നീരവ് മോദി-പഞ്ചാബ് നാഷണൽ ബാങ്ക് കുംഭകോണം. പൊതുമുതൽ കൊള്ളയടിക്ക് ഒത്താശ ചെയ്യുന്ന അഴിമതി നിറഞ്ഞ മുതലാളിത്ത വ്യവസ്ഥ.

Share

ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ 57-ാം സ്ഥാനത്തുള്ള നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 11,300 കോടിയാണ്. യഥാർത്ഥത്തിൽ ഇത് 20,000 കോടി കവിയുമെന്നും പറയുന്നു. റോട്ടോമാക് പേന കമ്പനിയുടമ വിക്രം കോത്താരി 7 ബാങ്കുകളിൽ നിന്നായി 3,695 കോടി രൂപ തട്ടിയെടുത്ത സംഭവം ഇതിനുതൊട്ടുപിന്നാലെ പുറത്തുവന്നു. 11 കമ്പനികളുടെ 9,000 അക്കൗണ്ടുകളിലായി 26,000 കോടിരൂപ നഷ്ടപ്പെട്ടിരിക്കുന്നു എന്നും വെളിപ്പെടുത്തലുണ്ട്. ഈ കൊള്ള സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന കാര്യത്തിൽ നല്ല പിള്ള ചമഞ്ഞുകൊണ്ട് മുതലാളിത്തത്തിന്റെ വിശ്വസ്ത കക്ഷികളായ ബിജെപിയും കോൺഗ്രസ്സും പരസ്പരം ആരോപണങ്ങളുതിർത്തുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പണം അപഹരിക്കപ്പെടുന്ന ഈ സ്ഥിതിവിശേഷത്തിന്റെ സത്യമറിയാനാഗ്രഹിക്കുന്നവർ ചില വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്.

ഇത്തരം വൻ തട്ടിപ്പുകൾ
എങ്ങനെ നടക്കുന്നു ?

ഹർഷദ് മേത്ത സംഭവം നടന്നിട്ട് 25 വർഷമായിട്ടും ജനങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷയും ബാങ്കുകളുടെ ഭദ്രതയും ഉറപ്പാക്കാൻ മാറിമാറിവന്ന ഗവൺമെന്റുകൾ ഒന്നും ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 8,670 കേസുകളിലായി 61,260 കോടിയുടെ ബാങ്ക് തട്ടിപ്പുകളാണ് നടന്നിരിക്കുന്നത്. ബിസിനസുകാരുടെ വേഷം കെട്ടിയ തട്ടിപ്പുകാരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ബാങ്കിംഗ് വ്യവസായം അടിചോരുന്ന ഒരു പാത്രമാണ്. തട്ടിപ്പിന് അവർ പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നു. ‘ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്’ എന്ന വഴിയാണ് നീരവ് മോദി തെരഞ്ഞെടുത്തത്. കച്ചവടക്കാർക്കും വിതരണക്കാർക്കുമൊക്കെ കൊടുക്കാനുള്ള പണം ബാങ്ക്‌വായ്പയായി തരപ്പെടുത്തുന്ന രീതിയാണ് അന്തർദ്ദേശീയ വ്യാപാര രംഗത്തുള്ളത്. സ്വന്തം രാജ്യത്തെ ഒരു ബാങ്കിൽ നിന്ന് ഈ അണ്ടർ ടേക്കിംഗ് നേടുന്ന ഒരു വ്യാപാരിക്ക് വിദേശത്തുള്ള മറ്റൊരു ഇന്ത്യൻ ബാങ്കിൽ നിന്ന് ഹ്രസ്വകാല വായ്പ തരപ്പെടുത്താം. ഈ അണ്ടർടേക്കിംഗ് ബാങ്ക്ഗ്യാരണ്ടിയായി ഉപയോഗിക്കാം. ഇതിന് അണ്ടർടേക്കിംഗ് നൽകുന്ന ബാങ്കിന് കമ്മീഷൻ നൽകണം. വായ്പയ്ക്ക് ഒരു പരിധിയും നിശ്ചയിക്കും. എന്നാൽ ഈ വായ്പാ പരിധിയോ കമ്മീഷൻ വ്യവസ്ഥയോ ഇല്ലാതെയാണ് ബോംബെയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ നിന്ന് നീരവ് മോദി അണ്ടർടേക്കിംഗ് തരപ്പെടുത്തിയത്. പിഎൻബിയുടെ രേഖകളിൽ വരാത്ത ഈ അണ്ടർടേക്കിംഗ് ഉപയോഗിച്ച് നീരവ് മോദിയും ബന്ധുക്കളുംകൂടി വിദേശത്തുള്ള അലഹബാദ് ബാങ്ക്, ആക്‌സിസ് ബാങ്ക് ശാഖകളിൽനിന്ന് വായ്പകൾ തരപ്പെടുത്തിക്കൊണ്ടേയിരുന്നു. പലിശ സഹിതം ഈ വായ്പകൾ തിരിച്ചടയ്‌ക്കേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അണ്ടർടേക്കിംഗ് നൽകിയ ബാങ്ക് പണം നൽകേണ്ടിവരും. ഇവിടെ പഞ്ചാബ് നാഷണൽ ബാങ്ക് ഈ ബാദ്ധ്യതയെല്ലാം ഏറ്റെടുക്കേണ്ടി വന്നു. നീരവ് മോദിയാകട്ടെ തുടർന്നും അണ്ടർടേക്കിംഗ് ആവശ്യപ്പെട്ടു. പിഎൻബി അതിന് ജാമ്യം ആവശ്യപ്പെട്ടു. അങ്ങനെ ഇതിനുമുമ്പ് ആവശ്യപ്പെട്ടിട്ടില്ല എന്നായി നീരവ് മോദി. രേഖകൾ പരിശോധിച്ച ബാങ്ക് അധികൃതർക്ക് ഒരു രേഖയും കണ്ടെത്താനായില്ല. അതായത് ഒരു രേഖയുമില്ലാതെയാണ് ഇക്കാലമത്രയും ബാങ്ക് അണ്ടർടേക്കിംഗ് നൽകിയിരുന്നത് എന്നർത്ഥം. ബാങ്കും പുറത്തുള്ള ഏജൻസിയുമൊക്കെ ആഡിറ്റിംഗ് പലത് നടത്തിയിട്ടും എന്തുകൊണ്ട് ഈ തട്ടിപ്പ് ഇതുവരെ കണ്ടെത്തിയില്ല എന്നതും എന്തുകൊണ്ടിത് റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നതും ഒരു അത്ഭുതമായി അവശേഷിക്കുന്നു. പട്ടാപ്പകൽ ബാങ്ക് കുത്തിച്ചോർത്തിയതിന് ഒരു ന്യായവും പിഎൻബിക്ക് നിരത്താനില്ല എന്നിരിക്കെ അവർക്ക് ജാഗ്രതയ്ക്കുള്ള അവാർഡ്കൂടി കൊടുത്തു എന്നതാണ് വിരോധാഭാസം.

