വിഴിഞ്ഞം അദാനിയിൽനിന്ന് തിരിച്ചു പിടിക്കുക

FaktAF7VQAApffk_630771f1a91fc.jpg
Share

കേരളത്തിന് സ്വന്തമായി വിഴിഞ്ഞം എന്ന പുകള്‍പെറ്റ ഒരു പ്രദേശം ഉണ്ടായിരുന്നു. സംഘകാലകൃതികളിലെ സാന്നിധ്യം, കന്യാകുമാരി മുതല്‍ തിരുവല്ലവരെ നീണ്ടുകിടന്ന ആയ് രാജ്യതലസ്ഥാനം, കോവളം കവികളുടെ ആസ്ഥാനം, നിറവാര്‍ന്ന പ്രകൃതി, നദിയും കായലും കടലും പാറക്കെട്ടുകളും പവിഴപ്പുറ്റുകളും മീനും ചിപ്പിയും നിറഞ്ഞ സമൃദ്ധി. അങ്ങനെയുള്ള സുന്ദരമായ വിഴിഞ്ഞം ഇന്ന് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. ഫലത്തില്‍ അദാനിയെന്ന കോര്‍പ്പറേറ്റ് ഭീമന്റെ സ്വകാര്യ ആസ്തിയായി പ്രദേശം ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, വിഴിഞ്ഞമെന്ന പ്രദേശം ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകുമോ എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ട് തീരത്തെ കടലുവിഴുങ്ങുകയാണ്. കടലിനെ ആശ്രയിച്ചുകഴിയുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും ജീവിതവും അനിശ്ചിതത്വത്തിലാഴ്ന്നിരിക്കുന്നു.

പരിസ്ഥിതി ശാസ്ത്രജ്ഞരും മനുഷ്യസ്നേഹികളും നൽകിയ മുന്നറിയിപ്പുകൾ പാടെ അവഗണിച്ചുകൊണ്ട്, ജനതാല്പര്യം തീരെ പരിഗണിക്കാതെ സംസ്ഥാനം ഭരിച്ച യുഡിഎഫ്, എൽഡിഎഫ് സർക്കാരുകളും കേന്ദ്ര ബിജെപി സർക്കാരും ചേർന്ന് വിഴിഞ്ഞം എന്ന പ്രദേശത്തെ അദാനിക്ക് ദാനം ചെയ്തതിന്റെ ദുരന്തഫലമാണ് കേരളം ഇന്ന് നേരിടുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന യാതനകള്‍ സഹനസീമയും കടന്നപ്പോൾ മത്സ്യത്തൊഴിലാളികളും അവരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന സകലരും ഒത്തുചേര്‍ന്ന് ശക്തമായ സമരമുഖം തീര്‍ത്തിരിക്കുകയാണ്. അദാനിയും അദാനിക്ക് കാര്യസ്ഥപ്രവൃത്തി ചെയ്യുന്ന സർക്കാരുമാണ് മറുപക്ഷത്ത്.
തുറമുഖത്തിനുവേണ്ടിയുള്ള പുലിമുട്ട് നിർമ്മാണം മൂന്നിലൊന്ന് മാത്രം എത്തിയപ്പോൾതന്നെ എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങളാണ് തീരവും തീരവാസികളും ഏറ്റുവാങ്ങുന്നത്. വിഴിഞ്ഞം മുതൽ വേളി വരെ ആറുവരികളിലായി നൂറുകണക്കിന് വീടുകൾ കടൽ കയറി തകർന്നു കഴിഞ്ഞു. വീട് നഷ്ടപ്പെട്ടവർ അഭയാർത്ഥികളായി, ഗതികെട്ട അവസ്ഥയിൽ മനോനില പോലും തകർന്ന് ഗോഡൗണുകളിൽ കഴിയുന്നു. മനോഹരമായ ശംഖുമുഖം ബീച്ച് കടലെടുത്ത് അപ്രത്യക്ഷമായി. ലോകപ്രസിദ്ധമായ കോവളം ബീച്ച് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനു മരണമണി മുഴങ്ങിയിരിക്കുന്നു.


