ഇന്ത്യ-അമേരിക്ക ചങ്ങാത്തത്തിന് പിന്നിലെന്ത് ?

download.jpg
Share

2023 ജൂണ്‍ 21 മുതല്‍ 23 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ത്യയിലെയോ അമേരിക്കയിലെയോ ജനങ്ങളുടെ താല്‍പര്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ ? അതോ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സ്ഥിതി അല്‍പ്പമെങ്കിലും മെച്ചപ്പെടുത്തുന്നതിന് ഒരുതരത്തിലും ഉപകരിക്കാത്ത മറ്റെന്തെങ്കിലും ആവശ്യകതയാണോ ഇതിന് പിന്നിലുള്ളത് ?

“ഈ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ കരുത്തും ചൈതന്യവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രത്യേക ക്ഷണം” എന്നാണ് പുറപ്പെടുന്നതിനു മുമ്പ് മോദി പറഞ്ഞത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള “യോജിച്ച പ്രവര്‍ത്തനത്തിന്റെ ആഴവും അടുപ്പവും” പൂർണ്ണതയിലെത്തിക്കാൻ ഈ സന്ദർശനം സഹായകമാവുമെന്ന് വൈറ്റ് ഹൗസും പറഞ്ഞു. മോദി പുറപ്പെടുന്നതുമുതൽ തിരിച്ചെത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ രാപകലെന്യെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. ഈ സന്ദർശനം ചരിത്ര പ്രാധാന്യമുള്ളതാ ണെന്നും ഇത് രാജ്യത്തിന് അഭിമാനമുഹൂർത്തമാണെന്നും ഒക്കെയുള്ള വിവരണങ്ങളും ഒപ്പം ഉണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മോദിയെ വരവേറ്റു. ഔദ്യോഗിക സല്‍ക്കാരത്തിന്റെ തലേന്ന് അദ്ദേഹവും ഭാര്യയും മോദിക്ക് പ്രത്യേകമായ വിരുന്ന് സല്‍ക്കാരവും നടത്തി. ഇതിനെല്ലാം വലിയ വാർത്താ പ്രാധാന്യവും ലഭിച്ചു. ഈ രാഷ്ട്ര സന്ദർശനത്തിന് സാധാരണ ഔദ്യോഗിക സന്ദർശനങ്ങളേക്കാൾ പ്രാധാന്യവും പ്രൗഢിയും ലഭിച്ചു. മോദി പ്രധാനമന്ത്രി എന്ന നിലയിൽ നടത്തുന്ന രണ്ടാമത്തെ അമേരിക്കൻ സന്ദർശനമാണിത്. ആദ്യത്തേത് ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ‘ഹൗഡി മോഡി’ എന്ന പേരിൽ നടത്തിയതായിരുന്നു. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടും വഞ്ചനയും എല്ലാം മറന്ന് ഈ സന്ദർശനങ്ങൾ ആഘോഷമാക്കണമെന്നും ഈ സന്ദർശനങ്ങളുടെ തന്ത്രപരവും സാമ്പത്തികവുമായ നേട്ടങ്ങൾ അത്ര വലുതാണെന്നുമുള്ള പ്രതീതി സൃഷ്ടിക്കാൻ ആർഎസ്എസ്-ബിജെപി വൃത്തങ്ങൾ ശ്രമിച്ചിരുന്നു.
സന്ദർശന വേളയിൽ നടന്ന ചർച്ചകളും ജൂൺ 22ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും ഈ സന്ദർശനത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്.


സംയുക്ത പ്രസ്താവന


“അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സമഗ്രവും ആഗോളതലത്തിൽ ഉള്ളതുമായ ഈ തന്ത്രപരമായ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ഒരു പുതിയ തലം സൃഷ്ടിക്കുന്നതും ഊഷ്മളമായ സൗഹൃദത്താൽ സമ്പുഷ്ടവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതുമാണെ”ന്ന് സംയുക്ത പ്രസ്താവന ആമുഖമായിത്തന്നെ പറയുന്നുണ്ട്. ചങ്ങാത്തത്തെ കുറിച്ചുള്ള അമിതാവേശം കലർന്ന ഈ പ്രഖ്യാപനങ്ങളുടെ പിന്നിൽ, ഇരു രാജ്യങ്ങളിലെയും ജനാധിപത്യ വ്യവസ്ഥയുടെ ആവശ്യകത മുൻനിർത്തിയുള്ളതെന്ന നേതാക്കളുടെ ജല്പനങ്ങൾക്കപ്പുറത്ത്, മാരകമായ സാമ്രാജ്യത്വ യുദ്ധക്കൊതിയും സൈനിക സഹകരണ താല്പര്യവുമാണ് പതിയിരിക്കുന്നത്. സംയുക്ത പ്രസ്താവന പറയുന്നു: “അമേരിക്ക-ഇന്ത്യ സൈനിക പങ്കാളിത്തം ആഗോള സമാധാനത്തിന്റെയും സുരക്ഷയുടെയും നെടുംതൂണെന്ന നിലയിലാണ് ഉയർന്നുവന്നിരിക്കുന്നത്. സംയുക്ത സൈനികാഭ്യാസങ്ങൾ, സൈനിക രംഗത്തെ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തൽ, വാർഷിക 2+2 മന്ത്രിതല ചർച്ചകൾ തുടങ്ങിയ നടപടികളിലൂടെ സൈനികരംഗത്തെ പരസ്പരധാരണ മെച്ചപ്പെട്ടതായും പരസ്പരമുള്ള സൈനിക സാമഗ്രികളുടെ കൈമാറ്റം ശക്തിപ്പെട്ടതായും അടിസ്ഥാന കരാറുകളുടെ നടപ്പാക്കൽ വ്യവസ്ഥാപിതമായതായും നേതാക്കൾ വിലയിരുത്തി… വിവരങ്ങൾ പരസ്പരം കൈമാറുന്നതിലും പരസ്പരം ലെയ്സൻ ഓഫീസർമാരെ നിയമിക്കുന്നതിലും പുരോഗതിയുണ്ട്… സമുദ്രാന്തർഭാഗത്തെക്കുറിച്ച് മെച്ചപ്പെട്ട ധാരണ രൂപീകരിച്ചുകൊണ്ട് നാവികസുരക്ഷ ശക്തമാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള തീരുമാനവും ആവർത്തിച്ചുറപ്പിച്ചു. ബഹിരാകാശം, നിർമ്മിതബുദ്ധി തുടങ്ങിയ പുതിയ മേഖലകളിൽ ചർച്ചകൾ തുടങ്ങിവെച്ചതിനെയും സൈനിക വ്യവസായ രംഗത്തെ സഹകരണത്തിനുള്ള പ്രവർത്തന പദ്ധതി കൈക്കൊണ്ടതിനെയും നേതാക്കൾ സ്വാഗതം ചെയ്തു. അത്യാധുനിക സൈനിക സാമഗ്രികളുടെ നിർമ്മാണം, ഗവേഷണം, പരീക്ഷണം തുടങ്ങിയ രംഗങ്ങളിലൊക്കെ യോജിച്ച് പ്രവർത്തിക്കുന്നതിന് ഇത് അവസരമൊരുക്കും. സൈനിക വ്യവസായ രംഗത്തെ സഹകരണത്തെ ബാധിക്കുന്ന ഏത് നിയന്ത്രണവും നീക്കുന്നതിന് ഇരുകൂട്ടരും പ്രതിജ്ഞാബദ്ധമായിരിക്കും. സൈനിക സാമഗ്രികളുടെ പരസ്പരമുള്ള കൈമാറ്റത്തിന്റെ കാര്യത്തിൽ അമേരിക്കൻ സൈനിക വകുപ്പും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും കൈക്കൊണ്ട തീരുമാനങ്ങളും സൈനിക സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ സഹകരിക്കാനുള്ള തീരുമാനവും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പുമായി അമേരിക്കൻ പ്രതിരോധ വകുപ്പ് ഒപ്പുവയ്ക്കുന്ന ആദ്യ കരാറിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഗവേഷണ-വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സഹ-കരാറാണിത്. രഹസ്യാന്വേഷണം, നിരീക്ഷണം തുടങ്ങിയ മേഖലകളിൽ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സാമഗ്രികൾ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യാനുള്ള തീരുമാനവും സ്വാഗതം ചെയ്യപ്പെട്ടു. പാർട്സ് ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിള്‍ ചെയ്യുന്ന രീതിയാണ് അവലംബിക്കുക. ആണവോപകരണങ്ങളുടെ ഇറക്കുമതി, അറ്റകുറ്റപ്പണി തുടങ്ങിയവ സംബന്ധിച്ചും ധാരണയുണ്ടായി. ഇന്ത്യയുടെ സൈനിക ശേഷി വർദ്ധിപ്പിക്കാനുള്ള ദീർഘകാലപദ്ധതിയുടെ ഭാഗമായി സ്വതന്ത്രവും തുറന്നതുമായ ബഹുകക്ഷി, മേഖലാ സംരംഭങ്ങളുടെ കാര്യത്തിലും ധാരണയുണ്ടായിട്ടുണ്ട്…”