അധികാരികളുടെ ഒത്താശയോടെ നടക്കുന്ന തട്ടിപ്പുകൾ

അധികാരശ്രേണിയിലുള്ള ഉന്നതന്മാരുടെ ഒത്താശയില്ലാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ല. ഒരു കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുന്ന ഇക്കാര്യം പക്ഷേ അന്വേഷണ ഏജൻസികൾക്ക് പിടികിട്ടുന്നില്ല. മുമ്പുനടന്ന സാമ്പത്തിക ക്രമക്കേടുകളിലും തിരിമറികളിലും ഒരു വൻസ്രാവിനെയും ആരും ഇതുവരെ സ്പർശിച്ചിട്ടില്ല. ആരെങ്കിലും പിടിക്കപ്പെട്ടാൽത്തന്നെ രക്ഷപ്പെടാൻ പഴുതൊരുക്കും. ചെറിയ മീനുകളെ പിടിച്ച് അന്വേഷണ ഏജൻസികൾ കേസ് അവസാനിപ്പിക്കും. ചില ബലിയാടുകൾക്കെതിരെ ചില അച്ചടക്ക നടപടികൾ എടുക്കും. എന്നിട്ട് നിയമവും നീതിയുമൊക്കെ നടപ്പിലായതായി വീമ്പിളക്കും. ജനാധിപത്യത്തിന്റെ വിജയമാഘോഷിക്കും. വമ്പന്മാരൊക്കെ ഭരിക്കുന്നവർക്ക് വേണ്ടപ്പെട്ടവരായിരിക്കും. അവരാണ് അധികാരസ്ഥാനങ്ങൾ സംരക്ഷിക്കാനും നേതാക്കൾക്ക് സുഖസൗകര്യങ്ങളൊരുക്കാനും പണം മുടക്കുന്നത്. തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഫണ്ടുനൽകുന്നത്. പ്രധാനമന്ത്രിമാരടക്കം ഏതു ഗവൺമെന്റായാലും നിരപരാധി ചമയും. നിയമം വളച്ചൊടിക്കുന്നത് തുടരും. തട്ടിപ്പുകൾ അവർ കണ്ടതായി ഭാവിക്കില്ല. മുതലാളിത്ത ലോകത്താകെ ഇത്തരം കാഴ്ചകളാണിന്ന് കാണുന്നത്. ഈ ചരിത്രം ഇപ്പോഴും ആവർത്തിക്കുന്നു. സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചതായി ഭാവിക്കുന്നു. പക്ഷെ ഉന്നതന്മാരെയെല്ലാം സംരക്ഷിച്ചുകൊണ്ട് സിബിഐ ചില ബലിയാടുകളെ കണ്ടെത്തിയെന്നുമാത്രം.

നിരപരാധി ചമയുന്ന  ബിജെപിയും ഗവൺമെന്റും

ഈ കുറ്റകൃത്യത്തിൽ ഇവർക്ക് ഒരു പങ്കുമില്ലേ? ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തവരോട് ഇവർ എന്ത് ഔദാര്യമാണ് കാണിക്കുന്നത്. വായ്പ ദുരുപയോഗം ചെയ്യുകയും മനഃപൂർവ്വം തിരിച്ചടയ്ക്കാതിരിക്കുകയുമാണ് ഇവർ ചെയ്യുന്നത്. കിട്ടാക്കടം 11 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഇതിന്റെ മൂന്നിൽരണ്ടു ഭാഗവും വമ്പൻ കമ്പനിയുടമകൾ തരപ്പെടുത്തിയതാണ്. ബിജെപി ഭരണത്തിൽ കിട്ടാക്കടം നാലിരട്ടിയായി. എന്നിട്ട് ബജറ്റ് അവതരിപ്പിച്ചപ്പോൾ പ്രധാനമന്ത്രിയോ ധനമന്ത്രിയോ ഇതിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. പൊതുഖജനാവിലെ പണമെടുത്ത് രോഗബാധിതമായ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് ധനമന്ത്രി പ്രസംഗിച്ചത്. കിട്ടാക്കടം പെരുകുമ്പോൾ അവർക്കുതന്നെ വീണ്ടും ആനുകൂല്യങ്ങൾ ചൊരിയുന്നത് ഇവർക്ക് ഒന്നും അറിയാത്തതുകൊണ്ടാണ് എന്നാണോ വിശ്വസിക്കേണ്ടത് ?