കരയോടടുത്ത് ആഴം കൂടിയ കടൽ, അന്തർദേശീയ കപ്പൽ ചാലിന്റെ വഴിയടുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടി വിഴിഞ്ഞത്ത് ഒരു ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ആശയം ദീർഘകാലമായി നിലവിലുണ്ടായിരുന്നു. അതനുസരിച്ച് നിരവധി പഠനങ്ങളും നടന്നിരുന്നു. 2012ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടത്തിയ പഠനത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ തീരശോഷണം നടന്നു കൊണ്ടിരിക്കുന്നത് എന്ന് കണ്ടെത്തുകയുണ്ടായി. കടലാക്രമണം കൂടിയ ഇടമാണിത്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തം. കടലിന് അഭിമുഖമായി കിഴക്കാംതൂക്കായ കുന്നിൻ ചെരിവുകൾ തീരത്തോട് ചേർന്നുണ്ട്.
കടൽ മുന്നേറിയാൽ ഈ ചരിവുകൾ തന്നെ ഇടിഞ്ഞു താഴുന്ന അവസ്ഥയുണ്ടാകുമെന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്ര പരിസ്ഥിതിലോലമായ മേഖല യിൽ തീര-കടൽ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഒരു വൻകിട നിർമ്മിതിയും പാടില്ലാത്തതായിരുന്നു.
കൂടുതൽ തീരശോഷണമുള്ള മേഖലകളിൽ തുറമുഖങ്ങൾ പാടില്ലെന്നാണ് തീരപരിപാലന നിയമം അനുശാസിക്കുന്നത്. തുറമുഖ നിർമാണത്തിനായുള്ള ഡ്രഡ്ജിംഗും പുലിമുട്ട് നിർമ്മാണവും തീരശോഷണത്തിനിടയാക്കുമെന്ന് തീര- പരിസ്ഥിതി ആഘാത പഠനത്തിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളിൽ പറയുന്നു. ഒട്ടേറെ പാരിസ്ഥിതിക പ്രത്യേകതകളുള്ള, തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന മത്സ്യബന്ധന മേഖല എന്ന നിലയെ സാരമായി ബാധിക്കുമെന്നതും ഒരു അപകടസാധ്യതയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. വിഴിഞ്ഞം തീരക്കടലുമായി ബന്ധപ്പെട്ട് അപൂർവമായ 147 ജീവിവർഗ്ഗങ്ങൾ ഉണ്ടായിരുന്നു. പാരിസ്ഥിതിക അപകടസാധ്യതകൾ വച്ചുനോക്കുമ്പോൾ വിഴിഞ്ഞം പദ്ധതിക്ക് യാതൊരുകാരണവശാലും അനുമതി നൽകാൻ പാടില്ലാത്തതായിരുന്നു.


കേരള സർക്കാർ അംഗീകരിച്ച സാധ്യതാപഠന(ഫീസിബിലിറ്റി റിപ്പോർട്ട്)ത്തിൽ പറയുന്നത് ഇത് സാമ്പത്തികമായി യാതൊരു നേട്ടവുമില്ലാത്ത പദ്ധതി ആണെന്നാണ്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കമ്മീഷൻ(IFC), AECOM എന്നീ ഏജൻസികൾ നൽകിയ റിപ്പോർട്ടിലും തുറമുഖത്തിന് വേണ്ടിയുള്ള ചെലവും പ്രതീക്ഷിക്കുന്ന വരുമാനവും വച്ചു നോക്കുകയാണെങ്കിൽ ലാഭകരമാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. സാമ്പത്തികാർത്ഥത്തിൽ നോക്കിയാലും വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകാൻ പാടില്ലാത്തതായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്.
