജീവിക്കാൻ നിവൃത്തിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യുന്ന വാർത്തയും വന്നുകൊണ്ടിരിക്കുന്നു.

2.2 കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു ദ്വീപ് രാജ്യമാണ് ശ്രീലങ്ക. ഇന്നത്തെ പ്രധാനമന്ത്രി മഹീന്ദ്രരാജപക്സയും പ്രസിഡന്റ് ഗോതബയ രാജപക്സയും അവരുടെ മുൻഗാമികളും ശ്രീലങ്കയിലെ മുതലാളിമാരുടെ താൽപ്പര്യങ്ങൾക്കുവേണ്ടി കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെ തിരിച്ചടിയാണ് ഇന്ന് ശ്രീലങ്കൻജനത ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. രാജ്യം കടക്കെണിയിലാണ്. ലോകത്തെമ്പാടുമുള്ള മൂന്നാം ലോകരാജ്യങ്ങളെല്ലാം ഇന്ന് സാമ്രാജ്യത്വശക്തികളുടെ നീരാളിപ്പിടുത്തത്തിലാണ്. അവർ അടിച്ചേൽപ്പിക്കുന്ന ആഗോളവൽക്കരണ സാമ്പത്തികനയങ്ങൾ ചെറുരാജ്യങ്ങളെയെല്ലാം വഴിമുട്ടിക്കുന്നു. ശ്രീലങ്കയും അത്തരമൊരു പ്രതിസന്ധിയിൽ എത്തിച്ചേർന്നിരിക്കുകയാണ്.


ശ്രീലങ്കയിലെ ഇന്നത്തെ അവസ്ഥ


മുപ്പതുവർഷക്കാലം ശ്രീലങ്കയിൽനടന്ന കൊടിയ ആഭ്യന്തരയുദ്ധത്തിൽപോലും അനുഭവിക്കാത്ത ദുരിതമാണ് ഇന്ന് ശ്രീലങ്കയിൽ. വിലക്കയറ്റമാണ് പ്രധാനകാരണം. തൊഴിൽ അവസരങ്ങൾ തീരെയില്ലെന്നു പറയാം. വിദേശനാണ്യശേഖരം തീർന്നിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങൾ വാങ്ങാൻ നിർവ്വാഹമില്ല. ഇന്ധനമില്ലാത്തതിനാൽ 16 മണിക്കൂറാണ് പവർകട്ട്. വാഹനങ്ങൾക്ക് ഇന്ധനം റേഷൻവ്യവസ്ഥയിൽ മാത്രമാണ്. ഇന്ധനത്തിനായി മത്സ്യത്തൊഴിലാളികളും സാധാരണജനങ്ങളും അന്തമില്ലാത്ത ക്യൂവിലാണ്. ഇറക്കുമതി ചെയ്യുന്ന പാലാണ് ശ്രീലങ്കയ്ക്ക് ആശ്രയം. പാൽപൊടിപോലും ലഭ്യമല്ല. പാലൊഴിച്ച ഒരു കപ്പ് ചായയ്ക്ക് 300 രൂപ നൽകണം. അരിക്കും ഗോതമ്പിനും കിലോയ്ക്ക് ശരാശരി 200 രൂപയാണ്. പഞ്ചസാര കിലോയ്ക്ക് 240 രൂപയാണ്. വെളിച്ചെണ്ണ ലിറ്ററിന് 850 രൂപയായി. പാൽപൊടി കിലോയ്ക്ക് 1900രൂപ. ഇങ്ങനെയാണ് നിത്യോപയോഗസാധനങ്ങളുടെ വില. പഴത്തിന്റെയും പച്ചക്കറിയുടെയും വില സാധാരണക്കാർക്ക് അപ്രാപ്യമായിരിക്കുന്നു. ചുറ്റും കടലുള്ള ശ്രീലങ്കയിൽ ഒരു കിലോ മത്സ്യത്തിന് ആയിരത്തിലേറെ ശ്രീലങ്കൻ രൂപ കൊടുക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ഇന്ത്യയെയും ചൈനയെയും പശ്ചാത്യരാജ്യങ്ങളെയും ആശ്രയിക്കാതെ നിത്യോപയോഗ സാധനങ്ങളും ഇന്ധനവും ശ്രീലങ്കൻ മാർക്കറ്റിൽ എത്തില്ല. ഈ അവസ്ഥ സൃഷ്ടിച്ചത് സ്വാതന്ത്ര്യാനന്തര ശ്രീലങ്കയിലെ ഭരണകർത്താക്കളുടെ മുതലാളിത്ത പ്രീണനനയങ്ങളാണ്.