നീരവ് മോദി തട്ടിപ്പ് പുറത്തുവന്നപ്പോൾ ഏതാനും ദിവസം പ്രധാനമന്ത്രിയും ധനമന്ത്രിയും വായ തുറന്നില്ല. 2011ൽ കോൺഗ്രസ് ഭരിക്കുമ്പോൾ തുടങ്ങിയ പ്രശ്‌നമാണെന്ന് മറ്റുമന്ത്രിമാെരക്കൊണ്ട് പറയിപ്പിച്ചു. എന്നാൽ 293 അണ്ടർടേക്കിംഗുകളും കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ നൽകിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെപ്പോലും ആവർത്തിച്ച് കാര്യങ്ങൾ അറിയിച്ചുകൊണ്ടിരുന്നതാണ് എന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന് 2015 മേയ് 7നു തന്നെ ആദ്യത്തെ പരാതി ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, തട്ടിപ്പ് അന്വേഷിക്കുന്ന ഏജൻസി എന്നിവർക്കും കോപ്പി നൽകിയിരുന്നു. വൈഭവ് ഖുരാനിയ ആന്റ് ആർ.എം ഗ്രീൻ സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പരാതി നൽകിയത്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. ദിഗ്വിജയ് സിംഗ് ജഡേജ എന്നൊരാൾ മെഹുൽ ചോക്‌സിയും കൂട്ടരും തന്നെ പറ്റിച്ചുവെന്ന് പറഞ്ഞ് ഗുജറാത്തിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസി മുമ്പാകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ചോക്‌സിയും കൂട്ടരും ബാങ്കുകൾക്ക് 9,872 കോടി നൽകാനുണ്ടെന്നും ഇവർ രാജ്യം വിട്ടുപോകാൻ സാദ്ധ്യതയുണ്ടെന്നും കാണിച്ച് ഒരു സത്യവാങ്മൂലം ഇദ്ദേഹം 2016 ജൂലൈ 20നും സമർപ്പിച്ചിരുന്നു. എന്നിട്ടും കേസെടുത്തില്ല. ബാംഗ്ലൂരിലെ ഒരു വ്യവസായിയായ ഹരിപ്രസാദ,് ഗീതാഞ്ജലി ജെംസ് ലിമിറ്റിഡിനും അതിന്റെ എംഡി ചോക്‌സിക്കുമെതിരെ നൽകിയ പരാതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു. വിജയ് മല്യ, സഹാറ ഗ്രൂപ്പിന്റെ സുബ്രത റായ്, സത്യം ഗ്രൂപ്പിന്റെ രാമലിംഗരാജു തുടങ്ങിയവർ നടത്തിയതുപോലെ ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടംവരുത്തുന്ന ഒരു കുഭകോണം ബോംബെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി നടത്തിയ കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നു എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ഇന്ത്യയിൽ സ്ഥാപിച്ചിട്ടുള്ള അനുബന്ധ കമ്പനികൾ വഴിയും വിദേശത്തുള്ള വ്യാജകമ്പനികളുടെ പേരിലും ഇദ്ദേഹം ആയിരക്കണക്കിന് കോടി രൂപയുടെ സബ്‌സിഡി തരപ്പെടുത്തിയകാര്യവും പറയുന്നുണ്ട്. തട്ടിപ്പിനിരയായ ഫ്രാഞ്ചൈസികളുടെ പരാതികളുടെ കോപ്പികളും സമർപ്പിച്ചിരുന്നു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല. 2015ൽ റവന്യു ഇന്റലിജൻസ് ഗുജറാത്തിലെ സച്ചിൻ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന മെഹുലിന്റെ വജ്രാഭരണ ഡിസൈനിംഗ് യുണിറ്റ് റെയ്ഡ് ചെയ്യുകയും കയറ്റുമതി ചെയ്യേണ്ട 1216 കോടിയുടെ വജ്രാഭരണങ്ങൾ ആഭ്യന്തര കമ്പോളത്തിലേയ്ക്ക് നിയമവിരുദ്ധമായി