ഇതിനോടകം ലബ്ധപ്രതിഷ്ഠ നേടിയ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ അന്തർദേശീയ ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങളിൽ നിന്നുള്ള ചരക്ക് കപ്പലുകളെ ആകർഷിക്കാൻപോന്ന സാമ്പത്തികമായ ഓഫറുകളൊന്നും തന്നെ നൽകാൻ വിഴിഞ്ഞം പോർട്ടിനാവില്ല. മാത്രമല്ല, ചരക്ക് ഗതാഗതം നടത്തുന്ന വൻകിട കമ്പനികൾ ചെറിയൊരു കാരണംകൊണ്ട് തുറമുഖം മാറി പോകുന്നവരാണ് എന്നതിനാൽ അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞ മേഖലയാണിത്. സാധ്യതയുള്ള ചരക്ക് ഗതാഗതത്തെ പറ്റിയുള്ള പ്രതീക്ഷകൾ അങ്ങേയറ്റം ഊതിപ്പെരുപ്പിച്ചാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
എങ്ങുനിന്നോ വരുന്ന പടുകൂറ്റൻ കപ്പലിൽനിന്ന് ചരക്കിറക്കി ചെറിയ കപ്പലിലേക്ക് മാറ്റി മറ്റേതോ ഒരു രാജ്യത്തെ തുറമുഖത്തേക്ക് പോകുന്നതിന് വേണ്ടിയുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖങ്ങൾ വ്യവസായങ്ങൾ വൻതോതിൽ ഇല്ലാത്ത പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ യാതൊരുവിധത്തിലും സഹായിക്കുകയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള, സംസ്ഥാനത്തിന് യാതൊരു നേട്ടവുമില്ലാത്ത ഈ പദ്ധതിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചത്. ടെൻഡർ നടപടിയുടെ ആരംഭംമുതൽ ഒടുവിൽ അദാനിക്ക് തുറമുഖം നൽകിയതുവരെയുള്ള നടപടികൾ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നു.
‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ‘ എന്ന, പൂർണമായും സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഔപചാരികമായി വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമ. പക്ഷേ യഥാർത്ഥത്തിൽ അത് ‘അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ കമ്പനിക്കുവേണ്ടി പണിയെടുക്കുന്ന സർക്കാർ സ ഹായ സംവിധാനം മാത്രമാണ്.
2013 ഡിസംബറിൽ ആഗോള ടെൻഡർ പുറപ്പെടുവിച്ചു. അഞ്ച് കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 4667 കോടി രൂപയായിരുന്നു അന്നത്തെ പ്രോജക്ട് തുക. മലേഷ്യ ആസ്ഥാനമായുള്ള SREI- OHL കൺസോർഷ്യം, അദാനി പോർട്സ്, എസ്സാർ പോർട്സ് എന്നിവരാണ് അന്തിമപട്ടികയിൽ അവശേഷിച്ചത്. ആദ്യത്തെ കമ്പനിയെ കപടന്യായങ്ങൾ പറഞ്ഞുകൊണ്ട് ഒഴിവാക്കി. എസ്സാർ പോർട്സ് ആകട്ടെ അദാനിയുമായുള്ള ധാരണയിൽ സ്വയം പിന്മാറി. പിന്നെ അവശേഷിച്ചത് അദാനി മാത്രം. പിന്നീട് ഏൺസ്റ്റ് ആൻഡ് യങ്ങ് എന്ന അന്തർദേശീയ ധനകാര്യ കൺസൾട്ടൻസിയെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ആനയിക്കുകയും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ടെൻഡർ എടുക്കുന്നവർക്ക് നിരവധി അധിക ആനുകൂല്യങ്ങൾ ലഭിക്കുന്ന വിധത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു.
ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകൽ, റോഡ്, റെയിൽ തുടങ്ങിയ അനുബന്ധ പണികളെല്ലാം സർക്കാരിന്റെ ചുമതലയിൽ, കൺസഷൻകാലം നീട്ടിനൽകൽ, വാണിജ്യപരമായ ഹോട്ടൽ- ഭവനപദ്ധതികൾ അടങ്ങുന്ന റിയൽ എസ്റ്റേറ്റ് ബിസിനസിനുള്ള അവസരം, 548 കോടി രൂപ ചെലവിൽ ഏറ്റെടുത്ത് സർക്കാർ നൽകുന്ന ഭൂമിയും(ഇതിനോടകം 1200കോടിയിലധികം ഭൂമി ഏറ്റെടുത്തു നൽകുന്നതിന് ചെലവായി) ആസ്തിയും പണയംവച്ച് കടം എടുക്കാനുള്ള അനുമതി, പ്രൊജക്റ്റ് പൂർണ്ണ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള കാലാവധി നീട്ടിനൽകൽ തുടങ്ങിയ പുതിയ ആനുകൂല്യങ്ങൾ അദാനിയെ ലക്ഷ്യംവച്ച് പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതി സർക്കാരിന് തിരികെ ഏൽപ്പിക്കേണ്ട കാലയളവ് അന്തർദേശീയതലത്തിൽ 30വർഷമായിരിക്കെ 40 വർഷമായി നീട്ടിനൽകി. അതുവഴി മാത്രം ഇന്നത്തെ കണക്കിൽ മുപ്പതിനായിരം കോടി രൂപയുടെ അധിക നേട്ടം അദാനിക്ക് കിട്ടും. 20വർഷംവരെ വീണ്ടും കരാർ കാലാവധി നീട്ടിലഭിക്കുവാനുള്ള അവകാശം നൽകുകയും ചെയ്തു. കൂടാതെ ഒരു ടെർമിനേഷൻ ആനുകൂല്യം എന്ന നിലയിൽ, ഈ ഏർപ്പാടിൽനിന്ന് വിട്ടു പോവുകയാണെങ്കിൽ വലിയൊരു തുക അദാനിക്ക് നൽകേണ്ടിവരും. 40 വർഷത്തിന് ശേഷമാണ് പിരിയുന്നതെങ്കിൽ 20,000കോടി ൂപ നൽകേണ്ടി വരും. പക്ഷേ അപ്പോഴും സംസ്ഥാനസർക്കാരിന് ആകെ ലഭിക്കുക 5608 കോടി രൂപ മാത്രമായിരിക്കും. ആകെയുള്ള പ്രോജക്ട് എസ്റ്റിമേറ്റ് 7525 കോടിയാക്കി ഉയർത്തി. 5021 കോടിയും നൽകുന്നത് സർക്കാരാണ്. അദാനി ഒഴികെ ടെൻഡറിൽ പങ്കെടുത്ത മറ്റുള്ളവരെ ഒഴിവാക്കിയതിനു ശേഷമാണ് ഈ ആനുകൂല്യങ്ങളെല്ലാം ഉൾപ്പെടുത്തിയതെന്ന് മനസ്സിലാക്കുമ്പോൾ എത്ര വലിയ പാതകമാണ് അന്നത്തെ യുഡിഎഫ് സർക്കാർ ചെയ്തതെന്ന് മനസ്സിലാകും. ഈ വൻകിട പദ്ധതിയാകെ അദാനിയെന്ന കോർപ്പറേറ്റ് ഭീമന്റെ കൈയിൽ എത്തിയ ചതിയുടെ കഥയാണിത്. എസ്റ്റിമേറ്റ് തുക പെരുപ്പിച്ചുകാട്ടിയത് കൊണ്ടുതന്നെ സർക്കാർ വിഹിതം മാത്രം വച്ച് പണി പൂർത്തിയാ ക്കാനാവും. സർക്കാർ ഏറ്റെടുത്തു നൽകുന്ന ഭൂമിയും പദ്ധതി ആസ്തിയും പണയംവെച്ച് അദാനിയുടെ വിഹിതം എന്നുപറയുന്ന 2500 കോടിരൂപ വായ്പയായി സംഘടിപ്പിക്കാനാകും. എടുക്കുന്ന വായ്പ തിരിച്ചടക്കുന്ന സ്വഭാവം അദാനിക്കില്ല. അതൊക്കെ പിന്നീട് സര്‍ക്കാരുകള്‍ എഴുതി തള്ളുകയാണ് പതിവ്. കൂടാതെ റിയൽ എസ്റ്റേറ്റ് ബിസിനസ്‌, ആർഭാടഹോട്ടൽ, ഫ്ലാറ്റ്, ടൂറിസം എന്നിവ വഴി ലഭിക്കുന്ന വൻ ലാഭവും. ഇതൊക്കെ ലക്ഷ്യം വച്ചാണ് അദാനി വിഴിഞ്ഞം പോർട്ട് ഏറ്റെടുത്തത്. ഇത്രയൊക്കെ സർക്കാർ മുതൽമുടക്കുന്ന സ്ഥിതിക്ക് എന്തുകൊണ്ട് സർക്കാരിന് തന്നെ നേരിട്ട് തുറമുഖം നടത്തിക്കൂടാ എന്ന ചോദ്യത്തിന് ഉത്തരമില്ല.


