ഇന്ത്യന്‍ ട്രെയിന്‍ ഇന്ത്യയുടെ തന്നെ പരിച്ഛേദമാണ്. ക്ലാസ് വിഭജനത്തിന്റെയും അസമത്വത്തിന്റെയും ദുര്‍ഗന്ധംപേറുന്ന തീവണ്ടി. ഒരുവശത്ത്, കാലൂന്നാന്‍ ഇടമില്ലാതെ, ബോധം പോയാല്‍പോലും മറിഞ്ഞു വീഴാനിടമില്ലാതെ നരകയാത്ര ചെയ്യുന്ന കുടിയേറ്റ ത്തൊഴിലാളികള്‍,പാവങ്ങള്‍, സാധാരണക്കാര്‍. ദശാബ്ദങ്ങളുടെ പഴക്കമുള്ള, പൊട്ടിപ്പൊളിഞ്ഞതും നനഞ്ഞൊലിക്കുന്നതുമായ ബോഗികള്‍. വൃത്തിഹീനവും ദുര്‍ഗന്ധം പരത്തുന്നതുമായ കക്കൂസുകള്‍. മറുവശത്ത്, മിക്കവാറും സൗജന്യമായി യാത്രചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, അതിസമ്പന്നര്‍. അവര്‍ക്ക് സുഖസമൃദ്ധമായ യാത്ര. കന്നുകാലി ക്ലാസ് മുതല്‍ ഫസ്റ്റ് ക്ലാസ് വരെ ഒരു ട്രെയിനില്‍ തന്നെ ഇടം പിടിക്കുന്നതായിരുന്നു ഇതുവരെയുള്ള സമ്പ്രദായമെങ്കില്‍ ദരിദ്രവാസികളുടെ സമ്പര്‍ക്കമില്ലാതെ സമ്പന്നര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. അതിലൊന്നാണ് വന്ദേ ഭാരത്. അവര്‍ണ്ണനീയമായ യാത്രാദുരിതങ്ങള്‍ നേരിട്ട്, ട്രെയിനിന്റെ മലിനമായ തറയില്‍ കിടന്നുറങ്ങി 48 മണിക്കൂര്‍ യാത്രചെയ്യുന്ന പതിനായിരക്കണക്കിന് കുടിയേറ്റ ത്തൊഴിലാളികള്‍ക്കായി ഹൗറയിലേക്ക് ഒരു റെഗുലര്‍ സര്‍വ്വീസ് ഓടിക്കാന്‍ ഈ നിമിഷംവരെയും തയ്യാറാകാത്ത ഭരണാധികാരികളാണ് വന്ദേഭാരതിന്റെ പേരില്‍ ഊറ്റംകൊള്ളുന്നത്. ദരിദ്രന്റെ സങ്കടങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തവര്‍, വന്ദേഭാരതിലൂടെ ധനികര്‍ക്ക് സ്വര്‍ഗ്ഗീയയാത്ര തരപ്പെടുത്തുന്നു. മോദി സര്‍ക്കാരിന്റെ വികസനസമീപനത്തിന്റെ നേര്‍സാക്ഷ്യം തന്നെ!