ചാലുതിരിച്ചുവിട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി ഇപ്രകാരം പല സർക്കാർ ആനുകൂല്യങ്ങളും തരപ്പെടുത്തിയതിലൂടെ ഖജനാവിന് 900 കോടിയുടെ നഷ്ടമാണ് വരുത്തിവച്ചത്. എന്നാൽ വെറും 37 കോടി രൂപ മാത്രമാണ് പിഴ ചുമത്തിയത്. എന്നുമാത്രമല്ല കഴിഞ്ഞമാസം ലാവോസിൽ നടന്ന ലോകസാമ്പത്തിക ഫോറത്തിൽ ഇന്ത്യയിലെ ബിസിനസുകാരുടെ പ്രതിനിധിയായി നീരവ് മോദി പങ്കെടുക്കുകയും ചെയ്തു. അവിടെവച്ച് നരേന്ദ്രമോദിയോടൊപ്പം നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോയും പുറത്തുവന്നു. 2016ൽ അരുൺ ജെയ്റ്റ്‌ലി നയിച്ച പ്രതിനിധി സംഘത്തിലും ഇദ്ദേഹം ഉണ്ടായിരുന്നു. 2015ൽ മെഹുൽ ചോക്‌സി കബളിപ്പിച്ചുവെന്ന് പറഞ്ഞ് നിരവധിപേർ പരാതി നൽകിയിരുന്നു. എന്നാൽ ഗുജറാത്ത് പോലീസ് ഒരു എഫ്‌ഐആർ എടുക്കാൻ തയ്യാറായില്ല. നരേന്ദ്രമോഡിയുടെ വൈബ്രന്റ് ഗുജറാത്ത് പ്രചാരണത്തിലും മെഹുലിന് നല്ല പരസ്യം കിട്ടിയിരുന്നു. മെഹുലിന്റെ ‘ഗീതാഞ്ജലി’ എന്ന സ്ഥാപനത്തിന്റെ പരസ്യത്തിൽ പല ബിജെപി നേതാക്കളും അവരുടെ ബന്ധുക്കളും പങ്കെടുത്തിട്ടുണ്ട്. 2015ൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു ചടങ്ങിൽ ഇദ്ദേഹവും ക്ഷണിക്കപ്പെട്ടിരുന്നു. ‘മെഹുൽ ഭായ്’ ജുവലറി ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങൾ അന്ന് പ്രധാനമന്ത്രിതന്നെ പുകഴ്ത്തിപ്പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റ ധനകാര്യമന്ത്രിയുടെ അടുപ്പക്കാരനെ പിഎൻബിയുടെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതായും ആരോപണമുണ്ട്. വിദേശത്ത് അജ്ഞാതവാസം നടത്തുന്ന നീരവ് മോദി, ബാങ്കിന്റെ നടപടി തന്റെ ബിസിനസ് തകർത്തതുകാരണം വായ്പ തിരിച്ചടയ്ക്കാനാകുന്നില്ല എന്ന് പരാതിപ്പെട്ടുകൊണ്ട് പിഎൻബിക്ക് കത്തയച്ചു എന്നതാണ് ഏറ്റവും രസകരം. നീരവ് മോദിയുടെ ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് പിഎൻബി കാലാകാലങ്ങളിൽ ഫീസ് ഈടാക്കിയിരുന്നെന്നും എല്ലാം നിയമപ്രകാരമാണ് നടന്നിട്ടുള്ളതെന്നും ഇയാളുടെ വക്കീൽ അവകാശപ്പെടുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെയോ, സിബിഐ മുമ്പാകെയോ ഹാജരാകാൻ ഇയാൾ കൂട്ടാക്കുന്നില്ല. എന്നുമാത്രമല്ല പണം തിരിച്ചടയ്ക്കാനും തയ്യാറാകുന്നില്ല. ഉന്നതന്മാരുടെ ഒത്താശയില്ലാതെ ഇതിന് ധൈര്യപ്പെടുമോ ? ഇയാളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് നിയമങ്ങളുടെയൊന്നും പിടിയിൽപ്പെടാതെ വിദേശത്തേയ്ക്ക് കടക്കാൻ ഇവർതന്നെ ഒത്താശചെയ്തതല്ലേ ? ബാങ്കിലെ ഇടത്തരക്കാരായ ചില ഉദ്യോഗസ്ഥർ ആഡിറ്റിംഗ് ഏജൻസിയുമായി ഒത്തുകളിച്ച് നടത്തിയതാണ് ഈ കുംഭകോണമെന്ന ധനകാര്യമന്ത്രിയുടെ കെട്ടുകഥ നമ്മൾ അതേപടി വിഴുങ്ങണോ? ബിജെപി നേതാക്കൾക്ക് ഈ തട്ടിപ്പുകാരുമായി ഒരു ബന്ധവുമില്ലെന്നും അവരിതിനൊന്നും മൗനാനുവാദം കൊടുക്കുകയായിരുന്നില്ലെന്നും നമ്മൾ വിശ്വസിക്കണോ?

