ഗോവധ നിരോധനത്തിന് പിന്നിലെ ഗൂഢോദ്ദേശങ്ങൾ

Share

ഇന്ത്യൻ ജനത നിർദ്ദയമായ മുതലാളിത്ത ചൂഷണത്തിൽപ്പെട്ട് നരകിക്കുകയാണ്. ദിനം ചെല്ലുന്തോറും ജീവിതത്തിന്റെ സർവ്വ മേഖലകളിലും ദുരിതങ്ങൾ വർദ്ധിച്ചുവരികയാണ്. ബിജെപി ഗവണ്മെന്റാകട്ടെ അവർക്ക് അല്പമെങ്കിലും ആശ്വാസമെത്തിക്കുന്നതിനുപകരം ഗോസംരക്ഷണത്തിന്റെ പേരിൽ കലിതുള്ളുന്നത് ഏറെ ആശങ്കയുണർത്തുന്നു. കഷ്ടപ്പെടുന്ന ജനങ്ങളുടെ രക്ഷയല്ല ഗോസംരക്ഷണമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് യാതൊരുളുപ്പുമില്ലാതെ ബിജെപി മന്ത്രിമാർ വിളിച്ചുകൂവുന്നു. ഇതിന്റെ ചുവടുപിടിച്ച് ആർഎസ്എസ്-ബിജെപി പ്രമാണിമാർ, ബീഫ് കഴിക്കുന്നതിന്റെ പേരിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്കുനേരെ വിഷം ചീറ്റുന്നു. രോഗം ബാധിച്ച പശുക്കളെ മൃഗാശുപത്രികളിലെത്തിക്കാൻ ധാരാളം ആംബുലൻസുകൾ ഒരുക്കിവയ്ക്കുന്ന ഗവണ്മെന്റുകൾ ജനങ്ങൾക്ക് പ്രാഥമികമായ ആരോഗ്യപരിപാലനം പോലും ഉറപ്പാക്കുന്നില്ല. പൗരത്വത്തിന്റെ ആധികാരിക രേഖയായി ആധാർ നിർബ്ബന്ധമാക്കിയ സർക്കാർ ഇപ്പോൾ പശുക്കൾക്കും ആധാർ കാർഡ് നൽകാൻ പദ്ധതിയിടുകയാണ്. പശുവിന് മനുഷ്യനുതുല്യമായ സ്ഥാനം നൽകുന്ന വൈകൃതത്തിനാണ് ഇതിലൂടെ തുനിയുന്നത്.

ബീഫ് കഴിക്കുന്ന മുസ്ലീമിനെ കൊലയാളിയായി ചിത്രീകരിക്കുന്ന ഹിന്ദുത്വ ഭ്രാന്തന്മാർ മൃഗമായ പശുവിന് മനുഷ്യന്റെയല്ല ദൈവത്തിന്റെ സ്ഥാനമാണ് നൽകുന്നത്. പശു ഇവിടെ ഒരു വ്യക്തിയായി മാറുമ്പോൾ ഒരു മുസ്ലീമിന് വ്യക്തി എന്ന സ്ഥാനം നഷ്ടപ്പെടുന്നു. ”ഒരു തുള്ളി പശുവിൻ രക്തം ഭൂമിയിൽ വീണാൽ അത് ഹിന്ദുക്കളെ വേദനിപ്പിക്കും” എന്ന് പ്രഖ്യാപിക്കുന്ന ഗുജറാത്തിലെ ബിജെപി മന്ത്രി പശു സ്‌നേഹത്തിന് വ്യക്തമായ വർഗീയ നിറം പകരുകയാണ്. ഇതേത്തുടർന്നെല്ലാം മുസ്ലീങ്ങൾക്കുമേലുള്ള പീഡനങ്ങളും കൊലപാതകങ്ങളും വർദ്ധിച്ചുവരികയാണ്. മുസ്ലീങ്ങളെ വേട്ടയാടാനായി ഗോരക്ഷാസേനകൾ ആയുധമെടുത്ത് ഇറങ്ങുകയായി. ഗോരക്ഷയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് തോന്നുന്നവരെയെല്ലാം എന്തും ചെയ്യാനുള്ള അധികാരമവർക്കുണ്ട്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെപി ഗവണ്മെന്റുകളാണ് ഇവർക്ക് ശക്തിപകരുന്നതെന്ന് അവർ അഭിമാനപൂർവ്വം പറയുന്നു. ഈ പാതകങ്ങൾക്കെല്ലാം പോലീസിന്റെ ഒത്താശയും ലഭിക്കുന്നു. ഇതിന്റെയെല്ലാം പിന്നിൽ എന്തെങ്കിലും വിശ്വാസങ്ങളുടെ പേരിലുള്ള അപഥസഞ്ചാരങ്ങളല്ല, ബോധപൂർവ്വം വളർത്തിയെടുക്കുന്ന മതഭ്രാന്തും ആസൂത്രിതമായ ആക്രമണങ്ങളുമാണവയെല്ലാം. പശു ഒരു വിശുദ്ധ മൃഗമായിരുന്നുവെന്നും ഹിന്ദുക്കൾ എക്കാലവും അതിനെ ആരാധിച്ചിരുന്നുവെന്നുമുള്ള തെറ്റായ പ്രചാരണങ്ങൾ കുത്തകകൾ നിയന്ത്രിക്കുന്ന മാദ്ധ്യമങ്ങളും സർക്കാരിന്റെ പ്രചരണോപാധികളും ചില ഹിന്ദു വർഗീയവാദികളും കൊണ്ടുപിടിച്ചുനടത്തുന്നുണ്ട്. ഈ പ്രചാരണം മുറുകുന്നതിനനുസരിച്ച്, പശുവിനെ കടത്തുന്നതിന്റെയും കശാപ്പിന്റെയും ബീഫ് കഴിക്കുന്നതിന്റെയുമൊക്കെ പേരിൽ മുസ്ലീങ്ങൾക്കുമേൽ നടക്കുന്ന ആക്രമണങ്ങളും പെരുകുന്നു. മുസ്ലീങ്ങളെ മാത്രമല്ല, ചത്ത പശുക്കളെ മറവുചെയ്യുക, അവയുടെ തോൽ ഉരിച്ചെടുക്കുക തുടങ്ങിയ താഴ്ന്നതരം തൊഴിലുകളെടുക്കുന്ന ദളിതരെയും ഇവർ വെറുതെവിടുന്നില്ല. പശു സംരക്ഷണത്തിന്റെ പേരിൽ അവരും പരസ്യമായ ആക്രമണത്തിനും കൊലയ്ക്കും ഇരയായിക്കൊണ്ടിരിക്കുന്നു.

പശുസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന  പരാക്രമങ്ങൾക്ക് നിയമപരിക്ഷ

ബിജെപി ഗവണ്മെന്റ് അടുത്തിടെയിറക്കിയ ‘മൃഗങ്ങളോടുള്ള ക്രൂരത തടയൽ (കന്നുകാലി ചന്തകൾക്കുമേലുള്ള നിയന്ത്രണം) ചട്ടം – 2017’, കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന പരാക്രമങ്ങൾക്ക് നിയമ പരിരക്ഷ നൽകുകയും ചെയ്തിരിക്കുന്നു. മുതലാളിവർഗ്ഗവും അവരുടെ ചെരുപ്പ് നക്കികളും പാർലമെന്റിന്റെ പരമാധികാരത്തെ വാഴ്ത്താറുണ്ട്. എന്നാൽ അടുത്തകാലത്ത് പാർലമെന്റിനെ മറികടന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന രീതി പതിവായിട്ടുണ്ട്. ഈ ഉത്തരവും അപ്രകാരം തന്നെയാണ് വന്നിരിക്കുന്നത്. കന്നുകാലികളെ മതപരമായ ബലിദാനത്തിനോ കശാപ്പിനോ കാലിച്ചന്തകളിൽ വിൽക്കുന്നത് ഈ ഉത്തരവിലൂടെ തടഞ്ഞിരിക്കുന്നു. പശുവിന്റെ കശാപ്പ് നിരോധിച്ചതുവഴി ജനങ്ങൾക്ക് സ്വന്തം ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശമാണ് സ്വേച്ഛാധിപത്യപരമായി നിഷേധിച്ചിരിക്കുന്നത്. തനിഭ്രാന്ത് അല്ലെങ്കിൽ സംഘടിതമായ പൈശാചികത എന്നേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. ഈ അധികാരപ്രയോഗത്തന്റെ പിന്നിലുള്ള ഗൂഢോദ്ദേശങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങളും എന്തൊക്കെയായിരിക്കും? ഇതിന് മതവുമായി വല്ല ബന്ധവുമുണ്ടോ? ഇനിയും കൂടുതൽ ആയുധങ്ങൾക്ക് അധികാരികൾ മൂർച്ച വരുത്തിക്കൊണ്ടിരിക്കുകയാണോ? ജനങ്ങൾ ഇതിന്റെയെല്ലാം സത്യാവസ്ഥ തിരിച്ചറിയേണ്ടതുണ്ട്.

ഗോരക്ഷാ പരാക്രമങ്ങളെ ന്യായീകരിക്കാൻ നിരത്തുന്ന നുണകൾ

പശുവിനെ വാഴ്ത്താനായി ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികൾ നിരന്തരം കള്ളങ്ങൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യം നേരായി ചിന്തിക്കുന്നവരെല്ലാം ശ്രദ്ധിച്ചിട്ടുള്ളതാണല്ലോ. തികച്ചും വ്യാജവും അപഹാസ്യവുമായ ഇത്തരം കാര്യങ്ങൾ എഴുതാൻ പോയിട്ട് പറയാൻപോലും നാണക്കേട് തോന്നേണ്ടതാണ്. പശു ശ്വസിക്കുമ്പോൾ ഓക്‌സിജൻ പുറത്തുവിടുന്നു, ഗോമൂത്രം കുടിക്കുകയും ചാണകം ഭക്ഷിക്കുകയും ചെയ്താൽ വാർദ്ധക്യത്തിലും ആരോഗ്യത്തോടെ കഴിയാം, ഗർഭിണികൾക്ക് ഇത് സുഖപ്രസവം ഉറപ്പാക്കുന്നു, ക്യാൻസർ ഉൾപ്പെടെ പല മാരക രോഗങ്ങൾക്കും പശുവിന്റെ വിസർജ്യം ദിവ്യൗഷധമാണ്, റേഡിയോ ആക്ടീവ് വികിരണങ്ങൾ തടയാൻ ചാണകത്തിന് കഴിവുണ്ട് അങ്ങനെപോകുന്നു അവകാശവാദങ്ങൾ. ഇത്തരം ചവറുകളൊക്കെ ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ? ഈ അത്ഭുത സിദ്ധികളൊക്കെ ഇന്ത്യൻ പശുക്കൾക്കേ ഉള്ളൂ എന്നും വിദേശ പശുക്കളുടെ പാലും ചാണകവുമൊക്കെ വിഷമാണെന്നുംകൂടി ആർഎസ്എസുകാർ പറയുന്നുണ്ട്. കഷ്ടംതന്നെ! വിശ്വഹിന്ദു പരിഷത് ഇപ്പോൾ ‘ശുദ്ധ നാടൻ’ പശുക്കളുടെ വിസർജ്യം ശേഖരിച്ച് അതിൽനിന്ന് കക്കൂസ് കഴുകാൻ മുതൽ ഔഷധമായിവരെ ഉപയോഗിക്കാവുന്ന ഉല്പന്നങ്ങൾ ഉണ്ടാക്കി വിൽക്കുന്നുണ്ട്. ‘കാമധേനു’ എന്ന പേരിലാണ് ഇവ ഇറക്കുന്നത്. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുക, എന്നിട്ട് ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കച്ചവടം നടത്തി ലാഭമടിക്കുക. ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവിന്റെ പിന്നിൽ ഇങ്ങനെയൊരു പശ്ചാത്തലമുണ്ട്.

