വഖഫ് നിയമഭേദഗതി ബില്‍ : ഭരണഘടനാ വിരുദ്ധവും വിവേചനപരവും

750x450_554301-waqf-amendment-bill-2024.webp
Share

2024 ഓഗസ്റ്റ് 8ന് മോദി സർക്കാ‍ർ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ, രാജ്യത്തെ വഖഫ് സ്വത്തിന്റെ നിയന്ത്രണത്തിലും പരിപാലനത്തിലും വമ്പിച്ച മാറ്റങ്ങൾ നി‍ർദ്ദേശിക്കുന്ന ഒന്നാണ്. നിലവിലുള്ള സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനെന്ന പേരിലാണ് 1995ലെ വഖഫ് നിയമം സർക്കാർ ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത്. ബിൽ ഇപ്പോൾ, ബിജെപി നേതാവ് ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണ്.
ഇസ്ലാമികനിയമമനുസരിച്ചുള്ള മതപരമോ ആത്മീയമോ സേവനപരമോ ആയ പ്രവർത്തനങ്ങൾക്കുവേണ്ടി ദാനം ചെയ്തിട്ടുള്ള സ്ഥാവരമോ ജംഗമമോ ആയ സ്വത്താണ് വഖഫ്. വഖഫ് സ്വത്തുക്കൾ ദൈവനാമത്തിൽ നൽകപ്പെടുന്നവയാകയാൽ കൈമാറ്റം ചെയ്യാനാകില്ല. വഖഫിൽ നിന്നുള്ള വരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ തുടങ്ങിയവയിലൂടെ മുസ്ലീം ജനവിഭാഗത്തിലെ വലിയൊരു ശതമാനം ആളുകൾക്ക് പ്രയോജനപ്പെടുന്നു. വഖഫ് സ്വത്തുവകകളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാന സർക്കാരുകൾ, സംസ്ഥാന വഖഫ് ബോർഡുകൾ രൂപീകരിക്കുന്നു. വഖഫ് ബോർഡുകൾക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിൽ കേന്ദ്ര വഖഫ് കൗണ്‍സിലും പ്രവർത്തിക്കുന്നു. 1913ലാണ് വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ആദ്യനിയമനിർമ്മാണം ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടാകുന്നത്. സ്വാതന്ത്ര്യാനന്തരം 1954ൽ വഖഫ് നിയമം നിലവിൽ വന്നു. 1995ൽ കൂടുതൽ മെച്ചപ്പെട്ട ഭരണനിർവ്വഹണം ലക്ഷ്യംവെച്ചുകൊണ്ട് പുതിയ വഖഫ് നിയമം പാസ്സാക്കുകയും 2013ൽ അതിന് ഭേദഗതിയുണ്ടാവുകയും ചെയ്തു. ഈ നിയമനിർമ്മാണങ്ങളൊക്കെ, പാ‍ർലമെന്റിനകത്തും പുറത്തും ഒട്ടനവധി ചർച്ചകൾക്കുശേഷം പുറത്തുവന്നവയാണ്. എന്നാൽ, 1995ലെ നിയമത്തിന്റെ ഭേദഗതിയായി അവതരിപ്പിച്ചിരിക്കുന്ന 2024ലെ വഖഫ് ഭേദഗതി ബിൽ ഇത്തരത്തിലുള്ള കൂടിയാലോചനകളിലൂടെ കടന്നുപോയിട്ടില്ല. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതി‍ർപ്പിനെത്തുടർന്നാണ് ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിടേണ്ടിവന്നത്. എന്നാൽ ഭരണപക്ഷത്തിനു ഭൂരിപക്ഷമുള്ള ഈ കമ്മിറ്റിയിലാകട്ടെ, പ്രതിപക്ഷസ്വരത്തെ അടിച്ചമർത്തിയും ഏകപക്ഷീയമായും ചേരിതിരിഞ്ഞുള്ള വാഗ്വാദങ്ങളിലൂടെയുമാണ് സിറ്റിങ്ങുകൾ മുന്നോട്ടുപോകുന്നത്.


