മഹിജയുടെ സമരം എന്തു നേടിയെന്ന ചോദ്യം ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‌ അപമാനകരം


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
jishnu-gouridasan-unity-1.jpg
Share

ഇത്‌ ഇടതു
പോലീസ്‌ നയമോ?

സംസ്ഥാന പോലീസ്‌ ആസ്ഥാനത്തിനു സമീപം ഏപ്രില്‍ 5ന്‌ ജിഷ്‌ണുവിന്റ അമ്മ മഹിജയുടെ മേലും മറ്റ്‌ കുടുംബാംഗങ്ങളുടെ മേലും ഉണ്ടായ പോലീസ്‌ അതിക്രമം ഇടതുരാഷ്‌ട്രീയത്തിന്‌ അങ്ങേയറ്റം അപമാനകരമായി.
ഡിജിപി ആസ്ഥാനം സമരനിരോധിത മേഖലയാണ്‌, കുടുംബാംഗങ്ങളല്ലാത്ത പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി, മഹിജയെയും കുടുംബത്തെയും മുന്നില്‍ നിര്‍ത്തി രാഷ്‌ട്രീയമുതലെടുപ്പ്‌ നടത്തുകയാണ്‌, എസ്‌.യു.സിഐക്കാര്‍ ഗൂഢാലോചന നടത്തി എന്നിങ്ങനെ സിപഐ (എം)ഉം സര്‍ക്കാരും മുന്നോട്ടുവയ്‌ക്കുന്ന എല്ലാ അഭിപ്രായങ്ങളും വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ത്തന്നെ ഏപ്രില്‍ 5ന്റെ പോലീസ്‌ നടപടി എങ്ങിനെയാണ്‌ ഇടതുരാഷ്‌ട്രീയത്തെ പ്രതിഫലിപ്പിക്കുക? സിപഐ(എം)ന്റെ സത്യസന്ധതയുള്ള അണികളോടാണ്‌ ഈ ചോദ്യം.