ജനങ്ങളുടെ പ്രതിഷേധം മാനിച്ച് ഈ ഉത്തരവ് പിൻവലിക്കാൻ മിനിമം ജനാധിപത്യ മര്യാദയുള്ള ഏതൊരു ഗവണ്മെന്റും തയ്യാറാകേണ്ടതാണ്. എന്നാൽ ബിജെപി ഗവണ്മെന്റും സംഘപരിവാറും കള്ളപ്രചരണങ്ങൾ നടത്തി ഉത്തരവിനുപിന്നിലെ ദുഷ്ടലാക്ക് മറച്ചുപിടിക്കുകയാണ്. കന്നുകാലി കമ്പോളത്തെ നിയന്ത്രിക്കാനെന്നും മൃഗങ്ങളോടുള്ള ക്രൂരത തടയാനെന്നുമൊക്കെയുള്ള അവരുടെ കപട ന്യായങ്ങൾ ചെലവാകാൻ പോകുന്നില്ല. വസ്തുതകൾ മനസ്സിലാക്കുന്ന ഏതൊരാളും ഇവരുടെ വാദഗതികൾ പുച്ഛിച്ച് തള്ളുകയും ജനങ്ങൾ പട്ടിണികൊണ്ട് വലയുമ്പോൾ പശുവിന് ‘പ്രത്യേക പൗരത്വ’ പദവി നൽകുന്നതിനെ പരിഹസിക്കുകയുമേ ചെയ്യൂ. ഉത്തരവ് ബീഫ് നിരോധിക്കുന്നതല്ല എന്ന ഭാഷ്യവുമായി രംഗത്തുവരാൻ സ്വന്തം കെണിയിലകപ്പെട്ട സർക്കാർ ഇപ്പോൾ നിർബന്ധിതമായിരിക്കുന്നു. എന്നാൽ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് നിരപരാധികളെ കൊന്നുതള്ളുന്നത് കാണുന്ന ജനങ്ങൾ ഇവരുടെ കള്ള പ്രചരണങ്ങൾ വിശ്വസിക്കാൻ പോകുന്നില്ല.
സാമ്പത്തിക രംഗത്ത്, വിശേഷിച്ച് ദുരിതമനുഭവിക്കുന്ന കർഷകർക്കുമേൽ ദുരന്തം വിതയ്ക്കുന്നു
ദരിദ്ര ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് അർദ്ധപട്ടിണിക്കാരായ കർഷകജനതയുടെ ജീവിതത്തിൽ ഈ നിയമം സൃഷ്ടിക്കാൻ പോകുന്ന ദുരന്തഫലങ്ങളാണ് ഇനി ചർച്ച ചെയ്യുന്നത്. വളർത്തുമൃഗങ്ങൾ ഒരു സ്ഥിരസ്വത്തെന്ന നിലയിൽ പരിഗണിക്കാൻ തുടങ്ങിയ കാലംമുതൽ അവയെക്കൊണ്ട് മനുഷ്യനുള്ള പ്രയോജനം കണക്കിലെടുത്ത് മൃഗപരിപാലനം ഒരു ഉത്തരവാദിത്വമായി മനുഷ്യൻ നിർവ്വഹിച്ചുപോന്നു. പശു ഉൾപ്പെടെയുള്ള ഈ വളർത്തുമൃഗങ്ങൾ നിലം ഉഴാനും എണ്ണയാട്ടാനും വണ്ടിവലിക്കാനുംമറ്റുമൊക്കെ ഉപയോഗിച്ചുപോന്നു. എണ്ണം പെരുകിയപ്പോൾ ഇവയെ ഭക്ഷണമാക്കാനും തുടങ്ങി. ഇതിഹാസങ്ങളിൽപോലും ഇതിന്റെ വിവരണങ്ങളുണ്ട്. ‘ദ മിത്ത ഓഫ് ദ ഹോളി കൗ’ എന്ന വിഖ്യാതമായ കൃതിയിൽ ഡോ.ഡി.എൻ.ഝാ, പുരാതന ഇന്ത്യയിൽ ഹിന്ദുക്കൾ ബീഫ് കഴിച്ചിരുന്നുവെന്ന് മതഗ്രന്ഥങ്ങളും പുരാണങ്ങളുമൊക്കെ സാക്ഷിയാക്കി സമർത്ഥിക്കുന്നുണ്ട്. മുസ്ലീങ്ങൾ ഇന്ത്യയിൽ വന്നതോടെയാണ് ഇന്ത്യക്കാർ ബീഫ് കഴിക്കാൻ തുടങ്ങിയതെന്ന സംഘപരിവാർ നിലപാടിനെ ഇത് ഖണ്ഡിക്കുന്നതിനാൽ ഈ പുസ്തകം പുറത്തുവന്നതോടെ ഗ്രന്ഥകർത്താവിനുനേർക്ക് ഭീഷണിയുയർന്നു. യുക്തി കൈമോശം വന്നാൽപിന്നെ ഇത്തരം മാർഗങ്ങളല്ലേ മനുഷ്യൻ അവലംബിക്കുക. കന്നുകാലികൾക്ക് കർഷകരുടെ സാമ്പത്തിക ജീവിതത്തിൽ കാര്യമായ പങ്കുണ്ട്. 8-9 വയസ്സുകഴിഞ്ഞാൽ കാലികളെ കർഷകർ നിലനിർത്താറില്ല. പശുക്കളുടെ ഉല്പാദനത്തിൽ വന്ന കുറവുമൂലം ഡിമാന്റനുസരിച്ചുള്ള സപ്ലൈ ഈ രംഗത്തില്ലാതായി. ഇത് വിലവർദ്ധനവിനും ഇടയാക്കി. വയ്‌ക്കോലിനും മറ്റും വിലകൂടിയതും കർഷകർക്ക് വിനയായി. കന്നുകാലികളെ സംരക്ഷിക്കുന്നത് ചെലവേറിയ സംഗതിയായി മാറി. വിത്തുകാളകളെ ഉപയോഗിക്കുന്നതിനുപകരം കൃത്രിമ ബീജസങ്കലനവും നിലവിൽവന്നു. പ്രായം ചെന്നവയെ വിറ്റ് പുതിയതിനെ വാങ്ങാതെ കർഷകർക്ക് നിവൃത്തിയില്ലാതായി. ഈ സാദ്ധ്യത അടഞ്ഞാൽ, സ്വന്തം നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന കർഷകന് കാലികളെ എല്ലാംകൂടി തീറ്റിപ്പോറ്റുക തീർത്തും അസാദ്ധ്യമാകും. പണം ആവശ്യം വരുന്ന സന്ദർഭങ്ങളിൽ കാലികളെ വില്ക്കുന്നത് കർഷകർക്ക് വളരെ ഉപകാരപ്രദമായിരുന്നുതാനും. ഇത് നിരോധിച്ചാൽ അവർ കൂടുതൽ കടക്കെണിയിലകപ്പെടും. പുതിയ ഉത്തരവുപ്രകാരം ഒരു കാലിയെ വാങ്ങിയാൽ ആറുമാസം കഴിയാതെ വില്ക്കാനാവില്ല. ഉപയോഗപ്രദമല്ലാത്തവയെയും സംരക്ഷിച്ചേ തീരൂ. വരൾച്ചക്കാലത്തും മറ്റും ഇത് ഏറെ വിനാശകരമാകും. വില്പനയ്ക്ക് യോഗ്യമല്ലാത്തതെന്ന് ഒരു മൃഗവൈദ്യൻ വിധിച്ചാൽ അത്തരം കാലികളെ പിടച്ചെടുക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് മറ്റൊരാഘാതമാണ്.

ചുരുക്കത്തിൽ, പശുവിന്റെ ഉല്പാദനം ഗണ്യമായി കുറയാൻ പോകുകയാണ്. മുതലാളിത്ത ചൂഷണവാഴ്ചയ്ക്കുകീഴിൽ വലിയൊരു വിഭാഗം ജനങ്ങൾ ജീവിക്കാൻവേണ്ടി കഠിനാദ്ധ്വാനം ചെയ്യുമ്പോൾ, കർഷകരുടെ ആത്മഹത്യ മൂന്നരലക്ഷവും കവിഞ്ഞിരിക്കുമ്പോൾ, കർഷകർ കൃഷിഭൂമിയിൽനിന്ന് പുറന്തള്ളപ്പെടുകയും പാപ്പരാക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ അവരുടെ അവശേഷിക്കുന്ന ജീവനോപാധികൾകൂടി തട്ടിയെടുക്കാൻ മനുഷ്യത്വം ലവലേശമുള്ള ആർക്കെങ്കിലും കഴിയുമോ? ശവത്തിൽ കുത്തുന്ന നടപടിയല്ലേ ഇത്. പശുവിനോടുള്ള ‘ക്രൂരത’ തടയാനെന്ന പേരിലുള്ള ഈ നടപടി എത്ര വലിയ ക്രൂരതയാണ് കർഷകരോട് കാണിക്കുന്നത്?
വലിയൊരു വിഭാഗം ജനങ്ങൾ ഉപജീവനത്തിന് ആശ്രയിക്കുന്ന, ഒരു ലക്ഷംകോടി രൂപയോളം വരുന്ന ഇറച്ചിയുടെയും അനുബന്ധങ്ങളുടെയും വ്യവസായത്തിന്റെമേലും വിനാശകരമായ പ്രത്യാഘാതമാണ് ഈ ഉത്തരവ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ കശാപ്പുചെയ്യുന്ന കാലികളുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കുമുള്ള മാംസത്തിനുവേണ്ടി ഉപയോഗിക്കുന്നത്. ബാക്കി 70 ശതമാനം മൂന്നുഡസനോളം വരുന്ന ഉല്പന്നങ്ങൾ ഉണ്ടാക്കാനായി വ്യവസായമേഖലയാണ് ഉപയോഗിക്കുന്നത്. തുകൽ ബാഗുകളും ചെരുപ്പുകളുമൊക്കെ ഇതിൽപ്പെടും. മാംസത്തിനായി കശാപ്പുചെയ്യുന്ന 30 ശതമാനത്തിൽ ഏറിയപങ്കും പോത്തും എരുമയുമൊക്കെയാണ്. വർഷംതോറും 28,000 കോടി രൂപയുടെ ഇറച്ചി കയറ്റുമതി ചെയ്യുന്നുണ്ട്. 38,500 കോടിരൂപയുടെ തുകൽ വ്യവസായമേഖലയ്ക്ക് നൽകുന്നുണ്ട്. 90 ശതമാനവും കാലിച്ചന്തയെ ആശ്രയിച്ചാണ് ഈ വ്യവസായം നിലനിൽക്കുന്നത്. പുതിയ നിയമം അനേകായിരങ്ങളെക്കൂടി തൊഴിൽരഹിതരുടെ കൂട്ടത്തിലേയ്ക്ക് തള്ളിവിടും. പശുവിനെ സംരക്ഷിക്കാൻ മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്നതിൽ എന്ത് യുക്തിയാണുള്ളത്? പശു സംരക്ഷണത്തിന്റെ പേരിൽ മനുഷ്യരെ ബലികൊടുക്കുന്ന ഈ ഏർപ്പാട് അന്ധകാരമയമായ മദ്ധ്യകാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണ്. വന്യമൃഗങ്ങളുടെ മുന്നിലേയക്ക് ചങ്ങലയിൽ ബന്ധിച്ച അടിമകളെ എറിഞ്ഞുകൊടുത്ത് അവരുടെ മരണവെപ്രാളംകണ്ട് രസിച്ചിരുന്ന റോമാ സാമ്രാജ്യത്തിലെ രാജാക്കന്മാരുടെ ക്രൂരവിനോദത്തെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. ഇതൊന്നും ജനങ്ങൾക്ക് മനസ്സിലാകില്ലെന്നാണോ പശുസംരക്ഷക വേഷം കെട്ടുന്നവർ കരുതുന്നത്? മറുവശത്ത്, ബീഫിന്റെയും തുകൽ വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും കരിഞ്ചന്തയെ പുഷ്ടിപ്പെടുത്തുന്ന നടപടിയല്ലേ ഇത്? ഈ രംഗത്ത് സ്വദേശ, വിദേശ കുത്തകകൾക്ക് വലിയ കച്ചവട സാദ്ധ്യതയല്ലേ ഇതുവഴി തുറന്നുനൽകുന്നത്?