ബിജെപിയും ഗവൺമെന്റും
എത്രത്തോളം ശുദ്ധമാണ്?

നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ പ്രഖ്യാപിച്ചത് ”പൊതുമുതൽ കട്ടുതിന്നുകയോ മറ്റാരെങ്കിലും തിന്നാൻ അനുവദിക്കുകയോ ചെയ്യില്ല” എന്നായിരുന്നു. നിരവധി കുംഭകോണങ്ങളിൽപ്പെട്ടിരിക്കുന്ന കോൺഗ്രസിനെ മനസ്സിൽ കണ്ടാണ് ഇത് പറഞ്ഞത്. എന്നാൽ നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയും അഴിമതി നടത്തിയും പൊതുമുതൽ കൊള്ളയടിക്കുന്നതിൽ ഇന്ന് ഒരു കടിഞ്ഞാണുമില്ല. 526 കോടിയുടെ സ്ഥാനത്ത് 1,611 കോടി വിലവച്ച് റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിലെ അഴിമതി പുറത്തുവന്നതിനു പിന്നാലെയാണ് നീരവ് മോദി സംഭവം പുറത്തുവന്നത്. കുംഭകോണങ്ങളുടെ കാര്യത്തിൽ മോദി ഭരണത്തിന് കോൺഗ്രസ് വാഴ്ചയിൽനിന്ന് ഒരു വ്യത്യാസവുമില്ല എന്നാണിതെല്ലാം വ്യക്തമാക്കുന്നത്. കുടം കലത്തെ കറുമ്പനെന്നു വിളിക്കുന്നതുപോലെ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുന്നുണ്ടെന്നു മാത്രം. അധികാര സ്ഥാപനമെന്നതിനേക്കാൾ ഭരണ നിർവ്വഹണമെന്ന നിലയിലാണ് തന്റെ ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്ന് മോദി സ്വയം പ്രശംസിക്കാറുണ്ട്. സത്യസന്ധതയുടെ ആഘോഷമാണെങ്ങും എന്നാണ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി പൊങ്ങച്ചം പറയുന്നത്. എന്നാൽ രക്തദാഹികളായ മുതലാളിമാർ ബിജെപി ഭരണം ശരിക്കും മുതലാക്കുന്നു എന്നതാണ് സത്യം. മുതലാളിമാരുടെ സംഘടനകളായ ‘അസോച്ച’വും ‘ഫിക്കി’യും ബാങ്കുകളുടെ പരാധീനതകൾ പരിഹരിക്കാൻ അവയെ സ്വകാര്യവൽക്കരിക്കാനാണ് ഉപദേശിക്കുന്നത്. 736 സ്വകാര്യ ബാങ്കുകളാണ് പാപ്പരായി പൊതുമേഖല ബാങ്കുകളിൽ ലയിച്ചിട്ടുള്ളത് എന്നകാര്യം അവർ കൗശലപൂർവ്വം മറച്ചുവയ്ക്കുന്നു. സ്വകാര്യവൽക്കരണമാണ് ഒറ്റമൂലിയെങ്കിൽ ഇതെങ്ങനെ സംഭവിച്ചു? ഓരോ വ്യവസായികളും യാതൊരു നിയന്ത്രണവുമില്ലാതെ സ്വന്തം താല്പര്യാർത്ഥം സ്വകാര്യബാങ്കുകളിൽനിന്ന് പണം തരപ്പെടുത്തിക്കൊണ്ടുപോവുന്നു എന്ന കാരണം പറഞ്ഞ് സ്വകാര്യബാങ്കുകൾ ദേശസാൽക്കരിക്കാൻ മുതലാളി വർഗവും അവരുടെ വിശ്വസ്തന്മാരായ കോൺഗ്രസ് ഗവൺമെന്റും തയ്യാറായതെന്തുകൊണ്ടാണ്? ചെറുകിടക്കാർ വായ്പകൾ തിരിച്ചടയ്ക്കാഞ്ഞതുകൊണ്ടല്ല വൻകിട ബിസിനസുകാർ കൊള്ളയടിച്ചതുകൊണ്ടാണ് ഇവ പാപ്പരായത് എന്നതല്ലേ സത്യം? പ്രൊമോട്ടർമാർ സ്വന്തം ബിസിനസ് പുഷ്ടിപ്പെടുത്താനായി ബാങ്കിലെ പണം ദുരുപയോഗം ചെയ്തു എന്നതും വസ്തുതയല്ലേ? സ്വകാര്യബാങ്കുകൾ അഴിമതിമുക്തമാണെന്ന് കരുതാൻ എന്ത് ന്യായമാണുള്ളത് ? അപ്പോൾപിന്നെ ഈ കൊള്ളക്കാരെ പൊതുമേഖലാ ബാങ്കുകൾ ഏൽപിച്ചുകൊടുത്താൽ ജനങ്ങളുടെ നിക്ഷേപങ്ങളുടെ ഗതിയെന്താകും? പ്രധാനമന്ത്രിയുടെയും കൂട്ടാളികളുടെയും പൊള്ളയായ അവകാശ വാദങ്ങളും പൊങ്ങച്ചങ്ങളും നീരവ് മോദി സംഭവത്തോടെ പൊളിഞ്ഞുവീണിരിക്കുകയാണ്. നിർബാധമായ കൊള്ളയ്ക്ക് അവസരമുണ്ടെന്നതിനാൽ നരേന്ദ്രമോദി ഭരണത്തെ സ്വദേശ-വിദേശ കോർപ്പറേറ്റുകൾ അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ്.

