അട്ടപ്പാടിയിൽ ആദിവാസിയുവാവ് കൊലചെയ്യപ്പെട്ട സംഭവം – ധാർമ്മികഉത്തരവാദിത്തം രാഷ്ട്രീയനേതൃത്വത്തിന് –എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

Share

അട്ടപ്പാടിയിൽ ആദിവാസിയുവാവ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭയാനകമായ സാംസ്‌കാരികാപചയത്തിന്റെയും മൂല്യച്യുതിയുടെയും ലക്ഷണമാണെന്നും, ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിന്റെ ധാർമ്മികഉത്തരവാദിത്തം കേന്ദ്രത്തിലും സംസ്ഥാനത്തും മാറി മാറി അധികാരം കൈയാളിവരുന്ന രാഷ്ട്രീയനേതൃത്വങ്ങൾക്കാണെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനസെക്രട്ടറി സി.കെ.ലൂക്കോസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ജാതിയോ മതമോ ഭാഷയോ ദേശമോ നോക്കാതെ മനുഷ്യനെ സ്‌നേഹിക്കുകയെന്ന വിശ്വമാനവികതയുടെ സംസ്‌കാരമാണ് ശ്രീനാരായണഗുരുവിനെപ്പോലുള്ള നവോത്ഥാന നായകന്മാർ നമ്മുടെ നാട്ടിൽ സൃഷ്ടിച്ചത്. മനുഷ്യനന്മയെ എന്തിന്റെയും അളവുകോലാക്കിയിരുന്ന ആ സംസ്‌കാരത്തിന്റെ പ്രഭാവം മങ്ങുകയും, പകരം കമ്പോളത്തെ കേന്ദ്രമാക്കുന്ന ജീർണ്ണമായ സാമ്രാജ്യത്വസംസ്‌കാരം കരുത്താർജ്ജിക്കുകയും ചെയ്യുന്നതിന്റെ ഫലമാണ് ഇന്ന് കാണുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളവൽക്കരണ നയങ്ങൾ ഈ അപചയപ്രക്രിയയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സങ്കുചിതമായ കക്ഷിരാഷ്ട്രീയ താല്പര്യാർത്ഥം അരങ്ങേറുന്ന കൊലപാതകപരമ്പരകളും സമൂഹത്തിൽ ആക്രമണോത്സുകമായ മൃഗീയഭാവങ്ങൾക്ക് വളമിട്ടിട്ടുണ്ട്. വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾ ഈ രണ്ട് ദുഷ്‌ചെയ്തികളിലുമേർപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിനാലാണ് ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്തം അവർക്കുണ്ടെന്ന് പറയുന്നത്. ഉയർന്ന തൊഴിലാളിവർഗ്ഗ സംസ്‌കാരത്തിലധിഷ്ഠിതമായ ജനാധിപത്യസമരങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ സമൂഹത്തിൽ സാംസ്‌കാരികജീർണ്ണതയ്‌ക്കെതിരായ പ്രതിപ്രവാഹം സൃഷ്ടിക്കാൻ എല്ലാ പുരോഗമന ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
മധുവിന്റെ കൊലയ്ക്ക് ഉത്തരവാദികളായവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മധുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഞങ്ങൾ ഗവണ്മെന്റിനോടാവശ്യപ്പെടുന്നു – പ്രസ്താവനയിൽ പറയുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top