ഒരു ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ശരിയല്ലാത്ത ഡിമാന്റ്‌ ഉയര്‍ത്തിക്കൊണ്ട്‌ പിന്തിരിപ്പന്‍ നേതൃത്വത്തിന്‍കീഴില്‍ സങ്കുചിതമായ ലക്ഷ്യങ്ങളോടെ ഒരു സമരം ഉയര്‍ന്നുവന്നുവെന്ന്‌ കരുതുക. ഒരു ഘട്ടത്തില്‍ അവര്‍ ചില്ലറ അക്രമത്തിന്റെ മാര്‍ഗ്ഗങ്ങളും അവലംബിച്ചെന്നു കരുതുക. അങ്ങിനെയുള്ള ഒരു സമരത്തോടുപോലും ജനാധിപത്യസമീപനം കൈവെടിയാന്‍ പാടില്ല എന്നതാണ്‌ യഥാര്‍ത്ഥ ഇടതപക്ഷ നിലപാട്‌ എന്നിരിക്കെ, ഏറ്റവും സമാധാനപരമായി, ഒരു പാവപ്പെട്ട അമ്മയും കുടുംബാംഗങ്ങളും സഹനസമരത്തിനായി എത്തിയപ്പോള്‍ അവര്‍ക്കുമേല്‍ ബലപ്രയോഗം നടത്തിയത്‌ എങ്ങനെ ന്യായീകരിക്കാനാകും. ജനാധിപത്യസമരങ്ങളില്‍ പോലീസ്‌ സേനയെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തിക്കൊണ്ട്‌, രാഷ്‌ട്രീയനേതൃത്വം സഹിഷ്‌ണുതയോടെ, സമരത്തോട്‌ ആദരവ്‌ നിലനിര്‍ത്തിക്കൊണ്ട്‌, ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെ, അംഗീകരിക്കാവുന്ന ഡിമാന്റുകള്‍ അംഗീകരിച്ചും അല്ലാത്തവ എന്തുകൊണ്ട്‌ അംഗീകരിക്കാനാവില്ല എന്ന്‌ ബോദ്ധ്യപ്പെടുത്തിയും സമരസാഹചര്യത്തെ കൈകാര്യം ചെയ്യുന്നതല്ലേ ഏറ്റവും ഉന്നതമായ ജനാധിപത്യശൈലി. വളരെ സുതാര്യമായി ഇത്‌ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുമ്പില്‍ നിര്‍വ്വഹിക്കപ്പെട്ടാല്‍ സമരത്തിന്റെ ന്യായ – അന്യായങ്ങളെ സംബന്ധിച്ച്‌ ജനങ്ങള്‍ക്ക്‌ വ്യക്തമായ ധാരണ ലഭിക്കും. സമരത്തിന്‌ സങ്കുചിതമായ താല്‍പ്പര്യങ്ങളുണ്ടെങ്കില്‍ അവ തുറന്നുകാട്ടപ്പെടാന്‍ ഈ ജനാധിപത്യപ്രക്രിയ സഹായിക്കുന്നു. അതീവ ഗൗരവമാര്‍ന്ന ഒരു ക്രസമാധാന പ്രശ്‌നമാകാത്തിടത്തോളം പോലീസ്‌ ജനാധിപത്യസമരരംഗത്തേക്ക്‌ ഒരു കാരണവശാലും വരേണ്ടതില്ല. ഇതാണ്‌ ഏറ്റവും കൃത്യമായ ഇടതു നിലപാട്‌. സംഘടിച്ചുവിലപേശാനും അതിലൂടെ ജനാധിപത്യബോധവും പ്രബുദ്ധതയും വളര്‍ത്താനും കഴിയാത്തിടത്തോളം ജനാധിപത്യക്രമം ശക്തിപ്പെടില്ല. വളരെ വിപുലമായ അത്തരമൊരു പ്രക്രിയയില്‍ ഒന്നാകെ മുഴുകുമ്പോഴാണ്‌ എല്ലാത്തരം സങ്കുചിതത്വത്തില്‍ നിന്നും വര്‍ഗ്ഗീയ – വിഭാഗീയ മനോഘടനയില്‍ നിന്നും ജനങ്ങള്‍ മുക്തരാകുന്നത്‌. അത്തരമൊരു ജനതയ്‌ക്കു മാത്രമേ വര്‍ഗ്ഗരാഷ്‌ട്രീയത്തിന്റെ പ്രധാന്യവും പ്രസക്തിയും തിരിച്ചറിയാന്‍ കഴിയൂ. ആയതിനാല്‍ ജനാധിപത്യ സമരങ്ങളെ ഇടതുശക്തികള്‍ പ്രാണനെപ്പോലെ ഗണിക്കുന്നു. നേതൃത്വമോ ഡിമാന്റുകളോ പിന്തിരിപ്പനാണെങ്കില്‍പ്പോലും അത്‌ ഒരു കാരണവശാലും ഒരു സമരം അടിച്ചമര്‍ത്തപ്പെടാനുള്ള കാരണമാകുന്നില്ല. പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയാല്‍ നാളെ ശരിയായ ജനാധിപത്യസമരങ്ങള്‍ക്കുമേലെ വലതുപക്ഷ ശക്തികള്‍ക്ക്‌ സേനയെ ഉപയോഗിക്കാനുള്ള കീഴ്‌വഴക്കം സൃഷ്‌ടിക്കപ്പെടും. ജനാധിപത്യവിരുദ്ധമായ രാഷ്‌ട്രീയ അന്തരീക്ഷം സൃഷ്‌ടിക്കപ്പെടും. അത്‌ വലതു – ഫാസിസ്റ്റ്‌ ശക്തികള്‍ക്ക്‌ വളക്കൂറുള്ളമണ്ണ്‌ സൃഷ്‌ടിക്കാനിടവരുത്തും. ജനാധിപത്യ പ്രക്ഷോഭങ്ങളോടുള്ള ശരിയായ ഇടതുപക്ഷ സമീപനം ഇതാണ്‌.