ബിൽ നിർദ്ദേശങ്ങൾ


നിർദ്ദിഷ്ട ബില്ലിൽ വഖഫ് നിയമത്തിന്റെ പേര്, യുണൈറ്റഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995(ഏകീകൃത വഖഫ് പരിപാലന, ശാക്തീകരണ, കാര്യശേഷിയും വികസനവും നിയമം) എന്നു മാറ്റാൻ നിർദ്ദേശിക്കുന്നു. വഖഫ് സ്വത്തുക്കളുടെ വ്യാഖ്യാനത്തിലും ഭരണത്തിലും കാര്യമായ മാറ്റങ്ങൾ ഭേദഗതിയിൽ നി‍‍ർദ്ദേശിക്കുന്നു. കഴിഞ്ഞ അ‍ഞ്ചു വർഷമെങ്കിലും ഇസ്ലാം മതം പിന്തുടർന്നിരുന്ന ഒരാൾക്കു മാത്രമേ വഖഫ് പ്രഖ്യാപിക്കാനാകൂ എന്ന് ഭേദഗതിയിൽ പറയുന്നു. മുസ്ലീങ്ങളല്ലാത്ത അനവധി വ്യക്തികൾ വഖഫായി ദാനം നൽകിയ സ്വത്തുക്കളും രാജ്യത്ത് ഉണ്ടെന്നിരിക്കെ ഇത്തരം വ്യാഖ്യാനം സൃഷ്ടിക്കാവുന്ന ആശയക്കുഴപ്പവും നിയമ പോരാട്ടങ്ങളും നമുക്ക് ഊഹിക്കാം. അതുപോലെ, നിയമപരമായുള്ള അനന്തരവകാശികൾക്കെല്ലാമുള്ള സ്വത്തുക്കൾ മാറ്റിവെച്ച ശേഷമേ ഒരാൾ വഖഫിനായി സ്വത്തു മാറ്റിവെക്കാവൂ എന്ന് പുതിയ ഭേദഗതിയിൽ അനുശാസിക്കുന്നു. ഉപയോഗംകൊണ്ട് കാലങ്ങളായി വഖഫ് ആയി പരിപാലിച്ച വസ്തുക്കളെ അങ്ങനെ തന്നെയാണ് നാളിതുവരെയുള്ള നിയമങ്ങളിൽ കണക്കാക്കിയത്. പുതിയ ബില്ലിൽ ഇത് നിർത്തലാക്കുന്നു. ഒരു വസ്തുവക അല്ലെങ്കിൽ സ്വത്ത് വഖഫാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്താനുള്ള അധികാരം വഖഫ് ബോർഡിലായിരുന്നു നിക്ഷിപ്തമായിരുന്നത്. ബിൽ ഈ അധികാരം എടുത്തുകളയുന്നു. ബിൽ പ്രകാരം സർക്കാർ വസ്തു മേലിൽ വഖഫായിരിക്കുകയില്ല. അത് നിശ്ചയിക്കാനുള്ള അധികാരം പ്രസ്തുത ജില്ലയുടെ കളക്ടർമാർക്ക് നൽകാനാണ് ബിൽ നിർദ്ദേശം. അതുപോലെ വഖഫ് സ്വത്തുക്കളുടെ സർവ്വേയ്ക്ക് സർവ്വേ കമ്മീഷണർമാരെയും അഡീഷണൽ കമ്മീഷണർമാരെയും നിയമിക്കണമെന്ന് നിയമത്തിൽ പറഞ്ഞിരിക്കുമ്പോൾ, ഭേദഗതിയിൽ ഇത് ഒഴിവാക്കുകയാണ്. പകരം, സർവ്വേ നടത്താനുള്ള അധികാരവും കളക്ടർമാർക്ക് നൽകാനാണ് നിർദ്ദേശം.
കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിലും ബിൽ കാതലായ മാറ്റങ്ങളാണ് നിർദ്ദേശിക്കുന്നത്. കേന്ദ്ര വഖഫ് കാര്യ മന്ത്രി ചെയർമാനായ കൗൺസിലിൽ നിലവിലെ നിയമപ്രകാരം എല്ലാ അംഗങ്ങളും മുസ്ലീം മതവിശ്വാസികളും അതിൽ രണ്ടുപേർ വനിതകളുമാകണം. എന്നാൽ, ഭേദഗതി ബിൽ അനുസരിച്ച് മുസ്ലീങ്ങളല്ലാത്ത രണ്ട് അംഗങ്ങൾ ഉണ്ടാകണം. മുസ്ലീം അംഗങ്ങളിൽ രണ്ടുപേർ വനിതകളാകണമെന്നും ബിൽ നിർദ്ദേശിക്കുന്നു. സംസ്ഥാന വഖഫ് ബോർ‍ഡുകളിലാകട്ടെ നിലവിലെ നിയമമനുസരിച്ച്, മുസ്ലീം എംപിമാർ, എംഎൽഎമാർ, ബാർ കൗൺസിൽ അംഗങ്ങൾ എന്നിവ‍ർക്കിടയിൽനിന്നും തിരഞ്ഞെടുപ്പിലൂടെ രണ്ട് അംഗങ്ങളെവരെ കണ്ടെത്താം. ഭേദഗതി ബില്ലിൽ തിരഞ്ഞെടുപ്പിനു പകരം ഇത് ഈ വിഭാഗങ്ങളിൽനിന്നുള്ള സംസ്ഥാന സർക്കാരിന്റെ നാമനിർദ്ദേശമായി മാറുന്നു. അവർ മുസ്ലീംവിഭാഗത്തിൽ നിന്നാകണം എന്ന നിബന്ധനയുമില്ല. ബോർഡിൽ രണ്ട് മുസ്ലീങ്ങളല്ലാത്ത അംഗങ്ങൾ വേണമെന്നും ബിൽ നിർദ്ദേശിക്കുന്നു. വഖഫ് സ്വത്തുക്കളെ സംബന്ധിച്ച തർക്കങ്ങളുണ്ടായാൽ അത് പരിഹരിക്കുന്നതിനായി നിലവിലെ നിയമമനുസരിച്ച് സംസ്ഥാനങ്ങൾ ട്രൈബ്യൂണലുകൾ രൂപീകരിക്കേണ്ടതുണ്ട്. ഇതിൽ ഒരു അംഗം, ഇസ്ലാമിക നിയമത്തിൽ അവഗാഹമുള്ള ആളാകണം എന്ന് നിയമം അനുശാസിക്കുമ്പോൾ, ഭേദഗതിയിൽ ഈ വ്യവസ്ഥ എടുത്തുകളയുകയാണ്. അതുപോലെ നിലവിൽ ട്രൈബ്യൂണൽ ഉത്തരവുകളെ അന്തിമമായി കണക്കാക്കുമ്പോൾ, ഭേദഗതിയിൽ ഈ വ്യവസ്ഥ എടുത്തുകളഞ്ഞ് ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാനുള്ള അവസരം നൽകുന്നു. കേന്ദ്രസർക്കാരിന് വഖഫിലുള്ള അധികാരങ്ങൾ ഭേദഗതിയിലൂടെ വർധിക്കുകയാണ്. ആഗാഖാനി, ബോഹ്റ വിഭാഗങ്ങൾക്ക് അവർക്ക് പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളിൽ, നിലവിൽ ഷിയാ വിഭാഗത്തിനുള്ളതു പോലെ പ്രത്യേക വഖഫ് ബോർഡുകളുണ്ടാക്കാനും ഭേദഗതി നിർദ്ദേശിക്കുന്നു.


