നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല; ഭരണകൂട ഭീകരത

Share

മാവോയിസ്റ്റുകളെന്ന പേരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ രണ്ട് പേരെ കൊലപ്പെടുത്തിയ പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ് അഭിപ്രായപ്പെട്ടു. ഏറ്റുമുട്ടൽ നടന്നു എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും ഒരു പിസ്റ്റൾ അല്ലാതെ ആയുധങ്ങൾ ഒന്നും തന്നെ കണ്ടെടുക്കുവാൻ പോലീസിനായിട്ടില്ല. മാത്രമല്ല, മൃതദേഹം കിടന്ന സ്ഥലത്ത് ഏറ്റുമുട്ടൽ നടന്നതിന്റെ ഒരുവിധ സൂചനകളും ഉണ്ടായിരുന്നില്ല. ആ പ്രദേശത്തേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാതിരുന്നത് സംശയം ബലപ്പെടുത്തുന്നു. പല സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്ന ഏറ്റുമുട്ടൽ കൊലകൾ ഭരണകൂടത്തിന്റെ ആസൂത്രണമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സിപിഐ(എം) നേതൃത്വം നൽകുന്ന ഒരു സർക്കാരിന്റെ കാലത്ത് നടത്തിയ നരനായാട്ട് അപലപനീയമാണ്. വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ കാലാകാലങ്ങളിൽ സിപിഐ(എം) ഉയർത്തിയിട്ടുള്ള എതിർപ്പും സത്യസന്ധമല്ല എന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. ഭരണത്തിലുള്ള സിപിഐ പോലും പ്രസ്തുത നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നു. ജനങ്ങളുടെ നീറുന്ന ജീവിതപ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോഴെല്ലാം ഭരണകൂടം വ്യാജ പ്രശ്‌നങ്ങൾ ആസൂത്രിതമായി ഉയർത്തികൊണ്ട് വരാറുണ്ട്. നോട്ട് റദ്ദാക്കിയതിനെ തുടർന്ന് ജനങ്ങൾ പ്രക്ഷോഭത്തിലായിരിക്കുമ്പോഴാണ് ഈ സംഭവമെന്നത് സംശയം ബലപ്പെടുത്തുന്നു. ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനാധിപത്യ സമരമാർഗ്ഗങ്ങളിലൂടെ പ്രതിരോധം ഉയർത്തുവാൻ ജനങ്ങൾ തയ്യാറാവണമെന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അഭ്യർത്ഥിച്ചു.

Share this post

scroll to top