ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിനെ അറസ്റ്റു ചെയ്യുക. ഗുസ്തി താരങ്ങളുടെ പോരാട്ടത്തെ രാജ്യം പിന്തുണക്കുക

left-1.jpg
Share

ഒളിമ്പിക്സ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ഗുസ്തിതാരങ്ങൾ ദിവസങ്ങളേറെയായി രാജ്യതലസ്ഥാനത്ത് തെരുവിലാണ്. ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ബജ്റംഗ് പൂനിയ, റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ സാക്ഷി മാലിക്, ജക്കാർത്ത ഏഷ്യൻ ഗയിംസിൽ സ്വർണം നേടിയ വിനേഷ് ഫോഗട്ട്, കോമൺവെൽത്ത് സ്വർണമെഡൽ ജേതാവായ ഗീത ഫോഗട്ട് എന്നിവരാണ് നീതിക്കുവേണ്ടി നടക്കുന്ന ഈ സമരത്തിന് നേതൃത്വം നൽകുന്നത്.
ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപിയുടെ ലോക് സഭാംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണമുയർത്തി ഏഴ് വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ നടപടി ഉണ്ടാകാതിരുന്നതിനെത്തുടർന്നാണ് രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്നയും പദ്മശ്രീയും നേടിയവർ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രശസ്തരായ നിരവധി കായികതാരങ്ങൾക്ക് വീണ്ടും തെരുവിലിറങ്ങേണ്ടിവന്നിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ താരങ്ങൾ ബ്രിജ് ഭൂഷണെതിരെ സമരവുമായി തെരുവിലിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ബോക്സിംഗ് താരം മേരി കോം അദ്ധ്യക്ഷയായി ഏഴംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. ഈ റിപ്പോർട്ടിന്മേൽ നടപടി വൈകുന്നതും ബ്രിജ് ഭൂഷണെതിരെ പോലീസ് കേസെടുക്കാൻ വൈകിയതുമാണ് കായികതാരങ്ങളെ വീണ്ടും തെരുവിൽ എത്തിച്ചിരിക്കുന്നത്.


എന്തുകൊണ്ട് നടപടി വൈകുന്നു


കുറ്റാരോപിതനായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിനെതിരെ നടപടിയെടുക്കുന്നതിനുപകരം സമരം ചെയ്യുന്ന കായികതാരങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ് അധികാരികൾ. ബ്രിജ് ഭൂഷൺ 12 വർഷമായി ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റാണ്. ആറു തവണ ലോക് സഭാംഗമായ ഇദ്ദേഹം ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണ്. സ്കൂളുകളും കോളേജുകളുമടക്കം അമ്പതോളം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വന്തമായുള്ള, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നാൽപ്പതോളം ക്രിമിനൽ കേസുകളിലും രണ്ട് പോക്സോ കേസുകളിലും പ്രതിയായ ബ്രിജ് ഭൂഷണ് ബിജെപി തണലും സംരക്ഷണവുമൊരുക്കുന്നത് എന്തുകൊണ്ട്? രാഷ്ട്രീയത്തിലിറങ്ങുന്നതിനുമുമ്പ് മദ്യമാഫിയയുടെ ഭാഗമായിരുന്ന ബ്രിജ് ഭൂഷണ്‍ ബാബ്റി മസ്ജിദ് തകർത്ത കേസിലും പ്രതിയാണ്. അണ്ടർ-15 ഗുസ്തി മത്സരത്തിൽ പങ്കെടുക്കാനെത്തിയ താരത്തെ വേദിയിൽവച്ച് കരണത്തടിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ട്. സ്വന്തം മണ്ഡലത്തിൽ മാത്രമല്ല സമീപ മണ്ഡലങ്ങളിലെയും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ ബ്രിജ് ഭൂഷണ് നിർണായക സ്വാധീനമുണ്ട്. സ്വന്തമായി വോട്ടുബാങ്കുതന്നെയുള്ള ബ്രിജ് ഭൂഷൺ ഇടയ്ക്ക് ബിജെപിയെ ഉപേക്ഷിച്ച് സമാജ്‌വാദി പാർട്ടിയിൽ ചേക്കേറിയെങ്കിലും പിന്നീട് തിരിച്ചെത്തി. സമാജ്‌വാദി പാർട്ടിയിലേയ്ക്കുള്ള വാതിൽ ഇപ്പോഴും തുറന്നു കിടക്കുന്നു എന്നതാണ് ലോക് സഭാ തെരഞ്ഞെടുപ്പും കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പും യുപി നഗരസഭാ തെരഞ്ഞെടുപ്പുമൊക്കെ ആസന്നമായിരിക്കുമ്പോൾ ബിജെപിയെ അങ്കലാപ്പിലാക്കുന്നത്. തനിക്കെതിരെയല്ല മറിച്ച് ഇത് ബിജെപിക്കെതിരായ സമരമാണ് എന്ന പ്രസ്താവന നടത്തി കാര്യങ്ങള്‍ വഴിതിരിച്ചുവിടാനും മുതിരുന്നുണ്ട് ബ്രിജ്ഭൂഷണ്‍. പ്രധാനമന്ത്രിയാകട്ടെ മെഡലുകള്‍ നേടുന്ന കായികതാരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കാണിക്കുന്ന ആവേശമൊന്നും ഇപ്പോള്‍ കാണിക്കുന്നില്ല. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഓടിനടന്ന് യുവാക്കളെ സംഘടിപ്പിച്ച് യുവംപോലുള്ള പൊള്ളയായ പരിപാടികള്‍ നടത്തുമ്പോള്‍ രാജ്യത്തെ യുവാക്കളുടെ പ്രതിനിധികളാണ് രണ്ടാഴ്ചയിലേറെയായി തലസ്ഥാനത്തുതന്നെ തെരുവിലിരിക്കുന്നത് എന്നത് പ്രധാനമന്ത്രിഅലോസരപ്പെടുത്തുന്നുമില്ല.


