ഉള്ളുലയ്ക്കുന്ന സാംസ്‌കാരിക തകർച്ച: പുതിയ സാംസ്‌കാരിക മുന്നേറ്റം അനിവാര്യം

Share

പ്രബുദ്ധമായ ഇടതുപക്ഷ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതം നാൾക്കുനാൾ കീഴ്മേൽ മറിക്കപ്പെടുകയാണോ? ആധുനിക മനുഷ്യന് സങ്കൽപ്പിക്കാനാകാത്ത വിധത്തിലുള്ള പ്രാകൃതത്വങ്ങൾ നമുക്ക് ചുറ്റും നിത്യേന അരങ്ങേറുന്നു. ഉള്ളുലയ്‌ക്കുന്ന സാംസ്‌കാരിക അപചയത്തിലാണ് സംസ്ഥാനം. മനുഷ്യ മനഃസാക്ഷിയെ നടുക്കിയ നരബലിയെന്ന കാടത്തം സമീപകാലത്താണ് നമ്മുടെ നാട്ടിൽ സംഭവിച്ചത്. ഉദാത്തമായ മനുഷ്യവികാരമായ പ്രണയത്തിന്റെ പേരിൽ എത്രയെത്ര കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു! സ്കൂൾ കുട്ടികൾ പോലും പ്രണയനൈരാശ്യത്തിലും മറ്റും സുഹൃത്തുക്കളെ കൊല്ലുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. കഷായത്തിൽ വിഷം ചേർത്ത് ഉറ്റ സുഹൃത്തിനെ മരണത്തിലേക്ക് തള്ളിവിട്ട പെൺകുട്ടിയുടെ ചെയ്തി ചെറുപ്പക്കാരുടെ താളം തെറ്റിയ മാനസിക നിലയിലേക്കാണ് വിരൽ ചൂണ്ടുന്നത്. നമ്മുടെ കുട്ടികൾ എങ്ങോട്ടേക്കാണ് നീങ്ങുന്നത്? മദ്യവും മയക്കുമരുന്നും ഉപഭോഗ സംസ്കാരവും രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ സദാചാര രാഹിത്യവും ഒക്കെ ചേർന്ന് നാടിന്റെ സാംസ്‌കാരിക ജീവിതം ധാർമ്മിക ച്യുതിയുടെ ആഴങ്ങളിലേയ്ക്ക് പതിക്കുകയാണ്.
സമീപകാലത്ത്, കൊച്ചിയിലെ കാക്കനാട് ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ സഹപാഠി പെട്രോൾ ഒഴിച്ചു കത്തിച്ച് നിഷ്ഠൂരം കൊലപ്പെടുത്തിയത്. സമാനമായ ക്രൂരതകൾ മാവേലിക്കരയിലും വടകരയിലും തിരുവനന്തപുരത്തും കൊല്ലത്തും മറ്റ് പലയിടങ്ങളിലും നമുക്ക് കാണേണ്ടി വന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൗമാരപ്രായക്കാരുടെ കുറ്റകൃത്യങ്ങൾ വൻതോതിൽ വർദ്ധിച്ചതായാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. നിസ്സാര കാര്യങ്ങളിൽപോലും അക്രമാസക്തരാകുന്ന യുവാക്കളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിലും ഭീകരമായ വർധന കാണാം. എന്തു കൊണ്ടാണിത്?
മനുഷ്യത്വ ഹീനവും അക്രമാസക്തവുമായ ദൃശ്യങ്ങള്‍ അടങ്ങിയ ടിവി, സിനിമ പരിപാടികൾ നിരന്തരം സംപ്രേഷണം ചെയ്യുന്നത് കൗമാരക്കാരെ മാത്രമാണോ സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നത്? നന്മകളെ വളർത്തുന്ന, മേന്മയുള്ള ജീവിത വീക്ഷണം പ്രദാനം ചെയ്യുന്ന എന്തെങ്കിലും മനുഷ്യ സമൂഹത്തിന് ലഭിക്കുന്നുണ്ടോ? അതിനെക്കാളേറെ, ഇന്ന് സമൂഹത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യവും മയക്കുമരുന്നും ഒരു തലമുറയുടെ മാനസികതാളത്തെപ്പോലും തകിടം മറിക്കുകയാണ്. ലക്കുകെട്ട മനുഷ്യരെ സൃഷ്ടിക്കുന്ന മദ്യ-മയക്കുമരുന്ന്-ലഹരി നയം അനുവർത്തിക്കുന്ന ഇടത് സർക്കാർ സമൂഹത്തെ ഒരുതരം മാനസിക വിഭ്രാന്തിയിലേയ്ക്ക് തള്ളിവിടുന്നുവെന്നതാണ് യാഥാർഥ്യം.
