കരി നിലങ്ങളിലെ വീടുകൾ പുനരുദ്ധരിക്കുവാൻ സർക്കാർ ധനസഹായം അനുവദിക്കണം

Share

കരിനിലങ്ങളിലെ ചിറകളിലും സമീപപ്രദേശങ്ങളിലും വസിക്കുന്ന കുടുംബങ്ങളുടെ ദുർബലപ്പെട്ട വീടുകളും പുരയിടങ്ങളും പുനരുദ്ധരിക്കുവാൻ ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓരുജല മത്സ്യ വാറ്റ് നടത്തുന്നതുമൂലം ഉണ്ടാകുന്ന ലവണ രസത്തിന്റെ സ്ഥിരമായ സാന്നിധ്യമാണ് വീടുകൾ അതിവേഗം ദുർബലപ്പെടുവാൻ ഇടയാക്കുന്നത്. സർക്കാരിന്റെ നയവും ഉത്തരവുകളും നിർബാധം ലംഘിക്കുവാൻ അനുവദിക്കുന്നതുവഴി നെൽകൃഷിയിലൂടെ സൃഷ്ടിക്കപ്പെടുന്ന ആയിരക്കണക്കിന് തൊഴിൽ ദിനങ്ങളും ഭക്ഷ്യ സുരക്ഷയും ആണ് അട്ടിമറിക്കപ്പെടുന്നത്. ഫലവൃക്ഷങ്ങളുടെ ഉൽപാദനവും ഗണ്യമായി കുറഞ്ഞു. ജൈവ പച്ചക്കറി വിളകൾ കൃഷിചെയ്യുവാൻ പറ്റാത്ത സ്ഥിതിയാണ്. വീടുകൾ തെളളി രൂപപ്പെടുന്ന സിമന്റ് പൊടി ശ്വാസകോശ അസുഖങ്ങൾക്ക് ഇടയാക്കുന്നു. ഉപ്പിന്റെ സ്ഥിര സാന്നിധ്യംമൂലം തീറ്റപ്പുല്ല് അപ്രത്യക്ഷമായതോടെ കാലിവളർത്തൽ വഴിയുള്ള ഉപജീവനം അടഞ്ഞിരിക്കുകയാണ്.
സമിതി എഴുപുന്ന ശ്രീനാരായണപുരം സ്കൂളിൽ സംഘടിപ്പിച്ച കൂട്ടായ്മ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ. സുകുമാരൻ ആശംസകൾ അറിയിച്ചു. പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ച കൂട്ടായ്മയിൽ പി.ആർ.രാമചന്ദ്രൻ, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റെയ്ച്ചൽ സോഫിയ, എസ്.സിതിലാൽ, കെ. ആർ.തോമസ്സ്, കെ.കെ.വിക്രമൻ, സി.വി. അനിൽകുമാർ, പി.എ.മാനുവൽ എന്നിവർ സംസാരിച്ചു.

Share this post

scroll to top