മഹിജയുടെ നിശ്ചയദാര്‍ഢ്യം ഭാവി പോരാട്ടങ്ങള്‍ക്ക്‌
അടിത്തറയാകും

ജനാധിപത്യസമരങ്ങളോടുള്ള ഈ ഇടതുപക്ഷ നിലപാട്‌ പിണറായി സര്‍ക്കാര്‍ മഹിജയുടെ സമരത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും വെടിയുന്നതാണ്‌ നാം കണ്ടത്‌. ഏപ്രില്‍ 5ന്റെ പോലീസ്‌ നടപടിയേക്കാള്‍ ഭയാശങ്കകള്‍ ഉണര്‍ത്തുന്നതാണ്‌ 12-ാം തീയതി പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങള്‍. ഏപ്രില്‍ 9ന്‌ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതരായ രണ്ട്‌ പ്രതിനിധികള്‍ സമരക്കാരുമായി ഒത്തുതീര്‍പ്പുണ്ടാക്കി പത്തിന വ്യവസ്ഥകള്‍ അംഗീകരിച്ച്‌ സമരം പിന്‍വലിച്ചതിനുശേഷം സമരംകൊണ്ട്‌ എന്തുനേടി എന്ന മുഖ്യമന്ത്രിയുടെ ചോദ്യം മഹിജയെ മാത്രമല്ല, കേരളത്തിന്റെ മനസ്സാക്ഷിയെ ഒന്നടങ്കം അപമാനിക്കുന്ന ഒന്നാണ്‌. സമരംകൊണ്ട്‌ നിരവധി കാര്യങ്ങള്‍ നേടിയതുകൊണ്ടാണല്ലോ ഒരു പത്തിന കരാര്‍ സര്‍ക്കാരിന്‌ ഒപ്പിടേണ്ടി വരുന്നത്‌. അതിനുശേഷവും സമരം ഒന്നും നേടിയില്ല എന്നു പറയുന്നത്‌ ഏറ്റവും വഷളായ ദുരഭിമാനത്തിന്റെ ജല്‌പനമാണ്‌. നിസ്സഹായയായ ഒരമ്മയുടെയും കുടുംബത്തിന്റെയും അളവറ്റ ഇഛാശക്തിക്കുമുമ്പില്‍ പരാജയപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മുറിവേറ്റ അഹന്തയുടെ വാക്കുകളാണിവ. മുഖ്യമന്ത്രീ, താങ്കള്‍ സ്വയം ഇത്രയും കൊച്ചാകരുത്‌. ഉടനടിയുള്ള കണക്കുതീര്‍ക്കലിന്റെ ഇടുങ്ങിയ രാഷ്‌ട്രീയമനസ്സ്‌ താങ്കള്‍ വെടിയണം. എന്തുവില നല്‍കിയും ജനാധിപത്യസമരരാഷ്‌ട്രീയം ശക്തിപ്പെടണമെന്നാഗ്രഹിക്കുന്ന ഒരു നേതാവിനും ഇപ്രകാരം അഭിപ്രായപ്പടാനാകില്ല. മഹിജയുടെ സമരം സിപിഐ(എം)ന്‌ രാഷ്‌ട്രീയ ക്ഷീണം ഉണ്ടാക്കിയെങ്കില്‍ അത്‌ ആ പ്രസ്ഥാനത്തിന്റെ പരാധീനത നിമിത്തമാണ്‌. എന്നാല്‍ മഹിജയുടെ സമരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രബുദ്ധമായ പ്രക്ഷോഭത്തിന്റെ രാഷ്‌ട്രീയത്തിന്‌ കരുത്തുപകരുന്നതാണ്‌. സ്വന്തം മകന്റെ വേര്‍പാടിനെ പോരാട്ടത്തിന്റെ അസാധാരണമായ ഊര്‍ജ്ജമാക്കി മാറ്റിയ മഹിജ കോരളത്തിലെ മുഴുവന്‍ സ്‌ത്രീകള്‍ക്കും യോഗ്യമായ മാതൃകയാണ്‌. രോഹിത്‌ വെമുലയുടെ അമ്മയെയും ഗോവിന്ദ്‌ പന്‍സാരയുടെ മകളെയും ആദരവോടെ സ്വീകരിക്കുന്ന അതേ മനസ്സോടെ മഹിജയെയും ആദരിക്കണം. രാഷ്‌ട്രീയ സങ്കുചിതത്വത്തിന്റെ ഇരുള്‍ വീണ മനസ്സ്‌കൊണ്ട്‌ മഹിജയെ അളക്കരുത്‌. അവരുടെ നിലപാടിന്‌ ബലം പകരണം. അവരുടെ പ്രക്ഷോഭത്തിന്‌ ശക്തമായ തുടര്‍ച്ച സൃഷ്‌ടിക്കാന്‍ യഥാര്‍ത്ഥ ഇടതുപക്ഷ വിശ്വാസികള്‍ മുന്നോട്ടുവരണം. സ്‌ത്രീകള്‍ വിലക്കുകളുടെയും പുരുഷകല്‍പ്പനകളുടെയും വിധിബോധത്തിന്റെയും ചുവരുകള്‍ക്കുള്ളില്‍ നിന്നും പുറത്തുവരാത്ത ഈ ദുര്‍ഘടവേളയില്‍ ഒരു മഹിജയോ ഒരു രാധിക വെമുലയോ ഉയര്‍ന്നുവരുമ്പോള്‍ ഇരുകൈയ്യും നീട്ടി നാം അതിനെ വരവേല്‍ക്കണം. അവഹേളിച്ച്‌ തളര്‍ത്തരുത്‌. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും എം.എം.മണിയുടെയും വാക്കുകള്‍ മാപ്പര്‍ഹിക്കാത്ത അപരാധമായി മാറുന്നത്‌ അപ്പോഴാണ്‌.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top