ഈ മുതലാളിത്ത സമൂഹത്തിൽ മനുഷ്യാവയവങ്ങളും, മനുഷ്യര്‍ പോലും വിൽപ്പനച്ചരക്കാകുന്ന പൈശാചികതക്ക് നാം സാക്ഷ്യം വഹിക്കേണ്ടി വരുന്നുണ്ട്. ചില വൻകിട ആശുപത്രികൾ കേന്ദ്രീകരിച്ച് ഉന്നത രാഷ്ട്രീയ പിന്തുണയോടെ,അവയവ മാഫിയ പ്രവർത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ, പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ആഭിചാരക്കൊല മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ മരവിപ്പിക്കുന്നതായിരുന്നു. ചില ഭാഗ്യാന്വേഷികളുടെ അന്ധവിശ്വാസത്തിന്റ ഇരകളായിരുന്നു ആ സംഭവത്തിലെ പാവം സ്ത്രീകൾ.


ജീവിതാഭിവൃദ്ധിക്ക് മനുഷ്യബലി സഹായിക്കുമെന്ന മദ്ധ്യകാല അന്ധവിശ്വാസം വെച്ചുപുലർത്തുന്നവർ ഈ നൂറ്റാണ്ടിൽ, ഇടതുപക്ഷ സംഘടനകൾക്ക് ആധിപത്യമുള്ള കേരളത്തിൽ, ജീവിക്കുന്നുവെന്ന് ആർക്കെങ്കിലും സങ്കൽപ്പിക്കാനാവുമോ? ശാസ്ത്ര വിദ്യാഭ്യാസം ഇത്രയേറെ മുന്നേറിയ ഒരു നാട്ടിൽ അന്ധവിശ്വാസ ജടിലതയിൽ ആളുകൾ നരാധമരായി മാറുന്ന ദാരുണ സ്ഥിതി എങ്ങനെ വന്നുചേർന്നു? ആഴമാർന്ന പരിശോധന അക്കാര്യത്തിൽ നിശ്ചയമായും നടത്തേണ്ടതുണ്ട്. ശ്രദ്ധ ആദ്യം പതിയേണ്ടത് നമ്മുടെ നാട്ടിൽ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലെ വൈകല്യങ്ങളിലേയ്ക്ക് തന്നെയാവണം. യഥാർത്ഥത്തിൽ, ശാസ്ത്രീയവും മതേതരവും ജനാധിപത്യപരവുമായ വിദ്യാഭ്യാസം നമ്മുടെ നാട്ടിൽ നിലവിലുണ്ടായിരുന്നെങ്കിൽ ഫ്യൂഡൽ കാലത്തെ ദുരാചാരങ്ങളും ആഭിചാരക്കൊലകളും ഒരിക്കലും സംഭവിക്കുമായിരുന്നില്ല. മറിച്ച്, മനുഷ്യമനസ്സുകളിൽ ഇരുണ്ടകാലത്തെ പ്രാകൃതചിന്തകൾക്കു പോലും സ്ഥാനം പിടിക്കാൻ കഴിയുംവിധത്തിലുള്ള അശാസ്ത്രീയ വിദ്യാഭ്യാസ നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദശാബ്ദങ്ങളായി അനുവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും മതേതര സംസ്കാരവും പ്രദാനം ചെയ്തിരുന്ന നവോത്ഥന വിദ്യാഭ്യാസത്തെ ഉപേക്ഷിച്ച്, ഡിപിഇപി മുതൽ വികല പാഠ്യപദ്ധതിയും പഠനവും കൊണ്ടു വന്നതിന് ശേഷമാണ് ശാസ്ത്രീയ വിദ്യാഭ്യാസത്തിൽ കേരളം ഇത്രയേറെ പിന്നാക്കം പോയത്.