ഇത് മതതത്വങ്ങൾക്ക് നിരക്കുന്നതോ?

ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിതത്തിൽ കൂടുതൽ കഷ്ടപ്പാട് നിറയ്ക്കുന്നതാണ് പുതിയ ഉത്തരവ് എന്ന് വ്യക്തമാണല്ലോ. മതത്തിന്റെ പേരിലാണ് ഇതൊക്കെ ചെയ്യുന്നത്. പശുവിന് ‘വിശുദ്ധി’യുണ്ടെന്നും! ‘അമ്മയെപ്പോലെ ആരാധിക്കുന്ന’താണെന്നും അവകാശപ്പെടുന്ന, ഹിന്ദുത്വം പിന്തുടരുന്ന രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ വികാരം മാനിച്ചാണ് ഈ നടപടികളൊക്കെ കൈക്കൊള്ളുന്നതെന്നാണ് ഭരണകക്ഷി പറയുന്നത്. സാമൂഹികമായും ചരിത്രപരമായും നോക്കുമ്പോൾ ഇത് എത്രത്തോളം യുക്തിസഹമാണ്? ദൈവസങ്കല്പം പോലെ മതവും ഒരു പ്രത്യേക ചരിത്ര കാലഘട്ടത്തിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ, അന്നത്തെ പ്രത്യേക സാമൂഹ്യാവശ്യകത നിറവേറ്റാനായി ഉദയംചെയ്തതാണെന്ന് ചരിത്രത്തിന്റെയും സാമൂഹ്യ വികാസത്തിന്റെയും ശാസ്ത്രീയ വിശകലനം വെളിവാക്കിയിട്ടുള്ളതാണ്. സമൂഹത്തിന് അത് നൈതിക-സദാചാര ധാരണകൾ പ്രദാനംചെയ്തു. മനുഷ്യൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അവതരിപ്പിച്ചു. സമൂഹത്തിനാകെ ബാധകമായ പൊതുതത്വങ്ങൾക്ക് രൂപംനൽകി. ഓരോ മതപ്രവാചകരും തങ്ങളുടെ യുക്തിക്കനുസരിച്ച് ക്ഷമാപൂർവ്വം, പ്രേരണാസ്വരത്തിൽ സ്വന്തം ആശയങ്ങൾ അവതരിപ്പിച്ചു. ഇവ തമ്മിൽ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ സത്യസന്ധരായ ഈ പ്രവാചകരാരുംതന്നെ, അത് ബുദ്ധനോ മഹാവീരനോ ചൈതന്യനോ ക്രിസ്തുവോ നബിയോ കൺഫ്യൂഷിയസോ ആകട്ടെ, ആയുധബലത്താലോ മറ്റു മതങ്ങളെ നിന്ദിച്ചുകൊണ്ടോ സ്വന്തം മതത്തിലേയ്ക്ക് ആളെ ചേർക്കാൻ ശ്രമിച്ചിട്ടില്ല. എല്ലാ മതങ്ങളും സഹിഷ്ണുതയോടെ സഹവസിച്ചു. പില്ക്കാലത്ത് ഇവരുടെ പിൻമുറക്കാർ സ്വത്തുവർദ്ധിപ്പിക്കാനും മറ്റുമായി ബലപ്രയോഗത്തിലൂടെ മതപരിവർത്തനവും മറ്റും നടത്തിയിട്ടുണ്ടെന്നത് ശരിയാണ്. ഒറ്റപ്പെട്ട അത്തരം സംഭവങ്ങൾ അപഭ്രംശങ്ങൾ മാത്രമാണ്. സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവുമായിരുന്നു മുഖ്യ പ്രവണതയും അംഗീകൃത കാഴ്ചപ്പാടും. ഇത് യാദൃശ്ചികമായി വന്നുചേർന്നതല്ല, മതപ്രവാചകന്മാരും അവരുടെ സത്യസന്ധരായ പിൻമുറക്കാരും ബോധപൂർവ്വം വളർത്തിയെടുത്തതായിരുന്നു. സഹിഷ്ണുത അവർ സ്വയം വരിച്ചതായിരുന്നു. ഇക്കാര്യത്തിൽ രാമകൃഷ്ണ പരമഹംസരുടെ പ്രസിദ്ധമായ ഒരു വചനമുണ്ട്. മതങ്ങളുടെ എണ്ണം കൂടുമ്പോൾ ദൈവത്തിലേയ്ക്കുള്ള മാർഗ്ഗങ്ങളുടെ എണ്ണമാണ് കൂടുന്നത് എന്നാണദ്ദേഹം പറഞ്ഞത്. ക്രിസ്തുവിനെയും നബിയെയും വാഴ്ത്തിക്കൊണ്ട് വിവേകാനന്ദൻ പറഞ്ഞത്, എന്റെ മകന് ബുദ്ധമതവും ഭാര്യയ്ക്ക് ക്രിസ്തുമതവും എനിക്ക് ഇസ്ലാംമതവും സ്വീകരിക്കാൻ ഒരു തടസ്സവുമില്ല എന്നത്രെ. ഇവരെല്ലാം സഹിഷ്ണുതയല്ലേ ഉയർത്തിപ്പിടിക്കുന്നത്? ഇസ്ലാംമതത്തിലേയ്ക്ക് നിർബന്ധമായി ആളെ ചേർക്കുന്നതിനെ മുഹമ്മദ് നബി എതിർത്തിട്ടില്ലേ? അപ്പോൾ ഏത് മതമാണ് മറ്റുമതങ്ങളെ എതിർക്കാനും വെറുക്കാനും പറഞ്ഞിട്ടുള്ളത്? അന്യ മതവിശ്വാസികളെക്കൊണ്ട് സ്വന്തം മതശാസനങ്ങൾ ബലംപ്രയോഗിച്ച് അനുസരിപ്പിക്കാൻ ഏതുമതത്തിലാണ് പറഞ്ഞിട്ടുള്ളത്? സമൂഹം പുരോഗമിക്കുകയും സാഹചര്യം മാറുകയും ചെയ്തപ്പോൾ, ശാസ്ത്രീയ യുക്തിയുടെ കാലമായപ്പോൾ, മതം കാലഹരണപ്പെട്ടു എന്നത് ശരിതന്നെ. എന്നാൽ, മതങ്ങൾക്ക് പ്രസക്തി ഉണ്ടായിരുന്ന കാലത്ത് ഒരു മതവും മറ്റുമതങ്ങളോട് അസഹിഷ്ണുത പുലർത്തിയിട്ടില്ല എന്നു കാണിക്കാൻവേണ്ടിയാണ് ഇത്രയും പറഞ്ഞത്.