എന്തുകൊണ്ട് പുതിയ ബിൽ അപകടകരമാകുന്നു?


പാർലമെന്റിൽ ഇപ്പോൾ മോദി സർക്കാർ അവതരിപ്പിച്ചിരിക്കുന്ന വഖഫ് നിയമഭേദഗതി ബില്ലിലെ ചില പ്രധാന നിർദ്ദേശങ്ങളാണ് ഇതുവരെ പറഞ്ഞത്. ഈ മാറ്റങ്ങളിൽ നിന്നു തന്നെ ഭേദഗതിയുടെ വിവേചനപരമായ ഉദ്ദേശ്യം വ്യക്തമാണ്. രാജ്യത്തെ നിലവിലുള്ള വഖഫ് പരിപാലനത്തിൽ ന്യൂനതകളും പരിമിതികളുമുണ്ടെന്നത് അംഗീകരിക്കുമ്പോൾതന്നെ, അത് പരിഹരിക്കാനെന്ന വ്യാജേന, ഭരണഘടനാവിരുദ്ധവും വിവേചനപരവുമായ മാറ്റങ്ങളാണ് സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയുടെ 26-ാം വകുപ്പു പ്രകാരം രാജ്യത്ത് എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതിനുള്ള അവകാശമുണ്ട്. ഇസ്ലാമിക നിയമങ്ങളനുസരിച്ച് മുസ്ലീം ജനവിഭാഗം വഖഫ് സ്വത്തുക്കൾ പരിപാലിക്കുകയും അതിൽ നിന്നുള്ള വരുമാനം, മതം അനുശാസിക്കുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തുവന്നതും ഈ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതാകട്ടെ, രാജ്യത്ത് നിലവിലുള്ള പൊതുനിയമങ്ങളുടെ പരിധിക്ക് അകത്തു നിന്നായിരുന്നുതാനും. ഇവിടെ, പുതിയ ഭേദഗതിയിലൂടെ ഈ അവകാശങ്ങളെ ഹനിക്കാനാണ് കേന്ദ്രസ‍ർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ദേവസ്വം ബോർഡിലൂടെ സംസ്ഥാനസർക്കാർ, ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് അവസാനിപ്പിച്ച് ക്ഷേത്രഭരണം ഹിന്ദുമതപ്രതിനിധികൾക്ക് വിട്ടുകൊടുക്കണം എന്ന് വാദിക്കുന്നവരാണ് സംഘപരിവാറുകാർ. സംഘപരിവാർ സംഘടനകളുടെയും മറ്റ് മഠാധിപതികളുടെയുമൊക്കെ നിയന്ത്രണത്തിലുള്ള എത്രയോ ഹിന്ദുക്ഷേത്രങ്ങൾ രാജ്യത്തുണ്ട്. എവിടെയെങ്കിലും ഏതെങ്കിലും അന്യമതസ്ഥന് അതിന്റെ ഭരണനിർവ്വഹണത്തിൽ പങ്കു നൽകിയിട്ടുണ്ടോ? അന്യമതസ്ഥർ പോയിട്ട് ദളിത് വിഭാഗങ്ങളെ ഉൾപ്പെടുത്താൻ തയ്യാറാകുന്ന അത്തരം ഭരണസംവിധാനങ്ങളുണ്ടോ? ക്രിസ്തീയ ദേവാലയങ്ങളുടെയും സ്വത്തിന്റെയും നടത്തിപ്പിൽ അന്യമതസ്ഥരെ ഉൾപ്പെടുത്തുന്നുണ്ടോ? പുരോഗമനം നടിക്കുന്ന കേരളത്തിൽപോലും ദേവസ്വം ബോർഡിൽ അന്യമതസ്ഥരെ ഉൾപ്പെടുത്തുന്ന നിയമഭേദഗതി ചിന്തിക്കാനാകുമോ? അപ്പോൾ എന്തുകൊണ്ടാണ് ഒരു മതവിഭാഗത്തിന്റെ വിശ്വാസപ്രമാണമനുസരിച്ചുള്ള സ്വത്തുക്കളുടെ പരിപാലനത്തിൽ ഇപ്പോൾ അന്യമതസ്ഥരെ ഉൾപ്പെടുത്താനുള്ള വ്യഗ്രത? അതുപോലെതന്നെ, ഇസ്ലാമികനിയമപ്രകാരം നാളിതുവരെ വഖഫ് ആയിക്കണ്ട് ഉപയോഗിച്ചു വന്ന വസ്തുക്കൾ ഇനി അങ്ങനെയാകണമോ എന്ന് സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും ഇതുവരെ അതിന് അധികാരമുണ്ടായിരുന്ന വഖഫ് ബോർഡ് വെറും കാഴ്ച്ചക്കാരായി മാറുമെന്നും പുതിയ ഭേദഗതി പറയുന്നു. ഇത് വിവേചനപരമല്ലേ? ഇസ്ലാമിക വിശ്വാസമില്ലാത്തവരുടെ വഖഫ് ദാനം അനുവദിക്കില്ല, പക്ഷേ അവർക്ക് വഖഫ് സ്വത്ത് ഭരിക്കാൻ അവകാശം നൽകും. എന്തൊരു വിചിത്രമായ വാദമാണിത്! നൂറ്റാണ്ടുകളായി വഖഫ് സ്വത്തായി ഉപയോഗിച്ചുവന്ന വസ്തുവകകൾപോലും ഈ ഭേദഗതിയുടെ മറവിൽ ഇനി സർക്കാർ പിടിച്ചെടുത്തെന്നുവരാം. രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള മസ്ജിദുകള്‍ക്കും സ്വത്തുക്കൾക്കുംമേൽ അവകാശവാദം ഉന്നയിക്കുകയും അവ പിടിച്ചെടുത്ത് ക്ഷേത്രങ്ങളാക്കി മാറ്റണമെന്നുമുള്ള സംഘപരിവാർ ശക്തികളുടെ മുറവിളികൾ ഇപ്പോൾ നമ്മൾ ഏറെ കേൾക്കുന്നുണ്ട്. ഇതും നമ്മൾ ഈ ഭേദഗതിക്കൊപ്പം ചേർത്തുവായിക്കണം. വഖഫ് ബോർഡുകൾ ദുർബലമായാൽ, ഇത്തരം അവകാശവാദങ്ങൾക്കും ശക്തി കൂടും.


