ലോക്ഡൗണിന്റെ മറവില്‍ ഭരണകൂടം നടത്തുന്നത് നിന്ദ്യമായ മനുഷ്യവേട്ട

Safoora-zargar.jpg
Share

രാജ്യതലസ്ഥാനത്ത് മഹാമാരിയെന്നത് മറ മാത്രം. മനുഷ്യരുടെ നിഴലുകൾക്ക് പോലും അവിടെ രക്ഷയില്ല. പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരെ സമരം ചെയ്തവരെ തേടിപിടിച്ച് വേട്ടയാടുകയാണ് ഡൽഹിയിലെ കേന്ദ്രപോലീസ് സേന. ജാമിയ, അലിഗഢ് സർവ്വകലാശാലകളിലെ വിദ്യാർത്ഥിനേതാക്കളെ പ്രത്യേകിച്ചും ആസൂത്രിതമായി ലക്ഷ്യമിട്ടുനീങ്ങുന്ന പോലീസ്, അവർക്കുമേൽ കള്ളക്കേസ്സുകൾ ചാർത്തി ജയിലിടക്കുന്നത് തുടരുന്നു.


അതിഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് ന്യൂഡൽഹിയിലും ഇതരസംസ്ഥാനങ്ങളിലും കേന്ദ്രസേനയും സംഘപരിവാറും പകൽ വെളിച്ചത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമായി കൊറോണ മഹാമാരിയിൽ നിശ്ചലമായി കിടക്കുന്ന രാജ്യാന്തരീക്ഷത്തെ കാണുന്നുവെന്നതാണ് ഏറെ ഭയാനകം.
ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയും മൂന്നുമാസം ഗർഭിണിയുമായ സഫൂറ സർഗാർ എന്ന പെൺകുട്ടിയെ ഒരു മാസക്കാലമായി യുഎപിഎ ചുമത്തി തിഹാർ ജയിലിൽ അടച്ചിരിക്കുകയാണ് അമിത്ഷായുടെ പോലീസ്. എന്താണ് അവർ ചെയ്ത തെറ്റ് എന്ന് വിശദീകരിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വധശ്രമം, കലാപശ്രമം, രാജ്യദ്രോഹം, വിദ്വേഷപ്രചാരണം, ആയുധം കൈവശം വെയ്ക്കൽ തുടങ്ങിയ വകുപ്പുകൾ അവരുടെ പേരിൽ എഴുതിയുണ്ടാക്കിയാണ് ഗർഭിണിയായ സഫൂറയെ ജയിലിടച്ച് പീഡിപ്പിക്കുന്നത്. മനുഷ്യനെ വിഭജിക്കുന്ന പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ ജാമിയയിലെ ഇതര വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തുവെന്നതിന്റെ പേരിലാണ് ഈ പ്രതികാര വേട്ട. എല്ലാ നീതിന്യായ മര്യാദകളും ലംഘിച്ചുകൊണ്ട് കേന്ദ്രഭരണകൂടം അഴിഞ്ഞാടുകയാണ്. ജാമിയയിലെ തന്നെ മറ്റൊരു വിദ്യാർത്ഥിനേതാവായ മീരാൻ ഹൈദറെയും യുഎപിഎ ചുമത്തി ദിവസങ്ങളായി ജയിലിടച്ചിരിക്കുകയാണ് ഭരണകൂടം.
ജാമിയയിലെ വിദ്യാർത്ഥികളെ ഹോസ്റ്റൽ മുറികളിൽ കയറി ഭീകരമായി ആക്രമിച്ചവർക്കെതിരെ എഫ്‌ഐആർ പോലും തയ്യാറാക്കാത്ത പോലീസാണ് ഇരകളായ വിദ്യാർത്ഥിനേതാക്കളെ അവരുടെ മുസ്ലീം നാമത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹ കുറ്റം ചാർത്തി ജയിലിൽ അടച്ചിരിക്കുന്നത്. അതേസമയം വർഗ്ഗീയകലാപത്തിന് പര്യമായി ആഹ്വാനം ചെയ്ത കപിൽ മിശ്ര, പർവേഷ് ശർമ, അനുരാഗ് ഠാക്കൂർ തുടങ്ങിയ സംഘപരിവാറിന്റെ വിഷം ചീറ്റുന്ന നേതാക്കൾക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനം ഉണ്ടായിട്ടുപോലും കേസ്സെടുക്കാൻ തുനിയാത്ത അമിത്ഷായുടെ പോലീസിന് കാശ്മീരിലെ മാധ്യമപ്രവർത്തകരായ മസ്‌റത്ത് സഹ്‌റയ്ക്കും ആഷിക്കിനും ഗൗഹാർ ഗീലാനിയ്ക്കുമെതിരെ കരിനിയമം ചുമത്തി കേസ്സെടുക്കാൻ ഒരു മന:സാക്ഷിക്കുത്തുമുണ്ടായില്ല.
അതിലേറെ, ഞെട്ടിച്ച സംഭവമാണ് ഡൽഹിയിലെ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്ലാം ഖാനെതിരായി ഡൽഹി പോലീസ് കേസ്സെടുത്തത്. എത്ര ഉയർന്ന പദവിയിലാണെങ്കിലും വംശീയ വിദ്വേഷത്തിന്റെ ഇരകളാകും എന്ന വ്യക്തമായ സന്ദേശമാണ് വംശവെറിയൻ കേന്ദ്ര സർക്കാർ ഇതിലൂടെ നൽകുന്നത്. ഇതുപോലെ, പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽഖാൻ ജാമ്യം ലഭിച്ചതിന് ശേഷവും മാസങ്ങളായി ജയിലിൽ തുടരേണ്ടിവരുന്നുവെന്ന ത് ഈ രാജ്യത്തിന്റെ നിയമവാഴ്ചയ്ക്ക് തന്നെ കളങ്കം ചാർത്തുന്ന സംഭവമാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ അലിഗഢ് യൂണിവേഴ്‌സിറ്റി അങ്കണത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ യുപി പോലീസ് കേസ്സെടുത്തത്.
