നവംബർ സോഷ്യലിസ്റ്റ് വിപ്ലവ ശതാബ്ദി ആചരണം സംസ്ഥാനതല പരിപാടികൾക്ക് പ്രൗഢോജ്ജ്വല സമാപനം.

Photo-01_Demonstration-Front-Row.jpg
Share

മഹത്തായ നവംബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശതാബ്ദി ആചരണങ്ങളുടെ സംസ്ഥാനതല സമാപന പരിപാടികൾ നവംബർ 3,4,5 തീയതികളിൽ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടന്നു. ഒരു വർഷം നീണ്ടുനിന്ന ആചരണപരിപാടികളുടെ സമാപനത്തിന് ചേർന്ന എല്ലാ പകിട്ടും ഗാംഭീര്യവും പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്നത്. മാനവശക്തി ചരിത്രപ്രദർശനം, പ്രകടനം, പൊതുസമ്മേളനം, സെമിനാറുകൾ, സമ്മേളനങ്ങൾ, ഗാനസദസ്സ്, സാംസ്‌കാരിക സദസ്സ് തുടങ്ങി നിരവധി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. സോഷ്യലിസ്റ്റ് വിപ്ലവം സോവിയറ്റ് യൂണിയനിലും ലോകത്തും വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങളെ സംബന്ധിച്ച് വിവരിക്കുന്ന മാനവശക്തി ചരിത്ര പ്രദർശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ വിവിധ ജില്ലകളിൽ വിശേഷിച്ചും തിരുവനന്തപുരം ജില്ലയിൽ നടന്നിരുന്നു. ഒക്‌ടോബർ 30ന് ശതാബ്ദി ആചരണ പരിപാടികൾ വിളംബരം ചെയ്യുന്ന ഒരു വിളംബര ജാഥ പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. പേരൂർക്കടയിൽ വൈകുന്നേരം 4 മണിക്ക് ജില്ലാ സെക്രട്ടറി സഖാവ് ആർ. കുമാർ ഉദ്ഘാടനം ചെയ്തു. നഗരത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ വിളംബര ജാഥക്ക് കഴിഞ്ഞു. നവംബർ 3ന് രാവിലെയാണ് മാനവശക്തി ചരിത്ര പ്രദർശനം പാർട്ടി സംസ്ഥാനകമ്മിറ്റിയംഗം സഖാവ് എസ്. രാജീവൻ ഉദ്ഘാടനം ചെയ്തത്. സഖാവ് ആർ. കുമാർ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ.ആർ. ബിജു സ്വാഗതവും സ.ഡി.സുന്ദരേശൻ നന്ദിയും പറഞ്ഞു. വൈകുന്നേരം 3 മണിക്ക് പ്രകടനം തമ്പാനൂരിൽ നിന്നും ആരംഭിച്ചു. പ്രകടനത്തിന്റ മുൻ നിരയിൽ യൂണിഫോം ഇട്ട കോംസമോൾ വോളണ്ടിയർമാർ മാർച്ച് ചെയ്തു. നൂറുകണക്കിന് സഖാക്കൾ പങ്കെടുത്ത ആവേശകരമായ പ്രകടനത്തിന് എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.
4 മണിയോടെ പ്രകടനം പുത്തരിക്കണ്ടം നായനാർ പാർക്കിലെ പ്രദർശന നഗരിയിൽ എത്തിച്ചേർന്നു. തുടർന്ന് വിപ്ലവ ഗാനസദസ്സ് നടന്നു. എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് വി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് പൊതുസമ്മേളനം നടന്നത്. നവംബർ വിപ്ലവം മർദ്ദിത ജനതയുടെ മോചനത്തിനുള്ള വഴികാട്ടിയാണന്നും സോഷ്യലിസ്റ്റ് വിപ്ലവബോധമില്ലാതെ മാനവസമൂഹത്തിന് മുന്നേറാനാവില്ലെന്നും അധ്യക്ഷ പ്രസംഗത്തിൽ സഖാവ് വി. വേണുഗോപാൽ ഊന്നിപ്പറഞ്ഞു. പാർട്ടി സെൻട്രൽ സ്റ്റാഫും ആന്ധ്ര തെലുങ്കാന സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കെ, ശ്രീധർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ജർമ്മൻ ഫാസിസ്റ്റ് അച്ചുതണ്ടിനെ പരാജയപ്പെടുത്താൻ റഷ്യൻ കമ്മ്യൂണിസ്റ്റ് ചെമ്പട സഖാവ് സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ ധീരോജ്ജ്വലമായ പോരാട്ടത്തിന് ലോകചരിത്രത്തിൽ സമാനതകളില്ലെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധാനന്തരം ലോകത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വളർന്നുവന്ന സാമ്രാജ്യത്വ ചേരിക്ക് ബദലായി ലോകസമാധാനത്തിന്റെ കേന്ദ്രമായി നിലകൊണ്ടത് സോവിയറ്റ് യൂണിയനും സോഷ്യലിസ്റ്റ് ചേരിയുമായിരുന്നുവെന്ന് സ. ശ്രീധർ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ ജി. എസ്. പത്മകുമാർ, ജയ്‌സൺ ജോസഫ്, ജില്ലാസെക്രട്ടറി സ.ആർ.കുമാർ എന്നിവർ പ്രസംഗിച്ചു. തൊഴിലാളിവർഗ്ഗ സാർവ്വദേശീയഗാനാലാപനത്തോടെ ആരംഭിച്ച പൊതുസമ്മേളനം സഖാവ് ശിബ്ദാസ്‌ഘോഷിനെക്കുറിച്ചുള്ള ഗാനാലാപനത്തോടെ അവസാനിച്ചു. രാത്രി 8 മണിക്ക് വിഖ്യാത സിനിമ ‘ബെല്ലാഡ് ഓഫ് എ സോൾജിയർ’ പ്രദർശിപ്പിച്ചു.