മദ്രസ വിദ്യാഭ്യാസം നിരോധിക്കുന്ന ബാലാവകാശകമ്മീഷൻ


ഇതോടൊപ്പം ചേ‍ർത്തുവായിക്കേണ്ട ഒന്നാണ്, ഒക്ടോബർ 11ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കാനൂങ്കോ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങൾ. മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും സർക്കാരുകൾ നൽകുന്ന സാമ്പത്തികസഹായം നിർത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. മദ്രസകളിലെ മുസ്ലീങ്ങളല്ലാത്ത കുട്ടികളെ അവിടെ നിന്നു മാറ്റി വിദ്യാഭ്യാസ അവകാശനിയമമനുസരിച്ചുള്ള വിദ്യാഭ്യാസം ലഭ്യമാകുന്ന വിദ്യാലയങ്ങളിലാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ നിർദ്ദേശം നിലവിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവിടെയും, സമൂഹത്തിലെ വർഗീയധ്രുവീകരണം തീവ്രമാക്കാനുള്ള ഹീനമായ സംഘപരിവാ‍ർ രാഷ്ട്രീയം നമുക്കു കാണാം. പ്രതിപക്ഷകക്ഷികൾ ആരോപിക്കുന്നതുപോലെ, കുട്ടികളുടെ അവകാശനിഷേധവും ബാലവേലയും ലൈംഗികചൂഷണവുമടക്കം എത്രയോ വിഷയങ്ങളിൽ കണ്ണടച്ചിരിക്കുന്ന കേന്ദ്ര ബാലാവകാശ കമ്മീഷൻ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിഷയങ്ങളിലോ, ഇതുപോലെ കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യാർത്ഥമോ മാത്രമാണ് കണ്ണുതുറക്കുന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒന്നാണ് ഇന്ത്യയിൽ മദ്രസ വിദ്യാഭ്യാസം. അടിസ്ഥാനപരമായി അവിടെ മതപരമായ വിദ്യാഭ്യാസം തന്നെയാണ് നൽകുന്നത്. അങ്ങനെ മതവിദ്യാഭ്യാസം നൽകുന്നതിന് ഭരണഘടനാദത്തമായ അവകാശം അവ‍ർക്കുണ്ട്. മറ്റെല്ലാ മതങ്ങളും കുട്ടികൾക്കുള്ള മതവിദ്യാഭ്യാസം നൽകാൻ പല രീതിയിൽ സംവിധാനം ഒരുക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കിയിട്ടും ഇന്നും പല സംസ്ഥാനങ്ങളിലും ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം കിട്ടാക്കനിയാണെന്നതാണ് യാഥാർത്ഥ്യം. ഇവിടങ്ങളിൽ, മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും വിദ്യാഭ്യാസം കുട്ടികൾക്കു കിട്ടട്ടെ എന്ന ആഗ്രഹത്തിലാണ് അവർ കുട്ടികളെ മദ്രസകളിലേക്ക് അയക്കുന്നത്. അതുകൊണ്ടാണ് മറ്റുമതങ്ങളിലെ കുട്ടികളെയും പലയിടത്തും മദ്രസയിൽ കാണാനാകുന്നത്. അവരെ മാറ്റണമെന്ന നി‍ർദ്ദേശം പാലിക്കാൻ ശ്രമിച്ചാൽ ഇതിൽ പല കുട്ടികൾക്കും വിദ്യാഭ്യാസംതന്നെ ചിലപ്പോൾ നിഷേധിക്കപ്പെട്ടേക്കാം. ഈ സാഹചര്യങ്ങൾകൊണ്ടു തന്നെയാണ്, മദ്രസകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസവും മദ്രസകൾക്കുള്ള സാമ്പത്തികസഹായവും പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. ഇതിൽ പോരായ്മകളുണ്ടാകാം. അത് കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ആ സംവിധാനത്തെ ഒന്നാകെ അടച്ചുപൂട്ടാൻ ആവശ്യപ്പെടുന്നത് തികച്ചും സങ്കുചിതമായ കാഴ്ച്ചപ്പാടാണ്. കേന്ദ്രസർക്കാരിന് അത്ര ആത്മാർത്ഥതയുണ്ടെങ്കിൽ സൗജന്യവും സാർവത്രികവും മതേതരവുമായ പൊതുവിദ്യാഭ്യാസം രാ‍ജ്യമൊട്ടാകെ പൊതുമേഖലയിൽ കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ, തങ്ങളുടെ പിണിയാളുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്ന ഇത്തരം നടപടികൾ അവർ ഉയര്‍ത്തിപ്പിടിക്കുന്ന ഹീനമായ വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഒളിച്ചുകടത്തൽ മാത്രമാണ്. ഇന്ത്യയുടെ ഭരണഘടനയെക്കാൾ ഗോൾവാള്‍ക്കറുടെ വിചാരധാരയ്ക്കു് പ്രാമുഖ്യം നൽകുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രമാണിത്.