സൈനികവും ബിസിനസ് സംബന്ധവുമായ മറ്റു കരാറുകൾ
ഇന്ത്യയിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡും അമേരിക്കയിലെ ജനറൽ ഇലക്ട്രിക്‌സും തമ്മിൽ മറ്റൊരു ധാരണാപത്രവും ഒപ്പുവച്ചു. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് നിർമ്മിക്കുന്ന യുദ്ധാവശ്യത്തിനുള്ള ജെറ്റ് എഞ്ചിനുകൾ സംബന്ധിച്ചുള്ളതാണ് ഈ കരാർ. ഈ കരാർ നിലവിൽ വന്ന് ഇന്ത്യയിൽ ഈ എൻജിൻ നിർമ്മിക്കാൻ തുടങ്ങുന്നതോടെ അമേരിക്കയുടെ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യയുടെ കൈമാറ്റം മുമ്പുള്ളതിനേ ക്കാൾ മെച്ചപ്പെടും. മറ്റൊരു കരാർ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ സംബന്ധിച്ചുള്ളതാണ്. ദ്വികക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി പരസ്പരം കമ്പോളങ്ങൾ വൻതോതിൽ തുറന്നു കൊടുക്കുന്ന കരാറും ഒപ്പുവച്ചിട്ടുണ്ട്. മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ സെമി കണ്ടക്ടർ നിർമ്മാണം, ചിപ്പ് നിർമ്മാണം എന്നീ രംഗങ്ങളിൽ അമേരിക്കൻ വ്യവസായ കുത്തകകൾ നിക്ഷേപം നടത്തുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. അതായത്, ‘സഹകരണം, സൗഹൃദം’ എന്നൊക്കെ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സൈനിക കരാറുകളും ആയുധക്കച്ചവടവുമാണ് സന്ദർശനത്തിന്റെ കേന്ദ്രബിന്ദു എന്ന് വ്യക്തം. ഇരു രാജ്യങ്ങളിലെയും കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും ഗുണം ചെയ്യുന്ന മറ്റു കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. അംബാനി, മഹീന്ദ്ര പോലുള്ള ചില ഇന്ത്യൻ കുത്തകകളും മോദിയെ അനുഗമിച്ചിരുന്നു. സമാന സംരംഭങ്ങൾ നടത്തുന്ന അമേരിക്കൻ കമ്പനികളുമായി ഫലപ്രദമായ ചർച്ചകൾ അവർ നടത്തി. ആയുധ നിർമ്മാണം പോലുള്ള മേഖലകളിൽ ഇരുകൂട്ടർക്കും ഗുണം ചെയ്യുന്ന സംരംഭങ്ങളെ കുറിച്ചായിരുന്നു ധാരണയിലെത്തിയത്.


സൈനികരംഗത്തെ ഏകപക്ഷീയമായ ഊന്നൽ എന്തുകൊണ്ട് ?


പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പിന്നാക്കാവസ്ഥ, സാമൂഹ്യ സുരക്ഷയുടെ അപര്യാപ്തത തുടങ്ങിയ, ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ നിരവധി പ്രശ്നങ്ങളിൽ അല്പം ആശ്വാസം പകരാൻ ഉതകുന്ന നടപടികളെക്കാളൊക്കെ പ്രാധാന്യം പ്രതിരോധ മേഖലയുടെ നവീകരണത്തിന് ലഭിക്കാൻ കാരണമെന്താണ് ? എല്ലാ സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങളിലെയും ഭരണവർഗത്തിന് സമ്പദ്ഘടനയുടെ സൈനികവൽക്കരണം ഏറ്റവും അത്യാവശ്യമായി മാറിയിരിക്കുന്നു എന്നതുതന്നെ കാരണം.
സാമ്രാജ്യത്വ-മുതലാളിത്ത ലോകത്ത് ‘ഭരണകൂടത്തെ കുത്തകകളുടെ ദാസ്യത്തിൽ ആക്കുന്ന’തിനെ കുറിച്ച് മഹാനായ സ്റ്റാലിൻ വളരെ മുമ്പുതന്നെ ഇപ്രകാരം ചൂണ്ടിക്കാണിച്ചു: “ഓരോ രാജ്യത്തെയും ജനങ്ങളെ പരമാവധി ചൂഷണം ചെയ്തും പട്ടിണിക്കിട്ടും പാപ്പരാക്കിയും, മറ്റു രാജ്യങ്ങളിലെ ജനങ്ങളെ, വിശേഷിച്ച് പിന്നാക്ക രാജ്യങ്ങളിലെ ജനങ്ങളെ, അടിമകളാക്കിയും കൊള്ളയടിച്ചും, യുദ്ധങ്ങളിലൂടെയും സമ്പദ്ഘടനയുടെ സൈനികവൽക്കരണത്തിലൂടെയും പരമാവധി ലാഭം ഉണ്ടാക്കുക എന്നതാണ് ആധുനിക മുതലാളിത്തത്തിന്റെ അടിസ്ഥാന സാമ്പത്തിക നിയമത്തിന്റെ സുപ്രധാനവശം എന്ന് സാമാന്യമായി പറയാം.” (ഇക്കണോമിക് പ്രോബ്ലംസ് ഓഫ് സോഷ്യലിസം ഇൻ ദ യുഎസ്എസ്ആർ) ഇക്കാര്യം കുറച്ചുകൂടി വിശദമാക്കിക്കൊണ്ട് എസ്‌യുസിഐ(സി)യുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്‌‍ദാസ് ഘോഷ് 1962ൽ തന്നെ ഇപ്രകാരം ചൂണ്ടിക്കാണിച്ചു: “സാമ്രാജ്യത്വ ശക്തികൾ ചിതയിലെ തീനാളങ്ങളിൽനിന്ന് പുറത്തുവരാൻ മരണവെപ്രാളം കാണിക്കുകയാണ്… വ്യവസായ മേഖലയെ സൈനികവൽക്കരിച്ചും അടിമുടി ആയുധമണിഞ്ഞും പോംവഴി കണ്ടെത്താൻ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണവർ… മുങ്ങിച്ചാകുന്ന വൻ വൈക്കോൽ തുരുമ്പിൽ പിടിക്കുന്നതുപോലെയാണത്… സൈനിക ഉപഭോഗം വർദ്ധിപ്പിച്ച് കമ്പോളത്തിൽ കൃത്രിമോത്തേ ജനം സൃഷ്ടിച്ചുകൊണ്ട് പ്രതിസന്ധിയെ മറികടക്കാനും താൽക്കാലികമായെങ്കിലും കമ്പോളത്തിൽ കുതിപ്പ് നിലനിർത്താനുമാണ് അവർ ശ്രമിക്കുന്നത്… ആയുധപ്പന്തയത്തിന്റെ മുൻകാല റെക്കോർഡുകൾ എല്ലാം ഭേദിച്ചുകൊണ്ട് അവർ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളിൽ മുഴുകുകയാണ്. എന്നാൽ ആയുധപ്പന്തയം മുറുകുംതോറും അവരുടെ പ്രതിസന്ധിയും മൂർച്ഛിച്ചുകൊണ്ടിരിക്കും.”(കോൾ ഓഫ് ദ അവർ, സെലക്ടഡ് വർക്ക്സ്, വോള്യം 2)


1966ൽ അദ്ദേഹം ഇക്കാര്യം ഒന്നുകൂടി വിശദമാക്കി: “വിദേശ കമ്പോളം ലഭിക്കാതിരിക്കുകയും ആഭ്യന്തര കമ്പോളം സൃഷ്ടിക്കാൻ കഴിയാതാവുകയും ചെയ്യുമ്പോൾ തുടർച്ചയായി ഉത്പാദിപ്പിക്കുന്ന ഉരുക്ക് എന്ത് ചെയ്യും ? ഷിഫ്റ്റുകളുടെ എണ്ണം കുറയ്ക്കാനും കമ്പനി അടച്ചിടാനുമൊക്കെ, ഉരുക്ക് ശേഖരം വർദ്ധിക്കുന്നത് ഇടയാക്കും. അപ്പോൾ യുദ്ധകാഹളം മുഴങ്ങുന്നത് കേൾക്കാം. യുദ്ധം അനിവാര്യമാകുകയാണ്. സൈനിക ബജറ്റ് വർധിപ്പിച്ചുകൊണ്ട് കമ്പോളത്തിൽ കൃത്രിമോത്തേജനം സൃഷ്ടിക്കുകയാണ്. കുമിഞ്ഞുകൂടുന്ന ഉരുക്കിന്റെ ഒരു പങ്ക് ഗവൺമെന്റുതന്നെ വാങ്ങിക്കുന്നു. ഇതുകൂടാതെ എൻജിനീയറിംഗ് വ്യവസായത്തിനും ഗവൺമെന്റ് ഓർഡറുകൾ ലഭിക്കുന്നതുവഴി രക്ഷകിട്ടും. ഇപ്രകാരം സൈനിക ബജറ്റ് വർദ്ധിപ്പിച്ച് പ്രതിരോധ വ്യവസായത്തിലും കമ്പോളത്തിലും കൃത്രിമമായ ഉത്തേജനം സൃഷ്ടിക്കാതെ ഇന്ത്യൻ മുതലാളിത്തത്തിന് നിലനിൽക്കാൻ കഴിയില്ല… അമേരിക്കൻ സമ്പദ്ഘടനയും ഏറെ ദുർബലമായ അടിത്തറയിലാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. ലോകമെമ്പാടും പ്രാദേശികവും ഭാഗികവുമായ യുദ്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടേ അതിന് നിലനിൽക്കാൻ കഴിയു. മറ്റ് രാജ്യങ്ങളുടെമേൽ നടത്തുന്ന ഈ അതിക്രമത്തിന് അവർ ‘സമാധാനത്തിനു വേണ്ടിയുള്ള പോരാട്ടം’ എന്നാണ് പേരിട്ടിരിക്കുന്നത്. എന്നാൽ, സമാധാനം അവരുടെ മരണ മണിയാണെന്ന് സാമ്പത്തികശാസ്ത്രം പഠിച്ചവർക്കറിയാം. ഒരു ലോകയുദ്ധം വേണമെന്നില്ല, പ്രാദേശികവും ഭാഗികവുമായ യുദ്ധങ്ങൾ, എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞ് എവിടെയെങ്കിലുമൊക്കെ കുത്തിപ്പൊക്കിയേ മതിയാകൂ. അതായത്, എബ്രഹാം ലിങ്കന്റെ ജനാധിപത്യ അമേരിക്ക അന്തർദേശീയ കൊള്ളക്കാരായിത്തീർന്നിരിക്കുന്നു. കാരണം, അവർ ഗുരുതരമായ പ്രശ്നത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർക്ക് കമ്പോളമില്ല. അധിക മൂലധനമുണ്ടുതാനും. മൂലധനത്തിന് നിഷ്ക്രിയമായിരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ, സമ്പദ്ഘടനയിൽ പണപ്പെരുപ്പത്തിന്റെ സമ്മർദ്ദമുണ്ടാകും. അതുകൊണ്ട് അവർ വ്യവസായ മേഖലയെ സൈനികവൽക്കരിച്ച്, ആയുധം കുന്നുകൂട്ടു ന്നതിനായി നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു.” (ഇൻഡിപെൻഡൻസ് ഓൺ 15 ആഗസ്റ്റ് ആൻഡ് പ്രോബ്ലംസ് ഓഫ് ഇമാൻസിപ്പേഷൻ ഓഫ് പീപ്പിൾ, സെലക്ടഡ് വർക്ക്സ് വോള്യം 3)
ആറുപതിറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹം നടത്തിയ വിശകലനം അക്ഷരംപ്രതി ശരിയാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മരണാസന്നമായ മുതലാളിത്ത-സാമ്രാജ്യത്വത്തിന് സമ്പദ്ഘടനയുടെ സൈനികവൽക്കരണം അനിവാര്യതയാണ്.


