ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കരുത്‌; സേവ് എജ്യൂക്കേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച്‌

Save-Edu-Sec-March.jpg
Share

ആധുനിക വിദ്യാഭ്യാസത്തിന്റെ സർവ്വാംശങ്ങളെയും തകർക്കുന്ന ‘പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020’ കേരളത്തിൽ നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട്, സ്വാശ്രയ സമ്പ്രദായത്തിന്റെ ഇരയായ രജനി എസ്.ആനന്ദ് അനുസ്മരണ ദിനത്തിൽ സേവ് എജ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തി. ഡോ.എം.പി.മത്തായി മാർച്ച്‌ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ഷണ്ഡീകരിക്കുന്നതാണ് എൻഇപി 2020 എന്ന് ഡോ.എം.പി.മത്തായി പറഞ്ഞു. ലോകബാങ്കിന്റെ നയങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉള്ളടങ്ങിയിരിക്കുന്നത്. ഭാഷയും സാഹിത്യവും ചരിത്രവും അപ്രസക്തമാക്കുന്നതും നിരക്ഷരത സാർവ്വത്രികമാക്കുന്നതുമായ ഈ നയം കേരളത്തിൽ നടപ്പിലാക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്നേഹികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും മാർച്ചില്‍ പങ്കെടുത്തു. സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ആയതിനാൽ സംസ്ഥാന സർക്കാരിന് തനതായ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുവാൻ കഴിയുമെന്നും ഭരണഘടന ഉറപ്പുനൽകുന്ന ആ അധികാരം സംസ്ഥാന സർക്കാർ നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.ഷാജർഖാൻ, എച്ച്എസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് അരുൺ, എച്ച്എസ്‌ടിഎ നേതാവ് വെങ്കിടമൂർത്തി, കെഎടിഎ ജനറൽ സെക്രട്ടറി ഇന്ദുലാൽ, സേവ് എജ്യുക്കേഷൻ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.നാരായണൻ, വി.എസ്.ഗിരീശൻ, പ്രൊഫ.ഫ്രാൻസിസ് കളത്തുങ്കൽ, പ്രൊഫ.പി.എൻ.തങ്കച്ചൻ, പ്രൊഫ.കെ.പി.സജി, ഡോ.ജ്യോതിപ്രകാശ്, ആർ.പാർത്ഥസാരഥിവർമ്മ, ശശാങ്കൻ, സൗഭാഗ്യകുമാരി, ഡോ.എം.പ്രദീപൻ, ബാബു മാസ്റ്റര്‍, ബിനു ബേബി തുടങ്ങിയവർ പ്രസംഗിച്ചു. സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി അഡ്വ.ഇ.എൻ.ശാന്തിരാജ് സ്വാഗതവും ഡോ.ജോൺസൺ കൃതജ്ഞതയും പറഞ്ഞു.

Share this post

scroll to top