പദ്ധതി കരാറിനെ സംബന്ധിച്ച അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ മേൽപ്പറഞ്ഞ വിഷയങ്ങൾ അക്കമിട്ടു സാക്ഷ്യപ്പെടുത്തുന്നു. കേരള സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ യാതൊരുവിധത്തിലും സംരക്ഷിക്കാത്ത, അദാനിയെ മാത്രം സഹായിക്കുന്ന പദ്ധതിയാണ് എന്ന് റിപ്പോർട്ട് പറയുന്നു. കൺസൾട്ടന്റ് തയ്യാറാക്കിയ സാങ്കേതിക-ധനകാര്യ എസ്റ്റിമേറ്റുകൾ സൂക്ഷ്മബുദ്ധിയോടെ പരിശോധിച്ചില്ലെന്നും അതുകൊണ്ട് ചെലവ് എസ്റ്റിമേറ്റുകൾ പെരുപ്പിച്ചുകാട്ടിയെന്നും റിപ്പോർട്ട് പറയുന്നു. അതുകൊണ്ടാണ് അദാനിക്ക് സർക്കാർ വിഹിതം കൊണ്ടു മാത്രം തുറമുഖം പണി പൂർത്തിയാക്കാൻ ആവുന്നത്.


വിഴിഞ്ഞം പദ്ധതിയും സിപിഐ(എം)ഉം


ഉമ്മൻചാണ്ടി സർക്കാർ അദാനിക്ക് കേരളത്തെ അടിയറവച്ചു എന്ന് അന്നത്തെ പ്രതിപക്ഷ നേതൃനിരയിലുണ്ടായിരുന്ന പിണറായി വിജയൻ ആരോപിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനും വി. എസ്.അച്യുതാനന്ദനും തോമസ് ഐസക്കും വലിയവായിൽ വിമർശിച്ചു. വിഴിഞ്ഞം പദ്ധതിയുടെ കരാർ വ്യവസ്ഥകളെപറ്റി വലിയ എതിർപ്പുകൾ ഉയർത്തിയിരുന്ന സിപിഐ(എം) സ്വന്തം നിലപാട്, 2016 മാർച്ച് 23ന് ഗൗതം അദാനി നേരിട്ട് എകെജി സെന്ററിൽ എത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടതോടെ അടിമുടി മയപ്പെട്ടു. പദ്ധതിക്ക് പൂർണപിന്തുണ സിപിഐ(എം) പ്രഖ്യാപിച്ചു. എന്നാലും അധികാരത്തിൽ എത്തുകയാണെങ്കിൽ ‘കരാർ വ്യവസ്ഥകൾ മാറ്റുന്നതിനെ പറ്റിയുള്ള നിയമവശങ്ങൾ പഠിക്കു’മെന്ന് പ്രഖ്യാപിച്ചു! തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള അദാനിയുടെ സന്ദർശനവും സിപിഐ(എം)ന്റെ മനംമാറ്റവും, പിന്നീട് സംസ്ഥാനം അതുവരെ കണ്ടിട്ടില്ലാത്ത വിധം പണമിറക്കിയുള്ള എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവും തുടർന്നുള്ള വലിയ വിജയവും ശ്രദ്ധേയമാണ്. എൽഡിഎഫ് അധികാരത്തിൽ എത്തിയതിനുശേഷം കരാറിനെ പറ്റി അതൊരു പുനരാലോചനയും ഉണ്ടായില്ല.