ചങ്ങാത്തത്തിന് പിന്നിലെ രാഷ്ട്രീയ അനിവാര്യതകള്‍


ആയുധ വ്യവസായം വൻതോതിൽ പ്രോത്സാഹിപ്പിക്കാനും ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒരു സ്വാധീനശക്തിയാകാനും ഇരു രാജ്യങ്ങളും നിർബന്ധിതരാണ്. പ്രപഞ്ചശാസ്ത്രത്തിലുള്ള പുതിയ അന്വേഷണങ്ങൾക്ക് വേണ്ടിയല്ല, സാറ്റലൈറ്റുകൾ വഴി ചാരപ്രവർത്തനം കുറ്റമറ്റതാക്കാനും നക്ഷത്ര യുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടത്താനും വേണ്ടിയാണിത്. ഒപ്പം മറ്റുചില കാരണങ്ങളുമുണ്ട്. ഇതുവരെ ആയുധങ്ങൾക്കായി ഇന്ത്യ കൂടുതലും ആശ്രയിച്ചിരുന്നത് റഷ്യയെയാണ്. എന്നാൽ, ഇന്ന് അമേരിക്ക റഷ്യയെക്കാൾ ബഹുദൂരം മുന്നേറിയിരിക്കുന്നു എന്ന കാര്യം ഇന്ത്യൻ മുതലാളിവർഗ്ഗം തിരിച്ചറിഞ്ഞിട്ടുണ്ട്. സോഷ്യലിസം അട്ടിമറിക്കപ്പെട്ടതോടെ റഷ്യ ഒരു സാമ്രാജ്യത്വ ശക്തിയായി മാറിക്കഴിഞ്ഞു. അവിടെ അധികാരം നഷ്ടപ്പെട്ട മുതലാളിവർഗ്ഗം തിരുത്തൽവാദി നേതൃത്വത്തിന്റെയും മുതലാളിത്ത- സാമ്രാജ്യത്വ ശക്തികളുടെയും പിൻബലത്തിൽ നടത്തിയ വേദനാജനകമായ അട്ടിമറിയെ തുടർന്നാണ് ഇത് സംഭവിച്ചത്. ഇതിന്റെ ഫലമായി അത്യന്താധുനികമായ പടക്കോപ്പുകളുടെ നിർമ്മാണത്തിൽ അവർ പിന്നാക്കം പോയി. എന്നുമാത്രമല്ല ഒരു സാമ്രാജ്യത്വ രാജ്യം എന്ന നിലയിൽ റഷ്യ പലനിലയ്ക്കും അധഃപതിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിൽ സൈനികമായി അവർ നേരിടുന്ന ചെറുത്തുനിൽപ്പുതന്നെ അവർ സ്വന്തം ശക്തി വളരെ പെരുപ്പിച്ചുകണ്ടു എന്ന സൂചന നൽകുന്നുണ്ട്. ഇന്ത്യൻ ഭരണാധികാരികൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയായി രുന്നു.