തികഞ്ഞ മനുഷ്യാവകാശ ലംഘനം

ഇവിടെ നവോത്ഥാനകാലത്തെക്കുറിച്ച് ഓർമ്മിക്കുന്നത് നന്നായിരിക്കും. മുതലാളിത്ത വ്യവസ്ഥ ഉദയംചെയ്ത ആ നാളുകളിൽ അതിന്റെ ആശയപരമായ ഉപരിഘടനയെന്ന നിലയിൽ നവോത്ഥാന ചിന്തയും ഉയർന്നുവന്നു. യുഗനിർണ്ണയാകമായ ചില ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു ആശയപരമായ ഉണർവ്വ് ഉണ്ടായത്. അത് ശാസ്ത്രീയ മനോഘടനയെയും അന്വേഷണ മനോഭാവത്തെയും പോഷിപ്പിച്ചു. അതോടെ മതത്തിനും മതാധിഷ്ഠിത ചിന്താഗതികൾക്കും വിശ്വാസങ്ങൾക്കുമൊക്കെ ഇളക്കംതട്ടാൻ തുടങ്ങി. ബൂർഷ്വാ അർത്ഥത്തിലുള്ളതെങ്കിലും യുക്തിബോധത്തിന്റെ നാളുകൾ പിറന്നതോടെ ദൈവവിശ്വാസവും മതത്തിന്റെ പ്രാമാണികതയും വെല്ലുവിളി നേരിട്ടു. അന്നും മതം ആക്രമണവിധേയമാകുകയോ മതവിശ്വാസികൾ പീഡിപ്പിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ഉണ്ടായില്ല. പ്രകൃത്യാതീത ശക്തികളെ നിരാകരിക്കുന്ന മതേതരത്വത്തിന്റെ പ്രയോക്താക്കൾ പ്രഖ്യാപിച്ചത് മതം വ്യക്തിപരമായ വിശ്വാസത്തിന്റെ പ്രശ്‌നമായി അവശേഷിക്കുമെന്നും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ അത് ഇടപെടുകയില്ലെന്നുമാണ്. അങ്ങനെയാണ് സഹിഷ്ണുത സ്ഥാനം നേടിയത്. അതുപോലെതന്നെ വിവിധ മതങ്ങളും ഈശ്വരവിശ്വാസവും യുക്തിവാദവുമൊക്കെ സൗഹാർദ്ദത്തോടെ സഹവസിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച ആരംഭകാല ബൂർഷ്വാ മാനവവാദവും ജനാധിപത്യവുമൊക്കെ സഹിഷ്ണുതയുടെ മേലാണ് കെട്ടിപ്പടുത്തത്. ബൂർഷ്വാ ജനാധിപത്യം വർഗാധിഷ്ഠിതമായിരുന്നെങ്കിലും അതിന്റെ ആരംഭകാലത്തെ സാമൂഹ്യ താല്പര്യത്തിന് ഇണങ്ങുന്നതായിരുന്നു ഈ ആദർശങ്ങൾ. ബൂർഷ്വാ ജനാധിപത്യം അന്ന് സാമൂഹ്യ പുരോഗതിക്ക് വഴിയൊരുക്കി. അത് ജനങ്ങൾക്ക് മൗലികാവകാശങ്ങളും പൗരാവകാശങ്ങളും പ്രദാനംചെയ്തു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും വ്യക്തിജീവിതത്തിൽ ഇഷ്ടമുള്ള മതം സ്വീകരിക്കാനുമൊക്കെയുള്ള അവകാശം ജനങ്ങൾക്ക് ലഭിച്ചു. ഈ അവകാശങ്ങൾ ആരുടെയും ഔദാര്യമായിരുന്നില്ല. വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസത്തിന് അവ അത്യന്താപേക്ഷിതമായിരുന്നു. അവയ്ക്ക് യുക്തിസഹമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുതാനും. അതായത് ആ അവകാശങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ല. അവകാശങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളുമുണ്ട്. സ്വാതന്ത്ര്യമെന്നത് അരാജകത്വമോ എന്തും ചെയ്യാനുള്ള ലൈസൻസോ അല്ല. ഈ അവകാശങ്ങൾ എങ്ങനെയാണ് ഒരുത്തരവിലൂടെ റദ്ദുചെയ്യാൻ കഴിയുക? ഇവയൊക്കെ ഇല്ലാതാക്കി എന്ത് കഴിക്കണം, എന്ത് ധരിക്കണം, എവിടെ താമസിക്കണം, ഏത് മതം സ്വീകരിക്കണം, ആരെ വിവാഹം കഴിക്കണം, ആരോട് സംസാരിക്കണം, ഏത് വഴിയിലൂടെ സഞ്ചരിക്കണം എന്നുതുടങ്ങി എത്രത്തോളം ശ്വസിക്കണം എന്നുവരെ ഗവണ്മെന്റ് ആജ്ഞാപിക്കാൻ തുടങ്ങിയാൽ അത് എവിടെച്ചെന്നാണവസാനിക്കുക? അത് ജനാധിപത്യത്തെത്തന്നെ ഇല്ലായ്മ ചെയ്യില്ലേ? ജനാധിപത്യം അവസാനിച്ചാൽപ്പിന്നെ ഫാസിസമല്ലേ നിലവിൽ വരിക? അപ്പോൾപ്പിന്നെ നാഗരികതയുടെ സ്ഥിതിയെന്താവും?
പശുസംരക്ഷണ വാദത്തിനുപിന്നിലൂടെ രംഗപ്രവേശം ചെയ്യുന്നത് കടുത്ത
ഹിന്ദു വർഗ്ഗീയത
സംഘപരിവാറിന്റെ ഏകാധിപത്യനടപടികൾക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തം. മുതലാളിവർഗ്ഗസേവകർ അവരുടെ ഹീനമായ അജണ്ട നടപ്പിലാക്കാൻ മതത്തെ ഉപയോഗിക്കുകയാണ്. സങ്കുചിതവും ഹീനവുമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതത്തെ ഉപയോഗിക്കുമ്പോൾ അത് മതമൗലികവാദമാകുന്നു. ആർഎസ്എസ്-ബിജെപി ശക്തികൾ ചെയ്യുന്നതുപോലെ അത് എല്ലാ ജീർണ്ണമായ ആശയങ്ങളെയും മതാന്ധതയെയുമൊക്കെ ഊട്ടിവളർത്തുന്നു. വസ്തുതകൾ ഇത് ശരിവയ്ക്കുന്നു. ആർഎസ്എസ്-ബിജെപി നേതാക്കൾ ആസൂത്രിതമായി വർഗ്ഗീയ സ്പർദ്ധ വളർത്തി മുസ്ലീം ന്യൂനപക്ഷങ്ങളിൽ ഭീതി വിതച്ച് അവരെ കീഴ്‌പ്പെടുത്തുകയും ഹിന്ദുവർഗ്ഗീയ വികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. മുതലാളിവർഗ്ഗത്തിനുവേണ്ടിയുള്ള ഈ ഹീനപ്രവൃത്തിയിലൂടെ സഹിഷ്ണതയ്ക്കുപകരം മതഭ്രാന്തും സ്പർദ്ധയും ഊട്ടിവളർത്തുന്നു. മതങ്ങളുടെയും ബൂർഷ്വാ ജനാധിപത്യത്തിന്റെയും യഥാർത്ഥ കാഴ്ചപ്പാടുകളൊക്കെ തീർത്തും അവഗണിക്കുന്നു. ജനനന്മയുടെ പ്രതീകമായിരുന്ന ആ ആദർശങ്ങളുടെ സ്ഥാനത്ത് രംഗപ്രവേശം ചെയ്യുന്നത് വർഗ്ഗീയതയും മതമൗലിക വാദവുമൊക്കെയാണ്. ഇപ്പോൾ ഗോസംരക്ഷണത്തിന്റെ പേരിൽ വരുന്ന പുതിയ ഉത്തരവും ഇത്തരം പ്രതിലോമ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കാനും ഗോരക്ഷയുടെ പേരിൽ നടക്കുന്ന പരാക്രമങ്ങളെ ഭരണനിർവ്വഹണത്തിന്റെ ഭാഗമായി അവതരിപ്പിക്കാനുമുള്ള കുത്സിത നീക്കംതന്നെയാണ്. പണ്ട് ഹിന്ദുമതാചാര്യന്മാർ പ്രചരിപ്പിച്ചതും പ്രാവർത്തികമാക്കിയതും സൗഹൃദത്തിന്റെയും ബഹുത്വത്തിന്റെയും ആദർശങ്ങളാണ്. ഹിന്ദുത്വവാദികളെന്നവകാശപ്പെടുന്നവർ ഇന്ന് മതമൗലികവാദത്തിലൂടെ ആ ആദർശങ്ങളുടെയെല്ലാം കടയ്ക്കൽ കത്തിവയ്ക്കുകയാണ് എന്ന വസ്തുത മൂടി വയ്ക്കാനാകില്ല. ഇത്തരം ആക്രമണോത്സുക പദ്ധതികൾ അനുസ്യൂതം അരങ്ങേറുമ്പോൾ അവശേഷിക്കുന്ന ജനാധിപത്യംപോലും എത്രനാൾ നിലനിൽക്കും എന്ന് പറയാനാകുമോ? ഈ ഹിന്ദുത്വവാദികളെയും പശുസംരക്ഷകരെയുമൊക്കെ പരിഷ്‌കൃതരെന്ന് വിളിക്കാനാകുമോ?