കോടിക്കണക്കിന് സാധാരണജനങ്ങളുടെ യാത്രാ ക്ലേശങ്ങള്‍ പരിഹരിക്കുക എന്നതിന് അടിയന്തര പരിഗണന നല്‍കേണ്ട ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു ലക്ഷ്യം റെയില്‍വേയുടെ വര്‍ത്തമാന പദ്ധതികള്‍ ക്കില്ല. അടിസ്ഥാനസൗകര്യമേഖലയിലെ വന്‍തോതിലുള്ള മുതല്‍മുടക്കി ലൂടെ സാമ്പത്തിക ഉത്തേജനം സാധ്യമാകുമെന്ന കോര്‍പ്പറേറ്റുകളുടെ പുതിയ കുറിപ്പടിപ്രകാരമുള്ള വികസനപദ്ധതികളാണ് റെയില്‍വേ ഇപ്പോള്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം.കോടികള്‍ ചെലവിടുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും വന്ദേ ഭാരത് എന്ന പേരിലുള്ള അതിവേഗ വണ്ടികളും 21 നഗരങ്ങളില്‍ പണിതുകൊണ്ടിരിക്കുന്ന മെട്രോ റെയിലുമെല്ലാം ഈ സമീപനത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. ഇടതു സര്‍ക്കാര്‍ തങ്ങളുടെ സ്വപ്നപദ്ധതി എന്ന പേരിട്ട് അവതരിപ്പിച്ച സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ പാതയും കൃത്യമായും ഈ ജനുസ്സില്‍പ്പെടുന്നതാണ്. മഹാഭൂരിപക്ഷം സാധാരണജനങ്ങള്‍ക്ക് ഒരു വിധത്തിലും ഈ പദ്ധതികള്‍ പ്രയോജനപ്പെടില്ല. കൂറ്റന്‍ മുതല്‍മുടക്കിലൂടെ സ്ഥാപിക്കപ്പെടുന്ന ഈ പദ്ധതികള്‍ ഉയര്‍ന്ന നിരക്ക് നല്‍കി യാത്രചെയ്യാന്‍ ശേഷിയുള്ള വളരെ ചെറിയ ഒരു വിഭാഗത്തിന്റെ സൗകര്യങ്ങള്‍ മാത്രമേ ഗണിക്കുന്നുള്ളൂ. വന്ദേ ഭാരത് അതിന്റെ കൃത്യമായ ഉദാഹരണമാണ്.
അതിഭീമായ ടിക്കറ്റ് നിരക്ക് ഒടുക്കി യാത്രചെയ്യാന്‍ തയ്യാറുള്ളവരെമാത്രമേ വന്ദേ ഭാരതിലേയ്ക്ക് എണ്ണിയിട്ടുള്ളൂ. കാസര്‍ഗോഡ്- തിരുവനന്തപുരം ടിക്കറ്റ് നിരക്ക് വന്ദേ ഭാരത് ചെയര്‍ കാറിന് 1600 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2880 രൂപയുമാണ് ഈടാക്കുന്നത്. ഇതേ ദൂരത്തിന് സാധാരണ എക്‌സ്പ്രസ്സ് ട്രെയിനിന്റെ തേര്‍ഡ് എ.സി സ്ലീപ്പര്‍ ടിക്കറ്റിന് ഈടാക്കുന്ന 945 രൂപയേക്കാള്‍ 650 രൂപ കൂടുതലാണ് വന്ദേ ഭാരതിന്റെ നിരക്ക്. ഗരീബ് രഥില്‍ 585 രൂപ മാത്രമുള്ള സിറ്റിംഗ് എ.സി ടിക്കറ്റ് നിരക്കിനേക്കാള്‍ 1000 രൂപയാണ് വന്ദേ ഭാരത് ഈടാക്കുന്നത്! വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ ബോഗികള്‍ ഓടിത്തുടങ്ങുമ്പോള്‍ ടിക്കറ്റ് ചാര്‍ജ്ജ് സങ്കല്പിക്കുക കൂടി അസാധ്യം. വലിയ കൊട്ടിഘോഷങ്ങളോടെ വരുന്ന ഈ ട്രെയിന്‍ യഥാര്‍ത്ഥത്തില്‍ സാധാരണക്കാരന് അകലെ നിന്ന് കാണാന്‍ മാത്രമേ കഴിയൂ.
പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി, പാവപ്പെട്ടവരുടെ യാത്രസൗകര്യങ്ങള്‍ ഇല്ലാതാക്കി
കേരളത്തിലെ സാധാരണ മനുഷ്യരുടെ ആവശ്യം സൂപ്പര്‍ സ്പീഡ് ഫാഷന്‍ ട്രെയിനുകളല്ല. താങ്ങാനാവുന്ന ചെലവില്‍ മനുഷ്യോചിതമായ ഒരു യാത്രയാണ്. സുരക്ഷിതമായ, സമയനിഷ്ഠ പാലിക്കുന്ന, വൃത്തിയുള്ള ട്രെയിന്‍. ഇതെല്ലാം റെയില്‍വേ ഇപ്പോള്‍ നിഷേധിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ നിര്‍ദ്ധനരായ കോടിക്കണക്കിന് മനുഷ്യര്‍ ആശ്രയിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകളെല്ലാം ഒറ്റയടിക്ക് എക്‌സ്പ്രസ്സ് ട്രെയിനുകളാക്കിമാറ്റി ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ച വരുമാനത്തകര്‍ച്ചയെ നേരിടാനാകാതെ വലഞ്ഞ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സര്‍ക്കാര്‍, അവരെ കൊള്ളയടിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഏതാണ്ട് 1000 പേര്‍ യാത്രചെയ്യുന്ന ഒരു ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയതിന്റെ പേരില്‍ സൃഷ്ടിക്കുന്ന കാതടപ്പിക്കുന്ന കോലാഹലത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാതാക്കിയ മോദി സര്‍ക്കാരിന്റെ ജനദ്രോഹത്തെ മറച്ചു വയ്ക്കാനാണ് മാധ്യമങ്ങള്‍ അടക്കം ശ്രമിച്ചത്. യാത്രാമാര്‍ഗ്ഗം നഷ്ടപ്പെട്ട് പെരുവഴിയിലായ കൂലിപ്പണിക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും പാവപ്പെട്ടവരായ സ്ഥിരയാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കുംവേണ്ടിയുള്ള രോദനങ്ങള്‍ വന്ദേഭാരതിന്റെ പേരിലുള്ള സ്തുതിയില്‍ അമര്‍ന്നൊതുങ്ങി.
മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന ഇളവുകള്‍ രാജ്യം മുഴുവന്‍ പിന്‍വലിച്ചു
കോവിഡ് ദുരിതകാലത്താണ് മുതിര്‍ന്ന പൗരന്മാരുടെ ഉള്‍പ്പടെയുള്ള എല്ലാത്തരം യാത്രാആനുകൂല്യങ്ങളും മോദി സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ നിമിഷംവരെയും അതു പുനസ്ഥാപിച്ചിട്ടില്ല. മുതിര്‍ന്ന പൗരന്മാരുടെ ഇളവുകള്‍ നിഷേധിച്ചതുവഴി 2059 കോടി രൂപ യാണ് പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ധനകാര്യവര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ റിസര്‍വേഷന്‍ ഇല്ലാത്ത കമ്പാര്‍ട്ട്‌മെന്റുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ 197% വര്‍ദ്ധനവുണ്ടായി. മുന്‍വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതുവഴി ലാഭത്തില്‍ 500% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളിലാവട്ടെ, 24% യാത്രക്കാരുടെയും 65% വരുമാനത്തിന്റെയും വര്‍ദ്ധനവുണ്ടായി. റെയില്‍വേയുടെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം ലക്ഷ്യം വച്ച് നീങ്ങുമ്പോള്‍ അതിന്റെ ഒരു മുന്നൊരുക്കം എന്ന നിലയിലാണ് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
യാത്രക്കാരെ കൊള്ളയടിക്കുന്ന പ്രീമിയം തത്കാല്‍
സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകളെ തത്ക്കാല്‍ ടിക്കറ്റുകളാക്കി മാറ്റിയും അവയുടെ എണ്ണവും നിരക്കും വര്‍ദ്ധിപ്പിച്ചും കൊടുംകൊള്ളയാണ് നടത്തുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു നീതീകരണവുമില്ലാത്ത പ്രീമിയം തത്കാലില്‍ അവിശ്വസനീയമായ പിടിച്ചുപറിയാണ്. ഒരു ബോഗി പോലും അധികമായി അനുവദിക്കാതെ, നിലവിലുള്ള സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകളെ തത്കാല്‍ ടിക്കറ്റുകളാക്കി മാറ്റിയും അതിനെ വീണ്ടും പ്രീമിയം തത്കാല്‍ ആക്കി മാറ്റിയും മൂന്ന് ഇരട്ടി ചാര്‍ജ്ജാണ് റെയില്‍വേ ഈടാക്കുന്നത്. ഇതിനുപുറമെയാണ് ഡൈനാമിക് പ്രൈസിംഗ് എന്ന പേരിലുള്ള കുത്തിക്കവര്‍ച്ച. നോക്കിനില്‍ക്കെ ടിക്കറ്റിന്റെ വില അഞ്ചും പത്തും മടങ്ങായി വര്‍ദ്ധിക്കുന്ന ഏര്‍പ്പാടാണിത്. ടിക്കറ്റ് കാന്‍സലേഷന്റെ നിരക്കുകള്‍ രണ്ടും മൂന്നും മടങ്ങ് വര്‍ദ്ധിപ്പിച്ചതും കാന്‍സല്‍ ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ചതും മോദി സര്‍ക്കാരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ദക്ഷിണ റെയില്‍വേ ടിക്കറ്റ് കാന്‍സലേഷനിലൂടെ മാത്രം ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്തത് 10,986 കോടി രൂപയാണ്. സര്‍വ്വീസ് നല്‍കുന്ന ഇനത്തില്‍ വളരെ പരിമിതമായ നഷ്ടമല്ലാതെ യഥാര്‍ത്ഥത്തില്‍ ടിക്കറ്റ് കാന്‍സലേഷന്‍ വഴി റെയില്‍വേയ്ക്ക് ഒരു ചില്ലിത്തുട്ടിന്റെപോലും നഷ്ടമുണ്ടാകുന്നില്ല. നൂറുകണക്കിന് യാത്രക്കാര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടെന്നതിനാല്‍ ഒരു ബര്‍ത്തുപോലും റെയില്‍വേയ്ക്ക് ഒഴിഞ്ഞുകിടക്കുന്നുമില്ല. എന്നിട്ടും കാന്‍സലേഷന്റെ പേരില്‍ പകല്‍ക്കൊള്ളയാണ് റെയില്‍വേ നടത്തുന്നത്. ഇവയെല്ലാം മറച്ചുവച്ചുകൊണ്ട് വന്ദേ ഭാരതിന്റെ പേരില്‍ സ്തുതിഗീതങ്ങള്‍ പാടിയവര്‍ ഈ സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്.
പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നില്ല
കേരളത്തില്‍നിന്നും ഇതരസംസ്ഥാനങ്ങളിലേയ്ക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം യഥാര്‍ത്ഥ ആവശ്യകതയുടെ 40 ശതമാനം മാത്രമേയുള്ളുവെന്ന് പാസഞ്ചര്‍ അസോസിയേഷനുകള്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രാദിവസത്തെ വെയ്റ്റിംഗ് ലിസ്റ്റ് മാത്രം പരിശോധിച്ചാല്‍ ഈ ദുരവസ്ഥ ബോധ്യപ്പെടും. കേരളത്തില്‍ നിന്നുള്ള വീക്ക്‌ലി സര്‍വ്വീസുകളില്‍ മാസങ്ങള്‍ക്കുമുമ്പേ റിസര്‍വേഷന്‍ തീരുന്ന സാഹചര്യത്തില്‍ ഹൗറയിലേക്ക് ഏറ്റവും കുറഞ്ഞത് ഒരു റെഗുലര്‍ സര്‍വ്വീസെങ്കിലും ആരംഭിക്കണമെന്ന് കുടിയേറ്റ തൊഴിലാളികളും സാധാരണ യാത്രക്കാരും ആവശ്യമുയര്‍ത്താന്‍ തുടങ്ങിയിട്ട് രണ്ട് ദശാബ്ദങ്ങളായി. ഈ നിമിഷംവരെയും അതു നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കും സമീപനഗരങ്ങളിലേയ്ക്കും കഴിയുന്നത്ര റെഗുലര്‍ സര്‍വ്വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യത്തോടുള്ള പ്രതികരണമെന്ന നിലയില്‍ ആരംഭിച്ചത് രണ്ട് ആഴ്ചയില്‍ ഒരിക്കല്‍ ബാംഗ്ലൂരിലേക്ക് ഓടുന്ന ഒരു ഹംസഫര്‍ എക്‌സ്പ്രസ്സ് ആണ്! മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിദൂരപരിഗണനയില്‍ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് യാത്രക്ലേശം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിന് പുറത്തേയ്ക്കുള്ള യാത്രകള്‍ ഇപ്പോള്‍ പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്ര മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ദുരിതങ്ങളും പേറിയാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരില്‍നിന്ന് റെയില്‍വേ നേരിട്ട് കനത്ത ഫൈന്‍ ഈടാക്കി റിസര്‍വേഷന്‍ കോച്ചുകളില്‍ കുത്തിത്തിരുകുന്നു. കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വായു കിട്ടും എന്നതുകൊണ്ട് വാഗണ്‍ ട്രാജഡികള്‍ ഉണ്ടാവുന്നില്ല എന്നുമാത്രമേയുള്ളൂ. ഭക്ഷണവിതരണം സ്വകാര്യവല്‍ക്കരിക്കപ്പെട്ടതോടെ രംഗം കൈയടക്കിയ സ്വകാര്യകമ്പനികള്‍ കനത്ത വില ഈടാക്കി തരംതാണ ഭക്ഷണം വിതരണം ചെയ്യുന്നു.
കണ്ടംചെയ്ത് റീസൈക്ലിങ് ചെയ്യാനുള്ള പ്രായംകഴിഞ്ഞ ബോഗികളാണ് കേരളത്തില്‍ ഉപയോഗിക്കുന്നത്. 25 വര്‍ഷം കഴിഞ്ഞ് പിന്‍വലിക്കേണ്ട കോച്ചുകള്‍ ഒരു വിധ മെയ്ന്റനന്‍സും നടത്താതെ, 35ഉം 40ഉം വര്‍ഷമായി കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്നു. യാത്രക്കാരുടെ ക്ഷേമത്തെക്കാളും സുരക്ഷയെക്കാളും പരമാവധി ലാഭം ഉണ്ടാക്കുക എന്നതായി ലക്ഷ്യം. റെയില്‍വേയില്‍ 3.12 ലക്ഷം തസ്തികകള്‍ നികത്തപ്പെടാതിരിക്കുകയാണ്. 3.5 ലക്ഷം തൊഴിലാളികള്‍ വോളന്റീര്‍ റിട്ടയര്‍മെന്റ് വാങ്ങി പിരിഞ്ഞുപോകാന്‍ നിര്‍ബന്ധിതമായി. ലോക്കോ പൈലറ്റുമാര്‍ വിശ്രമരഹിതമായി പണിയെടുക്കുകയാണ്. ജനങ്ങളുടെ സുരക്ഷയാണ് പകരം വിലയായി നല്‍കേണ്ടിവരുന്നത്. വന്ദേഭാരതിന്റെയും ബുള്ളറ്റ് ട്രെയിനിന്റെയുമൊക്കെ പേരില്‍ നടത്തുന്ന രാഷ്ട്രീയ നാടകവും മാധ്യമവേലയും റെയില്‍വേ മുഖമുദ്രയാക്കി യിട്ടുള്ള, മുകളില്‍ അക്കമിട്ട് വിശദീകരിച്ച ജനദ്രോ ഹനടപടികളെ മറച്ചുവയ്ക്കുന്നതിനുള്ള തന്ത്രം മാത്രമാണ്.