രണ്ടാമതായി, 2004ല്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ അട്ടിമറിക്കപ്പെട്ടതോടെ ഒരു സാമ്രാജ്യത്വ വൻ ശക്തിയായി മാറിയ ചൈന, ലോകത്ത് മേധാവിത്വം സ്ഥാപിച്ചെടുക്കുന്നതിൽ അമേരിക്കക്ക് ഒരു പ്രതിയോഗിയായി രംഗത്തുവന്നിട്ടുണ്ട്. ചൈനയിൽ ലഭ്യമാകുന്ന വിലകുറഞ്ഞ അധ്വാനശക്തിയും നിലവിലുള്ള ഉദാരമായ ബിസിനസ് നിയമങ്ങളുംമൂലം ചൈനയിൽ സംരംഭങ്ങൾ തുടങ്ങാൻ പല ബഹുരാഷ്ട്ര കമ്പനികളും താൽപര്യം കാണിക്കുന്നുണ്ട്. അന്തർദേശീയ വ്യാപാരം ചൈനയെ ആശ്രയിക്കുന്നതുവഴി ആ രാജ്യത്തിന് ആഗോളതലത്തിൽ നയതന്ത്ര രംഗത്ത് ഒരു മേൽക്കൈ ലഭിച്ചിട്ടുണ്ട്. ചൈന സൈനികമായും ശക്തമായ രാജ്യമാണ്. ലോകത്താകെ, വിശേഷിച്ച് ശാന്തസമുദ്ര മേഖലയിൽ, 750 സൈനിക താവളങ്ങൾ സ്ഥാപിച്ചിട്ടും ഇന്തോ-പസഫിക് മേഖലയിൽ ചൈനീസ് മേധാവിത്വം അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ചൈനയെ ഒതുക്കാൻ അമേരിക്കയ്ക്ക് പങ്കാളിയായി ഇന്ത്യയെ വേണം. ഇന്ത്യയാകട്ടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായിമാറും എന്ന പ്രതീക്ഷയിലാണ്. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു അവകാശവാദം ഉന്നയിക്കുകയും ചെയ്തു. എന്നുമാത്രമല്ല, സമീപഭാവിയിൽ സാമ്പത്തികമായും സൈനികമായും ചൈനയെ മറികടക്കാൻ ആയില്ലെങ്കിലും ഒപ്പം എത്താൻ കഴിയും എന്ന പ്രതീക്ഷയും ഇന്ത്യയ്ക്കുണ്ട്. ഇതിനെല്ലാം ഇന്ത്യയ്ക്ക് അമേരിക്കയുടെ സഹായവും ആവശ്യമുണ്ട്. അതിനാൽ അവരുമായുള്ള ബന്ധം ദൃഢപ്പെടുത്താൻ ഇന്ത്യയും താല്പര്യപ്പെടുന്നു.
അമേരിക്ക, ഗൾഫ് മേഖലയിൽ രാഷ്ട്രീയ മേധാവിത്വം ഉറപ്പിച്ച് എണ്ണയുടെ നിയന്ത്രണം കൈയടക്കാനും തന്ത്രപ്രാധാന്യമുള്ള മറ്റു രാജ്യങ്ങളിലും മേഖലകളിലും സ്വാധീനമുറപ്പിക്കാനും, ദീർഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കു കയാണ്. ഈ ലക്ഷ്യത്തോടെ അവർ പരമാധികാര രാജ്യമായ ഇറാക്കിനുമേൽ ആക്രമണം നടത്തി, ഇറാക്കിന്റെ പ്രസിഡന്റ് സദ്ദാം ഹുസൈനെ വധിച്ചു, ലിബിയൻ പ്രസിഡന്റ് ഗദ്ദാഫിയെ വകവരുത്തി, സൈനിക ആക്രമണം നടത്തി അഫ്ഗാനിസ്ഥാനെ വരുത്തിയിലാക്കി, സുഡാനെ വിഭജിച്ചു, സിറിയയിൽ പരോക്ഷയുദ്ധം നടത്തി, പലസ്തീനും യമനുംമേൽ ആക്രമണം നടത്താൻ സയണിസ്റ്റ് ഇസ്രായേലിനെ ഇളക്കി വിടുകയും ചെയ്തു. എന്തായാലും ഇവരുടെ നിരന്തരമായ അധിനിവേശവും ആക്രമണവും മൂലം ആ മേഖലയിലാകെ ക്രമേണ ഒരു അമേരിക്കവിരുദ്ധ മനോഭാവം വളർന്നുവരുന്നുണ്ട്. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബുഷ് 2001ൽ ‘ഭീകരവാദത്തിനെതിരായ യുദ്ധം’ പ്രഖ്യാപിച്ചു. തുടർന്നുള്ള കാലയളവിൽ പശ്ചിമേഷ്യയിൽ അമേരിക്ക കാലുറപ്പിക്കുന്നതാണ് കണ്ടത്. ഈ അമേരിക്കൻ സാന്നിധ്യത്തെ പലരും അപലപിക്കുന്നുണ്ട്. പലസ്തീൻ ജനതയ്ക്കുമേൽ ഇസ്രയേൽ നടത്തുന്ന അധിനിവേശങ്ങളെ നിരന്തരം പിന്തുണയ്ക്കുന്ന അമേരിക്കൻ നിലപാട് അറബ് ലോകത്തെ അസ്വസ്ഥമാക്കുന്നുണ്ട്. അമേരിക്ക തങ്ങളുടെ രാജ്യങ്ങളിൽ ഇടപെടുന്നത് സ്വന്തം നേട്ടത്തിനാണെന്നും എണ്ണനിക്ഷേപത്തിൽ കണ്ണുവെച്ച് ആണെന്നും പലരും കരുതുന്നുണ്ട്. സ്വന്തം രാജ്യത്ത് അമേരിക്കൻ പട്ടാളത്തെയും അവരുടെ രഹസ്യാന്വേഷണ സംവിധാനങ്ങളെയും ആണ് അറബികൾ കാണുന്നത്. അമേരിക്കയുടെ സ്വാർത്ഥത തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ വിരുദ്ധ പ്രക്ഷോഭങ്ങളും ഉയർന്നു വരുന്നുണ്ട്. അറബികൾ ദരിദ്രരായി കഴിയുമ്പോൾ അവിടുത്തെ അമേരിക്കൻ പൗരന്മാർ സമ്പന്നരായി മാറുന്നു. തങ്ങളുടെ ദുസ്ഥിതിക്ക് കാരണം അമേരിക്കയാണെന്ന് കുറ്റപ്പെടുത്തുന്ന വരും ധാരാളമുണ്ട്.


ചൈനയ്ക്ക് തടയിടാൻ അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം വേണം


ഇത് മനസ്സിലാക്കിക്കൊണ്ട് ചൈന പശ്ചിമേഷൻ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും അവർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക സഹായം മാത്രമല്ല, ഈ മേഖലയിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള താൽപ്പര്യവും ചൈന പ്രകടിപ്പിച്ചി ട്ടുണ്ട്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആക്കാനുള്ള കരാർ ബീജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ഉണ്ടായത്, മേഖലയിലെ രാഷ്ട്രീയ-സുരക്ഷാ വിഷയങ്ങളിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് അയവ് വരുത്തുവാനുള്ള ശ്രമങ്ങൾക്ക് മുൻകൈ എടുക്കാൻ ചൈനീസ് അധികൃതർ മുന്നോട്ടുവന്നു. ഇറാന്റെ ആണവ കരാർ പുതുക്കുന്ന കാര്യത്തിലും ഇതേ നിലപാട് സ്വീകരിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെ സ്വാധീനം കുറഞ്ഞു വരുന്നതോടെ അവിടെ സ്വാധീനം ചെലുത്തുന്ന ഏറ്റവും പ്രബല വിദേശ ശക്തി എന്ന സ്ഥാനം അമേരിക്കയെ പിന്തള്ളി ചൈന കരസ്ഥമാക്കും എന്ന് കരുതപ്പെടുന്നു.