കൃത്യമായ പദ്ധതി  വ്യക്തമാകുന്നു

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പേരിൽ കുത്തകകൾക്ക് ആനുകൂല്യങ്ങൾ ചൊരിയുന്ന ബിജെപി ഗവൺമെന്റിന്റെ കൃത്യമായ പദ്ധതിയാണ് ഇപ്പോൾ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം കണ്ടെത്താനെന്നപേരിൽ നടത്തിയ നോട്ട് നിരോധനമായിരുന്നു ആദ്യനടപടി. പ്രചാരത്തിലുണ്ടായിരുന്ന കള്ളപ്പണംകൂടി വെളുപ്പിക്കാനേ അത് ഉപകരിച്ചുള്ളൂ. കള്ളപ്പണം സൃഷ്ടിച്ചും സംരക്ഷിച്ചുമാണ് മുതലാളിത്തം ഇന്ന് നിലനിൽക്കുന്നത്. സാധാരണക്കാരന്റെ അവസാനചില്ലിത്തുട്ടുവരെ ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിച്ചുകൊണ്ട് അംബാനിമാർക്കും അദാനിമാർക്കും നീരവ് മോദിമാർക്കുമൊക്കെ അത് യഥേഷ്ടം കൈയിട്ടുവാരാൻ അവസരമൊരുക്കിയിരിക്കുന്നു. മറുവശത്ത് കൂലിപ്പണിക്കാരും സാധാരണക്കാരും മാത്രമല്ല ഇടത്തരം കച്ചവടക്കാരും ബിസിനസ്സുകാരുംവരെ പ്രതിസന്ധിയിലായി. കുത്തകകൾക്ക് ചുളുവിൽ ബാങ്ക്‌വായ്പ തരപ്പെടുത്താനായി നിക്ഷേപങ്ങളുടെ പലിശയും അടിക്കടി കുറച്ചു. വ്യവസായ വളർച്ചയുടെ പേരു പറഞ്ഞ് ദേശീയ സമ്പാദ്യപദ്ധതിയുടെപോലും പലിശനിരക്ക് വെട്ടിക്കുറച്ച് സാധാരണക്കാരെ പ്രഹരിച്ചിരിക്കുന്നു.
ഇങ്ങനെ ബാങ്ക് വായ്പ തരപ്പെടുത്തുന്നവർ യഥാർത്ഥ കമ്പനികളാണോ അതോ പേപ്പർ കമ്പനികളും വ്യാജന്മാരുമാണോ എന്നതാണ് പ്രശ്‌നം. ഇതേത്തുടർന്നാണ് നികുതി വെട്ടിപ്പ് തടയാനും നികുതി ഘടന ലളിതമാക്കാനുമെന്നു പറഞ്ഞ് ജിഎസ്ടി നടപ്പിലാക്കിയത്. ഒരു മുതലാളിത്ത ഘടനയിൽ ഏതൊരു നിയമവും പരിഷ്‌ക്കരണവും മുതലാളിമാർക്ക് അനുകൂലമായേ സംഭവിക്കൂ. രാഷ്ട്രീയാധികാരത്തോടൊപ്പം അത് സാമ്പത്തികാധികാരത്തിന്റെയും കേന്ദ്രീകരണം ഉറപ്പാക്കുന്നു. മുതലാളി വർഗ്ഗത്തിന്റെ കയ്യിൽ ഇവ്വിധം അധികാരമെല്ലാം കേന്ദ്രീകരിക്കുന്നത് മൂടിവയ്ക്കാനാണ് അധികാരത്തിലിരിക്കുന്നവർ കപടവാഗ്ദാനങ്ങൾ നിരത്തി വയ്ക്കുന്നതും പുരോഗമനക്കാരായി നടിക്കുന്നതും. ജിഎസ്ടി ഇതിന്റെ നല്ല ഉദാഹണമാണ്. നികുതി ഘടന ലളിതമാക്കാനോ നികുതി വെട്ടിപ്പ് തടയാനോ അത് ഉപകരിച്ചിട്ടില്ല. നേട്ടമെല്ലാം മുലാളിമാർക്കും ഭാരമെല്ലാം സാധാരണക്കാർക്കും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അന്തിമ വിലയിൽ നികുതി പ്രതിഫലിക്കുമ്പോൾ അവശ്യസാധനങ്ങൾക്കുപോലും വൻവിലവർദ്ധനവുണ്ടായിരിക്കുന്നു. ഇതിനുശേഷമാണ് എഫ്ആർഡിഐ ബിൽ കൊണ്ടുവന്നത്. നീരവ് മോദിയെപ്പോലെ വൻകിട ബിസിനസ്സുകാർ ബാങ്ക് വായ്പകൾ തിരിച്ചടയ്ക്കാതെ ബാങ്കുകളെ ശ്വാസം മുട്ടിക്കുന്നതുവഴി ഉണ്ടാകുന്ന കൃത്രിമമായ ഒരു പ്രതിസന്ധി നിക്ഷേപകരുടെ പണമെടുത്ത് പരിഹരിക്കാനുള്ള പദ്ധതിയാണിത്. അവിടെയും കൊള്ളയടിക്കപ്പെടുന്നത് സാധാരണക്കാർ തന്നെ. വിലകയറുന്നു, തൊഴിൽ നഷ്ടപ്പെടുന്നു, ജനങ്ങൾ സർവ്വനാശത്തെ അഭിമുഖീകരിക്കുകയാണ്. വറുതിക്കാലത്തെ മുന്നിൽക്കണ്ട് ബാങ്കിലിട്ടിരിക്കുന്ന പണവും വമ്പൻമാർ തട്ടിയെടുക്കുന്നു. വിലത്തകർച്ചയും വിളനാശവുംമൂലം പ്രതിസന്ധിയിലാകുന്ന കർഷകൻ വായ്പതിരിച്ചടയ്ക്കുന്നതിൽ മുടക്കം വരുത്തിയാൽ അവന്റെ വസ്തുവകകൾ ബാങ്ക് കവർന്നെടുക്കും. ഒരു സുപ്രഭാതത്തിൽ കർഷകൻ തെരുവുതെണ്ടിയായി മാറുകയാണ്. അപമാനം ഭയന്ന് കർഷകർ ആത്മഹത്യയെ അഭയം പ്രാപിക്കുന്നു. സാധാരണക്കാരന് ഒരു ബാങ്ക്‌വായ്പ തരപ്പെടുത്താൻ കടമ്പകൾ ഏറെയാണ്. എങ്ങനെയെങ്കിലും വായ്പ കിട്ടിയാൽ അതിന്റെ ഗഡുക്കളടയ്ക്കുന്നത് മുടങ്ങിയാൽ നിയമനടപടിയായി, വിരട്ടലായി, ബാങ്ക് ഏർപ്പെടുത്തുന്ന ഗുണ്ടകൾ കൈയേറ്റം ചെയ്യുകപോലുമായി. എന്നാൽ അദാനി, അംബാനിമാർ വീഴ്ച വരുത്തിയാലോ അവരുടെ വായ്പ എഴുതിത്തള്ളുകയോ അവർക്ക് ഇളവുകൾ നൽകുകയോ പുതിയ വായ്പകൾ അനുവദിക്കുകയോ ഒക്കെ ചെയ്യും. ഇതാണ് മുതലാളിത്ത ഇന്ത്യയുടെ സ്ഥിതി. ആര്, ആർക്കുവേണ്ടിയാണ് രാജ്യം ഭരിക്കുന്നത് എന്നതാണ് വിഷയം. മുതലാളി വർഗ്ഗത്തിന്റെ ദാസന്മാരാണ് ഭരിക്കുന്ന പാർട്ടികൾ. അവർ നിയമങ്ങൾ മറികടന്നും ഇക്കൂട്ടരെ സേവിക്കുന്നു. ജനങ്ങൾക്കുമേൽ കടുത്ത ആക്രമണങ്ങൾ നടത്തി അവരെ കൊള്ളയടിക്കുന്നതിന്റെ പേരാണ് മോദിയുടെ ‘സ്വസ്ഥമായി ബിസിനസ്സ് നടത്തൽ’ എന്ന മുദ്രാവാക്യം. സത്യത്തിൽ ബിജെപിയും കോൺഗ്രസ്സുമടക്കം എല്ലാ ബൂർഷ്വാ പാർട്ടികളും ഇത്തരം അഴിമതിയും കുംഭകോണങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത്.