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ നടന്ന കവിസമ്മേളനം പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. ദേശമംഗലം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ഗോപി അധ്യക്ഷത വഹിച്ചു. പൂവച്ചൽ ഖാദർ, തിരുമല ശിവൻകുട്ടി, പി വൈ. ബാലൻ, വിനോദ് വെള്ളായണി, ഡി. യേശുദാസ് സുലേഖകുറുപ്പ്, ആമച്ചൽ ഹമീദ്, ആശ ശശികുമാർ, സുമേഷ് കൃഷ്ണൻ, ഉണ്ണികൃഷണൻ മംഗലയ്ക്കൽ, മനു കൈരളി, ശ്രീകുമാർ ചേർത്തല എന്നിവരും കവിതകൾ അവതരിപ്പിച്ചു. ശശി പള്ളിപ്പുറം സ്വാഗതം പറഞ്ഞു.

അന്ന് നാലുമണിക്ക് ഫാസിസ്റ്റ് വിപത്തിനെതിരെ നടന്ന സാംസ്‌കാരിക സദസ്സ് സിപിഐ(എം) മുൻ ജില്ലാ സെക്രട്ടറി സ.പിരപ്പൻകോട് മുരളി ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം സ.റ്റി. കെ. സുധീർകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ബിജൂ, നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫെഡറേഷൻ നേതാവ് ടി. പീറ്റർ, കായിക്കര ബാബു, വിളപ്പിൽശാല ജനകീയസമിതി പ്രസിഡന്റ് എസ്. ബുർഹാൻ, പെരുങ്ങുഴി ബി. രവി എന്നിവർ പ്രസംഗിച്ചു. എസ്. മിനി സ്വാഗതവും എ.ഷൈജു നന്ദിയും പറഞ്ഞു. 6 മണിക്ക് ‘ലോകസമാധാനത്തിന് നേരേ സാമ്രാജ്യത്വയുദ്ധ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിലുള്ള സെമിനാർ സഖാവ് കെ. ശ്രീധർ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സഖാവ് ജി.എസ്. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം സഖാവ് പന്ന്യൻ രവീന്ദ്രൻ, ആർ. എം. പി.ഐ കേന്ദ്രകമ്മിറ്റിയംഗം സഖാവ് കെ. എസ്. ഹരിഹരൻ, എം.സി.പിഐ.(യു) നേതാവ് സ.വി.എസ്. രാജേന്ദ്രൻ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയംഗം സഖാവ് എ. ശേഖർ, ആൾ ഇൻഡ്യ ആന്റി ഇംപീരിയലിസ്റ്റ് ഫോറം ജില്ലാ കൺവീനർ ജി.ആർ.സുഭാഷ് എന്നിവർ സംസാരിച്ചു.
8 മണിക്കു നടന്ന സംഗീത സദസ്സിൽ നഗരത്തിലെ പ്രമുഖ ഗായകരും കലാകാരന്മാരും പങ്കെടുത്തു.

നവംബർ 5 ന് രാവിലെ ‘ലോകസിനിമയിൽ സോവിയറ്റ് സിനിമ ചെലുത്തിയ സ്വാധീനം’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റിയംഗം സ. വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. പ്രമുഖ സിനിമ സംവിധായകൻ കെപി കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്രനിരൂപകരായ എംഎഫ് തോമസ്, വിജയകൃഷ്ണൻ, നീലൻ എന്നിവർ സംസാരിച്ചു. ആർ. ബിജു സ്വാഗതവും പി.എസ്. ഗോപകുമാർ നന്ദിയും പറഞ്ഞു. വൈകുന്നേരം 4 മണിക്ക് ‘സോഷ്യലിസ്റ്റ് വിദ്യാഭ്യാസം,ശാസ്ത്രം, സ്ത്രീ വിമോചനം എന്നിവ സൃഷടിച്ച പുതിയ മനുഷ്യൻ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഖിലേന്ത്യാ മഹിളാ സാംസ്‌കാരികസംഘടന സംസ്ഥാനസെക്രട്ടറി ഷൈല കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവർത്തകൻ സി.ഗൗരിദാസൻ നായർ ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷാസമിതി സംസ്ഥാനസെക്രട്ടറി മിനി കെ.ഫിലിപ്പ് വിഷയാവതരണം നടത്തി. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, പ്രൊഫ. സി.പി. അരവിന്ദാക്ഷൻ, എം.ഷാജർഖാൻ,എ.ഐ.ഡി.എസ്.ഒ സംസ്ഥാനപ്രസിഡന്റ് ബിനുബേബി എന്നിവർ പ്രസംഗിച്ചു. പി.എസ്. ഗോപകുമാർ സ്വാഗതവും എ.സബൂറ നന്ദിയും പറഞ്ഞു.
വൈകിട്ട് 6 മണിക്ക് സ.ആർ.കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനത്തിൽ സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ ജയ്‌സൺജോസഫ്, ജി.എസ്.പത്മകുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് മിഷൻ ടു മോസ്‌കോ എന്ന സിനിമ പ്രദർശിപ്പിക്കപ്പെട്ടു.
അഖിലേന്ത്യാ തലത്തിൽ നവംബർവിപ്ലവശതാബ്ദിയാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 17-ന് കൊൽക്കത്തയിൽ നടക്കുന്ന വമ്പിച്ച റാലിയിൽ കേരളത്തിൽ നിന്ന് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുക്കും.

Share this post

scroll to top