ഡാർവിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം.

Share

ശാസ്ത്രസമൂഹവും വിദ്യാഭ്യാസവിചക്ഷണരും നേരായി ചിന്തിക്കുന്ന ഏവരും ഈ ശാസ്ത്രവിരുദ്ധ നിലപാടിനെതിരെ രംഗത്തിറങ്ങുക.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽസെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് 2018 ജനുവരി 23-ന് പുറപ്പെടുവിച്ച പ്രസ്താവന:

മനുഷ്യനെ സംബന്ധിച്ചുള്ള ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം ‘ശാസ്ത്രീയമായി തെറ്റാണെന്നും’ അതിനാൽ സ്‌കൂൾ-കോളേജ് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെടേണ്ടതാണെന്നുമുള്ള, ബിജെപിക്കാരനായ കേന്ദ്ര മാനവവിഭവവികസന വകുപ്പ് സഹമന്ത്രിയുടെ അങ്ങേയറ്റം അപഹാസ്യവും അശാസ്ത്രീയവുമായ പ്രസ്താവനയെ ഞങ്ങൾ ശക്തിയുക്തം എതിർക്കുന്നു. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞന്മാർ ശാസ്ത്രീയമായ തെളിവുകളുടെയും പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട വസ്തുതകളുടെയും അടിസ്ഥാനത്തിൽ അംഗീകരിച്ചിട്ടുള്ളതും കാലം തെളിയിച്ചതുമായ ശാസ്ത്രീയസിദ്ധാന്തമാണ് ഡാർവിനിസം. എന്നാൽ കുരങ്ങൻ മനുഷ്യനായി മാറുന്നത് കണ്ടിട്ടുള്ളതായി നമ്മുടെ പൗരാണികരാരും രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതും, നമ്മുടെ പൂർവികർ പറഞ്ഞുതന്നിട്ടുള്ള കഥകളിലൊന്നും അങ്ങനെയൊരു പരാമർശം ഇല്ല എന്നുള്ളതുമാണ് ബിജെപി മന്ത്രി തന്റെ വാദത്തിന് പിൻബലമായി നിരത്തുന്ന തെളിവുകൾ.
ആർഎസ്എസ്-ബിജെപി സംഘം എല്ലാ തരം ശാസ്ത്രീയ സിദ്ധാന്തങ്ങളെയും, യുക്തിപരമായ ചിന്താപ്രക്രിയയെത്തന്നെയും വലിച്ചെറിയാൻ മുതിരുകയാണ്. പകരം ജനങ്ങളുടെ മനസ്സിൽ കാലഹരണപ്പെട്ട ആശയങ്ങളും അന്ധവിശ്വാസങ്ങളും മതപുനരുജ്ജീവനപരവും പിന്തിരിപ്പനുമായ ചിന്താഗതികളും വളർത്താൻ ശ്രമിക്കുന്നു. അങ്ങനെ ജനങ്ങളെ നിഗൂഢതാവാദത്തിന്റെ അന്ധകാരത്തിൽ തളച്ചിടാൻ ഉദ്യമിക്കുന്നു. ജീർണ്ണവും മരണാസന്നവും നിഷ്ഠുരമാംവിധം മർദ്ദനപരവുമായ മുതലാളിത്തവ്യവസ്ഥിതിയെ ചോദ്യം ചെയ്യാനോ വെല്ലുവിളിക്കാനോ കഴിയാത്ത അവസ്ഥയിലേയ്ക്ക് ജനമനസ്സിനെ തള്ളിയിട്ടുകൊണ്ട് ഈ വ്യവസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള ബൃഹദ്പദ്ധതിയുടെ ഭാഗം തന്നെയാണ് മന്ത്രിയുടെ ഈ പ്രസ്താവനയുമെന്ന് വ്യക്തം.
ശാസ്ത്രലോകം ഇതിനെതിരെ ശക്തമായി പ്രതികരിച്ചുവെന്നത് ശുഭോദർക്കമാണ്. ശാസ്ത്രജ്ഞന്മാരും ശാസ്ത്ര അക്കാദമികളും പ്രതിഷേധമുയർത്തി. മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചുകൊണ്ട് മാനവവിഭവശേഷി വികസനമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നിവേദനരൂപത്തിൽ നൽകിയ കത്തിൽ ഇതിനകം 3600 ശാസ്ത്രജ്ഞന്മാർ ഒപ്പ് വച്ചുകഴിഞ്ഞു.

വരുന്ന രണ്ട് ദിവസത്തിനുളളിൽ ഇനിയും വളരെപ്പേർ ഒപ്പ് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നീതിയുക്തമായ പ്രതിഷേധത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. ഈ പ്രതിഷേധത്തെ പിന്തുണയ്ക്കണമെന്നും തന്റെ ദുരുദ്ദേശപൂർവ്വമായ പ്രസ്താവന പിൻവലിക്കാൻ മന്ത്രിയെ നിർബ്ബന്ധിതനാക്കിത്തീർക്കണമെന്നും എല്ലാ ശാസ്ത്രജ്ഞന്മാരോടും വിദ്യാഭ്യാസവിചക്ഷണരോടും അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ബുദ്ധിജീവികളോടും നേരായി ചിന്തിക്കുന്ന മറ്റെല്ലാ ജനവിഭാഗങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top