ശാസ്ത്രത്തിന് പകരം സാങ്കേതിക നൈപുണി പരിശീലിപ്പിക്കുക എന്ന കേന്ദ്ര മോദി സർക്കാരിന്റെ വിദ്യാഭ്യാസ നയം തന്നെയാണ് കേരളത്തിൽ പിണറായി സർക്കാരും പിന്തുടരുന്നത്. അതിലൂടെ കൈത്തൊഴിൽ ശേഷി വളർന്നേക്കാം, പക്ഷേ, നല്ല മനുഷ്യരെ വാർത്തെടുക്കാൻ ആവില്ല എന്ന കാര്യം തിരിച്ചറിയാൻ വൈകുന്തോറും അന്ധവിശ്വാസ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് ഓർക്കുക.


അതോടൊപ്പം പ്രധാനമാണ്, ഇന്നത്തെ തകർന്ന സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലവും. ഇടതെന്നും കമ്മ്യൂണിസ്റ്റ്‌ എന്നും അവകാശപ്പെടുന്ന നേതാക്കൾപോലും മതാരാധനാലയങ്ങൾ കയറിയിറങ്ങുകയും വിഗ്രഹങ്ങൾക്ക് മുന്നിൽ പ്രാർത്ഥനാ നിരതരായി നിൽക്കുകയും ചെയ്യുന്ന കാഴ്ചകൾ സമൂഹത്തിൽ കൂടുതൽ അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും വളർത്തുകയാണെന്ന് പറയേണ്ടതില്ല.
കേരളത്തിൽ വർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളുടെ കാര്യത്തിലേയ്ക്ക് വരുമ്പോഴും അതിന് ഇന്ധനമാകുന്ന അശ്ലീലത സമൂഹമനസ്സിൽ പടർത്തുന്ന ശക്തികൾ നമുക്ക് ചുറ്റും മറഞ്ഞുനിൽക്കുന്നുവെന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്. സ്ത്രീ-പുരുഷ ബന്ധങ്ങളെ വികൃതമായി ചിത്രീകരിക്കുകയും ലൈംഗികചോദനയെ മൃഗീയമായ തലത്തിലേക്ക് അധഃപതിപ്പിക്കുകയും ചെയ്യുന്നതിൽ ഭരണകൂടത്തിന്റെ കൈകൾ കാണാതിരിക്കാനാവില്ല. പ്രണയം എന്ന മനോഹര മാനസിക ഭാവത്തെ കേവലം ശാരീരികാസക്തി മാത്രമാക്കി ചിത്രീകരിക്കുന്ന സർവ്വ മാധ്യമങ്ങൾക്കും -സിനിമ മുതൽ പോൺ സൈറ്റുകൾവരെയുള്ളവയുടെ പങ്ക് എത്ര മേൽ കുറ്റകരമാണെന്ന് പറയാതെ വയ്യ.ആർദ്രമായ വികാര വിചാരങ്ങൾ സമ്മാനിക്കുന്ന കലാ-സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടം പൈശാചിക ഭാവങ്ങൾ വളർത്തിയെടുക്കുവാൻ പ്രത്യേകം ശ്രദ്ധവെയ്ക്കുന്നു.