രാജ്യത്തെ സമ്പന്ന മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്തസേവകരായി, അവരുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിച്ചുകൊണ്ട് പത്തുവർഷം ഭരിച്ച മോദിക്കും ബിജെപിക്കും, ആ ഭരണത്തിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടിവന്ന സാധാരണക്കാരുടെ രോഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിടേണ്ടിവന്നു. തങ്ങളുടെ നിലനിൽപ്പിന് സമൂഹത്തിൽ ബോധപൂർവ്വം വർഗ്ഗീയവിവേചനം നടപ്പിലാക്കി അതുവഴി വർഗ്ഗീയധ്രുവീകരണം അവർക്ക് നടപ്പാക്കേണ്ടതുണ്ട്. നാസി മാതൃകയിൽ ഒരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി ബോധപൂർവ്വം മാറ്റുമ്പോൾ അത് ഒരു ഫാസിസ്റ്റ് പദ്ധതിയാണെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. സാധാരണക്കാരും തൊഴിലാളികളും തങ്ങളുടെ നീറുന്ന ജീവിതദുരിതങ്ങളുടെ പിന്നിലെ യഥാർത്ഥ കാരണം, നിലനിൽക്കുന്ന ചൂഷണാധിഷ്ഠിത വ്യവസ്ഥിതിയാണെന്ന സത്യം തിരിച്ചറിഞ്ഞ് അതിനെതിരെ സംഘടിക്കുന്നത് മുതലാളിവർഗ്ഗത്തിന് തടയേണ്ടതുണ്ട്. അതിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയുമൊക്കെ പേരിലുള്ള വിവേചനങ്ങൾ ബോധപൂർവ്വം വളര്‍ത്തിയെടുത്ത്, വിവിധ വിഭാഗങ്ങൾക്കിടയിലുള്ള പരസ്പരവിശ്വാസം ഇല്ലാതാക്കി, തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഐക്യത്തിനുള്ള സാധ്യതകളെ തടയുക എന്നതാണ്. നരേന്ദ്രമോദി സർക്കാർ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന വഖഫ് നിയമഭേദഗതി, വർഗ്ഗീയവിഭജനം ആളിക്കത്തിക്കാനുള്ള ഫാസിസ്റ്റ് നീക്കമാണെന്ന് നമ്മൾ തിരിച്ചറിയണം. ഇതിനെ എതിർത്തു തോൽപ്പിക്കേണ്ടത് രാജ്യത്തെമ്പാടുമുള്ള ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്.

Share this post

scroll to top