അഴിമതി, തിരിമറി, തട്ടിപ്പ് എല്ലാം മരണാസന്ന മുതലാളിത്തത്തിന്റെ സവിശേഷതകൾ.
ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെ തകരാറോ, ഒരുപിടി കുബുദ്ധികളുടെ പദ്ധതിയോ ആയി ഈ തട്ടിപ്പിനെക്കാണുന്നത് ശരിയല്ല. മുതലാളിത്ത ലോകത്താകെ ഇത്തരം കുറ്റകൃത്യങ്ങളും അപചയങ്ങളുമൊക്കെ വ്യാപിച്ചിരിക്കുന്നതായി കാണാം. മുതലാളിത്തത്തിന്റെ ആരംഭകാലത്ത് ബാങ്കുകൾ പ്രവർത്തിച്ചിരുന്നത് ജനങ്ങളിൽനിന്ന് പണം സ്വരൂപിച്ച് സാമ്പത്തിക വികസനത്തിന് വായ്പ നൽകാനും ജനങ്ങൾക്ക് അതിൽനിന്ന് ഒരു വരുമാനം ഉറപ്പാക്കാനുംവേണ്ടിയായിരുന്നു. എന്നാൽ ഇന്ന് മുതലാളിത്ത വ്യവസ്ഥയ്ക്ക് പുരോഗമനസ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. ജീർണ്ണിച്ച ആ വ്യവസ്ഥ അങ്ങേയറ്റം പിന്തിരിപ്പനായിരിക്കുന്നു. അതോടെ ബാങ്കുകളും കള്ളക്കടത്തടക്കം എല്ലാ അധാർമ്മിക പ്രവർത്തികൾക്കും ഫണ്ട് ഉറപ്പാക്കുന്ന കേന്ദ്രങ്ങളായി മാറി. നിയമങ്ങൾ കാറ്റിൽപ്പറത്തിയും തത്ത്വങ്ങൾ ബലികഴിച്ചും മൂല്യങ്ങൾ ചവുട്ടിമെതിച്ചുംകൊണ്ടല്ലാതെ, അടിമുടി അഴിമതി നടത്തിക്കൊണ്ടല്ലാതെ മുതലാളിത്തത്തിന് അതിന്റെ ചൂഷണവാഴ്ച ഇന്ന് തുടർന്നുകൊണ്ടുപോകാനാകില്ല. അഴിമതിയിൽത്തന്നെ സാമ്പത്തിക അഴിമതിയാണ് ഏറ്റവും മുൻപന്തിയിൽ. മുതലാളിത്ത നിയമങ്ങളുടെ ഫലമായിത്തന്നെ വന്നുഭവിച്ചിരിക്കുന്ന അപരിഹാര്യമായ കമ്പോളപ്രതിസന്ധിമൂലം ഉൽപ്പാദനപരമായ മേഖലയിൽ പരമാവധി ലാഭമെന്നത് അസാദ്ധ്യമായിരിക്കുന്നു. അതിനാൽ അധികംവരുന്ന മൂലധനം ഊഹക്കച്ചവടത്തിലേയ്ക്കും അധാർമ്മികമായ മറ്റ് രംഗങ്ങളിലേയ്ക്കും വഴിതിരിച്ചുവിടുകയാണ്. മുതലാളിത്ത സംവിധാനമാകെ ഭാഗ്യാന്വേഷികളുടെ ഒരു താവളമായി മാറിയിരിക്കുകയാണ്. അനുവദനീയവും അല്ലാത്തതുമായ മാർഗ്ഗങ്ങളിലൂടെ പണമുണ്ടാക്കുന്നതിനായി ബാങ്കിലെ പണവും തരപ്പെടുത്തുന്നു. ബാങ്കുകൾ സ്വന്തം ഉത്തരവാദിത്വം മറന്ന് ഇവർക്ക് ഫണ്ട് ഉറപ്പാക്കുന്ന പണി ഏറ്റെടുത്തിരിക്കുകയാണ്. വൻകിട വ്യവസായികളും കള്ളക്കച്ചവടക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥപ്രമാണിമാരും ദുരാഗ്രഹികളായ രാഷ്ട്രീയ നേതാക്കളുമൊക്കെയടങ്ങുന്ന ഒരു ഗൂഢസംഘത്തിന്റെ അനുബന്ധമായി ബാങ്കുകളും മാറിയിരിക്കുന്നു. 2008 ൽ അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട് ആഗോളസമ്പദ്ഘടനയെ പിടിച്ചുലച്ച സബ്‌പ്രൈം പ്രതിസന്ധി ഇതിന്റെ ഉത്തമോദാഹരമമാണ്. ഇവരുടെ ദാസ്യത്തിലുള്ള ഗവൺമെന്റുകൾ നിയമങ്ങൾ കാറ്റിൽപ്പറത്തി ഇവർക്ക് ഒത്താശ ചെയ്യുന്നു. അധികാരത്തിലേറ്റുന്ന മുതലാളിമാരോട് അവർ നന്ദികാണിക്കുന്നു. അവരുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നു. കോൺഗ്രസ്സോ ബിജെപിയോ ആകട്ടെ അമേരിക്കയിലെ ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കൻമാരോ ആകട്ടെ ശുഷ്‌കാന്തിയോടെ ഇതേ കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. ഏതെങ്കിലും കുംഭകോണം പുറത്തായി എന്നുകണ്ടാൽ ഇവർ സർക്കാർ നടപടികളുടെ ഒരു പ്രകടനം നടത്തും. കടുത്ത നടപടികളെക്കുറിച്ച് ഗീർവ്വാണം മുഴക്കിക്കൊണ്ട് പേരിനൊരു റെയ്‌ഡോ, അറസ്‌റ്റോ മറ്റോ നടത്തും.ഒച്ചപ്പാടെല്ലാം കഴിയുന്നതോടെ നടപടികളും അവസാനിക്കും. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, മോഷ്ടിച്ച പണം അവർ സുഖമായി അനുഭവിക്കുകയും ചെയ്യും. മുതലാളിത്ത ഭരണകൂടം അവരെ സംരക്ഷിച്ചുകൊള്ളും. ഈ കൊള്ളക്കാരിൽനിന്ന് പണം പറ്റി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർ നിഷ്പക്ഷരായി മേനിനടിച്ച് വീണ്ടും ഇതേ കാര്യങ്ങളിൽ വ്യാപൃതരാകും. ഈ തിന്മകളൊക്കെ ഊട്ടിവളർത്തുന്നതും സംരക്ഷിച്ചുനിർത്തുന്നതുമൊക്കെ മുതലാളിത്ത വ്യവസ്ഥതന്നെയാണെന്നുള്ള കാര്യം ഒരിക്കലും നാം മറക്കരുത്.