അശ്ലീലമായി മാറിയ അവകാശവാദങ്ങള്‍
രാജ്യത്ത് എന്തോ ഒരു അസുലഭ ഐശ്വര്യം പെയ്തിറങ്ങി എന്നാണ് പ്രചാരണമേളാങ്കവും പ്രധാനമന്ത്രിയുടെ റോഡ് ഷോയും കണ്ടാല്‍ തോന്നുക. മോദി സര്‍ക്കാരിന്റെ നാളുകളില്‍ മാത്രം സംഭവിച്ച റെയില്‍ വികസനമെന്നാണ് അഭിപ്രായനിര്‍മ്മാതാക്കളുടെ കൂലിയെഴുത്ത്. യാഥാര്‍ത്ഥ്യമെന്താണ്? ആഭ്യന്തര രംഗത്തുമാത്രമല്ല, ലോകത്തെ നിരവധി രാജ്യങ്ങളിലെ റെയില്‍വേ നിര്‍മ്മാണത്തിനും മെയ്ന്റനന്‍സിനും സാങ്കേതിക സഹായവും നേതൃത്വവും നല്‍കത്തക്കവിധം ഇന്‍ഡ്യന്‍ റെയില്‍വേ മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പേ വളര്‍ന്നിരുന്നു. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും സുശക്തമായ ഒരു ഗവേഷണ വിഭാഗവും മോദിയുടെ ഭരണകാലത്ത് മുളച്ചതല്ല. 1947ല്‍ രാജ്യത്തെ ബ്രോഡ്‌ഗേജ് പാതയുടെ ആകെ നീളം 25,170 കിലോമീറ്ററായിരുന്നത് 2017ല്‍ 61680 കിലോമീറ്ററായി വളര്‍ന്നു. ഇത്രയും ദൈര്‍ഘ്യമുള്ള റെയില്‍ ശൃംഖല സൃഷ്ടിക്കപ്പെട്ടതും മോദി സര്‍ക്കാരിന്റെ ഭരണനാളില്ല. ജനങ്ങളുടെ നികുതിപ്പണംകൊണ്ടും റെയില്‍വേയില്‍ പണിയെടുത്ത ലക്ഷക്കണക്കിന് തൊഴിലാളികളുടെ അദ്ധ്വാനംകൊണ്ടും പടുത്തുയര്‍ത്തിയതാണ് ഇന്‍ഡ്യന്‍ റെയില്‍വേ എന്ന അതിബൃഹത്തായ സ്ഥാപനം. വെട്ടിമുറിച്ച് സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റ്, റെയില്‍വേയെ തകര്‍ക്കുകയാണ് യഥാര്‍ത്ഥത്തില്‍ മോദിയും സംഘവും ചെയ്യുന്നത്. ജനങ്ങളുടെ പണംകൊണ്ട് സൃഷ്ടിച്ച റെയിലുകളിലൂടെ മുതലാളിമാര്‍ക്ക് തേജസ്സ് ട്രെയിനുകള്‍ ഓടിച്ച് കൊള്ളലാഭം കൊയ്യാന്‍ അവസരം സൃഷ്ടിക്കുകയാണ് മോദി സര്‍ക്കാര്‍. അവകാശവാദങ്ങള്‍ക്കാകട്ടെ കുറവൊന്നുമില്ലതാനും.
