2021 ജൂൺ 30നാണ് ഇടുക്കിജില്ലയിലെ വണ്ടിപ്പെരിയാറിൽ, ആറുവയസ്സകാരി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണങ്ങൾക്കൊടുവിൽ അയൽവാസിയായ അർജുൻ എന്ന ഇരുപത്തിനാലുവയസ്സുകാരൻ അറസ്റ്റിലായി. കൃത്യത്തിൽ സ്വന്തം പങ്ക് പ്രതി സമ്മതിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ രണ്ടുവർഷങ്ങൾക്കുശേഷം കട്ടപ്പന അതിവേഗ കോടതി കൊലപാതകം, ബലാത്സംഗം എന്നിങ്ങനെ പ്രതിയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന അടിസ്ഥാനത്തിൽ പ്രതിയെ വെറുതെവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വീഴ്ചകൾ വിധിന്യായം എടുത്തുപറയുന്നുണ്ട്. പെൺകുട്ടി നിരന്തരപീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു എന്ന് പോസ്റ്റ്മോർട്ടെം റിപ്പോർട്ടും പറയുന്നു. എന്തായാലും അന്വേഷണത്തിലോ തെളിവുകളെ ബന്ധപ്പെടുത്തുന്നതിലോ അതുമല്ല രണ്ടിലുമോ ഗുരുതരമായ വീഴ്ച വന്നിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയല്ലെങ്കിൽ പിന്നെ ആരാണ് പ്രതി ? ആയതിനാൽ കട്ടപ്പന അതിവേഗ കോടതിയുടെ വിധി റദ്ദുചെയ്ത്, കേസ് സത്യസന്ധവും സമഗ്രവുമായി പുനരന്വേഷിക്കണം. പ്രതിക്ക് കർശന ശിക്ഷ ഉറപ്പാക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം.
പോക്സോ കേസുകൾ വർദ്ധിക്കുന്നു
കേരളത്തിൽ ഒരു മണിക്കൂറിൽ ഒരു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെടുന്നു എന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. കുടുംബത്തിനുള്ളില്‍ അച്ഛനമ്മമാരാലും അടുത്തബന്ധുക്കളാലും കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളും മര്‍ദ്ദനങ്ങളും പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും, പരസ്പരവൈരാഗ്യം തീര്‍ക്കാന്‍ കുഞ്ഞുങ്ങളെ ഇരയാക്കുക, പിറന്നുവീണ ഉടൻ കുഞ്ഞുങ്ങളെ െകാന്നുകളയുക തുടങ്ങിയ പ്രവണതകളും വര്‍ദ്ധിക്കുകയാണ്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത കൊടും പാതകങ്ങള്‍!
കുട്ടികൾക്കുനേരെ ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചപ്പോൾ അതിന് തടയിടുന്നതിനുവേണ്ടി 2012ലാണ് പ്രിവൻഷൻ ഓഫ് ചിൽഡ്രൺ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് (പോക്സോ ആക്ട്)കൊണ്ടുവന്നത്. എന്നാൽ പോക്സോ നിയമംകൊണ്ട് കുഞ്ഞുങ്ങളുടെ നിലയിൽ വിശേഷിച്ചെന്തെങ്കിലും ഗുണമുള്ളതായി കഴിഞ്ഞ പത്തുവർഷത്തെ റിപ്പോർട്ടുകളിൽ കാണാനില്ല. പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, കേസുകളുടെ എണ്ണം ഭയാനകമാംവിധം വർദ്ധിക്കുകയുമാണ്. ബാലാവകാശനിയമവും ബാലവേല നിരോധന നിയമവും പോക്സോ നിയമവും പലപ്പോഴും ബാലവിവാഹ നിരോധന നിയമംപോലും കുഞ്ഞുങ്ങളുടെ രക്ഷയ്ക്കെത്തുന്നില്ല എന്നാണ് നിത്യേനയുണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.
എന്തുകൊണ്ട് കുറ്റകൃത്യങ്ങൾ പെരുകുന്നു
കുറ്റകൃത്യങ്ങളുടെ വർദ്ധനവ് സാമൂഹ്യഅന്തരീക്ഷത്തെ ബാധിച്ചിരിക്കുന്ന അനാരോഗ്യപ്രവണതകളുടെ സൂചനയാണ്. കുട്ടികൾക്ക് ഉയർന്ന സദാചാര-നൈതിക-വൈജ്ഞാനിക ധാരണകളാർജ്ജിക്കുവാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്നു. സമകാലിക സമൂഹത്തിൽ കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങള്‍ മാത്രമല്ല, കുട്ടികൾക്കിടയിലെ കുറ്റവാസനയും വർദ്ധിച്ചിരിക്കുന്നു. സാംസ്കാരികതകർച്ചയും മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും കുത്തൊഴുക്കും കുടുംബബന്ധങ്ങൾ തകർക്കുന്നു. സിനിമകളും സീരിയലുകളും ഇതര ചാനൽ പരിപാടികളും വികലമായ ധാരണകളുടെ പ്രചാരണത്തിന്റെ വേദിയാകുന്നു. മൊ ബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ദുരുപയോഗം ഈ പ്രവണതകളുടെ ആക്കം വർദ്ധിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ജീർ ണമായിക്കൊണ്ടിരിക്കുന്ന സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നു.
വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകേണ്ട ഉയർന്ന ജീവിതവീക്ഷണവും സാമൂഹ്യഅവബോധവും സാമൂഹ്യപ്രതിബദ്ധതയും ശാസ്ത്രീയ -ജനാധിപത്യ-മതേതര ധാരണകളും യുവതലമുറയ്ക്ക് അന്യമാകുന്നു. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ അധാർമ്മികമായ ഉപജീവനമാർഗ്ഗങ്ങളിലേയ്ക്ക് ചെറുപ്പക്കാരെ തള്ളിവിടുന്നു. കുറ്റകൃത്യങ്ങൾ പെരുകുവാനുള്ള സാഹചര്യം ഇങ്ങനെയും സൃഷ്ടിക്കപ്പെടുന്നു. തലമുറകളെത്തന്നെ ഇരുട്ടിലാഴ്ത്തുന്ന, സമൂഹത്തിന്റെ നിലനില്‍പ്പിനെ തകര്‍ക്കുന്ന ഈ സാംസ്‌കാരിക ജീര്‍ണ്ണതയ്‌ക്കെതിരെ ഉയര്‍ന്ന സദാചാര-നീതിബോധത്തില്‍ അധിഷ്ഠിതമായ ഒരു സാംസ്‌കാരിക പ്രതിപ്രവാഹം പടുത്തുയര്‍ത്തുകയാണ് ഇന്നത്തെ അടിയന്തര ആവശ്യകത.