എന്തുകൊണ്ടീ ഹീനപദ്ധതി?

ജനങ്ങൾ ദുരിതക്കയത്തിലകപ്പെട്ടിരിക്കുമ്പോൾ, പട്ടിണിമരണങ്ങൾ പെരുകുമ്പോൾ, പട്ടിണി പടരുമ്പോൾ, ജനങ്ങളുടെ ദീനരോദനങ്ങൾ എങ്ങും മാറ്റൊലി കൊള്ളുമ്പോൾ പശുസംരക്ഷണവുമായി ഗവണ്മെന്റ് ഇറങ്ങിത്തിരിച്ചതെന്തിന് എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം. ഹീനമായ ഒരു രാഷ്ട്രീയ ലക്ഷമാണ് ഇതിന് പിന്നിലുള്ളതെന്ന് അല്പം ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാകും. സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലാകെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന തിന്മകളും അന്തരങ്ങളും അപചയങ്ങളുമെല്ലാം ജീർണ്ണവും മരണാസന്നവുമായ മുതലാളിത്ത വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തുത. എല്ലാ തിന്മകളുടെയും മൂലകാരണം മുതലാളിത്തമാണ്. മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുകാരനാണ് ഗവണ്മെന്റ്. മുതലാളിവർഗ്ഗമാണ്, അവരുടെ ഹീന പദ്ധതികൾ, ജനാധിപത്യത്തിന്റെ മുഖംമൂടി നിലനിർത്തിക്കൊണ്ടുതന്നെ നടപ്പിലാക്കാനായി ആരെ അധികാരത്തിൽ അവരോധിക്കണമെന്ന് തീരുമാനിക്കുന്നത്. അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെയാകെ താല്പര്യത്തിന് തീർത്തും എതിരായിട്ടുള്ളതാണ് മുതലാളിവർഗ്ഗത്തിന്റെ പദ്ധതികൾ. ജാതി, മതം, പ്രദേശം, വംശം തുടങ്ങിയ പരിഗണനകളൊന്നും ഇക്കാര്യത്തിലില്ല. ജനങ്ങളെ അന്ധകാരത്തിൽ തളച്ചിടാൻ എന്ത് കൗശലമാണ് പ്രയോഗിക്കേണ്ടത്, അവരെ കബളിപ്പിക്കൻ എന്ത് തന്ത്രമാണ് പയറ്റേണ്ടത്, അജ്ഞത നിലനിർത്തിക്കൊണ്ട് അതിനെ ഉപയോഗപ്പെടുത്തി എങ്ങനെയാണ് ഹീനപദ്ധതികൾ നടപ്പിലാക്കിയെടുക്കേണ്ടത്, ഈ തന്ത്രങ്ങളൊക്കെ ജനങ്ങൾക്ക് സ്വീകാര്യമാംവണ്ണം എങ്ങനെയാണ് വഞ്ചനാപരമായി അവതരിപ്പിക്കേണ്ടത് എന്നെല്ലാമാണ് മുതലാളിവർഗ്ഗത്തിന്റെ പിണിയാളുകളും മുതലാളിത്ത സർക്കാരുമെല്ലാം സദാസമയവും ചിന്തിക്കുന്നത്. എന്തുകൊണ്ടാണ് കാര്യങ്ങൾ ഇവ്വിധമായിരിക്കുന്നത്? അനിഷേധ്യമായ ചരിത്രഗതിയിൽ മുതലാളിത്തം മരണാസന്നമായിരിക്കുന്നു എന്നതുതന്നെ കാരണം. അത് അങ്ങേയറ്റം പിന്തിരിപ്പനും ക്രൂരവും അഴിമതി നിറഞ്ഞതും ഏകാധിപത്യപരവും അതേസമയംതന്നെ കുത്സിതവും വഞ്ചനാപരവുമായിരിക്കുന്നു. ഈ ദയനീയ സ്ഥിതിയിൽ സ്വന്തം നിലനില്പ് ഉറപ്പാക്കണമെങ്കിൽ അതിന് ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ടുതന്നെ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളിലാകെ ഫാസിസം അടിച്ചേല്പിക്കുകയേ നിവൃത്തിയുള്ളൂ. അതിന്റെ വിശ്വസ്ത രാഷ്ട്രീയ സേവകർ വൈവിദ്ധ്യമാർന്ന മേഖലകളിൽ ഫാസിസത്തിന്റെ ദംഷ്ട്ര പുറത്തെടുക്കുന്നത് ഇക്കാരണത്താലാണ്. ജനങ്ങളിൽനിന്ന് സത്യം മറച്ചുവയ്ക്കാനും അവരെ വഴിതെറ്റിക്കാനും ഭരണ മുതലാളിവർഗ്ഗം നിരന്തരം തന്ത്രങ്ങൾ മെനയുന്നു. എന്തെന്നാൽ, ജനങ്ങൾ സത്യം അറിഞ്ഞാൽ മുതലാളിത്ത ചൂഷണവാഴ്ചയിൽനിന്ന് മുക്തരാകാൻവേണ്ടി അവർ നിലകൊള്ളും. വിമോചനത്തിലേയ്ക്കുള്ള ചരിത്രപരമായി നിർണയിക്കപ്പെട്ട മാർഗം, അത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ ഉപാധികൾ ശാസ്ത്രീയമായി പൂർത്തീകരിച്ചുകൊണ്ട് മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവം സാക്ഷാത്കരിക്കുക എന്നതുമാത്രമാണ്. ഭരണം കയ്യാളുന്ന മുതലാളിവർഗ്ഗത്തെ, മാർക്‌സ് പറഞ്ഞതുപോലെ, മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പ്രേതം ബാധിച്ചിരിക്കുന്നു. സാമൂഹ്യ പുരോഗതിയുടെ ചരിത്രഗതി ഉൾക്കൊണ്ട് എല്ലാ കടമകളും പൂർത്തീകരിച്ച് വിപ്ലവം യാഥാർത്ഥ്യമാക്കാൻ വേണ്ടി യത്‌നിക്കുക എന്നതാണ് ജനങ്ങളുടെ ദൗത്യം. അതുകൊണ്ടുതന്നെ ജനങ്ങളുടെ മനസ്സിനെയും ചിന്തയെയും വികലമാക്കാൻ മുതലാളിവർഗ്ഗം എല്ലാ ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുന്നു. അവരെ ചിട്ടപ്പെടുത്തലിന് വിധേയമാക്കുന്നു. ആലസ്യത്തിലും ദൗർബല്യങ്ങളിലും തളച്ചിടുന്നു. ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തി, ശരിയായ വിപ്ലവ നേതൃത്വത്തിൻകീഴിൽ അണിനിരന്ന്, ദുരിതങ്ങളെയും അസംതൃപ്തിയെയുമെല്ലാം സമര മുന്നേറ്റങ്ങളായി പരിവർത്തിപ്പിച്ച്, ദീർഘകാലാഭിലാഷമായ വിപ്ലവം യാഥാർത്ഥ്യമാക്കുന്നതിൽനിന്ന് അവരെ തടഞ്ഞുനിർത്തുക എന്നതാണ് മുതലാളിവർഗ്ഗം ലക്ഷ്യംവയ്ക്കുന്നത്.