തീരാപ്പക തീർക്കാനാണ് യുപിയിലെ ആദിത്യനാഥ് സർക്കാർ കഫീൽഖാനെ ജയിലിടച്ചതെന്ന് ഫ്രണ്ട് ലൈൻ വാരികയിൽ ദിവ്യ ത്രിവേദി തുറന്നെഴുതുകയുണ്ടായിThe Targetting of Dr.Kafeel Khan, A case of Vendetta, March 23, Frontine). ഉത്തർപ്രദേശിലെ പോലീസിന്റെ എല്ലാ വാദങ്ങളും തള്ളിയ അലഹബാദ് ഹൈക്കോടതി ഫെബ്രുവരി 10-ാം തീയതി തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജയിലധികൃതർ മോചനം അകാരണമായി വൈകിപ്പിക്കുകയും ഒടുവിൽ അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാനിയമം ചാർത്തുകയും ചെയ്തു. ഇതിനിടയിൽ ജ്യൂഡിഷ്യൽ മജിസ്‌ട്രേറ്റ് കഫീൽഖാനെ എത്രയും വേഗം വിട്ടയ്ക്കാൻ ഒരു മെസഞ്ചർ വഴി ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. എത്ര നഗ്നമായ കോടതിയലക്ഷ്യമാണ് ജയിൽ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും കാട്ടിയത്. എല്ലാത്തിനും പുറകിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയം നീചമായി കളിക്കുന്നത് കാണാം. അവർ നിയമവാഴ്ചയെ കാറ്റിൽപ്പറത്തി താണ്ഡവമാടുന്നു. യുപി യിലെ ബിജെപി സർക്കാരിന്റെ അലംഭാവം കാരണം ഓക്‌സിജൻ കിട്ടാതെ ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ 70 കുട്ടികൾ പിടഞ്ഞുമരിച്ചതിന്റെ പേരിലാണ് ആദ്യം ഡോ.കഫീൽഖാനെ വേട്ടയാടിയത്. അതിപ്പോഴും ഭീകരമായി തുടരുന്നു.
ഇതുകൂടാതെ, ഷഹിൻബാഗ് സമരത്തിൽ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തുകയും അവർക്കെതിരെ കള്ളക്കേസ്സുകൾ ചമയ്ക്കുകയും മറ്റും ചെയ്തുകൊണ്ടിരിക്കുന്നു. കോവിഡ് 19 എന്ന മഹാമാരിയിൽ മനുഷ്യൻ മരണത്തിനും ജീവിതത്തിനുമിടയിൽ പോരടിക്കുമ്പോഴാണ് വെറുപ്പിന്റെയും വിദ്വേഷരാഷ്ട്രീയത്തിന്റെയും മനുഷ്യവിരുദ്ധതയുടെയും പ്രതീകമായി രാജ്യം ഭരിക്കുന്ന ആളുകൾ മാറിത്തീർന്നിരിക്കുന്നത്. ക്രിമിനലുകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണ് ഓരോ നീക്കവും അവർ നടത്തുന്നത്. തെരുവിൽ കൂടിയേറ്റ ത്തൊഴിലാളികൾ പട്ടിണികിടന്നു മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നമുക്ക് നേരിടേണ്ടിവരുന്നത്.
ജയിലിൽ കഴിയുന്ന സഫൂറയ്‌ക്കെതിരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ സംഘപരിവാർ സൈബർ പോരാളികൾ നടത്തികൊണ്ടിരിക്കുന്ന അശ്ലീല ക്യാമ്പയിൻ കാണുമ്പോൾ ഇന്ത്യക്കാർ മുഴുവൻ അപമാനഭാരത്താൽ ശിരസ്സുകുനിക്കേണ്ടിവരുന്ന അവസ്ഥയിലാണ്. മനുഷ്യനെക്കണ്ടാൽ തിരിച്ചറിനാകാത്ത ആളുകളായി മാറിക്കഴിഞ്ഞ സംഘപരിവാർ നേതാക്കൾ അവരുടെ അണികളിൽ വർഗ്ഗീയവിഷം കുത്തിവെയ്ക്കുന്നതാണ് ലോക്ഡൗൺ കാലത്തും ഇന്ത്യ നേരിടുന്ന വെല്ലുവിളി. കൊറോണ വൈറസിനെ നമുക്ക് അതിജീവിക്കാം. എന്നാൽ, സംഘപരിവാർ വിഷം ചീറ്റുന്ന വൈറസിന്റെ കാര്യത്തിൽ ഇന്ത്യയിലെ മുഴുവൻ മനുഷ്യരും ജാഗ്രതയോടെ തെരുവിൽ വൈകാതെ പ്രക്ഷോഭരംഗത്തേയ്ക്ക് വരണമെന്ന കാര്യത്തിൽ തർക്കമില്ല. സർവ്വകലാശാലകളിൽ ഉൾപ്പെടെ രാജ്യമെമ്പാടും തിളച്ചുയരുന്ന പുതിയ പ്രക്ഷോഭങ്ങൾ സൃഷ്ടിച്ചുകൊണ്ടല്ലാതെ നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാനാവില്ല; നിയമവാഴ്ചയെപ്പോലും രക്ഷിക്കാനുമാവില്ല.

Share this post

scroll to top