സഖാവ് ഫിദൽ കാസ്‌ട്രോയ്ക്ക് ലാൽസലാം!

fidel-calstro.jpg
Share

ക്യൂബൻ വിപ്ലവത്തിന്റെ ശിൽപ്പിയും വിഖ്യാതനായ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് ഫിദൽ കാസ്‌ട്രോ, നവംബർ 26-ാം തീയതി നിര്യാതനായി. മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ചൂഷണമില്ലാത്തതും അന്തസ്സുറ്റതും അഭിമാനാർഹവും സ്‌നേഹം, വാൽസല്യം തുടങ്ങിയ മാനുഷികഗുണങ്ങൾ നിറഞ്ഞതുമായ ഒരു ജീവിതത്തിനുവേണ്ടി, അടിച്ചമർത്തപ്പെട്ട മനുഷ്യരാശി നടത്തിയ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിൽ ഉടനീളം അദ്ദേഹം, കമ്മ്യൂണിസ്റ്റ് സാർവ്വദേശീയത ഉയർത്തിപ്പിടിച്ചു. ലോകമെമ്പാടുമുള്ള വിപ്ലവകാരികൾക്ക് നിത്യപ്രചോദനമായിരുന്നു അദ്ദേഹം. ”സോഷ്യലിസം അല്ലെങ്കിൽ മരണം” -അതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന്റെ വാർത്ത അറിഞ്ഞയുടനെതന്നെ, കേന്ദ്രകമ്മിറ്റി ഓഫീസിലെ ചെമ്പാതക പകുതി താഴ്ത്തിക്കെട്ടുകയും പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ്, ആദരണീയനായ ആ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കത്ത് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അയയ്ക്കുകയും ചെയ്തു. വേർപിരിഞ്ഞ നേതാവിന്റെ ജീവിതത്തിൽ നിന്നും പോരാട്ടത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാനായി ഡിസംബർ 4-ാം തീയതി കൽക്കത്തയിൽ അനുസ്മരണയോഗം നടത്തുവാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നവംബർ 26-ാം തീയതി കൽക്കത്തയിൽ ഇടതുപക്ഷപാർട്ടികൾ സംയുക്തമായി സംഘടിപ്പിച്ച മൗനജാഥയിലും പാർട്ടി പങ്കെടുത്തു.

സഖാവ് ഫിദൽ കാസ്‌ട്രോയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിക്ക് അയച്ച കത്ത്

To,
ജനറൽ സെക്രട്ടറി                                                                                                                                     26.11.2016
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ, ഹവാന.

പ്രിയ സഖാവേ,

സഖാവ് ഫിദൽ കാസ്‌ട്രോയുടെ വേർപാടിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. യു.എസ്. സാമ്രാജ്യത്വം നയിക്കുന്ന ലോക സാമ്രാജ്യത്വ ക്യാമ്പിന്റെ എല്ലാ ഭീഷണികളെയും ഇടങ്കൊലിടലുകളെയും ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് ക്യൂബയിൽ സോഷ്യലിസം സ്ഥാപിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തു അദ്ദേഹം. ധീരനായ ആ കമ്മ്യൂണിസ്റ്റ് വിപ്ലവനേതാവിന്റെ അസാധാരണമായ പോരാട്ടവും നിർണ്ണായകമായ പങ്കും ലാറ്റിനമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികൾക്കും കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾക്കും നിലയ്ക്കാത്ത പ്രചോദനമാണ്. ക്യൂബയിൽ സഖാവ് ഫിദൽ നടത്തിയ അസാധാരണമായ വിപ്ലവ പോരാട്ടമാണ്, ലാറ്റിനമേരിക്കയിലെ അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് യുഎസ് സാമ്രാജ്യത്വത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ പൊരുതാനും തങ്ങളുടെ സ്വന്തം മണ്ണിൽ തൊഴിലാളിവർഗ്ഗ വിപ്ലവപോരാട്ടങ്ങൾ പടുത്തുയർത്താനും പ്രേരണ നൽകിയത്. ലോകമൊട്ടാകെയുള്ള അടിച്ചമർത്തപ്പെടുന്ന, അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും മുതലാളിത്ത വിരുദ്ധ വിപ്ലവം പൂർത്തീകരിച്ചുകൊണ്ട് സോഷ്യലിസത്തിലേയ്ക്ക് നീങ്ങുവാൻ പോരാടുന്ന ലക്ഷക്കണക്കിന് തൊഴിലാളിവർഗ്ഗ വിപ്ലവകാരികളുടെയും ഹൃദയത്തിൽ, ഒരു യഥാർത്ഥ സാർവ്വദേശീയവാദിയായ സഖാവ് ഫിദൽ എന്നും ജീവിക്കും. വിടപറഞ്ഞ നേതാവ് കാണിച്ചുതന്ന പാത കൃത്യമായി പിന്തുടർന്നുകൊണ്ട്, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി, തങ്ങളുടെ സോഷ്യലിസം ശക്തിപ്പെടുത്തുമെന്നും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രചോദനം നൽകുമെന്നും ഞങ്ങൾക്കുറപ്പുണ്ട്.
വേർപാടിന്റേതായ ഈ സമയത്ത്, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കളോടും ക്യൂബൻ ജനതയോടും ഞങ്ങൾ വിപ്ലവകരമായ സാഹോദര്യവും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം അവരെ അറിയിക്കുക.
വിപ്ലവാഭിവാദനങ്ങളോടെ,

പ്രൊവാഷ്‌ഘോഷ് (ജനറൽ സെക്രട്ടറി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

Share this post

scroll to top