മറുവശത്ത്, പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ എന്നിവയുമായും ഈജിപ്തുമായും എന്തിന് ഇസ്രായേലുമായി പോലും ഇന്ത്യ നല്ല ബന്ധം നിലനിർത്തുന്നുണ്ട്. ഏഴ് പ്രധാന അറബ് രാജ്യങ്ങൾ അംഗങ്ങളായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിനെ സുപ്രധാന സാമ്പത്തിക പങ്കാളിയായിട്ടാണ് ഇന്ത്യ എപ്പോഴും കരുതിപ്പോന്നിട്ടുള്ളത്. ഇതുവഴി പെട്രോളിയം ഇറക്കുമതി, ഗൾഫ് പണത്തിന്റെ വരവ് തുടങ്ങിയ രംഗങ്ങളില്‍ നേട്ടങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഈ ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയ സംഭവമായിരുന്നു 2021ൽ ഉണ്ടായ ‘ഇൻഡോ-അബ്രഹാമിക് അലയൻസ്’ എന്നറിയപ്പെടുന്ന ഇന്ത്യയും ഇസ്രയേലും യുഎഇയും ചേർന്ന കൂട്ടുകെട്ട്. അമേരിക്ക ഇപ്പോൾ അവരുടെ ഇൻഡോ-പസഫിക് നയതന്ത്രത്തെ -ഇത് ഈ മേഖലയിലെ ചൈനയുടെ സ്വാധീനം കുറയ്ക്കാൻ ഉന്നം വെച്ചുള്ളതാണ്- മധ്യപൂർവ്വ ദേശത്തെ പ്രവർത്തനങ്ങളുമായി സമന്വയിപ്പിക്കാൻ ശ്രമം നടത്തുകയാണ്. ഡൽഹിയുമായുള്ള ചങ്ങാത്തംവഴി ഇത് സാധിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നത്. അങ്ങനെ, ഭൂമിശാസ്ത്രപരമായി രാഷ്ട്രീയ പ്രാധാന്യമുള്ള രണ്ട് മേഖലകളിൽ ഒരേസമയം സ്വാധീനം ചെലുത്താം എന്നവർ കണക്കുകൂട്ടുന്നു. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണനിലയിലായതു പോലുള്ള കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഈ മേഖലയിൽ കുറഞ്ഞ പരിശ്രമംകൊണ്ട് കൂടുതൽ നേട്ടം ഉണ്ടാക്കാൻ അവസരം ലഭിക്കും എന്നാണ് അമേരിക്ക കരുതുന്നത്.
‘അബ്രഹാം കരാർ’ ഇന്ത്യയ്ക്ക് വലിയ നേട്ടം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പ്രാദേശികമായ ഇടപെടലിനുള്ള ഒരു രൂപരേഖ ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്. ഈ മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാം എന്നും ആ നേട്ടങ്ങൾ ദൃഢീകരിച്ചെടുക്കാമെന്നും ഇന്ത്യ കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ടാണ്, അമേരിക്കയിൽനിന്ന് മടങ്ങുന്നതുവഴി പ്രധാനമന്ത്രി മോദി ഈജിപ്ത് സന്ദർശിച്ചത്. ഈജിപ്തുമായി നിലവിലുള്ള ബഹുമുഖമായ ബന്ധങ്ങളെ ഒരു ‘തന്ത്രപരമായ പങ്കാളിത്ത’ത്തിന്റെ തലത്തിലേക്ക് ഈ വർഷം ഉയർത്തുകയും ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, പാരമ്പര്യേതര ഊർജ്ജം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിൽ ഒക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ ഉതകുന്ന മാർഗങ്ങളെ കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. ‘സൂയസ് കനാൽ ഇക്കണോമിക് സോണി’ൽ ഇന്ത്യയെ ഉൾപ്പെടുത്താനും വ്യവസായ രംഗത്തും ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിന്റെ രംഗത്തും ഇന്ത്യയ്ക്ക് അവസരം നൽകാനും ഈജിപ്ത് സന്നദ്ധമായി. പല രാജ്യങ്ങളുടെയും കമ്പോളവുമായി എളുപ്പത്തിൽ ബന്ധം സ്ഥാപിക്കാനുള്ള ഒരു അവസരമാണ് ഇതുവഴി ഇന്ത്യയ്ക്ക് ലഭിച്ചത്. ചൈന ഇതിനകം തന്നെ ഇവിടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ നിക്ഷേപം ഈജിപ്ത് സ്വാഗതം ചെയ്തു, ഗ്രീൻ ഹൈഡ്രജൻ ഉൽപാദന രംഗത്ത് പ്രത്യേകിച്ചും. ഇന്ത്യൻ കുത്തകകൾക്ക് ഇതിനകം തന്നെ ഈജിപ്തിൽ സംരംഭങ്ങൾ ഉണ്ട്. അറബ് ലോകത്തെയും ആഫ്രിക്കയിലെയും രാഷ്ട്രീയ രംഗത്തെ ഒരു പ്രധാനശക്തിയാണ് ഈജിപ്ത്. ഈജിപ്തും മിഡിൽ ഈസ്റ്റിലെ മറ്റു രാജ്യങ്ങളുമായിട്ടുള്ള ഇന്ത്യയുടെ അടുപ്പം അതിന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.


പൊള്ളയായ ജനാധിപത്യ പ്രബോധനങ്ങള്‍


ഇരു രാജ്യങ്ങളും ജനാധിപത്യത്തെ പുകഴ്ത്തി പാടിക്കൊണ്ട് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. നരേന്ദ്രമോദി മാധ്യമങ്ങൾക്കു മുന്നിൽ ജനാധിപത്യത്തോടുള്ള കൂറ് ആവർത്തിച്ചു. “ജനാധിപത്യം നമ്മുടെ ആത്മാവാണ്… അത് നമ്മുടെ സിരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. നമ്മുടെ പൂർവികർ ഈ ആശയത്തിന് വാഗ്‌രൂപം നൽകുകയാണ് ചെയ്തത്… ജനാധിപത്യത്തിന് നമ്മുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുമെന്ന് നമ്മൾ എല്ലാ കാലവും തെളിയിച്ചിട്ടുണ്ട്. അതാകട്ടെ ജാതി, വംശം, മതം, ലിംഗം എന്നിവയ്ക്കൊക്കെ അതീതമായിട്ടാണുതാനും… വിവേചനത്തിന് ഇവിടെ സ്ഥാനമില്ല. ജനാധിപത്യത്തെ കുറിച്ച് പറയുമ്പോൾ, മാനുഷിക മൂല്യങ്ങളും മാനവികതയും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ അത് ജനാധിപത്യമേ അല്ല.” അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതാകട്ടെ, ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎയിൽത്തന്നെ ജനാധിപത്യമുണ്ട് എന്നത്രേ.