എന്താണ് പ്രതിവിധി?

ജനങ്ങൾ ഇതിനെല്ലാം ഇരയായി നിസ്സഹായരായി കഴിഞ്ഞുകൊള്ളും എന്നാണോ? ഈ അഴിമതിയും തട്ടിപ്പുമൊക്കെ എന്നും അനുവദിച്ചുകൊടുക്കും എന്നാണോ? ഒരിക്കലുമില്ല. ശരിയായ ധാരണയുടെയും ശരിയായ സമീപനത്തിന്റെയുമടിസ്ഥാനത്തിൽ ഇതിനെ നേരിടാൻ ജനങ്ങൾ തയ്യാറാകണം. അങ്ങനെ ചെയ്താൽ ഈ കൊള്ളയ്ക്കും സാമ്പത്തികാക്രമണങ്ങൾക്കുമൊക്കെ തടയിടാൻ കഴിയും. ഇടതുപക്ഷ വീക്ഷണത്തിന് മുൻതൂക്കമുണ്ടായിരുന്ന സമരങ്ങൾ നടന്ന സ്വാതന്ത്ര്യസമരകാലത്തും സ്വതന്ത്രഇന്ത്യയിൽ കുറേക്കാലത്തേയ്ക്കും ജനങ്ങൾക്കുമേൽ ഇത്തരത്തിലുള്ള സാമ്പത്തിക ആക്രമണങ്ങൾ സംഭവിച്ചിരുന്നില്ല. അധികാരത്തിനുപിന്നാലെ പായുന്ന കപടകമ്യൂണിസ്റ്റുകളുടെയും കപടഇടതുപക്ഷക്കാരുടെയും സന്ധിമനോഭാവംമൂലമെന്നുതന്നെ പറയാം, സമരങ്ങൾ ദുർബലമായതോടെ മുതലാളിവർഗ്ഗവും അവരുടെ സേവകരും ജനങ്ങൾക്കുമേൽ കടുത്ത സാമ്പത്തികാക്രമണങ്ങൾ ഒന്നിനുപിറകെ ഒന്നായി അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ചെറുത്തുനിൽപ്പ് ദുർബലമാകുന്നതിനനുസരിച്ച് ഭരണവർഗ്ഗത്തിന്റെയും അവരുടെ പിണിയാളുകളുടെയും ആക്രമണങ്ങൾക്ക് ആക്കം വർദ്ധിച്ചുകൊണ്ടിരിക്കും. അതിനാൽ ഈ തിന്മകൾക്കെല്ലാം അറുതി വരുത്തുന്നതിനായി ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നേതൃത്വത്തിൻകീഴിൽ സംഘടിക്കാനും സമരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാനും ജനങ്ങൾക്ക് കഴിയണം.

Share this post

scroll to top