പ്രതിസന്ധിയുടെ കാരണമെന്താണ്?


ഭരണതലത്തിലെ അഴിമതിയും സാമ്രാജ്യത്വരാജ്യങ്ങളിൽനിന്നും സാമ്പത്തിക ഏജൻസികളിൽനിന്നും ഉപാധികളോടെയുള്ള രാജ്യത്തിന്റെ കടമെടുപ്പുമാണ് ശ്രീലങ്കന്‍ ജനതയെ തകർത്തത്. ശ്രീലങ്കയുടെ പൊതുകടവും ജിഡിപിയും തമ്മിലുള്ള അനുപാതം 100 ശതമാനത്തിനുമുകളിലാണ്. അതായത്, രാഷ്ട്രത്തിന്റെ മൊത്തം ദേശീയ ഉൽപ്പാദനത്തിലധികം തുക ഓരോ മാസവും കടംതിരിച്ചടവിനായി വേണ്ടിവരുന്ന അവസ്ഥയിൽ രാജ്യം എത്തിച്ചേർന്നിരിക്കുന്നു. 2025നുള്ളിൽ 25ബില്യൺ ഡോളർ തിരിച്ചടയ്‌ക്കേണ്ടതായി വന്നിരിക്കുന്നു. അതിൽ 7ബില്യൺ 2022ൽത്തന്നെ തിരിച്ചടയ്ക്കണം. അതിനുള്ള വിദേശ ഡോളർ നിക്ഷേപം ശ്രീലങ്കയ്ക്കില്ല. ഇന്ന് അവർക്കുള്ള വിദേശ നാണ്യം 1.65 ബില്യൺ ഡോളർ മാത്രമാണ്.
ഇങ്ങനെയുള്ള സാമ്പത്തികാലാവസ്ഥ സംജാതമായതെങ്ങനെയാണ്. ശ്രീലങ്ക ഒരു ദരിദ്രരാഷ്ട്രമല്ലായിരുന്നു. പ്രതിശീർഷ വരുമാന നിരക്കിൽ ശ്രീലങ്കയുടെ പദവി ഇന്ത്യയെക്കാളും മികച്ചതായിരുന്നു. ഇന്ത്യയുടെ ഇരട്ടിയോളമായിരുന്നു ശ്രീലങ്കയുടെ പ്രതിശീർഷ വരുമാനം. ഹ്യൂമൻ ഡെവലപ്പ്‌മെന്റ് ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം 31ആയിരിക്കുമ്പോൾ ശ്രീലങ്കയുടേത് 78 ആയിരുന്നു. പണ്ടുമുതലേ കടമെടുത്ത് വികസനം നടത്തിവന്ന ശ്രീലങ്കൻ ഭരണാധികാരികളാണ് ശ്രീലങ്കയെ ഈ അവസ്ഥയിൽ എത്തിച്ചത്. സാമ്രാജ്യത്വശക്തികളുടെ കടുംപിടുത്തവും നയത്തിലുണ്ടായ വ്യത്യാസവുമാണ് ഇന്നത്തെ പ്രതിസന്ധി സൃഷ്ടിച്ചത്.


