ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭത്തിന്റെ സന്ദേശമുയര്‍ത്തി : വിദ്യാര്‍ത്ഥിശക്തി സംസ്ഥാന ജാഥ

DSO-Jadha-6.jpeg
Share

വിജ്ഞാനത്തെ ഉന്മൂലനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരരംഗത്ത് അണിനിരക്കുവാൻ വിദ്യാർത്ഥികളോടും വിദ്യാഭ്യാസസ്നേഹികളോടും ആഹ്വാനം ചെയ്തുകൊണ്ട് ആൾ ഇന്ത്യ ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി ശക്തി സംസ്ഥാന ജാഥ പര്യടനം തുടരുന്നു. ഒക്ടോബർ 21 ന് തിരുവനന്തപുരത്തുനിന്നും ആരംഭിച്ച ജാഥ എഐഡിഎസ്ഒ അഖിലേന്ത്യാ പ്രസിഡന്റ് വി.എൻ. രാജശേഖർ ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കടന്നാക്രമണങ്ങൾ പ്രതിരോധിച്ചുകൊണ്ടു മാത്രമേ ഇനി രാജ്യത്തിന് മുന്നോട്ടു പോകുവാൻ കഴിയുകയുള്ളുയെന്ന് ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം വിവിധ സർക്കാരുകൾ നടപ്പിലാക്കിയ വിദ്യാഭ്യാസ വിരുദ്ധനയങ്ങളുടെ തുടർച്ചയാണ് ദേശീയ വിദ്യാഭ്യാസ നയം 2020. ശാസ്ത്രീയ-മതേതര -ജനാധിപത്യ വിദ്യാഭ്യാസം എല്ലാവർക്കും സൗജന്യമായി നൽകണമെന്ന നവോത്ഥാന നായകന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വപ്നത്തെ സമ്പൂർണ്ണമായും തകർത്തുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണവും വാണിജ്യവത്ക്കരണവും വർഗീയവൽക്കരണവും കേന്ദ്രീകരണവും ലക്ഷ്യം വയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽനിന്ന് പൂർണ്ണമായും പിന്മാറുകയും വിദ്യാഭ്യാസ മേഖലയെ സ്വകാര്യ നിക്ഷേപത്തിന് പൂർണ്ണമായും തുറന്നു കൊടുക്കുകയും ചെയ്യുന്നു. ഇത് സമ്പൂർണ്ണമായും ബിസിനസ് താല്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ള നയമാണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്. വിദ്യാർത്ഥികളുടെ അചഞ്ചലമായ സമരം NEP ക്കെതിരെ വളർത്തിയെടുക്കുക എന്നതാണ് ഒരു വിദ്യാർത്ഥി സംഘടനയുടെ സുപ്രധാനമായ രാഷ്ട്രീയ കടമയെന്നും വി.എൻ.രാജശേഖർ പറഞ്ഞു.
എഐഡിഎസ്ഒ സംഘടിപ്പിക്കുന്ന പത്താമത് അഖിലേന്ത്യാ വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി ‘വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം ഉയർത്തി പ്രക്ഷോഭ പാതയിൽ ഒന്നിക്കുക’ എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ‘വിദ്യാർത്ഥി ശക്തി’ സംസ്ഥാന ജാഥ സംഘടിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ പ്രസിഡന്റ് വി.എൻ.രാജശേഖർ ജാഥാ ക്യാപ്റ്റനായ ഡോ.എസ്.അലീനക്ക് ഫ്ലാഗ് കൈമാറിക്കൊണ്ട് തിരുവനന്തപുരത്ത് ഉദ്ഘാടനം നിർവഹിച്ചു.
കർണാടകയിൽ നാലുവർഷ ബിരുദത്തിനെതിരെ എഐഡിഎസ്ഒയും വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസ സ്നേഹികളും ചേർന്ന് നടത്തിയ പ്രക്ഷോഭത്തിന്റെ വിജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ ഒരു പ്രക്ഷോഭ വേദി ഒരുക്കുകയാണ് വിദ്യാർത്ഥി ശക്തി ജാഥയുടെ ഉദ്ദേശ്യം എന്ന് ക്യാപ്റ്റൻ ഡോ. എസ്.അലീന പറഞ്ഞു.
പിഎംജിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ആർ. അപർണ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.ജതിൻ, ജില്ലാ സെക്രട്ടറി സാം പോൾ രാജു, ജില്ലാ പ്രസിഡന്റ് എമിൽ ബി.എസ്. എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ജാഥയോടൊപ്പം എഐഡിഎസ്‌ഒ നാടക സംഘമായ ഗോർക്കി തീയേറ്റർ ആർട്സ് അവതരിപ്പിക്കുന്ന തെരുവുനാടകവും സ്ട്രീറ്റ് ബാന്റിന്റെ ഗാനാവതരണവുമുണ്ട്. ഇതിനോടകം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രമുഖ കോളേജുകളിലും സര്‍വ്വകലാശാലകളിലും സ്വീകരണസമ്മേളനങ്ങള്‍ നടന്നുകഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസസ്നേഹികള്‍ ഉള്‍പ്പെടെ പൊതുജനങ്ങളിൽനിന്ന് സ്നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പര്യടനം തുടരുന്ന ജാഥ നവംബർ 9ന് കാസർഗോഡ് സമാപിക്കും. കാസർഗോഡ് നടക്കുന്ന സമാപന സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫസർ ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എഐഡിഎസ്ഒ കർണ്ണാടക സംസ്ഥാന സെക്രട്ടറി അജയ് കമ്മത്ത് മുഖ്യ പ്രസംഗം നടത്തും.

Share this post

scroll to top