ജനാധിപത്യ സമരങ്ങളുടെ അഭാവത്തിൽ വർഗ്ഗീയതയും മതമൗലികവാദവും
തഴച്ചുവളരുന്നു

നമ്മുടെ രാജ്യത്ത്, സാമൂഹ്യവും ചരിത്രപരവുമായ കാരണങ്ങളാൽ, ജന്മിത്ത ചിന്താഗതിക്കും അനൈക്യത്തിനും മതപരമായ കെട്ടുപാടിനുമെതിരായ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണമെന്ന കടമ അത്മാർത്ഥമായി നിറവേറ്റാൻ, സ്വാതന്ത്ര്യസമരകാലത്ത് ദേശീയ നേതൃത്വത്തിനായില്ല എന്നകാര്യം നമ്മുടെ നേതാവും ഗുരുവും മാർഗ്ഗദർശിയും ഈ യുഗത്തിലെ സമുന്നത മാർക്‌സിസ്റ്റ് ചിന്തകരിലൊരാളുമായ സഖാവ് ശിബ്ദാസ്‌ഘോഷ് വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഷ്ട്രീയമായി ഒരു രാഷ്ട്രമായിത്തീർന്നെങ്കിലും മതം, ജാതി, ദേശീയത, വംശം, ഭാഷ തുടങ്ങിയ കാര്യങ്ങളിൽ നമുക്കിടയിലുള്ള അനൈക്യം നിലനിന്നു. സഹജമായ ഈ ദൗർബല്യം നിലനിൽക്കെത്തന്നെ, ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ പരിമിതമായ ജനാധിപത്യവും ജനാധിപത്യമൂല്യങ്ങളും പോലുമിന്ന് കടുത്ത വർഗ്ഗീയ ശക്തികളായ ആർഎസ്എസ്-ബിജെപിയിൽനിന്ന് വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. മേല്പറഞ്ഞ അനൈക്യം ഈ ശക്തികൾക്ക് മുതൽക്കൂട്ടാകുന്നു. അത് ശാശ്വതമാക്കി, അദ്ധ്വാനിക്കുന്ന ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താനാണ് അവർ ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിലെ ഐക്യവും സൗഹാർദ്ദവും തകർത്ത,് അവിശ്വാസവും ശത്രുതയും വളർത്തി അദ്ധ്വാനിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് പരസ്പരം കൊന്നൊടുക്കുന്ന സ്ഥിതിയിലെത്തിക്കുന്നു. ചൂഷണവും അടിച്ചമർത്തലും വർദ്ധിക്കുന്നതനുസരിച്ച് വർഗ്ഗീയവാദികളുടെ ഈ ഹീനശ്രമവും ശക്തമാകും. മതത്തിന്റെ പേരിൽ അവർ ജനങ്ങളെ ഭിന്നിപ്പിക്കുകയും മതഭ്രാന്തും അന്ധതയും വളർത്തി, കാലഹരണപ്പെട്ട മതമൂല്യം പുനരുജ്ജീവിപ്പിച്ച് പരസ്പര ശത്രുത ഊട്ടിവളർത്തുന്നു. ഹിന്ദുക്കളിൽ മുസ്ലീംവിരുദ്ധ വികാരം കുത്തിവയ്ക്കുന്നു. ശാസ്ത്രീയ മനോഘടനയും യുക്തിബോധവും തകർത്ത്, ചിന്താപ്രക്രിയയുടെ മുനയൊടിച്ച്, അന്ധവിശ്വാസങ്ങളിലേയ്ക്കും പഴഞ്ചൻ ചിന്താഗതികളിലേയ്ക്കും നയിച്ച് ഭരണമുതലാളി വർഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നു. വർഗ്ഗീയ, മതമൗലികവാദ ചിന്താഗതികൾ വളർത്തി, മനസ്സിൽ വർഗ്ഗീയ വിഷം കുത്തിവച്ച് അന്ധതയും മതഭ്രാന്തും പോഷിപ്പിക്കുന്നതുപോലെ മുതലാളിവർഗ്ഗ താല്പര്യം സംരക്ഷിക്കാൻ പറ്റിയ മാർഗ്ഗം വേറെയില്ലെന്ന് സഹജമായി തിരിച്ചറിഞ്ഞ മുതലാളിവർഗ്ഗം ബിജെപിയെ അധികാരത്തിലെത്തിക്കുകയായിരുന്നു. നരേന്ദ്രമോദിയെ അവർ മികച്ച ഭരണാധികാരിയായി വാഴ്ത്തി. ഹിന്ദുമത കാഴ്ചപ്പാടുകൾക്കുപോലും നിരക്കാത്ത ഇവരുടെ ഹിന്ദുത്വ സിദ്ധാന്തത്തെ ഹൃദയംഗമമായി പിന്തുണച്ചു. പശുസംരക്ഷണത്തിന്റെ പേരിൽ ഇപ്പോൾ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും കന്നുകാലി കശാപ്പ് നിരോധിക്കുന്ന നിയമവുമെല്ലാം ഈ പശ്ചാത്തലത്തിൽ വേണം വീക്ഷിക്കാൻ.

