ഭോപ്പാൽ ജയിൽഭേദന കൊല: ഉന്നതതല അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരിക

Share

എസ്‌യുസിഐ(സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ്, നവംബർ 4 ന് പുറപ്പെടുവിച്ച പ്രസ്താവന.
ഭോപ്പാൽ ജയിലിൽനിന്നും ചാടിയെന്നാരോപിക്കപ്പെടുന്ന എട്ട് വിചാരണ തടവുകാർ ഒക്‌ടോബർ 31-ാം തീയതി മധ്യപ്രദേശ് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചു. പരസ്പരവിരുദ്ധമായ വിശദീകരണങ്ങളും പ്രസ്താവനകളിലെ ചാഞ്ചാട്ടങ്ങളും ചില വീഡിയോ ദൃശ്യങ്ങളുടെ ചോർച്ചയുംമൂലം, ഈ സംഭവത്തിലുള്ള ഔദ്യോഗിക വിശദീകരണം ശരിയാണോയെന്ന കാര്യത്തിൽ ന്യായമായ സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. പലരെയും പോലെ ഞങ്ങളും ഇത് കരുതിക്കൂട്ടിയുള്ള മറ്റൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നു. കസ്റ്റഡി മരണംപോലെ നമ്മുടെ നാട്ടിലെ ഒരു സ്ഥിരം ഏർപ്പാടായി ഇത് മാറിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന ‘ജനാധിപത്യ’ ഭരണാധികാരികൾ സ്ഥിരമായി ഇത്തരം സംഭവങ്ങളെ ന്യായീകരിക്കുന്നു. നേരായി ചിന്തിക്കുന്ന, ജനാധിപത്യ മനഃസ്ഥിതിക്കാരായ ബഹുജനങ്ങളോടൊപ്പം ഞങ്ങളും കിരാതമായ ഈ നടപടിയെ അപലപിക്കുന്നു.
സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശപ്രകാരമുള്ള ഒരു ഉന്നതതല നിഷ്പക്ഷ അന്വേഷണം ഞങ്ങൾ ആവശ്യപ്പെടുന്നു. സമൂഹത്തിനോ കോടതിക്കോ യാതൊരു കാരണവശാലും ഭരണകൂടത്തിന്റെ നിയമബാഹ്യമായ ഇത്തരം കൊലകളെ അംഗീകരിക്കുവാനോ അനുവദിക്കുവാനോ സാദ്ധ്യമല്ലെന്നും, ഇത് നിയമവാഴ്ചയെ തകർക്കുന്നതാണെന്നും വ്യക്തമായും ഭരണഘടനാവിരുദ്ധമാണെന്നും നേരത്തെതന്നെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചില നിക്ഷിപ്ത താൽപ്പര്യക്കാരുടെ തിരക്കഥക്കനുസരിച്ച്, കുറ്റവാസനയുള്ള പോലീസുകാർ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണിതെന്ന് അന്വേഷണത്തിൽ തെളിയുകയാണെങ്കിൽ, കുറ്റവാളികൾക്ക് മാതൃകാപരമായ കടുത്ത ശിക്ഷ നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top