കായിക സംഘടനകളുടെ തലപ്പത്ത് കായികമേഖലയുമായി ബന്ധമുള്ളവരല്ല മറിച്ച് രാഷ്ട്രീയക്കാരാണ് കയറിപ്പറ്റുന്നത് എന്നത് ഒരു ദുര്യോഗമാണ്. ക്രിക്കറ്റ് ഒഴികെയുള്ള എല്ലാ കായിക രംഗത്തും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ആത്മസമര്‍പ്പണവും കഠിനാദ്ധ്വാനവുംകൊണ്ടുമാത്രമാണ് കായികതാരങ്ങള്‍ മെഡലുകള്‍ നേടുന്നത്. സുരക്ഷിതത്വംകൂടെ ചോദ്യംചെയ്യപ്പെടുന്നതോടെ കായികരംഗം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് പോകും. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു മേഖലയുംപോലെ ഇതും അഴിമതിക്കുള്ള സാധ്യത മാത്രമാണ്. സാമൂഹ്യ-സാംസ്കാരിക മേഖലകളുൾപ്പെടെ സമൂഹത്തെയാകെ പിടിമുറുക്കിയിരിക്കുന്ന ജീർണ്ണതയുടെ ആഴം വ്യക്തമാക്കുന്ന സംഭവവുമാണിത്. ‘ബേടീ ബചാവോ’, ‘ബേടീ പഠാവോ’ എന്ന ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യം എത്ര അർത്ഥശൂന്യമാണെന്ന് ഹസ്രത്, ഉന്നാവോ അടക്കമുള്ള സംഭവങ്ങളും യുപിയുടെയും ഇന്ത്യയുടെ ആകമാനവുമുള്ള ദുരനുഭവങ്ങളും തെളിയിക്കുന്നു.
താരങ്ങൾ തെരുവിലിറങ്ങിയത് ഇന്ത്യയുടെ രാജ്യാന്തര പ്രതിഛായയ്ക്ക് കോട്ടമുണ്ടാക്കിയെന്ന ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയുടെ പ്രസ്താവന തരംതാണതും നിരുത്തരവാദപരവുമാണ്. രാജ്യത്തെ കായിക മേഖലയുടെയും കായിക താരങ്ങളുടെയും വളർച്ചയ്ക്കും ഉന്നമനത്തിനും ചുമതലപ്പെട്ട സംഘടനയും മേധാവിയും നിർണായക ഘട്ടത്തിൽ അവരെ കൈയൊഴിയുന്നതും രാഷ്ട്രീയ പക്ഷപാതിത്വത്തോടെ സംസാരിക്കുന്നതും അപലപനീയമാണ്. പോലീസിന്റെയും ഭരണകൂടത്തിന്റെയും എല്ലാ അതിക്രമങ്ങളെയും അതിജീവിച്ച് സമരം മുന്നോട്ടു പോകുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റു ചെയ്യാതെ സമരം അവസാനിപ്പിക്കില്ല എന്ന ഉറച്ച നിലപാടിലാണവര്‍. രാജ്യത്തെ ജനങ്ങൾ ഒന്നാകെ ഈ സമരത്തെ പിന്തുണയ്ക്കുകയും ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്.

Share this post

scroll to top