ഈ മുതലാളിത്ത സമൂഹത്തിനുള്ളിൽ മനുഷ്യ ബന്ധങ്ങളുടെ ദൃഢതയും ഊഷ്മളതയും ക്രമേണ നഷ്ടപ്പെടുന്നതായാണ് കാണുന്നത്. സാമ്പത്തിക രംഗത്തെ തകർച്ചക്ക്‌ ആഴം കൂടുന്തോറും കുടുംബ ബന്ധങ്ങളും – പവിത്രമെന്ന് ബൂർഷ്വാസി ഒരിക്കൽ വാഴ്ത്തിയ ബൂർഷ്വ കുടുംബം വിള്ളലുകൾവീണ് തകരുകയാണ്. ഭദ്രമെന്ന് കരുതപ്പെട്ടിരുന്ന കുടുംബങ്ങളെപോലും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥ ഛിന്നഭിന്നമാക്കുന്നു. വൈകാരിക അടുപ്പം, നിർമലസ്നേഹം, പാരസ്പര്യം തുടങ്ങിയ എല്ലാ സുന്ദര വികാരങ്ങളും ക്രമേണ അപ്രത്യക്ഷ്യമാകുന്ന സ്ഥിതിയിലേ ക്കാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട വ്യവസ്ഥ, സമൂഹത്തിന്റെ സാംസ്കാരിക മണ്ഡലത്തെ തള്ളി വിടുന്നത്. അധമ വികാരങ്ങളെ തടയാനും മാനുഷികതയിൽ ഊന്നിയ മൂല്യങ്ങൾ വളർത്താനും കഴിയുന്ന ഒരു സാംസ്‌കാരിക നയം രൂപപ്പെടുത്താന്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ ഇന്നോളം കഴിയാതെ പോയതിനും കാരണം ഈ ജീർണമുതലാളിത്ത രാഷ്ട്രീയം തന്നെ. എന്ന് മാത്രമല്ല സിപിഐ(എം) നേതാക്കളുടെ സാംസ്കാരിക നിലവാരം എന്താണ്?വലതുപക്ഷ നേതാക്കളുടെ സദാചാര ലംഘനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തില്‍ പുതുമയല്ല. എന്നാല്‍ പ്രമുഖ ഇടതുപക്ഷ നേതാക്കള്‍ക്കെതിരെപോലും സമാനമായ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യം ഗൗരവതരമാണ്.
കേളി കേട്ട കേരളത്തിന്റെ സാംസ്‌കാരികരംഗം ഇന്ന് അഗാധമായ പ്രതിസന്ധിയിലാണ്. പകയും വിദേഷ്വവും വിഭാഗീയതയും അസഹിഷ്ണുതയും വിളംബരം ചെയ്യുന്ന രാഷ്ട്രീയക്കാരാണ് സാംസ്‌കാരിക മണ്ഡലത്തെയും നയിക്കുന്നത്. അതുതന്നെ അപചയത്തിന്റെ ആഴം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. ഉയർന്ന ജനാധിപത്യബോധമോ, സാംസ്‌കാരിക നിലവാരമോ പ്രദർശിപ്പിക്കാൻ കഴിയുന്ന ഇടത് നേതാക്കളെ കേരളത്തിൽ കണി കാണാനെങ്കിലും കിട്ടുമോ? വലതുപക്ഷ കോൺഗ്രസ്‌, ബിജെപി നേതാക്കളുടെ കാര്യം പറയാനുമില്ല. സദാചാര രാഹിത്യം, സ്ത്രീ വിരുദ്ധത, ഫ്യൂഡൽ സവർണ്ണ മനോഭാവം, പുരുഷമേധാവിത്വം, ജാതീയത, ഇരട്ടത്താപ്പ് എന്നുവേണ്ട എല്ലാത്തരം വഷളത്തരങ്ങളും മുന്നണി നേതാക്കളെ നയിച്ചു കൊണ്ടിരിക്കുന്നു.
വലതുപക്ഷ, പിന്തിരിപ്പൻ സംസ്കാരം കേരളത്തിന്റെ ഹൃദയ നൈർമല്യത്തെ അതിവേഗം കീഴടക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയ ശക്തികളെന്ന് അറിയപ്പെടുന്നവരുടെ തകർച്ച സമൂഹത്തിന്റെ ആകമാന സാംസ്‌കാരികതകർച്ചക്ക് ആക്കം കൂട്ടുന്നുവെന്ന വിപൽക്കരമായ സാഹചര്യത്തെയാണ് കേരളം നേരിടുന്നത്. അതിനെ പ്രതിരോധിക്കാൻ പ്രബുദ്ധമായ സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റം സമൂഹത്തിൽ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. ശാസ്ത്രീയ-മതേതര-ജനാധിപത്യ വിദ്യാഭ്യാസത്തിലൂടെയും കലാ-സാഹിത്യ പ്രവർത്തനങ്ങളിലൂടെയും മാനവിക മൂല്യങ്ങൾ വീണ്ടെടുത്തുകൊണ്ടേ സമൂഹം നേരിടുന്ന സാംസ്‌കാരിക തകർച്ചയിൽനിന്ന് കര കയറാനാകൂവെന്ന തിരിച്ചറിവ് പുരോഗമന വിശ്വാസികൾക്ക്‌ അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.

Share this post

scroll to top