ജനങ്ങളെ ഭിന്നിപ്പിച്ച് ശ്രദ്ധതിരിക്കുന്നു

മരണാസന്ന മുതലാളിത്തത്തിന്റെ ഏറ്റവും വിശ്വസ്തരായ രാഷ്ട്രീയ സേവകരുടെ ഇന്നത്തെ കടമ നാനാ മേഖലകളിൽ ഫാസിസ്റ്റ് ദംഷ്ട്രകൾ പുറത്തെടുക്കുക എന്നതാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ബിജെപിയുടെയും കർത്തവ്യം അതുതന്നെ. അധികാരത്തിലെത്തുന്നതിനു മുമ്പ്, ഏതൊരു ബൂർഷ്വാ പാർട്ടിയെയുംപോലെ ബിജെപിയും നല്ലനാളെകൾ വാഗ്ദാനം ചെയ്തിരുന്നു. ‘എല്ലാവരോടുമൊപ്പം, എല്ലാവരുടെയും വികസനം’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ജനമനസ്സുകളെ ഹരംപിടിപ്പിച്ചിരുന്നു. നാൾചെല്ലുന്തോറും ഇതെല്ലാം വെറും പടക്കമായിരുന്നെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്ത് ഇവർ കൈക്കൊള്ളുന്ന നടപടികൾ സാധാരണ ജനങ്ങളെ പാപ്പരാക്കുകയാണ്. വാക്കുകൊണ്ടുള്ള കസർത്തും കണക്കുകൊണ്ടുള്ള കളിയും ചെപ്പടിവിദ്യകളുമൊക്കെ പയറ്റിയിട്ടും സമ്പദ്ഘടനയുടെ പാപ്പരത്തം ഭീകരമായി അനുഭവപ്പെടുകയാണ്. മന്ത്രിമാരും ഭരണകക്ഷിനേതാക്കളുമൊക്കെ നടത്തുന്ന വാഗ്ദാനങ്ങളും വാഗ്‌ധോരണികളുമൊക്കെ വെറും തട്ടിപ്പാണെന്ന് നാൾക്കുനാൾ തെളിഞ്ഞുവരുന്നു. പണിയെടുത്ത് ജീവിക്കുന്ന ജനങ്ങളിൽ അസംതൃപ്തി പുകയുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന സമരങ്ങളിൽ ഇത് പ്രകടമാണ്. ഈ അസംതൃപ്തി സംഘടിത ബഹുജന പ്രക്ഷോഭത്തിന്റെ രൂപമെടുക്കുന്നതും ശരിയായ നേതൃത്വത്തിൻ കീഴിൽ മുതലാളിത്തവിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്ക് നയിക്കപ്പെടുന്നതും മുതലാളിവർഗ്ഗത്തിനും അതിന്റെ സർക്കാരിനും അനുവദിക്കാനാവില്ല. മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത രാഷ്ട്രീയ ഏജന്റായ ബിജെപി തങ്ങളുടെ യജമാനന്റെ ആവശ്യം ഈ സന്ദർഭത്തിൽ എന്തെന്ന് നന്നായി തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണവർ കടുത്ത വർഗ്ഗീയ അജണ്ട നടപ്പിലാക്കുന്നത്. മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വിദ്വേഷ പ്രചാരണം, ജനങ്ങളുടെ ഐക്യം തകർക്കൽ, ഒരു പൊതുതാല്പര്യവുമായി അവർ ഒന്നിക്കാനുള്ള സാദ്ധ്യതയിൽനിന്ന് ശ്രദ്ധതിരിക്കൽ തുടങ്ങിയവയൊക്കെ ചിട്ടയായി അരങ്ങേറുന്നു. ഗോസംരക്ഷണത്തെച്ചൊല്ലിയുള്ള പരാക്രമങ്ങളും അതിനായി നിരത്തുന്ന അപഹാസ്യമായ ന്യായീകരണങ്ങളുമൊക്കെ ഈ അജണ്ടയുടെ ഭാഗമാണ്.

ഹീനമായ ഈ ഗൂഢാലോചന തുറന്നുകാട്ടുക മാരകമായ ഈ നീക്കത്തെ ചെറുക്കുക

ഗോസംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളുടെയും പശുവിനെ വാഴ്ത്തിക്കൊണ്ടുള്ള സ്തുതി ഗീതങ്ങളുടെയും പൊരുളിതാണ്. പിന്തിരിപ്പത്തത്തിന്റെ പ്രചാരകരുടെ ഈ കുത്സിതനീക്കങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ അകപ്പെട്ടുപോകരുത്. സമൂഹത്തെ വിഷമയമാക്കാനായി വർഗ്ഗീയ വിഷസർപ്പങ്ങൾ പത്തിവിടർത്തിയാടുമ്പോൾ, സാഹചര്യം ഇത്തരമൊരു വൈകാരികാവസ്ഥയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, മുതലാളിവർഗ്ഗത്തിന്റെ നല്ലപിള്ളകളായി, അധികാരത്തിന്റെ ഇടനാഴികളിൽ നിലനിൽപ്പിനായി പരക്കംപായുന്ന ഒറ്റ രാഷ്ട്രീയ പാർട്ടിപോലും സർവശക്തിയും സമാഹരിച്ച് ഈ ഹീനനീക്കത്തെ ചെറുക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നില്ല എന്നത് ഖേദകരമാണ്. അവരുടെ ദുർബലമായ എതിർപ്പുകളും മാദ്ധ്യമ സാന്നിദ്ധ്യത്തിൽ നടത്തുന്ന പതിവ് വാചകമടികളുമൊക്കെ ബൂർഷ്വാ വോട്ടുരാഷ്ട്രീയത്തിൽ സ്വാർത്ഥനേട്ടങ്ങൾക്കുവേണ്ടി നടത്തുന്ന ജല്പനങ്ങൾമാത്രം. അതിനാൽ ജീവിതത്തിൽ പടർന്നുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ച് കഷ്ടപ്പെട്ട് ജീവിക്കുന്ന ജനങ്ങൾ തിരിച്ചറിയണം. ഇനിയും നിശബ്ദരായിരുന്നാൽ വർഗീയ-മതമൗലികവാദ ശക്തികളുടെ ഈ സംഹാരതാണ്ഡവം എല്ലാം തകർത്തുകളയും. ഈ വിപത്ത് തടയാനുള്ള ഏക പോംവഴി സ്വന്തം ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് എല്ലാ സങ്കുചിതത്വങ്ങൾക്കും വിഭാഗീയതകൾക്കും അതീതമായി മുന്നോട്ടുവരികയും ശരിയായ വിപ്ലവ നേതൃത്വത്തിൻ കീഴിൽ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുകയും മാത്രമാണ്. അതോടൊപ്പം, വർഗ്ഗീയ-മതമൗലിക വാദികൾ യുക്തിചിന്തയെ കെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്കും മതഗ്രന്ഥങ്ങളെയും ഇതിഹാസങ്ങളെയുമൊക്കെ ദുർവ്യാഖ്യാനം ചെയ്യുന്നതിനും വസ്തുതകളും ചരിത്രവും വളച്ചൊടിക്കുന്നതിനുമൊക്കെ എതിരെ തീവ്രമായ പ്രത്യയശാസ്ത്ര സമരവും കെട്ടഴിച്ചുവിടേണ്ടതുണ്ട്. കന്നുകാലിയെ കശാപ്പുചെയ്യുന്നതിനെതിരെ ഉറഞ്ഞുതുള്ളിക്കൊണ്ട് ഒരു രാജ്യത്തെയാകെ കശാപ്പുശാലയാക്കുന്ന മാപ്പർഹിക്കാത്ത ഈ പാതകം ചെയ്യുന്നവർ രക്ഷപെടാൻ അനുവദിച്ചുകൂടാ. ചരിത്രത്തിന്റെ വിധിമാനിക്കാൻ കൂട്ടാക്കാത്തവർക്ക് ചരിത്രംതന്നെ ശവക്കുഴി തോണ്ടും. ഈ ദുഷ്ടശക്തികളെ തുറന്നുകാട്ടാനും ചെറുക്കാനും ഉരുക്കുപോലുറച്ച നിശ്ചയദാർഢ്യത്തോടെ ജനങ്ങൾ മുന്നോട്ടുവരണം എന്നതാണ് പരമപ്രധാനമായ കാര്യം.

Share this post

scroll to top