തൊഴിലാളി ക്ഷേമനിധി ബോർഡുകളെ നോക്കുകുത്തികളാക്കുന്നു

Share

അസംഘടിത മേഖലയിലെയും പരമ്പരാഗത വ്യവസായ രംഗത്തെയും തൊഴിലാളികളുടെ ക്ഷേമത്തിനായി സ്‌ഥാപിക്കപ്പെട്ടിരിക്കുന്ന ക്ഷേമനിധി ബോർഡുകളിൽ ഭൂരിപക്ഷവുമിന്ന് പ്രതിസന്ധിയിലാണ്. വലിയ ക്ഷേമനിധി ബോർഡുകളിലൊന്നായ നിർമാണ തൊഴിലാളി ബോർഡിന്റെ ക്ഷേമനിധി പെൻഷൻ പന്ത്രണ്ട് മാസമായി കുടിശ്ശികയാണ്. തുടക്കം മുതൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ പലതും ഏകപക്ഷീയമായി ഇല്ലാതാക്കുകയോ നിർത്തിവച്ചിരിക്കുകയോ ആണ്. ഇത്തരത്തിൽ കയർ, കശുവണ്ടി, തയ്യൽ തുടങ്ങി ഭൂരിപക്ഷം ക്ഷേമനിധി ബോർഡുകളും പെൻഷനടക്കം കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് വർഷങ്ങളായി കുടിശ്ശിക വരുത്തിയിരിക്കുന്നത്. സർക്കാരിൽനിന്നും ബോർഡുകൾക്ക് നൽകേണ്ട ധനസഹായങ്ങൾ നൽകുന്നില്ലയെന്ന് മാത്രമല്ല, ക്ഷേമനിധി ബോർഡുകൾ അംശാദായമിനത്തിലും സെസ്സ് പിരിവിലൂടെയുമൊക്കെ സമാഹരിക്കുന്ന തുകയും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്നപേരിൽ തിരിച്ചുപിടിക്കുകയും ചെയ്യുന്നു. നിർമാണം, മോട്ടോർ, മദ്യം തുടങ്ങിയ ബോർഡുകളിൽനിന്നും ആയിരക്കണക്കിന് കോടി രൂപയാണ് ഇങ്ങനെ വകമാറ്റിയിരിക്കുന്നത്.


കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ പാസ്സാക്കിയ വ്യത്യസ്ത നിയമ നിർമാണങ്ങളിലൂടെയും വിവിധ സർക്കാർ ഉത്തരവുകളിലൂടെയും നിലവിൽവന്ന പതിനഞ്ചിലധികം ക്ഷേമനിധി ബോർഡുകളാണ് കേരളത്തിലുള്ളത്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയവയടക്കം പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയാണ് ഈ വ്യത്യസ്ത ക്ഷേമനിധി ബോർഡുകൾ രൂപീകരിച്ചിട്ടുള്ളത്. അംഗ തൊഴിലാളികൾ നൽകുന്ന അംശാദായവും തൊഴിലുടമാവിഹിതവും സെസ്സും സർക്കാർ ധനസഹായവുമൊക്കെയാണ് ഈ സ്ഥാപനങ്ങളെ സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകുന്നത്. തൊഴിലാളികൾക്കും ആശ്രിതർക്കുമായി നാമമാത്രമായ ധനസഹായങ്ങളും സ്കോളർഷിപ്പുകളുമൊക്കെ നൽകിവരുന്ന ഈ സ്‌ഥാപനങ്ങൾ നിർവഹിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് വിരമിച്ച തൊഴിലാളികൾക്കും മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും നൽകിവരുന്ന 1600രൂപ പെൻഷൻ. ഏകദേശം 6.74ലക്ഷമാളുകളാണ് വിവിധ ക്ഷേമനിധി ബോർഡുകളിലൂടെ കേരളത്തിൽ പെൻഷൻ കൈപ്പറ്റുന്നതെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ഇങ്ങനെ പെൻഷൻ ലഭിക്കുന്നവരിൽ ഭൂരിപക്ഷത്തിനും ഈ പെൻഷൻ കിട്ടുന്നു എന്ന കാരണത്താൽ മറ്റൊരു തരത്തിലുമുള്ള സാമൂഹ്യ ക്ഷേമപെൻഷനും ലഭിക്കാറില്ല.ചുരുക്കത്തിൽ 1600രൂപ പെൻഷനെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് വൃദ്ധരായ മനുഷ്യരുടെ ജീവിതവും ഇതോടൊപ്പം പ്രതിസന്ധിയിലായി രിക്കുകയാണ്.
ബോർഡുകളുടെ ഭരണ സമിതിയിലേക്കും ചെയർമാൻ സ്‌ഥാനത്തേക്കും ജീവനക്കാരുടെനിയമനവുമായി ബന്ധപ്പെട്ടുമൊക്കെ തികഞ്ഞ കക്ഷി രാഷ്ട്രീയ പക്ഷപാതിത്വമാണ് നിലവിലുള്ളത്. ബോർഡുകളെ പ്രതിസന്ധിയിലാക്കുന്നതിൽ ഇതും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. വർക്കിംഗ്‌ അറേഞ്ച്മെന്റിലൂടെയും ഡെപ്യൂട്ടേഷനിലൂടെയൂമൊക്കെ ക്ഷേമനിധി ബോർഡുകളിലെത്തുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷത്തിനും തങ്ങൾ ജോലിചെയ്യുന്ന സ്‌ഥാപനത്തെപ്പറ്റിയോ അതിന്റെ സവിശേഷതകളെപ്പറ്റിയോ യാതൊരു ധാരണയുമുണ്ടാകാറില്ല. ഭരണകക്ഷി വിധേയത്വം മാത്രം മാനദണ്ഡമാക്കി നിയമനം നേടി വരുന്ന കരാർ ജീവനക്കാർക്കും കൂറ് തങ്ങളെ നിയമിച്ച രാഷ്ട്രീയ മേലാളന്മാരോടായിരിക്കും. എല്ലാ ക്ഷേമനിധി ബോർഡുകളിലെയും നിയമനങ്ങൾ പൂർണമായും പിഎസ്‌സി വഴിയാക്കി കരാർ നിയമനങ്ങൾ ഇല്ലാതാക്കിയാലേ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകൂ.
സാമ്പത്തികമായി ക്ഷേമനിധി ബോർഡുകൾ തങ്ങൾക്ക് വലിയ പ്രയോജനമൊന്നും ചെയ്യുന്നില്ലായെന്ന് തിരിച്ചറിയുന്ന തൊഴിലാളികൾ ഇന്ന് വൻതോതിൽ ഇത്തരം പദ്ധതികളോട് മുഖം തിരിക്കുന്നതും കാണാൻ കഴിയും. അംശാദായം അടയ്ക്കാതെയും അംഗത്വം പുതുക്കാതെയു മൊക്കെ ധാരാളം തൊഴിലാളികളിന്ന് ഇത്തരം പദ്ധതികൾക്ക് പുറത്തായിക്കൊ ണ്ടിരിക്കുകയാണ്. ഒരാൾക്ക് ഒരു പെൻഷൻ മാത്രമെന്ന സർക്കാർ നയത്തിന്റെ മറവിൽ ക്ഷേമനിധി ബോർഡുകൾ വൻതോതിൽ പെൻഷൻ അപേക്ഷകൾ നിരസിക്കുന്നുമുണ്ട്. ഇതും ക്ഷേമനിധി ബോർഡുകളെ അനാകർഷകമാക്കുന്ന കാരണങ്ങളിലൊന്നാണ്.
എല്ലാത്തരം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽനിന്നും സർക്കാരുകൾ പിന്മാറുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭരണകൂടം പൂർണമായും കുത്തകകളുടെ ദാസ്യത്തിലേയ്ക്ക് മാറിയിരിക്കുന്ന ഇക്കാലത്ത്, വ്യവസായ സൗഹൃദമെന്നും നിക്ഷേപസൗഹൃദമെന്നുമൊക്കെയുള്ള വിവിധ പേരുകളിൽ കേരളത്തിലടക്കം നടപ്പാക്കുന്ന നയങ്ങൾ തൊഴിലവകാശങ്ങളെയും തൊഴിലാളി ക്ഷേമത്തെയു മൊന്നും തരിമ്പും പരിഗണിക്കുന്നവയല്ല. ക്ഷേമനിധി ബോർഡുകൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണവും ഇതുതന്നെയാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക ഫണ്ട്‌ രൂപീകരിക്കുകയെന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുയർത്തുന്ന ഡിമാൻഡിനോട് കേന്ദ്ര സർക്കാർ പുലർത്തുന്ന ക്രൂരമായ അവഗണനയ്ക്ക് കാരണവും മറ്റെങ്ങും തേടേണ്ടതില്ല.

Share this post

scroll to top