സഖാവ് ശിബ്ദാസ്‌ഘോഷ് അനുസ്മരണദിനം സമുചിതം ആചരിച്ചു

aug-5-2.jpg
Share

സഖാവ് ശിബ്ദാസ്‌ഘോഷിന്റെ അനുസ്മരണദിനമായ ആഗസ്റ്റ് 5 സംസ്ഥാനമെമ്പാടും വിവിധ പരിപാടികളോടെ സമുചിതം ആചരിക്കപ്പെട്ടു. ആചരണപരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് കോട്ടയം ജില്ലയിലെ പാമ്പാടിയിൽനടന്ന പൊതുസമ്മേളനത്തിൽ എസ്‌യുസിഐ(സി) പോളിറ്റ്ബ്യൂറോ അംഗം സഖാവ് അസിത് ഭട്ടാചാര്യ മുഖ്യപ്രസംഗകനായി പങ്കെടുത്തു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ് സി.കെ.ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി കെട്ടിപ്പടുക്കാനായി ആദ്യനാളുകളിൽ സഖാവ് ശിബ്ദാസ്‌ഘോഷിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസികവും കഠിനതരവുമായ പോരാട്ടത്തെ അനുസ്മരിച്ചുകൊണ്ടാണ് സഖാവ് ഭട്ടാചാര്യ പ്രസംഗം ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണാധികാരികളുമായി ഉണ്ടാക്കിയ സന്ധിയിലൂടെ ഇന്ത്യൻ മുതലാളിവർഗ്ഗം അധികാരം കൈയ്യാളുകയും കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്തു. ചൂഷണ മുക്തമായ സമൂഹം സ്ഥാപിക്കുകയെന്ന സ്വാതന്ത്ര്യസമരസേനാനികളുടെയും വിപ്ലവകാരികളുടെയും സ്വപ്നം പാടേ തകർത്തുകൊണ്ടാണ് കോൺഗ്രസ്സ് ഭരണം മുന്നേറിയത്. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് വിപ്ലവം പൂർത്തീകരിക്കാതെ യഥാർത്ഥ വിമോചനം സാധ്യമാകില്ലെന്ന് മാർക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ സഖാവ് ശിബ്ദാസ്‌ഘോഷ് ചൂണ്ടിക്കാണിച്ചു. അവിഭക്തകമ്മ്യൂണിസ്റ്റുപാർട്ടിയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും പെറ്റിബൂർഷ്വപ്രസ്ഥാനങ്ങളാണെന്ന് തിരിച്ചറിഞ്ഞ സഖാവ് ഘോഷും ഉറ്റ സഖാക്കളും ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുകയെന്ന ഭാരിച്ച ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
ഇന്ന് നമ്മുടെ പാർട്ടി ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു. കപടകമ്മ്യൂണിസ്റ്റുകൾക്കാവട്ടെ നമ്മുടെ പാർട്ടിയുടെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കാൻ കെൽപ്പില്ലാതായിരിക്കുന്നു. എന്നാൽ ചൂഷിത ജനതയെ വിമോചനത്തിലേയ്ക്ക് നയിക്കാൻ പര്യാപ്തമായ കരുത്താർജ്ജിക്കാൻ നാം ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ടെന്ന് സഖാവ് ഭട്ടാചാര്യ ഓർമ്മിപ്പിച്ചു.
ഇന്ന്, രാജ്യത്തെ സ്ഥിതി അതീവഗുരുതരമാണ്. ഫാസിസത്തിന്റെ ഇരുണ്ട നാളുകളിലേയ്ക്ക് നാടിനെ നയിക്കാൻ കരുക്കൾ നീക്കുകയാണ് ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികൾ. മോദി ഗവൺമെന്റാകട്ടെ ഇന്ത്യൻ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത സേവകരെന്ന നിലയിൽ കുത്തകാനുകൂല നയങ്ങൾ മാത്രമാണ് നടപ്പിലാക്കുന്നത്. ഇത് ജനങ്ങളുടെ ജീവിതത്തിൽ നാശംവിതയ്ക്കുന്നു. ജനങ്ങളുടെ അസംതൃപ്തിയും രോഷവും പ്രക്ഷോഭത്തിന്റെ രൂപമെടുക്കാതിരിക്കുന്നതിനായി അവർ വർഗ്ഗീയതയും വിഭാഗീയതയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളുടെ ഐക്യം തകർക്കുകയും മരണാസന്നമായ മുതലാളിത്ത വ്യവസ്ഥയുടെ ആയുസ്സ് നീട്ടിയെടുക്കുകയും ചെയ്യുന്നു. വർഗ്ഗ ബഹുജന സമരങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ ഈ മുതലാളിത്ത ആക്രമണത്തെ നേരിടാനാകൂ. സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയാൽ സായുധരായി ഇതിന് സജ്ജരാകാൻ സഖാവ് അസിത് ഭട്ടാചാര്യ ആഹ്വാനം ചെയ്തു.
സംഘപരിവാർ ശക്തികൾ ഉയർത്തുന്ന വിപത്ത് തിരിച്ചറിഞ്ഞ് ഇടതുജനാധിപത്യധാരയെ ശക്തിപ്പെടുത്തുന്നതിൽ സിപിഐ, സിപിഐ(എം) പാർട്ടികൾ പരാജയപ്പെട്ടിരിക്കുന്നതായി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സഖാവ് സി.കെ.ലൂക്കോസ് ചൂണ്ടിക്കാണിച്ചു. കേരളത്തിൽ അധികാരം കൈയ്യാളുന്ന ഇവർ മോദി സർക്കാരിനെപ്പോലെ തന്നെ മുതലാളിത്ത അനുകൂല നയങ്ങളാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ തകർക്കുന്ന ഇവരുടെ ചെയ്തികൾ സംഘപരിവാർ ശക്തികൾ മുതലെടുക്കുകയാണ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച ഉറപ്പാക്കുന്നതിലൂടെ മാത്രമേ ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയൂ എന്നും സഖാവ് ലൂക്കോസ് ഓർമ്മിപ്പിച്ചു.
യോഗത്തിനുമുമ്പ് ടൗണിൽ ആവേശകരമായ പ്രകടനം നടന്നു. മഴയെ അവഗണിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ മുഴക്കി നീങ്ങിയ പ്രകടനം വലിയൊരു ജനാവലിയുടെ ശ്രദ്ധ പിടിച്ചുപറ്റി. പാർട്ടിയെയും വിവിധ മുന്നണി സംഘടനകളെയും പ്രതിനിധീകരിച്ചുകൊണ്ട് നേതാക്കൾ സഖാവ് ശിബ്ദാസ്‌ഘോഷിന്റ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സഖാക്കൾ വി.വേണുഗോപാൽ, ജി.എസ്.പത്മകുമാർ, ജയ്‌സൺ ജോസഫ് എന്നിവരും പ്രസംഗിച്ചു. ശിബ്ദാസ്‌ഘോഷ് ഗാനാലാപനത്തോടെ ആരംഭിച്ച യോഗം തൊഴിലാളിവർഗ്ഗത്തിന്റെ സാർവ്വദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് സമാപിച്ചത്.

Share this post

scroll to top