60 വര്‍ഷം മുന്‍പ് 65 കിലോമീറ്റര്‍ സ്പീഡില്‍ ആവി എഞ്ചിന്‍ തീവണ്ടി ഓടിക്കൊണ്ടിരുന്നു. 55 വര്‍ഷം മുമ്പ് രാജധാനി എക്‌സ്പ്രസ് ഓട്ടം തുടങ്ങിയ കാലത്ത് തന്നെ 100 കിലോമീറ്ററിലധികം ആയിരുന്നു വേഗത. ഇപ്പോള്‍ 73 കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു രാഷ്ട്രീയ അസംബന്ധ നാടകമായി മാറിയിരിക്കുകയാണ്. ഈ ട്രെയിനുകളുടെ ഉദ്ഘാടന മാമാങ്കം പ്രധാനമന്ത്രിയുടെ ഇലക്ഷന്‍ റോഡ് ഷോ ആയി മാറി. സാധാരണക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഈ എലൈറ്റ് ട്രെയിന്‍, പ്രധാനമന്ത്രി ഓടിനടന്ന് ഓരോ സര്‍വീസും ഉദ്ഘാടനംചെയ്യുന്ന അശ്ലീല കാഴ്ച. കേരളത്തിലും നമ്മള്‍ ആ കാഴ്ച കാണാന്‍ വിധിക്കപ്പെട്ടു. വന്ദേ ഭാരത് ട്രെയിനുകളുടെ പരമാവധി വേഗതശേഷി 180 കിലോമീറ്റര്‍ ആയിരിക്കവേ 73 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ഓടുന്നത് എന്തുകൊണ്ട് എന്ന് പരിശോധിക്കുമ്പോഴാണ് കേരളത്തിലെ റെയില്‍വേയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ഗുരുതരാവസ്ഥ പിടികിട്ടുന്നത്. ധാരാളം വളവുകളുള്ളതും ആവശ്യത്തിന് ട്രാക്കുകള്‍, ആധുനിക സിഗ്നല്‍ സമ്പ്രദായം എന്നിവ ഇല്ലാത്തതും മേല്‍പ്പാലങ്ങള്‍ ഇല്ലാത്തതുമാണ് വന്ദേ ഭരതിന് അനുവദിക്കപ്പെട്ടിരിക്കുന്ന വേഗതപോലും കൈവരിക്കാനാകാത്തതിന്റെ പ്രധാന കാരണങ്ങള്‍. നിലവിലെ ട്രാക്കില്‍ സ്പീഡ് ട്രെയിന്‍ ഓടിക്കണമെങ്കില്‍ ലെവല്‍ ക്രോസുകള്‍ കൂടുതല്‍ സമയം പൂട്ടിയിടേണ്ടിവരും. റോഡിലൂടെ സഞ്ചരിക്കുന്ന സാധാരണയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടിയാകുമത്. കൂടുതല്‍ എണ്ണം ട്രെയിനുകള്‍ ഓടിക്കുമ്പോള്‍ അവസ്ഥ ഇതിനേക്കാള്‍ മോശമാകും.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം ടിക്കറ്റ് വിറ്റുവരവുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. പക്ഷേ കേരളത്തില്‍ റെയില്‍വേ വികസനം എന്നത് സര്‍ക്കാരുകളുടെ ഒരു പ്രധാന അജണ്ടയല്ല. കേരളത്തിലെ റെയില്‍വേ വികസനം ഒച്ചിഴയുന്ന വേഗതയിലാണ് നടക്കുന്നത്. പിന്‍വലിക്കപ്പെട്ടതും വിസ്മൃതിയിലാണ്ടതുമായ പ്രഖ്യാപനങ്ങള്‍ ഷെഡ്ഡില്‍ അട്ടിയിട്ട് കിടപ്പുണ്ട്. സ്വകാര്യവല്‍ക്കരണത്തിനായി അണിയിച്ചൊരുക്കുന്നവയല്ലാതെ മറ്റൊരു ചലനവും റെയില്‍വേയ്ക്കില്ല. സ്റ്റേഷനുകളില്‍ പുതിയ പണി നടക്കുന്നുണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാം അത് വില്‍പ്പനയ്ക്കായി തയ്യാറാക്കുകയാണെന്ന്.