ദരിദ്രരാഷ്ട്രം എന്ന പട്ടികയിൽ ആയിരുന്നു ശ്രീലങ്ക ഉണ്ടായിരുന്നത്. അങ്ങനെയായിരിക്കുമ്പോൾ ധാരാളം സോഫ്റ്റ് ലോണുകൾ (Soft loans) ശ്രീലങ്കയ്ക്ക് സാമ്രാജ്യത്വ ശക്തികളും ഏജൻസികളും നൽകിയിരുന്നു. അതായത് പലിശ കുറവുള്ള, ദീർഘനാളുകൾകൊണ്ട് തിരിച്ചടയ്‌ക്കേണ്ട കടങ്ങൾ. പൊതുവേ ഇത്തരം തിരിച്ചടവ് പല രാജ്യങ്ങൾക്കും ആശ്വാസകരമായി തോന്നാം. ശ്രീലങ്ക ഈ പണം വാങ്ങി തോന്നുംപടി ചെലവാക്കിക്കൊണ്ട് ദുർവിനിയോഗം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിലും ടൂറിസം വികസനത്തിനും സൈനികവൽക്കരണത്തിനുമാണ് ഈ തുക പ്രധാനമായും വിനിയോഗിച്ചത്. ശ്രീലങ്കയിലെ മുതലാളിമാരും തടിച്ചു കൊഴുത്തു.
അതേസമയം സാധാരണ ജനങ്ങളുടെ കാർഷിക-കൈത്തൊഴിൽ-ചെറുകിട വ്യവസായങ്ങൾക്ക് നിലനിൽപ്പില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് കടൽ അന്യമായി. വലിയ യന്ത്രവൽകൃത യാനങ്ങൾ മത്സ്യബന്ധനം പിടിച്ചെടുത്തു. കടമെടുത്ത പണം തീരുമ്പോൾ വീണ്ടും അടുത്ത കടത്തിലേയ്ക്ക് ഭരണാധികാരികൾ നീങ്ങി. 1990ൽ ശ്രീലങ്കയെ മിഡിൽ ഇൻകം രാജ്യത്തിന്റെ പട്ടികയിലേയ്ക്ക് സാമ്രാജ്യത്വശക്തികൾ മാറ്റി. അതുകൊണ്ടുതന്നെ സോഫ്റ്റ് ലോണുകൾവഴി കിട്ടിയ സൗകര്യങ്ങൾ ഇല്ലാതാവുകയും ചെയ്തു. പിന്നീട് ലഭിക്കുന്നത് ഇന്റർനാഷണൽ സോവറിൻ ലോണാണ്. (Inter natioal Soverign Loan) ഈ പദവിയിലെത്തിയാൽപിന്നെ കടത്തിന്റെ വ്യവസ്ഥകൾ കൂടുതൽ കർക്കശമാവും. തിരിച്ചടവ് കാലാവധി കുറയും, പലിശ വീണ്ടും കൂടും. രാജ്യത്ത് കൂടുതൽ ജനവിരുദ്ധമായ നടപടികളെടുക്കാൻ നിർബ്ബന്ധിതമാക്കപ്പെടും. പലിശപോലും അടയ്ക്കാൻ പുതിയ കടം എടുക്കുക എന്ന അവസ്ഥയിലാണ് ഒരു രാജ്യം എത്തിച്ചേരുന്നത്. ഇതാണ് കടക്കെണി. പിന്നീട് കടം നൽകുന്ന ഏജൻസികളുടെ നിബന്ധനകൾ ഓരോന്നായി രാജ്യത്ത് അടിച്ചേൽപ്പിക്കപ്പെടും. ഭരണവ്യവസ്ഥയാകെ നിയന്ത്രിക്കുന്നത് കടത്തോടൊപ്പം അടിച്ചേൽപ്പിക്കുന്ന വ്യവസ്ഥകൾ പ്രകാരമായിരിക്കും. സാമ്രാജ്യത്വ ഏജൻസികളിൽനിന്നും കടമെടുക്കുന്ന രാജ്യങ്ങൾ എല്ലാം ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിൽ ചെന്നുപതിക്കും. ശ്രീലങ്കയും ആ അവസ്ഥയിലാണ്.