എന്നാൽ വസ്തുത എന്താണ് ? ദീർഘകാലമായി അമേരിക്കയിൽ വ്യവസായ-സൈനിക സഖ്യം നിലനിൽക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ സൈന്യവും അതിന് ആയുധങ്ങൾ ഉണ്ടാക്കി നൽകുന്ന പ്രതിരോധ വ്യവസായവും തമ്മിലുള്ള ബന്ധം എന്നാണത് നിർവചിക്കപ്പെടുന്നത്. സൈന്യവും പ്രതിരോധരംഗത്തെ നിക്ഷേപകരും തമ്മിലുള്ള ബന്ധത്തിന്റെ പ്രേരകശക്തി ഇരുകൂട്ടർക്കും നേട്ടമുണ്ട് എന്നതാണ്. സൈന്യത്തിന് യുദ്ധോപകരണങ്ങൾ ലഭിക്കുമ്പോൾ മറ്റേ കൂട്ടർക്ക് പണം ലഭിക്കുന്നു എന്നാണ് സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചത്. ലോകത്തെയാകെ കൊള്ളയടിക്കുകയും ആക്രമിക്കുകയുമൊക്കെ ചെയ്യുന്ന അമേരിക്കയുടെ തനിനിറം മൂടിവയ്ക്കാനാണ് അവർ മനുഷ്യാവകാശങ്ങളെ കുറിച്ച് വാചാലമാകുന്നത്. സ്വന്തം കാര്യം വരുമ്പോൾ മനുഷ്യാവകാശങ്ങൾ കടലാസിലൊതുങ്ങും. അമേരിക്കൻ ആജ്ഞ അനുസരിക്കാത്ത രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും മനുഷ്യാവകാശ ലംഘനം ആരോപിച്ച് ആക്രമിക്കാനും ഗവൺമെന്റിനെ അട്ടിമറിക്കാനും പാവ ഗവൺമെന്റിനെ പ്രതിഷ്ഠിക്കാനും ഒക്കെയുള്ള അധികാരം അവർ സ്വയം ചാർത്തിക്കൊടുക്കുന്നു. അമേരിക്ക ഇപ്പോൾ തീവ്ര വലതുപക്ഷ ഭരണത്തിൻ കീഴിലാണ്. അതുകൊണ്ടുതന്നെ ഇത്തരം നടപടികൾ നിരന്തരം ഉണ്ടാകും. ആഭ്യന്തര രംഗത്ത് മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടും. കറുത്ത വർഗ്ഗക്കാരുടെ നേരെയും മറ്റും നടക്കുന്ന അതിക്രമങ്ങൾ ഉദാഹരണം. മനുഷ്യാവകാശ ലംഘനങ്ങളുടെ കരിനിഴലിൽ നിൽക്കുന്ന നരേന്ദ്രമോദിയെ പോലെ ഒരു വിദേശ നേതാവ് ഈ അരുംകൊലകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വെള്ളപൂശി അന്താരാഷ്ട്രരംഗത്തെ അമേരിക്കയുടെ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പിന്തുണ നൽകുകയാണ്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെയും അടിസ്ഥാനമായി വർത്തിക്കുന്നത് ഡോളർ നേട്ടം തന്നെയാണ്. അതോടൊപ്പം, അമേരിക്കയിലെ പോലെ ഇന്ത്യയിലും ഒരു സൈനിക-വ്യവസായ അവിശുദ്ധസഖ്യം പടുത്തുയർത്താൻ ഇന്ത്യൻ മുതലാളി വർഗ്ഗവും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യവും കണക്കിലെടുക്കണം. ഇന്ത്യയിലെ ഏതാണ്ട് എല്ലാ കോർപ്പറേറ്റുകളും ഒറ്റയ്ക്കോ വിദേശ പങ്കാളിയുമായി ചേർന്നോ പ്രതിരോധരംഗത്ത് മൂലധനം ഇറക്കാൻ ഉത്സാഹിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യാ ഗവൺമെന്റ് സൈനിക ബജറ്റ് വൻതോതിൽ വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വിദേശ കുത്തകളുമായുള്ള പ്രതിരോധ ഇടപാടുകളിൽ അവർ മധ്യസ്ഥരുടെ പങ്കാണ് നിറവേറ്റുന്നത്. അടുത്തിടെ അനില്‍ അംബാനിയുടെ റഫേൽ ജറ്റ് വിമാന ഇടപാട് നരേന്ദ്രമോദിയുടെ കാർമികത്വത്തിലാണ് നടന്നത്. 2017ൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ പല പ്രതിരോധ ഇടപാടുകൾക്കും അന്തിമരൂപം നൽകുകയുണ്ടായി. ഇന്ത്യൻ നേവിക്ക് വേണ്ടി വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ ബരാക് – 8, ടെറിട്ടോറിയൽ ആർമിക്കുവേണ്ടി ടാങ്ക് വേധ മിസൈലായ സ്പൈക്ക് എന്നിവ വാങ്ങുന്നത് ആ വേളയിലാണ്. “ഇസ്രയേൽ ഇന്ത്യയുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകുകയാണ്. പ്രതിരോധരംഗത്ത് അവർക്ക് വളരെ ഉയർന്ന സാങ്കേതികവിദ്യ കൈവശമുണ്ട്”, എന്നാണ് അന്ന് മോദി പറഞ്ഞത്. ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന്റെ കാതലായ വശം പ്രതിരോധ ഇടപാടുകൾ തന്നെയാണെന്ന് ഇന്ത്യൻ അധികൃതർ സമ്മതിച്ചിട്ടുള്ളതാണ്. കഴിഞ്ഞ അമേരിക്കൻ സന്ദർശന വേളയിൽ ഒഴികെ എല്ലാ വിദേശപര്യടനത്തിലും മോദിയോടൊപ്പം കുത്തക ഭീമനായ ഗൗതം അദാനിയും ഉണ്ടായിരുന്നു. ഹിന്‍ഡൻ ബർഗ് റിപ്പോർട്ട് അദാനിയുടെ അവിഹിത ബിസിനസ് രഹസ്യങ്ങൾ പുറത്തു കൊണ്ടുവന്നതുകൊണ്ടാകാം ഇക്കുറി ഒഴിവാക്കിയത്. മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനുശേഷം ഇന്ത്യ-ഇസ്രയേൽ പ്രതിരോധ ബന്ധത്തിൽ അദാനിക്ക് ശക്തമായ സ്ഥാനം നൽകപ്പെട്ടിരുന്നു. ഡ്രോണുകൾ, ഇലക്ട്രോണിക്സ്, ചെറുകിട ആയുധങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ തുടങ്ങിയ മേഖലകളിൽ ഒക്കെ ഇസ്രായേലി കുത്തക കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ അദാനിക്ക് അവസരമുണ്ടായി. ഡ്രോണുകളുടെ നിർമ്മാണംപോലെ തന്ത്രപ്രാധാന്യമുള്ള ഒരു മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത അദാനിക്ക് ഇസ്രയേലിലെ വമ്പൻ കുത്തകയായ എൽബിറ്റുമായി സംയുക്ത സംരംഭം ആരംഭിക്കാൻപോലും അവസരം ലഭിച്ചു. ഇന്ത്യ അതിവേഗം സമ്പൂർണ്ണമായ ഒരു വ്യവസായ-സൈനിക അവിശുദ്ധ സഖ്യത്തിലേക്ക് നീങ്ങുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൊട്ടിഘോഷിക്കപ്പെട്ട ചങ്ങാത്തത്തിന് പിന്നിലും അറപ്പുളവാക്കുന്ന ഇത്തരം അധോലോക ഇടപാടുകൾ തന്നെയാണുള്ളത്.