എൽഡിഎഫ് അധികാരത്തിലെത്തി ഒരുവർഷത്തിനുശേഷം, അക്കൗണ്ടന്റ് ജനറൽ വിഴിഞ്ഞം പദ്ധതി കരാറിനെ സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ സിപിഐ(എം) നേതാക്കൾ മുൻകാലത്ത് ഉയർത്തിയ പല വാദങ്ങളും ശരിയെന്ന് തെളിയിക്കുന്ന കണ്ടെത്തലുകൾ വന്നിട്ടുപോലും അത് ഗൗരവത്തിൽ എടുക്കാനവർ തയ്യാറായില്ല. ഒരുപാട് സമ്മർദ്ദങ്ങളെ തുടർന്ന് സർക്കാർ ഒരു അന്വേഷണക്കമ്മീഷനെ വച്ചു. തുറന്ന വലതുപക്ഷ നിലപാടുകൾ പല വിധികളിലൂടെയും അഭിപ്രായ പ്രകടനങ്ങളിലൂടെയും തുറന്നു പ്രകടിപ്പിച്ചിട്ടുള്ള ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ കമ്മീഷനാക്കി വച്ചപ്പോൾതന്നെ അന്വേഷണത്തിന്റെ ദിശ വ്യക്തമായി. കരാർ വഴി അഴിമതി നടന്നിട്ടുണ്ടോ എന്നതായിരുന്നു അന്വേഷണവിഷയം. അഴിമതി ഒന്നും നടന്നിട്ടില്ല എന്ന് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. അതിനുശേഷം തുടർ നടപടികളുടെ ഭാഗമായി വിജിലൻസ് അന്വേഷണം നടത്തുമെന്ന് പ്രസ്താവിച്ചെങ്കിലും അഴിമതി വിഷയവും കരാർ പുനഃപരിശോധനയും അടഞ്ഞ അധ്യായമായി മാറി. മൂലധനതാല്പര്യം സംരക്ഷിക്കുന്ന കാര്യത്തിൽ കേരളം കണ്ട ഏറ്റവും പ്രകടമായ രാഷ്ട്രീയ സമവായമാണ് നമ്മളിവിടെ കാണുന്നത്.


കോർപ്പറേറ്റുകളുടെ മികച്ച കാര്യസ്ഥനായ മോദി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം അദാനിയുടെ ആസ്തി വളർച്ച അതിശയകരമായിരുന്നു. ലോകത്തിലെ ധനികരില്‍ മൂന്നാംസ്ഥാനത്താണ് അദാനി. രാജ്യം 75 വർഷങ്ങൾകൊണ്ട്, സാധാരണ ഇന്ത്യക്കാരൻ നൽകിയ നികുതിവിഹിതംകൊണ്ട് പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളും പൊതു സമ്പത്തും അദാനിയുടെ കൈയിലെത്തിക്കുന്നത് കാരണമാണ് അയാളുടെ സമ്പത്ത് കുതിച്ചു കയറിയത്. മോദി മാത്രമല്ല, കമ്മ്യൂണിസ്റ്റ് എന്ന വിളിപ്പേരുള്ള ഒരു പ്രസ്ഥാനത്തിന്റെ സർക്കാരും ഇന്ന് അദാനിയുടെ ആസ്തി പെരുപ്പിക്കൽ സംവിധാനത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ നഷ്ടമോ കഷ്ടപ്പാടുകളോ അവർ കണക്കിലെടുക്കില്ല.


കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ഇതെന്നും വരുംകാലങ്ങളിൽ വലിയ വരുമാനസ്രോതസ്സ് ആകുമെന്നൊക്കെ സിപിഐ(എം) പറയുമ്പോൾ കേരളമെന്നതിന് പകരം അദാനി എന്ന് ചേർത്താൽ അതൊക്കെ ശരിയാവുമെന്ന് മാത്രം. ആയിരം ദിനങ്ങൾ കൊണ്ട് പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതി ഇപ്പോൾ 2500 ദിവസങ്ങളായിട്ടും മൂന്നിലൊന്നു പോലും പൂർത്തിയായിട്ടില്ല. 2019 ഡിസംബറിൽ പണിപൂർത്തിയാക്കേണ്ടിയിരുന്ന തുറമുഖം അതിനുശേഷം ഓരോ ദിവസവും 12 ലക്ഷം രൂപ വീതം കേരള സർക്കാരിന് നൽകേണ്ടിയിരുന്നതാണ്. പക്ഷേ നടപടിക്രമങ്ങളിൽ കുരുക്കി ഫലത്തിൽ അത് എഴുതിത്തള്ളിയത് പോലെയാണ്. പശ്ചിമഘട്ടത്തിലെ തെക്കൻ മലകളിലെ പാറമടകൾ മുഴുവനും അദാനിക്ക് വേണ്ടി പ്രവർത്തിക്കു കയാണ്. തീരം തകർത്ത് അഭയാർത്ഥികളാക്കപ്പെട്ടവരെ തിരിഞ്ഞുനോക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെങ്കിലും സർക്കാർ വിഹിതമായി അദാനിക്ക് പണമെത്തിക്കുന്നതിൽ ഒരു തടസ്സവുമുണ്ടാകുന്നില്ല.
ഇനിയെന്ത്?


ഇത്രയും പണമിറക്കിയ ഒരു സ്വപ്നപദ്ധതിയിൽ നിന്ന് പിന്മാറുന്ന വിഷയമേയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ന് വെച്ചാൽ സംസ്ഥാനത്തിന് നഷ്ടം മാത്രം വരുത്തിവയ്ക്കുന്ന പദ്ധതിയും അത് സൃഷ്ടിക്കുന്ന ദുരന്തങ്ങളും തുടരുമെന്നാണ് അദ്ദേഹം ധിക്കാരത്തോടെ പ്രഖ്യാപിക്കുന്നത്. ഇനി അവശേഷിക്കുന്ന മൂന്നിൽ രണ്ടു ഭാഗം പുലിമുട്ട് തീരുമ്പോൾ തീരശോഷണം കൂടുതൽ ഇടങ്ങളിലേക്ക് കൂടി വ്യാപിക്കും. പോർട്ട്‌ വരുമ്പോൾ കേവലം 600 പേർക്ക് മാത്രമെ തൊഴിൽ ലഭിക്കൂ എന്നാണ് കണക്ക്. പക്ഷേ 60,000 മത്സ്യത്തൊഴിലാളികൾക്ക് കടലിനെ ആശ്രയിച്ചുള്ള ജീവിതമാർഗ്ഗം നഷ്ടപ്പെടും. ഇനിയും ഒരുപാട് ജീവനുകൾ പൊലിയും. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം ഓർമ്മയാകും. കോവളം ബീച്ച് പൂർണമായി ഇല്ലാതാവും. മത്സ്യലഭ്യതയും തീരെ ഇല്ലാതാവും. കാലാവസ്ഥാവ്യതിയാനം വഴി ഉണ്ടാകുന്ന കടലേറ്റങ്ങൾ വർദ്ധിച്ചു വരുമ്പോൾ, തുറമുഖം സൃഷ്ടിക്കുന്ന പരിസ്ഥിതിനാശം ആഘാതത്തിന്റെ തോത് വർദ്ധിപ്പിക്കും.