ശ്രീലങ്കൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ചില മുതലാളിത്ത കുടുംബങ്ങളാണ്. ഭരണത്തിലുള്ള രാജപക്‌സേ കുടുംബം ആഗോളവൽക്കരണ നടപടികൾ കണ്ണിൽ ചോരയില്ലാതെ നടപ്പിലാക്കുകയാണ്. ഭരണതലത്തിൽ അഴിമതി കൊടികുത്തിവാഴുകയാണ്. സമ്പദ്‌മേഖലയിൽ ടൂറിസത്തിനാണ് മുൻതൂക്കം. ടൂറിസം നിലച്ചാൽ സാമ്പത്തികനില താറുമാറാകും. കോവിഡ് ഈ രംഗത്ത് തിരിച്ചടിയായി. കാര്യമായ വ്യവസായമില്ലാതെയായതും വിനയായി. ഇറക്കുമതിക്കായി വലിയതോതിൽ വിദേശ നാണയ ശേഖരം ചോർന്നു.
മെച്ചപ്പെട്ടരീതിയില്‍ പരമ്പരാഗത കൃഷി നടന്നിരുന്ന ശ്രീലങ്കയിൽ ജൈവകൃഷി മാത്രമേ നടത്താവൂ എന്ന നയം ഭരണാധികാരികൾ അടിച്ചേൽപ്പിച്ചു. വിളവുകൾ പകുതിയായി. മുന്നറിയിപ്പില്ലാതെ രാസവള ഇറക്കുമതി നിരോധിച്ചു. ജൈവ കമ്പോസ്റ്റ് വളം സർക്കാർ നൽകുമെന്നു വാഗ്ദാനംചെയ്തു. പക്ഷേ നിറവേറ്റിയില്ല. തേയില, കറുവപ്പട്ട തുടങ്ങി വിദേശനാണ്യം നേടിക്കൊടുത്തിരുന്ന കൃഷികൾക്കുണ്ടായ നാശംകയറ്റുമതിയെ സാരമായി ബാധിച്ചു.
ശ്രീലങ്കൻ റുപ്പിയുടെ മൂല്യം കൂപ്പുകുത്തി. പരിഹാരമായി കണക്കിലധികം നോട്ടുകൾ അച്ചടിച്ചു. അത് പണപ്പെരുപ്പത്തിനും വിലവർദ്ധനവിനും വീണ്ടും കാരണമായി. സന്ദർഭം മുതലെടുത്ത് ലാഭമടിക്കാൻ ശ്രീലങ്കൻ മുതലാളിമാരും കുൽസിത ശ്രമങ്ങൾ നടത്തി. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് ഇവ താങ്ങാനാവാത്ത തരത്തിലായി. കമ്പോളത്തിന്റെ നിയന്ത്രണം പട്ടാളമേധാവികൾ ഏറ്റെടുക്കുന്ന ഘട്ടംവരെ എത്തിനിൽക്കുന്നു. രാജ പക്സേയുടെ മുതലാളിത്ത സർക്കാർ രാജിവച്ചു പുറത്തുപോകാനാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. പട്ടാളത്തെ കയറൂരിവിട്ട് ജനസമരത്തെ അടിച്ചമർത്താനാണ് ശ്രീലങ്കൻ ഭരണാധികാരികൾ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ തൊഴിലാളി-കർഷക ഐക്യം കെട്ടിപ്പടുക്കുകയും ജനങ്ങളെയാകെ നിക്ഷിപ്ത-സങ്കുചിത താത്പര്യങ്ങൾക്കതീതമായി പൊതു സമരവേദിയിൽ അണിനിരത്തുകയും ചെയ്യുക എന്നതാണ് ഇന്നത്തെ അടിയന്തിരാവശ്യകത.


വംശിയ-ഭാഷാവെറി വളർത്തി ജനൈക്യം തകർക്കുന്നത് ശ്രീലങ്കയിലെ ചൂഷക മുതലാളി വർഗ്ഗത്തിന്റെ കുതന്ത്രമാണ്. ഈ സാഹചര്യം ഉടച്ചു വാർക്കാൻ കരുത്തുള്ള പ്രക്ഷോഭത്തിനു മാത്രമേ യഥാർത്ഥ ജനൈക്യം ഉറപ്പാക്കാനാകൂ. പാർലമെന്റിൽ അധികാരത്തിൽ വന്നവരെല്ലാം സമ്പന്നരുടെ താത്പര്യമാണ് സംരക്ഷിച്ചിട്ടുള്ളതെന്ന യാഥാർത്ഥ്യം ശ്രീലങ്കയിലെ സാമാന്യ ജനങ്ങൾ മനസ്സിലാക്കണം. കേവല ഭരണമാറ്റം ഒന്നിനും പരിഹാരമാവില്ല. നിലവിലുള്ള മുതലാളിത്ത ചൂഷണവ്യവസ്ഥക്കു പകുരമായി സോഷ്യലിസം സ്ഥാപിച്ചെടുക്കുക മാത്രമാണ് ശ്രീലങ്കൻ ജനതയുടെ കർത്തവ്യം.ശ്രീലങ്കയെ വരിഞ്ഞുമുറുക്കുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള സാമ്രാജ്യത്വശക്തികളുടെ സ്വാധീനത്തിൽനിന്നും മോചിതമാകുവാനുള്ള പോരാട്ടവും അതിലൂടെ മാത്രമേ സാദ്ധ്യമാവൂ.

Share this post

scroll to top