ജനങ്ങൾ മതിയായ രാഷ്ട്രീയ ബോധം ആർജിക്കണം


വ്യവസായ-സൈനിക സഖ്യം രൂപപ്പെടുന്നതും സമ്പദ്ഘടനയുടെ വർദ്ധിച്ചുവരുന്ന സൈനികവൽക്കരണവും ജനങ്ങളുടെ താൽപര്യത്തിന് തീർത്തും എതിരാണ്. ശക്തമായ സൈനിക ശേഷിയുള്ള ഒരു സാമ്രാജ്യത്വ-മുതലാളിത്ത ഭരണകൂടം നിലവില്‍ വരുന്നത്, വിയോജിക്കുന്നവർക്കും പ്രതിഷേധിക്കുന്നവർക്കും എതിരായ അടിച്ചമർത്തൽ നടപടികൾ പതിന്മടങ്ങാകാൻ ഇടയാക്കും. നീതിക്കുവേണ്ടിയുള്ള മുറവിളികൾ മാരകമായ ആക്രമണങ്ങളിലൂടെ അമർച്ച ചെയ്യപ്പെടും. ഇന്ത്യൻ സാഹചര്യം ഇത്തരമൊരു അവസ്ഥ വളരെ പ്രകടമാക്കുന്നതാണ്. എതിർപ്പുകളെ അമർച്ച ചെയ്യാൻ ഒരുപിടി കരിനിയമങ്ങൾ പടച്ചുണ്ടാക്കിയിരിക്കുന്നു. സാമ്പത്തിക വിഷമതകളെക്കുറിച്ച് ഗവൺമെന്റ് മുതലക്കണ്ണീര്‍ ഒഴുക്കുന്നു. എന്നാൽ, പൊതുജനക്ഷേമ നടപടികൾ റദ്ദാക്കുകയും കുത്തകകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ കോരിച്ചൊരിയുകയുംചെയ്യുന്നു. കോർപ്പറേറ്റുകൾക്കുവേണ്ടി പൊതുഖജനാവ് ദുരുപയോഗം ചെയ്യുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുപോലും ഉത്തരമില്ല. നികുതിയുടെ, പ്രത്യേകിച്ച് പരോക്ഷ നികുതിയുടെ ഭാരം മുഴുവൻ സാധാരണക്കാർ താങ്ങേണ്ടി വരുമ്പോൾ ബിസിനസ്സുകാർക്ക് പലതരം നികുതി ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്നു. ജനങ്ങളെ പിഴിഞ്ഞൂറ്റി സമാഹരിക്കുന്ന പണം സൈനികവ്യവസായങ്ങൾക്ക് ചൊരിഞ്ഞു കൊടുക്കുന്നുജനങ്ങൾ പ്രതിഷേധിച്ചാൽ, ക്രമസമാധാനം പാലിക്കാൻ എന്ന പേരിൽ അവരെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തും.
മോദി ഭരണവർഗത്തിന്റെ, അടിച്ചമർത്തുന്നവന്റെ വിശ്വസ്ത പ്രതിനിധിയാണ്. മോദി അഴിമതി രഹിത സംശുദ്ധ ഭരണത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പ്രസംഗിക്കുമ്പോൾ ജനങ്ങൾ അത്ഭുതപ്പെടുകയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും അട്ടിമറിച്ച്, ജനാധിപത്യത്തെ കശാപ്പുചെയ്ത്, അഴിമതിയിൽ ആറാടുന്ന ഒരു ഭരണത്തിന് ഇത്തരമൊരു അവകാശവാദം ഉന്നയിക്കാൻ കഴിയുന്നത് എങ്ങനെയാണ്.


ഭരണവർഗത്തിന്റെയും അവരുടെ രാഷ്ട്രീയ ഏജന്റുമാരുടെയും ഈ ഹീനവും വഞ്ചനാപരവുമായ നിലപാടുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ബൂർഷ്വാ ഗവൺമെന്റുകളും അവരുടെ പിണിയാളുകളും നടത്തുന്ന കപട ഭാഷണങ്ങളാലും നാട്യങ്ങളാലും ജനങ്ങൾ വഞ്ചിതരാകരുത്. ജനങ്ങൾ മതിയായ രാഷ്ട്രീയ പ്രബുദ്ധതയോടെ, ശരിയായ വിപ്ലവ നേതൃത്വത്തിൽ കീഴിൽ സംഘടിതരാകണം. യോജിച്ചതും കരുത്തുറ്റതുമായ പ്രക്ഷോഭങ്ങളിലൂടെ സാമ്രാജ്യത്വ-മുതലാളിത്ത കരുനീക്കങ്ങളെ പരാജയപ്പെടുത്താൻ അവർക്കാകണം.

Share this post

scroll to top