അപ്പോൾ, നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന, ഇനിയും തുടർന്നാൽ കൂടുതൽ ദുരന്തം വരുത്തിവെക്കും എന്നുറപ്പുള്ള ഒരു സംരംഭം കുറെ മുന്നേറി എന്നതുകൊണ്ട് മാത്രം പിൻമാറില്ല എന്ന കടുംപിടിത്തം വിവേകപൂർണമാണോ എന്നതാണ് പരിശോധിക്കേണ്ടത്. പദ്ധതി നിര്‍മ്മാണം നിർത്തിവച്ച് പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങൾ പഠനവിധേയമാക്കണം എന്ന ആവശ്യംപോലും സർക്കാർ പരിഗണിക്കുന്നില്ല. എത്ര ദൂരം മുന്നോട്ടു പോയാലും തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിൽ തിരിഞ്ഞു നടക്കുകയെ മാർഗമുള്ളു എന്നുള്ള സാമാന്യതത്ത്വം പോലും അവർ വിസ്മരിക്കുന്നു.


മത്സ്യത്തൊഴിലാളികൾ
നടത്തുന്ന വീറുറ്റ സമരത്തെ പിന്തുണയ്ക്കുക

ജീവിതദുരിതങ്ങൾ അസഹനീയമായപ്പോൾ മത്സ്യത്തൊഴിലാളികൾ വീറോടെ സമരരംഗത്ത് അണിനിരന്നിരിക്കുകയാണ്. അദാനി കൈക്കലാക്കിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിൽ കഴിഞ്ഞ മൂന്നുമാസമായി നടക്കുന്ന സത്യഗ്രഹ സമരം തുടരുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, അദാനി തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നതുൾപ്പെടെ ഏഴ് ഡിമാന്റുകൾ ഉന്നയിച്ചു കൊണ്ട് സെക്രട്ടേറിയറ്റിനു മുന്നിൽ 10 ദിവസത്തെ ശക്തമായ പ്രതിഷേധ സമരം നടന്നു. വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിൽ സമരം തുടരുന്നു. അദാനി കമ്പനിയുടെയും സർക്കാരിന്റെയും അവരുടെ പാർട്ടികളുടെയും ഭീഷണിയും കുതന്ത്രങ്ങളും അതിജീവിച്ച് സമരം മുന്നേറുകയാണ്. സമരം നേടിയ ജനപിന്തുണയും സർക്കാരിനോടും അദാനിയോടുമുള്ള രോഷവും അധികരിച്ചു വരുന്നതുകാരണം ചില ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായി. എന്നാലും മുഖ്യ ഡിമാന്റ് അംഗീകരിക്കാത്തതു കാരണം സമരം വർദ്ധിതവീര്യത്തോടെ തുടരുകയാണ്. കെ റയിൽ പദ്ധതി പോലെ, ജനങ്ങളുടെ ജീവിതം തകർക്കുന്ന വിധത്തിൽ കോർപ്പറേറ്റുകളും സർക്കാരും ചേർന്ന് ആനയിക്കുന്ന പദ്ധതികൾക്കെതിരെ കേരളമാകെ നടക്കുന്ന ജനകീയ സമരങ്ങളുമായി കണ്ണിചേർത്തുകൊണ്ട് വിഴിഞ്ഞത്തെ ജനകീയ സമരം വിജയത്തിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ഏവരും നിർവഹിക്കണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി നാടിന്റെ ഭാവിയിൽ താല്പര്യമുള്ള ഏവരോടും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top