പൂതുവൈപ്പ് സമരം: ജനകീയസമരങ്ങളെ പോലീസ് അടിച്ചമർത്തുന്നു

prof-k-aravindakshan.jpg
Share

ജനസാന്ദ്രതയേറിയ വൈപ്പിൻകരയിൽ പുതുവൈപ്പിൽ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ലിമിറ്റഡിന്റെ എൽപിജി സ്റ്റോറേജ് ടാങ്ക് നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്. കപ്പൽമാർഗ്ഗം എത്തിക്കുന്ന എൽപിജി ഇവിടെ സ്റ്റോർ ചെയ്തിട്ട് മറ്റു സ്ഥലങ്ങളിലേയ്ക്ക് ബുള്ളറ്റ് ടാങ്കറുകളിലും ഭൂഗർഭ ടണൽ വഴിയും കൊണ്ടുപോകാനുള്ള പദ്ധതിയാണിത്.
പരിസ്ഥിതി മാനദണ്ഡങ്ങളും തീരദേശ നിയമങ്ങളും കാറ്റിൽപറത്തിയാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകളെയെല്ലാം തെറ്റിദ്ധരിപ്പിച്ചാണ് ഇതിനുള്ള അനുമതി ഐഒസി സമ്പാദിച്ചിരിക്കുന്നത്. ചുറ്റുമതിൽ കെട്ടിയിരിക്കുന്നത് കടലിലാണ്. മുൻപ് സുനാമിയുണ്ടായപ്പോൾ കടലെടുത്ത പ്രദേശമാണിത്. പ്രോജക്ട് റിപ്പോർട്ടിൽ ഈ പ്രദേശത്ത് ജനവാസം കുറവാണെന്നും വലിയ കൃഷിയൊന്നുമില്ലെന്നും ഉള്ളതാകട്ടെ റബർ ആണെന്നുമാണ് പ്രസ്താവിച്ചിട്ടുള്ളത്.
ദിവസവും 18 മണിക്കൂർ കടൽക്കാറ്റുള്ള ഇവിടെ എൽപിജി ലീക്കുണ്ടായാൽ വൈപ്പിനിൽ മാത്രമല്ല, എറണാകുളം നഗരത്തിലും വൻകെടുതി സൃഷ്ടിക്കും. പ്രോജക്ട് റിപ്പോർട്ടനുസരിച്ച് ഒരു ദിവസം കൈകാര്യം ചെയ്യുന്ന ടാങ്കറിന്റെ എണ്ണം 500 ആണ്. ഇപ്പോൾതന്നെ വളരെയധികം വാഹനത്തിരക്കുള്ള വൈപ്പിൻ-മുനമ്പം റോഡിന് താങ്ങാനാവുന്നതിലപ്പുറമാണ് ഇത് എന്ന പരാതിയുമുയരുന്നുണ്ട്.

ഈ സാഹചര്യത്തിൽ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രോജക്ടിനെതിരെ ജനങ്ങൾ സമരസമിതി രൂപീകരിച്ചുകൊണ്ട് പ്രക്ഷോഭമാരംഭിച്ചു. തികച്ചും സമാധാനപരമായി നടന്നുവരുന്ന ഒരു ജനകീയസമരമാണിത്. മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കൾ കൂടിക്കാഴ്ച നടത്തിയപ്പോൾ ഐഒസി, പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും സമരം അവസാനിപ്പിക്കണമെന്നുമുള്ള താക്കീതാണ് നൽകിയത്. ഭീതിയില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശത്തെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുസ്സൂചന ശരിവയ്ക്കുന്ന തരത്തിലായിരുന്നു അടുത്തദിവസം മുതലുള്ള പോലീസിന്റെ നീക്കം. യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അടിച്ചോടിക്കുകയും സമരഷെഡ് പൊളിച്ചുനീക്കുകയും ചെയ്തു. സമരസമിതി നേതാക്കളുടെ പേരിൽ കള്ളക്കേസ് എടുത്തു. ന്യായമായ ജനാധിപത്യസമരങ്ങളെ പോലീസിനെ കയറൂരിവിട്ട് അടിച്ചമർത്തുന്ന നടപടി അവസാനിപ്പിച്ച് ജനങ്ങളുടെ ഡിമാന്റുകൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ തയ്യാറാകണം.
പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെയുള്ള ജനകീയ സമരത്തിൽ പങ്കെടുക്കുന്നവർക്കുനേരെ നടന്ന ക്രൂരമായ പോലീസ് അതിക്രമത്തെ അപലപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ പ്രൊഫ.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ജനാധിപത്യസമരങ്ങൾ ഉയർന്നുവരുന്നതിനനുകൂലമായാണ് നിലകൊള്ളേണ്ടത്. എന്നാൽ, ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യസംവിധാനത്തിനുതന്നെയും കളങ്കം വരുത്തുന്ന സംഭവങ്ങൾ കേരളം പോലൊരു സംസ്ഥാനത്ത് ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയുംവരെ തല്ലിച്ചതച്ചും ഭയപ്പെടുത്തിയും പദ്ധതി നടപ്പാക്കുമെന്ന സർക്കാർ ധാർഷ്ട്യം ആശങ്കാജനകമാണ്. എൽഡിഎഫ് എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞത് ആരോടാണെന്ന് ജനങ്ങൾക്ക് വ്യക്തമായിത്തുടങ്ങിയിരിക്കുന്നു.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീർകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതുവൈപ്പ് ജനകീയസമര സമിതിയുടെ ചെയർമാൻ എം.ബി.ജയഘോഷ് മുഖ്യപ്രഭാഷണം നടത്തി. ഫാ.പയസ് പഴയരീക്കൽ, ഫ്രാൻസിസ് കളത്തുങ്കൽ, പി.പി.സാജു, പി.എം.ദിനേശൻ, കുരുവിള മാത്യൂസ്, ജബ്ബാർ മേത്തർ, വി.പി.വിൽസൺ, ഏലൂർ ഗോപിനാഥ്, പി.പി.അഗസ്റ്റിൻ, തുടങ്ങിയവർ പ്രസംഗിച്ചു. കെ.കെ.ശോഭ സ്വാഗതവും ജോണി ജോസഫ് നന്ദിയും പറഞ്ഞു.

 

 

 

Share this post

scroll to top